20 April Saturday

കേരളത്തിന്റെ മിശ്രണം, ടാറ്റായുടെ പാക്കിങ് ; സംസ്ഥാനത്തെ ആദ്യത്തെ കോവിഡ്‌ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


കാസർകോട്‌
ടാറ്റായുടെ ‘പാക്കിങ്ങിൽ’ കേരളത്തിന്റെ  ‘മിശ്രണം’ കൂടിയായപ്പോൾ സംസ്ഥാനത്തെ ആദ്യത്തെ കോവിഡ്‌ ആശുപത്രിയിൽ ഒരുങ്ങിയത്‌ വിപുലമായ സൗകര്യം. തെക്കിൽ വില്ലേജിൽ ചട്ടഞ്ചാലിന്‌ സമീപം സംസ്ഥാന സർക്കാർ ടാറ്റായുടെ സഹകരണത്തോടെ നിർമിച്ച ആശുപത്രിയിൽ 551 പേരെ കിടത്തിചികിത്സിക്കാം‌.  ഉരുക്കിൽ നിർമിച്ച 128 കണ്ടെയ്‌നർ യൂണിറ്റുകളാണ്‌ ആശുപത്രിയായത്‌.

കുന്നുകയറിവന്നു സൗകര്യങ്ങൾ
ചട്ടഞ്ചാലിൽ ദേശീയപാതയോരത്തെ  കുന്നിൽ സ്ഥാപിച്ച  ആശുപത്രിയിൽ തട്ടുകളായി തിരിച്ച്‌ മൊത്തം മൂന്ന്‌ മേഖലയുണ്ട്‌. മേഖല ഒന്നിലും മൂന്നിലും എയർകണ്ടീഷൻ ചെയ്‌ത ഓരോ കണ്ടെയ്‌നറിലും അഞ്ച്‌ കിടക്കയും ശുചിമുറിയുമുണ്ട്‌. മേഖല ഒന്നിൽ 60 കണ്ടെയ്‌നറാണ്‌‌. ഇതിൽ ഒരെണ്ണം ക്യാന്റീനും ജൈവമാലിന്യം‌ നിക്ഷേപിക്കാനും.  58 എണ്ണം ക്വാറന്റൈനും.  26 കണ്ടെയ്‌നറുള്ള മേഖല മൂന്നിൽ‌ ക്വാറന്റൈൻ‌. മേഖല രണ്ടിൽ 42 കണ്ടെയ്‌നറുകൾ‌.

ശുചിമുറിയോടെ മുറികളുള്ള ഇവ ‌ കോവിഡ്‌‌ രോഗികൾക്കുള്ള ഐസൊലേഷനാണ്‌. 12 കണ്ടെയ്‌നർ പുറത്തുനിന്നുള്ള ശുദ്ധവായു അകത്തെത്തുന്നതിനും  അകത്തെ വായു ശുദ്ധീകരിക്കുന്നതിനും‌.  ഓരോ യൂണിറ്റിനും 40 അടി നീളവും 10 അടി വീതിയുമുണ്ട്‌.


 

സൗകര്യമെല്ലാം സർക്കാർ ഒരുക്കി
ആശുപത്രിക്ക് അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സർക്കാരാണ്‌ ഒരുക്കിയത്‌. ഭൂമി, വെള്ളം, വൈദ്യുതി, റോഡ്‌ തുടങ്ങിയവയും ഒരുക്കി. 1.25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക്‌, ശുചിമുറിയിൽ നിന്നുള്ള മാലിന്യം സംഭരിച്ച്‌ സംസ്‌കരിക്കാനായി 63 ബയോ ഡയജസ്‌റ്റേഴ്‌സ്‌, എട്ട്‌ ഓവർഫ്ളോ ടാങ്കുകൾ എന്നിവ സവിശേഷതയാണ്‌.  ആശുപത്രിയുടെ അനുബന്ധ സൗകര്യങ്ങൾക്ക്‌ സംസ്ഥാന സർക്കാർ 7.61 കോടി രൂപയാണ്‌ അനുവദിച്ചത്‌. ആശുപത്രിയിൽ ഡോക്ടർമാർ, നേഴ്‌സുമാർ, ലാബ്‌ ടെക്‌നീഷ്യന്മാർ, മറ്റിതര ജീവനക്കാർ തുടങ്ങി നാനൂറിലേറെപേരെ സംസ്ഥാന സർക്കാർ നിയമിക്കും.

50 വർഷം ഉപയോഗിക്കാം
ടാറ്റയുടെ വിവിധ പ്ലാന്റുകളിൽ നിർമിച്ച യൂണിറ്റുകൾ കണ്ടെയ്നറുകളിൽ എത്തിച്ച്‌‌  കോൺക്രീറ്റ് തറയിൽ ഉറപ്പിച്ചാണ്‌ നിർമാണം. ചണ്ഡീഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, ഹൗറ എന്നിവിടങ്ങളിലെ പ്ലാന്റുകളിൽനിന്നാണ്‌ യൂണിറ്റ് എത്തിച്ചത്‌. മംഗളൂരുവിൽ കരാർ അടിസ്ഥാനത്തിലും യൂണിറ്റ് നിർമിച്ചു. രണ്ട് സ്റ്റീൽ പാളികൾക്കിടയിൽ തെർമോക്കോൾ പഫ് നിറച്ചാണ്‌  നിർമാണം. ചൂടു കുറക്കാനാണിത്‌.  കെഎസ്‌ഇബി  ട്രാൻസ്‌ഫോർമറിൽനിന്ന്‌ ഭൂഗർഭ കേബിളുകൾ വഴി ഓരോ കണ്ടെയ്‌നറുകളിലേക്കും വൈദ്യുതി എത്തിച്ചു. കൃത്യമായി പരിപാലിച്ചാൽ 50 വർഷം ഉപയോഗിക്കാനാകുന്നതാണ്‌ ആശുപത്രി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top