16 April Tuesday

സൂര്യനും കാലാവസ്ഥയും

ഡോ. രാജഗോപാൽ കമ്മത്ത്‌Updated: Sunday Apr 17, 2022


സൂര്യനാണ് ഭൂമിയിലെ ഊർജത്തിന്റെ അടിസ്ഥാനം. ആ ഊർജസ്രോതസ്സിനെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാകില്ല. കാലങ്ങൾക്ക്‌ മുമ്പ്‌ സൂര്യനിൽനിന്നുള്ള രശ്‌മികൾ  മനുഷ്യന്‌ വലിയ ഹാനിയൊന്നും വരുത്തിയിരുന്നില്ല. എന്നാൽ, ലോകത്ത്‌  ജനസംഖ്യ വർധിക്കുകയും നഗരങ്ങൾ ഗ്രാമങ്ങളിലേക്കും വനങ്ങളിലേക്കും വ്യാപിക്കുകയും പച്ചപ്പു നിറഞ്ഞ പ്രദേശങ്ങൾ കുറയുകയും ചെയ്‌തത്‌ സൂര്യനിൽനിന്നുള്ള രശ്‌മികൾ നേരിട്ട്‌ പതിക്കുന്നതിന്‌ കാരണമായി.

സൂര്യനിൽനിന്ന്‌ ഭൂമിയിൽ എത്തുന്ന രശ്മികളിൽ ദൃശ്യപ്രകാശത്തെ കൂടാതെ ഇൻഫ്രാറെഡും അൾട്രാവയലറ്റുമുണ്ട്. താപം ഭൂമിയിൽ എത്താൻ കാരണം ഷോർട്ട് ഇൻഫ്രാറെഡാണ്. അൾട്രാവയലറ്റാകട്ടെ മൂന്നു തരമുണ്ട്–- യുവിഎ, യുവിബി, യുവിസി. ഇതിൽ ഏറ്റവും ഹാനികരമായ യുവിസി എന്നയിനം ഭൗമാന്തരീക്ഷത്തിലേക്ക്‌ കടക്കാതെ നോക്കുന്നത്‌ അന്തരീക്ഷത്തിന്റെ മുകൾപ്പാളിയിലെ ഓസോണാണ്. എന്നാൽ, ഓസോൺ പാളിയുടെ ശോഷണവേളകളിൽ ഇത് ഭൗമോപരിതലത്തിൽ എത്തുകയും  ഹാനികരമാകുകയും ചെയ്യും. ഇത് ശരീരത്തിൽ തുടർച്ചയായി ഏൽക്കുന്നത്‌ അപകടകരമാകും. യുവി എ, യുവിബി എന്നിവ തുടർച്ചയായി ഭൂമിയിൽ പതിക്കുന്നു.  ഇവയാണ് സൂര്യാതപത്തിനും സൂര്യാഘാതത്തിനും കാരണമാകുന്നത്. സൂര്യാഘാതം ജീവഹാനിക്കുവരെ ഇടയാക്കും.

യുവി ഇൻഡക്‌സ്‌
അൾട്രാവയലറ്റിന്റെ തീവ്രതയെ അളക്കാൻ യുവി ഇൻഡക്സ് ഉപയോഗിക്കുന്നു. ഈ രശ്മികളേറ്റാൽ പൊള്ളലേൽക്കാൻ  എടുക്കുന്ന  സമയവും മറ്റുമാണ് ഈ ഇൻഡക്സിന് അടിസ്ഥാനം. കേരളത്തിൽ യുവി ഇൻഡക്സ് പലയിടത്തും പലപ്പോഴും  12നു മുകളിലാണ്. എട്ടിനു മുകളിൽ അതിതീവ്രമെന്നാണ് പറയുന്നത്. കേരളത്തിൽ നാം അറിയാതെതന്നെ സൂര്യന്റെ അതിതീവ്രരശ്മികൾ പലതരം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്‌. ഇടയ്‌ക്കിടെ ആളുകൾക്ക് സൂര്യാഘാതവും സൂര്യാതപവും ഉണ്ടാകുന്നു. പലർക്കും സൂര്യാതപം എന്തെന്നറിയില്ല. പൊള്ളലും നീറ്റലും മറ്റെന്തെങ്കിലും കാരണംമൂലമെന്ന് ധരിക്കുന്നവരാണ്‌ അവർ.

മേഘാവരണം ഉള്ളപ്പോൾപ്പോലും അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ എത്തും. ഭൂമിയെപ്പോലെ സൂര്യനും ഒരു ‘ഉച്ചസമയ’മുണ്ട്.  ഭൂമിക്ക് ആപേക്ഷികമായി അത് 12 മുതൽ രണ്ടുവരെയാണ്. ഈ സമയത്താണ് ഏറ്റവും തീവ്രതയുള്ള അൾട്രാവയലറ്റ് വികിരണമുണ്ടാകുന്നത്‌. സൂര്യനിൽനിന്ന്‌ എട്ടു മിനിറ്റ് മാത്രമെടുത്താണ് ഈ വികിരണങ്ങൾ ഭൂമിയിൽ എത്തുന്നത്. ബൈക്കിൽ യാത്ര ചെയ്യുന്നവർക്ക് കൈയുടെ മുകൾഭാഗത്ത് ഉണ്ടാകുന്ന  നീറ്റൽ സൂര്യാതപം മൂലമാണ്. ചില വേളകളിൽ ഉച്ചവെയിൽ തുടർച്ചയായി ഏറ്റാൽ പിന്നെ മണിക്കൂറുകൾ വെന്തുനീറുന്നതുപോലെ തോന്നുന്നതും ഈ വികിരണമേറ്റതിന്റെ ബാക്കിപത്രമാണ്‌.


