28 March Thursday

ആ വെടിയൊച്ചയ്‌ക്ക്‌ 80; ജവഹർഘട്ടിൽനിന്ന‌് കേൾക്കാം ഇൻക്വിലാ‌ബ‌ിന്റെ മുഴക്കം

പി ദിനേശൻ dineshandbi@gmail.comUpdated: Sunday Sep 13, 2020

ബ്രിട്ടനെ വിറപ്പിച്ച ജനമുന്നേറ്റം. ആ സ്‌മരണകളിൽ പടനിലം ജ്വലിക്കുന്നു. കാതോർത്താൽ കടലിരമ്പത്തിനും മേലെ ജവഹർഘട്ടിൽനിന്ന‌് കേൾക്കാം ഇൻക്വിലാ‌ബ‌ിന്റെ മുഴക്കം. സ്വാതന്ത്ര്യത്തിനായി പൊരുതി വീണ ബീഡിത്തൊഴിലാളിയായ ചാത്തുക്കുട്ടിയും അധ്യാപകനായ അബുമാസ്റ്ററും ഹൃദയരക്തം ചൊരിഞ്ഞ കടപ്പുറം. ഓരോ സെപ‌്തംബർ 15നും സമരപുളകങ്ങളുടെ സിന്ദൂരമാലകളുമായി ഇവിടെ ഈ ചെങ്കൊടിച്ചോട്ടിൽ നാട‌് സംഗമിക്കുന്നു. ആ രക്തസാക്ഷിത്വത്തിന്റെ വാമൊഴി ചരിത്രത്തിലൂടെ

‘നാൽപ്പതാമാണ്ട‌് സെപ‌്തംബർ മാസത്തില–--

പ്പതിനഞ്ച‌് നിങ്ങളോർക്കുന്നുവോ

തീയതിയത‌് മായില്ലൊരിക്കലും

തീയിൽനിന്ന‌് കുറിച്ചിട്ടതാകയാൽ (കെപിജി).’

മലബാറിനെ ചുവപ്പിച്ച ജനമുന്നേറ്റത്തിന്റെ തീപിടിപ്പിക്കുന്ന ഓർമയ്‌ക്ക‌് എൺപതാണ്ട്‌. ബ്രിട്ടന്റെ തോക്കും ജനശക്തിയും ഏറ്റുമുട്ടിയ  1940 സെ‌പ‌്തംബർ 15ന്റെ ചരിത്രമുന്നേറ്റ സ‌്മരണയിൽ ജ്വലിക്കുന്നു ആ പടനിലങ്ങൾ. തലശേരിയും മൊറാഴയും മട്ടന്നൂരും കൊളുത്തിയ സമരാഗ്നിയിൽ സാമ്രാജ്യത്വം  ഞെട്ടിവിറച്ചു. ചെങ്കൊടിയേന്തിയ സമരശക്തിയുടെ ഉദയം. തലശേരി ജവഹർഘട്ടിൽ അബുമാസ്റ്ററും മുളിയിൽ ചാത്തുക്കുട്ടിയും രക്തസാക്ഷികളായി. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ്‌ രക്തസാക്ഷികൾ. തൊഴിലാളിവർഗ സാഹോദര്യത്തിന്റെ മഹാപ്രതീകങ്ങൾ. സമരമുഖത്ത‌് പോരാളികൾ മൺമറഞ്ഞെങ്കിലും കെ പി ആർ ഗോപാലനും അറാക്കൽ കുഞ്ഞിരാമനും പി കെ മാധവനും എൻ ഇ ബാലറാമും വിഷ‌്ണുഭാരതീയനും  പോരാട്ടത്തിന്റെ അഗ്നിനാമ്പുകൾ ഏറ്റുവാങ്ങി‌.

