14 August Sunday

വിഷാദത്തിന്റെ തീവണ്ടികൾ ...സുനിൽ പി ഇളയിടത്തിന്റെ പംക്തി പത്തൊൻപതാം ഭാഗം

സുനിൽ പി ഇളയിടംUpdated: Monday Jun 20, 2022

ഫോട്ടോ: ജഗത്‌ലാൽ

ഇന്ത്യൻ ജീവിതത്തിൽ തീവണ്ടികൾ കൊണ്ടുവരാനിരിക്കുന്ന വിപ്ലവകരമായ പരിവർത്തനം ഏറ്റവുമാദ്യം തിരിച്ചറിഞ്ഞ ആളുകളിലൊരാൾ കാൾ മാർക്സ് ആയിരുന്നു. 1853‐ൽ നിത്യജീവിതത്തിനുള്ള വക കണ്ടെത്തുന്നതിനായി ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യൂണിൽ എഴുതിയ ലേഖനങ്ങളിൽ അദ്ദേഹം ഇന്ത്യൻ ജീവിതത്തിന്റെ നാനാവിതാനങ്ങളെക്കുറിച്ച് തുടർച്ചയായി പ്രതിപാദിക്കുന്നുണ്ടായിരുന്നു.

സുനിൽ പി ഇളയിടം

സുനിൽ പി ഇളയിടം

വിദ്യാർഥി ജീവിത കാലത്തിന്റെ അവസാന വേളകളിലെപ്പോഴോ ആണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഗസൽ’ വായിച്ചത്. മനുഷ്യജീവിതവും സംഗീതവും കാലവും കൈകോർക്കുന്ന അതുല്യമായ ഭാവപ്രപഞ്ചം അതിൽ ചിറകടിക്കുന്നുണ്ടായിരുന്നു. കവി എഴുതിയതുപോലെ വൈഷാദികവൈഖരി. ദേശാടനപക്ഷികൾ ധിമിധിമിക്കുന്ന തബല. പ്രവാഹകാളിയായ കാലത്തെപ്പോലെ ഒഴുകുന്ന സംഗീതം. ഗായകനും കേൾവിക്കാരും ഗാനശാലയും വെന്തുമായുന്ന നിശാതലം. സ്വപ്നസന്നിഭമായ രാത്രിയിലൂടെ ഒഴുകിയെത്തുന്ന പ്രാക്തനഭംഗികളുടെ അതുല്യലോകം ആ കവിതയിലുണ്ടായിരുന്നു. ആദ്യവായനയിൽ തന്നെ അത് ഞങ്ങളുടെ തലമുറയെ കീഴടക്കി.

പിന്നീടെപ്പോഴോ ആണ് ചുള്ളിക്കാട് ഗസൽ ആലപിക്കുന്നത് കേൾക്കാനിടയായത്.

ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാട്

മനുഷ്യവംശചരിത്രത്തിന്റെ ഗഹനതയത്രയും നിറയുന്ന മുഴങ്ങുന്ന ശബ്ദത്തിൽ ബാലചന്ദ്രൻ ആലപിച്ച ഗസലിന്റെ വരികളിൽ മാസ്മരികതയുടെ നിറം കലർന്നിരുന്നു. കാലത്തിന്റെ പാളങ്ങളിലൂടെ ഇരമ്പിനീങ്ങുന്ന തീവണ്ടിയുടെ ചിത്രം അതിലുണ്ടായിരുന്നു:

‘കലണ്ടറിൻ ജനലിൽക്കൂടി കാണാം.
സഹസ്രദിന ചക്രചാരിയായി
നെറ്റിക്കണ്ണിൽ ജ്വലിക്കുമാപൽദ്യുതിയോടെ
ലോഹാന്ധ ഗർഭശ്രേണി നിറയെശ്ശവങ്ങളെ വഹിച്ച്
നദികൾ, തുരങ്കങ്ങൾ, നാടുകൾ, നഗരങ്ങൾ
ഭാഷകൾ, മൃൺമയ ശതാബ്ദങ്ങൾ
പിന്നിട്ടു കൂവിപ്പായുന്ന തീവണ്ടി’

തീവണ്ടിയുടെ ഘനവേഗത്തിൽ ചരിത്രത്തിന്റെ ഇരമ്പൽ കേട്ടു തുടങ്ങിയതപ്പോഴാണ്. പിന്നീടെല്ലാ തീവണ്ടി യാത്രകളും ഈ വരികൾ ഓർമയിൽ കൊണ്ടുവന്നു. വഴികൾക്കും തെരുവുകൾക്കും പാടപ്പരപ്പുകൾക്കും നദികൾക്കും കുറുകെ പായുന്ന തീവണ്ടിയിലിരുന്ന് അരികിൽ കാണുന്ന മനുഷ്യരിലേക്കും അവരുടെ ജീവിത പ്രയാണങ്ങളിലേക്കും നോക്കുമ്പോഴെല്ലാം കാലത്തിന്റെ പാളങ്ങളിലൂടെ കൂവിപ്പായുന്ന തീവണ്ടി എന്ന അസാധാരണമായ കല്പന കൂടെയുണ്ടായിരുന്നു. പിന്നീട് പല പ്രകാരങ്ങളിലും തീവണ്ടി ജീവിത രൂപകമായി. പ്രണയവും മരണവുമെല്ലാം അതിന്റെ വാങ്മയങ്ങളായി.

‘ഏതുവണ്ടിയേറി നിഗൂഢം
നീയകന്നു മറഞ്ഞാലും
പാഞ്ഞു പോകുമെതിർ വണ്ടി‐
ച്ചൂളമായ് വന്നുണർത്തും ഞാൻ’

അനിത തമ്പി, പി പി രാമചന്ദ്രൻ, അൻവർ അലി

അനിത തമ്പി, പി പി രാമചന്ദ്രൻ, അൻവർ അലി

എന്ന് അനിത തമ്പി എഴുതിയത് പലയിടങ്ങളിലും ഉദ്ധരിച്ചു. പി പി രാമചന്ദ്രനും അൻവർ അലിയും എല്ലാം കവിതയിലെ തീവണ്ടികളിലൂടെ പുതിയ കാലത്തിന്റെ പ്രകാരങ്ങളെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. പുസ്തകങ്ങളിൽ ഇന്ത്യൻ റെയിൽവേയുടെ ചരിത്രം ഒരുപാട് വായിച്ചു. ബിബേക് ദിബ്രോയ് (Indian Railways: The Weaving of a National Tapestry) മുതൽ ഇയാൻ കെറും (Building the Railways of the Raj 1850- 1900) മരിയൻ ആഗ്വയ്റും (Tracking Modernity: India’s Railway and the Culture of Mobility) വരെയുള്ളവരുടെ പലതരം പഠനങ്ങൾ കാണാനും ചിലതെല്ലാം വായിക്കാനും ഇടയായി. തീവണ്ടി ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മഹാരൂപകങ്ങളിലൊന്നാണെന്ന് അവ പറഞ്ഞുകൊണ്ടേയിരുന്നു. ആധുനിക മനുഷ്യവംശത്തിന്റെ ചരിത്രം യാത്രയുടെ കൂടി ചരിത്രമാണെന്ന ധാരണ ഉറച്ചതങ്ങനെയാണ്. ചരിത്രത്തിലൂടെ ഇരമ്പിനീങ്ങുന്ന തീവണ്ടികളെക്കുറിച്ചു മുതൽ തീവണ്ടി എന്ന മലയാള വാക്കിന്റെ ഹൃദ്യത വരെ അതേക്കുറിച്ചുള്ള പലതരം വിചാരങ്ങൾ ആലോചനകളുടെ ഭാഗമായി.

ഒന്ന്

ആധുനികത (Modernity) ഇന്ത്യയിലെത്തിയത് തീവണ്ടി കയറിയാണ്. അത് അകലങ്ങളെ തമ്മിലിണക്കി. അതോടെ യാത്രയും വാർത്താവിനിമയവും കച്ചവടവും എല്ലാം അക്കാലം വരെയുള്ളതിനേക്കാൾ എളുപ്പമായി. അതിവിദൂരമായിരുന്ന ദേശങ്ങൾ, ഇന്ത്യയിലെ വലിയൊരു വിഭാഗം മനുഷ്യർക്ക്, എത്തിപ്പെടാവുന്ന അകലങ്ങളായി. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ചിതറിത്തെറിച്ച ജനങ്ങളും പ്രദേശങ്ങളും തീവണ്ടിപ്പാതകളാൽ തമ്മിലിണക്കപ്പെട്ടു. തങ്ങൾ ഒരുമിച്ചു കഴിയുന്നവരാണ് എന്ന പുതിയ ജീവിതബോധത്തിന്റെ പിറവികൂടിയായിരുന്നു അത്. ചരക്കുകൾക്കും ആളുകൾക്കും ആധുനികതയ്ക്കും ഒപ്പം ദേശീയതയും തീവണ്ടി കയറി വന്നു.

