18 September Saturday

മാനത്തൊരു കൊട്ടാരം

വി പി ബാലഗംഗാധരൻUpdated: Sunday Jun 27, 2021


നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തി(ഐഎസ്‌എസ്‌)ന് കൂട്ടായി,  ചൈനയുടെ പുതിയ നിലയവും  സജീവമായി.  ചൈനയുടെ  ആ നിലയത്തിൽ താമസിക്കാൻ കഴിഞ്ഞ ആഴ്ച ആളുകളുമെത്തി. ബഹിരകാശ ഗവേഷണരംഗത്ത്‌ മാനവരാശിയുടെ വൻ കുതിപ്പുകൂടിയാണിത്‌.   ചൈന  സ്വന്തമായി നിർമിക്കുന്ന  ടിയാൻഗോങ്  നിലയത്തിന്റെ കോർ മൊഡ്യൂളായ തിയാൻഹെ (Tianhe) യിലാണ്   മൂന്നു ഗഗനചാരികളും  മൂന്ന്‌ മാസത്തോളം താമസിക്കുക.   ബഹിരാകാശരംഗത്ത് ചൈനയുടെ മുന്നേറ്റം തുടരുകയാണ്. ഭൂമിയുടെ ഭ്രമണപഥത്തിൽ മാത്രമല്ല, ഗ്രഹാന്തര യാത്രകളിലും അവർ ശ്രദ്ധ പിടിച്ചുപറ്റുകയാണ്‌.  കഴിഞ്ഞ മാസം 14ന്‌  ചൊവ്വയുടെ മണ്ണിൽ പതുക്കെ ഇറങ്ങിയ  ചൈനയുടെ റോവർ  അവിടെ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ടിയാൻഗോങ്‌
ടിയാൻഗോങ് എന്നാൽ ‘സ്വർഗത്തിലെ കൊട്ടാരം’ എന്നാണർഥം. നിർമാണം പൂർത്തിയായാൽ പത്ത് വർഷമെങ്കിലും സേവനം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ നിലയം.ഇരുപത്തിരണ്ട്‌ വർഷം പിന്നിട്ട  അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തി(International space station)ന്റെ ഭാവിയെക്കുറിച്ച് ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നു എന്ന വാർത്തകൾക്കിടയിൽ ചൈനയുടെ പുതിയ നിലയത്തിന് ഏറെ പ്രസക്തിയുണ്ട്. ചൈനയുടെ നിലയത്തിലേക്ക് കോസ്മോനാട്ടുകളെ അയക്കാൻ റഷ്യയും താൽപ്പര്യം കാണിച്ചുകഴിഞ്ഞു. മറ്റു രാജ്യങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കുമെന്ന്‌ ചൈനയും വ്യക്തമാക്കിയിട്ടുണ്ട്‌.

കഴിഞ്ഞ ഏപ്രിൽ 29നാണ്‌  നിലയത്തിന്റ പ്രധാന ഭാഗമായ തിയാൻഹെ വിക്ഷേപിച്ചത്‌. ഇതിനെ തുടർന്ന്‌  കഴിഞ്ഞ ആഴ്‌ച  മൂന്ന്‌  ബഹിരാകാശ ശാസ്‌ത്രജ്‌ഞർ അവിടേക്ക്‌ വിജയകരമായി എത്തി.  കരുത്തുറ്റ റോക്കറ്റായ ലോങ്‌മാർച്ച്‌ 2 ആണ്‌  മൂവരെയും വഹിച്ച ഷെൻഷോ -12 പേടകവുമായി കുതിച്ചത്‌.   ഗോബി  മരുഭൂമിയിലെ ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്ന്‌  ജൂൺ 17നായിരുന്നു ഈ കുതിപ്പ്‌. വിക്ഷേപി്ച്ച  ഏഴ് മണിക്കൂറിനുശേഷം മൂവരും വിജയകരമാായി നിലയത്തിലെത്തി.

