04 October Tuesday

കാലടിയിലെ പ്രഭാതങ്ങൾ!... സുനിൽ പി ഇളയിടത്തിന്റെ പംക്തി ഇരുപത്തൊന്നാം ഭാഗം

സുനിൽ പി ഇളയിടംUpdated: Wednesday Jul 27, 2022

കാലടി സർവകലാശാല കാമ്പസ്‌

തൊഴിലിടം എന്നതിനപ്പുറം അനുഭവങ്ങളുടെ അടിപ്പടവായി മാറിയ കാലടി സർവകലാശാലാ അധ്യാപക ജീവിതത്തിന് കാൽ നൂറ്റാണ്ട്- തികയുമ്പോൾ  അതിപ്രതാപങ്ങളൊന്നുമില്ലാത്ത സൗമ്യവും വിനീതവുമായ ആ സ്ഥലരാശിയെ ഓർത്തെടുക്കുന്നു. കാലത്തിന്റെ അടയാളവാക്യങ്ങൾ പോലെ ആഹ്ലാദവിഷാദങ്ങൾ പൂത്തുകൊഴിഞ്ഞ വഴിയിലൂടെ ഒരു തിരിച്ചു നടത്തം...

ഒന്ന്

കാലടി സംസ്‌കൃത സർവകലാശാലയിൽ ഇന്റർവ്യൂ റൂമിന് പുറത്ത് കാത്തിരിക്കുമ്പോൾ അപ്പുറത്തുള്ള ചെറിയ ഹാളിൽ കുട്ടികളുടെ പരീക്ഷ നടക്കുന്നത് കാണാമായിരുന്നു. ഗോപനായിരുന്നു പരീക്ഷയുടെ മേൽനോട്ടത്തിനായി ഉണ്ടായിരുന്നത്. ഇപ്പോഴത്തെ പ്രമുഖ തിരക്കഥാകൃത്തും നാടകസംവിധായകനുമായ ഗോപൻ ചിദംബരം. കുറച്ചുകാലം മുമ്പ്‌ സർവകലാശാലയിലെ നാടകവിഭാഗത്തിൽ ഗോപൻ അധ്യാപകനായി ചേർന്നിരുന്നു. ഗോപനും മഹാരാജാസുകാരനായിരുന്നു. ഒരേ കാലത്തല്ല ഞങ്ങൾ അവിടെ ഉണ്ടായിരുന്നതെങ്കിലും മഹാരാജാസ് ഞങ്ങളെയും കൂട്ടിയിണക്കി. എന്നെക്കണ്ട് ഗോപൻ പുറത്തുവന്ന് കുറച്ചുനേരം സൗഹൃദം പങ്കുവച്ചു. ഇന്റർവ്യൂ നന്നായിരിക്കട്ടെ എന്ന് ആശംസകൾ നേർന്നു. അൽപ്പസമയം കഴിഞ്ഞ് ഗോപൻ പരീക്ഷാഹാളിലേക്ക് മടങ്ങി. ഞാൻ അഭിമുഖത്തിനായി കാത്തിരുന്നു.

ഉച്ചയ്ക്കു മുമ്പ് എപ്പോഴോ ആണ് എന്നെ വിളിച്ചത്. ഇന്റർവ്യൂ റൂമിലേക്ക് കയറുമ്പോൾ വലിയ പരിഭ്രമമൊന്നും തോന്നിയിരുന്നില്ല. അതിനകം നാലഞ്ച് ഇന്റർവ്യൂകളിൽ പങ്കെടുത്തിരുന്നു. അതിന്റെ വിശ്വാസവും ജോലി കിട്ടാനിടയില്ല എന്നതോന്നലും ഒരുമിച്ചുണ്ടായിരുന്നതിന്റെ ബലമാവണം അതിനുപിന്നിൽ. അപ്പോഴേക്കും ഞാൻ ‘ദേശാഭമാനി’യിൽ സബ് എഡിറ്ററായി ജോലി നോക്കിത്തുടങ്ങുകയും ചെയ്തിരുന്നു. കൈവന്ന ഒരു തൊഴിലിന്റെ ആത്മവിശ്വാസവും അഭിമുഖത്തിൽ തുണയായുണ്ടായിരുന്നു എന്നുതോന്നുന്നു.

ഇന്റർവ്യൂ ബോർഡിൽ ആറേഴുപേർ ഉണ്ടായിരുന്നു. വൈസ് ചാൻസലർ ഡോ. എൻ പി  ഉണ്ണി, പ്രിൻസിപ്പൽ ഡീൻ എൻ വി പി ഉണിത്തിരി,

എൻ വി പി ഉണിത്തിരി

എൻ വി പി ഉണിത്തിരി

പ്രൊഫ. കെ എം പ്രഭാകരവാര്യർ, ഡോ. ഒ എം അനുജൻ, പ്രൊഫ. സ്കറിയ സക്കറിയ, ഡോ. കെ ജി പൗലോസ് എന്നിവരായിരുന്നു എന്നാണോർമ. ഉണിത്തിരി മാഷിനെയും പൗലോസ് മാഷിനെയും എനിക്ക് മുഖപരിചയമുണ്ടായിരുന്നു. മഹാരാജാസ് കാലത്തുതന്നെ തുടങ്ങിയ പൊതുജീവിതം ചില വേദികളിലെല്ലാം അവരെ കണ്ടുമുട്ടാൻ വഴിതുറന്നുതന്നിരുന്നു. തിരുവനന്തപുരത്ത് മറ്റൊരു ഇന്റർവ്യൂവിന്റെ സമയത്ത് സ്കറിയ മാഷിനെ കണ്ടിട്ടുണ്ട്. എങ്കിലും മാഷിനെന്നെ അറിയുമായിരുന്നില്ല. അന്ന് മാഷിനെ പരിചയപ്പെടാനോ സംസാരിക്കാനോ കഴിഞ്ഞില്ല. മറ്റെല്ലാവരെയും അന്നാദ്യമായി കാണുകയായിരുന്നു.

സൗഹാർദപരമായിരുന്നു ആ അഭിമുഖം. പ്രഭാകരവാര്യർ സർ ആണ് ചോദ്യങ്ങൾ ഏറെയും ചോദിച്ചത്. പൊതുവെ തൃപ്തികരമായി അവയ്ക്ക് ഉത്തരം പറഞ്ഞു. വ്യാകരണകാര്യങ്ങൾ പലതും ചോദിച്ചപ്പോൾ ചിലതിനെല്ലാം അതറിഞ്ഞുകൂടെന്നും പറഞ്ഞു. സ്കറിയ മാഷ് സംസ്കാരപഠനവും തുള്ളലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചോദിച്ചത്. അതിനടുത്തകാലത്ത് പുറത്തുവന്ന കെ എൻ ഗണേശിന്റെ തുള്ളൽപഠനവും, ഇ വി രാമകൃഷ്ണൻ അതിനെ മുൻനിർത്തി ഉന്നയിച്ച ചില ഭിന്നാഭിപ്രായങ്ങളുമെല്ലാം ഞാൻ വായിച്ചിട്ടുണ്ടായിരുന്നു.

അത് വലിയ സഹായമായി. വിശദാംശങ്ങൾ ഏറെ ചേർത്ത് നന്നായി മറുപടി പറയാൻ പറ്റി.

ഒഎൻവി കുറുപ്പ്‌

ഒഎൻവി കുറുപ്പ്‌

അന്ന് നന്നായി കവിത ചൊല്ലി നടക്കുന്ന കാലമാണ്. പൗലോസ് മാഷ് അതേക്കുറിച്ച് പറഞ്ഞപ്പോൾ ഇന്റർവ്യൂ ബോർഡിലാരോ കുറച്ച് വരികൾ ചൊല്ലാനാവശ്യപ്പെട്ടു. ഒ എൻ വി യുടെ 'വീടുകളി'ലെ വരികളാണ് ചൊല്ലിയതെന്നാണ് ഓർമ. അന്നത് എനിക്ക് നന്നായി ചൊല്ലാനറിയാമായിരുന്നു. പരിഭ്രമമില്ലാതെ കുറെ വരികൾ ചൊല്ലി.

ഇന്റർവ്യൂ കഴിഞ്ഞിറങ്ങുമ്പോൾ തൃപ്തിയുണ്ടായിരുന്നു. നന്നായി ഉത്തരം പറയാനായതിന്റെ സന്തോഷത്തോടെ മടങ്ങി. ഒരാഴ്ചയോളം കഴിഞ്ഞ് എറണാകുളത്ത് ഒരു സെമിനാറിൽ വച്ച് സ്കറിയ മാഷിനെ വീണ്ടും കാണാനിടയായി. മാഷപ്പോൾ നേരിട്ടൊന്നും പറഞ്ഞില്ല. സ്നേഹപൂർവം സംസാരിക്കുക മാത്രം ചെയ്തു. പുതിയൊരു കാലത്തിന്റെ വാതിൽ വഴിതുറക്കുന്നതിന്റെ പ്രത്യക്ഷമായ അടയാളങ്ങളൊന്നും അവശേഷിപ്പിക്കാത്തതായിരുന്നു ആ കൂടിക്കാഴ്ച. എങ്കിലും എന്തുകൊണ്ടോ അതെന്നിൽ പ്രസാദം നിറച്ചു. പിന്നെയും ഒരാഴ്ച കഴിഞ്ഞപ്പോൾ ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ച് എനിക്ക് കത്ത് കിട്ടി.