ഫോട്ടോ: ജഗത്‌ലാൽ

ഫോട്ടോ: ജഗത്‌ലാൽ

ഇന്ത്യൻ ജീവിതത്തിൽ തീവണ്ടികൾ കൊണ്ടുവരാനിരിക്കുന്ന വിപ്ലവകരമായ പരിവർത്തനം ഏറ്റവുമാദ്യം തിരിച്ചറിഞ്ഞ ആളുകളിലൊരാൾ കാൾ മാർക്സ് ആയിരുന്നു. 1853‐ൽ നിത്യജീവിതത്തിനുള്ള വക കണ്ടെത്തുന്നതിനായി ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യൂണിൽ എഴുതിയ ലേഖനങ്ങളിൽ അദ്ദേഹം ഇന്ത്യൻ ജീവിതത്തിന്റെ നാനാവിതാനങ്ങളെക്കുറിച്ച് തുടർച്ചയായി പ്രതിപാദിക്കുന്നുണ്ടായിരുന്നു. 1853 ആഗസ്ത്‌ 8ന് പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങൾ’ ( The Future Results of British Rule in India) എന്ന പ്രസിദ്ധമായ ലേഖനത്തിൽ മാർക്സ് എഴുതി:

‘തീവണ്ടിയന്ത്രം ആവശ്യപ്പെടുന്ന ആസന്നവും അതിവിപുലവുമായ വ്യാവസായിക പ്രക്രിയകൾ കൂടി അവതരിപ്പിച്ചു കൊണ്ടല്ലാതെ, വിശാലമായ ഒരു ഭൂപ്രദേശത്ത് റെയിൽ ശൃംഖല നിലനിർത്തുക സാധ്യമല്ല. ഇതിന്റെ ഫലമായി റെയിൽവേയുമായി നേരിട്ട് ബന്ധമില്ലാത്ത യന്ത്രമേഖലകളുടെ ഉപയോഗവും അവിടെ വളർന്നുവരും. അതുകൊണ്ട്, റെയിൽവേ സംവിധാനം ഇന്ത്യയിൽ ആധുനിക വ്യവസായത്തിന്റെ പൂർവഗാമിയായിത്തീരും.’

1853 ആഗസ്ത്‌ 8നാണ് ഇത് അച്ചടിച്ചു വന്നതെങ്കിലും മാർക്സ് ഇങ്ങനെ എഴുതിയത് 1853 ജൂലൈ 22‐നാണ്.

 കാൾ മാർക്സ്

കാൾ മാർക്സ്

അപ്പോഴേക്കും ഔദ്യോഗിക ചരിത്രമനുസരിച്ച് ഇന്ത്യയിൽ റെയിൽവേയുടെ തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 1853 ഏപ്രിൽ 16ന് ഉച്ചയ്ക്ക് 3.30ന് പഴയ ബോംബെയിലെ ബോറിബന്ദറിൽനിന്ന് താനെയിലേക്ക് 400 അതിഥികളുമായി, ഇരുപത്തിയൊന്ന് ആചാരവെടികളുടെ അകമ്പടിയോടെ, തുടങ്ങിയ തീവണ്ടിയാത്രയാണ് ഇന്ത്യയിൽ റെയിൽവേയുടെ ഔദ്യോഗികമായ പ്രാരംഭമുഹൂർത്തം. (ഇക്കാര്യത്തിന്റെ വിശദാംശങ്ങളിൽ ചില അഭിപ്രായഭേദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ് ഔദ്യോഗികം എന്ന് എടുത്തുപറയുന്നത്). അവിടെനിന്നും ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോൾ റെയിൽവേ ആധുനിക ഇന്ത്യയുടെ സിരാപടലം പോലെയായി. പ്രണയം മുതൽ പ്രതിരോധം വരെ ഇന്ത്യൻ ജനതയുടെ സമസ്ത ആവിഷ്കാരങ്ങളിലൂടെയും തീവണ്ടികൾ ഓടിക്കൊണ്ടിരുന്നു.

ഇന്ത്യൻ റെയിൽവേയുടെ ഈ വിസ്തൃത സഞ്ചാരത്തിന്റെ കഥ പറയുന്ന ഒരു ഗ്രന്ഥം അടുത്തകാലത്ത് വായിക്കാനിടയായി. ബിബേക് ദിബ്രോയ്, സഞ്ജയ് ഛദ്ദ, വിദ്യാ കൃഷ്ണമൂർത്തി എന്നിവർ ചേർന്നെഴുതിയ ഇന്ത്യൻ റെയിൽവേ: ഒരു ദേശീയ ചിത്രകമ്പളത്തിന്റെ തുന്നിയെടുക്കൽ ((Indian Railways: The Weaving of a National Tapestry) എന്ന ഗ്രന്ഥം.

പ്രമുഖ പ്രസാധകരായ പെൻഗ്വിൻ ബുക്സ് പുറത്തു കൊണ്ടുവരുന്ന ‘ഇന്ത്യൻ വ്യാപാരത്തിന്റെ കഥ’ (The Story of Indian Business) എന്ന ഗ്രന്ഥപരമ്പയുടെ ഭാഗമായി 2017‐ൽ പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഈ പുസ്തകം. ആസൂത്രണ കമ്മീഷന് പകരമായി രൂപീകരിച്ച നീതി ആയോഗിലെ അംഗങ്ങളിലൊരാളാണ് ഈ ഗ്രന്ഥത്തിന്റെ മുഖ്യരചയിതാവായ ബിബേക് ദിബ്രോയ്. (മഹാഭാരതത്തിന് 2014‐ൽ‐ഒരു സമ്പൂർണ ഇംഗ്ലീഷ് വിവർത്തനം തയ്യാറാക്കി അദ്ദേഹം പെൻഗ്വിൻ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്).

ഇന്ത്യൻ റെയിൽവേയുടെ പുനഃസംഘാടനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ബിബേക് ദിബ്രോയിയും ആ കമ്മിറ്റിയിലെ മറ്റൊരു അംഗമായ സഞ്ജയ് ഛദ്ദയും ഗവേഷണ സഹായിയായ വിദ്യാകൃഷ്ണമൂർത്തിയും ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലേക്ക് എത്തുന്നത്. അവരുടെ പഠന റിപ്പോർട്ടിന്റെ ഫലം എന്തുതന്നെയായാലും, അത് അവരിൽ ജനിപ്പിച്ച, ഇന്ത്യൻ റെയിൽവേയെക്കുറിച്ചുള്ള ചരിത്രകൗതുകം വലിയ സദ്ഫലമാണ് ഉളവാക്കിയത്. അതിന്റെ അത്യന്തം ഹൃദ്യമായ സാക്ഷ്യമാണാ ഗ്രന്ഥം.

യാത്രകളും ചരക്കുകൈമാറ്റവും മുതൽ ദേശീയമായ സ്ഥലാവബോധത്തിന്റെ നിർമാണ സാമഗ്രി വരെയായി നിലകൊണ്ട ഇന്ത്യൻ റെയിൽവേയുടെ ചരിത്ര ജീവിതത്തിലൂടെയുള്ള സുഗമമായ ഒരു സഞ്ചാരത്തിനാണ് ഈ ഗ്രന്ഥം നമ്മെ ക്ഷണിക്കുന്നത്. ഇങ്ങനെയൊരു പുസ്തകത്തിൽ നാം സ്വാഭാവികമായി പ്രതീക്ഷിക്കുന്ന റെയിൽവേയുടെ സ്ഥാപനത്തിന്റെയും വ്യാപനത്തിന്റെയും കഥകൾപോലെ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നാൾവഴികളിൽ റെയിൽവേ എങ്ങനെ അതിനായി ഉപയോഗിക്കപ്പെട്ടു എന്നതിന്റെ വിവരണങ്ങളും നമുക്കിതിൽ വായിക്കാം. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ചങ്ങലവലിച്ച് ട്രെയിനുകൾ നിർത്തിയതു മുതൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമിയുടെ നേതാവായ രാംപ്രസാദ് ബിസ്മലിന്റെ നേതൃത്വത്തിൽ നടന്ന കക്കോരി തീവണ്ടിക്കൊള്ള വരെയുളള നിരവധി പ്രക്ഷോഭ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ. ആ നിലയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ അലയടിക്കുന്ന ഇന്ത്യൻ ജീവിതത്തിന്റെ രേഖാചിത്രം കൂടിയായി െറയിൽവേയുടെ ചരിത്രം പരിണമിക്കുന്നു.

