20 April Saturday

വിട്ടുകൊടുക്കല്ല് പിള്ളേച്ചാ...

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

വിഷയദാരിദ്ര്യമാണ്‌ പ്രശ്‌നം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ എൽഡിഎഫിനെതിരെ പറയാവുന്നതിന്റെ പരമാവധി പറഞ്ഞു. ചെയ്യാവുന്നതത്രയും ചെയ്‌തു. എന്നിട്ടും ഫലമുണ്ടായില്ല. ആരായാലും ലൈൻ അൽപ്പം മാറ്റിപ്പിടിക്കും. പ്രത്യേകിച്ച്‌ കൈയിലിരിക്കുന്നതും കൈവിടും എന്ന അവസ്ഥയാണെങ്കിൽ. അങ്ങനെയാണ്‌ തൃക്കാക്കരയിലെ ഈ സിനിമാകമ്പനിയുടെ പിറവി. നവോദയപോലുള്ള വമ്പൻ സിനിമാ സ്‌റ്റുഡിയോകളുടെ പ്രതാപംപേറുന്ന നാടാണ്‌. അതൊക്കെ ഇവരോട്‌ പറഞ്ഞിട്ടെന്ത്‌. പോത്തിനെന്ത്‌ ഏത്തവാഴ.

വ്യക്തിഹത്യ തീരെ പൊറുക്കുന്ന കൂട്ടരല്ല യുഡിഎഫിലുള്ളത്‌. വ്യക്തിഹത്യയാകണമെന്നില്ല. ആണെന്ന്‌ തോന്നിയാൽ മതി. കുലം മുടിച്ചേ അടങ്ങൂ. തൃക്കാക്കരയിൽ എൽഡിഎഫ്‌ സ്ഥാനാർഥിയുടേതെന്ന്‌ പറഞ്ഞ്‌ അശ്ലീലവീഡിയോ പ്രചരിപ്പിക്കുന്നത്‌ പക്ഷേ, ഈ വകുപ്പിലൊന്നും വരില്ല.  യുദ്ധത്തിൽ നീതി നിർബന്ധമില്ലെന്ന്‌ വടക്കൻ വീരഗാഥയിൽ മമ്മൂട്ടി പറഞ്ഞിട്ടുണ്ടത്രേ. മമ്മൂട്ടി പറഞ്ഞാലും ഇല്ലെങ്കിലും ആ പ്രമാണമനുസരിച്ച്‌ വേണം അളക്കാൻ. തൃക്കാക്കരയിൽ വല്ലാത്ത വിഷയദാരിദ്ര്യമാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പറഞ്ഞ കാര്യങ്ങളൊന്നും ഓർമയിലില്ല. ഓർത്താലും പറഞ്ഞിട്ട്‌ കാര്യമില്ല. അവരുടെ സീറ്റ്‌ കൂടുകയാണ്‌ ചെയ്‌തത്‌. സ്വർണക്കടത്ത്‌ അന്വേഷിച്ച്‌ നാലുപാടും പാഞ്ഞുനടന്ന കേന്ദ്ര ഏജൻസികളെ തൃക്കാക്കരയിൽ കാണാനേയില്ല.  വികസനമുരടിപ്പ്‌ എന്നു മുരടനക്കിയതേ ഓർമയുള്ളൂ. നടപ്പാക്കിയ വികസനം പറഞ്ഞ്‌ ആറാടുകയാണ്‌ എൽഡിഎഫ്‌. സഭയുടെ പേരുപറഞ്ഞുള്ള കുത്തിത്തിരിപ്പും തിരിഞ്ഞുകുത്തി.  യുഡിഎഫ്‌ സ്ഥാനാർഥി വനിതയാണ്‌. അവർക്കെതിരെ എന്തെങ്കിലും പറഞ്ഞുകിട്ടിയാലോ എന്ന പ്രതീക്ഷയായിരുന്നു ഇതുവരെ. ഒരുത്തനും അതൊന്ന് മിണ്ടുന്നില്ലല്ലോ.  പൊലിഞ്ഞ അവസ്ഥയിലാണ്‌ അറ്റകൈ പ്രയോഗം.

ആവശ്യങ്ങളാണ്‌ കണ്ടുപിടിത്തങ്ങൾക്കുപിന്നിലെന്ന്‌ പറഞ്ഞത് ആരാണെന്നൊന്നും കോൺഗ്രസുകാരോട് ചോദിക്കരുത്. ആവശ്യമുള്ളത്‌ അവർ കണ്ടുപിടിച്ചു തരും. എൽഡിഎഫ്‌ സ്ഥാനാർഥിയുടേതെന്ന്‌ പറഞ്ഞ്‌ പ്രചരിപ്പിക്കുന്ന വീഡിയോയുടെ പിറവി അങ്ങനെയാണ്‌. അശ്ലീലവീഡിയോ ആയതുകൊണ്ട്‌ കോൺഗ്രസ്‌ സമൂഹമാധ്യമ ഹാൻഡിലുകളിൽ പെട്ടെന്ന്‌ വൈറലായെന്ന്‌ പറയേണ്ടതില്ലല്ലോ. തൃക്കാക്കരയിൽ ഇപ്പോൾ കോൺഗ്രസ്‌ ജയിച്ചുകഴിഞ്ഞമട്ടാണ്‌. അത്രയ്‌ക്കുണ്ട്‌ വീഡിയോയുടെ പ്രചാരം. കണ്ടവർ കണ്ടവർ പാർടിയിലേക്ക്‌ വരുന്നു. കാണാത്തവർ കൈപ്പത്തി പൊക്കി വീഡിയോ ആവശ്യപ്പെടുന്നു.  കൂടുതൽ വീഡിയോ ആവശ്യപ്പെടുന്നു. ഇങ്ങനെ പോയാൽ ദേശീയതലത്തിൽത്തന്നെ പാർടി രക്ഷപ്പെടുന്ന അവസ്ഥയാണ്‌. അടുത്തകാലത്ത്‌ തെരഞ്ഞെടുപ്പ്‌ നടന്ന പഞ്ചാബിലൊന്നും ഇതുപോലെ വീഡിയോ പ്രചാരണം നടത്താൻ പറ്റിയില്ലല്ലോ എന്ന കുണ്ഠിതവും ചിലർക്കുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top