19 January Tuesday

ടി വി പത്‌മനാഭൻ... അറിയപ്പെടാത്തൊരു മഹാശിൽപ്പി

എൻ മധുUpdated: Wednesday Jan 6, 2021

ടി വി പത്‌മനാഭനൊപ്പം എൻ മധു


 ടി വി പത്മനാഭൻ...മലയാള പത്രവായനക്കാരുടെ മനസ്സിൽ എപ്പോഴും ഓടിയെത്തുന്ന പേരല്ല ഇത്. വായനക്കാർ എളുപ്പം  ഓർത്തു വയ്ക്കുന്നത് വാർത്താ തലക്കെട്ടിനു ചുവടെ വരുന്ന ലേഖകന്റെയോ ചിത്രത്തിനടിയിൽ വരുന്ന ഫോട്ടോഗ്രാഫറുടെയോ പേരായിരിക്കും. ആ പേരുകൾ വായനക്കാർ ദിവസവും കാണുന്നതുകൊണ്ട് ആളെ അറിയില്ലെങ്കിലും  എല്ലാവരുടെയും  ഓർമകളിൽ ആ പേരുകൾ എന്നുമുണ്ടാകും. എന്നാൽ , ലേഖകർ എഴുതുന്ന വാർത്തകൾ ലളിതമായ ഭാഷയിലാക്കി, ചുരുക്കേണ്ടതു ചുരുക്കി, മേദസ്സുകൾ കളഞ്ഞ് നല്ല' തലക്കെട്ടോടെ , നന്നായി രൂപകല്പന ചെയ്ത് പത്രം ഇറക്കുന്ന ഒരു വിഭാഗമുണ്ട്. ഡസ്കിൽ പ്രവർത്തിക്കുന്നവർ.

സബ് എഡിറ്റർമാർ മുതൽ മുതിർന്ന പത്രാധിപർമാർ വരെ അക്കൂട്ടത്തിലുണ്ട്‌. ഇവർ പത്രത്തിന്റെ അണിയറ ശിൽപ്പികൾ . അങ്ങനെ, ഒരു പത്രത്തിന്റെ അണിയറ ശിൽപ്പിയായി പ്രവർത്തിച്ച  പ്രമുഖ പത്രാധിപരുടെ പേരാണ് തുടക്കത്തിൽ സൂചിപ്പിച്ചത്–-ടി വി പത്മനാഭൻ. പ്രിയപ്പെട്ടവരുടെ പപ്പനാഭൻ സഖാവ്. പിന്നെ ചിലരുടെ പപ്പേട്ടൻ.

ഈ ടി വി പത്മനാഭൻ നാലുപതിറ്റാണ്ടോളം ദേശാഭിമാനി പത്രാധിപ സമിതിയിലെ അമരക്കാരിൽ പ്രധാനിയായിരുന്നു. ദേശാഭിമാനിയുടെ ചരിത്രത്തിൽ  അവിസ്‌മരണീയമായ ഏടുകൾ എഴുതിച്ചേർത്തൊരു ജീവിതമാണ്‌ ഇപ്പോൾ വിടവാങ്ങിയത്.  2002-ൽ സീനിയർ ന്യൂസ് എഡിറ്ററായി വിരമിച്ച സഖാവ്  വീട്ടിൽ വിശ്രമിക്കുമ്പോഴും പത്രപ്രവർത്തകൻതന്നെയായിരുന്നു.  പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകളെ തെല്ലും വകവയ്ക്കാതെ വർത്തമാനകാലത്തെ രാഷ്ട്രീയത്തേയും മാധ്യമ പ്രവർത്തനത്തേയും  അദ്ദേഹം നിരന്തരമായി നിരീക്ഷിച്ചു, വിലയിരുത്തി, ഇടപെട്ടു. 

രാജ്യത്തിന്റെ, കേരളത്തിന്റെ വൈവിധ്യമാർന്ന വിഷയങ്ങളിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തെളിമയാർന്ന നിലപാടുകൾ ജനമനസ്സുകളിൽ എത്തിക്കാൻ ഫെയ്സ് ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ അവസാന നാളുകളിലും  പത്മനാഭൻ സഖാവ് സജീവമായിരുന്നു.
 മത്തായി മാഞ്ഞൂരാന്റെ കേരള സോഷ്യലിസ്റ്റ് പാർടിയുടെ ‘പ്രകാശം’ പത്രത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ സിപിഐ എം നേതാവ്‌ ടി കെ രാമകൃഷ്ണനാണ്  പത്മനാഭൻ സഖാവിനെ ദേശാഭിമാനിയിൽ കൊണ്ടുവരുന്നത്. അത് 1966-ൽ'. ടി കെയുടെ  ആ കണ്ടെത്തൽ ദേശാഭിമാനിയുടെ കരുത്തും ജീവനുമായി മാറിയെന്നത് പത്രത്തിന്റെ പിന്നിട്ട ചരിത്രവഴിയിൽ പരതുമ്പോൾ നാമറിയും.

