20 April Saturday

ത്രിപുരയിൽ ഉയരുന്നത് കലാപക്കൊടി

വി ബി പരമേശ്വരൻUpdated: Friday Mar 10, 2023


ത്രിപുരയിൽ ബിജെപി സർക്കാർ വീണ്ടും അധികാരമേറ്റതിനുപിന്നാലെ  അഗർത്തലയിൽനിന്നു വരുന്ന വാർത്തകൾ അസ്വസ്ഥത ഉളവാക്കുന്നതാണ്‌. വർഷങ്ങൾ നീണ്ട തീവ്രവാദ ഭീഷണിയെയും ആക്രമണങ്ങളെയും അതിജീവിച്ച്‌ സമാധാനത്തിലേക്ക്‌ നീങ്ങിയ ത്രിപുര വീണ്ടും പഴയ നാളുകളിലേക്ക്‌ തിരിച്ചുപോകുമോ എന്ന സംശയമാണ്‌  ഉയരുന്നത്‌.

അധികാരം ഉറപ്പിക്കാനുള്ള ബിജെപിയുടെ കുറുക്കുവഴികളാണ്‌ ഇതിലേക്ക്‌ നയിക്കുന്നത്‌. വിശാല തിപ്ര ലാൻഡിനുവേണ്ടി വാദിക്കുന്ന തിപ്ര മോതയുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും അതിനായി ഒരു മധ്യവർത്തിയെ നിയമിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഉറപ്പുകൊടുത്തിരിക്കുകയാണ്‌. ചർച്ചയ്‌ക്കുശേഷം തിപ്രമോത നേതാവ്‌ പ്രദ്യോദ്‌ കിഷോർ ദേബ്‌ബർമനാണ്‌ ഇക്കാര്യം അറിയിച്ചത്‌. ചെറിയ സംസ്ഥാനമായ ത്രിപുരയുടെ 68 ശതമാനം ഭൂപ്രദേശവും ഉൾപ്പെടുത്തി പ്രത്യേക സംസ്ഥാനമാണ്‌ തിപ്രമോത ആവശ്യപ്പെടുന്നത്‌. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ രണ്ട്‌ സീറ്റും ഉറപ്പിക്കാനാണ്‌ ഈ വഴിവിട്ട നീക്കമെന്നാണ്‌ വിലയിരുത്തൽ.

സംസ്ഥാനത്ത്‌ സിപിഐ എം  വിജയിച്ചിരുന്നത്‌ ഗോത്രവർഗ ജനതയുടെ പിന്തുണയോടെയായിരുന്നു. നൃപൻ ചക്രവർത്തിയുടെയും ദശരഥ്‌ ദേബിന്റെയും നേതൃത്വത്തിൽ ത്രിപുരയിലെ ഗോത്രവിഭാഗം ഗണമുക്തി പരിഷത്ത്‌ എന്ന സംഘടനയുടെ കുടക്കീഴിൽ സിപിഐ എമ്മിന്‌ പിന്നിൽ അണിനിരന്നു. അതോടൊപ്പം ബംഗാളികളെയും സിപിഐ എം കൂടെ നിർത്തി. ഈ സഖ്യം തകർക്കാനാണ്‌ ഗോത്രജനതയെ മുൻനിർത്തിയുള്ള തീവ്രവാദത്തിന്‌ തുടക്കമിട്ടത്‌. ആദ്യം കോൺഗ്രസായിരുന്നു ഇതിനുപിന്നിൽ ചരട്‌ വലിച്ചതെങ്കിൽ ഇപ്പോൾ ബിജെപിയാണെന്നു മാത്രം

ത്രിപുരയെ വിഭജിക്കാൻ ശ്രമം
1972ലാണ് ത്രിപുര സമ്പൂർണ സംസ്ഥാനമാകുന്നത്.  അന്ന്‌ കോൺഗ്രസാണ് സർക്കാർ രൂപീകരിച്ചത്. 1978ൽ നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ സിപിഐ എം അധികാരത്തിൽവന്നു. അന്ന് സിപിഐ എമ്മിനെ തോൽപ്പിക്കാനാണ് ‘തിപ്ര രാജ്യം' എന്ന മുദ്രാവാക്യം ഉയർത്തിയ തീവ്രവാദ പ്രസ്ഥാനമായ ത്രിപുര ഉപജാതി ജൂബ സമിതി (ടിയുജെഎസ്)യുമായി കോൺഗ്രസ്‌ സഖ്യം സ്ഥാപിച്ചത്. 1967ൽ ടിയുജെഎസ്‌ രൂപീകരിക്കുന്നതും മുൻ കോൺഗ്രസ് മുഖ്യമന്ത്രി സചീന്ദ്ര ലാൽ സിംഗയുടെ പിന്തുണയോടെയാണ്. ഇവരുടെ സായുധ വിഭാഗമാണ് ത്രിപുര നാഷണൽ വളന്റിയേഴ്സ്‌ (ടിഎൻവി). ഇതോടൊപ്പം തീവ്ര ബംഗാളി ദേശീയതയുടെ കൊടിയുയർത്തി പ്രഭാത് രഞ്‌ജൻ സർക്കാരിന്റെ നേതൃത്വത്തിലുള്ള അമ്ര ബംഗാളി പ്രസ്ഥാനവും സിപിഐ എമ്മിനെ വേട്ടയാടി. 

