20 April Saturday

ചരിത്രത്തെ ജ്വലിപ്പിച്ച തേവൻ; സമൂഹത്താൽ വിസ്‌മരിക്കപ്പെട്ടവൻ

ലെനി ജോസഫ്‌ lenidesh@gmail.comUpdated: Sunday Mar 26, 2023

ഒരുകാലത്ത്‌ ഊരും പേരുമില്ലാത്ത മൃതദേഹങ്ങൾ അടക്കം ചെയ്‌ത ആലപ്പുഴ പെരുമ്പളം ദ്വീപിലെ ആമചാടി തുരുത്തിലെ കുഴിമാടത്തിൽ ഒരു ധീര പോരാളി വിസ്‌മൃതനായി വിശ്രമംകൊള്ളുന്നു. വൈക്കം സത്യഗ്രഹകാലത്ത്‌ പോരാട്ടത്തിന്റെ തീക്കനലായി മാറിയ പുലയയുവാവ്‌ കണ്ണൻ തേവൻ എന്ന ആമചാടി തേവൻ. ചരിത്രത്തിൽ അറിയപ്പെടാൻ തക്കവിധം നിറഞ്ഞുനിന്ന്‌ പ്രവർത്തിച്ചിട്ടും പിന്നീട്‌ സമൂഹത്താൽ വിസ്‌മരിക്കപ്പെട്ടവൻ.

ബാല്യം

തീണ്ടലും തൊടീലും കൊടികുത്തിവാണ കാലത്തായിരുന്നു തേവന്റെ ജനനം. ചേർത്തല താലൂക്കിലെ പെരുമ്പളം ദ്വീപിലെ കണ്ണേത്ത്‌  കുടുംബത്തിലെ  അടിയോരായിരുന്നു തേവന്റെ അഛൻ  കണ്ണനും അമ്മ കാളിയും. തേവന്‌ നാലുവയസ്സുള്ളപ്പോൾ അഛനമ്മമാർ വസൂരി ബാധിച്ച്‌ മരിച്ചു. കണ്ണേത്തു തറവാട്ടിലെ അച്ചുക്കുട്ടിത്തമ്പുരാട്ടി തേവനെ എടുത്തുവളർത്തി. അവിടത്തെ കുട്ടികൾക്ക്‌ വിദ്യാഭ്യാസം പകരുമ്പോൾ ഓലക്കീറെടുത്ത്‌ ഇവരുടെ പിന്നാലെയിരുത്തി തേവനെയും പഠിപ്പിച്ചു. അയിത്തത്തെ വകവെക്കാതെ സ്വന്തം മക്കൾക്കൊപ്പം വളർത്തിയ അച്ചുക്കുട്ടിത്തമ്പുരാട്ടിയായിരുന്നു തേവന്റെ കൺമുന്നിലെ ആദ്യ സാമൂഹ്യപരിഷ്‌കർത്താവ്‌. അവർ പകർന്നുനൽകിയ അക്ഷരവെളിച്ചമാണ്‌ പീന്നീട്‌ അയിത്തത്തിനെതിരായ മഹാപ്രക്ഷോഭത്തിലടക്കം തേവന്റെ  സമരപാത തെളിച്ചത്‌.

