28 March Thursday
തലശേരിയിലെ ഫർണിച്ചർ നിർമാണ യൂണിറ്റ്‌ തുറന്നു

‘ പ്രതീക്ഷയുണ്ട്‌, സർക്കാരിലും
 മന്ത്രിയിലും ’

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022


തലശേരി
‘സംരംഭം നടത്താൻ ബുദ്ധിമുട്ടുണ്ടായപ്പോൾ വ്യവസായ മന്ത്രിയെ വിളിച്ചിരുന്നു. ഞങ്ങൾ പറഞ്ഞതെല്ലാം അദ്ദേഹം കേട്ടു. വലിയ പിന്തുണയാണ്‌  അദ്ദേഹം നൽകിയത്‌. സർക്കാരിലും  മന്ത്രിയിലും പ്രതീക്ഷയുണ്ട്‌. സിപിഐ എം നേതാക്കളും വീട്ടിലെത്തി. സംരംഭം തുടരാൻ അവർ എല്ലാപിന്തുണയും വാഗ്‌ദാനം ചെയ്‌തു’’–- കണ്ടിക്കൽ മിനി വ്യവസായ എസ്‌റ്റേറ്റിലെ ഫാൻസി ഫേൺ ഫർണിച്ചർ നിർമാണ യൂണിറ്റ്‌ ഉടമകളായ താഴെചമ്പാട്ടെ ശ്രീദിവ്യയും ഭർത്താവ്‌ രാജ്‌ കബീറും, സ്ഥാപനം തുറന്നുപ്രവർത്തിപ്പിക്കാൻ സഹായിച്ച സർക്കാരിനും  മന്ത്രി പി രാജീവിനും നന്ദി പറഞ്ഞു. സ്ഥാപനം പൂട്ടിയതിന്റെ വിഷമത്തിൽ നാടുവിട്ട ദമ്പതികളെ കോയമ്പത്തൂരിൽനിന്ന്‌ വെള്ളിയാഴ്‌ചയാണ്‌ പൊലീസ്‌ നാട്ടിലെത്തിച്ചത്‌.

ഹൈക്കോടതി ഉത്തരവുപ്രകാരം തലശേരി നഗരസഭാ റവന്യുവിഭാഗം ശനി രാവിലെ സ്ഥലത്തെത്തി  താക്കോൽ കൈമാറി. തിങ്കൾ മുതൽ പൂർണതോതിൽ പ്രവർത്തിക്കും. 

യൂണിറ്റിനോടുചേർന്ന സ്ഥലത്ത്‌ ഷീറ്റിട്ടതിന്‌ നഗരസഭ നോട്ടീസ്‌ നൽകിയിരുന്നു. സ്ഥലം കൈയേറിയ മറ്റു സംരംഭകർക്കും നോട്ടീസ്‌ നൽകി. ചിലർ കൈയേറി കെട്ടിയ ഷീറ്റ്‌ പൊളിക്കുകയും മറ്റു ചിലർ നഗരസഭ നിർദേശിച്ച പിഴ അടയ്‌ക്കുകയും ചെയ്‌തു. ശ്രീദിവ്യക്ക്‌ 4,18,500 രൂപ അടയ്‌ക്കാനാണ്‌ നോട്ടീസ്‌ നൽകിയത്‌. ബുദ്ധിമുട്ട്‌ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്‌  41,850 രൂപ അടച്ച്‌  സ്ഥാപനം തുറക്കാൻ അനുവദിക്കുകയായിരുന്നു.

സന്തോഷം പങ്കിട്ട്‌ 
വ്യവസായ മന്ത്രി
തലശേരിയിലെ ദമ്പതികളുടെ വ്യവസായ യൂണിറ്റ് തുറന്നു പ്രവർത്തിച്ചതിലെ സന്തോഷം പങ്കിട്ട്‌ വ്യവസായമന്ത്രി പി രാജീവിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌. സ്ഥാപനം തുറക്കുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്‌. ദമ്പതികളുമായി സംസാരിച്ച്‌ സഹായങ്ങൾ ഉറപ്പുനൽകിയതായും മന്ത്രി വ്യക്തമാക്കി.  

‘കേരളം എന്തുകൊണ്ട് സംരംഭക സൗഹൃദമാകുന്നു എന്നതിന്റെ ഉദാഹരണംകൂടിയാണ് തലശേരിയിലേത്. അപൂർവമായുണ്ടാകുന്ന വീഴ്ചകൾ കണ്ടെത്തി തിരുത്തുകയും സംരംഭകർക്ക് മുന്നോട്ടുപോകാൻ സഹായം ചെയ്യുകയുമാണ് സർക്കാർ. മുൻകാലങ്ങളിൽ സംരംഭം തുടങ്ങാൻപോലും പ്രയാസമായിരുന്നെങ്കിൽ ഇപ്പോൾ ഒരു ദിവസംകൊണ്ട് കെ–--സ്വിഫ്റ്റ് വഴി അനുമതി ലഭിക്കുന്നു. കെ–--സ്വിഫ്റ്റ്  സംവിധാനംവഴി സുതാര്യമായ പരിശോധനകൾ സംഘടിപ്പിക്കുന്നു.

വ്യവസായങ്ങളെ ബാധിക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ ഒഴിവാക്കാനും സർക്കാർ തയ്യാറായി. നാം മുന്നോട്ടുകുതിക്കുകയാണ് എന്നതുകൊണ്ട് നമ്മൾ എല്ലാം തികഞ്ഞവരാകുന്നു എന്ന ധാരണ സർക്കാരിനില്ല. ഒറ്റപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി സംരംഭകർക്കൊപ്പം മുന്നോട്ടുപോകും’–-  കുറിപ്പിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top