ബിജെപിക്ക്‌ ഗൂഢലക്ഷ്യം
വടക്കുകിഴക്കൻ ഇന്ത്യയെ, ഇന്ത്യയിൽനിന്ന് അടർത്തിയെടുക്കാൻ സിഐഎ ആസൂത്രണംചെയ്ത ‘ഓപ്പറേഷൻ ബ്രഹ്മപുത്ര’ പദ്ധതിയുമായിപ്പോലും ഈ വിഘടനവാദ ശക്തികൾക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ, ഈ സഖ്യംവഴി ഇടതുപക്ഷത്തെ തോൽപ്പിക്കാനായില്ല. ഈ ഘട്ടത്തിലാണ് ത്രിപുര ഉപജാതി ജൂബ സമിതി നേതാവ് ബിജോയ് റംഗാളുമായി രാജീവ് ഗാന്ധി നേരിട്ട് ചർച്ച നടത്തിയത്‌. കേന്ദ്രത്തിന്റെ ഈ പരസ്യപിന്തുണ ടിയുജെഎസിന് സിപിഐ എം കേഡർമാരെ കൂട്ടത്തോടെ വധിക്കാനുള്ള ലൈസൻസ് നൽകി. അന്തരിച്ച കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേബും സിപിഐ എം വേട്ടയ്‌ക്ക് നേതൃത്വം നൽകി. 1200 സിപിഐ എം പ്രവർത്തകർക്കാണ് അക്കാലത്ത് ജീവൻ നഷ്ടമായത്‌. സംസ്ഥാനത്താകെ അസ്വസ്ഥബാധിത പ്രദേശമായി പ്രഖ്യാപിച്ച്‌ നടത്തിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. ടിയുജെഎസ് ഒരുവശത്തും അമ്രബംഗാളി പ്രസ്ഥാനം മറുവശത്തുമായി നിന്നുള്ള കൂട്ടക്കൊലകൾ ത്രിപുരയെ അശാന്തമാക്കി. ഇക്കാലത്ത് സമാധാനത്തിന്റെ കൊടിയുയർത്തിയത്‌ ഇടതുപക്ഷമായിരുന്നു. 1993ൽ ഇടതുപക്ഷം വൻവിജയം നേടിയത് ഈ സാഹചര്യത്തിലാണ്. ആദിവാസികളുടെ പ്രിയനേതാവും ഗണമുക്തി പരിഷത്തിന്റെ സ്ഥാപകനുമായ ദശരഥ് ദേബ് മുഖ്യമന്ത്രിയായി.

അന്ന് കോൺഗ്രസ് പയറ്റിയ അതേ പരീക്ഷണമാണ് പുതിയ രൂപത്തിലും ഭാവത്തിലും ബിജെപിയും ഇപ്പോൾ പുറത്തെടുക്കുന്നത്‌. ടിയുജെഎസിന്റെ പുതിയ രൂപമായ ഐപിഎഫ്ടിയുമായി സഖ്യം സ്ഥാപിച്ചാണ് 2018ൽ ബിജെപി അധികാരത്തിൽ വന്നത്‌. തിപ്രമോത ഗോത്രജനതയുടെ വിശ്വാസം നേടിയപ്പോൾ എപിഎഫ്‌ടി തകർന്നു. ബിജെപിയാകട്ടെ ഐപിഎഫ്‌ടിയുടെ പ്രതിഷേധം ഗൗനിക്കാതെ തിപ്രമോതയ്‌ക്കൊപ്പം കൈകോർക്കുകയാണ്‌. ഈ സഖ്യത്തെ ഐപിഎഫ്‌ടിയും ബംഗാളി ജനതയും എങ്ങനെയാണ്‌ സ്വീകരിക്കുകയെന്ന ചർച്ചയാണ്‌ ത്രിപുരയിൽ ഇപ്പോൾ നടക്കുന്നത്‌.

