26 April Friday

യുഡിഎഫ്‌ മറന്നോ ; രാജി ‘പോക്കറ്റിലിട്ട്‌ നടന്ന’ കാലം

പ്രത്യേക ലേഖകൻUpdated: Wednesday Jul 6, 2022


തിരുവനന്തപുരം  
സിപിഐ എമ്മും ഇടതുപക്ഷവും പുലർത്തുന്ന ഉയർന്ന ജനാധിപത്യബോധവും  ഭരണഘടനയോടുള്ള ആഴത്തിലുള്ള കൂറും വ്യക്തമാക്കുന്നതാണ്‌ മന്ത്രി സജി ചെറിയാന്റെ  രാജി. അഴിമതി ചെയ്തെന്ന്‌ നൂറ്‌ ശതമാനം ബോധ്യമായിട്ടും മന്ത്രിയുടെ രാജി എഴുതി പോക്കറ്റിലിട്ട്‌ നടന്ന യുഡിഎഫ്‌ മുഖ്യമന്ത്രിയുടെ  ജനാധിപത്യബോധമല്ല എൽഡിഎഫിനെന്ന്‌ ഒരിക്കൽക്കൂടി തെളിയിച്ചു. ഭരണഘടനയെ വിമർശിച്ചെന്ന പ്രചാരണംവന്ന്‌ 48 മണിക്കൂറിനുള്ളിലാണ്‌ സജി ചെറിയാന്റെ രാജി. പൊതുസമൂഹത്തിനു മുന്നിൽ തെറ്റായി വ്യാഖ്യാനിക്കാൻ ഇടവരാവുന്ന ഏത്‌ സംഭവത്തിലും എൽഡിഎഫ്‌ എടുത്തിട്ടുള്ളത്‌ ജനാധിപത്യ തീരുമാനമാണ്‌.

ബാർ കോഴ വ്യക്തമായിട്ടും മന്ത്രിയായിരുന്ന കെ ബാബുവിന്റെ രാജിക്കത്ത്‌ വാങ്ങി പോക്കറ്റിലിട്ട്‌ നടക്കുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അതേ മന്ത്രിസഭയിൽത്തന്നെ ഭൂമി പതിച്ചു നൽകൽ അഴിമതിയിൽ അടൂർ പ്രകാശിനെയും ആരോപണവിധേയനായ വി എസ്‌ ശിവകുമാറിനെയും യുഡിഎഫ്‌ സംരക്ഷിച്ചു. പാലാരിവട്ടം പാലം അഴിമതി പകൽപോലെ തെളിഞ്ഞിട്ടും ഇബ്രാഹിം കുഞ്ഞിനെതിരെ നടപടിയുണ്ടായില്ല. ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ച്‌ വാചാലരാകുന്ന കോൺഗ്രസ്‌ നേതാക്കൾ സൗകര്യപൂർവം ഇതൊക്കെ മറക്കുന്നു. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത്‌ മൂന്നു മന്ത്രിമാർ രാജിവച്ചതും അധികാരക്കസേരയിൽ കടിച്ചുതൂങ്ങുന്ന പാരമ്പര്യമല്ല എൽഡിഎഫിന്റേത്‌ എന്നതുകൊണ്ടാണ്‌. ഒരു നിയമനത്തിൽ പറ്റിയ പിശക്‌ തുറന്ന്‌ സമ്മതിച്ചാണ്‌ 2016 ഒക്‌ടോബർ 14ന്‌ മന്ത്രി ഇ പി ജയരാജൻ സ്ഥാനം ഒഴിഞ്ഞത്‌. എൽഡിഎഫ്‌ മന്ത്രിസഭയുടെ യശസ്സിന്‌ കോട്ടം വരരുത്‌ എന്ന തീരുമാനത്തിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു രാജി.

വാർത്താചാനൽ പുറത്തുവിട്ട ടെലിഫോൺ സംഭാഷണം സംബന്ധിച്ച്‌ സ്വതന്ത്ര അന്വേഷണം നടക്കട്ടെ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2017 മാർച്ച്‌ 26ന്‌ മന്ത്രി എ കെ ശശീന്ദ്രൻ രാജിവച്ചു. കായൽ കൈയേറി എന്ന ആരോപണത്തെതുടർന്നാണ്‌ 2017 നവംബർ 15ന്‌ തോമസ്‌ ചാണ്ടി മന്ത്രിസ്ഥാനം ഒഴിഞ്ഞത്‌. ആരോപണങ്ങളിലെ പൊള്ളത്തരം തെളിയിച്ച്‌ ഇ പിയും ശശീന്ദ്രനും തിരിച്ചുവന്നു. രാഷ്‌ട്രീയ നയ സമീപന തീരുമാനങ്ങളിൽ എൽഡിഎഫിനാണോ യുഡിഎഫിനാണോ ഭരണഘടനയോടും ജനാധിപത്യത്തോടും കൂറുള്ളതെന്ന്‌ ജനം തിരിച്ചറിഞ്ഞതിന്റെ ഫലംകൂടിയാണ്‌ തുടർഭരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top