26 April Friday

ചൂടിലാണ്‌ സൂര്യനും

ഡോ. എ രാജഗോപാൽ കമ്മത്ത്Updated: Sunday Mar 5, 2023


സമീപ ആഴ്‌ചകളിലായി കേരളത്തിൽ പലയിടയിടത്തും അതിശക്തമായ ചൂടാണ്‌ അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ പകൽ താപനില 38 ഡിഗ്രി സെൽഷ്യന്‌ മുകളിൽ എത്തിയിട്ടുണ്ട്‌. പകൽ താപനില ഉയരുന്നതിനാൽ തൊഴിലാളികളുടെ ജോലിസമയം സർക്കാർ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത പരിഗണിച്ച്‌ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്‌. ആഗോള കാലാവസ്ഥയിൽ സൂര്യനിലെ ചാക്രികമായ മാറ്റങ്ങളാണ്‌ ചൂടിന്റെ വർധനയ്‌ക്കു പിന്നിൽ.

2018, 2019 വർഷത്തിൽ സൂര്യന്റെ തീവ്രത (Solar intensity) അൽപ്പം കുറഞ്ഞിരുന്നതിനാൽ മേഘാവരണം വർധിക്കുകയും തീവ്രമഴയ്ക്കും തുടർന്നുള്ള പ്രളയത്തിനും കാരണമാകുകയും ചെയ്തു. അതിനുശേഷം  സൂര്യൻ അടുത്ത ചാക്രിക ഘട്ടത്തിലേക്കു കടന്നു. അടുത്ത മൂന്നുനാലു വർഷത്തേക്ക് സൂര്യന്റെ തീവ്രത വർധിച്ച നിലയിലായിരിക്കും.  ഈ മാറ്റം കേരളത്തിലെ കാലാവസ്ഥയെയും  ബാധിക്കും. മൺസൂൺ മഴയിൽ ചിലപ്പോൾ കുറവുണ്ടാകാനും വരൾച്ച അനുഭവപ്പെടാനും സാധ്യതയുണ്ട്.  സൂര്യനിൽനിന്നുള്ള വികിരണം ഭൂമിയിൽ പതിക്കുന്നതിലെ ഏറ്റക്കുറച്ചിലുകളാണ് അന്തരീക്ഷപ്രക്രിയകൾ മാറിമറിയാൻ കാരണം. സൂര്യന്റെ ഒരുഭാഗം ‘പൊട്ടിത്തെറിച്ച് അടർന്നുപോയി’ എന്ന്‌ ചില മാധ്യമങ്ങൾ അടുത്തിടെ പ്രചരിപ്പിച്ചിരുന്നു!  അടിസ്ഥാനമില്ലാത്ത വാർത്തയായിരുന്നു ഇത്‌. സ്വാഭാവികമായ സൗരപ്രക്രിയയെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു അവർ.

സൗരചക്രം
സൂര്യനിൽ ചാക്രികമായി പലമാറ്റങ്ങളും ഉണ്ടാകുന്നുണ്ട്‌. പതിനൊന്നു വർഷം കൂടുമ്പോൾ സൂര്യന്റെ  കാന്തികമണ്ഡലം തിരിയുന്നു. അതായത് വടക്കേ കാന്തികധ്രുവം തെക്കാകുകയും തിരിച്ചും സംഭവിക്കുന്നു. ഈ മാറ്റങ്ങൾ സൂര്യന്റെ തീവ്രതയിൽ വ്യതിയാനം വരുത്തും. സൗരചക്രമെന്ന ചാക്രികമായ പ്രതിഭാസം ഇതുമൂലമാണ് ഉണ്ടാകുന്നത്. സൂര്യന്റെ തീവ്രത അധികമാകുന്ന അവസ്ഥയായ സൗര ഉച്ചതമം (Solar maximum), തീവ്രതയിൽ അൽപ്പം കുറവുണ്ടാകുന്ന സൗര നിമ്നതമം (Solar  minimum) എന്നിവ ഭൗമാന്തരീക്ഷത്തിലെ പ്രതിഭാസങ്ങളിൽ കാതലായ വ്യതിയാനങ്ങൾ വരുത്തും. 1843ൽ സാമുവൽ ഷ്വാബെ എന്ന ജർമൻ   ജ്യോതിശാസ്ത്രജ്ഞനാണ് സൂര്യനിലെ ചാക്രികമായ മാറ്റങ്ങൾ തിരിച്ചറിഞ്ഞത്. അതിനാൽ ഈ പ്രതിഭാസം ഷ്വാബെ സൈക്കിൾ എന്നറിയപ്പെടുന്നു.