1998 മെയിലാണ് സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അധ്യാപകനായി ചേർന്നത്. സ്കറിയ മാഷായിരുന്നു വകുപ്പ് അധ്യക്ഷൻ. കെ വി ദിലീപ്കമാർ, പി പവിത്രൻ, എൻ അജയകുമാർ, ഷാജി ജേക്കബ്‌, കെ ആർ സജിത, പിന്നെ ഞാനും. ഇങ്ങനെ ഏഴുപേർ ചേർന്നതായിരുന്നു കാലടിയിലെ മലയാളവിഭാഗം. ഞങ്ങളുടെ ജീവിതത്തിന്റെ ഗതിഭേദങ്ങളെല്ലാം രൂപപ്പെട്ടത് കാലടിയിലെയും മലയാള വിഭാഗത്തിലെയും കൂട്ടായ്മയിലൂടെയാണ്. അറിവിന്റെയും അധ്യാപനത്തിന്റെയും വഴികളിൽ സ്കറിയ മാഷ് എക്കാലത്തെയും വലിയ മാർഗദർശിയായിരുന്നു. ഭിന്നപ്രകൃതികളായ ഞങ്ങളെയെല്ലാം മാഷ് ചേർത്തുനിർത്തി. ഡിപ്പാർട്‌മെന്റിന്റെ പ്രാഥമികദശയിൽ അതിനെ ഹൃദ്യമായി നയിച്ചു.

1998 മെയിലാണ് സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അധ്യാപകനായി ചേർന്നത്. സ്കറിയ മാഷായിരുന്നു വകുപ്പ് അധ്യക്ഷൻ. കെ വി ദിലീപ്കമാർ, പി പവിത്രൻ, എൻ അജയകുമാർ, ഷാജി ജേക്കബ്‌, കെ ആർ സജിത, പിന്നെ ഞാനും. ഇങ്ങനെ ഏഴുപേർ ചേർന്നതായിരുന്നു കാലടിയിലെ മലയാളവിഭാഗം. ഞങ്ങളുടെ ജീവിതത്തിന്റെ ഗതിഭേദങ്ങളെല്ലാം രൂപപ്പെട്ടത് കാലടിയിലെയും മലയാള വിഭാഗത്തിലെയും കൂട്ടായ്മയിലൂടെയാണ്. അറിവിന്റെയും അധ്യാപനത്തിന്റെയും വഴികളിൽ സ്കറിയ മാഷ് എക്കാലത്തെയും വലിയ മാർഗദർശിയായിരുന്നു. ഭിന്നപ്രകൃതികളായ ഞങ്ങളെയെല്ലാം മാഷ് ചേർത്തുനിർത്തി. ഡിപ്പാർട്‌മെന്റിന്റെ പ്രാഥമികദശയിൽ അതിനെ ഹൃദ്യമായി നയിച്ചു.

ഡോ. എൻ പി ഉണ്ണിയും ഉണിത്തിരി മാഷും കെ ജി പൗലോസ് മാഷും കൈകോർത്തുനിന്ന് സർവകലാശാല കെട്ടിപ്പടുക്കുന്ന കാലമായിരുന്നു അത്. സർവകലാശാലയുടെ ബാലാരിഷ്ടതകളുടെ കാലം. ഒട്ടനവധി പ്രയാസങ്ങളുടെ നടുവിലും സർവകലാശാലയ്ക്ക്‌ അവർ ഭദ്രമായ അസ്തിവാരമൊരുക്കി. കോഴ്സുകളപ്പാടെ പുനഃസംഘടിപ്പിച്ചു. സമകാലിക വൈജ്ഞാനികതയുമായി സർവകലാശാലയെ ചേർത്തുനിർത്തി. സർവകലാശാലയെ വിഴുങ്ങിത്തുടങ്ങിയ മതദേശീയതയുടെയും ആചാരപരതയുടെയും പിടിയിൽനിന്നും അതിനെ മോചിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. പുതിയ ദിശയിലേക്കുള്ള പരിവർത്തനത്തിന്റെ സംഘർഷങ്ങളും അസ്വസ്ഥതകളും അക്കാലത്ത് അവിടെ വേണ്ടത്രയുണ്ടായിരുന്നു. എങ്കിലും തിരിഞ്ഞുനോക്കുമ്പോൾ അത്യന്തം സ്നേഹനിർഭരമായ ഒന്നായി അക്കാലം ഓർമയിലുണ്ട്. അന്നത്തെ ഓരോ പ്രവർത്തനങ്ങളിലും ഞങ്ങൾ പങ്കുചേർന്നു. കലോത്സവം മുതൽ കായിക മത്സരങ്ങൾ വരെ.

ജോലിയിൽ പ്രവേശിച്ചതിനുശേഷം ആദ്യദിവസം കാലടിയിൽ ചെല്ലുമ്പോൾ ഷാജിയെയാണ് ആദ്യം കണ്ടത്. രാവിലെ ഒമ്പതുമണി കഴിഞ്ഞുകാണണം. സർവകലാശാലയുടെ ഇന്നത്തെ ഭരണകേന്ദ്രമായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മാത്രമേ അന്നുള്ളൂ. ആദ്യനിലയിലെ ശങ്കരപ്രതിമയ്ക്ക് അടുത്ത് ഷാജി നിൽക്കുന്നുണ്ടായിരുന്നു. ഷാജിയെ മുമ്പേ വായിച്ചിട്ടുണ്ടെങ്കിലും കാണുന്നത് അന്നാദ്യമായിട്ടാണ്. ഞങ്ങൾ ഒരുമിച്ചാണ് മുകൾ നിലയിലെ ഡിപ്പാർട്‌മെന്റിലേക്ക് പോയത്. ദിലീപും പവിത്രനും അജയനും സജിതയും അന്നും അടുത്ത ദിവസങ്ങളിലുമായി ജോലിയിൽ പ്രവേശിച്ചു. കാൽനൂറ്റാണ്ടായി തുടരുന്ന ഒരുസൗഹൃദത്തിന്റെ വലയത്തിലേക്കാണ് ഞങ്ങൾ അന്നുനടന്നുകയറിയത്.

ജോലിയിൽ പ്രവേശിച്ചതിനുശേഷം ആദ്യദിവസം കാലടിയിൽ ചെല്ലുമ്പോൾ ഷാജിയെയാണ് ആദ്യം കണ്ടത്. രാവിലെ ഒമ്പതുമണി കഴിഞ്ഞുകാണണം. സർവകലാശാലയുടെ ഇന്നത്തെ ഭരണകേന്ദ്രമായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മാത്രമേ അന്നുള്ളൂ. ആദ്യനിലയിലെ ശങ്കരപ്രതിമയ്ക്ക് അടുത്ത് ഷാജി നിൽക്കുന്നുണ്ടായിരുന്നു. ഷാജിയെ മുമ്പേ വായിച്ചിട്ടുണ്ടെങ്കിലും കാണുന്നത് അന്നാദ്യമായിട്ടാണ്. ഞങ്ങൾ ഒരുമിച്ചാണ് മുകൾ നിലയിലെ ഡിപ്പാർട്‌മെന്റിലേക്ക് പോയത്. ദിലീപും പവിത്രനും അജയനും സജിതയും അന്നും അടുത്ത ദിവസങ്ങളിലുമായി ജോലിയിൽ പ്രവേശിച്ചു. കാൽനൂറ്റാണ്ടായി തുടരുന്ന ഒരുസൗഹൃദത്തിന്റെ വലയത്തിലേക്കാണ് ഞങ്ങൾ അന്നുനടന്നുകയറിയത്.

കാലടി സംസ്കൃത സർവകലാശാല

കാലടി സംസ്കൃത സർവകലാശാല

അത്യന്തം വ്യത്യസ്തമായ താൽപ്പര്യങ്ങളും അഭിരുചികളുമായിരുന്നു ഞങ്ങളുടെത്. മലയാളവിഭാഗത്തിന്റെ ഭൂമികയിൽ അവ ഏതെല്ലാമോ അനുപാതങ്ങളിൽ ഒത്തിണങ്ങി നിന്നു. നോവൽ പഠനത്തിന്റെയും മാധ്യമ‐സംസ്കാര പഠനത്തിന്റെയും വഴിയായിരുന്നു ഷാജിയുടേത്. മലയാളവിഭാഗത്തിന്റെ അന്നത്തെ സമകാലികതയുടെയും ഊർജസ്വലതയുടെയും സ്രോതസ്സുകളിലൊന്ന് ഷാജിയായിരുന്നു. എന്തിനും മുന്നിട്ടുറങ്ങുന്ന ചടുലമായ സാന്നിധ്യമായിരുന്നു ഷാജിയുടേത്. ദിലീപ് അതിന്റെ മറുപുറം പോലൊരാളായിരുന്നു. സൗമ്യവും ഗാഢവുമായ അറിവിന്റെ ലോകം. മധ്യകാല സാഹിത്യത്തിന്റെയും അലങ്കാരശാസ്ത്രത്തിന്റെയും കേരള സംസ്കാരത്തിന്റെയും വഴികളായിരുന്നു ദീലീപിന്റേത്. തന്റെ ലോകത്തിലെ അതിസൂക്ഷ്മ സഞ്ചാരങ്ങൾ ദിലീപിനെ ആ മേഖലയിലെ അതുല്യ സാന്നിധ്യമാക്കി മാറ്റി. ഫോക്ലോറിന്റെയും സ്ത്രീവാദ പഠനങ്ങളുടെയും വഴിയിലാണ് സജിത നീങ്ങിയത്.