കയ്യൂരും കരിവെള്ളൂരും മുനയൻകുന്നും പുന്നപ്ര വയലാറുമടക്കമുള്ള അസംഖ്യം പോരാട്ടങ്ങൾക്ക‌് ഊർജം പകർന്നതും കവി പാടിയത‌് പോലെ ‘നാൽപ്പതാമാണ്ട‌് സെപ‌്തംബർ പതിനഞ്ചിന്റെ’ ആ സായാഹ്നം.  ത്രിവർണപതാകയ്‌ക്കൊപ്പം അന്നാദ്യമായി സമരഭൂമിയിൽ ചെങ്കൊടിയും ഉയർന്നുപാറി. വെടിയുണ്ടകൾക്ക്‌  കീഴടക്കാനാകാത്ത കരുത്തോടെ ജനമിരമ്പി. പലയിടത്തും പൊലീസ‌് തോറ്റോടി.  1939ലെ പിണറായി പാറപ്രം സമ്മേളനത്തിന‌ുശേഷം കമ്യൂണിസ്റ്റ്‌ പാർടി ബ്രിട്ടീഷ്‌സാമ്രാജ്യത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നത‌് ഈ മർദനപ്രതിഷേധദിനത്തിലായിരുന്നു.

മലബാറിന്റെ സിംഹഗർജനം

രണ്ടാംലോകയുദ്ധത്തിൽ ഇന്ത്യയെ കക്ഷിചേർക്കാനുള്ള ബ്രിട്ടന്റെ ഏകപക്ഷീയ തീരുമാനം സ്വാതന്ത്ര്യദാഹികളെ പ്രകോപിപ്പിച്ചു. വൈസ്രോയി ലിൻ ലിത‌്ഗോയുടെയും ഇന്ത്യാസെക്രട്ടറി ആമ‌്റി പ്രഭുവിന്റെയും നിലപാടിൽ രാജ്യവ്യാപകപ്രതിഷേധം. ലാലാ ലജ‌്പത‌്റായി ഉൾപ്പെടെയുള്ളവർക്ക‌് ക്രൂരമർദനം. കമ്യൂണിസ്റ്റ്‌ പാർടിയും കോൺഗ്രസിലെ ഇടതുപക്ഷക്കാരും ചെറുത്തുനിൽപ്പാരംഭിച്ചു. കോഴിക്കോട്ട്‌ എച്ച്‌ മഞ്‌ജുനാഥ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന കെപിസിസി യോഗം 1940 സെപ‌്തംബർ 15ന‌് പ്രതിഷേധദിനം ആചരിക്കാൻ തീരുമാനിച്ചു. ദിനാചരണം വിജയിപ്പിക്കാൻ പി കൃഷ‌്ണപിള്ളയും ഇ എം എസും എ കെ ജിയും കെ ദാമോദരനും എൻ സി ശേഖറും സി എച്ച‌് കണാരനും രംഗത്തിറങ്ങി.

തലശേരിയിലെ  തിരുവങ്ങാട‌്, ധർമടം, എര ഞ്ഞോളി, കല്ലായി വില്ലേജുകളിൽ അഞ്ചിലധികം പേർ കൂടിനിൽക്കാൻ പാടില്ലെന്ന്‌ മുന്നറിയിപ്പ‌് വന്നു. ടൗൺ കോൺഗ്രസ‌് കമ്മിറ്റി സെക്രട്ടറി പി കെ മാധവൻ, പി കെ കൃഷ‌്ണൻ, ടി സി ആബൂട്ടി, ടി സി ഉമ്മർ എന്നിവർക്ക‌് പ്രത്യേക വിലക്ക‌്. വൈകിട്ട‌് അഞ്ചിന‌്  കടപ്പുറത്താണ‌് യോഗം. ചെറുസംഘങ്ങൾ യോഗസ്ഥലത്തേക്ക‌്. ധർമടത്തുനിന്ന‌്  കോൺഗ്രസ‌് വളന്റിയർ ഓഫീസർ കൂളി അച്ചുതൻ, പിണറായിയിൽനിന്ന‌് എൻ ഇ ബാലറാം, കല്ലായി, പുന്നോലിൽനിന്ന‌് കുനിയിൽ കൃഷ‌്ണൻ എന്നിവർക്കാണ്‌ നേതൃത്വം.