 

ജാഗ്രത വേണം
സൂര്യാഘാത സാധ്യതയുള്ള കാലത്ത്‌  പുറംജോലികൾ  ചെയ്യുന്നവർ പകൽ 11 മുതൽ മൂന്നുവരെ ജാഗ്രത പുലർത്തണം. രാവിലെ അൽപ്പം നേരത്തേയും ബാക്കി സായാഹ്നത്തിലുമായി ജോലിസമയം ക്രമീകരിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാം. പ്രായമായവരും കുട്ടികളും ഈ സമയം പുറത്തിറങ്ങാതിരിക്കുകയാണ്‌ നല്ലത്‌.  കാലാവസ്ഥാ വകുപ്പ്‌, ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യവകുപ്പ്‌ എന്നിവയുടെ മുന്നറിയിപ്പുകളും നിർദേശങ്ങളും ഇക്കാലയളവിൽ പാലിക്കണം.

കേരളീയരുടെ ത്വക്കിൽ മെലാനിൻ എന്ന വർണകം കൂടുതലായതിനാൽ  ഒരളവുവരെ അൾട്രാവായലറ്റ് ഹാനികരമാകില്ല. എന്നാൽ, വെയിലത്ത് ഒട്ടും ഇറങ്ങാതെ ശീലിച്ചവരിൽ ഈ വർണകം കുറവായിരിക്കുകയും പെട്ടെന്ന് സൂര്യാതപം ഉണ്ടാകുകയും ചെയ്യും. കറുത്ത തുണികൊണ്ടുള്ള കുട  അൾട്രാവയലറ്റിനെ 90 ശതമാനം പ്രതിരോധിക്കുന്നു. സൺസ്ക്രീൻ ലോഷനും നല്ലതാണ്. പക്ഷേ, ലോഷൻ  തുടർച്ചയായി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.

വാൻ അലൻ റേഡിയേഷൻ ബെൽറ്റ്‌
സൂര്യനിലെ കാന്തികമണ്ഡലത്തിലെ ‘കുറവുള്ള’ ഇടങ്ങൾ കറുത്ത പൊട്ടുപോലെ കാണപ്പെടുന്നു.  ഇവയാണ് സൂര്യകളങ്കങ്ങൾ. ഇവ പ്രത്യക്ഷപ്പെടുന്ന വേളകളിൽ സൂര്യനിൽനിന്ന്‌ പെട്ടെന്ന് പൊട്ടിത്തെറികളുണ്ടായി, അത് സോളാർ ഫ്ളെയർ എന്ന കണങ്ങളുടെ പ്രവാഹത്തിനു  കാരണമാകുന്നു. സൂര്യന്റെ പുറംഭാഗത്തുള്ള കൊറോണയിൽനിന്ന്‌ ദശലക്ഷം കോടി ടൺ കണങ്ങൾ സൗരയൂഥത്തിലേക്ക്‌ പരക്കുന്നു. ഇവയിൽ ഏറ്റവും തീവ്രമായതിൽനിന്ന്‌ നമ്മെ സംരക്ഷിക്കുന്നത്‌ ഭൂമിയുടെ കാന്തികമണ്ഡലമാണ്. വാൻ അലൻ റേഡിയേഷൻ ബെൽറ്റ്‌  എന്ന 58,000 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ  പ്രദേശം ഭൂമിയിൽ എത്താതെ പിന്തിരിയുന്ന സൗരകണങ്ങൾ മൂലമുണ്ടാകുന്നതാണ്‌. ഭൗമകാന്തിക മണ്ഡലം ഇല്ലെങ്കിൽ  ഭൂമിയിലെ ജീവജാലങ്ങളെല്ലാം നിമിഷങ്ങൾക്കകം കത്തിച്ചാമ്പലാകും. കൊറോണൽ മാസ് ഇജക്‌ഷൻ എന്ന പ്രതിഭാസത്തിൽ ഭൗമാന്തരീക്ഷത്തിന്റെ മുകൾഭാഗത്ത്‌ എത്തുന്ന കണങ്ങൾ ഭൗമകാന്തിക കൊടുങ്കാറ്റുകൾക്ക് കാരണമാകും. അത് കൃത്രിമ ഉപഗ്രഹങ്ങളെയും വൈദ്യുത ഗ്രിഡുകളെയും ഇലക്ട്രോണിക് ഉപകരണങ്ങളെയും ബാധിക്കും. മൊബൈൽ ഫോണുകൾ  ഇടയ്‌ക്ക്‌ നിശ്ചലമാകും. ഐഎസ്‌ആർഒയുടെ ആദ്യ ചാന്ദ്രദൗത്യമായ  ചാന്ദ്രയാൻ 1  പ്രവർത്തനരഹിതമായത്‌ സൂര്യന്റെ തീവ്രത താങ്ങാൻ കഴിയാതിരുന്നതുമൂലമാണ്‌. സമീപകാലത്ത്‌ ശക്തമായ സൗര കൊടുങ്കാറ്റിൽ  സ്‌പേയ്‌സ്‌ എക്‌സിന്റെ 40 സ്‌റ്റാർലിങ്ക്‌ ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top