സവിശേഷമായ നിലയിൽ അവയെ ചേർത്തിണക്കി സജിത തന്റെ പഠനമേഖലയെ വികസിപ്പിച്ചു. ക്ലാസ്സിക്കൽ രംഗകലകൾ മുതൽ ആധുനിക കവിതവരെയുള്ള എല്ലാ ലോകങ്ങളിലൂടെയും അജയൻ അനായാസമായി സഞ്ചരിച്ചു.

എൻ അജയകുമാറിനും  പി പവിത്രനുമൊപ്പം സുനിൽ പി ഇളയിടം

എൻ അജയകുമാറിനും പി പവിത്രനുമൊപ്പം സുനിൽ പി ഇളയിടം

കുട്ടികൾക്ക് ഏറ്റവും കൂടുതൽ ലഭ്യമായ അധ്യാപകനായിരുന്നു അജയൻ. ധാരണകളിലെ സൂക്ഷ്മതയെ അത്രയും അനാർഭാടമായാണ് അജയൻ ആവിഷ്‌കരിച്ചിരുന്നത്. നിതാന്തമായ രാഷ്ട്രീയ‐സാമൂഹ്യ ജാഗ്രതയോടെ തന്റെ പഠനമേഖലയിൽ അതിസൂക്ഷ്മമായി ഇടപെടുന്ന ഒരാളായിരുന്നു പവിത്രൻ. ഫോക്ലോർ മുതൽ സമകാല സാഹിത്യ സിദ്ധാന്തങ്ങളിൽ വരെ പവിത്രന്റെ രാഷ്ട്രീയ ജാഗ്രതയും സൈദ്ധാന്തികസൂക്ഷ്മതയും പതിഞ്ഞിരുന്നു. എന്റെ ഗവേഷണമാർഗദർശിയും പവിത്രനായിരുന്നു.

ആഴമേറിയ അറിവുകളിൽ ആണ്ടുമുഴുകുമ്പോഴും എക്കാലത്തും മണ്ണിൽ വേരുള്ള ഒരാളായിരുന്നു പവിത്രൻ. കോളനിയനന്തരചിന്ത പവിത്രന് അക്കാദമികജ്ഞാനം മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പ്രയോഗസ്ഥാനമായിരുന്നു. കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകരായിരുന്നു എല്ലാവരും. അവർക്കായി പുസ്തകങ്ങൾ എത്തിച്ചുകൊടുക്കാനും പ്രബന്ധങ്ങൾ തിരുത്തിനൽകാനും സംശയങ്ങൾ പരിഹരിക്കാനുമെല്ലാം സദാ സന്നദ്ധരായവർ. സ്കറിയ മാഷിന്റെ സഫലവും സമർഥവുമായ നേതൃത്വം അതിനെ ആകാവുന്നത്ര സർഗാത്മകവും ജൈവികവുമാക്കി മാറ്റുകയും ചെയ്തു. കാലാന്തരത്തിൽ ഡിപ്പാർട്‌മെന്റിന്റെ ഉള്ളടക്കം പരിണമിച്ചുകൊണ്ടിരുന്നു. 2006 ൽ സ്കറിയ മാഷ് വിരമിച്ചു. പിന്നീട് നെല്ലിക്കൽ മുരളീധരൻ മാഷും പ്രൊഫ. കെ എസ് രവികുമാർ മാഷും വത്സലൻ വാതുശ്ശേരിയും ലിസി മാത്യുവും വകുപ്പു അധ്യക്ഷരായി.

ഇടക്കാലത്ത് പലപ്പോഴായി ദിലീപ് ആ ചുമതല താൽക്കാലികമായി വഹിക്കുകയും ചെയ്തു. പവിത്രൻ തിരൂരിലേക്കും ഷാജി ഏറ്റുമാനൂർ കേന്ദ്രത്തിലേക്കും മാറി. പ്രിയ തിരുവനന്തപുരത്തുനിന്നും കാലടിയിൽ വന്നുമടങ്ങി. കഴിഞ്ഞ വർഷങ്ങളിലായി അജയനും ദിലീപും വിരമിച്ചു. ഏറ്റവുമൊടുവിൽ നിനിത കണിച്ചേരി പുതിയതായി ജോലിയിലെത്തി. നിത്യസ്രവന്തിയായ കാലം എല്ലാത്തിനെയും അഴിച്ചുപണിയുന്നു. ഞങ്ങളെയും.

അസാധാരണമായ സർഗശേഷിയും ധൈഷണിക മഹിമയുമുള്ള ഒട്ടേറെ പേരുമായുള്ള സഹജീവിതത്തിന് സംസ്കൃത സർവകലാശാലയിലെ അധ്യാപനം വഴിതുറന്നു തന്നു. ഒരുപാട് സൗഹൃദങ്ങളും ഹൃദയബന്ധങ്ങളും. എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വഴിയിലേക്ക് സജീവമായി ഞാൻ കടന്നുവന്നതും കാലടി ജീവിതത്തിലൂടെയാണ്. ഇന്ത്യാ ടുഡെയിൽ ധാരാളം പുസ്തകനിരൂപണങ്ങൾ എഴുതി ഷാജിയായിരുന്നു അതിനുപിന്നിലെ പ്രേരണ. പിന്നെ ധാരാളം എഴുതുകയും പറയുകയും ചെയ്തു. ജീവിതത്തിന്റെ സ്വഭാവനിർവചനത്തിന്റെ ആധാര ഭൂമികയായി അതുമാറി.

വീട്ടിൽ നിന്ന് കാലടിയിലേക്ക് സാമാന്യം നല്ല ദൂരമുണ്ട്. ബസ്സിലാണെങ്കിൽ നാൽപ്പതു കിലോമീറ്ററോളം വരും. ഒന്നര മണിക്കൂറിലധികം വരുന്ന യാത്രയാണ്. നിത്യേന മൂന്ന് മണിക്കൂർ യാത്രക്കായി പോകും. സമയ നഷ്ടവും ഊർജനഷ്ടവും വരുത്തുന്ന യാത്ര. എങ്കിലും കാലടിയിൽ സ്ഥിരമായി തങ്ങാതെ പോയി വരികയാണ് ഞാൻ ചെയ്തത്. ഇടക്കാലത്തൊരിക്കൽ മാത്രം കാലടിയിൽ തങ്ങാൻ ഒരു ശ്രമം നടത്തി. രമേശ് വർമയോടൊപ്പം ഒരു വീടിന്റെ മുകൾനിലയിൽ വാടകയ്ക്ക് താമസമാരംഭിക്കുകയും ചെയ്തു. എങ്കിലും എന്റെയും രമേശിന്റെയും പലതരം തിരക്കുകളാൽ അത് കാര്യമായി നടന്നില്ല.

രമേശ് വർമ

രമേശ് വർമ

ഒരു വർഷത്തോളം ആ മുറിയുണ്ടായിരുന്നുവെങ്കിലും ഒരുമാസംപോലും ഞങ്ങളവിടെ ഒരുമിച്ച് തങ്ങിയില്ല. നമ്മുടെ കാലത്തെ ഏറ്റവും സർഗാത്മകതയുള്ള സംവിധായകനും അഭിനേതാവുമാണ് രമേശ്.

മഹാരാജാസിലെ വിദ്യാർഥി ജീവിതകാലം തൊട്ടേ അതടുത്തറിയാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ചുരുക്കം ദിവസങ്ങളിലായിരുന്നുവെങ്കിലും രമേശുമൊത്തുള്ള ജീവിതം സംസ്കൃത സർവകലാശാല തന്ന വലിയ സൗഭാഗ്യങ്ങളിലൊന്നായിരുന്നു. രമേശിന്റെ അനന്യമായ ഉൾത്തിളക്കങ്ങളും നേർത്ത ഫലിതവും നിത്യമായ ആത്മപരിഹാസവും ചേർന്ന സംഭാഷണങ്ങളിലൂടെ ധാരാളം സഞ്ചരിച്ചു. പ്രതിഭയുടെ അപൂർവമായ മിന്നലാട്ടങ്ങൾ അതിലുണ്ടായിരുന്നു. വേണ്ടത്രയും അതിൽ ആണ്ടു മുഴുകാൻ എനിക്ക് ഇടംകിട്ടിയില്ല എന്നാണ് തോന്നുന്നത്. ഒരു വർഷം മുമ്പ് രമേശും സർവകലാശാലയിൽ നിന്ന് പിരിഞ്ഞു.

കാലടിയിൽ വച്ച് ഏറ്റവുമധികം അടുത്തിടപഴകിയത് അജയനോടാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി അജയൻ ജീവിതത്തിലെ നിത്യസാന്നിധ്യം പോലൊരാളാണ്. ആദ്യകാലത്ത് മലയാള വിഭാഗത്തിൽ തൊട്ടടുത്ത കസേരകളിലാണ് ഞങ്ങൾ ഇരുന്നിരുന്നത്. അങ്ങനെ തുടങ്ങിയ അടുപ്പമാകണം. കൊയിലാണ്ടിയിൽ പ്രവർത്തിച്ച മൂന്ന് വർഷങ്ങളിലൊഴികെ ഇക്കാലമത്രയും അജയനോടൊപ്പമായിരുന്നു മിക്കവാറുമുള്ള നിത്യജീവിതം. ഇത്രമേൽ നിരുപാധികമായ അറിവും സ്നേഹവും ഒത്തിണങ്ങിയ ജീവിതസ്ഥാനങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.