ജനൽ ചാടിക്കടന്ന‌് ജവഹർഘട്ടിലേക്ക‌്

ജോയിന്റ‌് മജിസ‌്ട്രേട്ടും ഇൻസ‌്പെക‌്ടർമാരായ അച്യുതമേനോനും പെരച്ചനും ആദ്യമെത്തിയത‌് മുകുന്ദ‌് ജങ‌്ഷനിലെ തലശേരി ടൗൺ കോൺഗ്രസ‌് കമ്മിറ്റി ഓഫീസിൽ. വിലക്ക്‌ ലംഘിച്ച‌് പൊതുയോ ഗം നടത്തരുതെന്ന‌് മുന്നറിയിപ്പ‌്. എന്തുവിലകൊ ടുത്തും പ്രതിഷേധയോഗം വിജയിപ്പിക്കുമെന്ന‌് ഓഫീസ‌് സെക്രട്ടറി സി വി കരുണാകരൻ നായരുടെ മറുപടി. ഓഫീസിലുണ്ടായിരുന്ന എട്ടുപേർ  അറസ്റ്റിലായി. പി കെ മാധവനും പി കെ കൃഷ‌്ണനും  ജനൽചാടി ജവഹർഘട്ടിലേക്ക‌്. തലശേരി ഗവ. ആശുപത്രിക്ക‌് പിറകിൽ  നെഹ‌്റു പ്രസംഗിച്ച സ്ഥലമാണ‌് ജവഹർഘട്ടായത‌്.

‘‘ജവഹർഘട്ടിൽ അച്ഛൻ കോൺഗ്രസ‌് പതാക നാട്ടി പ്രസംഗം ആരംഭിച്ചപ്പോഴാണ‌് പൊലീസ‌് ബലപ്രയോഗം തുടങ്ങിയതെന്നാണ‌് കേട്ടത‌്. പൊലീസുകാരൻ ശിവരാമൻനായർ പതാക പിടിച്ചുവാങ്ങി അക്രമിക്കാൻ ശ്രമിച്ചു’’ ഇരിട്ടിപ്പുഴയിൽ തോണിയപകടത്തിൽ മരിച്ച പി കെ മാധവന്റെ മകൾ അണ്ടലൂരിലെ സി ലത  അച്ഛനെ ഓർത്തെടുത്തു. കടപ്പുറത്ത‌്  രണ്ടായിരത്തോളം പേർ. അച്ഛനിൽനിന്ന‌് കൊടി പിടിച്ചുവാങ്ങാനുള്ള പൊലീസ‌് ശ്രമം ധീരനായ കത്രു കുഞ്ഞാപ്പു എന്ന ഞാറ്റ്യേല കുഞ്ഞാപ്പു  കത്രിക പൂട്ടിട്ട‌് തടഞ്ഞു. കുഞ്ഞാപ്പുവിന്റെ കാൽപ്പൂട്ടിൽ  നിലത്തുവീണ പൊലീസുകാരന്റെ തൊപ്പി  ജനം കടലിലെറിഞ്ഞു. ലാത്തിച്ചാർജും  വെടിവയ്‌പ്പും. പതിനേഴ‌് റൗണ്ട‌് വെടിയുതിർത്തു. അബുമാസ്റ്ററും ചാത്തുക്കുട്ടിയും മരിച്ചുവീണു.  പരിക്കേറ്റവരുടെ ചോരയാൽ കടപ്പുറം ചുവന്നു. എം നാണു, സി പി അനന്തൻ, ജെ കുഞ്ഞാപ്പു, കെ അനന്തൻ എന്നിവർക്ക‌്  ഗുരുതരപരിക്കേറ്റു. നാണുവിന്റെ വയറ്റിൽ നിന്ന‌് വെടിയുണ്ട പുറത്തെടുത്താണ‌് രക്ഷിച്ചത‌്.’’   

വെടിവയ്‌‌പ്പ്‌ വാർത്ത പരന്നതോടെ  ജനമിരമ്പി. പൊലീസ‌് സ്റ്റേഷനടുത്ത കിണറിന്റെ ആൾമറയിൽനിന്ന‌് പി കെ മാധവന്റെ പ്രസംഗം. ടെമ്പിൾഗേറ്റിലും കുട്ടിമാക്കൂലിലും പ്രതിഷേധയോഗം. പാണ്ട്യാല   ഗോപാലൻ മാസ്റ്ററും സി എൻ ബാലനും  പ്രസംഗിച്ചു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ്‌‌ രക്തസാക്ഷികൾക്ക്‌ യാത്രാമൊഴിയേകാൻ  വിലക്കു ഭേദിച്ചാണ്‌ നാടൊഴുകിയെത്തിയത‌്.  