1830‐കളിലെ പ്രാരംഭം മുതൽ 1947‐ലെ സ്വാതന്ത്ര്യപ്രാപ്തി വരെയുള്ള ഒരു നൂറ്റാണ്ടിലധികം വരുന്ന കാലയളവിലെ ഇന്ത്യൻ റെയിൽവേയുടെ ചരിത്രജീവിതമാണ് ബിബേക് ദിബ്രോയിയുടെ കൃതി അനാവരണം ചെയ്യുന്നത്.

1830‐കളിലെ പ്രാരംഭം മുതൽ 1947‐ലെ സ്വാതന്ത്ര്യപ്രാപ്തി വരെയുള്ള ഒരു നൂറ്റാണ്ടിലധികം വരുന്ന കാലയളവിലെ ഇന്ത്യൻ റെയിൽവേയുടെ ചരിത്രജീവിതമാണ് ബിബേക് ദിബ്രോയിയുടെ കൃതി അനാവരണം ചെയ്യുന്നത്. 1830‐കളിൽ നടക്കുന്ന ചിതറിയ രൂപത്തിലുള്ള പ്രാരംഭം, 1840‐കളിൽ അരങ്ങേറിയ സംവാദങ്ങളും വിലയിരുത്തലുകളും, പിന്നാലെ പത്തൊമ്പതാം ശതകത്തിന്റെ രണ്ടാം പകുതിയിൽ അരങ്ങേറിയ വിപുലീകരണ‐വ്യാപനശ്രമങ്ങൾ, 1880‐90കളിലെ ദൃഢീകരണം, ഇരുപതാം ശതകത്തിലരങ്ങേറിയ റെയിൽവേ ബോർഡ് രൂപീകരണവും അതിന്റെ പിൽക്കാലവും എന്നിങ്ങനെയാണ് അധ്യായങ്ങൾ.

ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷൻ 1959ൽ

ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷൻ 1959ൽ

വസ്തുതാവിവരണങ്ങൾക്കപ്പുറം ജീവിതനാടകങ്ങൾ എന്ന നിലയിൽ, ഉപകഥകളും അനുബന്ധങ്ങളും ധാരാളമായി കൂട്ടിയിണക്കപ്പെട്ട ഒരു ആഖ്യാനരീതി. അതുകൊണ്ടുതന്നെ ആധുനിക ഇന്ത്യാചരിത്രത്തിൽ പരമപ്രാധാന്യമുള്ള ഒരു സ്ഥാപനത്തിന്റെ ചരിത്രമായിരിക്കെത്തന്നെ അത്യന്തഹൃദ്യമായ ഒരു വായനാനുഭവമായും ഈ കൃതി മാറിത്തീർന്നിരിക്കുന്നു. അതിലൂടെ കടന്നുപോകുമ്പോൾ തീവണ്ടിയുടെ മന്ദവും ചടുലവുമായ താളംപോലെ ഇന്ത്യൻ ജീവിതത്തിന്റെ ഗതിഭേദങ്ങൾ മുന്നിലെത്തുന്നുണ്ടായിരുന്നു. ലക്ഷോപലക്ഷം മനുഷ്യർ ഇന്ത്യ എന്ന വിസ്തൃതദേശത്തിന്റെ മുക്കിലും മൂലയിലുമായി, ഇരുമ്പുപാളങ്ങളിൽ പരസ്പരം കൂട്ടിയിണക്കപ്പെടുകയും അഴിഞ്ഞുമാറുകയും ചെയ്യുന്ന ചിത്രം. ഇന്ത്യൻ ജീവിതത്തിന്റെ അത്രത്തോളം ചലനാത്മകവും സജീവവുമായ ജീവിതചിത്രങ്ങൾ വേറെ ഉണ്ടാവുമോ എന്നാലോചിച്ചിട്ടുണ്ട്. സംശയമാണ്.

രണ്ട്

തീവണ്ടിയാത്രകൾ സ്ഥിരമായത് കാലടിയിൽ നിന്നു കൊയിലാണ്ടിയിലേക്ക് സ്ഥലംമാറ്റമായതോടെയാണ്. 1998‐ൽ സംസ്കൃതസർവകലാശാലയിൽ ചേർന്നതു മുതൽ കാലടി മുഖ്യകേന്ദ്രത്തിലായിരുന്നു ജോലി ചെയ്തത്. രാവിലെ ഏഴരയോടെ വീട്ടിൽ നിന്നിറങ്ങി വൈകുന്നേരം ആറുമണിയോടെ മടങ്ങിയെത്തുന്ന ദിവസങ്ങൾ. അന്ന് പ്രസംഗയാത്രകളും മറ്റും ഇന്നത്തേതു പോലെയില്ല. എണ്ണം കുറവ്. ഉള്ളവ മിക്കവാറും ചുറ്റുവട്ടങ്ങളിലൊക്കെത്തന്നെയായിരുന്നു താനും. 2004 പകുതിയോടെ കൊയിലാണ്ടിയിലേക്ക് മാറിയതോടെ പ്രസംഗങ്ങൾ കുറഞ്ഞു. യാത്രകൾ പതിവായി.

ആദ്യഘട്ടത്തിൽ യാത്രകൾ ബസ്സിലായിരുന്നു. ആറേഴുമണിക്കൂർ നീളുന്ന യാത്രയുടെ ക്ഷീണമാണ് ട്രെയിനിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. അന്ന് തീവണ്ടി യാത്രകൾ കാര്യമായി പരിചിതമായിട്ടില്ല. തിരുവനന്തപുരത്തേക്കുള്ള ചുരുക്കം ചില യാത്രകൾക്ക് ഞാൻ തീവണ്ടിയെ ആശ്രയിച്ചില്ല. മിക്കവാറും ബസ്‌. കേരളത്തിനു പുറത്തേക്കും മറ്റും നടത്തിയ അപൂർവം ചില യാത്രകളാണ് തീവണ്ടിയിൽ നടത്തിയത്. അതുകൊണ്ട് തീവണ്ടിയാത്ര പരിചിതാനുഭവമായിരുന്നില്ല.

കൊയിലാണ്ടിയിലേക്കുള്ള സ്ഥലംമാറ്റം ഇതിലാകെ മാറ്റം വരുത്തി. ആദ്യത്തെ മൂന്നുമാസത്തോളം പിന്നിട്ടപ്പോൾ ആഴ്ചതോറുമുള്ള പോക്കുവരവുകൾ തീവണ്ടിയിലാക്കി. ഞായറാഴ്ച വൈകുന്നേരം പുറപ്പെട്ട്, വെള്ളിയാഴ്ച മടങ്ങും. ഒരു ദിശയിലേക്ക് ആറു മണിക്കൂറോളം നീളുന്ന യാത്ര. അതൊരു പുതിയ പതിവായി. അനുഭവങ്ങളുടെ പുതിയൊരു പടവിലേക്ക് ആ തീവണ്ടികൾ ഓടിക്കയറാൻ തുടങ്ങി. ചില ദിവസങ്ങളിൽ എറണാകുളത്തുനിന്നും മറ്റുചില ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന കണ്ണൂർ വണ്ടിയിലായിരുന്നു കൊയിലാണ്ടിയിലേക്കുള്ള യാത്ര. അന്ന് ഓൺലൈൻ ബുക്കിങ് സംവിധാനങ്ങൾ ഒന്നുമില്ല.

ഫോട്ടോ.ശിവപ്രസാദ് എം എ

ഫോട്ടോ.ശിവപ്രസാദ് എം എ

സ്റ്റേഷനിൽ ചെന്ന് ക്യൂ നിന്നോ ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യണം. അതുകൊണ്ടുതന്നെ റിസർവേഷനൊന്നും ഇല്ലാത്ത യാത്രയായിരുന്നു ഏറിയപങ്കും. ആലുവയിൽ നിന്ന് കയറുമ്പോൾ വണ്ടി ഒട്ടൊക്കെ നിറഞ്ഞിട്ടുണ്ടാവും. ആദ്യത്തെ ചില യാത്രകൾ കഴിഞ്ഞപ്പോഴാണ് ഏറ്റവും മുന്നിലെ കമ്പാട്ടുമെന്റുകളിൽ കയറിയാൽ സീറ്റു കിട്ടാനിടയുണ്ട് എന്ന് മനസ്സിലായത്. വണ്ടി വന്നുനിൽക്കുമ്പോൾ തന്നെ കയറും. അതിന് കുറച്ചൊരു മെയ്വഴക്കം വേണം. ആദ്യത്തെ ചില യാത്രകൾകൊണ്ടുതന്നെ അതു കൈവന്നു. മിക്കവാറും ദിവസങ്ങളിൽ ആലുവയിൽ നിന്നു തന്നെ സീറ്റു കിട്ടി. അല്ലെങ്കിൽ തൊട്ടടുത്ത സ്റ്റേഷനുകളിൽ നിന്ന്.