എല്ലാ ആശയങ്ങളും ഞാൻ പങ്കുവച്ചത് അജയനുമായാണ്. എല്ലാ എഴുത്തുകളും കാണിച്ചത് അജയനെയാണ്. കാലടിയിലുള്ളപ്പോഴെല്ലാം അജയനോടൊപ്പം നടന്നു. ജീവിതത്തെയും ലോകത്തെയുംകുറിച്ചുള്ള തോന്നലുകൾ പറഞ്ഞു. നിർദേഷമായി ചിരിച്ചു. അറിവിന്റെയും സൂക്ഷ്മവിവേകത്തിന്റെയും എന്നതുപോലെ മറ്റുമനുഷ്യരോടുള്ള കരുതലിന്റെയും ആരോടുമുള്ള കന്മഷമില്ലായ്മയുടെയും ഉടൽപൂണ്ട രൂപമാണ് അജയൻ. കാലടിയിലെ ജീവിതംതന്ന ഏറ്റവും വലിയ സൗഭാഗ്യവും ആ സൗഹൃദമാണ്. അറിവ് മൈത്രിയും കരുണയുമായി മാറുന്ന ബുദ്ധപദങ്ങളിലൂടെയാണ് അജയൻ നടക്കുക. ഒപ്പം നടക്കുന്നവരിലേക്കും അജയനത് പകരുന്നു!

രണ്ട്

മലയാളവിഭാഗത്തിലെ അധ്യാപനം പോലെ കാലടി ജീവിതത്തിന്റെ അവിഭാജ്യഭാഗമായ മറ്റൊന്നേയുള്ളൂ. അധ്യാപകസംഘടനാപ്രവർത്തനം. 1998 ൽ സർവകലാശാലയിൽ ചേർന്നതിനുപിന്നാലെയുള്ള ദിവസങ്ങളിലാണ് സംഘടനയുടെ രൂപീകരണ സമ്മേളനം നടന്നത്. അസോസിയേഷൻ ഓഫ് ശ്രീ ശങ്കരാചാര്യ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (ASSUT)) എന്നപേരിൽ. പുതുതായി നിയമനം ലഭിച്ച അധ്യാപകരുടെ ഒത്തുചേരലിനോടൊപ്പമാണ് (ASSUT) ന്റെ രൂപീകരണ സമ്മേളനവും നടന്നത്. സർവകലാശാലയിലെ മിക്കവാറും അധ്യാപകർ അതിൽ അംഗങ്ങളായി. ഇന്നും ആ അനുപാതത്തിൽ വലിയ മാറ്റം വന്നിട്ടില്ല. ആകെയുള്ള അധ്യാപകരിൽ എൺപതുശതമാനത്തോളം പേർ (ASSUT) ൽ അംഗങ്ങളാണ്. കാൽ നൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന ഒരു സർവീസ് സംഘടനയെ സംബന്ധിച്ച് അതൊരു ചെറിയ കാര്യമല്ല എന്നു തോന്നുന്നു.

ഡോ. പി ചിദംബരം ജനറൽ സെക്രട്ടറിയായും ഡോ. എസ് രാജശേഖരൻ പ്രസിഡന്റും ഡോ. എസ് ശിവദാസ് ട്രഷററുമായ പ്രവർത്തക സമിതിയാണ് ആദ്യത്തേത്. അന്നുമുതൽ അടടഡഠ  ന്റെ പ്രവർത്തകസമിതി അംഗമായി ഞാൻ പ്രവർത്തിക്കുന്നുണ്ട്. 2002‐2003 കാലയളവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഡോ. പി പവിത്രൻ ആ പദവിയിൽ നിന്ന് ഒഴിഞ്ഞതിനെ തുടർന്നാണ് ഞാൻ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. ഒരു വർഷക്കാലമേ ആ പദവിയിൽ തുടർന്നുള്ളൂ. പ്രവർത്തകസമിതി അംഗം എന്ന പദവിയിൽ കാൽനൂറ്റാണ്ടായിട്ടുണ്ട്. പവിത്രൻ മാത്രമേ അങ്ങനെ മറ്റൊരാളായി ഉള്ളൂ എന്നാണെന്റെ ഓർമ. കഴിഞ്ഞ സമ്മേളനത്തിൽ പവിത്രൻ തുടരാൻ വിസമ്മതിച്ചതോടെ അതെനിക്കുമാത്രം അവകാശപ്പെടാവുന്ന ഒന്നായിട്ടുണ്ടെന്നുതോന്നുന്നു!

കാലടി സർവകലാശാല കാമ്പസ്‌

കാലടി സർവകലാശാല കാമ്പസ്‌

വിദ്യാർഥി ജീവിതകാലം മുതലുള്ള സംഘടനാജീവിതത്തിനും പ്രവർത്തനങ്ങൾക്കുമെല്ലാം കഴിഞ്ഞ കാൽനൂറ്റാണ്ടായുള്ള തുടർച്ച (ASSUT)വഴിയാണ്. സർക്കാർ ജോലി എന്ന പരിധി മൂലം മറ്റുതരം സംഘടന‐രാഷ്ട്രീയ പ്രവർത്തനങ്ങൾ അസാധ്യമായപ്പോൾ ഇതായിരുന്നു ജീവിതത്തിന്റെ പ്രധാന വഴികളിലൊന്ന്. സംഘടനയുടെ എല്ലാ പരിപാടികളിലും കഴിയുന്നത്ര പങ്കെടുത്തു. സമരങ്ങളിൽ പ്രസംഗിക്കുകയും ജാഥകളിൽ മുദ്രാവാക്യം വിളിച്ചുകൊടുത്ത് പങ്കുചേരുകയും ചെയ്തു. ആദ്യകാലത്ത് ഇതിനെല്ലാം പറ്റുന്നവർ കുറവായിരുന്നു. അതുകൊണ്ട് പ്രസംഗവും മുദ്രാവാക്യം വിളിയും മറ്റും മിക്കപ്പോഴും എന്റെ ചുമതലയായി മാറി. പിന്നെപ്പിന്നെ ധാരാളം പുതിയ അംഗങ്ങളെത്തി. പലതിനും ആളുകളായി. എങ്കിലും പ്രസംഗം ഇപ്പോഴും ഒഴിവായിട്ടില്ല. സർവകലാശാലയിൽനിന്നും പിരിയുംവരെ അത് സാധിക്കുമെന്നും തോന്നുന്നില്ല.

സർവകലാശാലയിലെ അധ്യാപകസമൂഹത്തിന്റെ ഏകീകൃത വേദിയാകാൻ കഴിഞ്ഞുഎന്നതാണ് (ASSUT)ന്റെ മികവായി തോന്നിയിട്ടുള്ളത്. ശക്തമായ ഇടതുപക്ഷ ഉള്ളടക്കം ഉള്ളപ്പോഴും കക്ഷിതലത്തിലെ വിഭാഗീയതകൾക്ക് അടിപ്പെടാതിരിക്കാൻ (ASSUT) ന് കഴിഞ്ഞിരുന്നു. പി പവിത്രൻ, ടി എസ് സാജു, കെ എം ഷീബ തുടങ്ങിയവരൊക്കെ അതിനുനൽകിയ സംഭാവനകൾ വളരെ വലുതാണ്. സംഘടനയെ വിശാലമായ ഒരു ഇടതുപക്ഷ വേദിയായി നിലനിർത്താനും സമകാലികമായ രാഷ്ട്രീയ ജാഗ്രതയിലേക്ക് അതിനെ കൊണ്ടുപോകാനും അവർ മുൻനിന്നു പ്രവർത്തിച്ചു. സമരമുഖങ്ങളിൽ എല്ലാവരും ഒരുമിച്ചുനിന്നു.

സൂക്ഷ്മമായ അഭിപ്രായഭേദങ്ങൾക്കിടയിലും ഉണ്ടായിരുന്ന തെളിഞ്ഞ ഐക്യബോധം (ASSUT)ന്റെ വലിയ കരുത്തായിരുന്നു. അതോടൊപ്പം ഇടുങ്ങിയ കക്ഷിതാല്പര്യങ്ങൾക്കപ്പുറത്തേക്ക് കടന്നുനിൽക്കാനുള്ള നിരന്തരമായ സന്നദ്ധതയും. സർവകലാശാലയുടെ പൊതുഅന്തരീക്ഷത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ സംഘടനയ്ക്ക് വലിയ പങ്കുണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ജനാധിപത്യപരമായ വൈജ്ഞാനികാന്തരീക്ഷം മുതൽ സർവകലാശാലയിലെ ലിംഗനീതിയുടെ നിർവഹണം വരെയുള്ള കാര്യങ്ങളിൽ (ASSUT) ഉം അതിലെ പ്രവർത്തകരും വലിയ പങ്കാണ് വഹിച്ചത്.