ചിറക്കര കുഞ്ഞാംപറമ്പ്‌  സ‌്‌കൂളിലെ അധ്യാപകജോലി ഉപേക്ഷിച്ചാണ‌് പി കെ മാധവൻ സ്വാതന്ത്ര്യസമരഭടനായത്‌. തലശേരി സംഭവത്തിൽ ഒന്നാംപ്രതിയായിരുന്ന മാധവനെ അറസ്റ്റുചെയ്യാനായില്ല. ആലപ്പുഴയിൽ തൊഴിലാളികളെ സംഘടിപ്പിക്കാനാണ‌്   ഒളിവുകാലം വിനിയോഗിച്ചത‌്. തലശേരി നഗരസഭാംഗമായും മലബാർ ഡിസ്ട്രിക‌് ബോർഡംഗമായും പ്രവർത്തിച്ച അദ്ദേഹം കൂത്തുപറമ്പിൽനിന്ന‌് നിയമസഭയിലേക്കും മത്സരിച്ചു. ഇരിട്ടിപ്പുഴയിൽ 1964 ജൂൺ 26നുണ്ടായ തോണിയപകടത്തിലാണ‌് ആ ജീവൻ പൊലിഞ്ഞത‌്.  അച്ഛന്റെ മങ്ങിയ ഓർമയേ മകൾ ലതയ്‌ക്കുള്ളൂ.

 ‘‘പാലയാട്ടെ മാണിയത്ത‌് മുകുന്ദൻമാസ്റ്ററിലൂടെയാണ‌് ആ സമരത്തിന്റെ ചൂടും ചൂരും ഞങ്ങളുടെ തലമുറ അറിഞ്ഞത‌്. പാർടിയുടെ ധർമടം സെൽ സെക്രട്ടറിയും കോൺഗ്രസ‌് വില്ലേജ‌്കമ്മിറ്റി അംഗവും ധർമടം യുവജനസംഘത്തിന്റെ പ്രസിഡന്റുമായിരുന്നു മുകുന്ദൻമാസ്റ്റർ. ചാത്തുക്കുട്ടിയോടൊപ്പം വൈകിട്ട‌് മൂന്നേകാലിനാണ‌് മുകുന്ദൻമാസ്റ്റർ തലശേരിക്ക‌് പോയത‌്. നാരങ്ങാപ്പുറത്തെ ബീഡിത്തൊഴിലാളിയൂണിയൻ ആപ്പീസിൽ കയറി ചാത്തുക്കുട്ടി വളന്റിയർ വേഷം ധരിച്ചു. പൊലീസ‌് എത്തുംമുമ്പേ  ജവഹർഘട്ടിലെത്തി’’---‐ധർമടത്തെ കമ്യൂണിസ്റ്റ്‌  നേതാവ‌് പണിക്കൻ രാജന്റെ ഓർമ ചാത്തുക്കുട്ടിയിലേക്കാണ‌്.

‘‘ചാത്തുക്കുട്ടിയുടെ മൃതദേഹവുമായി ചിറക്കുനിയിലേക്ക‌് വരുമ്പോൾ ആയിരത്തിലേറെ പേർ വിലാപയാത്രയിലുണ്ടായിരുന്നു.  രക്തസാക്ഷിദിനത്തിൽ ധർമടത്ത‌് അക്കാലത്ത‌് ആയിരങ്ങൾ ഒത്തുചേരുമായിരുന്നു.’’

പാതിമുറിഞ്ഞ വാക്കുകൾ

‘‘ഒണക്കേട്ടന്റെ മോളുടെ ഭർത്താവിന‌് അയക്കാനുള്ള കത്ത‌് പാതിവഴിയിൽ നിർത്തിയാണ‌് ഓറ‌് പോയത‌്. ബാക്കിവന്നിട്ട‌് എഴുതാമെന്ന‌് പറഞ്ഞു. പക്ഷേ അബുമാഷ‌് പിന്നെ തിരിച്ചുവന്നില്ല. നെല്ലുകുത്തിയ അരിയുടെ കഞ്ഞിയുമായി കാത്തിരുന്ന ഉമ്മാമ്മയുടെ കണ്ണീര‌് മരണം വരെ തോർന്നില്ല’’ മരുമക്കളായ കെ അബുവിന്റെയും കോമത്ത‌് അയിഷുവിന്റെയും   ഓർമയിൽ വേദനയും  സ്വാതന്ത്ര്യത്തിനായി പൊരുതിമരിച്ച യോദ്ധാവിന്റെ പിന്മുറക്കാരാണെന്ന  അഭിമാനവും.