കൊയിലാണ്ടിയിലേക്കുള്ള യാത്രകളാണ് തീവണ്ടിയാത്രയെ പ്രിയപ്പെട്ടതാക്കിയത്. യാത്രയുടെ ആദ്യത്തെ അരമണിക്കൂറിനുള്ളിൽ വണ്ടിയുടെ താളവുമായി ഒരു ലയം കൈവരും. പതിയെപ്പതിയെ ആടിയും ഉലഞ്ഞുമുള്ള യാത്രയുടെ ഗതിവേഗവുമായി ഇണക്കത്തിലാവും. മിക്ക ദിവസങ്ങളിലും യാത്ര തുടങ്ങി ഏറെ വൈകാതെ വായനയിലേക്ക് കടക്കും. അങ്ങോട്ടും ഇങ്ങോട്ടുമായി പന്ത്രണ്ടു മണിക്കൂറോളം നീളുന്ന യാത്രയിൽ എട്ടോ ഒൻപതോ മണിക്കൂറുകൾ വായനയ്ക്കായി കിട്ടിയിരുന്നു. അത് താരതമ്യേന വലിയ സമയമായിരുന്നു. ചില ദിവസങ്ങളിൽ അങ്ങോട്ടുള്ള യാത്രയിൽ തന്നെ ഒരു നോവൽ മുഴുവനായി വായിച്ചു തീരും. വലിയ കൃതികളാണെങ്കിൽ മടക്കയാത്ര കൂടി വേണ്ടി വന്നേക്കും. ഒരു ആഴ്ചയിലെ യാത്രകൊണ്ട് ഒന്നോ രണ്ടോ പുസ്തകങ്ങൾ വായിച്ചു തീർക്കാനായി. മൂന്നു വർഷം നീണ്ട കൊയിലാണ്ടി യാത്രകൾക്കിടയിൽ നൂറോളം പുസ്തകങ്ങളെങ്കിലും അങ്ങനെ വായിക്കാനായി. വായനയ്ക്ക് ഏറ്റവും ഗതിവേഗം കൈവന്ന കാലവുമായിരുന്നു അത്.

തീവണ്ടി മുറിയിലെ ജനറൽ കമ്പാർട്ടുമെന്റിലെ വായനകൾ എനിക്ക് ഗാഢമായ അനുഭവമായിരുന്നു.

ലോകജീവിതത്തിന്റെ പരിച്ഛേദം പോലെയാണ് ജനറൽ കമ്പാർട്ടുമെന്റുകൾ. നാനാതരം മനുഷ്യർ. ഇരിപ്പിടത്തിനായുള്ള തിരക്കുകൂട്ടലുകൾ. മൂന്നുപേർക്കുള്ള ഇരിപ്പിടത്തിൽ അഞ്ചുപേർ ചേർന്ന് ഞെരിഞ്ഞമർന്നുള്ള ഇരിപ്പുകൾ. കുട്ടികളുടെ കരച്ചിൽ. ഒപ്പമുള്ളവരുടെ വർത്തമാനങ്ങൾ. ജനലിലൂടെ ചാഞ്ഞുവീഴുന്ന വെളിച്ചവും മഴത്തുള്ളികളും..

ലോകജീവിതത്തിന്റെ പരിച്ഛേദം പോലെയാണ് ജനറൽ കമ്പാർട്ടുമെന്റുകൾ. നാനാതരം മനുഷ്യർ. ഇരിപ്പിടത്തിനായുള്ള തിരക്കുകൂട്ടലുകൾ. മൂന്നുപേർക്കുള്ള ഇരിപ്പിടത്തിൽ അഞ്ചുപേർ ചേർന്ന് ഞെരിഞ്ഞമർന്നുള്ള ഇരിപ്പുകൾ. കുട്ടികളുടെ കരച്ചിൽ. ഒപ്പമുള്ളവരുടെ വർത്തമാനങ്ങൾ. ജനലിലൂടെ ചാഞ്ഞുവീഴുന്ന വെളിച്ചവും മഴത്തുള്ളികളും... ഇതിനിടയിലൂടെ വന്നുപോയ്ക്കൊണ്ടിരിക്കുന്ന നാനാതരം വില്പനക്കാർ. കളിപ്പാട്ടങ്ങൾ, വർണമിഠായികൾ, ഗഹനഗ്രന്ഥങ്ങൾ, റെയിൽവേ ടൈംടേബിളുകൾ... ജീവിതത്തിന്റെ എല്ലാ പ്രകാരങ്ങളിലേക്കുമുള്ള വഴികൾ ആ കമ്പാർട്ടുമെന്റുകളിൽ തുറന്നു കിടന്നിരുന്നു. എണ്ണമറ്റ മനുഷ്യർ അതിലൂടെ യാത്രചെയ്തു. അവരിലൊരാളായി ഞാനും.

പ്രൊഫ. സ്കറിയാ സക്കറിയ

പ്രൊഫ. സ്കറിയാ സക്കറിയ

പിൽക്കാലത്ത് ശീതീകരിച്ച കമ്പാർട്ടുമെന്റുകളിലേക്ക് യാത്ര മാറിയപ്പോൾ തീവണ്ടിയാത്രയുടെ ലയം നഷ്ടമായി എന്നതാണ് യാഥാർഥ്യം. ശീതീകരിച്ച തീവണ്ടിമുറികൾ പെട്ടെന്ന് നമ്മെ മയക്കത്തിലാഴ്ത്തും. ജീവിതത്തിന്റെ ഇരമ്പലുകൾ അവിടെ കാര്യമായി ഉയർന്നുകേൾക്കില്ല. യാത്രികരിൽ ഏറിയ പങ്കും മയക്കത്തിലാവും. ഉണർന്നിരിക്കുന്നവരിൽ ഭൂരിപക്ഷവും തങ്ങളുടെ ഉപരി‐ മധ്യവർഗ പ്രകൃതത്തെ അഭിമാനപൂർവം പുണർന്ന് നിശ്ശബ്ദരായിരിക്കും. ജനറൽ കമ്പാർട്ടുമെന്റിലെ ബഹളസന്തോഷങ്ങളുടെ ലോകം അവിടെയില്ല (ബഖ്തീനിയൻ സങ്കല്പങ്ങളിലൊന്നായ കാർണിവെലസ്ക്കിന് പ്രൊഫ. സ്കറിയാ സക്കറിയ നൽകിയ മലയാള പരിഭാഷയാണ് ബഹള സന്തോഷം). ജീവിതത്തിന്റെ തുറസ്സുകളേക്കാൾ അടവുകളാണ് ഉയർന്ന ക്ലാസ് മുറികൾ നമുക്ക് കാണിച്ചു തരിക. തങ്ങളിൽ തന്നെ ആണ്ടു മുഴുകിയ നിശ്ശബ്ദരായ മനുഷ്യർ അവിടെ മയക്കത്തിലാണ്ടും അല്ലാതെയും നിശ്ശബ്ദരായി ഇരുന്നു. ലോകജീവിതത്തിന്റെ ഇരമ്പലുകളെ ആ ശീതീകൃതലോകം വാതിലടച്ചു പുറത്താക്കി!

കൗതുകകരമായ കാര്യമാണ്, തീവണ്ടിയിലെ തിരക്കേറിയ ലോകമാണ് എന്റെ വായനയ്ക്ക് തുണയായത്. ചുറ്റുമുള്ള മനുഷ്യജീവിതത്തിന്റെ ഇരമ്പലുകൾ പുസ്തകങ്ങളിലെ ആശയങ്ങളെ കൂടുതൽ ഉണർവുള്ളതാക്കി. മനുഷ്യ ജീവിതത്തിന്റെ വിചിത്ര പരിണാമങ്ങളുടെ ഗതിഭേദങ്ങൾ തീവണ്ടി ചക്രങ്ങളുടെ താളഭേദങ്ങൾക്കൊപ്പം ആടിയും ഉലഞ്ഞും കൂടെ വന്നു. അതീവ ജാഗ്രതയുള്ള വായനാസന്ദർഭങ്ങളായിരുന്നു എനിക്കാ തീവണ്ടിയാത്രകൾ. എത്ര കനപ്പെട്ട പുസ്തകവും അത്തരം സന്ദർഭങ്ങളിൽ വായനയ്ക്ക് വഴങ്ങി. ജൂലിയാ ക്രിസ്റ്റേവയുടെയും ഫ്രഡറിക് ജയിംസണിന്റെയും താരതമ്യേന സങ്കീർണമായ ആശയലോകങ്ങൾ പലതും തിരിച്ചറിയാനായത് അത്തരം വായനകൾക്കിടയിലാണ് എന്നത് തിരിഞ്ഞുനോക്കുമ്പോൾ കൗതുകം പകരുന്നുണ്ട്. ആളുകളും ജീവിതപ്പെരുങ്കടലിലൂടെയുള്ള അവരുടെ സഞ്ചാരവും വായനയെ തീവ്രമാക്കുകയാണ് ചെയ്തത്. ഏകാന്തതയേക്കാൾ മനുഷ്യരും അവരുടെ നിത്യജീവിതവുമാണ് എനിക്കിഷ്ടം.