പതിനേഴ്‌ വയസ്സുള്ളപ്പോൾ പടിപ്പുരയ്‌ക്കൽ കണ്ണേത്തുചിറയുടെ സൂക്ഷിപ്പുകാരനായി തേവൻ താമസമാക്കി. നായർപ്രമാണിമാരും പൊതുപ്രവർത്തകരുമായ മഠത്തുമുറി രാഘവപ്പണിക്കരോടും കിളക്കൂറ്റിൽ ഗോപാലകൃഷ്ണപ്പണിക്കരോടുമൊപ്പം സൗഹൃദത്തിൽ പ്രവൃത്തിക്കാൻ തേവന്‌ കഴിഞ്ഞത്‌ കണ്ണേത്ത്‌ തറവാട്ടിൽ എടുത്തുവളർത്തിയ കുട്ടിയായതുകൊണ്ടാകാം. പക്ഷേ, ഇത്‌ സവർണ്ണരിൽ ചിലർക്കുപിടിച്ചില്ല. ‘‘അവർ അഛനെ ഒരു പുകലക്കേസിൽ കുടുക്കി. വൈക്കത്താണ്‌ കേസ്‌. അവിടെ കൊണ്ടുപോയി പൊലീസുകാരും എക്‌സൈസുകാരും ചേർന്ന്‌ മർദ്ദിച്ചു. വിവരമറിഞ്ഞ്‌ കണ്ണേത്തമ്മ കിളക്കൂറ്റിൽ ചെന്നു ഗോപാലകൃഷ്ണപ്പണിക്കരെ കണ്ടു. തേവനെ വൈക്കത്തുകൊണ്ടുപോയിരിക്കയാണെന്നും പിറ്റേന്നുതന്നെ പോയി അവനെ കൊണ്ടുവരണമെന്നും അമ്മ ആവശ്യപ്പെട്ടു.  ക്രൂരമർദ്ദനത്തിനിരയായാണ്‌ തേവൻ നാട്ടിൽ തിരികെ എത്തിയത്‌ ’’ ഇപ്പോൾ പൂത്തോട്ടയിൽ ജങ്കാർ ജട്ടിക്കു സമീപം താമസിക്കുന്ന ഇളയമകൻ എ ടി പ്രഭാകരൻ പറയുന്നു.

തേവന്റെ ശവകുടീരം

തേവന്റെ ശവകുടീരം

പൂത്തോട്ടക്കേസ്‌

അയിത്തജാതിക്കാർക്ക്‌ ക്ഷേത്രത്തിൽ കയറാൻ പോയിട്ട്‌ സമീപത്തുകൂടി വഴിനടക്കാൻ പോലും കഴിയാത്തതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന്‌ ആലോചന നടക്കുന്ന സമയം. കെ പി കേശവമേനോനും ടി കെ മാധവനും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടുമൊക്കെ വൈക്കത്തെത്തി. ആമചാടി തേവൻ അടക്കമുള്ള പുലയ സമുദായാംഗങ്ങളെയും അവർ ബന്ധപ്പെട്ടു. അതിന്റെ തുടർച്ചയെന്നൊണം പൂത്തോട്ടയിലെ ശിവക്ഷേത്രത്തിൽ ദീപാരാധന സമയത്ത്‌ ടി കെ മാധവനും ആമചാടി തേവനും പൂത്തോട്ടയിലെ പ്രബുദ്ധരായ ഏതാനും എസ്‌എൻഡിപി നേതാക്കളും കടന്നുകയറി തൊഴുത്‌,  തെക്കുവശത്ത്‌ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ  വന്നു പുറത്തേക്കിറങ്ങി. ‘അശുദ്ധം..അശുദ്ധം’ എന്നലറിവിളിച്ച്‌ ക്ഷേത്രത്തിലുണ്ടായിരുന്നവർ പുറത്തേക്കോടി. സവർണ്ണർ നൽകിയ പരാതിയിൽ അറസ്റ്റിലായ ടി കെ മാധവനും തേവനും രണ്ടുവർഷം കോട്ടയം ജയിലിൽ കഴിഞ്ഞു. വൈക്കം സത്യഗ്രഹത്തിനു ബീജാവാപം ചെയ്‌ത ആ സംഭവം പൂത്തോട്ടക്കേസ്‌ എന്ന്‌ ചരിത്രം രേഖപ്പെടുത്തി.