 മൈലുള്ളിമൊട്ടയ്‌ക്കടുത്ത  അബുമാസ്റ്ററുടെ തറവാട്‌ ഇന്നില്ല. മരുമകന്റെ വീടിന‌് പിന്നിലായിരുന്നു തറവാട‌്. ഉമ്മാമ്മയുടെ കണ്ണീരോർമയിലൂടെയാണ‌്‌ ഇവരുടെ മനസ്സിൽ അബുമാസ്റ്റർ ജീവിക്കുന്നത‌്. ‘ആ ഓർമയ്‌ക്കാണ‌് എനിക്ക‌് അബുവെന്ന‌് പേരിട്ടത‌്. പേര‌് വിളിച്ചുമതിയാവാത്തതിന്റെ സങ്കടം തീർത്തതാണെന്നാണ‌് അതേക്കുറിച്ച‌് ചോദിച്ചപ്പോഴുള്ള മറുപടി.  ചോദിക്കുമ്പോൾ കണ്ണുനനയും.  ഒന്നും ചോദിക്കരുതെന്ന‌് പറയും. തലശേരി വെടിവയ്‌പ്പ‌് കഴിഞ്ഞ‌് 14 വർഷം കഴിഞ്ഞാണ‌് കെ അബുവിന്റെ ജനനം.

മൊറാഴയും മട്ടന്നൂരും

മലബാറിൽ പതിനാറിടത്തായിരുന്നു മർദനപ്രതിഷേധദിനാചരണമെന്ന‌് ചരിത്രകാരനും കവിയുമായ കവിയൂർ രാജഗോ പാലൻ. മൊറാഴയിലാണ‌് ജനങ്ങൾ സർവനിയന്ത്രണവും ഭേദിച്ചത്.  കെ പി ആറിനെ തൂക്കാൻ വിധിച്ച കേസ‌്.  മൊറാഴ സമരനായകൻ അറാക്കൽ കുഞ്ഞിരാമന്റെ ത്യാഗത്തിന‌് സമാനതയില്ല. പാപ്പിനിശേരിക്കടുത്ത കീച്ചേരിയിലാണ‌്  പൊതുയോഗം നിശ‌്ചയിച്ചത‌്. പൊലീസ്‌ നിരോധന ഉത്തരവ‌് നൽകിയതോടെ മൊറാഴയിലെ അഞ്ചാംപീടികയിലേക്ക്‌  മാറ്റി.  അവിടെയുമെത്തി പൊലീസ്‌. യോഗം പിരിച്ചുവിടാൻ വിഷ‌്ണുഭാരതീയനോട്‌ പൊലീസിന്റെ ആജ്‌ഞ‌. യോഗം കഴിഞ്ഞേ പിരിഞ്ഞുപോകൂ എന്ന‌് വിഷ‌്ണുഭാരതീയൻ. വിഷ്‌ണുഭാരതീയനെ വലിച്ചിഴച്ചു. ചിറക്കൽ താലൂക്ക‌് വളന്റിയർ ക്യാപ‌്റ്റൻ അറാക്കലിന്റെ നേതൃത്വത്തിലുള്ള ജാഥ കയരളത്തുനിന്ന‌്  ഒടുവിലാണ‌് എത്തിയത‌്.  സമരഭടന്മാരും പൊലീസും മുഖാമുഖം നിന്നു.  ലാത്തിച്ചാർജ‌്. ചിലർ ലാത്തിപിടിച്ചുവാങ്ങി തിരിച്ചുതല്ലി. എസ‌്ഐ വീരാൻ മൊയ‌്തീൻ വെടിവച്ചു. കെ ടി കുഞ്ഞിരാമനും നുറുമ്പും വീണു. അറാക്കലിനും പരിക്കേറ്റു.    കെ പി ആറിന്റെ മുദ്രാവാക്യം മുഴങ്ങി. ഘോരമായ ഏറ്റുമുട്ടൽ. എസ്‌ ഐ കുട്ടികൃഷ‌്ണമേനോൻ മരിച്ചുവീണു.’’

