19 April Friday
ശരണ്യയ്ക്ക് ആദരാഞ്ജലിയുമായി പീസ്‌ വാലിയും

ഓർമകളിൽ മുഴുകി 
മെഴുകുതിരി നാളങ്ങൾ

ജോഷി അറയ്ക്കൽUpdated: Wednesday Aug 11, 2021

നെല്ലിക്കുഴി പീസ് വാലിയിൽ ചെയർമാൻ പി എം അബൂബക്കറിനോടൊപ്പം ശരണ്യ (ഫയൽചിത്രം)

കോതമംഗലം > "ഇതെന്റെ രണ്ടാംജന്മമാണ്. ദൈവം ഇവിടെയാണുള്ളത്’–-മൂന്നു മാസത്തെ ചികിത്സയ്‌ക്കൊടുവിൽ, കഴിഞ്ഞവർഷം ഒക്ടോബറിൽ പരസഹായമില്ലാതെ പീസ്‌ വാലിയുടെ പടിയിറങ്ങുമ്പോൾ നടി  ശരണ്യയുടെ വാക്കുകൾക്കും വല്ലാത്തൊരു ഉർജമുണ്ടായിരുന്നു.

ബ്രയിൻ ട്യൂമർ ബാധിതയായ ശരണ്യയെ തിരുവനന്തപുരം ശ്രീ ചിത്രയിൽ   ഒമ്പതാമത്തെ ശസ്‌ത്രക്രിയക്കുശേഷം ശരീരം തളർന്നനിലയിൽ ട്രോളിയിൽ കിടത്തിയാണ്‌ നെല്ലിക്കുഴിയിലെ പീസ്‌ വാലിയിൽ എത്തിക്കുന്നത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥ. ചികിത്സ പുരോഗമിച്ചതോടെ നടന്നുതുടങ്ങി.  വീണുപോയ നാൾമുതൽ ഒപ്പമുണ്ടായിരുന്ന നടി സീമ ജി നായരും തളർന്നുപോയ മനസ്സും ശരീരവും തിരികെത്തന്ന പീസ്‌ വാലി   ചെയർമാൻ പി എം അബൂബക്കറും  ദൈവത്തിന്റെ സ്ഥാനത്താണെന്ന് പറഞ്ഞാണ് ശരണ്യയും അമ്മ ഗീതയും യാത്രയായത്.

ഞാനും മോളും എട്ടു വർഷത്തിനുശേഷം ഇപ്പോഴാണ് ഓണം ആഘോഷിക്കുന്നത്.. അവളൊന്നു മനസ്സ് തുറന്ന് ചിരിക്കുന്നതും ഇപ്പോഴാണ്- കഴിഞ്ഞ വർഷത്തെ ഓണാഘോഷ പരിപാടിയിൽ ശരണ്യയുടെ അമ്മയുടെ വാക്കുകൾ പീസ്‌ വാലി അധികൃതരും അന്തേവാസികളും കൈയടിയോടെ വരവേറ്റിരുന്നു. സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യയ്‌ക്കായി തിരുവനന്തപുരത്തു നിർമിച്ച ‘സ്നേഹസീമ’ വീടിന്റെ പാലുകാച്ചൽ ചടങ്ങിലേക്കാണ്‌ പീസ്‌ വാലിയിൽനിന്ന്‌ നേരെ മടങ്ങിയത്‌.

പുതിയ വീട്ടിലേക്ക് നിലവിളക്കുമായി നടന്നുകയറണമെന്ന ആഗ്രഹം സഫലമാക്കിയ പീസ്‌ വാലിയോട് വൈകാരികമായ അടുപ്പം ശരണ്യയും കുടുംബവും കാത്തുസൂക്ഷിച്ചിരുന്നു.
ട്യൂമർ ആവർത്തിച്ചതും ചികിത്സ തുടരുന്നതും എല്ലാം പീസ്‌ വാലിയുമായി പങ്കുവയ്‌ക്കാറുണ്ടായിരുന്നു. കീമോതെറാപ്പിയടക്കം വേണ്ടിവന്ന ഘട്ടത്തിൽ  പീസ്‌ വാലിയിലേക്ക് വീണ്ടും വരാനുള്ള സാധ്യതകൾ തേടുന്നതിനിടെയാണ്  മരണത്തിന് ശരണ്യ കീഴടങ്ങിയത്.

പീസ്‌ വാലിയിൽ മെഴുകുതിരികൾ കത്തിച്ച് മാനേജ്മെന്റും ജീവനക്കാരും രോഗികളും ശരണ്യയ്‌ക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചു.  നെല്ലിക്കുഴിയിൽ പത്തേക്കർ സ്ഥലത്താണ് പീസ്‌ വാലി പ്രവർത്തിക്കുന്നത്. ആരോരുമില്ലാതെ തെരുവിലായവർക്കായി സാമൂഹിക–മാനസിക പുനരധിവാസ കേന്ദ്രം,  നിർധനരായ വൃക്കരോഗികൾക്കായി ഡയാലിസിസ് കേന്ദ്രം, നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള തെറാപ്പി കേന്ദ്രം, പാലിയേറ്റീവ് കെയർ, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പീസ്‌ വാലിയുടെ പ്രവർത്തനങ്ങൾ. എല്ലാം പൂർണമായും സൗജന്യമായാണ്. നട്ടെല്ലിന് പരിക്കേറ്റ നൂറോളംപേർ ഇതിനോടകം ചികിത്സയിലൂടെ  ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top