11  വർഷം കൂടുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ചാക്രികമായി ഒരേ രീതിയിൽ ഉണ്ടാകുന്നുവെന്ന് നിരീക്ഷണങ്ങൾ തെളിയിക്കുന്നു. 1755 മുതലുള്ള നിരീ‍ക്ഷണഫലങ്ങളിൽനിന്ന്‌ വ്യക്തമാകുന്നത് ഓരോ 11 വർഷം കൂടുമ്പോൾ സൂര്യന്റെ കാന്തികധ്രുവങ്ങൾ മാറിമറിയുന്നുവെന്നും സൂര്യൻ മറ്റൊരു ചാക്രികാവസ്ഥയിലേക്ക്‌ മാറുന്നു എന്നതുമാണ്‌. ഭൂമിയിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കുന്ന പ്രതിഭാസമാണിത്‌. സൂര്യനിപ്പോൾ സോളാർ മാക്സിമ എന്ന തീവ്രാവസ്ഥയിലേക്ക്‌ കടക്കുന്ന സമയമാണ്‌. 2019ൽ സോളാർ മിനിമ എന്ന സൗരനിമ്നാവസ്ഥയിൽ തുടങ്ങിയ ഈ സൗരചക്രത്തിൽ  ഈവർഷംമുതൽ സൂര്യന്റെ തീവ്രതയിൽ വർധനയുണ്ടാകുകയും അടുത്ത മൂന്നു വർഷത്തേക്ക്‌ ഈ അവസ്ഥ തുടരുകയോ തീവ്രത അൽപ്പംകൂടി വർധിക്കുകയോ ചെയ്യും. പിന്നീട്‌ തീവ്രത കുറയുകയും ചെയ്യും.


 

സൂര്യകളങ്കങ്ങൾ
സൂര്യന്റെ ഉപരിതലത്തിൽ കാന്തിക പ്രവർത്തനം കൂടുതലായി കാണുന്ന പ്രദേശങ്ങളാണ് സൂര്യകളങ്കങ്ങൾ (Sunspots). ശരാശരി സൂര്യകളങ്കത്തിന് ഭൂമിയുടെ വലിപ്പമുണ്ടാകും. ചിലവയ്ക്ക് 80,000 കിലോമീറ്റർവരെ വ്യാസം വരും. ഓരോ 11 വർഷം കൂടുമ്പോഴും സൂര്യകളങ്കങ്ങളുടെ തീവ്രതയും എണ്ണവും വ്യത്യാസപ്പെടും. സൂര്യന്റെ തീവ്രതയേറുന്ന അവസ്ഥയിൽ സൂര്യകളങ്കങ്ങളുടെ എണ്ണം വർധിക്കും. ചിലപ്പോൾ അതിശക്തമായ പൊട്ടിത്തെറികളും. ഇതുമൂലം കുറച്ചുദ്രവ്യം സൗരയൂഥത്തിലേക്ക്‌ കടക്കുന്നു.  11 വർഷത്തെ ചാക്രികമായ കാലയളവിൽ സൂര്യന്റെ വികിരണത്തിൽ 0.1 ശതമാനം വ്യതിയാനമുണ്ടാകും. വികിരണം വർധിക്കുമ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകൾപ്പാളിയിലെത്തുന്ന ഊർജവും വർധിക്കും. ഇതുമൂലം അന്തരീക്ഷത്തിന്റെ മുകൾപ്പാളിയിലെ താപനിലയേറും. കാറ്റിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നതിനാൽ കാലാവസ്ഥ മാറിമറിയുന്നു. സൂര്യകളങ്കങ്ങൾ തീവ്രമാകുമ്പോൾ സൂര്യനിൽനിന്നുള്ള വികിരണത്തിൽ 0.2 ശതമാനംവരെ വ്യത്യാസം കുറച്ചു ദിവസത്തേക്ക് മാറുന്നു. അന്തരീക്ഷത്തിനു മുകളിൽ 1368 വാട്സ്/ചതുരശ്ര മീറ്റർ ഊർജമാണ് ഭൂമിക്ക് സൂര്യനിൽനിന്ന്‌ ലഭിക്കുന്നത്. ശരാശരി മൂല്യമാണിത്. ഭൂമിയുടെ ഭ്രമണപഥത്തിലെ മാറ്റമനുസരിച്ച് വർഷത്തിന്റെ വിവിധഘട്ടങ്ങളിൽ ഈ അളവിൽ മാറ്റം ഉണ്ടാകും.