പശുക്കളെ 
ജീവനോടെ 
ചുട്ടെരിച്ചു
ത്രിപുരയിൽ ബിജെപിയിൽനിന്ന്‌ സിപിഐ എം പിടിച്ചെടുത്ത  പ്രതാപ്‌ഗഡ്‌ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ രാമുദാസിന്റെ വീടാക്രമിച്ച്‌ ബിജെപി സംഘം വൃദ്ധയായ അമ്മയെ അടിച്ചുപരിക്കേൽപ്പിച്ചു.

ബുധൻരാത്രിയായിരുന്നു സംഘം വീട്ടിലേക്ക്‌ ഇരച്ചുകയറിയത്‌. ഇതിന്‌ പിന്നാലെ പ്രതാപ്‌ഗഡിൽ നിന്നുളള സിപിഐ എം യുവനേതാവ്‌ നിലജ്ഞന റോയിയുടെ വീടും ബിജെപിക്കാർ തകർത്തു. കൈലാഷഹിൽ കേന്ദ്രസേനാംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചവരെ ലാത്തിച്ചാർജ്‌ ചെയ്‌തു. ഖൊവായ്‌ ജില്ലയിലെ ലാൽചോര ഘോഷ്‌പാരായിൽ ഇടത്‌ പ്രവർത്തകന്റെ വീടാക്രമിച്ച ബിജെപിക്കാർ  പശുക്കളെയും വളർത്തു മൃഗങ്ങളെയും ചുട്ടുകൊന്നു. ഒരു പശുവിന്‌ ഗുരുതര പൊള്ളലേറ്റു. ജുബരാജ്‌ നഗറിൽ സിപിഐ എം പ്രവർത്തകൻ പരേഷ്‌ നാഥിന്റെ റബ്ബർ തോട്ടത്തിന്‌ പട്ടാപ്പകൽ തീയിട്ടു. ബെമൂട്ടിയയിൽ സ്വന്തം പ്രാദേശിക നേതാവിന്റെ വീടിന്‌ നേർക്കും ബിജെപിക്കാർ ആക്രമണം നടത്തി. ബെമൂട്ടിയയിലെ നരസിഗഡിലെ നേതാവ്‌ സുകുമാർ ബിശ്വാസിന്റെ വീടാണ്‌ സ്വന്തം പാർടിക്കാർ തകർത്തത്‌. ബിലാസ്‌ഡിലെ മാർക്കറ്റ്‌ ആക്രമിച്ച്‌ 20 കടയ്‌ക്കാണ്‌  തീയിട്ടത്‌. 

അഗർത്തലയിലെ ചന്ദ്രപൂരിൽ അമ്പതിനായിരം രൂപ ബിജെപിക്കാർക്ക്‌ പിരിവ്‌ നൽകിയില്ലെന്നാരോപിച്ച്‌ ട്രാവൽ ഏജൻസി തല്ലിത്തകർത്ത്‌ അഗ്നിക്കിരയാക്കി. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്‌തതിന്‌ പിന്നാലെ പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം തടഞ്ഞുവെന്നാരോപിച്ച്‌ ഗോത്രമേഖലയായ അംബാസയിൽ നാട്ടുകാൾ ദേശീയപാത ഉപരോധിച്ചു. അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ പ്രഥമ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മണിക്‌ സാഹ പറഞ്ഞുവെങ്കിലും അക്രമങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക്‌ പടരുകയാണ്‌.
 

അടങ്ങാത്ത കൊലവിളി
ത്രിപുരയിൽ മാർച്ച്‌ രണ്ടിന്‌ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തോടെ ബിജെപി അക്രമികളുടെ അഴിഞ്ഞാട്ടം സർവ സീമയും ലംഘിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇടതുമുന്നണി, പ്രതിപക്ഷ പാർടി പ്രവർത്തകർക്കെതിരായ ആക്രമണം തുടരുകയാണ്‌.

