26 April Friday

പഞ്ചായത്ത്‌ അംഗങ്ങൾ ട്വന്റി 20യുടെ ശമ്പളക്കാർ...കിഴക്കമ്പലത്തെ അധിനിവേശ മാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021

ചതിക്കുഴികൾ ഒളിപ്പിച്ച കോർപറേറ്റ്‌ രാഷ്‌ട്രീയ അശ്ലീലമായി മാറിക്കഴിഞ്ഞു കിഴക്കമ്പലത്ത്‌ തുടക്കമിട്ട ട്വന്റി 20 പരീക്ഷണം. ജീവകാരുണ്യ സംഘടനയായാണ്‌ ഏഴുവർഷംമുമ്പ്‌ രൂപപ്പെട്ടത്‌. കിറ്റെക്‌സ്‌ അന്ന ഗ്രൂപ്പ്‌ എംഡിയായിരുന്നു തലപ്പത്ത്‌. കിഴക്കമ്പലം ആസ്ഥാനമായ കിറ്റെക്‌സ്‌ സ്ഥാപനങ്ങളിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാത്തതിന്റെ പേരിൽ പ്രാദേശിക എതിർപ്പുകൾ നേരിട്ട്‌ തുടങ്ങിയിരുന്നു. കോർപറേറ്റ്‌ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട്‌ (സിഎസ്‌ആർ) വിനിയോഗത്തിനുള്ള സാധ്യതകളുടെ മറവിലായിരുന്നു പിന്നത്തെ നീക്കങ്ങൾ. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ നൽകുന്നുവെന്ന പ്രതീതി സൃഷ്‌ടിക്കാൻ ആസൂത്രിത പദ്ധതിയിലൂടെ കഴിഞ്ഞു. അതിനു പകരമായി മുതലാളി വിലയ്‌ക്കെടുത്തതാകട്ടെ ജനങ്ങളുടെ രാഷ്‌ട്രീയാധികാരവും. കുറഞ്ഞ കാലത്തിനുള്ളിൽത്തന്നെ ജനാധിപത്യസംവിധാനങ്ങളെ പരിഹസിക്കുന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ മുതലാളിത്ത ധാർഷ്‌ട്യമായി അതു വളർന്നു. പുത്തൻ അടിമ കോളനികൾ സൃഷ്‌ടിക്കുന്ന കോർപറേറ്റ്‌ അധിനിവേശത്തിന്റെ ഉത്തമമാതൃകയുമായി.

ആദായവിലയ്‌ക്ക്‌ കമ്പനി അടിമത്തം: എം എസ്‌ അശോകൻ എഴുതുന്നു. ആറു ഭാഗങ്ങളിലായി വായിക്കാം

കാണുക! ഈ കൂരകളും കിഴക്കമ്പലത്താണ്‌
അഞ്ചുവർഷത്തെ ട്വന്റി 20 ഭരണം കഴിഞ്ഞപ്പോൾ 13 കോടി രൂപ നീക്കിയിരിപ്പുള്ള കിഴക്കമ്പലം പഞ്ചായത്തിലെ ഈ വീടുകളും ലോകം കാണണം. കാളിക്കുട്ടിയും സ്‌കൂൾ വിദ്യാർഥിയായ കൊച്ചുമകൻ അമ്പാടിയും താമസിക്കുന്ന വീടിനുള്ളിൽ ഒരാൾക്ക്‌ നിവർന്നു നിൽക്കാനാകില്ല. കാറ്റടിച്ചാൽ പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ പൊതിഞ്ഞ മേൽക്കൂര പറക്കും. കടാഞ്ഞിയിൽ രാജന്റേത്‌ വീടെന്നുപോലും പറയാനാകില്ല. ചെളി കുഴച്ച്‌ കെട്ടിപ്പൊക്കിയ രണ്ട്‌ ചുമരുകളേയുള്ളൂ. സ്‌കൂൾ വിദ്യാർഥികളായ രണ്ട്‌ ആൺമക്കളും രോഗിയായ ഭാര്യയും ഇവിടെയാണ്‌ കഴിയുന്നത്‌. മുൻ പഞ്ചായത്ത്‌ അംഗം പരേതനായ കുറുമ്പന്റെ മകൾ വിജിയും എഴാംക്ലാസുകാരനായ മകനും അന്തിയുറങ്ങുന്നത്‌ കീറിപ്പറിഞ്ഞ ഷീറ്റിട്ടു മൂടിയ കൂരയിലാണ്‌.

കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത്‌ ഒന്നാംവാർഡിലെ
എടത്തിക്കാട്‌ കോളനിയിലെ പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ മേഞ്ഞ വീടിനു മുന്നിൽ രാജൻ. ഇതേ കോളനി വാസിയായ വിജി (താഴെ)

ട്വന്റി 20 ഭരണത്തിൽ സിംഗപ്പൂരാക്കി മാറ്റുമെന്ന്‌ കോർപറേറ്റ്‌ മുതലാളി വീമ്പുപറയുന്ന കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത്‌ ഒന്നാംവാർഡിലെ എടത്തിക്കാട്‌ കോളനിയിലാണ്‌ ഈ വീടുകൾ. സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ പദ്ധതിയിൽ വീടുകൾക്ക്‌ അപേക്ഷിച്ചവരാണ്‌ ഇവരെല്ലാം. അപേക്ഷകളുമായി ഓരോവർഷവും പഞ്ചായത്ത്‌ ഓഫീസ്‌ കയറിയിറങ്ങി. ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചു. എന്നിട്ടും മുതലാളി കടാക്ഷിച്ചില്ല. ലോകരാകെ വാഴ്‌ത്തിപ്പാടുന്ന ട്വന്റി 20യുടെ സ്ഥാനാർഥികൾക്ക്‌ വോട്ടുചെയ്‌തില്ല എന്നതാണ്‌ ഈ പാവങ്ങൾ ചെയ്‌ത അപരാധം. പാലും പഞ്ചസാരയുമൊക്കെ സൗജന്യനിരക്കിൽ നൽകുന്നതിന്റെ പേരിൽ ട്വന്റി 20യെ വാഴ്‌ത്തുന്നവർ ഇതൊന്നും കാണുന്നില്ല. വാർഡ്‌ സഭയോ അയൽക്കൂട്ടങ്ങളോ വാർഷിക പദ്ധതിപോലുമോ ഇല്ലാത്ത പഞ്ചായത്ത്‌ ഭരണത്തെക്കുറിച്ചും പറയുന്നില്ല. ട്വന്റി 20ക്ക്‌ നേതൃത്വം നൽകുന്ന അന്ന–-കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ എംഡി കഴിഞ്ഞ അഞ്ചുവർഷത്തെ പഞ്ചായത്ത്‌ ഭരണത്തിലൂടെയുണ്ടാക്കിയ വ്യക്തിഗത നേട്ടങ്ങളെക്കുറിച്ചും മിണ്ടുന്നില്ല.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടെ കിഴക്കമ്പലത്തുനിന്ന്‌ സമീപ പഞ്ചായത്തുകളിലേക്കും പടർന്ന ട്വന്റി 20 എന്ന കോർപറേറ്റ്‌ മുതലാളിത്ത ഉൽ‌പ്പന്നം രാജ്യത്താകെ ചൂടുള്ള ചർച്ചയാണ്‌.  കിഴക്കമ്പലം പഞ്ചായത്ത്‌ ഭരണം നിലനിർത്തിയ ട്വന്റി 20 സമീപത്തെ ഐക്കരനാട്‌, കുന്നത്തുനാട്‌, മഴുവന്നൂർ പഞ്ചായത്തുകളിലും ഇക്കുറി ഭരണം പിടിച്ചു. വെങ്ങോല പഞ്ചായത്തിലെ 23ൽ പത്തു വർഡുകളിലും ജയിച്ചു. വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്തിൽ നാല്‌ സീറ്റ്‌ നേടി. വടവുകോട്‌ ബ്ലോക്കിൽ അഞ്ചു സീറ്റുകളിലും വിജയിച്ചു. വെങ്ങോല, കോലഞ്ചേരി ജില്ലാപഞ്ചായത്ത്‌ ഡിവിഷനുകളും പിടിച്ചടക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ്‌ അടുത്ത ലക്ഷ്യമെന്നും പ്രഖ്യാപനമുണ്ടായി. ഈ സാഹചര്യത്തിലാണ്‌ സൗജന്യങ്ങളുടെ മറവിൽ ജനങ്ങളുടെ രാഷ്‌ട്രീയാധികാരം വിലയ്‌ക്കുവാങ്ങുന്ന കോർപറേറ്റ്‌ ജനാധിപത്യ പരീക്ഷണത്തിലെ ചതിക്കുഴികൾ സജീവ രാഷ്‌ട്രീയ ചർച്ചയാകുന്നത്‌.

മുഖ്യധാര മാധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രചരിപ്പിക്കുന്ന നിറംപിടിപ്പിച്ച കിഴക്കമ്പലം കഥകൾ മാത്രമാണ്‌ ആകാശംമുട്ടെ വളരുന്ന ട്വന്റി 20യുടെ മൂലധനമെന്ന്‌ നാട്‌ തിരിച്ചറിഞ്ഞു തുടങ്ങുകയാണ്‌. ഒരു കൊതുക്‌ ബാറ്റോ കോവിഡ്‌ മാസ്‌കോ പകരംപറ്റി മൂന്ന്‌ സമീപ പഞ്ചായത്തുകൾകൂടി തങ്ങളുടെ രാഷ്‌ട്രീയാധികാരം കോർപറേറ്റ്‌ മുതലാളിക്ക്‌ അടിയറവച്ചെങ്കിലും ഉയർന്നുകഴിഞ്ഞ പ്രതിഷേധ സ്വരങ്ങൾ ട്വന്റി 20ക്ക്‌ അവഗണിക്കാനാകില്ല.   കിഴക്കമ്പലത്ത്‌ ഭരണം നിലനിർത്തിയപ്പോഴും ജനപിന്തുണയിലുണ്ടായ ഇടിവ്‌ അതിന്‌ തെളിവ്‌. 2015ലെ തെരഞ്ഞെടുപ്പിൽ 19ൽ 17 വാർഡിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ട്വന്റി 20ക്ക്‌ ഇക്കുറി അവർ ജയിച്ച പകുതി വർഡുകളിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി.