തൽക്കാലത്തേക്ക് ഷെൻഷോ 12 പേടകവും  ബഹിരാകാശ നിലയത്തിന്റെ ഭാഗമായി മാറി. ഭൂമിക്കു മുകളിൽ 390 കിലോമീറ്റർ  ഉയരത്തിലാണ് ഈ നിലയം ഇപ്പോൾ പരിക്രമണം ചെയ്യുന്നത്. (അന്താരാഷ്ട്ര ബഹിരാകാശ നിലയം 400 കിലോമീറ്റർ ഉയരത്തിലും). സോവിയറ്റ് കാലഘട്ടത്തിലെ സോയൂസ് ബഹിരാകാശ പേടകത്തിന്റെ മാതൃകയിലാണ്  ഷെൻഷോ -12ന്റെ രൂപകൽപ്പന. അതിന്റെ  മൂന്ന് മൊഡ്യൂളിൽ  ബഹിരാകാശയാത്രികരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള മടക്കയാത്രാ വാഹനവും ഉൾപ്പെടുന്നു,   വൈവിധ്യമാർന്ന 120 തരം ഭക്ഷണം ഉൾപ്പെടെ ഒരു ദീർഘകാല താമസത്തിനുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം യാത്രികർ കൊണ്ടുപോയിട്ടുണ്ട്.  ഷെൻഷോ -12ന്റെ  ചെറിയ പതിപ്പായ ഷെൻ‌ഷോ -5 ലാണ് 2003ൽ ആദ്യത്തെ ചൈനീസ് യാത്രികൻ  ബഹിരാകാശത്തേക്ക് പോയത്.  

നിർമിതി ഒന്നു വേറെ്
കൃത്രിമ ഉപഗ്രഹങ്ങളേക്കാൾ ഏറെ സങ്കീർണമാണ്   ബഹിരാകാശ നിലയങ്ങളുടെ നിർമിതി. മനുഷ്യർക്ക്‌ ദിവസങ്ങളോളം അതിൽ താമസിക്കാൻ കഴിയണം. അതിനാൽ ഒരുതരം ബഹിരാകാശ ആവാസ വ്യവസ്ഥയായിരിക്കണം ബഹിരാകാശ നിലയം. പരീക്ഷണ നിരീക്ഷണങ്ങൾ നത്താൻ വിപുലമായ സംവിധാനങ്ങൾ വേണം.  ഉപയോഗം കഴിഞ്ഞാൽ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സംവിധാനങ്ങളൊന്നും അത്തരം നിലയങ്ങളിൽ ഉൾപ്പെടുത്താറില്ല.

ഡോക്കിങ്‌ സംവിധാനം അത്തരം നിലയങ്ങളുടെ പ്രത്യേകതയാണ്‌. താമസക്കാർക്ക് പോകാനും വരാനും നിർമാണത്തിനും പരീക്ഷണങ്ങൾക്കും  വേണ്ടിയുള്ള സാധനങ്ങൾ കൊണ്ടുപോകാനും തിരികെ വരാനും  മറ്റുമായി  ഭൂമിയിൽനിന്ന്‌ വന്നുപോകുന്ന  ബഹിരാകാശയാനങ്ങളെ ഘടിപ്പിക്കാനും വിടുവിക്കാനുമുള്ള  സംവിധാനങ്ങളാണിത്‌.   സാമാന്യം വലിയ പേടകങ്ങൾ ആയതുകൊണ്ട് ഒറ്റയടിക്ക്  നിർമിക്കാനും പറ്റില്ല. അതുകൊണ്ട് ഘട്ടംഘട്ടമായാണ് ബഹിരാകാശത്തെ ഈ നിർമിതി. സോവിയറ്റ്‌ യൂണിയന്റെ  സല്യൂട്ട്‌, മിർ, അമേരിക്കയുടെ  സ്‌കൈലാബ്‌ തുടങ്ങിയവയെല്ലാം മുൻകാല ബഹിരാകാശ നിലയങ്ങളാണ്‌. മനുഷ്യൻ നിർമിച്ച ആദ്യ ബഹിരാകാശ നിലയമായ സല്യൂട്ട്‌ 1  സോവിയറ്റ്‌ യൂണിയൻ  വിക്ഷേപിച്ചത്‌  1971  ഏപ്രിൽ 19 നാണ്‌.

മൂന്നാം തലമുറക്കാരൻ
മിർ, ഇന്റർനാഷണൽ ബഹിരാകാശ നിലയം എന്നിവയെപ്പോലെ  മൂന്നാം തലമുറയിൽപ്പെട്ട മോഡുലാർ ബഹിരാകാശ നിലയമാണ്  ടിയാൻഗോങ്.  ഒന്നൊന്നായി  വിക്ഷേപിച്ച വലിയ മൊഡ്യൂളുകൾ ഭ്രമണപഥത്തിൽവച്ചാണ് യോജിപ്പിക്കുന്നത്. ഇപ്പോൾ ഭ്രമണപഥത്തിലുള്ള   ടിയാൻഹെ കോർ മൊഡ്യൂളിൽത്തന്നെ  മൂന്ന് ബഹിരാകാശ സഞ്ചാരികൾക്ക്‌ ജീവിക്കാൻ വേണ്ടുന്ന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.

