ചിലിയിൽ അലൻഡെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനെ 1973 ൽ അട്ടിമറിച്ചതിനുശേഷം അമേരിക്കയുടെ പിന്തുണയോടെ അധികാരത്തിൽ വന്ന പിനോച്ചെയുടെ സർക്കാരാണ് ‘ചിക്കാഗോ സ്‌കൂൾ’ അവതരിപ്പിച്ച നവ ഉദാരവാദ നയം ആദ്യമായി അവതരിപ്പിക്കുന്നത്.
മുതലാളിത്തത്തിന്റെ കൊള്ളലാഭം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോളവൽക്കരണ നയം അഥവാ നവ ഉദാരവാദ നയം ലോകത്ത് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. ചിലിയിൽ അലൻഡെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനെ 1973ൽ അട്ടിമറിച്ചതിനുശേഷം അമേരിക്കയുടെ പിന്തുണയോടെ അധികാരത്തിൽ വന്ന പിനോച്ചെയുടെ സർക്കാരാണ് ‘ചിക്കാഗോ സ്‌കൂൾ’ അവതരിപ്പിച്ച നവ ഉദാരവാദ നയം ആദ്യമായി അവതരിപ്പിക്കുന്നത്. പിനോച്ചെ ഭരണഘടനയുടെ ഭാഗമാക്കി ഈ നയത്തെ ഉൾക്കൊള്ളുകയും ചെയ്‌തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറും അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനുമായിരുന്നു നിയോലിബറലിസത്തിന്റെ പതാകവാഹകർ. നവ ഉദാരവാദ നയത്തിന് ബദലില്ല എന്ന് There is no alternative (tina) ഇരുവരും വിളിച്ച് പറയുകയും ചെയ്‌തു.
എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയാണ് എതിർപ്പില്ലാതെ ഈ നയം നടപ്പിലാക്കുന്നതിന് മുതലാളിത്തത്തെ സഹായിച്ചത്. ബർലിൻ മതിൽ വീഴുന്നതിന് തൊട്ടുമുമ്പ് അമേരിക്കയിലെ രാഷ്ട്രീയ‐സാമ്പത്തിക ശാസ്‌ത്രജ്ഞൻ ഫുക്കുയാമ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‐‘ചരിത്രത്തിന്റെ അന്ത്യം’ എന്ന കൃതി എഴുതുകയുണ്ടായി. പാശ്ചാത്യ ലിബറൽ ഡെമോക്രസി അഥവാ മുതലാളിത്തമാണ് ചരിത്രത്തിലെ അവസാന ഘട്ടമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പുസ്‌തകം.
‘ഇക്കോണമിക് ആൻഡ് പൊളിറ്റിക്കൽ ലിബറലിസത്തിന്റെ വിജയമാണിതെന്ന്’ അവകാശപ്പെട്ട ഫുക്കുയാമ ഒരു തത്വശാസ്‌ത്രമെന്ന നിലയിൽ മാർക്‌സിസത്തിന്റെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടിയത്. അതായത് മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കുമുള്ള പ്രയാണം ഇനിയുണ്ടാകില്ലെന്നും ചരിത്രം മുതലാളിത്തത്തിൽ അവസാനിക്കുകയാണെന്നും ഫുക്കുയാമ വിലയിരുത്തി.
സോവിയറ്റ് തകർച്ചക്കുശേഷം 1992ൽ ‘ചരിത്രത്തിന്റെ അന്ത്യവും അവസാനത്തെ മനുഷ്യനും’ എന്ന പുസ്‌തകത്തിലും ഈ വാദങ്ങൾ ഫുക്കുയാമ ആവർത്തിച്ചു. ‘മനുഷ്യരാശിയുടെ പ്രത്യയശാസ്‌ത്ര പരിണാമങ്ങളുടെ അവസാനബിന്ദുവും മനുഷ്യനുണ്ടാക്കുന്ന ഭരണക്രമത്തിൽ അന്തിമരൂപവും മുതലാളിത്ത ജനാധിപത്യമാണെന്ന്’ ഫുക്കുയാമ അവകാശപ്പെട്ടു. മാർക്‌സിസത്തിന്റെ കാലം കഴിഞ്ഞതിനാൽ റൊണാൾഡ് ആൻഡേഴ്‌സൺ എഴുതിയ പുസ്‌തകത്തിന് ‘മാർക്‌സിസത്തിന് ശേഷം’ എന്ന തലക്കെട്ടാണ് നൽകിയത്. ഫുക്കുയാമയും കൂട്ടരും പറയുന്നതാണ് ശരിയെന്ന് ലോകമെങ്ങുമുള്ള കമ്യൂണിസ്‌റ്റ് വിരുദ്ധർ ആർത്തുവിളിച്ചു.