നിർണായകമായ പൊതുപ്രശ്നങ്ങളിലെല്ലാം സർവകലാശാലാ സമൂഹം ഒന്നാകെ പങ്കുചേർന്ന സമരങ്ങൾ വികസിച്ചുവന്നു. പലസ്തീൻ പ്രശ്നം മുതൽ പൗരത്വ നിയമം വരെയുള്ള കാര്യങ്ങളിൽ ക്യാമ്പസിനകത്തും പുറത്തും അലയടിച്ച സമരങ്ങളിൽ അടടഡഠ ന് നിർണായക പങ്കുണ്ടായിരുന്നു. സർവകലാശാലയുടെ രാഷ്ട്രീയമുഖമായി  (ASSUT) മാറിത്തീർന്ന സന്ദർഭങ്ങളായിരുന്നു അതെല്ലാം. നിർണായകമായ സാമൂഹ്യസന്ദർഭങ്ങളിലെല്ലാം (ASSUT) സർഗാത്മകവും സമരോത്സുകവുമായ കൂട്ടായ്മയിലെ പങ്കാളിയായി ഉയർന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ ആ സമരമുഖത്തിന്റെ കേന്ദ്രവും. എല്ലാവർക്കുമൊപ്പം ഞാനും അതിൽ പങ്കാളിയായി.

അധ്യാപക സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച സമയത്ത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വന്നത് സഖാവ് വി എസ് അച്യുതാനന്ദനാണ്. വി എസ് അന്ന് പ്രതിപക്ഷനേതാവാണ്. തലേന്ന് ആലുവ പാലസിൽ തങ്ങി രാവിലെ അദ്ദേഹം സർവകലാശാലയിലേക്ക് വരികയായിരുന്നു.

അധ്യാപകരിൽ ഒരു വിഭാഗത്തിന് വി എസ് സർവകലാശാലയിലെ അധ്യാപക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിൽ അത്ര താൽപ്പര്യമുണ്ടായിരുന്നില്ല.അക്കാദമിക്ക് പണ്ഡിതർ ആരെങ്കിലുമാണ് അത് ചെയ്യേണ്ടതെന്നാണ് അവർ കരുതിയത്. അവരെയും നിശ്ശബ്ദരാക്കിയ ഒന്നായിരുന്നു വി എസിന്റെ ഉദ്ഘാടന പ്രസംഗം. കേരളത്തിന്റെ കാർഷിക വ്യവസ്ഥയുടെയും ചരിത്രത്തിൽ നിന്നാരംഭിച്ച് ഭൂപരിഷ്കരണവും അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രവുമെല്ലാം ഉൾച്ചേർത്ത് ഒരു മണിക്കൂറിലധികം വി എസ് സംസാരിച്ചു.

അധ്യാപകരിൽ ഒരു വിഭാഗത്തിന് വി എസ് സർവകലാശാലയിലെ അധ്യാപക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിൽ അത്ര താൽപ്പര്യമുണ്ടായിരുന്നില്ല.അക്കാദമിക്ക് പണ്ഡിതർ ആരെങ്കിലുമാണ് അത് ചെയ്യേണ്ടതെന്നാണ് അവർ കരുതിയത്. അവരെയും നിശ്ശബ്ദരാക്കിയ ഒന്നായിരുന്നു വി എസിന്റെ ഉദ്ഘാടന പ്രസംഗം.

 വി എസ് അച്യുതാനന്ദൻ

വി എസ് അച്യുതാനന്ദൻ

കേരളത്തിന്റെ കാർഷിക വ്യവസ്ഥയുടെയും ചരിത്രത്തിൽ നിന്നാരംഭിച്ച് ഭൂപരിഷ്കരണവും അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രവുമെല്ലാം ഉൾച്ചേർത്ത് ഒരു മണിക്കൂറിലധികം വി എസ് സംസാരിച്ചു. ആധുനിക കേരളത്തിന്റെ രൂപീകരണ ചരിത്രത്തിലൂടെയുള്ള സൂക്ഷ്മസഞ്ചാരം പോലെയായിരുന്നു ആ സംഭാഷണം. അക്കാദമിക മികവിന്റെ ലോകത്തുള്ളവരും അത് ആദരപൂർവം കേട്ടു.

അധ്യാപക സംഘടനാ പ്രവർത്തനങ്ങളെയും ക്യാമ്പസിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെയും സമകാലികതയിലേക്കും ജാഗരൂകതയിലേക്കും കൊണ്ടുവരുന്നതിൽ രണ്ടുപേർക്ക് സവിശേഷമായ പങ്കുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഡോ. പി പവിത്രനും ഡോ. കെ എം ഷീബയും.

ഡോ. കെ എം ഷീബ

ഡോ. കെ എം ഷീബ

ഏതൊരു പ്രശ്നത്തിന്റെയും രാഷ്ട്രീയമായ മർമം തിരിച്ചറിയുന്നതിലും ഇടപെടുന്നതിലും സംഘടനയ്ക്ക് പവിത്രന്റെ മാർഗനിർദ്ദേശം എക്കാലത്തും ഉപയുക്തമായിരുന്നു. വൈജ്ഞാനികതയും രാഷ്ട്രീയവും ജനാധിപത്യഭാവനയും ഇത്രമേൽ ആഴത്തിൽ കൂട്ടിയിണക്കപ്പെട്ടവർ സർവകലാശാലയിൽ വേറെ ഉണ്ടാകില്ല. 2006 കാലത്ത് പവിത്രൻ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിലേക്ക് തിരിയുകയും പിന്നീട് സർവകലാശാലയുടെ തിരൂർ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റമാവുകയും ചെയ്തു. അതോടെ സംഘടനാജീവിതത്തിൽ പവിത്രന്റെ ദൈനംദിന ഇടപെടൽ കുറഞ്ഞു. എങ്കിലും ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം ഉണ്ടായി. ഏറ്റവുമൊടുവിൽ അധ്യാപക സംഘടനാ സെക്രട്ടറിയെ സസ്പെന്റ് ചെയ്തതിനെതിരായ സമരത്തിലുൾപ്പെടെ.

സംഘടനയുടെ മാത്രമല്ല, സർവകലാശാലയുടെ തന്നെ ദിശാബോധ രൂപീകരണത്തിലെ മറ്റൊരു നിർണായക സ്ഥാനം കെ എം ഷീബയുടേതാണ്. 1998 ൽ ഞങ്ങൾ സർവകലാശാലയിലെത്തുമ്പോൾ യാഥാസ്ഥിതികമായ മൂല്യങ്ങൾക്ക് വലിയ മേൽക്കൈ ഉള്ള ഇടമായിരുന്നു അത്. മതാത്മകതയും ആചാരപരതയും എല്ലാം നിറഞ്ഞുകവിയുന്ന ഒരിടം. അധ്യാപികമാർ ചുരിദാർ ധരിക്കുന്നതുപോലും തെറ്റാണെന്ന് വാദിക്കാൻ ധാരാളം പേർ അന്നവിടെ ഉണ്ടായിരുന്നു. അത്തരമൊരുസമൂഹത്തോടാണ് ചുരുക്കം പേരുടെമാത്രം തുണയോടെ ഷീബ എതിർത്തുനിന്നത്. സാമൂഹ്യ‐രാഷ്ട്രീയ വീക്ഷണങ്ങൾ മുതൽ പെരുമാറ്റവും വസ്ത്രധാരണവും വരെയുള്ള കാര്യങ്ങളിൽ ലിംഗനീതിക്കായുള്ള നിരന്തരമായ ഇടപെടലായിരുന്നു ഷീബയുടേത്. സൗഹൃദങ്ങളോ സംഘടനാബന്ധങ്ങളോ രാഷ്ട്രീയ പക്ഷപാതമോ അതിന് തടസ്സമായില്ല.

ഉറച്ച നിലപാടുകളുടെ പേരിൽ ആദ്യകാലത്തെല്ലാം വ്യക്തിപരമായ വിമർശനങ്ങളും അധിക്ഷേപങ്ങളുമെല്ലാം ഷീബ വലിയതോതിൽ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. കാലടി സർവകലാശാല ക്യാമ്പസിനെ ഇന്നത്തെ നിലയിൽ ലിംഗസൗഹൃദപരമാക്കുന്നതിലും തുറസ്സുള്ളതാക്കുന്നതിലുമെല്ലാം അവരുടെ സഹനങ്ങൾക്കും ഇടപെടലുകൾക്കും വലിയ പങ്കുണ്ട്. ഇന്റേണൽ കംപ്ലയിൻസ് കമ്മിറ്റിയുടെ ചെയർപേഴ്സൺ എന്നനിലയിലും അതുമായി ബന്ധപ്പെട്ട നിരവധി സമിതികളിലെ അംഗം എന്നനിലയിലുമെല്ലാം ഷീബയും സുഹൃത്തുക്കളും നടത്തിയ ചെറുത്തുനിൽപ്പുകൾക്ക് സംസ്കൃത സർവകലാശാലയെ സംബന്ധിച്ചിടത്തോളം ചരിത്രപരംതന്നെയായ പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും മുഖ്യധാരാ ഇടതുപക്ഷത്തോട് വിമർശനങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെയാണ്  (ASSUT) ലെ സജീവപങ്കാളിത്തം ഷീബ നിലനിർത്തിയത്. സമൂർത്ത സാഹചര്യങ്ങളിലെ സമൂർത്തമായ ഇടപെടലുകളിലാണ് രാഷ്ട്രീയം അർഥവത്താവുക എന്ന് ഷീബ മനസ്സിലാക്കിയിരുന്നു. ആ അർഥപൂർണതയുടെ മൂല്യമെത്രയാണെന്ന് സംസ്കൃത സർവകലാശാലയുടെ കാലടി ക്യാമ്പസ് നിശ്ശബ്ദമായി പറയുന്നുണ്ട്!