 കെ പി ആറിനുവേണ്ടി ഗാന്ധിജി, നെഹ്‌റു

മൊറാഴ സംഭവം ജർമനിയിലെയും ജപ്പാനിലെയും റേഡിയോ നിലയങ്ങൾ  പ്രാധാന്യത്തോടെ റിപ്പോർട്ട‌് ചെയ‌്തു. കെ പി ആർ അതെക്കുറിച്ച‌് ഇങ്ങനെഎഴുതി: വ്യക്തിസത്യഗ്രഹത്തിലൂടെ സാമ്രാജ്യത്വത്തെ കടപുഴക്കാൻ ആവില്ലെന്ന‌ും ജനകീയ സമരമാണ‌് അതിന‌് പറ്റിയ മാർഗമെന്നും സാധനാപാഠം നൽകിയ മൊറാഴ, ഇന്ത്യൻ സ്വാതന്ത്ര്യസമര വീഥിയിലെ ഒരു നാഴികകല്ലായി എന്നും പ്രശോഭിക്കും.’ (സ്വാതന്ത്ര്യസമരഭടന്മാരുടെ ആറാം വാർഷിക സമ്മേളന സ‌്മരണിക).

34 പ്രതികളിൽ 20 പേരെ  വെറുതെവിട്ടു. മദ്രാസ‌് ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ  ജസ്റ്റിസ്‌ കിങ്ങും ജസ്റ്റിസ‌് ചാപ്പലും  കെ പി ആറിന‌് വധശിക്ഷയും എട്ടു പേർക്ക‌് ജീവപര്യന്തവും വിധിച്ചു. കെ പി ആറിന്റെ ജീവൻ രക്ഷിക്കാനുള്ള മഹാപ്രസ്ഥാനത്തിന‌് കമ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകി. 17,824 പേർ ഒപ്പിട്ട മഹാഹർജി ചിറക്കൽ താലൂക്കിൽനിന്ന‌്. തലശേരി ടൗണിലെ 150 മുസ്ലിം സ‌്ത്രീകളും ഒപ്പിട്ടു.  ബോംബെ  ചൗപാട്ടിയിൽ  പതിനായിരത്തോളം പേർ പങ്കെടുത്ത കെ പി ആർ  ജീവരക്ഷാകമ്മിറ്റിയുടെ യോഗം. നെഹ‌്റുവിന്റെ പ്രസ‌്താവന വന്നു: ‘‘കെ പി ആർ ഗോപാലൻ നമ്പ്യാരുടെ മേൽ ചുമത്തിയ വധശിക്ഷ റദ്ദാക്കാൻ വേണ്ടിയുള്ള  അപേക്ഷകളുടെ കൂട്ടത്തിൽ എന്റെ അപേക്ഷയും ചേർക്കാൻ ആഗ്രഹിക്കുന്നു’’  മഹാത്മാഗാന്ധിയും ഇടപെട്ടു.  1942 മാർച്ച‌് 24ന‌് ഗവർണർ വധശിക്ഷ  ജീവപര്യന്തമാക്കി.