കമ്യൂണിസം മരിച്ചുവെന്നും കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്‌റ്റ് പാർടികൾ പിരിച്ചുവിടുന്നതാണ് അഭികാമ്യമെന്നും അവർ വിളിച്ചുകൂവി. സാമ്രാജ്യത്വവിരുദ്ധ സമരത്തിലൂടെ കൊളോണിയൽ നുകം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയ ഇന്ത്യപോലുള്ള രാജ്യങ്ങളും നവ ഉദാരവാദ നയം സ്വീകരിക്കാൻ തയ്യാറായി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ധനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിങ്ങാണ് നവ ഉദാരവാദ നയം ഇന്ത്യയിലും അവതരിപ്പിച്ചത്.
‘മിനിമം ഗവൺമെന്റ് മാക്‌സിമം ഇൻഡിവിജ്വൽ’ എന്നതാണ് ഈ നയത്തിന്റെ പ്രധാന മുദ്രാവാക്യം. അതായത് മുതലാളിമാർക്ക് കൊള്ളലാഭം ഒരുക്കാനുള്ള പരിപൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. മുതലാളിത്തത്തിന്റെ ഇത്തരം നടപടികളിൽ സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്താൻ പാടില്ല. ഫിനാൻസ് മൂലധനത്തിന് മാത്രമല്ല തൊഴിൽ ശക്തിക്കും യഥേഷ്ടം അതിർത്തികൾ കടന്ന് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. പൊതുമേഖല നിരുത്സാഹപ്പെടുത്തണം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കണം. ഇതോടൊപ്പം പൊതുവായതെല്ലാം മോശമാണ് എന്ന വികാരവും ബോധപൂർവം സൃഷ്ടിക്കപ്പെട്ടു. പൊതുവിദ്യാഭ്യാസം മോശം, സർക്കാർ ആശുപത്രികൾ മോശം, പൊതു ഗതാഗത സംവിധാനങ്ങൾ മോശം.
ചുരുക്കിപ്പറഞ്ഞാൽ പൊതുവായതെല്ലാം, പൊതുമേഖലയിൽ ഉള്ളതെല്ലാം മോശമാണ്. ബിഎസ്എൻഎൽ, കെഎസ്ആർടിസി, എയർ ഇന്ത്യ, മെഡിക്കൽ കോളേജുകൾ, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ പൊതുഇടങ്ങളും മോശമാണ്. നല്ല വിദ്യാഭ്യാസ സ്ഥാപനം, ആശുപത്രി, ഗതാഗത സംവിധാനം, വാർത്താവിനിമയ സംവിധാനം എന്നിവയെല്ലാം സ്വകാര്യമേഖലയുടേതാണ്.
താച്ചർ പ്രസിദ്ധമായി പറഞ്ഞ ഒരു വാചകമുണ്ട്. ‘സമൂഹം എന്നൊന്നില്ല’ എന്ന്. ഈ നവലിബറൽ ആശയഗതിക്ക് കുഴലൂത്ത് നടത്തുകയായിരുന്നു മാധ്യമങ്ങൾ. ഇതിന് പ്രധാന കാരണം ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളുടെ ഉടമ കോർപറേറ്റുകളാണ് എന്നതാണ്. നവ ഉദാരവാദ നയം ഗുണം ചെയ്യുന്നത് കോർപറേറ്റുകൾക്കാണ്. സ്വാഭാവികമായും മാധ്യമങ്ങൾ ഈ നയത്തിന്റെ പ്രചാരകരായി. ഈ നയത്തെ എതിർത്ത കമ്യൂണിസ്‌റ്റുകാരും ഇടതുപക്ഷ പുരോഗമനവാദികളും ഈ മാധ്യമങ്ങളുടെ കണ്ണിൽ അറുപിന്തിരിപ്പന്മാരും കാലത്തിനൊപ്പം നടക്കാൻ ബുദ്ധിയില്ലാത്തവരുമായി.
നവ ഉദാരവാദ നയത്തിന് ചില അവിഭാജ്യഘടകങ്ങൾ ഉണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക എന്നതാണ് അതിൽ പ്രധാനം. ഓഹരിവിൽപ്പന എന്ന പേരിൽ തുടങ്ങിയ ഈ സ്വകാര്യവൽക്കരണം പൊതുസമ്പത്ത് ചുളുവിലയ്‌ക്ക് സ്വകാര്യമേഖലക്ക് കൈമാറലല്ലാതെ മറ്റൊന്നുമല്ല.