● ഒരാഴ്‌ചയ്‌ക്കിടെ എഴുന്നൂറോളം വീടുകൾ തകർത്തു.
● അമർപുർ, ചാരിലം, ഗണ്ഡച്ചേര, കമൽപുർ, കുമാർഘട്ട്‌, സദർ, സന്തിർ ബസാർ, ഉദയ്‌പുർ എന്നിവിടങ്ങളിലായി 15 സിപിഐ എം ഓഫീസ് കത്തിച്ചു.
● അക്രമ സംഭവങ്ങളിൽ ഒരു ബിജെപിക്കാരനെപ്പോലും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തില്ല.
● ഖയർപുർ മണ്ഡലത്തിലെ മെഖിൽപാരയിൽ സിപിഐ എം പ്രവർത്തകൻ ശങ്കർ ദേബ്‌നാഥിനെയും ഭാര്യയെയും തല്ലിച്ചതച്ചു.
● അഗർത്തലയിലെ സിഐടിയു ഓഫീസ്‌ ആക്രമിച്ചു.
● ചാരിലം മണ്ഡലത്തിൽ സിപിഐ എം പ്രവർത്തകയെ ആക്രമിച്ച്‌ വീട്‌ തകർത്തു. കോൺഗ്രസ്‌ പ്രവർത്തകൻ കിരണിന്റെ വീട്‌ തകർത്ത്‌ കൊള്ളയടിച്ചു.
● ഗാന്ധിഗ്രാമിൽ സിപിഐ എം പ്രവർത്തകന്റെ വീടിന്‌ ബോംബെറിഞ്ഞു.
● ബിജെപി സർക്കാർ പുറത്താക്കിയ അധ്യാപകരുടെ വീടുകളും അഗ്നിക്കിരയാക്കി.
● ദലുഗാവിലെ സിപിഐ എം ഓഫീസിന്‌ തീവച്ചു.
● കമൽപുരിൽ ബിജെപി മന്ത്രി മനോജ്‌ കാന്തി ദേബിന്റെ സഹോദരനടക്കം 25 ബിജെപിക്കാർ പൊലീസുകാരെ ആക്രമിച്ചു.  
● ഇടതുമുന്നണി പ്രവർത്തകർക്ക്‌ ഉപരോധം ഏർപ്പെടുത്തി; കടകൾ താഴിട്ട്‌ പൂട്ടി.
●  സിപിഐ എം പ്രവർത്തകർ ഭൂരിപക്ഷമായ ഗണ്ഡച്ചേരയിലെ തയ്‌ചക്‌മ ഗ്രാമത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർത്തു.
● സിപിഐ എം സംസ്ഥാന കമ്മിറ്റി
അംഗവും മുൻ എംഎൽഎയുമായ കേശബ് ദേബ് ബർമയ്‌ക്ക്‌ ബിജെപിക്കാരുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.
●ജുബരാജ്‌ നഗറിൽ ബിജെപി റാലിയിൽ പങ്കെടുക്കാൻ വിസമ്മതിച്ച വൃദ്ധയുടെ തല അടിച്ചുതകർത്തു.


 

അർധ ഫാസിസ്റ്റ്‌ 
വാഴ്‌ച
ത്രിപുരയിൽ ആസൂത്രിതമായി 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ച്‌ ബിജെപി അധികാരത്തിൽ എത്തിയതുമുതൽ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച്‌ അർധ ഫാസിസ്റ്റുവാഴ്‌ചയാണ്‌ അരങ്ങേറുന്നത്‌. കോടിക്കണക്കിന്‌ രൂപ ചെലവിട്ടാണ്‌ ജനവിധി അട്ടിമറിച്ചത്‌. ആയിരക്കണക്കിന്‌ സംഘപരിവാറുകാരെ പ്രതിമാസ ശമ്പളം നൽകി ത്രിപുരയിൽ എത്തിച്ച്‌ കള്ളപ്രചാരണം നടത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്‌തു.

കോൺഗ്രസ്‌ ഒന്നടങ്കം ബിജെപിയായി മാറി. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ വിഘടനവാദികളായ ഇൻഡിജീനിയസ്‌ പീപ്പിൾസ്‌ ഫ്രണ്ട്‌ ഓഫ്‌ ത്രിപുര (ഐപിഎഫ്‌ടി)യുമായി ബിജെപി സഖ്യത്തിലുമായി. കേന്ദ്രഭരണത്തിന്റെ തണലിൽ വിജയിച്ചതോടെ പിന്നീടങ്ങോട്ട്‌ കമ്യൂണിസ്റ്റുവിരുദ്ധ വേട്ട നടത്തി. 2018നുശേഷം തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിപ്രവർത്തകരെ നാമനിർദേശപത്രിക നൽകാനോ സ്വതന്ത്രമായി പ്രവർത്തിക്കാനോ അനുവദിച്ചില്ല.

