25 April Thursday

നീലക്കുറിഞ്ഞിയിൽ പ്രതിരോധ മരുന്ന്‌

എന്‍ എസ്. അരുണ്‍കുമാര്‍Updated: Sunday Sep 4, 2022


നീലവസന്തം വിടർത്തി പൂവിടുന്ന നീലക്കുറിഞ്ഞിയിൽനിന്ന്‌  കോവിഡ്‌ പ്രതിരോധമരുന്ന്‌ വേർതിരിച്ചെടുക്കാമെന്ന കണ്ടെത്തൽ കൗതുകം പകരുകയാണ്‌. അതും പ്രതിരോധമരുന്നു ഗവേഷണം പുതിയ തലങ്ങളിലേക്ക്‌ കടക്കുമ്പോൾ. നീലക്കുറിഞ്ഞിയുടെ അതേ ജനുസിൽപ്പെടുന്ന  ചെടിയിൽനിന്ന്‌ വേർതിരിച്ചെടുക്കുന്ന  ജൈവ തൻമാത്രയ്ക്ക് കോവിഡിന് മരുന്നാകാൻ കഴിയുമെന്നാണ്‌ പുതിയ പഠനം.  ബയോമോളിക്യൂൾസ് എന്ന ജേർണലിൽ ഒരുസംഘം ഗവേഷകർ സമീപകാലത്ത്‌ പ്രസിദ്ധീകരിച്ച  പഠനം പറയുന്നത്‌ ട്രിപ്റ്റാൻത്രിൻ (Tryptanthrin) എന്നുപേരുള്ള ജൈവ തൻമാത്രയ്‌ക്ക്‌ കോവിഡിനെ പ്രതിരോധിക്കാനും രോഗം മൂർച്ഛിക്കുന്നത്‌  തടയാനും ശേഷിയുണ്ടെന്നാണ്‌. 

നീലക്കുറിഞ്ഞിയുടെ കൂട്ടത്തിൽപ്പെടുന്ന സ്ട്രൊബൈലാന്തസ് കൂസിയ (Strobilanthes cusia) എന്ന ചെടിയിൽനിന്നാണ് ഗവേഷകർ ട്രിപ്റ്റാൻത്രിൻ എന്ന ജൈവൗഷധത്തെ വേർതിരിച്ചെടുത്തത്. ഈ ചെടി  ചൈനയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ  ധാരാളമായി കണ്ടുവരുന്നു. ഇന്ത്യയിലും വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. അസമിലെ കർഷകർ നീലച്ചായം വേർതിരിക്കുന്നതിനാണ് ഇത്‌ വളർത്തുന്നത്. അസം ഇൻഡിഗോ എന്ന വിളിപ്പേരുള്ള ഇതിന്റെ ബന്ധുക്കളാണ്‌ പശ്ചിമഘട്ടത്തിലുള്ള നീലക്കുറിഞ്ഞിയും അനുബന്ധ ഇനങ്ങളും.

ട്രിപ്റ്റാൻത്രിൻ എങ്ങനെ പ്രവർത്തിക്കുന്നു
കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെ ശ്വാസകോശത്തിലെ കോശങ്ങൾക്കുള്ളിലേക്ക് കടത്തിവിടുന്നത് മനുഷ്യശരീരത്തിൽത്തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക രാസാഗ്നിയുടെ തെറ്റായ പ്രവർത്തനമാണ്. ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം (Angiotensin Converting Enzyme: ACE) എന്നുപേരുള്ള ഈ രാസാഗ്നിയെക്കൊണ്ട് ഈ തെറ്റായ പ്രവൃത്തി ചെയ്യിക്കുന്നത് കൊറോണ വൈറസിന്റെ  പുറത്ത് മുള്ളുപോലെ കാണണുന്ന എസ്1 (S1) എന്ന സ്പൈക്ക് പ്രോട്ടീനാണ്. ഈ പ്രോട്ടീൻ  വ്യാജ തിരിച്ചറിയൽ കാർഡ് പോലെ പ്രവർത്തിക്കുകയും ശരീരകോശങ്ങളിലേക്ക് കൊറോണ വൈറസിനെ കടത്തിവിടാൻ മുൻപറഞ്ഞ രാസാഗ്നിയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ട്രിപ്റ്റാൻത്രിൻ ഈ  പ്രോട്ടീനിനെ നിശ്ശേഷം നശിപ്പിക്കുമെന്നും  കൊറോണ വൈറസിന്റെ പ്രവേശനം തടയുമെന്നും പഠനം പറയുന്നു.  ഏതായാലും  ഈ രംഗത്ത്‌ കൂടുതൽ ഗവേഷണം നടക്കുകയാണ്‌.

സസ്യശാസ്ത്രം

സ്ട്രൊബൈലാന്തസ് കുന്തിയാന (Strobilanthes kunthiana) എന്നതാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം. ഇവയ്‌ക്ക്‌ വ്യത്യസ്‌ത ഇനമുണ്ട്‌. വ്യത്യസ്ത ഭൂമേഖലകളിൽ പരസ്പരം ബന്ധപ്പെടാനാകാതെ കഴിഞ്ഞതിലാകാം ഇത്തരത്തിൽ ഇവ വ്യത്യസ്ത സ്പീഷീസുകളായി പരിണമിച്ചതെന്ന് കരുതപ്പെടുന്നു.  ഇന്ത്യയിൽത്തന്നെ കുറിഞ്ഞിയുടെ നൂറ്റമ്പതിലേറെ സ്പീഷീസുകൾ കാണപ്പെടുന്നു. ഇവയിൽ 99 ശതമാനത്തിലേറെയും പശ്ചിമഘട്ടമേഖലയിലാണ്‌.   പശ്ചിമഘട്ടത്തിൽമാത്രം കുറിഞ്ഞിയുടെ 67 സ്ഥാനീയ സ്പീഷീസുണ്ട്‌. ഇതിൽ 41 എണ്ണം കേരള അതിർത്തിക്കുള്ളിലാണ്‌.  കേരളത്തിൽനിന്ന്‌ ആകെ 45 കുറിഞ്ഞി സ്പീഷീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിത്യഹരിത മഴക്കാടുകളോ ചോലവനങ്ങളോ ആണ് ഇവയുടെ ആവാസയിടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top