നവ ഉദാരവാദ നയത്തിന് ചില അവിഭാജ്യഘടകങ്ങൾ ഉണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക എന്നതാണ് അതിൽ പ്രധാനം. ഓഹരിവിൽപ്പന എന്ന പേരിൽ തുടങ്ങിയ ഈ സ്വകാര്യവൽക്കരണം പൊതുസമ്പത്ത് ചുളുവിലയ്‌ക്ക് സ്വകാര്യമേഖലക്ക് കൈമാറലല്ലാതെ മറ്റൊന്നുമല്ല.
നവ ഉദാരവാദ നയത്തിന് ചില അവിഭാജ്യഘടകങ്ങൾ ഉണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക എന്നതാണ് അതിൽ പ്രധാനം. ഓഹരിവിൽപ്പന എന്ന പേരിൽ തുടങ്ങിയ ഈ സ്വകാര്യവൽക്കരണം പൊതുസമ്പത്ത് ചുളുവിലയ്‌ക്ക് സ്വകാര്യമേഖലക്ക് കൈമാറലല്ലാതെ മറ്റൊന്നുമല്ല. ഏറ്റവും അവസാനമായി ഇന്ത്യയുടെ അഭിമാനസ്‌തംഭമായി കരുതപ്പെട്ടിരുന്ന എയർ ഇന്ത്യയും ടാറ്റക്ക് ചുളുവിലയ്‌ക്ക് വിറ്റുതുലച്ചു. ധനമേഖലയിലുള്ള എല്ലാ നിയന്ത്രണങ്ങളും ഘട്ടം ഘട്ടമായി അവസാനിപ്പിക്കുകയും ഉദാരവാദനയത്തിന്റെ പ്രധാന ഘടകമാണ്. ധനമൂലധനത്തിന് അതിർത്തികൾ ഭേദിച്ച് യഥേഷ്ടം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.
ക്ഷേമരാഷ്ട്രം തച്ചുതകർക്കുക എന്നതും നവ ഉദാരവാദ നയത്തിന്റെ പ്രധാന മുദ്രാവാക്യമാണ്. ദാരിദ്ര്യനിർമാർജന പദ്ധതികൾ, ക്ഷേമ പെൻഷനുകൾ, കാർഷിക സബ്‌സിഡി എന്നിവയെല്ലാം ഉപേക്ഷിക്കപ്പെട്ടു. ഇത്തരം ക്ഷേമപദ്ധതികൾ പാഴ്‌െച്ചലവും ദുർവ്യയവുമാണെന്നും അതിനാൽ രാഷ്ട്രങ്ങൾ ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും നവ ഉദാരവാദ നയക്കാർ ഉപദേശിച്ചു.
സബ്‌സിഡികൾ നൽകേണ്ടത് പാവങ്ങൾക്കല്ല മറിച്ച് കോർപറേറ്റുകൾക്കാണ് എന്ന് ഈ നയം ഒരു മറയുമില്ലാതെ പറഞ്ഞു. കോർപറേറ്റുകൾക്ക് സബ്‌സിഡികൾ വാരിക്കോരി നൽകിയാൽ അവർ വൻ ഫാക്ടറികളും സംരംഭങ്ങളും തുടങ്ങുമെന്നും അങ്ങനെ കുറെയാളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും അതുവഴി മാത്രമേ സമ്പദ്‌വ്യവസ്ഥ മുന്നോട്ടുപോകൂവെന്നും വാദിക്കപ്പെട്ടു. പഴയ പെൻഷൻ സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടതും പ്രായമായവർക്ക് റെയിൽവേ നൽകിവരുന്ന ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞതും റേഷനിൽ ഉൾപ്പെടെ ടാർജറ്റഡ് സബ്‌സിഡികൾ ഉദ്‌ഘാടനം ചെയ്യപ്പെട്ടതും ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുന്ന തട്ടിപ്പ് ആരംഭിച്ചതും (ഗ്യാസ് സബ്‌സിഡി ഇല്ലാതാക്കിയത് ഇതുവഴിയാണ്) ഇതിന്റെ ഭാഗമാണ്.