സമാനമായ വീരചരിതമാണ‌് മട്ടന്നൂരിന്റേതും. ന്യൂഡൽഹിയിൽനിന്ന‌് പ്രസിദ്ധീകരിച്ച പീപ്പിൾസ‌് വാർ വാരികയിൽ ‘മൂലപ്പൊക്കൻ‐-കിസാൻ ഹീറോ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനം ആ സമരവീര്യം ലോകത്തെ അറിയിച്ചു.  മട്ടന്നൂരിൽ റോഡിനടുത്ത ചെറുമൈതാനത്ത്‌ പ്രതിഷേധ യോഗം. എൻ വി കുങ്കൻനായർ എഴുതി: 15ാം തീയതി വൈകുന്നേരം കോൺഗ്രസ‌് കമ്മിറ്റി ഓഫീസിൽനിന്ന‌ും ഞാൻ കോൺഗ്രസ‌് കൊടിയും പി ശങ്കരൻനമ്പ്യാർ ഒരു കസേരയുമെടുത്ത‌് മൈതാനത്തേക്ക‌് പുറപ്പെട്ടു. രണ്ട‌് പൊലീസുകാർ ഞങ്ങളെ തടഞ്ഞു. പിടിയും വലിയുമായി. കൊടി ഞാൻ പൊലീസുകാരന‌് വിട്ടുകൊടുത്തില്ല (എന്റെ അനുഭവം‐സ്വാതന്ത്ര്യസമരഭടൻ 1992 ജൂലൈ 25).

അയ്യല്ലൂരിൽനിന്ന‌് പി സി നമ്പിയുടെ നേതൃത്വത്തിൽ നൂറോളം സമരഭടന്മാർ ത്രിവർണപതാകയുമായെത്തി.  അഞ്ഞൂറിലധികം പേർ  തിങ്ങിക്കൂടി.വോളിബോൾ കോർട്ടിലെ ഒരു തൂണിൽ ത്രിവർണപതാകയും മറ്റൊന്നിൽ ചെങ്കൊടിയും.  കെ സി കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തിലുള്ള മുഴക്കുന്ന‌് ജാഥയും എത്തിയതോടെ മൈതാനം നിറഞ്ഞുകവിഞ്ഞു. ലാത്തിച്ചാർജും  വെടിവയ്‌പ്പും. തോക്കുകളുമായെത്തിയ കോൺസ്റ്റബിൾ രാമൻനായരെ ജനം കൈകാര്യംചെയ‌്തു. വെടിവയ്‌ക്കുന്നത‌് കണ്ടതോടെ രോഷാകുലനായ പൊക്കൻ  പൊലീസിനെ എറിഞ്ഞുവീഴ‌്ത്തി. പൊലീസുകാർ തൊട്ടടുത്തുള്ള ചായക്കടയിൽ അഭയംതേടി. കണ്ണൂർ ഗവ. ആശുപത്രിയിൽ നാലാംദിവസം രാമൻനായർ മരിച്ചു. പ്രദേശം മുഴുവൻ പൊലീസ‌് താണ്ഡവമാടി. പി ടി നാരായണൻനമ്പ്യാർ റിമാൻഡിൽ മരിച്ചു. 46 പേർക്കെതിരെ  കേസ്‌.

മാതയമ്മ സൂക്ഷിച്ച ചെങ്കൊടി

ജവഹർഘട്ടിലെ മർദനപ്രതിഷേധദിനത്തിൽ നിരോധനം ലംഘിച്ച‌് പങ്കെടുക്കാൻ സന്നദ്ധരായി അഞ്ചുപേർ ചൊക്ലിക്കടുത്ത നിടുമ്പ്രം ഇല്ലത്ത്‌പീടികയ്‌ക്കടുത്ത വലിയിടമുക്കിൽനിന്ന്‌  പ്രകടനമായി പോയിരുന്നതായി ആദ്യകാല കമ്യൂണിസ്റ്റ്‌  നേതാവ‌് ചൊക്ലി നിടുമ്പ്രത്തെ കെ വി ദാമോദരൻ പറഞ്ഞു. കവുങ്ങിൽ ചെങ്കൊടി കയറ്റിയ ശേഷമാണ്‌ ജാഥ ആരംഭിച്ചത്‌.  തലശേരി വാധ്യാർപീടികയിൽ എത്തുമ്പോഴേക്കും പ്രതിഷേധയോഗവും വെടിവയ്‌പ്പുമെല്ലാം കഴിഞ്ഞു. സമരത്തിൽ പങ്കെടുക്കാനാകാത്ത നിരാശയോടെ മടങ്ങി.  കവുങ്ങിൽ ഉയർത്തിയ ചെങ്കൊടി വലിയിടയിൽ ബാപ്പൂട്ടിയുടെ ഭാര്യ മാത ഭദ്രമായി സൂക്ഷിച്ചു. സി എച്ച്‌ കണാരൻ സ്ഥാനാർഥിയായ 1946ലെ മദ്രാസ്‌ അസംബ്ലി തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഈ ചെങ്കൊടിയാണ്‌ ഉപയോഗിച്ചത‌്.’’ 