ആദ്യകാലത്ത് പാർടി പ്രവർത്തനത്തിന്റെ ഭാഗമായി നിയോഗിക്കുന്നവരായിരുന്നു ദേശാഭിമാനിയിൽ പ്രവർത്തിച്ചത്. കമ്യൂണിസ്റ്റുകാരെന്ന നിലയിൽ എന്തും പഠിക്കാനുള്ള സന്നദ്ധതയോടെ അവരെല്ലാം ചേർന്ന് പത്രമിറക്കി. അത്തരമൊരു കാലയളവിലാണ് പത്രപ്രവർത്തനത്തെക്കുറിച്ച് അറിവുള്ള ആരെങ്കിലുമൊക്കെ വേണമെന്ന് അക്കാലത്ത് പത്രത്തിന്റെ ചുമതലയിലെത്തിയ പി ഗോവിന്ദപ്പിള്ള പറഞ്ഞത്. അങ്ങനെയാണ് ടി കെ പത്മനാഭനെ കണ്ടെത്തിയത്. പാർടിയുടെ രാഷ്ട്രീയ പ്രചാരണ ജിഹ്വ ആയിരിക്കുമ്പോൾത്തന്നെ ദേശാഭിമാനിയെ പൊതുവാർത്താ പത്രമാക്കി മാറ്റാൻ പത്മനാഭൻ സഖാവ് ഒട്ടേറെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.  പത്രപ്രവർത്തനം പഠിച്ചവർ യോഗ്യതയുടെ അടിസ്ഥാനത്തിൽ 1983ൽ ആദ്യ ബാച്ചായി ദേശാഭിമാനിയിൽ നിയമിക്കുന്നതിനു പിന്നിലെ പ്രധാന കരങ്ങളിലൊന്ന് പത്മനാഭൻ സഖാവിന്റേതാണ്.

1987 ഡിസംബർ ഒന്ന്. അന്നാണ് ഈ സഖാവിനെ ഞാൻ ആദ്യമായി കാണുന്നത്. ഞാൻ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ് എഡിറ്റർ ട്രയിനിയായി ചേർന്ന ആദ്യദിനം '. രാവിലെ അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ആമുഖവും തുടർന്ന് ചീഫ് എഡിറ്റർ എസ് രാമചന്ദ്രൻപിള്ളയുടെ ക്ലാസും കഴിഞ്ഞ് ഉച്ചകഴിഞ്ഞ് ഞങ്ങൾ താഴെ ഡസ്കി ലെത്തി. മഹാരാജാസ് കോളേജിൽ എംഎ വിദ്യാർഥിയായിരുന്ന ഞാൻ പത്രപ്രവർത്തനത്തെക്കുറിച്ച് ഒന്നുമറിയാതെയാണ് ഈ ജോലിക്കെത്തുന്നത്. പത്രത്തിലെ ഡസ്ക് എന്നൊക്കെ അന്ന് ആദ്യമായാണ് കേൾക്കുന്നത് . ഞങ്ങൾ കൂട്ടുകാർ താഴേക്ക് ചെല്ലുമ്പോൾ ഡസ്കിന്റെ ഒരറ്റത്ത് മേശക്ക് പിന്നിലെ  മരക്കസേരയിലിരിക്കുന്ന, ഇരുനിറത്തിൽ മെലിഞ്ഞ ശരീരമുള്ള ആളെ ഞാൻ അപ്പോഴേ ശ്രദ്ധിച്ചു.