സ്വതന്ത്ര കമ്പോള വ്യവസ്ഥയിൽ ഏറ്റവും അരികുവൽക്കരിക്കപ്പെട്ടത് ട്രേഡ്‌യൂണിയൻ അവകാശങ്ങളാണ്. സംഘടിക്കാനും വിലപേശാനുമുള്ള അവകാശങ്ങൾ ഇല്ലാതായി. ഇതിന്റെ ഫലമായി കൂലി കുറയുകയും അധ്വാനഭാരവും സമയവും വർധിക്കുകയും തൊഴിൽ സുരക്ഷ ഇല്ലാതാകുകയും ചെയ്‌തു. ‘ഹയർ ആൻഡ് ഫയർ’ പുനഃസ്ഥാപിക്കപ്പെട്ടു. കരാർ തൊഴിലും ദിവസവേതന തൊഴിലും വർധിച്ചു. സ്ഥിരം തൊഴിൽ സ്വപ്‌നമായി അവശേഷിച്ചു. ഹംഗറിയിൽ ഫാക്ടറി തൊഴിലാളികൾ ഒരു വർഷം 400 മണിക്കൂർ ഓവർടൈം എടുക്കണമെന്നും അതിന്റെ കൂലി മൂന്നുവർഷത്തിനകം നൽകിയാൽ മതിയെന്നുമുള്ള ‘അടിമ നിയമം’ പോലും പാസ്സാക്കപ്പെട്ടു.
ലോകമെങ്ങും സാന്പത്തിക പുരോഗതിയും വളർച്ചയും നേടാൻ കഴിയുമെന്നാണ് നവ ഉദാരവാദ നയത്തിന്റെ വക്താക്കൾ അവകാശപ്പെട്ടിരുന്നത്. ജിഡിപി വളർച്ചക്ക് ആനുപാതികമായി ദാരിദ്ര്യനിർമാർജനവും നടക്കുമെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ
നവ ഉദാരവാദ നയം നടപ്പിലാക്കി മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ഈ അവകാശവാദങ്ങളെല്ലാം തകർന്നടിയുന്നതിന് ലോകം സാക്ഷിയായി. ഓക്‌സ്‌ഫാം പുറത്തിറക്കുന്ന റിപ്പോർട്ടുകൾ തന്നെ ഇതിനുള്ള തെളിവുകളാണ്. നവ ഉദാരവാദ നയം സ്വീകരിച്ചിടത്തെല്ലാം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിച്ചു. ഒരു ന്യൂനപക്ഷം തടിച്ചുകൊഴുത്തപ്പോൾ ബഹുഭൂരിപക്ഷം കുത്തുപാളയെടുത്തു.
നവ ഉദാരവാദ നയം നടപ്പിലാക്കി മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ഈ അവകാശവാദങ്ങളെല്ലാം തകർന്നടിയുന്നതിന് ലോകം സാക്ഷിയായി. ഓക്‌സ്‌ഫാം പുറത്തിറക്കുന്ന റിപ്പോർട്ടുകൾ തന്നെ ഇതിനുള്ള തെളിവുകളാണ്. നവ ഉദാരവാദ നയം സ്വീകരിച്ചിടത്തെല്ലാം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിച്ചു. ഒരു ന്യൂനപക്ഷം തടിച്ചുകൊഴുത്തപ്പോൾ ബഹുഭൂരിപക്ഷം കുത്തുപാളയെടുത്തു. അസമത്വം വർധിച്ചുവെന്നതാണ് ആഗോളവൽക്കരണനയത്തിന്റെ ഏറ്റവും പ്രധാന ഫലം.
നവ ഉദാരവാദ നയത്തിന്റെ മറ്റൊരു നേട്ടമായി അവതരിപ്പിക്കപ്പെട്ടത് സാന്പത്തിക സ്ഥിരത ലഭിക്കുമെന്നായിരുന്നു. എന്നാൽ അനുഭവം മറിച്ചായിരുന്നു. അടിക്കടി സാന്പത്തിക കുഴപ്പമാണ് ഈ നയം സ്വീകരിച്ച രാഷ്‌ട്രങ്ങളിൽ ഉണ്ടായത്. ചെറിയൊരു പട്ടിക ‐ 1984 ൽ മെക്‌സിക്കോ സാന്പത്തിക കുഴപ്പം.
1997‐98 ഏഷ്യൻ സാന്പത്തിക പ്രതിസന്ധി. 1998‐99 റഷ്യൻ സാന്പത്തിക ദുരന്തം. 1998‐2002 അർജന്റീന സാന്പത്തിക കുഴപ്പം. 2008 ലോക സാന്പത്തിക പ്രതിസന്ധി. 2015 ഗ്രീക്ക് സാന്പത്തിക പ്രതിസന്ധി. അതായത് നവ ഉദാരവാദ നയം ഒരിക്കലും സാന്പത്തിക സുസ്ഥിരത നൽകിയില്ലെന്ന് മാത്രമല്ല സാന്പത്തിക അസ്ഥിരതയാണ് അതിന്റെ മുഖമുദ്ര. 2008 ലെ ആഗോള സാന്പത്തിക പ്രതിന്ധിയിൽനിന്നും ലോകം ഇന്നുവരെ പൂർണമായും മുക്തമായിട്ടില്ലെന്നാണ് സാന്പത്തിക വിദഗ്‌ധരൊക്കെ ഇപ്പോഴും പറയുന്നത്.
സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമായി എന്നതാണ് നവ ഉദാരവാദനയത്തിന്റെ പ്രധാന ഫലം. പൊതുമേഖലയെ നിരുത്സാഹപ്പെടുത്തി സ്വകാര്യമേഖല പ്രോത്സാഹിപ്പിക്കപ്പെട്ടപ്പോൾ ജീവിതച്ചെലവ് വളരെ വർധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വാർത്താവിനിമയം എന്നീ മേഖലകളിലെല്ലാം സേവനത്തിന് പതിന്മടങ്ങ് പണം നൽകേണ്ടിവന്നു. കോവിഡ് കാലത്ത് പൊതുമേഖലയുടെ പ്രാധാന്യം ജനങ്ങൾക്ക് ശരിക്കും ബോധ്യപ്പെട്ടു. വൃദ്ധജനങ്ങളുടെ പരിപാലനം ഇന്നത്തെ ലോകത്തെ പ്രധാന വിഷയമാണ്.
സർക്കാരിന്റെ സഹായമില്ലാതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതി സംജാതമായി. അതോടൊപ്പം കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ദുരന്തങ്ങൾ സർക്കാരിന്റെ സഹായമില്ലാതെ നേരിടുക അസാധ്യമായി. വരൾച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ നേരിടണമെങ്കിൽ ‘മിനിമം ഗവൺമെന്റ് ’എന്ന താച്ചറുടെ സിദ്ധാന്തവുമായി മുന്നോട്ടുപോയാൽ ശരിയാകില്ലെന്ന ബോധ്യം ലോകത്തെമ്പാടും ഉണ്ടായി. ‘മാക്‌സിമം ഗവൺമെന്റ്’ എന്ന ആവശ്യം ശക്തമായി. ഉദാരവാദനയത്തിന്റെ ചുവടുപിടിച്ചുള്ള ചെലവുചുരുക്കൽ ഉപേക്ഷിച്ച് സർക്കാരുകൾ വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നാവശ്യപ്പെട്ട് വൻ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു.
1991ൽ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റൺ പറഞ്ഞത് ‘വൻ സർക്കാരുകളുടെ യുഗം അവസാനിച്ചു’വെന്നായിരുന്നു. നേർവിപരീതമായ ആവശ്യമാണ് ലോകത്തിന്റെ പല കോണുകളിൽനിന്നും ഇപ്പോൾ ഉയരുന്നത്. ഇതിനെ ഒരു പരിധിവരെ നവ ഉദാരവാദനയക്കാരും വ്യത്യസ്‌തമായ കാരണത്താൽ പിന്തുണയ്‌ക്കുന്നതും വിരോധാഭാസമാണ്. നവ ഉദാരവാദനയത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനും കോർപറേറ്റുകൾക്ക് സൗജന്യങ്ങൾ അനുവദിക്കാനും ശക്തമായ സർക്കാരുകൾ വേണമെന്ന വാദമാണ് നവ ഉദാരവാദ നയക്കാരിൽനിന്നുതന്നെ ഇപ്പോൾ ഉയരുന്നത്. പോപ്പുലിസ്‌റ്റ് സ്വേച്ഛാധിപതികളുടെ ഉദയവുമായി ഇതിന് ബന്ധമുണ്ട്.
ചൂഷണം വർധിപ്പിച്ച് ലാഭം ഊറ്റിയെടുക്കാൻ തീവ്ര വലതുപക്ഷ സർക്കാരുകളാണ് നല്ലതെന്നാണ് നവ ഉദാരവാദനയം ഉയർത്തുന്നവർ ഇപ്പോൾ വാദിക്കുന്നത്. ട്രംപും ബൊൾസനാരോയും മോദിയും വിക്‌ടർ ഓർബനും ജോർജിയ മെലണും ജറോസ്ലോ കസിൻസ്‌കിയും മറ്റും ഉയർന്നുവരുന്നതിന്റെ പശ്ചാത്തലവും ഇതാണ്. വൻ ശക്തിയായി ചൈന ഉയർന്നതും സർക്കാർ ഇടപെടൽ വേണമെന്ന വാദത്തിന് കരുത്ത് നൽകിയിട്ടുണ്ട്. ആസൂത്രണത്തിലൂടെ, സർക്കാരിന്റെ ഇടപെടലിലൂടെ ചൈന കൈവരിക്കുന്ന വളർച്ച അസൂയാവഹമാണെന്ന് ഇക്കൂട്ടർ പറയുന്നു. അതിനാൽ ചൈനയെ തോൽപ്പിക്കണമെങ്കിൽ മുതലാളിത്ത സർക്കാരുകളും ചില മേഖലകളിൽ നിക്ഷേപവും മറ്റും നടത്തണമെന്നാണ് വാദം.