അച്ഛന്റെ ജ്യേഷ‌്ഠൻ ചാത്തുക്കുട്ടിയെക്കുറിച്ച്‌   കൈമാറി കിട്ടിയ അറിവ‌് മാത്രമേ ധർമടം ചിറക്കുനിയിൽ ടാക‌്സി ഡ്രൈവർ ചന്ദ്രനുള്ളൂ.  തലശേരി വെടിവയ്‌പ്പിന‌് ശേഷമുള്ള നരനായാട്ടിൽ ചാത്തുക്കുട്ടിയുടെ കുടുംബവും ഏറെ അനുഭവിച്ചു. ‘എന്റെ അച്ഛൻ പൊക്കന‌് അക്കാലത്ത‌് ചിറക്കുനിയിൽ അനാദികടയുണ്ടായിരുന്നു. വെടിവയ്‌പ്പിനുശേഷം  കട കോൺഗ്രസുകാർ അടിച്ചുതകർത്തു. തലശേരിയിൽനിന്ന‌് മൂരിവണ്ടിയിൽ  ചരക്കുകൾ കടകളിൽ നൽകിയാണ്‌ പിന്നെ ജീവിച്ചത‌്’‌–-- ചന്ദ്രൻ പറയുന്നു.

‘ഞാറ്റ്യേല കുഞ്ഞാപ്പുവിന്റെ ജീവന്റെ ഭാഗമായിരുന്നു പാർടിയെന്ന‌് മരുമകനും ചതുർഭാഷാ നിഘണ്ടുവിന്റെ കർത്താവുമായ ഞാറ്റ്യേല ശ്രീധരൻ പറഞ്ഞു.  ജവഹർഘട്ടിൽ  രണ്ട‌് പൊലീസുകാരെ കത്രികപ്പൂട്ടിട്ട‌് കീഴ‌്പ്പെടുത്തിയതോടെയാണ‌് കത്രുകുഞ്ഞാപ്പുവെന്ന പേര‌് വീണത‌്. കൂലിക്കായി ബീഡിക്കമ്പനിക്ക‌് മുമ്പിൽ ആദ്യമായി സത്യഗ്രഹം നടത്തിയ കുഞ്ഞാപ്പു  ഗുസ‌്തിക്കാരനുമായിരുന്നു.’’ 

തീക്കടൽ കടന്ന അമ്മമാർ

സമരഭടന്മാർ അനുഭവിച്ചതിലും വലിയ ത്യാഗമാണ‌് സ‌്ത്രീകൾ സഹിച്ചതെന്ന‌് ജവഹർഘട്ട‌് നോവൽ രചയിതാവ‌ും ചിത്രകാരനുമായ പൊന്ന്യം ചന്ദ്രൻ പറഞ്ഞു. അറാക്കലിന്റെ‌ ഭാര്യ ജാനകിയേടത്തിയെ പറശിനിക്കടവ‌് എംഎസ‌്പി ക്യാമ്പിൽ കൊണ്ടുപോയാണ‌് ഭേദ്യംചെയ‌്തത‌്. അവരെ പുഴയിൽ മരിച്ച നിലയിലാണ്‌ കണ്ടെത്തിയത‌്. ഇതുപോലെ സഹനങ്ങളുടെ തീക്കടൽ കടന്ന അമ്മമാർ അനവധി. 1940 സെപ‌്തംബർ 15ന‌് ശേഷം വടക്കെ മലബാറിലാകെ വലിയ കടന്നാക്രമണമാണുണ്ടായത‌്. പുന്നപ്ര‐വയലാർ, കരിവെള്ളൂർ, കാവുമ്പായി സമരനായകരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന‌് ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അതിനുള്ള മറുപടി കൂടിയായി മാറുന്നുണ്ട‌് സാമ്രാജ്യത്വത്തിനെതിരെ ജീവൻ നൽകി പൊരുതിയവരുടെ മരണമില്ലാത്ത ഓർമയും സഹനവും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top