ചുറ്റും നടക്കുന്ന ബഹളത്തിലേക്കൊന്നും കാതു കൊടുക്കാതെ, കൈയിലിരിക്കുന്ന കടലാസ്സിൽ മാത്രം ശ്രദ്ധിക്കുന്ന ആ മനുഷ്യൻ ഇടക്കിടെ ചിലതൊക്കെ വിളിച്ചു പറയുന്നതു കേട്ട് ആദ്യമായി ഈ ലോകത്തെത്തിയ ഞാൻ വിസ്മയം കൊണ്ടു.' വർമ, അത് നാലിൽ കൊടുക്കാം. ചന്ദ്രനോട് മാറ്റം പറയണം. ആ കട്ടിങ് നോക്കിയോ, നായനാരുടെ ഒന്നരക്കോളം നീട്ടിക്കൊടുക്കണം.. എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. അതാണ് ന്യൂസ് എഡിറ്റർ പത്മനാഭൻ സഖാവ്. ഡസ്കിലിരുന്ന രവിവർമ ഞങ്ങൾക്ക്‌ പറഞ്ഞുതന്നു.

പിന്നെ ഞങ്ങൾ ഓരോരുത്തരായി സഖാവിനെ പരിചയപ്പെട്ടു. പത്രപ്രവർത്തനത്തിൽ ഞങ്ങളിൽ  പലരുടേയും ഗുരുനാഥനായി മാറിയ പത്മനാഭൻ സഖാവുമായി ആത്മബന്ധത്തിന് ഇവിടെ തുടക്കം. എത്രയോ പേർ ഈ ആശാന്റെ   കളരിയിൽ അങ്കം പഠിച്ചു. ഇന്ന്‌ മാധ്യമ പ്രവർത്തനത്തിന്റെ വിവധ മേഖലകളിലുള്ള പ്രശസ്തരായ അനേകം  പേർ അക്കൂട്ടത്തിലുണ്ട്‌.

ഏറ്റവും ചെറിയ പ്രായത്തിൽ ദേശാഭിമാനിയിലെത്തിയ പത്മനാഭൻ സഖാവ് അക്ഷരാർഥത്തിൽ പത്രപ്രവർത്തനത്തിന് സമർപ്പിച്ച ജീവിതമായിരുന്നു. പത്രമായിരുന്നു  സഖാവിന്റ ജീവവായു.  വാർത്ത കണ്ടെത്തുന്നതിൽ, അത് എഴുതിക്കുന്നതിൽ , അത് പത്രത്തിൽ വിന്യസിക്കുന്നതിൽ ഓരോ നിമിഷവും ഇത്രയേറെ ഇടപെട്ട പത്രാധിപന്മാർ വിരളമാകും. ടെലി പ്രിൻററിൽ നിന്ന്,  പാഞ്ചാലിയുടെ ചേലപോലെ നീണ്ടു കിടക്കുന്ന യു എൻഐ,  പിടിഐ കട്ടിങ്ങുകൾ കെട്ടുകണക്കിനു വരുമ്പോൾ മടുപ്പുകൊണ്ട് ഞങ്ങൾ മടി പിടിച്ചാലും ചിലത് രണ്ടു വരിയെങ്കിലും കൊടുക്കാതെ സഖാവ് സമ്മതിക്കില്ല.

വാർത്തയില്ലാത്ത ഒരു കട്ടിങ്ങും സഖാവ് എഴുതാൻ തരില്ല. ആ കെട്ടിൽ നിന്ന് സഖാവ് തെരഞ്ഞെടുക്കുന്നത് പത്രത്തിൽ കൊടുക്കേണ്ടത് മാത്രമായിരിക്കും. അത്രക്ക് വൈഭവം നിറഞ്ഞതായിരുന്നു എഴുതാനുള്ള വാർത്തകളുടെ തെരഞ്ഞെടുപ്പ്. അത് കൊടുത്തില്ലെങ്കിൽ പത്രത്തിന് മിസ്സായി എന്ന് പിറ്റേന്ന് സങ്കടപ്പെടേണ്ടി വരും. തുടക്കത്തിൽ ചെറിയ വാർത്തയായി തോന്നിച്ച എത്രയൊ വാർത്തകൾ പിന്നീട് സംഭവ ബഹുലമായി മാറിയിരിക്കുന്നു. അപ്പോഴാണ് അന്ന് അത് കൊടുത്തില്ലായിരുന്നെങ്കിൽ സംഭവിക്കുമായിരുന്ന വീഴ്ച നമുക്ക് ബോധ്യപ്പെടുക. വാർത്ത മണത്തറിയാൻ അത്രക്ക് ശേഷിയുണ്ടായിരുന്നു സ'ഖാവിന്.(Nose for a news)