5 വർഷം തുടർച്ചയായ ബിജെപി അഴിഞ്ഞാട്ടം
2018 മാർച്ച്‌ നാലിന്‌ തെരഞ്ഞെടുപ്പുഫലം വന്ന് 24 മണിക്കൂറിൽ ഇടതുമുന്നണി പ്രവർത്തകർക്കുനേരെ ഇരുനൂറോളം ആക്രമണമാണ്‌ ബിജെപിക്കാർ നടത്തിയത്‌. ഒരു വനിത ഉൾപ്പെടെ 24 സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രണ ബഹദൂർ ദേബ്‌ ബർമൻ മുതൽ പ്രാദേശികനേതാവിന്റെ ഭാര്യ അനിമ ദാസ്‌ വരെയുള്ളവരെയാണ്‌ കൊലപ്പെടുത്തിയത്‌. മുൻമുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ മണിക്‌ സർക്കാരും പലതവണ ആക്രമിക്കപ്പെട്ടു. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്‌ ഉൾപ്പെടെ നിരവധി ഓഫീസുകൾ തകർത്തു. പ്രവർത്തകരുടെ 3600ൽ ഏറെ വീട്‌ കൈയേറി നശിപ്പിച്ചു. കോടിക്കണക്കിനു രൂപയുടെ വസ്തുവകകൾ കൊള്ളയടിച്ചു. 2021 സെപ്തംബറിൽ ‘പിഎൻ 24 വാർത്ത’ എന്ന ദൃശ്യമാധ്യമ ഓഫീസും ‘പ്രതിബാദി കാലം’ എന്ന പത്രത്തിന്റെ ഓഫീസും ആക്രമിച്ചു. സിപിഐ എം പ്രസിദ്ധീകരണമായ ‘ദേശർകഥ’യുടെ ഓഫീസും ആക്രമിച്ചു.

മാധ്യമപ്രവർത്തകരെ വേട്ടയാടി; 
കരിനിയമം ചുമത്തി
ബിജെപി അധികാരത്തിലെത്തിയശേഷം ത്രിപുരയിൽ മാധ്യമ പ്രവർത്തകർ വ്യാപകമായി വേട്ടയാടപ്പെട്ടു. രാജ്യത്ത്‌ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെ ഏറ്റവും കൂടുതൽ ആക്രമണം നടന്ന മൂന്നാമത്തെ സംസ്ഥാനം ത്രിപുരയാണെന്ന്‌ 2021ലെ ഇന്ത്യ പ്രസ്‌ ഫ്രീഡം റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. 
    2021ൽ ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകരെ പൊലീസ്‌ ചോദ്യം ചെയ്‌ത സംസ്ഥാനവും ത്രിപുരയാണ്‌. ബിജെപി നേതൃത്വത്തിൽ ത്രിപുരയിൽ അരങ്ങേറിയ വർഗീയകലാപം റിപ്പോർട്ട്‌ ചെയ്‌ത എച്ച്‌ ഡബ്ല്യു ന്യൂസ്‌ നെറ്റ്‌വർക്കിലെ വനിതാ മാധ്യമപ്രവർത്തകരായ സമൃദ്ധി കെ സുകുനിയയും സ്വർണ ഝായെയും അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിൽ അടച്ചു. വിഎച്ച്‌പിക്കാരന്റെ പരാതിയിൽ അസമിൽവച്ചായിരുന്നു അറസ്റ്റ്‌. 
      ജാമ്യം ലഭിച്ചതിനു പിന്നാലെ സാമൂഹ്യമാധ്യമത്തിലെ കുറിപ്പിന്റെ പേരിൽ വീണ്ടും ആറസ്റ്റ്‌ ചെയ്‌തു. കലാപത്തെക്കുറിച്ച്‌ ട്വീറ്റ്‌ ചെയ്‌തതിന്‌ യുഎപിഎ ചുമത്തിയാണ്‌ മാധ്യമപ്രവർത്തകനായ ശ്യാം മീര സിങ്ങിനെ അറസ്റ്റ്‌ ചെയ്‌തത്‌. നാല്‌ മാധ്യമ പ്രവർത്തകരെയും അഞ്ച്‌ മാധ്യമ സ്ഥാപനങ്ങളും 2021ൽ മാത്രം ബിജെപിക്കാർ ആക്രമിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ സമീർ ധാർ മൂന്നു തവണ ആക്രമണത്തിന്‌ 
ഇരയായി.

(റിസേര്‍ച്ച് ഡെസ്ക്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top