ആരെയും കാണാതെയും ഒന്നിലും പങ്കുചേരാതെയും കഴിഞ്ഞ സന്ദർഭങ്ങളിൽ ഞാൻ മിക്കവാറും അലസനായിരുന്നു. കോവിഡ് മൂലമുള്ള അടച്ചിരുപ്പിന്റെ ദിവസങ്ങളൊക്കെ അങ്ങനെ കടന്നുപോയി. ദിവസം മുഴുവൻ നീളുന്ന അലസത. വായനയോ എഴുത്തോ ഒന്നും കാര്യമായി നടന്നില്ല. മനുഷ്യരുമായുള്ള നാനാതരം സമ്പർക്കങ്ങളും സഹവാസങ്ങളുമാണ് എന്നെ ഉണർവിലേക്ക് കൊണ്ടുപോകുന്നത്. ‘ആളുതിക്കിത്തിരക്കിയേറുന്നതാണുചന്തയതാണെൻ പ്രപഞ്ചം’ എന്ന കവിവാക്യം ഏതോ നിലയിൽ എന്റെ ജീവിതബോധത്തിന്റെ അടിപ്പടവായി കൂടെയുണ്ട്.

തീവണ്ടി മുറികൾക്ക് നമ്മെ പരിമിതവും ക്രമീകൃതവുമായ ജീവിതസന്ദർഭങ്ങൾക്കു പുറത്തേക്ക് പെട്ടെന്നു കൊണ്ടുപോകാനാവും. പ്രത്യേകിച്ചും ജനറൽ ക്ലാസ് കമ്പാർട്ടുമെന്റുകൾ. ഏതുതരം മനുഷ്യരെയും ജീവിതാവിഷ്കാരത്തെയുമാണ് അടുത്ത നിമിഷം നാമവിടെ അഭിമുഖീകരിക്കുക എന്നു പറയാനാവില്ല. അപ്രതീക്ഷിതവും അപരിചിതവുമായ ജീവിതസ്ഥാനങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി നമുക്ക് മുന്നിൽ വിടർന്നുവരും. ജനറൽ കമ്പാർട്ടുമെന്റിലെ ഇരിപ്പിടങ്ങളിൽ ചാരിനിന്ന് പത്രമോ മാസികയോ ഒക്കെ വായിക്കുമ്പോഴും, ചുറ്റുമുള്ള ജീവിതപ്രകാരങ്ങളിലേക്ക് കണ്ണോടിക്കുമ്പോഴും, എവിടെയാണ് അടുത്തൊരു സീറ്റനക്കമുള്ളതെന്ന് ഉള്ളാലെ തിരയുമ്പോഴുമെല്ലാം മനുഷ്യജീവിതപ്രകാരങ്ങൾ ഏതെങ്കിലുമൊക്കെ കണ്ണിൽ വന്നുപെടും. ‘വെറുതേ തങ്ങളിൽ നോക്കിപ്പുഞ്ചിരി തൂകിടുമനുരാഗം’  മുതൽ ‘ഒരു മെലിവാർന്ന, ഭയന്ന, വിശപ്പാൽ നീളും കുഞ്ഞിക്കൈ’ എന്നുവരെ കവി കണ്ട ജീവിതപ്രകാരങ്ങളെല്ലാം തീവണ്ടി മുറിയിൽ നമ്മെത്തേടിവരും.

ഫോട്ടോ.കെ എസ് പ്രവീൺ കുമാർ

ഫോട്ടോ.കെ എസ് പ്രവീൺ കുമാർ

രാത്രിയുടെ ഇരുട്ടിനെ കീറിമുറിച്ച് പായുന്ന തീവണ്ടിയുടെ ഇരുപുറങ്ങളിൽ നിന്നും കണ്ണിലേക്കെത്തുന്ന ജീവിതവെളിച്ചങ്ങൾ പോലെ, കമ്പാർട്ടുമെന്റിലെ ഓരോ ജീവിതസ്ഥാനവും മനുഷ്യ ജീവിതത്തിലേക്ക് വെളിച്ചം വീഴ്ത്തും. ആ വെളിച്ചത്തിനു നടുവിൽ നിന്നപ്പോൾ അതത്രയും അനുഭവവേദ്യമായിരുന്നില്ല. ഇപ്പോൾ ഓർമകളിലെ വെളിച്ചത്തിന് തിളക്കം കൂടിയിരിക്കുന്നു.

നീണ്ട യാത്രയ്ക്കിടയിലെ പുലർച്ചയിലേക്കുള്ള ഉണർന്നെണീക്കലുകൾക്ക് പലപ്പോഴും മായികമായ ഒരു ഭംഗിയുണ്ടായിരുന്നു. പ്രഭാഷണങ്ങൾക്കും മറ്റുമായി പയ്യന്നൂർക്കും കാസർകോട്ടേക്കും മറ്റും പലപ്പോഴും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. രാത്രി വൈകി ആലുവയിൽ നിന്നുള്ള തീവണ്ടിയിലാവും പുറപ്പെടുക. രാവിലെ ഏഴും എട്ടും മണിയോടെ അവിടെയെത്തും. അഞ്ചുമണി കഴിയുമ്പോൾ തന്നെ സെക്കന്റ് ക്ലാസ് കമ്പാർട്ടുമെന്റുകൾ സജീവമാകും. കണ്ണൂർ മുതൽ തന്നെ ഇറങ്ങാനുള്ളവരുടെ ഒരുക്കങ്ങൾ കേട്ടുതുടങ്ങും. വൈകാതെ കമ്പാർട്ടുമെന്റുകളിൽ വെളിച്ചം പരക്കും ചായയും പത്രവുമെല്ലാം വരും. ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഇറങ്ങുന്നവരുടെ ശബ്ദഘോഷങ്ങൾ കമ്പാർട്ടുമെന്റിൽ നിറയുന്നത് നോക്കിക്കിടക്കുന്നത് ആ പുലർച്ചകളിലെ വലിയൊരു കൗതുകമായിരുന്നു. വൈകാതെ എഴുന്നേറ്റ് ജനലരികിലുള്ള സീറ്റിലേക്ക് ഞാൻ മാറിയിരിക്കും. അതിനിടം കിട്ടിയില്ലെങ്കിൽ വാതിലിനരികിൽ ചെന്നു പുറത്തേക്കുനോക്കി നിൽക്കും.

ഉണരുന്ന പ്രഭാതവഴികളിലൂടെ, ഇരുപുറങ്ങളിലെയും പച്ചപ്പിനെ പകുത്ത് തീവണ്ടി മുന്നേറുന്നത് പ്രാചീനമായ ഏതെല്ലാമോ ഓർമകളെ എപ്പോഴും കൊണ്ടുവരുമായിരുന്നു. ജനൽപ്പാളികൾക്കിടയിലൂടെ കുതിച്ചെത്തുന്ന പ്രഭാതത്തിന്റെ തണുത്ത കാറ്റിനും ഉണർന്നുതുടങ്ങുന്ന ജീവിതവെളിച്ചത്തിനൊപ്പം കലർന്നെത്തുന്ന ഓർമകൾ. ഇതെല്ലാമെപ്പോഴോ കണ്ടതാണല്ലോ എന്ന തോന്നൽ. തീവണ്ടിയിലെ പുലർകാലങ്ങളിൽ അത്തരം ഓർമകൾ എപ്പോഴും കൂട്ടിനുണ്ടായിരുന്നു. സെക്കന്റ് ക്ലാസ് യാത്രകൾ കുറഞ്ഞതോടെ ആ പുലർകാല ഭംഗികളും നഷ്ടമായിരിക്കുന്നു.