പത്രമോഫീസിലേക്കെത്തിയാൽ പിന്നെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും മറക്കുന്നയാളാണ് ഈ പത്രാധിപർ . പിന്നെ വാർത്തകളുടെ ലോകം മാത്രം. | വാർത്തകൾ എത്ര നന്നായി,  ആവുന്നത്ര വേഗത്തിൽ വായനക്കാരിൽ എത്തിക്കാനാവുമെന്ന് മാത്രം ആലോചിച്ച് തിരക്കിട്ട് ഓടിനടന്ന ഒരാൾ. എല്ലാം മറന്നു പോകുന്ന പത്മനാഭൻ സഖാവിനെക്കുറിച്ച് ഒരുപാടു തമാശകളും കേട്ടിട്ടുണ്ട്. സ്വന്തം കുട്ടിയുടെ വിവരമറിയാൻ ആശുപത്രിയിലേക്ക് ഫോൺ വിളിച്ച സഖാവ് കുട്ടിയുടെ പേര് മറന്ന് അന്തം വിട്ടു നിന്ന കഥ മിക്കപ്പോഴും കേട്ടു .അങ്ങനെ എത്രയോ കഥകൾ

 എത്രയെത്ര സംഭവബഹുലമായ വാർത്തകൾ ആ കൈകളിലൂടെ പത്രത്താളിലേക്ക് കടന്നു പോയിരിക്കുന്നു. ഇന്നത്തെ പത്രം ഇന്നലത്തെ ചരിത്രമാണല്ലോ. അങ്ങനെ, നോക്കിയാൽ നാലു പതിറ്റാണ്ടിലേറെ ദേശാഭിമാനിയുടെ ചരിത്രത്താളുകളിൽ ഈ മനുഷ്യന്റെ കരസ്പർശമില്ലാത്ത ദിവസമുണ്ടാകില്ല. ഒരു വാർത്തയുടെ തുമ്പ് എറിഞ്ഞ് കൊടുത്ത് ലേഖകന്മാരെ നിരന്തരം ഓടിക്കുകയും ചലിപ്പിക്കുകയും പത്രാധിപരുടെ ശേഷിയാണ്. അങ്ങനെയൊരു പത്രാധിപരായിരുന്നു പത്മനാഭൻ സഖാവ്.

സൂചനകളിൽ നിന്ന് അനന്തമായ അന്വേഷണങ്ങളിലേക്ക് റിപ്പോർട്ടർമാരെ ഓടിച്ചോടിച്ച് പരമാവധി വിവരങ്ങൾ കിട്ടുന്നതു വരെ ഈ പത്രാധിപർ അടങ്ങിയിരിക്കുന്നത് കണ്ടിട്ടില്ല. സബ് എഡിറ്റർമാരെക്കൊണ്ട് വാർത്ത എഴുതിക്കുമ്പോഴും പത്രം രൂപകൽപ്പന ചെയ്യിപ്പിക്കുമ്പോഴും പത്രാധിപർ പിന്നിലുണ്ടാകും. പത്മനാഭൻ സഖാവ് വിചാരിക്കുന്നതുപോലെ ആ വാർത്ത എഡിറ്റ് ചെയ്യണമെങ്കിൽ, പരിഭാഷപ്പെടുത്തണമെങ്കിൽ പലപ്പോഴും നന്നേ പണിപ്പെടേണ്ടി വരും.

സഖാവ് മനസ്സിൽ കാണുന്ന പേജിലേക്ക് എത്തണമെങ്കിൽ എത്രയോ വട്ടം പേജ് മാറ്റി വരക്കേണ്ടി വരും' (അന്ന് ഡമ്മി കടലാസിൽ പേജ് വരച്ചു വേണമായിരുന്നു  പേജിന്റെ ലേ ഔട്ട് തയ്യാറാക്കാൻ ). ഒരു കാര്യം തീർച്ച, ഈ ആശാനു കീഴിൽ പത്രപ്രവർത്തനം' പഠിച്ചവർ വിവരങ്ങൾ എങ്ങനെ ശേഖരിക്കണം, വാർത്ത എങ്ങനെ എഴുതണം, പേജിൽ അതെങ്ങനെ വിന്യസിക്കണം എന്നൊക്കെ കൃത്യമായി പഠിച്ചിരിക്കും. പഠിപ്പിച്ചിരിക്കും. അങ്ങനെയായിരുന്നു ടി വി പത്മനാാഭൻ എന്ന പത്രാധിപർ. ഇനിയെല്ലാം മായാസ്‌മൃതികൾ.

തൃശൂർ ദേശാഭിമാനിയിൽ  സീനിയർ  ന്യൂസ്‌ എഡിറ്ററാണ്‌ ലേഖകൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top