2, 13 വാർഡുകളിൽ ഭൂരിപക്ഷം നാലും  നാൽപ്പത്തിനാലുമായി. മൊത്തം കിട്ടിയ വോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടായില്ലെങ്കിലും ശതമാനക്കണക്കിൽ 2015ൽ ഉണ്ടാക്കിയ അടിത്തറ ഇടിഞ്ഞു. കിറ്റെക്‌സ്‌ ഗാർമെന്റ്‌സ്‌ ഫാക്‌ടറി സ്ഥിതിചെയ്യുന്ന ആറാംവാർഡിൽ ജീവന്മരണ പോരാട്ടം നടത്തിയിട്ടും രണ്ടാംവട്ടവും ട്വന്റി 20  തോറ്റമ്പിയതും ചെറിയ കാര്യമല്ല. ഇവിടെ വിജയിച്ച യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഭൂരിപക്ഷം 43ൽനിന്ന്‌ 102ലേക്ക്‌ ഉയർന്നു.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപകമായി കള്ളവോട്ടുകൾ ചേർത്തതായുള്ള പരാതികളും അവരുടെ വിജയത്തിന്‌ തിളക്കം കുറയ്‌ക്കുന്നു. അതുകൂടി ചേർത്തുവായിക്കുമ്പോൾ കിഴക്കമ്പലം എന്ന കോർപറേറ്റ്‌ അസംബന്ധം കൂടുതൽ വികൃതമാകുകയാണ്‌.

പഞ്ചായത്ത്‌ അംഗങ്ങൾ ട്വന്റി 20യുടെ ശമ്പളക്കാർ
കിഴക്കമ്പലം പഞ്ചായത്ത്‌ അംഗങ്ങളും ഉദ്യോഗസ്ഥരിൽ വലിയൊരു വിഭാഗവും ട്വന്റി 20യുടെ ശമ്പളക്കാർ. മുതലാളി പറയുന്നത്‌ നടപ്പാക്കൽ മാത്രമാണ്‌ പണി. സർക്കാർ നൽകുന്ന അലവൻസിനുപുറമെ പഞ്ചായത്ത്‌ അംഗങ്ങൾക്ക്‌  ട്വന്റി 20 ശമ്പളം നൽകുന്നതായി വെളിപ്പെടുത്തിയത്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ജേക്കബാണ്‌. കിറ്റെക്‌സ്‌ എംഡിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്‌ നാലു വർഷത്തിനുശേഷം ജേക്കബ്‌ പ്രസിഡന്റ്‌ പദവി രാജിവച്ചു.
പ്രസിഡന്റിന്‌ 13,000 രൂപ സർക്കാർ അലവൻസിനുപുറമെ 25,000 രൂപയാണ്‌ ട്വന്റി 20 നൽകിയിരുന്ന ശമ്പളം. വൈസ്‌ പ്രസിഡന്റിന്‌ 20,000, വാർഡ്‌ മെമ്പർക്ക്‌ 15,000 എന്നിങ്ങനെയും. എല്ലാമാസവും രണ്ടാം തീയതി ശമ്പളം കൃത്യമായി അക്കൗണ്ടിലെത്തും. പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ ഒരുലക്ഷം രൂപ ശമ്പളം നൽകിയിരുന്നു. മാസാമാസം പണമായാണ്‌ അത്‌ കൊടുത്തത്‌. വഴിവിട്ട രീതിയിൽ പദ്ധതികൾ നടപ്പാക്കുന്നതുമുതൽ വോട്ടർപട്ടികയിൽ അനധികൃതമായി പേരുചേർക്കാൻവരെയുള്ള സഹായം അതിന്‌ പ്രതിഫലമായി ട്വന്റി 20 കൈപ്പറ്റിയെന്ന്‌ കെ വി ജേക്കബ്‌ പറയുന്നു.

തുടർന്നുള്ള ഭാഗങ്ങൾ താഴെ വായിക്കാം:

ഭാഗം 2: കെട്ടുകഥകളിൽ പൊങ്ങിയ കിഴക്കമ്പലം

ഭാഗം 3: തട്ടിപ്പിന്റെ കമ്പനി ശാസ്‌ത്രം

ഭാഗം 4: കിഴക്കമ്പലത്തെ ഈസ്‌റ്റിന്ത്യാ കമ്പനിഭരണം

ഭാഗം 5: കിഴക്കമ്പലം സ്വകാര്യ പുരയിടമാകാൻ എത്രകാലം?

ഭാഗം 6: കൊതുകുബാറ്റിൽ വീണത്‌ 47 പഞ്ചായത്ത്‌ വാർഡുകൾ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top