ആലുവയിലെ വണ്ടി കാത്തുള്ള ഇരിപ്പുകൾ മറ്റൊരു അനുഭവമായിരുന്നു. ചില ദിവസങ്ങളിൽ രാത്രി രണ്ടുമണിയോടെ എത്തുന്ന വണ്ടിയിലാവും ടിക്കറ്റ്. പറവൂരിൽ നിന്ന് ആലുവയ്ക്കുള്ള അവസാന ബസ്‌ പത്തുമണിയോടെയാണ്. അതുകൊണ്ട് പതിനൊന്നിനകം ആലുവയിലെത്തും. പിന്നെ രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കണം. റെയിൽവേസ്റ്റേഷനിലെ സിമന്റ് ബഞ്ചുകളിൽ ബാഗ് തലയിണയാക്കി കിടക്കും. മിക്കപ്പോഴും ആ കിടപ്പ് ചെറിയ മയക്കത്തിലേക്കു പോകും. ചിലപ്പോഴൊക്കെ അത്തരം കിടപ്പിനിടയിൽ തീവണ്ടി കടന്നുപോയിട്ടുമുണ്ട്. മൊബൈൽ വരുന്നതിനു മുൻപ് രാത്രിയിൽ സമയം നോക്കി ഉണരാനും ഉണർത്താനുമുള്ള സംവിധാനങ്ങളൊന്നും ൈകയിലില്ലായിരുന്നു. വടക്കുനിന്നെത്തുന്ന തീവണ്ടികൾ പലതും രാത്രി ഒരു മണിക്കും മൂന്നു മണിക്കുമെല്ലാമാണ് ആലുവയിലെത്തുക. ചിലപ്പോഴൊക്കെ ആ മടക്കയാത്രകളും ഉറക്കത്തിനിടയിൽ നീണ്ടുപോയി. തൃശ്ശൂരിലെത്തുമ്പോൾ അല്പംകൂടി കിടക്കാം എന്നു കരുതും.

പല ദിവസങ്ങളിലും അത് നീണ്ടുപോയി. ആലുവ കടന്ന് എറണാകുളത്തും പിറവം റോഡിലുമെല്ലാമാണ് പലപ്പോഴും ഉണർന്നത്. പിന്നീട് ഏതെങ്കിലും വണ്ടി കാത്തുനിന്നുള്ള മടക്കങ്ങൾ. മൊബൈലുകൾ വന്നതോടെ ആ സന്ദിഗ്ധതകൾ അവസാനിച്ചു. പുലർകാലത്ത് കൃത്യസമയത്തുതന്നെ അലാറം വച്ചുണർന്നു. അതോടെ യാത്രകളുടെ യാദൃച്ഛിക വിസ്മയങ്ങൾക്ക് വിരാമമായി. അനിശ്ചിതത്വമില്ലാത്ത ജീവിതം പോലെ പുലർകാലത്തെ ഉണർന്നെഴുന്നേൽക്കലുകളും കണക്കൊപ്പിച്ചായി. യാത്രകളെ അത് സുനിശ്ചിതമാക്കി. അനിശ്ചിതത്വത്തിന്റെ ആകസ്മിക ഭംഗികൾ തീവണ്ടി യാത്രകളിൽ നിന്ന് മിക്കവാറും പിൻവാങ്ങി. എല്ലാം മുൻകൂറായി തീരുമാനിച്ച ജീവിതം പോലെ വിരസമായി മറ്റൊന്നുമില്ലെന്ന്, ശീതീകരിച്ച തീവണ്ടിമുറികളിൽ മുൻകൂറായി ബുക്ക് ചെയ്തുള്ള യാത്രകൾ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

മൂന്ന്

അനിശ്ചിതത്വം നിറഞ്ഞ ആദ്യത്തെ വലിയ തീവണ്ടിയാത്ര പൂനെയിലേക്കായിരുന്നു. മഹാരാജാസിലെ ബിരുദാനന്തരവിദ്യാഭ്യാസം കഴിഞ്ഞു നിൽക്കുന്ന കാലം. അന്ന് എറണാകുളം ജില്ലയിലെ വിദ്യാർഥി സംഘടനാ ചുമതലകളുണ്ട്. അത് തുടരാൻ കഴിയുന്ന വിധത്തിൽ മറ്റെന്തെങ്കിലും കോഴ്സിനു ചേർന്നു പഠിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. പഠനത്തെക്കാളുപരി വിദ്യാർഥി സംഘടനാ ജീവിതമായിരുന്നു അതിന്റെ പ്രേരണ. പറവൂരിലെ വിദ്യാർഥി സംഘടനാനേതാവും പ്രിയസുഹൃത്തുമായ അനിൽ വി എ അക്കാലത്ത് പൂനെയിൽ എൽ എൽ ബിക്ക് പഠിക്കുന്നുണ്ട്. പൂനെയിലെ പ്രശസ്തമായ നിയമപഠനകേന്ദ്രത്തിലാണ് അനിൽ പഠിക്കുന്നത്. അതുകൂടാതെ ധാരാളം നിയമപഠന കേന്ദ്രങ്ങൾ അവിടെയുണ്ട്. പലതും സ്വകാര്യ സ്ഥാപനങ്ങൾ.

അറ്റൻഡൻസ് അത്ര നിർബന്ധമല്ലാത്തതുകൊണ്ട് സ്ഥിരമായി അവിടെയുണ്ടാകണം എന്നില്ല. പഠനവും നാട്ടിലെ സംഘടനാപ്രവർത്തനവും ഒരുമിച്ചു നടക്കും. എൽ എൽ ബിക്ക് ചേരാം എന്നൊരു പ്രേരണയുണ്ടായത് അങ്ങനെയാണ്. മാല്ല്യങ്കര എസ്എൻ എം കോളേജിലെ ചെയർമാനായിരുന്ന ടി എൻ സുരേഷ് അപ്പോൾ ബിരുദപഠനം പൂർത്തിയാക്കിയിരുന്നു. പൂനെയിൽ പോയി നിയമപഠനത്തിന് ചേരാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അനിലിനെ വിവരമറിയിച്ചു. വേഗം വരാൻ അനിലിന്റെ ക്ഷണം. പ്രവേശന സമയമൊക്കെ മനസ്സിലാക്കി ഞങ്ങൾ പുറപ്പെട്ടു.

ടി എൻ സുരേഷ് അന്ന് എറണാകുളത്തെ എസ്എഫ്ഐ നേതൃനിരയിലുണ്ട്. മാല്ല്യങ്കര എസ് എൻ എം കോളേജിൽ വച്ചാണ് ഞങ്ങൾ പരിചയത്തിലാവുന്നത്. കോളേജിൽ പ്രവേശിച്ച ഉടനെതന്നെ സുരേഷ് സംഘടനാ നേതൃത്വത്തിലേക്കെത്തി. തീപാറുന്ന പോരാട്ടവീര്യമുള്ള സഖാവായിരുന്നു അയാൾ.

എറണാകുളത്തെ തെരുവോരങ്ങളിലൊന്നിൽ പൊലീസിന്റെ ലാത്തിയടിയേറ്റ് ചോരവാർന്നു കിടക്കുന്ന സുരേഷിന്റെ ചിത്രം അക്കാലത്ത് പത്രങ്ങളിലെ വലിയ ദൃശ്യങ്ങളിലൊന്നായിരുന്നു. സംഘടനാരംഗത്തെ കണിശതയും വിടാത്ത ആത്മവിശ്വാസവും അതികഠിനമായ സമർപ്പണബോധവും സുരേഷിന്റെ കൈമുതലായിരുന്നു. വിദ്യാർഥി ജീവിതകാലത്ത് ഞാൻ കണ്ട വലിയ പോരാളികളിലൊരാളായിരുന്നു സുരേഷ്. പഠനം കഴിഞ്ഞപ്പോൾ സുരേഷ് സംഘടനാരംഗം വിട്ട് പൂർണമായും അഭിഭാഷക വൃത്തിയിലേക്ക് നീങ്ങി. രാഷ്ട്രീയ ജീവിതത്തിലെ ചില അഭിപ്രായഭേദങ്ങളും അതിനു പിന്നിലുണ്ടായിരുന്നു. ഇപ്പോൾ ഹൈക്കോടതിയിൽ സജീവമായ അഭിഭാഷക ജീവിതത്തിലാണ്.

