09 August Tuesday

അൽപ്പം ഉളുപ്പ്‌ എടുക്കട്ടേ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


എന്തു ചെയ്യാം... അറിയാതെ കിട്ടിയ  വീഡിയോ ഒന്നു പ്രചരിപ്പിച്ചുപോയതാണോ ഇത്രവലിയ തെറ്റ്. അതിന്റെ പേരിൽ ഇത്ര വലിയ പുകിലുണ്ടാക്കുന്നതാണ് സതീശന് പിടികിട്ടാത്ത കാര്യം. എത്ര പാടുപെട്ട് എടുത്തതാകും അത്. അതോർത്തുമാത്രം  ഫോർവേഡ് ചെയ്യുന്നു. ആ നല്ല മനസ്സ് കാണാതെ കൊല്ലാക്കൊല ചെയ്യാമോ പാവങ്ങളെ.

തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരായ അശ്ലീല വീഡിയോ കോൺഗ്രസുകാർ പ്രചരിപ്പിച്ചുകാണുമെന്നതിൽ സതീശന് ഒരു സംശയവുമില്ല. എന്തെല്ലാം ഇങ്ങനെ കേട്ടിരിക്കുന്നു. എല്ലാം രാഷ്ട്രസേവനത്തിന്റെ ഭാഗമല്ലേ. കള്ളൻ ...കള്ളൻ എന്ന്‌ മറ്റുള്ളവരെ ചൂണ്ടി വിളിച്ചുകൂവി രക്ഷപ്പെടാൻ ശ്രമിച്ച കൊടുംകള്ളന്റെ കഥയുടെ ഹാങ്ഓവറിലാണ്  ഇപ്പോഴും കോൺഗ്രസ്‌ നേതൃത്വം. അത്തരം പടമൊന്നും ഉച്ചപ്പടമായിപ്പോലും ഓടില്ലെന്ന്‌ ഇവരോട്‌ ആരാ ഒന്ന്‌ പറഞ്ഞുകൊടുക്കുക.  തൃക്കാക്കരയിലെ അശ്ലീല വീഡിയോ കേസിൽ മാനംപോയ കോൺഗ്രസ്‌ ഇപ്പോൾ ആ കൊടുംകള്ളന്റെ വേഷത്തിലാണ്‌. തൃക്കാക്കരയിലെ മുസ്ലിംലീഗ്‌ നേതാവിന്റെ മകനെ സ്വർണക്കടത്തുകേസിൽ പിടിച്ചപ്പോൾ ഇതേ കഥയിറക്കി പൊട്ടിപ്പാളീസായ കാര്യം ലീഗുകാരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കണമായിരുന്നു.  

അശ്ലീല വീഡിയോയ്‌ക്കുപിന്നിൽ സിപിഐ എമ്മാണെന്ന്‌ വിശ്വസിക്കാൻ എല്ലാവർക്കും സതീശന്റെ വിശ്വസ്‌ത അനുയായി മുഹമ്മദ്‌  ഷിയാസിന്റെ ബുദ്ധിയല്ലല്ലോ. അശ്ലീല വീഡിയോ കേസിൽ പിടിയിലായവരെല്ലാം കോൺഗ്രസുകാർ. വീഡിയോ ഷെയർ ചെയ്‌തത്‌ മുഴുവൻ യുഡിഎഫുകാർ. ആഘോഷമാക്കിയത്‌ കോൺഗ്രസ്‌ സൈബർ ഗ്രൂപ്പുകളാണ്‌. ആ വീഡിയോയെ തള്ളിപ്പറയാത്ത ഒരേയൊരു കൂട്ടരും സദാചാരവാദികളുടെ ഏഴാംകപ്പൽപ്പടയെ നയിക്കുന്ന നിങ്ങൾ മാത്രമാണ്‌. എന്നാൽ പിന്നെ അൽപ്പം ഉളുപ്പ്‌ എടുക്കട്ടെ എന്ന്‌ സമൂഹമാധ്യമങ്ങളിൽ പ്രതിപക്ഷനേതാവിന്റെ ചിത്രമിട്ട്‌ പലരും ചോദിച്ചുകഴിഞ്ഞു.

ഇറച്ചിനുറുക്കുന്ന യന്ത്രത്തിൽ സ്വർണമൊളിപ്പിച്ച്‌ കടത്തിയ കേസിൽ ലീഗിന്റെ ജില്ലാ നേതാവും തൃക്കാക്കര നഗരസഭാ വൈസ്‌ ചെയർമാന്റെ മകനുമാണ്‌ അറസ്‌റ്റിലായത്‌. ഒന്നാംതരം യൂത്ത്‌ ലീഗുകാരൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ ലീഗ്‌ ജില്ലാ കമ്മിറ്റി വാർത്താസമ്മേളനം വിളിച്ചു. എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഡിവൈഎഫ്ക്കാരനാണ്‌ എന്നു പ്രഖ്യാപിച്ചു. സിപിഐ എമ്മിന്‌ പങ്ക്‌. ലീഗുകാരൻ ബാപ്പയും മകനും വേറെവേറെ വീടുകളിലാണത്രെ താമസം. കണ്ടാൽ മിണ്ടാറുപോലുമില്ല.  ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ ഇങ്ങനെ പറഞ്ഞ്‌ ജയിച്ചുവരുമ്പോഴാണ്‌ മാധ്യമപ്രവർത്തകരിലൊരാളുടെ ചോദ്യം. അല്ല, പ്രസിഡന്റേ, പറഞ്ഞുപറഞ്ഞ്‌ അയാൾ ഇബ്രാഹിംകുട്ടിയുടെ മകനല്ലെന്ന്‌ സ്ഥാപിക്കുമോ നിങ്ങൾ. ......


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top