28 March Thursday

പച്ചമണ്ണിൻ ഗന്ധവും പഴച്ചാറിൻ മധുരവും

മമ്മൂട്ടിUpdated: Wednesday Jan 20, 2021


മലബാർ ചരിത്രത്തിൽ നിർണായക സ്വാധീനമുള്ള പുല്ലേരി വാധ്യാർ ഇല്ലത്തെ മുത്തച്ഛനെക്കുറിച്ച് ഒരുപാട് കേട്ടിരുന്നു. രാപ്പകൽ, പോക്കിരിരാജ, ലൗഡ്സ്‌പീക്കർ, ഒരാൾമാത്രം തുടങ്ങിയ സിനിമകളിലൂടെ ആ ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങി. പച്ചമനുഷ്യന്റെ നിഷ്ക്കളങ്ക ഹൃദയവായ്പിനു മുമ്പിൽ ആരും നമിച്ചുപോകും. ആ ജീവിത വഴിത്താരയുടെ പ്രതിഫലനമായി  ഒരു രംഗം രാപ്പകലിലുണ്ട്. ഒരുപാട് ഉയർച്ചതാഴ്ച്ച കണ്ട ഇല്ലത്തിന്റെ അവകാശിക്ക് പൂർണമായി ഉൾക്കൊള്ളാൻ കഴിയുന്ന രംഗം.

പുതുതലമുറയുടെ ധനാർത്തിക്കുവേണ്ടി ഹൃദയബന്ധം മുറിച്ചുമാറ്റി, തറവാട് വിറ്റ് പങ്കുവെക്കുന്ന മുഹൂർത്തം  ഈശ്വരമംഗലം കോവിലകത്തെ വലിയ വർമയായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും കാര്യസ്ഥന്റെ വേഷത്തിൽ ഞാനും സന്ധിക്കുന്ന മുഹൂർത്തം. വാഴത്തോപ്പിൽ കിളയ്ക്കുന്ന, വിയർത്തുകുളിച്ച എന്നെ അദ്ദേഹം വാരിപ്പുണരുന്നു. "മണ്ണിന്റെയും വിയർപ്പിന്റെയും ഗന്ധത്തിനുവേണ്ടി തന്നെയാണ് കെട്ടിപ്പിടിച്ചതെന്ന്' പറഞ്ഞു. തിരക്കഥയുടെ ഭാഗമാണെങ്കിലും ആ സംഭാഷണത്തിൽ ആത്മാവിന്റെ ഭാവതലം ചാർത്തുന്ന പ്രകടനമായിരുന്നു നമ്പൂതിരിയുടേത്. മനസ്സിന്റെ ആഴങ്ങളിൽ സൂക്ഷിച്ച സ്മൃതിനിശ്വാസങ്ങളായിരിക്കാം പുറത്തുവന്നത്.

ആ ലൊക്കേഷനിൽ, അദ്ദേഹം നോട്ടുപുസ്തകത്തിൽ രണ്ട് വരി കുറിക്കാൻ പറഞ്ഞു. ഒട്ടേറെ ഓട്ടോഗ്രാഫ് എഴുതിയ എനിക്ക് ചമ്മൽതോന്നി. എന്ത് കുറിച്ചുകൊടുക്കും? പക്ഷേ പെട്ടെന്ന് മനസ്സിലേക്ക് വന്ന വരികളുണ്ട്.‘തലനരച്ചതുകൊണ്ട് അങ്ങ് വൃദ്ധനോ ഞാൻ യുവാവോ ആകില്ല... യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം’. നളചരിതത്തിലെ ഈ വരികളിൽ എല്ലാമുണ്ട്. ഷൂട്ടിങ് ഇടവേളകളിലെ തിരുമേനിയുമായുള്ള സംഭാഷണങ്ങൾ അറിവിന്റെയും ജിജ്ഞാസയുടെയും ജാലകം തുറന്നു.

അധികാരവും അഹങ്കാരവും ഒന്നിക്കുമ്പോൾ അത് ഫാസിസത്തിന് വഴിമാറും. എന്നാൽ അറിവും വിനയവും സന്നിവേശിപ്പിക്കുമ്പോൾ സൃഷ്ടിക്കുന്നത് അനന്യ ദീപ്തിയാണ്.  അത്തരം അനുഭൂതിയാണ് അദ്ദേഹവുമായി സംവദിച്ചപ്പോഴെല്ലാം ലഭിച്ചത്. നല്ലൊരു സൗന്ദര്യാസ്വാദകനായിരുന്നു നമ്പൂതിരി. സുകുമാരകലകളെക്കുറിച്ച് അഗാധമായ അറിവ്. കേരളത്തിലെ ജ്വലിക്കുന്ന വ്യക്തിത്വങ്ങളെക്കുറിച്ച്, അവരുമായുള്ള അടുപ്പത്തിൽനിന്ന് കടഞ്ഞെടുത്ത വിവരങ്ങൾ കൈമാറി. ഇല്ലത്തേക്ക്  പ്രവേശിക്കുന്നവരുടെ ജാതിയും മതവും വിശ്വാസവും ആരും പരിശോധിച്ചില്ല. മാനവികതയുടെ ദീപ്ത പ്രകാശധാരയിലൂടെ കാൽവെച്ചവർ നിരവധി. എകെജിയുടെ പ്രിയങ്കരനായ ഉണ്ണി, വിശ്വാസിയായ കമ്യൂണിസ്റ്റായി തുടർന്നു.   നവോത്ഥാന മൂല്യങ്ങൾ അന്യാധീനപ്പെട്ട കാലത്ത് അദ്ദേഹം  പ്രചോദനമായി.

"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേനവാഴുന്ന
മാതൃകാസ്ഥാനമാണിത്.'

ശ്രീനാരായണഗുരുവിന്റെ വരികൾക്ക് ആ ജീവിതം മാതൃക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top