വൈക്കം സത്യഗ്രഹത്തിൽ  

വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി പുറപ്പെട്ട ജാഥയിൽ ടി കെ മാധവനൊപ്പം കൊടിപിടിച്ച്‌ തേവനുണ്ടായിരുന്നു. പൂത്തോട്ടക്കേസിൽ അറസ്റ്റിലായ തേവൻ ജയിൽ മോചിതനായി  നേരേ പോയത്‌ വൈക്കം സത്യഗ്രഹപ്പന്തലിലേക്കായിരുന്നു. വൈക്കത്ത്‌ തീണ്ടൽപ്പലകയുടെ അതിർത്തി ലംഘിച്ച  സമരഭടൻമാരായ കുഞ്ഞപ്പിയേയും ബാഹുലേയനേയും ഗോവിന്ദപ്പണിക്കരേയും അറസ്റ്റു ചെയ്‌തപ്പോൾ മഹാത്മാഗാന്ധിക്ക്‌ ജയ്‌വിളിച്ചു നിന്ന സമരക്കാരിൽ ഒരാൾ തേവനായിരുന്നു. വൈക്കം സത്യഗ്രഹത്തിനിടയിൽ ചികിത്സക്കായി തിരുവനന്തപുരത്തേക്ക്‌ പോയ ടി കെ മാധവന്‌  വിവരങ്ങൾ കൈമാറിയത്‌ ആമചാടി തേവനായിരുന്നുവെന്ന്‌ കോട്ടുകോയിക്കൽ വേലായുധന്‌ കൊല്ലത്തുനിന്നു ടി കെ മാധവൻ  അയച്ച കത്തിൽ കാണാം. (മഹാത്മാഗാന്ധി–- സർവകലാശാലാ പ്രസിദ്ധീകരണ വിഭാഗത്തിന്റെ "വൈക്കം സത്യാഗ്രഹ രേഖകൾ’ പുസ്‌തകം. പേജ്‌ 243). സത്യഗ്രഹത്തിൽ പങ്കെടുത്തതിന്‌ ഇണ്ടൻതുരുത്തി നമ്പൂതിരിയുടെ ഗുണ്ടാപ്പട തേവന്റെയും രാമനിളയതിന്റെയും കണ്ണിൽ ചുണ്ണാമ്പും കമ്മട്ടിപ്പാലും കലർത്തിയ മിശ്രിതമൊഴിച്ചു. മറ്റുനേതാക്കൾക്കൊപ്പം കോട്ടയം സബ്‌ ജയിലിൽ അടയ്‌ക്കപ്പെട്ട തേവൻ ക്രൂരമർദ്ദനത്തിനിരയായി. തേവന്റെ സമരങ്ങളും ജയിൽവാസവും തുടരുന്ന സമയംമുഴുവൻ ഭാര്യയും കുടുംബവും വൈക്കത്തെ ആശ്രമത്തിലായിരുന്നു. തിരിച്ചെത്തിയ തേവൻ കണ്ടത്‌ ഓലയും പനമ്പുമൊക്കെക്കൊണ്ട്‌ ആമചാടി തുരുത്തിൽ താൻ നിർമിച്ച കുടിൽ തകർത്ത്‌ സവർണമേലാളന്മാർ കായലിൽ എറിഞ്ഞതാണ്‌. വിവരമറിഞ്ഞെത്തിയ ടി കെ മാധവന്റെയും കെ പി കേശവമേനോന്റെയും ശ്രമഫലമായി ആമചാടിത്തുരുത്തിൽ ഒരേക്കറോളം സ്ഥലം തേവന്‌ പതിച്ചുകിട്ടി. തേവന്റെ പിറന്നാൾ എന്നാണെന്ന കാര്യത്തിൽ രേഖകളൊന്നുമില്ല. 1966 മാർച്ച്  15നായിരുന്നു മരണം. രണ്ടുവിവാഹത്തിലായി പന്ത്രണ്ടുമക്കൾ. ആദ്യ ഭാര്യ കാളി  മരിച്ചശേഷം പൊന്നാച്ചിയെ വിവാഹം ചെയ്‌തു.

ഗാന്ധിജിയുമായി സൗഹൃദം

ഗാന്ധിജി അയച്ചുകൊടുത്ത മരുന്ന്‌ ഉപയോഗിച്ചാണ്‌ തേവന്‌ നഷ്ടപ്പെട്ട കാഴ്‌ച ഭാഗികമായി തിരിച്ചുകിട്ടിയത്‌. വൈക്കം സത്യഗ്രഹവേദിയിൽ കെ പി കേശവമേനോനാണ്‌ ഗാന്ധിജിക്ക്‌ തേവനെ പരിചയപ്പെടുത്തിയത്‌. മദ്യപിക്കരുത്‌, ഹരിജനങ്ങളെ മദ്യപാനത്തിൽ നിന്നു പിന്തിരിപ്പിക്കുക, വൃത്തിയുള്ള വസ്‌ത്രം ധരിക്കാനും  ഓലകൊണ്ടുള്ള ആഭരണങ്ങൾ ഉപേക്ഷിക്കാനും അവരെ പ്രേരിപ്പിക്കുക തുടങ്ങിയ ഉപദേശങ്ങൾ തേവനെ അടുത്തുവിളിച്ച്‌ ഗാന്ധിജി നൽകി.

