18 April Thursday

എട്ടുനിലയിൽ 
ചീറ്റിയ 
‘ഫോൺബോംബ്‌’

പ്രത്യേക ലേഖകൻUpdated: Sunday Jun 12, 2022


തിരുവനന്തപുരം
ഇപ്പോ പൊട്ടിക്കും... പൊട്ടിക്കും... ഒന്ന്‌ പൊട്ടിക്ക്‌ സ്വാമീ... എന്ന സിനിമാ ഡയലോഗ്‌ പോലെയായിരുന്നു വെള്ളിയാഴ്‌ചത്തെ കാര്യങ്ങൾ. സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌നയും സുഹൃത്ത്‌ ഷാജ്‌കിരണും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടതും എട്ടുനിലയിൽ ചീറ്റിയതുമെല്ലാം ലൈവായി ജനം കണ്ടു.

കൈയോടെ പൊട്ടിക്കാൻ നിന്ന ചാനലുകളെല്ലാം രണ്ട്‌ സുഹൃത്തുക്കൾ തമ്മിലുള്ള ഫോൺ സംഭാഷണമെന്നു പറഞ്ഞ്‌ തടിയൂരി. എന്നാൽ, പടക്കം ചീറ്റിയാലും ആ പുകമറയിൽ ജീവിക്കുന്നവരാണ്‌ തങ്ങളെന്ന്‌ മനോരമയും മാതൃഭൂമി പത്രവും വീണ്ടും തെളിയിച്ചു. സ്വപ്‌നയുടെ ആരോപണത്തിൽ ഒന്നുമില്ലെങ്കിലും തങ്ങൾ വിടില്ലെന്ന മട്ടിലാണ്‌ ശനിയാഴ്‌ച ഇവർ പത്രമിറക്കിയത്‌. ഒന്നാം നമ്പർ ഞരമ്പ്‌ രോഗത്തെ മസാലപ്പടമാക്കി വായനക്കാർക്കുമുന്നിലെത്തിച്ച ഈ മനോവൈകൃതത്തിനു മുമ്പിൽ കേരളം ലജ്ജിച്ച്‌ തലതാഴ്‌ത്തി. 

ഒന്നര മണിക്കൂർ നീണ്ട ഫോൺ സംഭാഷണം വള്ളിപുള്ളി തെറ്റാതെ ആ പത്രങ്ങളിലുണ്ട്. സർക്കാരിനും മുഖ്യമന്ത്രിക്കുംനേരെ സംശയമുന നീട്ടുകമാത്രമായിരുന്നു ലക്ഷ്യം. ‘സർക്കാരിനോ സിപിഐ എമ്മിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പരാമർശവും ഓഡിയോയിൽ ഇല്ല’ എന്നാണ്‌ മനോരമ ചാനൽ ലേഖകൻ പറഞ്ഞത്‌. എന്നാൽ ‘പിണറായിക്കും കോടിയേരിക്കും എതിരെ ‘ഫോൺ ബോംബ്‌’ എന്ന തലക്കെട്ടാണ് മനോരമ പത്രം ഒന്നാം പേജിൽ നൽകിയത്‌. പിണറായിയും കോടിയേരിയും യുഎസിലേക്ക്‌ പണം കടത്തുന്നുവെന്നും ഇതിന്‌ ബിലിവേഴ്‌സ്‌ ചർച്ചിനെ ഉപയോഗിച്ചെന്നും ഷാജ്‌കിരൺ പറഞ്ഞതായും ഇവർ വ്യാഖ്യാനിച്ചു. സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള സംസാരം മറ്റൊരു സന്ദർഭത്തിൽ പറഞ്ഞതാണെന്നും അത്‌ ഓൺലൈൻ വാർത്തയുടെ അടിസ്ഥാനത്തിലാണെന്നും ഷാജ്‌കിരൺ പറഞ്ഞിരുന്നു. ബിലിവേഴ്‌സ്‌ ചർച്ച്‌ അധികൃതരും നിഷേധക്കുറിപ്പ്‌ ഇറക്കി.  ഇത്‌ അവഗണിച്ചാണ്‌ മനോരമ രാഷ്‌ട്രീയവൈരം തീർക്കാൻ ശ്രമിച്ചത്‌.

മനോരമ എഡിറ്റ്‌ പേജും കുറ്റാരോപിതയും ദുരൂഹ പശ്ചാത്തലമുള്ള സുഹൃത്തും തമ്മിലുള്ള ശൃംഗാരം അച്ചടിക്കാൻ നീക്കിവച്ചു. ഓഡിയോ ക്ലിപ്പിൽ പ്രലോഭനം, വാഗ്‌ദാനം, ഭീഷണി എന്നൊക്കെയുണ്ട്‌ എന്നാണ്‌ മാതൃഭൂമിയുടെ വാദം. ഇരുവരുടെയും ചരിത്രവും ദുരൂഹപശ്ചാത്തലവും അറിയാമായിരുന്നിട്ടും ‘വിശുദ്ധപദവി’ നൽകി വാഴ്‌ത്തുകയാണ്‌ മാധ്യമങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top