സൗരവാതങ്ങൾ
സൂര്യന്റെ ഉപരിതലത്തിലെ പ്ലാസ്മ സൂര്യകളങ്കത്തിലെ കാന്തികമണ്ഡലവുമായി പ്രതിപ്രവർത്തിക്കുന്നു. ഇതൊരു പൊട്ടിത്തെറിക്ക് കാരണമാകുന്നു. ഇത്തരം പ്രതിഭാസങ്ങളാണ് സൗരവാതങ്ങൾ (Solar flares). സൗരവാതങ്ങളാണ് കൊറോണൽ മാസ് ഇജക്‌ഷൻ എന്ന പൊട്ടിത്തെറിയിലൂടെ സൂര്യന്റെ ദ്രവ്യത്തെ സൗരയൂഥത്തിലേക്ക്‌ പരത്തുന്നത്.  ഭൂമിയുടെ വാർഷിക ഭ്രമണപഥത്തിലെ മാറ്റം ഇവിടെ പതിക്കുന്ന സൂര്യവികിരണത്തിൽ മാറ്റം വരുത്തുന്നു.

നിമ്നവേളയിൽ സൗരകളങ്കങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. എന്നാൽ, സൗര ഉച്ചതമാവസ്ഥയിൽ സൗര കളങ്കങ്ങളുടെ എണ്ണത്തിൽ വർധനയും. ഇപ്പോൾ സൂര്യകളങ്കങ്ങളുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. അതിശക്തമായ കാന്തികമണ്ഡലത്തിന്റെ സ്രോതസ്സുകളാണ് ഈ കറുത്ത പ്രദേശങ്ങൾ. ഈ പ്രതിഭാസത്തിൽ ദശലക്ഷക്കണക്കിനു ടൺ സൗരകണങ്ങളാണ്‌ സൗരയൂഥത്തിലേക്ക്‌ പരക്കുക. ഇത് ഭൗമാന്തരീക്ഷത്തിന്റെ മുകൾപ്പാളിയിൽ എത്തിച്ചേർന്ന് ഭൗമകാന്തിക കൊടുങ്കാറ്റിനും ധ്രുവദീപ്തിക്കും കാരണമാകുന്നു. സന്ധ്യകഴിഞ്ഞുള്ള വേളയിൽ ആകാശത്ത് സാധാരണയിൽ കവിഞ്ഞ അളവിൽ ചുവപ്പുനിറം കാണുകയാണെങ്കിൽ സൗരവാതം ഉണ്ടായെന്ന്‌ ഉറപ്പിക്കാം. ഒപ്പം അസാധാരണമായ ഉഷ്ണവും അനുഭവപ്പെടും.