സോവിയറ്റ് യൂണിയന്റെ പതനത്തോടെ കമ്യൂണിസത്തിന്റെയും ഇടതുപക്ഷത്തിന്റെയും മരണം പ്രവചിച്ചവർ ഇപ്പോൾ ഇടതുപക്ഷത്തിന്റെ വർധിക്കുന്ന സ്വാധീനത്തെക്കുറിച്ചാണ് വിലപിക്കുന്നത്. മുതലാളിത്തത്തിന്റെ ജിഹ്വയായി അറിയപ്പെടുന്ന ഇക്കോണമിസ്‌റ്റ് വാരിക 2021 സെപ്‌തംബർ 4 ലക്കത്തിലെ ലീഡേഴ്‌സ് കോളത്തിനുള്ള തലക്കെട്ട് ‘ദ ത്രെട്ട് ഫ്രം ഇല്ലിബറൽ ലെഫ്‌റ്റ്’ എന്നാണ്. ഇടുങ്ങിയ മനഃസ്ഥിതിയുള്ള ഇടതുപക്ഷത്തിൽനിന്ന് മുതലാളിത്തം ഭീഷണി നേരിടുകയാണെന്നാണ് ഇക്കോണമിസ്‌റ്റ് പറയുന്നത്. സാമൂഹ്യ ആവശ്യങ്ങൾക്ക് ഊന്നൽ നൽകാൻ ഇടതുപക്ഷം സർക്കാരുകളെ നിർബന്ധിക്കുന്നതിലാണ് ഇക്കോണമിസ്‌റ്റിനുള്ള പ്രതിഷേധം.
വ്യക്തി സ്വാതന്ത്ര്യത്തിനുമുകളിൽ സമത്വം എന്ന ആശയത്തിൽ ഇടതുപക്ഷം ഊന്നുകയാണെന്നും അത് സമത്വവും സ്വാതന്ത്ര്യവും ഒരുപോലെ കവരുമെന്നുമാണ് ഇക്കോണമിസ്‌റ്റിന്റെ മുന്നറിയിപ്പ്. മുതലാളിത്തത്തിന് കൊള്ളലാഭം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും അതില്ലാതാക്കിയാൽ മാത്രമേ സമത്വം സൃഷ്ടിക്കാനാകൂ എന്നതിലുമാണ് ഇക്കോണമിസ്‌റ്റിന്റെ വിഷമം. ഏതായാലും മരിച്ച കമ്യൂണിസത്തിനും ഇടതുപക്ഷത്തിനും ഇന്നും മുതലാളിത്ത ലോകത്തിൽ സമത്വം, ക്ഷേമം തുടങ്ങിയ ആശയങ്ങൾ ശക്തമായി ഉയർത്താൻ കഴിയുന്നുവെന്നതിന്റെ പ്രഖ്യാപനം കൂടിയാണ് ഇക്കോണമിസ്‌റ്റിന്റെ ഈ ലീഡേഴ്‌സ് കോളം.
2021 നവംബർ 20ന് മറ്റൊരു ലീഡേഴ്‌സ് കോളത്തിൽ ഇതേ വാരിക വിഷമത്തോടെ പറയുന്നത് വലിയ സർക്കാരുകൾ വിജയശ്രീലാളിതമാകുകയാണെന്നാണ് (triump of big goverment). . അതായത് നവ ഉദാരവാദ നയത്തിന്റെ ഭാഗമായുള്ള ചെലവുചുരുക്കൽ നടപടികൾ ഉപേക്ഷിച്ച് സാമൂഹ്യ സുരക്ഷാ മേഖലയിൽ നിക്ഷേപം നടത്താൻ സർക്കാരുകൾ തയ്യാറാകുന്നതിലാണ് ഇക്കോണമിസ്‌റ്റിന്റെ ദുഃഖം. പ്രത്യേകിച്ചും കോവിഡാനന്തര കാലത്ത്. ‘നിങ്ങളുടെ കണ്ണ് ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. സർക്കാർ എത്രമാത്രം ചെലവാക്കുന്നുവെന്ന കാര്യത്തിൽ’ എന്ന തോമസ് എൽ ഫ്രീഡ്‌മാന്റെ വാക്കുകൾ ഉദ്ധരിച്ച ഇക്കോണമിസ്‌റ്റ് തുടർന്ന് പറയുന്നത് ഇപ്പോൾ സർക്കാരുകളുടെ കണക്ക് എടുത്താൽ കണ്ണ് തള്ളിപ്പോകുമെന്നാണ്.
അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റ് പ്രധാന ലോകരാഷ്ട്രങ്ങളും പ്രഖ്യാപിച്ച കോവിഡ് പാക്കേജുകളും മറ്റുമാണ് വാരിക പരാമർശിക്കുന്നത്. 2023 ജനുവരി 20ന്റെ ലക്കത്തിൽ ഇതേ വാരിക പറയുന്നത് നവ ഉദാരവാദനയത്തിന്റെ വക്താക്കൾ തന്നെ മുന്നോട്ടുവയ്‌ക്കുന്ന ചില നശീകരണ യുക്തികൾ ആഗോളവൽക്കരണത്തിന് ഭീഷണി ഉയർത്തുന്നുവെന്നാണ്. ഹരിത വ്യവസായത്തിന് വൻ സബ്‌സിഡികളാണ് സർക്കാരുകൾ നൽകുന്നതെന്നും വ്യവസായങ്ങളെ ആകർഷിക്കാൻ വൻ കിഴിവുകളാണ് ചില രാജ്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നത് എന്നും ഇതൊക്കെ നവ ഉദാരവാദ നയത്തിന് എതിരാണെന്നുമാണ്.
അമേരിക്ക 465 ബില്യൺ ഡോളറാണ് ഹരിത വ്യവസായം പ്രോത്സാഹിപ്പിക്കാൻ നൽകുന്നതെന്ന് പറഞ്ഞ വാരിക, ലോകരാജ്യങ്ങൾ കൂടുതൽ കുടുതൽ സ്വാർഥരായി മാറുകയും സ്വന്തം കൃഷിയും വ്യസായങ്ങളും സംരക്ഷിക്കുന്ന ‘പ്രൊട്ടക്‌ഷനിസ്‌റ്റ്’ വാദക്കാരായി മാറുകയും ചെയ്യുകയാണെന്നും തുറന്നടിച്ചു. നിക്കൽ കയറ്റുമതി ഇന്തോനേഷ്യ നിരോധിച്ചതും അർജന്റീനയും ചിലിയും ബൊളീവിയയും ലിഥിയം കുഴിച്ചെടുക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഒപെക്ക് (opec) മാതൃകയിൽ സംഘടന രൂപീകരിക്കുന്നതും സ്വതന്ത്ര കമ്പോളവ്യവസ്ഥക്ക് മരണമണിയാണെന്നാണ് ഇക്കോണമിസ്‌റ്റ് വാരിക പറയുന്നത്.
അതായത് നവ ഉദാരവാദനയത്തെ അതിന്റെ പതാകവാഹകർ തന്നെ തള്ളിപ്പറയാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഇത് നവ ഉദാരവാദനയത്തിന് അന്ത്യം കുറിക്കുകയല്ല മറിച്ച് കൂടുതൽ ചൂഷണം നടത്തുന്നതിനായി പുതിയ മാർഗങ്ങൾ തേടുകയാണെന്ന് വേണം കരുതാൻ. തൽക്കാലം പിടിച്ചുനിൽക്കാനും മുൻ നയം കൂടുതൽ വ്യാപ്‌തിയോടെ നടപ്പിലാക്കാനുമുള്ള മുതലാളിത്ത തന്ത്രമായാണ് പ്രഭാത് പട്‌നായിക്കിനെ പോലുള്ള സാന്പത്തിക വിദഗ്‌ധർ ഇതിനെക്കുറിച്ച് പറയുന്നത്.
നവ ഉദാരവാദ നയം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്ന് അവസാനം ഫ്രാൻസിസ് ഫുക്കുയാമക്കും സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ചരിത്രം മുതലാളിത്ത വ്യവസ്ഥയിൽ അവസാനിക്കുമെന്നുപറഞ്ഞ ഫുക്കുയാമ ചില തിരുത്തലുകൾ വരുത്താൻ നിർബന്ധിതമായിരിക്കുന്നു. കഴിഞ്ഞ വർഷം ഫുക്കുയാമ പുറത്തിറക്കിയ പുസ്‌തകത്തിന്റെ പേര് liberalism and its discontent എന്നാണ്. അതായത് നവ ഉദാരവാദ നയത്തിനെതിരെ ലോകമെങ്ങും ശക്തമായ പ്രതിഷേധം ഉയരുകയാണെന്നാണ് പുതിയ പുസ്‌തകം പറയുന്നത്. ഫ്രാൻസിൽ നികുതിവർധനക്കെതിരെ നടന്ന മഞ്ഞക്കുപ്പായക്കാരുടെ സമരവും ഇപ്പോൾ പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ നടന്നുവരുന്ന സമരങ്ങളും യൂറോപ്പിലും അമേരിക്കയിലും പടരുന്ന ആരോഗ്യ പ്രവർത്തകരുടെയും റെയിൽ ജീവനക്കാരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സമരവും നവ ഉദാരാരവാദ നയത്തിന്റെ കെടുതികൾക്കെതിരെ നടക്കുന്ന സമരങ്ങളാണ്.