ആലുവയിൽ നിന്നാണ് ഞങ്ങൾ പുറപ്പെട്ടത്. അന്ന് പൂനെയിലേക്കും ബോംബെക്കുമെല്ലാം ഒരു തീവണ്ടിയേ ഉള്ളൂ. ജയന്തിജനത. ഒരു ചെറിയ പെട്ടിയിൽ രണ്ടു ജോടി വസ്ത്രവും സർട്ടിഫിക്കറ്റുകളുമായി ഞാൻ റെയിൽവേസ്റ്റേഷനിലെത്തി. സുരേഷും പറവൂരിൽ നിന്ന് ഒപ്പമുണ്ടായിരുന്നു. ദീർഘയാത്രയ്ക്ക് മുൻകൂറായി ബുക്ക് ചെയ്യണമെന്നോ, ജനറൽ കമ്പാർട്ടുമെന്റിൽ വലിയ തിരക്കായിരിക്കുമെന്നോ ഉള്ള ധാരണയൊന്നും അന്നില്ലായിരുന്നു. കൗണ്ടറിൽ നിന്ന് പൂനെയ്ക്കുള്ള രണ്ടു ടിക്കറ്റുകൾ വാങ്ങിയപ്പോൾ അവിടെയിരുന്ന ഉദ്യോഗസ്ഥൻ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. ഇങ്ങനെ യാത്ര ചെയ്യാൻ ഇവർക്ക് ഭ്രാന്തുണ്ടോ എന്നയാൾക്ക് തോന്നിക്കാണണം.

റെയിൽവേ സ്റ്റേഷനിൽ കുറെ കാത്തിരുന്നപ്പോഴാണ് വണ്ടി എത്തിയത്. ഒരു മണിക്കൂറിലധികം ലേറ്റായിരുന്നു.

ജനറൽ കമ്പാർട്ടുമെന്റിനു മുന്നിലെത്തിയപ്പോൾ വാതിൽപ്പടിവരെ തിങ്ങിനിറഞ്ഞ ആളുകൾ. അകത്തേക്ക് കാലെടുത്തുവയ്ക്കാനാവില്ല. എങ്ങനെയോ ഞങ്ങൾ വാതിൽപ്പടികളിലൊന്നിൽ കാലുറപ്പിച്ചു. രണ്ടു കൈകൊണ്ടും വാതിലിലെ കമ്പിയിൽ പിടിച്ചുനിന്നു. വണ്ടി ഓടിത്തുടങ്ങി. വാതിൽപ്പടിയിൽ കാറ്റടിയേറ്റുള്ള ആ നിൽപ്പ് മണിക്കൂറുകൾ തുടർന്നു. രാത്രിയാവാറായപ്പോഴാണ് അകത്തേക്ക് കടക്കാനായത്. വാതിൽക്കൽ ആളുകൾ തിങ്ങിയതിനാൽ കമ്പാർട്ടുമെന്റിന്റെ ഇരുമ്പുവാതിൽ അടയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

രാത്രിയുടെ ഇരുട്ടിൽ നിന്ന് ചൂളംകുത്തിയെത്തുന്ന തണുത്ത കാറ്റ് വാതിലിന്നരികിലെ നില്പ് അസാധ്യമാക്കി. ഏതോ സ്റ്റേഷനിൽ കുറച്ചുപേർ ഇറങ്ങിയപ്പോൾ ഞാനും സുരേഷും വാതിൽപ്പടിയ്ക്കുള്ളിലേക്ക് കടന്നുനിന്നു. രണ്ടു വാതിലുകൾക്കിടയിലെ സ്ഥലത്ത് ഇരുപതോളം പേരുണ്ട്. നിൽക്കാനല്ലാതെ തിരിയാനോ നിലത്ത് ഇരിക്കാനോ ഒന്നും കഴിയില്ല. അതിനകം തന്നെ മൂന്നു മണിക്കൂറോളം ഞങ്ങളുടെ നില്പ് പിന്നിട്ടിരുന്നു. കാലുകളിലേക്ക് ചുവടെനിന്ന് വേദന അരിച്ചുകയറിക്കൊണ്ടിരുന്നു.

‘എവിടേയ്ക്കാണ്?’ തൊട്ടടുത്തുനിന്നിരുന്ന കള്ളിമുണ്ടുടുത്ത ആളോട് ഞാൻ ചോദിച്ചു. കള്ളിമുണ്ടായതിനാൽ അടുത്തെവിടെയെങ്കിലും ഇറങ്ങാനാവും എന്ന് ഞാൻ ഊഹിച്ചിരുന്നു. ‘ബോംബെയ്ക്ക്’ എന്ന് ഭാവഭേദമൊന്നുമില്ലാതെ അയാൾ പറഞ്ഞു. ചുറ്റും നിൽക്കുന്നവരെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്‌ അപ്പോഴാണ്. ഏറെപ്പേരും അതിസാധാരണ വേഷങ്ങളിലാണ്. വീട്ടുവസ്ത്രങ്ങളെന്നപോലെയാണ് ചിലരുടെ വേഷവിധാനം. ആരും തിടുക്കപ്പെടുന്നില്ല. തിരക്കിൽ അസ്വസ്ഥരുമല്ല. ഈ തിരക്കെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമാണ് എന്നെനിക്കു തോന്നി. അത് അത്രമേൽ പരിചിതമായതുകൊണ്ടാവാം ആരും കാര്യമായ അസ്വസ്ഥതകൾ പ്രകടിപ്പിക്കാത്തത്. പതിയെപ്പതിയെ ആ നിൽപ്പും തിരക്കുമായി ഞങ്ങളും പരിചിതരായി. രാത്രിയുടെ ഇരുട്ടിലേക്ക് വണ്ടി ഊളിയിട്ട് കയറി. കുറെ കഴിഞ്ഞ് ആ തിരക്കിൽ ഞങ്ങളും സ്വാസ്ഥ്യം കണ്ടെത്തി. സ്റ്റേഷനുകളിൽ നിർത്തുമ്പോൾ പുറത്തെ ബഞ്ചിലോ പ്ലാറ്റ്ഫോമിലോ പോയി ഇരിക്കും.

ഫോട്ടോ: ജഗത്‌ലാൽ

ഫോട്ടോ: ജഗത്‌ലാൽ

വണ്ടി പുറപ്പെടാനുള്ള ചൂളം മുഴക്കുമ്പോൾ അകത്തുകയറി നിൽക്കും. കുറെ കഴിഞ്ഞപ്പോൾ തൊട്ടുമുന്നിലെ റിസർവേഷൻ കമ്പാർട്ടുമെന്റിന്റെ വാതിലിനടുത്ത് കയറിയിരിക്കാൻ തുടങ്ങി. വണ്ടി ഓടുമ്പോൾ നിലത്തിരിക്കും. ഇരുന്നും നിന്നും പുറത്തിറങ്ങിയുമുള്ള യാത്ര. പിറ്റേന്ന് പകൽ മുഴുവൻ അതു തുടർന്നു. പകൽ ചൂടുകാറ്റായിരുന്നു. ചൂടുകാറ്റും തിരക്കും നിൽപ്പും. നരകത്തെ അപ്പോൾ തൊട്ടടുത്തുതന്നെ കാണാമായിരുന്നു. പകലും രാത്രിയും പിന്നിട്ട് മൂന്നാം ദിവസം പുലർച്ചയോടെയാണ് വണ്ടി പൂനയിലെത്തിയത്. ഒന്നര ദിവസത്തോളം നീണ്ട നില്പായിരുന്നു യാത്ര. കുളിക്കലോ പല്ലുതേക്കലോ ഒന്നുമില്ല. ഇടക്കെപ്പോഴോ ഒന്നു രണ്ടു ചായയും മറ്റും മാത്രം. മൂന്നാം ദിവസം രാവിലെ നാലോ‐അഞ്ചോ മണിക്ക് പൂനെയിലിറങ്ങുമ്പോൾ ഏറ്റവും വലിയ ആശ്വാസം ആ യാത്ര അവസാനിച്ചല്ലോ എന്നതായിരുന്നു. പൂനെയുടെ അപരിചിതത്വവും അവിടെ ഒറ്റയ്ക്കാണല്ലോ എന്നതും ഒട്ടും അലട്ടിയില്ല. റെയിൽവേ സ്റ്റേഷൻ ഉണർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും നീരുവന്നു തുടങ്ങിയ കാലുകൾ നീട്ടിവച്ച് ഞങ്ങൾ പുറത്തേക്ക് നടന്നു.

റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ച് അനിലിന്റെ ഹോസ്റ്റലിലെത്തി. അനിൽ നാട്ടിൽപോയ സമയമായിരുന്നു. എങ്കിലും അവിടെ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തിരുന്നു. ഒരു മാസത്തോളം അവിടെ തങ്ങിയെന്ന് തോന്നുന്നു. ചെന്നതിനടുത്ത ദിവസങ്ങളിൽ എൽ എൽ ബിക്ക് ചേർന്നു. ഒരു സ്വകാര്യസ്ഥാപനമാണ് ലോ കോളേജ്. വലിയൊരു കെട്ടിടത്തിന്റെ കോണിലൊരിടത്ത്, വൈകുന്നേരമാണ് പ്രവർത്തനം. പൂനെയിലെ പ്രശസ്തമായ സിംബയോസിസിൽ ഞങ്ങൾ പോയിരുന്നു. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ഒറിജിനലോ മറ്റോ ഇല്ലാത്തതുകൊണ്ട് അവിടെ ചേരാനായില്ല. സർട്ടിഫിക്കറ്റ് വാങ്ങിവന്നാൽ അഡ്മിഷൻ ഉറപ്പാണെന്ന് അവിടത്തെ ഉദ്യോഗസ്ഥരിലൊരാൾ പറയുന്നുണ്ടായിരുന്നു. എങ്കിലും ഉടനെ മറ്റൊരു യാത്രകൂടി ഞങ്ങൾക്ക് പ്രയാസമായി തോന്നി. അതുകൊണ്ട് മറ്റെവിടെയെങ്കിലും ചേരാം എന്നുറപ്പിച്ചു. അങ്ങനെയാണ് പുതിയ താവളത്തിലെത്തിയത്.

പൂനെയിലെ ജീവിതം നടത്തങ്ങളുടേതായിരുന്നു. അവിടത്തെ ഒരു കോമൺ കാന്റീനിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള കൂപ്പൺ വാങ്ങി. കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണം കിട്ടും. ചപ്പാത്തിയും കറിയും ചോറും എല്ലാമായി പന്ത്രണ്ടുമണിക്കാണ് അത് തുടങ്ങുക.

പൂനെയിലെ ജീവിതം നടത്തങ്ങളുടേതായിരുന്നു. അവിടത്തെ ഒരു കോമൺ കാന്റീനിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള കൂപ്പൺ വാങ്ങി. കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണം കിട്ടും. ചപ്പാത്തിയും കറിയും ചോറും എല്ലാമായി പന്ത്രണ്ടുമണിക്കാണ് അത് തുടങ്ങുക. പ്രഭാതഭക്ഷണച്ചിലവ് ഒഴിവാക്കാൻ രാവിലെ വളരെ വൈകിയുണർന്നു. ഒരു ചായ മാത്രം കുടിച്ച് പതിനൊന്നുമണിയോടെ പുറത്തിറങ്ങും. പന്ത്രണ്ടിനു മുൻപായി കാന്റീനിലെത്തും. അവിടെനിന്നും ഭക്ഷണം കഴിഞ്ഞ് നഗരത്തിന്റെ ഏതെങ്കിലും ഭാഗത്തേക്ക് നടക്കും. പകൽ മുഴുവൻ ഏതെങ്കിലും സ്ഥാപനങ്ങളും പാർക്കുകളും മ്യൂസിയങ്ങളും മറ്റും കണ്ടുനടന്നു. സന്ധ്യ മയങ്ങുമ്പോൾ ഹോസ്റ്റലിലേക്ക് തന്നെ മടങ്ങും. രണ്ടാഴ്ചയോളം കഴിഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ട്രെയിനിൽ റിസർവേഷൻ ലഭിച്ചു. നാട്ടിൽപോയി ഒരിടവേള കഴിഞ്ഞെത്താം എന്നുകരുതി മടക്കയാത്രയായി. അവിടേക്കുള്ള യാത്രയുടെ നേർവിപരീതമായിരുന്നു മടക്കം. ഇരിക്കാൻ സീറ്റും കിടക്കാൻ ബർത്തും ഒക്കെയായി, ശാന്തവും സ്വച്ഛവുമായ യാത്ര. സ്ലീപ്പർ ക്ലാസിലായിരുന്നുവെങ്കിലും അങ്ങോട്ടുള്ള യാത്രയെ അപേക്ഷിച്ച് അതിന് സ്വർഗീയമായ സൗകര്യം ഉണ്ടായിരുന്നു. കാഴ്ചകൾ കണ്ടും വന്നുമടങ്ങുന്ന മനുഷ്യരിൽ കണ്ണുനട്ടുമുള്ള മടക്കം.

ഫോട്ടോ: ജഗത്‌ലാൽ

ഫോട്ടോ: ജഗത്‌ലാൽ

ആ യാത്രയോടെ എന്റെ പൂനെജീവിതം അവസാനിച്ചു. എൽ എൽ ബിക്ക് ചേർന്നെങ്കിലും അത് തുടരേണ്ടി വന്നില്ല. നാട്ടിലെത്തി ഏറെ കഴിയും മുൻപ് യു ജി സിയുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചതായി അറിയിപ്പ് കിട്ടി. അഞ്ചുവർഷം സാമാന്യം നല്ല ഫെല്ലോഷിപ്പ് കിട്ടും. അതോടെ ഗവേഷണപഠനത്തിലേക്ക് തിരിയാം എന്ന തോന്നലിലേക്കെത്തി. സ്ഥിരമായി ഉണ്ടാകുമായിരുന്ന തീവണ്ടി യാത്രകളുടെ ഒരു കാലം അങ്ങനെ ഇടയ്ക്കുവച്ച് നിന്നുപോയി. പിന്നീടത് വന്നത് 2004‐ൽ കൊയിലാണ്ടിലേക്കു സ്ഥലം മാറ്റത്തോടെയാണ്. അപ്പോഴേക്കും പ്രസംഗങ്ങൾക്കായുള്ള യാത്രകൾ ജീവിതത്തിന്റെ ഭാഗമായിത്തുടങ്ങിയിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും കേരളത്തിനു പുറത്തേക്കുമുള്ള യാത്രകൾ.

ഭാരതദർശൻ എന്ന പേരിൽ ഐആർസിടിസി ഒരുക്കിയ രണ്ടാഴ്ച നീളുന്ന നാടു കണ്ടുള്ള ട്രെയിൻ യാത്ര അതിൽ ഏറെ സവിശേഷമായ ഒന്നായിരുന്നു. ഹൈദരാബാദ്, ആഗ്ര, ചണ്ഡീഗഢ്, ഷിംല, ദില്ലി... പതിവു തീവണ്ടി യാത്രയിൽ നിന്ന് തീർത്തും ഭിന്നമായിരുന്നു അത്. ട്രെയിനിൽ സ്ഥിരം യാത്രികർ മാത്രം. ഒരിടത്തുനിന്നും പുറപ്പെട്ടാൽ അടുത്ത കേന്ദ്രത്തിൽ മാത്രം നിർത്തുന്ന തീവണ്ടി. മറ്റു യാത്രക്കാർ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നില്ല. ഭക്ഷവും വിശ്രമവും യാത്രയ്ക്കിടയിൽ തീവണ്ടിയിൽ തന്നെ. മടക്കത്തിൽ ദില്ലിയിൽ നിന്ന് കേരളം വരെ എവിടെയും നിർത്താതെ ഓടുന്ന വണ്ടി. എല്ലാം അസാധാരണമായ അനുഭവങ്ങളായിരുന്നു. പറവൂരിൽ നിന്നുള്ള അനിൽകുമാർ എ എസ്,  ചിദംബരൻ ചേട്ടൻ, സെയ്തുക്ക എന്നിവർക്കൊപ്പമായിരുന്നു ആ യാത്ര. എണ്ണമറ്റ തീവണ്ടിയാത്രകളുടെ കൂട്ടത്തിൽ അത് എത്രയും വേറിട്ട ഒരനുഭവമായി.

കാലം പോലെ തീവണ്ടിയാത്രകളും മാറി. പുതിയ സാങ്കേതികതയും പുതിയ സൗകര്യങ്ങളും വന്നു. റിസർവേഷനും ശീതീകൃത മുറികളിലെ സഞ്ചാരവും പതിവായി. ഇന്ത്യയുടെ പല കോണുകളിലേക്കും തീവണ്ടിയിൽ ചെന്നുമടങ്ങി. വണ്ടിയുടെ സമയവും എത്തിയ സ്ഥലവുമെല്ലാം മുൻകൂർ അറിയുന്നതിനുള്ള സംവിധാനങ്ങളായി. മൂന്നു പതിറ്റാണ്ടിനപ്പുറം തീവണ്ടിയുടെ വാതിൽപ്പടിയിൽ തൂങ്ങിനിന്ന് നടത്തിയ സഞ്ചാരം ഇപ്പോൾ വിദൂരസ്മൃതി പോലെ മങ്ങിത്തുടങ്ങിയിരിക്കുന്നു. പുതിയ കാലത്തിനും പുതിയ സൗകര്യങ്ങൾക്കും ഇടയിൽ ആ യാത്രകൾ ഏതോ വിഷാദം നിറഞ്ഞ ഓർമകളായിത്തുടരുന്നു. കവി പാടിയതുപോലെ പൂർവ്വജന്മപുനഃസ്മൃതി പോലൊരു വിഷാദച്ഛായ അതിൽ തളംകെട്ടി നിൽക്കുന്നു  .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top