മൂന്ന്

സർവകലാശാലയിലെ ജീവിതത്തിനിടയിൽ എനിക്ക് രണ്ട് സംരംഭങ്ങളുടെ മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ടി വന്നിരുന്നു. ഒന്ന് ഔദ്യോഗികവും മറ്റൊന്ന് അനൗപചാരികവും. സർവകലാശാല സ്ഥാപിച്ച നവോത്ഥാന പഠനകേന്ദ്രത്തിന്റെ കോഡിനേറ്ററായി രണ്ട് വർഷക്കാലം പ്രവർത്തിച്ചതാണ് ഔദ്യോഗികവൃത്തി. ഡോ. ജെ പ്രസാദ് വൈസ് ചാൻസലറായിരുന്ന കാലത്താണ് അങ്ങനെയൊരു പഠനകേന്ദ്രത്തിന് രൂപം നൽകിയത്. അതിനുമുമ്പ്‌ പല പേരുകളിലായി അവിടെ ചില പഠനകേന്ദ്രങ്ങളും മറ്റുമുണ്ടായിരുന്നു. കാര്യമായ പ്രവർത്തനം ഒന്നിലും നടക്കുന്നുമില്ലായിരുന്നു. മാഷ് വി സി ആയി ചുമതലയേറ്റതിനുപിന്നാലെ അവയെല്ലാം ക്രോഡീകരിച്ച് നവോത്ഥാന പഠനകേന്ദ്രം എന്നൊരു സംവിധാനത്തിന് രൂപംനൽകുകയാണ് ചെയ്തത്.

സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ അധ്യാപകർ ഉൾപ്പെടുന്ന ഒരു സമിതി അതിന്റെ നടത്തിപ്പിനായി രൂപീകരിക്കുകയും ചെയ്തു. രണ്ടുവർഷക്കാലം അതിന്റെ ചുമതലയേറ്റെടുത്ത്‌ പ്രവർത്തിക്കാൻ കഴിഞ്ഞു. ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താനും. സ്വാമി അഗ്നിവേശ്, യോഗേന്ദ്രയാദവ്, എം എസ് വല്യത്താൻ, ടി ജെ എസ് ജോർജ്‌, സുകുമാർ അഴീക്കോട്, രഘുറാംരാജ എന്നിങ്ങനെ അമ്പതോളം പേർ രണ്ടുവർഷക്കാലത്തെ പരിപാടികളിൽ സംബന്ധിക്കുകയും ചെയ്തു.

നവോത്ഥാന പഠനകേന്ദ്രം  സ്വാമി അഗ്നിവേശ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. എസ്‌ ശിവദാസ്‌, ഡോ. ജെ പ്രസാദ്‌,  ഡോ.സുകുമാർ  അഴീക്കോട്‌, ഡോ. എസ്‌ രാജശേഖരൻ എന്നിവർ വേദിയിൽ

നവോത്ഥാന പഠനകേന്ദ്രം സ്വാമി അഗ്നിവേശ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. എസ്‌ ശിവദാസ്‌, ഡോ. ജെ പ്രസാദ്‌, ഡോ.സുകുമാർ അഴീക്കോട്‌, ഡോ. എസ്‌ രാജശേഖരൻ എന്നിവർ വേദിയിൽ

സ്വാമി അഗ്നിവേശാണ് പഠനകേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ദില്ലിയിൽ മാധ്യമ പ്രവർത്തകനും സുഹൃത്തുമായ വെങ്കിടേശ് രാമകൃഷ്ണനാണ് അദ്ദേഹത്തെ പഠനകേന്ദ്രം ഉദ്ഘാടനത്തിനായി ഏർപ്പാടാക്കി തന്നത്. ദില്ലിയിൽ നിന്ന് പുലർച്ചെയുള്ള വിമാനത്തിൽ പുറപ്പെട്ട് പത്തുമണിക്ക് മുമ്പായി അദ്ദേഹം കൊച്ചി എയർപോർട്ടിലെത്തി. ഫിലോസഫി വിഭാഗം അധ്യാപകനായ ഡോ. എബി കോശിക്കൊപ്പമാണ് എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ പോയത്. സർവകലാശാലയിലെത്തി അൽപ്പം വിശ്രമിച്ചതിനുശേഷം അദ്ദേഹം ഉദ്ഘാടന സമ്മേളനത്തിലേക്കെത്തി.

ഗാന്ധിയുടെ ഹിന്ദ്സ്വരാജിന്റെ ശതാബ്ദി വർഷമായിരുന്നു അത്. അതിനെ മുൻനിർത്തിയായിരുന്നു സ്വാമി അഗ്നിവേശിന്റെ പ്രസംഗം. പ്രൊഫ. സുകുമാർ അഴീക്കോട് അടക്കം പലരും ആ വേദിയിലുണ്ടായിരുന്നു. ചെറിയ വാക്യങ്ങളിൽ, സംഭാഷണരൂപത്തിലാണ് സ്വാമി അഗ്നിവേശ് കുട്ടികളോട് സംസാരിച്ചത്.

ഗാന്ധിയുടെ ഹിന്ദ്സ്വരാജിന്റെ ശതാബ്ദി വർഷമായിരുന്നു അത്. അതിനെ മുൻനിർത്തിയായിരുന്നു സ്വാമി അഗ്നിവേശിന്റെ പ്രസംഗം. പ്രൊഫ. സുകുമാർ അഴീക്കോട് അടക്കം പലരും ആ വേദിയിലുണ്ടായിരുന്നു. ചെറിയ വാക്യങ്ങളിൽ, സംഭാഷണരൂപത്തിലാണ് സ്വാമി അഗ്നിവേശ് കുട്ടികളോട് സംസാരിച്ചത്.

ചോദ്യോത്തരങ്ങൾ കൊണ്ട് സദസ്സിനെ അദ്ദേഹം പെട്ടെന്ന് സജീവമാക്കി. സാമൂഹികമായ അനീതികൾക്കും മത വർഗീയതയ്ക്കുമെതിരായ ക്ഷോഭം അവരിലേക്ക് പടരുന്നുണ്ടായിരുന്നു. ഒരുമണിക്കൂറോളം നീണ്ട സംഭാഷണമായിരുന്നു അദ്ദേഹത്തിന്റേത്. അഴീക്കോട് മാഷ് അന്ന് ഏറെ സംസാരിച്ചില്ല. അഗ്നിവേശിനെ കാണാനും ആ സംഭാഷണം കേൾക്കാനുമാണ് താനെത്തിയത് എന്നുപറഞ്ഞ് അദ്ദേഹം അൽപ്പം ചില കാര്യങ്ങൾ മാത്രം പറഞ്ഞു. അഗ്നിവേശിന്റെ പ്രസംഗം മാഷ് ശ്രദ്ധാപൂർവം  കേട്ടിരിക്കുകയായിരുന്നു. നവോത്ഥാനത്തിന്റെ തീ പടർന്ന രണ്ടു മനുഷ്യർ പരസ്പരാദരവോടെ ഒത്തുചേർന്നിരുന്നതിന്റെ പ്രകാശം ആ സന്ദർഭത്തിനുണ്ടായിരുന്നു.

സെമിനാറുകൾ, അനുസ്മരണങ്ങൾ, സ്മാരകപ്രഭാഷണങ്ങൾ, ശിൽപ്പശാലകൾ എന്നിങ്ങനെ പല രൂപത്തിലായിരുന്നു പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ. 'നവോത്ഥാനം' എന്ന വിപുലമായ സങ്കൽപ്പം തരുന്ന സാധ്യതയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പരിപാടികൾ സംവിധാനം ചെയ്തത്. അത് വലിയൊരു ക്യാൻവാസായിരുന്നു. ഗുരുവും അയ്യങ്കാളിയും മുതൽ ആയുർവേദവും ടാഗോറും വരെ പഠനകേന്ദ്രത്തിന്റെ ആലോചനകളുടെ ഭാഗമായി. മിക്കവാറും ഏതു വിഷയത്തോടും സംവദിക്കാൻ കഴിയുന്ന ചരിത്രാനുഭവം എന്നനിലയിൽ നവോത്ഥാനം എന്ന ആശയത്തെ പരമാവധി തുറന്നിട്ടുകൊണ്ടാണ് പഠനകേന്ദ്രത്തിന്റെ പരിപാടികൾ വിഭാവനം ചെയ്തത്. രണ്ടുവർഷക്കാലത്തെ മുപ്പതോളം പരിപാടികളിൽ കേരളത്തിലെ ഒട്ടനവധി പ്രഭാഷകരും എഴുത്തുകാരും സംബന്ധിച്ചു.

എം എൻ കാരശ്ശേരി മാഷ് മുഹമ്മദ് അബ്ദുറഹ്മാൻ പ്രഭാഷണം നടത്തുമ്പോൾ ചരിത്രത്തിന്റെ നാടകീയമായ ഗതിഭേദങ്ങളിലലിഞ്ഞ് സദസ്സ് നിശ്ശബ്ദമായിരുന്നു.