ശ്രീനാരായണഗുരുവിന്റെ ആശീവർവാദം

തേവൻ ശ്രീനാരായണ ഗുരുവിനെ  പരിചയപ്പെടുകയും ആശീർവാദം വാങ്ങുകയും ചെയ്‌തിരുന്നു. തൃപ്പൂണിത്തുറ പുത്തൻകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട്‌ അവിടെയെത്തിയതായിരുന്നു ഗുരു. തന്നെ കാണാനെത്തിയ തേവനോട്‌ ഗുരു "തേവനല്ല ദേവനാണ്’ എന്നു  പറഞ്ഞുവത്രെ.

കള്ളക്കേസും അക്രമവും

സവർണരുടെ അക്രമത്തിനും തുടർച്ചയായ കള്ളക്കേസുകൾക്കും തേവൻ വിധേയനായി. ഒരുതവണ പൂത്തോട്ടക്കടവിൽ നിന്നു കടത്തുവള്ളത്തിൽ കയറുമ്പോൾ ഗുണ്ടകൾ അദ്ദേഹത്തിന്റെ വസ്‌ത്രത്തിൽ കരി ഓയിൽ ഒഴിച്ചു. കള്ളക്കേസിൽ തേവനെ അറസ്റ്റുചെയ്യാൻ വള്ളത്തിലെത്തിയ ഇൻസ്‌പെക്ടർ കണ്ടത്‌ നനഞ്ഞുപോയ പുസ്‌തകങ്ങൾ വെയിലത്തിട്ടുണക്കുന്ന തേവനെയാണ്‌. ഇതുകണ്ട്‌ അത്ഭുതപ്പെട്ട ഇൻസ്‌പെക്ടർ ‘നിങ്ങൾക്ക്‌ ഈ കുറ്റകൃത്യം ചെയ്യാനാവില്ലെ’ന്നും ഒന്നുകൂടി അന്വേഷിക്കട്ടെയെന്നും പറഞ്ഞ്‌ മടങ്ങുകയായിരുന്നു.

തേവന്റെ മകൻ എ ടി പ്രഭാകരൻ

തേവന്റെ മകൻ എ ടി പ്രഭാകരൻ

കാടുപിടിച്ച്‌ ശവകുടീരം

ആമചാടി തുരുത്തിൽ കാടുകയറി തകർന്നുകൊണ്ടിരിക്കുകയാണ്‌ തേവന്റെ വീട്‌. അതിന്റെ പൂമുഖത്ത്‌ ഇന്ദിര ഗാന്ധിയുടെ ചിത്രം. ഇവിടെയിപ്പോൾ തേവന്റെ ബന്ധുക്കളാരും താമസിക്കുന്നില്ല. വൈക്കം സത്യഗ്രഹനായകർ പ്രതിമകളായി നഗരത്തിൽ തലയുയർത്തിനിൽക്കുമ്പോൾ തേവന്റെ ഓർമകൾ പോലെ അദ്ദേഹത്തിന്റെ വീടും ശവകുടീരവും നാശോന്മുഖമായിക്കിടക്കുന്നു.  ശവകുടീരത്തിന്റെ ഏതാനുംഭാഗം മാത്രമേ പുറത്തു കാണാനാകൂ. പുറമെ കണ്ടാൽ അതാരോ തകർത്തതായി തോന്നും. കല്ലറ തകർത്തതാണെന്ന്‌ അഡീഷണൽ വില്ലേജ്‌ അസിസ്റ്റന്റായി വിരമിച്ച മകൻ എ ടി പ്രഭാകരൻ ഉറപ്പിച്ചു പറയുന്നു. ‘‘അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാൻ ഞാനേറെ അലഞ്ഞു. തേവന്റെ സ്‌മരണ നിലനിർത്താൻ ആ ശവകുടീരമെങ്കിലും ഏറ്റെടുത്ത്‌ സംരക്ഷിക്കണം’’ പ്രഭാകരന്റെ വാക്കുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top