29 March Friday

സമരവീര്യത്തിന്റെ സൂര്യതേജസ്സ്‌ ഇനി സ്‌മൃതിപഥങ്ങളിൽ

ഒ വി സുരേഷ്‌Updated: Wednesday Jun 29, 2022

ഫോട്ടോ: കെ ഷമീർ


മഞ്ചേരി
സമരവീര്യത്തിന്റെ സൂര്യതേജസ്സ്‌ ഇനി ഒളിമങ്ങാത്ത ഓർമ. ചൊവ്വാഴ്‌ച അന്തരിച്ച മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായ ടി  ശിവദാസമേനോന്‌ വികാര നിർഭരമായ വിട. ആയിരങ്ങളുടെ  ലാൽസലാം വിളികൾക്കിടെ ബുധനാഴ്‌ച രാവിലെ 10.25ന്‌ ചെറുമകൾ ഡോ. നീത ശ്രീധരൻ, ഭർത്താവ്‌ ഡോ. എം എസ്‌ നെബു എന്നിവർ ചേർന്ന്‌ ചിതയ്ക്ക്‌ തീകൊളുത്തി. മകൾ ലക്ഷ്‌മിദേവിയുടെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ ഭാര്യ ഭവാനിയമ്മയെ സംസ്‌കരിച്ചതിനു സമീപത്താണ്‌ ശിവദാസമേനോനും അന്ത്യവിശ്രമം ഒരുക്കിയത്‌.  മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളും പാർടി പ്രവർത്തകരും കുടുംബാംഗങ്ങളും ചടങ്ങിന്‌ സാക്ഷിയായി.  

ബുധനാഴ്‌ച രാവിലെ 9.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ,  സ്‌പീക്കർ എം ബി രാജേഷ്‌, മന്ത്രിമാരായ എം വി ഗോവിന്ദൻ, കെ രാധാകൃഷ്‌ണൻ, പി രാജീവ്‌, കെ കൃഷ്‌ണൻകുട്ടി, പ്രൊഫ. ആർ ബിന്ദു, വി അബ്ദുറഹിമാൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ, മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി, മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ, എംഎൽഎമാർ എന്നിവരും മറ്റു നേതാക്കളും  അന്ത്യാഞ്ജലിയർപ്പിച്ചു.   പൊലീസ്‌ സേന ഔദ്യോഗിക ബഹുമതിയർപ്പിച്ചു.  സംസ്‌കാരത്തിനുശേഷം അനുശോചന യോഗവും ചേർന്നു. ടി ശിവദാസമേനോൻ ചൊവ്വാഴ്‌ച ഉച്ചയോടെയാണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്‌.  നേതാക്കളും പ്രവർത്തകരുമടക്കം  ആയിരങ്ങളാണ്‌ പ്രിയനേതാവിനെ അവസാനമായി കാണാൻ മഞ്ചേരി കച്ചേരിപ്പടി ജങ്‌ഷനിലെ ‘നീതി’യിലേക്ക്‌ എത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top