ടാഗോർ സ്മരണയുടെ സന്ദർഭത്തിൽ വി കെ എസ് ഗീതാഞ്ജലിയിലെ ഗീതങ്ങൾ ആലപിച്ചു. ടാഗോർ ഭാവനയുടെ അതുല്യലോകം വി കെ എസിന്റെ മായികമായ സ്വരവുമായി കലർന്ന് സദസ്സിനെ വികാരനിർഭരതയാൽ സ്തബ്ധമാക്കി. അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാൾ തിങ്ങിനിറഞ്ഞിരുന്നു. വി കെ എസിന്റെ ശബ്ദത്തിന്റെ മുഴങ്ങുന്ന ടാഗോറിന്റെ അലൗകിക ഭാവനയുടെ ചിറകടികളല്ലാതെ മറ്റൊന്നും അവിടെയില്ലായിരുന്നു. സമസ്തപ്രപഞ്ചത്തേയും സംവഹിച്ച സംഗീതം മാത്രം

ടാഗോർ സ്മരണയുടെ സന്ദർഭത്തിൽ വി കെ എസ് ഗീതാഞ്ജലിയിലെ ഗീതങ്ങൾ ആലപിച്ചു. ടാഗോർ ഭാവനയുടെ അതുല്യലോകം വി കെ എസിന്റെ മായികമായ സ്വരവുമായി കലർന്ന് സദസ്സിനെ വികാരനിർഭരതയാൽ സ്തബ്ധമാക്കി. അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാൾ തിങ്ങിനിറഞ്ഞിരുന്നു. വി കെ എസിന്റെ ശബ്ദത്തിന്റെ മുഴങ്ങുന്ന ടാഗോറിന്റെ അലൗകിക ഭാവനയുടെ ചിറകടികളല്ലാതെ മറ്റൊന്നും അവിടെയില്ലായിരുന്നു. സമസ്തപ്രപഞ്ചത്തേയും സംവഹിച്ച സംഗീതം മാത്രം.

പഠനകേന്ദ്രത്തിന്റെ നടത്തിപ്പ് രണ്ടു വർഷത്തോളം പിന്നിട്ടപ്പോൾ ഞാൻ ക്ഷീണിതനായി. അധ്യാപക ജോലിയോടൊപ്പം തന്നെയാണ് പഠനകേന്ദ്രത്തിന്റെ നടത്തിപ്പും കൊണ്ടുനടന്നിരുന്നത്. പരിപാടികളുടെ ആസൂത്രണം മുതൽ കണക്കുകൾ സമർപ്പിക്കുന്നത് വരെയുള്ള എണ്ണമറ്റ കാര്യങ്ങൾ ഓരോ പരിപാടികൾക്കൊപ്പവും നടത്തണമായിരുന്നു. ഫണ്ട് അനുവദിക്കുന്നതിനപ്പുറം സർവകലാശാല ഓഫീസ് സംവിധാനങ്ങളൊന്നും ഒരുക്കിയിരുന്നില്ല. പ്രവർത്തകസമിതി അംഗങ്ങളെല്ലാം സഹകരിക്കുമായിരുന്നുവെങ്കിലും എല്ലാവർക്കും അവരുടേതായ വേറെയും ധാരാളം ഉത്തരവാദിത്വങ്ങൾ ഉള്ളവരായിരുന്നു.

യോഗേന്ദ്ര യാദവ്‌, ടി എം യേശുദാസൻ എന്നിവർ നവോത്ഥാന പഠനകേന്ദ്രം സെമിനാറിൽ

യോഗേന്ദ്ര യാദവ്‌, ടി എം യേശുദാസൻ എന്നിവർ നവോത്ഥാന പഠനകേന്ദ്രം സെമിനാറിൽ

രണ്ടുവർഷത്തെ നടത്തിപ്പ് പൂർത്തിയായപ്പോൾ പഠനകേന്ദ്രം ചുമതലയിൽ നിന്നും എന്നെ ഒഴിവാക്കണമെന്ന് വി സിയോട് ഞാൻ ആവശ്യപ്പെട്ടു. പരിപാടികളുടെ പോസ്റ്റർ തയ്യാറാക്കലും അതിഥികളെ ക്ഷണിക്കലും മുതൽ ചായവിതരണവും കണക്കുണ്ടാക്കലും വരെ മിക്കവാറും ഒറ്റയ്ക്കുതന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. അത് ദീർഘകാലം തുടരാവുന്ന ഒരു പ്രവർത്തന രീതിയായി തോന്നിയില്ല. അതുകൊണ്ടാണ് ഞാൻ ഒഴിയണമെന്ന് കരുതിയതും. അപ്പോഴേക്കും വി സിയുടെ ഔദ്യോഗിക കാലാവധി കഴിയാറായിരുന്നുതാനും. മറ്റാരെയെങ്കിലും ചുമതലയേൽപ്പിച്ച് ഉത്തരവിറക്കണമെന്ന് അഭ്യർഥിച്ചുവെങ്കിലും അതുണ്ടായില്ല. നവോത്ഥാന പഠനകേന്ദ്രത്തിന്റെ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്ക് അതോടെ പരിസമാപ്തിയായി!

പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാറുകളിലെ പ്രബന്ധങ്ങൾ സമാഹരിച്ച് 'നവോത്ഥാനപഠനങ്ങൾ' എന്നൊരു ബൃഹദ്പുസ്തകം വിഭാവനം ചെയ്തിരുന്നു. കെ എൻ പണിക്കർ, കേശവൻ വെളുത്താട്ട് എന്നിവർ ഉൾപ്പെടെയുള്ള ഇരുപതോളം പേരുടെ പ്രബന്ധങ്ങൾ സമാഹരിക്കുകയും ചെയ്തിരുന്നു. പഠനകേന്ദ്രം പ്രവർത്തനം നിലച്ചതോടെ അത് നടക്കാതെ പോയി. അതിലെ ചില പ്രബന്ധങ്ങൾ പിന്നീട് മലയാളവിഭാഗം പ്രസിദ്ധീകരിച്ച ഭാവികം എന്ന ജേണലിലൂടെ പ്രകാശിതമായി. നവോത്ഥാന പഠനകേന്ദ്രത്തിന്റെ ഹ്രസ്വജീവിതത്തിന്റെ അവശേഷിക്കുന്ന അടയാളമായി അതു മാത്രം ബാക്കിനിൽക്കുന്നു.

നവോത്ഥാനപഠനകേന്ദ്രം പോലെ മുന്നിൽ നിന്നുപ്രവർത്തിച്ച മറ്റൊരു സംരംഭം വിമർശനാത്മക പഠനസംഘം എന്ന അനൗപചാരിക ഗവേഷക കൂട്ടായ്മയാണ്. സർവകലാശാലയിലെ അധ്യാപകരും ഗവേഷകരും ഉൾപ്പെടുന്ന ഒരുകൂട്ടായ്മ. സർവകലാശാലയിലെ ഗവേഷണപഠനങ്ങളെ ശക്തിപ്പെടുത്തുക എന്ന താത്പ്പര്യമായിരുന്നു മുഖ്യമായും അതിനുപിന്നിൽ. മാസത്തിലെ അവസാന ശനിയാഴ്ചകളിൽ സർവകലാശാലയിൽ ഒത്തുകൂടി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ പ്രവർത്തനരീതി.

മുതിർന്ന പ്രൊഫസർമാർ ഉൾപ്പെടെ നൂറോളം പേർ അതിൽ അംഗങ്ങളായി ഉണ്ടായിരുന്നു. പൂർണരൂപത്തിലുള്ള പ്രബന്ധം കൂട്ടായ്മയിൽ അംഗങ്ങളായ മുഴുവൻ പേർക്കും അവതരണത്തിന് ഒരാഴ്ച മുമ്പുതന്നെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു രീതി. പ്രബന്ധത്തിന്റെ കരട് രൂപം ആ വിഷയത്തിൽ വിദഗ്ധരായ ഒരു സമിതി പരിശോധിച്ച് തിരുത്തലുകൾ നിർദേശിക്കും. ആ തിരുത്തലുകൾ കൂട്ടിച്ചേർത്താണ് അന്തിമരൂപം തയ്യാറാക്കുക. ചർച്ചയിൽ പങ്കുചേരേണ്ട മൂന്ന് പേരെ പ്രത്യേകമായി നിശ്ചയിക്കുകയും ചെയ്യും.

ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രബന്ധാവതരണം. തുടർന്ന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവരുടെ ചർച്ചയും ശേഷം മറ്റുള്ളവരുടെ ചർച്ചയും. അവതാരകയുടെ/അവതാരകന്റെ മറുപടി എന്നിങ്ങനെ മൂന്നു മണിക്കൂറോളം നീളുന്നതായിരുന്നു ഓരോ പ്രബന്ധാവതരണങ്ങളും. മിക്കവാറും അവതരണങ്ങൾക്ക് മുപ്പതോ നാൽപ്പതോ പേർ പങ്കെടുക്കുമായിരുന്നു. പതിനഞ്ചോളം അധ്യാപകരും ബാക്കി ഗവേഷകരും. 2011 മുതൽ നാല് വർഷത്തോളം സർവകലാശാലയിലെ സജീവമായ വൈജ്ഞാനിക സാന്നിധ്യമായി മാറാൻ കൂട്ടായ്മക്ക് കഴിഞ്ഞിരുന്നു.

