18 April Thursday

പ്രാർഥിക്കാൻ ഓരോരോ കാരണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


‘നോമിനേഷൻ പാതി സഹതാപം പാതി’ എന്നാണ്‌ ഉപതെരഞ്ഞെടുപ്പിൽ പണ്ടേയുള്ള സൂത്രവാക്യം. അരുവിക്കരയിൽ അന്തരിച്ച നേതാവിന്റെ ഭാര്യ, എറണാകുളത്തും പിറവത്തും ‌മക്കൾ. അങ്ങനെ സഹതാപതരംഗത്തിൽ കരപറ്റിയവർ കുറെയുണ്ട്‌. ‌അവരാണ്‌ എന്നും മുന്നണിയുടെ രോമാഞ്ചം.  തൃക്കാക്കരയിലും മറ്റൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല. സഹതാപംതന്നെ തുറുപ്പുചീട്ട്‌.

പക്ഷേ, തുടക്കത്തിലേതന്നെ സൂത്രവാക്യത്തിൽ കല്ലുകടി. സഹതാപംകൊണ്ട്‌ ജയിച്ചുകയറാവുന്ന മണ്ഡലമല്ല തൃക്കാക്കരയെന്ന പ്രഖ്യാപനവുമായി ആദ്യ വെടിപൊട്ടിച്ചത്‌ യുഡിഎഫ്‌ ജില്ലാ ചെയർമാൻ ഡൊമിനിക്‌ പ്രസന്റേഷൻ. തൊട്ടുപിന്നാലെ ഡിസിസി ജനറൽ സെക്രട്ടറി മുരളീധരന്റെ രാജി. അനുബന്ധമായി പലയിടത്തും പൊട്ടലും ചീറ്റലും.  സെമി കേഡർ പാർടിയായ സ്ഥിതിക്ക്‌ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ.  അച്ചടക്ക പീരങ്കികൊണ്ട്‌ എല്ലാം കഴിയുന്നത്ര ശാന്തമാക്കി. എങ്ങനെയും തൃക്കാക്കര കടക്കാൻ തയ്യാറെടുപ്പുകൾ നടത്തുമ്പോഴാണ്‌ ഓരോരോ വൈതരണികൾ.

വികസനവിരുദ്ധർക്ക്‌ ഒപ്പമില്ലെന്ന്‌ പ്രഖ്യാപിച്ച‌ തോമസ്‌മാഷിന്റെ നിലപാട്‌, പ്രചാരണത്തിനു ചുക്കാൻപിടിക്കുന്ന നേതാവിന്‌ സിബിഐ ആസ്ഥാനത്തേക്ക്‌ സോളാർ വിളി. വേണമെങ്കിൽ സ്വർണം  ഇറച്ചിവെട്ടുയന്ത്രത്തിലും കടത്താമെന്ന്‌ തെളിയിച്ചതിന്‌ ലീഗ്‌ നേതാവിന്റെ മകന്റെ അറസ്റ്റ്‌. പിന്നാലെ  റെയ്‌ഡുകൾ. ആകെ ജഗപൊഗ.

മണ്ഡല ആസ്ഥാനത്തെ നഗരസഭ ഒപ്പിക്കുന്ന പൊല്ലാപ്പുകൾ എന്നും തലവേദനയാണ്‌. പണക്കിഴിവിവാദം കെട്ടടങ്ങിയിട്ടില്ല. അതിനുമുമ്പേതന്നെ പൂവാങ്ങൽ അഴിമതി. അതും അന്തരിച്ച നേതാവിന്റെ സംസ്‌കാരത്തിന്റെ മറവിൽ. എല്ലാം ജനങ്ങൾ മറക്കണേ എന്നാണ്‌ പ്രാർഥന. അഗർബത്തിയുടെ പരസ്യത്തിൽ പറയുന്നതുപോലെ, പ്രാർഥിക്കാൻ നിരവധി കാരണങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top