തീവ്രവലതുപക്ഷം മാത്രമല്ല ഇടതുപക്ഷവും ഈ നയത്തെ ചോദ്യം ചെയ്യുകയാണെന്ന് പറയുന്ന ഫുക്കുയാമ ഇതുകൊണ്ടൊന്നും യഥാർഥ ലിബറലിസം ഇല്ലതാകില്ലെന്നും സമർഥിക്കുന്നു. എങ്കിലും മരിച്ചുവെന്ന് വിലയിരുത്തിയ ഇടതുപക്ഷമാണ് നവ ഉദാരവാദ നയത്തിനെതിരായ സമരത്തിന്റെ മുന്നണിപ്പോരാളിയെന്ന് ഫുക്കുയാമക്കും പറയേണ്ടിവന്നിരിക്കുന്നു. മുതലാളിത്തത്തിന്റെ ശത്രു തൊഴിലാളിവർഗം തന്നെയാണെന്ന വസ്‌തുതക്കാണ് ഇത് അടിവരയിടുന്നത്.
നവ ഉദാരവാദത്തിനെതിരെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സമരമുഖത്തേക്ക് കടന്നുവരുമ്പോൾ ആരാണോ അവരെ നയിക്കുന്നത് ആ ശക്തികൾക്ക്, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയാധികാരം

ഫ്രാൻസിലെ മഞ്ഞക്കുപ്പായക്കാരുടെ സമരം
ലഭിക്കുന്നുവെന്നതും വസ്‌തുതയാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ യൂറോപ്പിലും മറ്റും തീവ്രവലതുപക്ഷമാണ് ഈ ജനകീയ പ്രതിഷേധത്തിന്റെ മുൻനിരയിലുള്ളത്. ഹംഗറിയിലും സ്വീഡനിലും പോളണ്ടിലും അവർ അധികാരത്തിലുണ്ട്. ഫ്രാൻസിലും ആസ്‌ട്രിയയിലും ജർമനിയിലും അവർ പ്രധാന ശക്തിയായി മാറുന്നുമുണ്ട്. ഇടതുപക്ഷത്തിന് ഈ ജനകീയ പ്രതിഷേധത്തിന്റെ നേതൃത്വമേറ്റെടുക്കാൻ കഴിയുന്ന ഇടങ്ങളിലൊക്കെ ഇടതുപക്ഷത്തിന് രാഷ്ട്രീയാധികാരം ലഭിക്കുന്നുമുണ്ട്. ലാറ്റിനമേരിക്കയിലെ സ്ഥിതി തന്നെ ഉദാഹരണം. ഭൂരിപക്ഷം രാജ്യങ്ങളിലും ഇടതുപക്ഷ സ്വഭാവമുള്ള കക്ഷികളാണ് അധികാരത്തിലുള്ളത്.
എവിടെയൊക്കെ ഇടതുപക്ഷം നവലിബറൽ നയങ്ങളുമായി സന്ധിചെയ്‌തിട്ടുണ്ടോ അവിടെയൊക്കെ വൻ തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത് . ഗ്രീസിലെ സിറിസ പ്രസ്ഥാനത്തിന്റെ തകർച്ച തന്നെ ഉദാഹരണം. ഇന്നത്തെ ഇടതുപക്ഷത്തിന്റെ കടമ വളരെ വിപുലമാണ്. സ്വയം ശക്തരാകാൻ നവ ഉദാരവാദ നയത്തിനെതിരെ സന്ധിയില്ലാത്ത സമരങ്ങൾക്ക് നേതൃത്വം നൽകണം. തീവ്രവലതുപക്ഷം അധികാരത്തിൽ വരുന്നത് എന്തുവിലകൊടുത്തും തടയണം. അതിന് കഴിയാത്തപക്ഷം തീവ്രവലതുപക്ഷത്തിന് അധികാരം ലഭിക്കാതിരിക്കാൻ മധ്യ വലതുപക്ഷത്തെയെങ്കിലും അധികാരത്തിലിരുത്താൻ ശ്രദ്ധിക്കണം. ഇന്ത്യൻ സാഹചര്യത്തിലും ഇടതുപക്ഷത്തിന് മുമ്പിലുള്ള വഴി ഇതുതന്നെയാണ്.
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..