അധ്യാപകരും ഗവേഷകരും ഉൾപ്പെട്ട ഒരു പ്രവർത്തക സമിതി സജീവമായി ഉണ്ടായിരുന്നു. ഡോ. പി വി നാരായണൻ, ഡോ. ടി എസ് സാജു, ഡോ. ടി മിനി തുടങ്ങിയവർ പലപ്പോഴായി അതിന്റെ സംഘടനാനേതൃത്വം പങ്കുവയ്ക്കുകയും ചെയ്തു. പ്രബന്ധാവതരണങ്ങൾ കൂടാതെ പുസ്തക ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ, സംവാദങ്ങൾ, അനുസ്മരണങ്ങൾ എന്നിങ്ങനെ വിവിധ പ്രകാരങ്ങളിലുള്ള വൈജ്ഞാനിക പ്രവർത്തനങ്ങൾ പഠനസംഘം ഏറ്റെടുത്തു.

ഓരോ പ്രബന്ധാവതരണത്തിനും ചർച്ചയ്ക്കുമായി മൂന്ന് മണിക്കൂറോളം ലഭിക്കുക എന്നത് സാധാരണ നിലയിൽ സർവകലാശാലാ സെമിനാറുകളിൽ സാധ്യമാവുന്ന കാര്യമായിരുന്നില്ല. അര മണിക്കൂറോ അതിലും കുറഞ്ഞ സമയമോ ഒക്കെയാണ് പലപ്പോഴും ലഭിക്കുക. അതിനുപകരം മുതിർന്ന പ്രൊഫസർമാർ ഉൾപ്പെടെയുള്ള സദസിന്റെ ജാഗരുകമായ പരിഗണന മൂന്നുമണിക്കൂറോളം തങ്ങളുടെ പ്രബന്ധത്തിന് ലഭിക്കുക എന്നത് ഗവേഷകരെ സംബന്ധിച്ചിടത്തോളം വലിയ സാധ്യതകളിലൊന്നായിരുന്നു. സർവകലാശാലയിലെ പഠനഗവേഷകരുടെയും ഗവേഷണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും പൂർത്തിയിലെത്തിക്കുന്നതിനും ആ അവതരണങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നതായി അവരിൽ പലരും പിന്നീട് സംഭാഷണമധ്യേ പറയുന്നത് സന്തോഷത്തോടെയാണ് കേട്ടിട്ടുള്ളത്. പ്രതിമാസ സെമിനാറുകളിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ ഉൾപ്പെടുത്തി 'വിമർശനാത്മക പഠനങ്ങൾ' എന്ന ഗ്രന്ഥം പഠനസംഘം പ്രസിദ്ധീകരിക്കുകയുണ്ടായി.

സ്‌കറിയ സക്കറിയ, ഷാജി ജേക്കബ്‌, എൻ അജയകുമാർ, കെ വി ദിലീപ്‌കുമാർ, പി പവിത്രൻ എന്നിവർക്കൊപ്പം

സ്‌കറിയ സക്കറിയ, ഷാജി ജേക്കബ്‌, എൻ അജയകുമാർ, കെ വി ദിലീപ്‌കുമാർ, പി പവിത്രൻ എന്നിവർക്കൊപ്പം

കാൽനൂറ്റാണ്ട് പിന്നിട്ട സംസ്കൃത സർവകലാശാലയുടെ ചരിത്രത്തിലെ ഹൃദ്യവും അനന്യവുമായ സൗഹൃദഭാവത്തിന്റെയും വൈജ്ഞാനിക സാഹോദര്യത്തിന്റെയും അടയാളമായിരുന്നു അത്. 2011 ൽ നിലവിൽ വന്ന് നാലഞ്ച് വർഷം കഴിഞ്ഞപ്പോഴേക്കും അത് ക്ഷീണിച്ചു തുടങ്ങിയിരുന്നു. പഠനഗ്രന്ഥത്തിന്റെ പ്രകാശനത്തോടെ അതിന് പരിസമാപ്തിയാകുകയും ചെയ്തു. എങ്കിലും 'കാലംകുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം' എന്ന കവിവാക്യത്തെപ്പോലെ വിമർശനാത്മക പഠനസംഘം സർവകലാശാല ജീവിതത്തിലെ തേജസ്സുറ്റ ഓർമകളിലൊന്നായി അവശേഷിക്കുന്നു.

കാലടി ജീവിതത്തിന്റെ മറ്റൊരാധാരം ചാനൽ ജി എന്ന സ്ഥാപനമാണ്. എന്റെയും മലയാള വിഭാഗത്തിന്റെയും എന്നുമാത്രമല്ല, സർവകലാശാലയിലെ എത്രയോ പഠനവിഭാഗങ്ങളുടെ ധൈഷണിക‐അക്കാദമിക ജീവിതത്തിന്റെ അടിപ്പടവുകളിലൊന്നാണത്. ശ്രീകുമാർ അതാരംഭിച്ചത് ഒന്നര പതിറ്റാണ്ടിനപ്പുറത്താണ്. പിന്നീട് ശ്രീകുമാർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപകനായപ്പോൾ ബീന അതേറ്റെടുത്തു നടത്താൻ തുടങ്ങി. അടുത്തിടെ ശ്രീകുമാർ മലയാളം സർവകലാശാലയിലെ പബ്ലിക്കേഷൻ ഓഫീസറായി അവിടേക്ക് പോവുകയും ചെയ്തു. നാനാതരം എഴുത്തുകളുടെ ടൈപ്പ് സെറ്റിങ് ഇത്ര കൃത്യമായും ഫലപ്രദമായും നടന്നത് അവരുണ്ടായതുകൊണ്ടാണ്. പറവൂരിൽ ബിജുവും ശശിമാഷുമെന്നപോലെ കാലടിയിൽ തുണയായത് ശ്രീകുമാറും ബീനയുമാണ്. അവരില്ലായിരുന്നുവെങ്കിൽ എഴുത്തുജീവിതം എത്രയോ കുറയുമായിരുന്നു.

എന്റെ മാരകമായ കൈയക്ഷരം അഴിച്ചെടുത്ത് അവർ വൃത്തിയായി ടൈപ്പ് ചെയ്യും. തെറ്റിച്ച് എഴുതിപ്പോകുന്ന വാക്കും വരിയും വരെ കൃത്യമായി ടൈപ്പ് ചെയ്തു തരും. ജോലി എന്നതിനപ്പുറം സ്വന്തം കാര്യം എന്ന കരുതലോടെയാണ് ബിജുവും ശശിമാഷും ബീനയുമെല്ലാം അത് ചെയ്തുതരാറുള്ളത്. പിറകോട്ടു നോക്കുമ്പോൾ എന്റെ എഴുത്തുജീവിതത്തിന് പിന്നിലെ ഏറ്റവും വലിയ ബലവും അവരുടെ സ്നേഹമാണെന്നു മനസ്സിലാകുന്നു.

സർവകലാശാലാ ജീവിതത്തിന് കാൽ നൂറ്റാണ്ട് തികയുന്നു. തൊഴിലിടം എന്നതിനപ്പുറം ജീവിതത്തിന്റെ അടിപ്പടവായി അത് ഇതിനകം മാറിത്തീർന്നിട്ടുണ്ട്. ജീവിതപ്രവാഹത്തിന്റെ അരങ്ങ് എന്നെ സംബന്ധിച്ചിടത്തോളം മുഖ്യമായും ഇതായിരുന്നു. അതിപ്രതാപങ്ങളൊന്നുമില്ലാത്ത സൗമ്യവും വിനീതവുമായ ഒരു സ്ഥലരാശി. ഞങ്ങളൊരുപാടു പേരുടെ ജീവിതത്തിന്റെ ആഹ്ലാദവിഷാദങ്ങൾ പൂത്തുകൊഴിഞ്ഞത് ഇവിടെയാണ്. ഇനി വരാനിരിക്കുന്ന എത്രയോ പേരുടെയും.

ചില പ്രഭാതങ്ങളിൽ ഞാൻ കാലടിയിൽ നേരത്തെയെത്തും. ക്യാമ്പസ്‌ ഉണർന്നുവരുന്നതേയുണ്ടാവൂ. മെയിൻ ഗേറ്റിന് മറുപുറത്തുള്ള പഴയ ഗേറ്റിനരികിലൂടെയാണ് പുറത്ത് ചായ കുടിക്കാൻ പോവുക. തിരിച്ചുവരുമ്പോൾ വഴി നിറയെ കൊഴിഞ്ഞ പൂക്കളും ഇലകളും കാണാം. കാലത്തിന്റെ അടയാളവാക്യങ്ങൾ പോലെ അവ കാത്തുകിടക്കും. അതിനിടയിലൂടെയാണ് ഡിപ്പാർട്‌മെന്റിലേക്ക് തിരിച്ചെത്തുക. കാൽനൂറ്റാണ്ട് തികയുന്ന ഒരു ജീവിതയാത്രയുടെ വിരലടയാളങ്ങൾ പോലെ ആ പൂക്കൾ ഓർമയിൽ കുടിയേറിയിരിക്കുന്നു..

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top