 

കാലാവസ്ഥയിലെ  മാറ്റങ്ങൾ
പസഫിക്കിന്റെ കിഴക്കൻ തീരക്കടലിൽ ഉപരിതലജലത്തിനു താപനിലയേറുന്ന എൽ നിനോ എന്ന പ്രതിഭാസം കഴിഞ്ഞ കുറച്ചു വർഷങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. എൽ നിനോ ഉണ്ടാകുമ്പോൾ കേരളത്തിൽ മഴക്കുറവ് അനുഭവപ്പെടുന്നുവെന്ന്  സ്ഥിരീകരിച്ചിട്ടുണ്ട്‌. അതേസമയം പസഫിക്കിന്റെ പടിഞ്ഞാറൻ തീരക്കടലിൽ ഉണ്ടാകുന്ന ലാ നിന പ്രതിഭാസം  കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ അൽപ്പാൽപ്പം ദൃശ്യമായിരുന്നു. ലാ നിന ഉണ്ടാകുമ്പോൾ കേരളത്തിലെ മൺസൂൺ മഴയിൽ വർധനയുണ്ടാകുന്നു. ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യന്റെ വികിരണം പതിക്കുന്നതിലെ ഏറ്റക്കുറച്ചിലുകളാണ്‌ ഈ പ്രതിഭാസങ്ങൾക്കു പിന്നിലുള്ളത്‌. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാഭാഗം വളരെ വിശാലമായതിനാൽ ഈ പ്രതിഭാസം കാലാവസ്ഥയെ ബാധിക്കുന്നയത്ര തീവ്രമാകുന്നു. മഹാസമുദ്രങ്ങളിലെ ചാക്രിക ജലപ്രവാഹങ്ങളുടെ ഗതിക്കും സൂര്യനിലെ മാറ്റങ്ങൾ വഴിയൊരുക്കും. ആ ജലപ്രവാഹങ്ങൾ കടന്നുപോകുന്ന തീരങ്ങളിൽ കാലാവസ്ഥാമാറ്റങ്ങൾക്കും  ഇത്‌ കാരണമാകും. ഈവർഷം എൽ നിനോ  ഉണ്ടാകാനിടയുണ്ടെന്ന് നിഗമനമുണ്ട്‌. അങ്ങനെയെങ്കിൽ കേരളത്തിൽ മഴക്കുറവ് അനുഭവപ്പെടും.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്തോനേഷ്യക്കും ആഫ്രിക്കയ്ക്കുമിടയിൽ കാണുന്ന സമുദ്രോപരിതല താപനിലയിലെ അന്തരവും കേരളത്തിലെ കാലാവസ്ഥയെ ബാധിക്കുന്നു. അറബിക്കടലിന്റെ ഉപരിതല താപനിലയിൽ വർധനയുണ്ടായിട്ടുണ്ട്. 29/30 ഡിഗ്രി സെൽഷ്യസാണ്‌ ഈ വേളയിലെ താപനില. ലവണതയേറിയ ജലത്തിന്റെ വിശിഷ്ട താപധാരിത (Specific heat capacity) കൂടുതലായതിനാൽ സമുദ്രത്തിന്റെ താപനില ഏകദേശം അതേപടി തുടരും. എന്നാൽ, കരയുടെ താപനില രാത്രികാലങ്ങളിൽ കുറയാൻ കാരണം,  കരയിൽനിന്നുണ്ടാകുന്ന ഇൻഫ്രാറെഡ് വികിരണമാണ്‌. കരയുടെ താപനില ഇതുമൂലം കുറയുന്നു. കടലിൽനിന്ന്‌ കരയിലേക്കും തിരിച്ചുമുള്ള  കാറ്റിനു പിന്നിൽ പ്രവർത്തിക്കുന്നത് കരയും കടലും തമ്മിലുള്ള താപനിലയിലെ അന്തരമാണ്‌. എന്നാൽ, കരയുടെയും കടലിന്റെയും താപനിലയിൽ ഗണ്യമായ വ്യത്യാസമില്ലാത്തതിനാൽ കാറ്റുകുറഞ്ഞ് താപം കരയിലെ ഒരുപ്രദേശത്തുതന്നെ തങ്ങാനിടയാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top