അവരുടെ താമസ സ്ഥലത്തിനു പുറമെ, സ്റ്റേഷന് മാർഗനിർദേശം നൽകുക, നാവിഗേഷൻ, ഓറിയന്റേഷൻ നിയന്ത്രണം എന്നീ സംവിധാനങ്ങളും ഈ മോഡ്യുളിൽ ഉണ്ട്. സ്റ്റേഷന്റെ പവർ, പ്രൊപ്പൽ‌ഷൻ, ജീവസന്ധാരണ സംവിധാനങ്ങൾ എന്നിവയ്‌ക്ക്‌ പുറമെ താമസ സൗകര്യം, സർവീസ് വിഭാഗം,  ഡോക്കിങ്‌ ഹബ് എന്നീ മൂന്നു ഭാഗവും മോഡ്യൂളിൽത്തന്നെ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തേക്കാൾ മികച്ച സാങ്കേതിക വിദ്യയാണ്‌ ഇതിലുള്ളതെന്ന പ്രത്യേകതയുമുണ്ട്‌.

മൂന്ന് സഞ്ചാരികൾക്കും വെവ്വേറെ  മുറികളും വ്യായാമത്തിന് ബഹിരാകാശത്ത് ഉപയോഗിക്കാൻ പ്രത്യേകം തയ്യാറാക്കിയ ട്രഡ്മില്ലും വാർത്താവിനിമയത്തിനുള്ള   ഇമെയിൽ വീഡിയോ സംവിധാനവും അതിനൊക്കെയായി പ്രത്യേകം കമ്യൂണിക്കേഷൻ സെന്ററും  ഒരുക്കിയിട്ടുണ്ട്. ആറേഴു മണിക്കൂർ  നീണ്ടുനിൽക്കുന്ന ബഹിരാകാശ നടത്തത്തിന്‌(space walk)ഉപയോഗിക്കാൻ പ്രത്യേകമായി  നിർമിച്ച സ്‌പേസ്  സ്യൂട്ടു(space suit)കളും മറ്റും അവർ  കരുതിയിട്ടുണ്ട്. ഇതിലുള്ള യന്ത്രകൈക്കും ഏറെ പ്രത്യേകതകളുണ്ട്‌.
   
തിരക്കോടുതിരക്ക്‌
പരിചയ സമ്പന്നരാണ് ഇത്തവണത്തെ  യാത്രികർ മൂന്നുപേരും. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ബഹിരാകാശയാത്രിക സേനയിലെ മേജർ  ജനറലാണ് മിഷന്റെ കമാൻഡറായ  നീഹൈഷെങ്‌ (56).   2008ൽ മാനവ ദൗത്യത്തിന്റെ ഭാഗമായിരുന്ന അമ്പത്തിനാലുകാരനാണ്  മേജർ ജനറൽ ലിയു ബോമിങ്.  മൂന്നാമത്തെ ആൾ കേണൽ ടാങ് ഹോങ്‌ബോ (45) രണ്ടുതവണ ഷെൻ‌ഷോ ദൗത്യങ്ങളുടെ ബാക്കപ്പ് ക്രൂ അംഗമായിരുന്നു. 

ഇവർ മൂന്നുപേരും അടുത്ത മൂന്ന് മാസം ബഹിരാകാശ നിലയത്തിൽ  ചെലവഴിക്കും. അവർ മടങ്ങുമ്പോൾ മറ്റ്‌ മൂന്ന്‌ പേർ    അവരുടെ സ്ഥാനം ഏറ്റെടുക്കും. സ്റ്റേഷൻ നിർമാണത്തിലായതിനാൽ ഇപ്പോൾ പോയ മൂന്നു പേരുടെ പ്രധാന ചുമതലകൾ അവർ തുടരും. നിലയത്തിൽ  ഉപകരണങ്ങൾ സ്ഥാപിക്കുക, ലൈഫ് സപ്പോർട്ട്, മാലിന്യ നിർമാർജനം എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ പരീക്ഷിക്കുക, പേടകത്തെ പൂർണമായും ആവാസയോഗ്യമാക്കുക  എന്നതൊക്കെയാണ് ഈ ദൗത്യത്തിന്റെ പ്രധാന ജോലികൾ. വാഹനത്തിൽനിന്ന്‌ പുറത്തിറങ്ങി ബഹിരാകാശ നടത്തം പരിശീലിക്കാനും അവർക്ക്‌ നിർദേശമുണ്ട്.   ഒപ്പം ചില പരീക്ഷണങ്ങളും.

