29 March Friday

ടി ശിവദാസ മേനോൻ; നേതാവും പോരാളിയും

കെ വരദരാജൻUpdated: Tuesday Jun 28, 2022

പോരാട്ട വഴികളിൽനിന്ന് നേടിയ കരുത്തുമായാണ് കേരളത്തിന്റെ ഭരണ‐ രാഷ്‌ട്രീയ രംഗങ്ങളിൽ ടി ശിവദാസ മേനോൻ വ്യക്തിമുദ്ര പതിപ്പിച്ചത്. പ്രഗത്ഭ പാർലമെന്റേറിയൻ, മികച്ച ഭരണാധികാരി, ഇടതുപക്ഷത്തിന്റെ ശക്തനായ വക്താവ് എന്നീ നിലകളിൽ ഉജ്വല പ്രവർത്തനപാടവം. വാഗ്മിത്വത്തിലും രാഷ്‌ട്രീയ പ്രതിയോഗികളെ മാനിച്ചുള്ള വിമർശനങ്ങളിലും ശ്രദ്ധേയൻ. ആ ബഹുമുഖ വ്യക്തിത്വവുമായി  അടുത്ത് ഇടപഴകാനും അറിയാനും എത്രയോവട്ടം കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനരംഗങ്ങളിൽ കൂടെയുള്ളവർക്ക് അദ്ദേഹം പ്രോത്സാഹനവും പരിഗണനയും നൽകി.


അധ്യാപകരുടെയും ജീവനക്കാരുടെയും നേതാവും പോരാളിയുമെന്ന നിലയിലാണ് കൂടുതൽ അടുത്തറിയാനും ആദരവ് പുലർത്താനും കഴിഞ്ഞത്. 1973ലെ 54 ദിവസത്തെ പണിമുടക്ക് ഘട്ടത്തിലാണ് കേരള പ്രൈവറ്റ് സ്‌കൂൾ ടീച്ചേഴ്‌സ്‌‌ യൂണിയൻ രൂപീകൃതമാകുന്നത്. സ്വകാര്യ വിദ്യാഭ്യാസമേഖലയിൽ, പ്രൈമറി, സെക്കണ്ടറി, വിഭാഗങ്ങളിലെ വ്യത്യസ്‌ത സംഘടനകളിൽപ്പെട്ടവർ നേതൃത്വത്തിന്റെ സമ്മതമില്ലാതെ പണിമുടക്കിൽ ചേർന്നു. അതിൽ അണിനിരന്നവർ പുതിയ സംഘടനയ്‌ക്ക് രൂപം നൽകി. വ്യത്യസ്‌ത വഴികളിലുള്ള രണ്ടുപേരെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി നിശ്ചയിച്ച് സംഘടനയ്‌ക്ക് ദിശാബോധം നൽകി മുന്നോട്ടുകൊണ്ടുപോകാനുള്ള ദൗത്യമാണ് മേനോൻ ഏറ്റെടുത്തത്.
 
ശമ്പളപരിഷ്‌കരണത്തിന് 1978ൽ ജീവനക്കാരും അധ്യാപകരും നടത്തിയ അനിശ്ചിതകാല പണിമുടക്കിന് നേതൃത്വം നൽകിയ സമരസമിതിയുടെ കൺവീനർമാരിൽ ഒരാൾ മേനോനായിരുന്നു. സംസ്ഥാനത്തുടനീളം അദ്ദേഹം നടത്തിയ നർമമധുരമായ പ്രസംഗങ്ങൾ  ആവേശം കൊള്ളിക്കുന്നതായി.  ഇ പത്മനാഭനും പി ആർ രാജനും വി വി ജോസഫും പി കെ നമ്പ്യാരും ആർ എൻ മനഴിയും പോലുള്ളവർക്കൊപ്പം സമരവേദികളിൽ തലയെടുപ്പോടെ അദ്ദേഹം തിളങ്ങി. പിന്നീടാണ് അധ്യാപകജോലി ഉപേക്ഷിച്ച് സജീവ രാഷ്‌ട്രീയരംഗത്തേക്ക് കർമപഥം മാറ്റിയത്.


അധ്യാപകനേതാവ് സിപിഐ എം ജില്ലാസെക്രട്ടറി സ്ഥാനത്തെത്തിയതിനെ തെല്ല് അഭിമാനത്തോടെയാണ് എന്നെപ്പോലുള്ളവർ കണ്ടത്. തുടർന്ന് പാർലമെന്ററി രാഷ്‌ട്രീയത്തിലെത്തി എംഎൽഎയും രണ്ടുതവണ മന്ത്രിയുമായി. 1996‐2001കാലത്ത് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായപ്പോഴാണ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചത്. മന്ത്രിയെന്ന നിലയിൽ സർവീസ് സംഘടനാ പ്രവർത്തകർക്ക് കക്ഷിരാഷ്‌ട്രീയത്തിനതീതമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top