നിർമാണം പൂർത്തിയാകുമ്പോൾ  ടിയാൻഗോങ്‌ നിലയത്തിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഏകദേശം അഞ്ചിലൊന്ന് പിണ്ഡവും റഷ്യയുടെ പഴയ മിർ ബഹിരാകാശ നിലയത്തിന്റെ വലുപ്പവും ഉണ്ടാകും. 420 ടൺ ഭാരമുള്ള ഐഎസ് എസിന്റെ ആറിലൊന്ന്‌ (70 ടണ്ണോളം) ഭാരം വരും. പ്രധാന മൊഡ്യൂളിനോട് ഘടിപ്പിക്കാനുള്ള രണ്ട്‌  പരീക്ഷണ മൊഡ്യൂൾ  അടുത്ത വർഷം  ജൂണിലും  ആഗസ്‌തിലും വിക്ഷേപിക്കാനാണ് പരിപാടി.  ഒരു ടെലിസ്‌കോപ്പ്‌കൂടി പിന്നീട് എത്തിക്കും.


 

ഐഎസ്എസ് എന്ന അത്ഭുതം 
ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പവും 420 ടൺ ഭാരവുമാണ്‌  അന്താരാഷ്‌ട്ര  ബഹിരാകാശ നിലയത്തിനുള്ളത്‌. 120 ബില്യൺ ഡോളറാണത്രെ  അതിന്റെ നിർമാണ ചെലവ്.  ബഹിരാകാശത്തുള്ള  എക്കാലത്തെയും വലിയ മനുഷ്യനിർമിത വസ്തുവും  ഇതുതന്നെ.  ഒരു താരതമ്യത്തിന് കണക്കാക്കിയാൽ ഐഎസ്‌എസിന്‌  റഷ്യൻ ബഹിരാകാശ നിലയമായിരുന്ന മിർ  നിലയത്തേക്കാൾ  നാലിരട്ടിയും  അമേരിക്കയുടെ  സ്കൈലാബിനേക്കാൾ അഞ്ചിരട്ടിയും  വലുപ്പമുണ്ട്‌. 

ഐഎസ്എസിന്റെ നിർമാണത്തിൽ 16 രാഷ്ട്രങ്ങൾ പങ്കാളികളാണ്.  അമേരിക്കയും റഷ്യയും നയിക്കുന്ന നിലയത്തിന്റെ നിർമാണം 2011 ലാണ്  പൂർത്തിയായത്.  നാല് വർഷത്തിനുശേഷം 2015ൽ ‘വിരമിപ്പി’ക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, ആയുസ്സ് 2020 ലേക്കും പിന്നീട് 2024 ലേക്കും നീട്ടി.  2030ലേക്ക് മറ്റൊരു കാലാവധി നീട്ടൽ  നിർദേശിക്കുന്നുണ്ടെങ്കിലും 2028 വരെ പ്രവർത്തിപ്പിക്കാമെന്നത്രെ ഇപ്പോഴത്തെ  തീരുമാനം.  ഇന്റർനാഷണൽ സ്പേയ്‌സ് സ്റ്റേഷനെ അപേക്ഷിച്ച്  ടിയാൻഗോങ്  താരതമ്യേന ചെറിയ നിലയമാണ്.  ചൈന ഇനി പതിനൊന്ന്  ദൗത്യത്തിൽ, രണ്ടു വർഷംകൊണ്ട് നിലയത്തിലെ എല്ലാ മൊഡ്യൂളും ഘടിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 98ൽ ആരംഭിച്ച ഐഎസ്എസ് ന്റെ നിർമാണം പൂർത്തിയാക്കാൻ മുപ്പതോളം ദൗത്യവും പത്ത്  വർഷവുമെടുത്തു.

ഇന്റർനാഷണൽ സ്പേയ്സ് സ്റ്റേഷൻ പദ്ധതിയിൽ   ചൈനയെ സഹകരിപ്പിക്കാൻ അമേരിക്ക തയ്യാറായില്ല. ഇതിന്‌  ചൈനയിലെ ശാസ്‌ത്രജ്ഞരുടെ മധുര പ്രതികാരംകൂടിയാണ്‌  ടിയാൻഗോങ്. മറ്റൊരു രാജ്യത്തിന്റെയും സഹായമില്ലാതെ ഒറ്റയ്ക്ക് ബഹിരാകാശ നിലയം സ്ഥാപിക്കാൻ അവർക്കായി. ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ  നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ  വലിയൊരു ശാസ്‌ത്രനേട്ടം കൂടിയാണ്‌ അവർ കൈവരിച്ചിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top