26 April Friday

ലണ്ടൻ, സൂറിച്ച്: മാർക്‌സ്, ലെനിൻ-ഡോ.സുനിൽ പി ഇളയിടത്തിന്റെ പംക്തി ഇരുപത്തിരണ്ടാം ഭാഗം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ഹൈഗേറ്റ് സെമിത്തേരിയിലെ കാൾ മാർക്‌സ്‌ സ്‌മാരക പ്രതിമ

ലണ്ടനിലെ ഈസ് ഫിഞ്ച്ലിയിലെ മുരളിയേട്ടന്റെ വസതിയിൽ നിന്നു ഹൈഗേറ്റ് സെമിത്തേരിയിലേക്ക് യാത്ര പുറപ്പെടുമ്പോൾ ഈ ഓർമകളെല്ലാം മനസ്സിലുണ്ടായിരുന്നു. മൂന്നാഴ്ചയോളം ദൈർഘ്യമുള്ളതായിരുന്നു ലണ്ടൻ യാത്ര. മുരളിയേട്ടൻ എന്ന് ഞങ്ങൾ സ്നേഹപൂർവം വിളിക്കുന്ന മുരളി വെട്ടത്ത് ആയിരുന്നു ആതിഥേയൻ.

‘മിഴി നിറഞ്ഞ മാർക്‌സ്’ എന്നാദ്യം കേട്ടത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥയിലെ പാട്ടുകളിലൊന്നാണ്. ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന കാലം. “നാക്കിലയിൽ ചോരകുതിർന്നു കിടക്കുവതെന്തേ?” എന്നുതുടങ്ങുന്ന ഒരു ഗാനത്തിൽനിന്നാണ് ആ വരി ശ്രദ്ധയിലെത്തിയത്. കരിവെള്ളൂർ മുരളി എന്ന കവിയെയും നാടകക്കാരനെയും എനിക്കന്ന് അറിയില്ല. ആ പാട്ടിലെ, ‘മിഴിനിറഞ്ഞ മാർക്സ്/പുത്രിയുടെ ജഡം’ എന്ന വരികളുടെ പൊരുളും അന്ന് മനസ്സിലായില്ല. പിൽക്കാലത്ത് മാർക്സിന്റെ ജീവിതകഥകൾ പലതും വായിച്ചു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചെറിയ ജീവചരിത്രഗ്രന്ഥം മുതൽ മേരിഗബ്രിയേലിന്റെ പ്രണയവും മൂലധനവും വരെ. മാർക്സിന്റെ യാതനകളുടെ ആഴമറിഞ്ഞത് അപ്പോഴാണ്. മനുഷ്യവംശമോചനം എന്ന സ്വപ്നത്തിനായി സ്വന്തം ജീവിതം ബലിനൽകിയ ഒരാളുടെ അവസാനമില്ലാത്ത സഹനങ്ങളുടെയും യാതനകളുടെയും കഥ. ഫ്രാൻസെസ്കാ എന്ന ചെറുകുഞ്ഞിന്റെ മരണശേഷം ശവസംസ്കാരത്തിന് ശവപ്പെട്ടി വാങ്ങാൻ പണമില്ലാതെ അലയുന്ന മാർക്സിന്റെയും ജെന്നിയുടെയും ചിത്രം അവയിലുണ്ടായിരുന്നു.

‘മനുഷ്യവംശത്തിന്റെ യാതനകൾ കണ്ടില്ലെന്നു നടിച്ചിരുന്നുവെങ്കിൽ താൻ ഓക്സ്ഫഡ് സർവകലാശാലയിലെ പ്രൊഫസർമാരിൽ ഒരാളാകുമായിരുന്നു’ എന്നു പറഞ്ഞ മാർക്സിന്റെ സമർപ്പണത്തിന്റെ ചിത്രവും.


ലണ്ടനിലെ ഈസ്റ്റ് ഫിഞ്ച്ലിയിലെ മുരളിയേട്ടന്റെ വസതിയിൽനിന്ന്‌ ഹൈഗേറ്റ് സെമിത്തേരിയിലേക്ക് യാത്ര പുറപ്പെടുമ്പോൾ ഈ ഓർമകളെല്ലാം മനസ്സിലുണ്ടായിരുന്നു. മൂന്നാഴ്ചയോളം ദൈർഘ്യമുള്ളതായിരുന്നു ലണ്ടൻ യാത്ര. മുരളിയേട്ടൻ എന്ന് ഞങ്ങൾ സ്നേഹപൂർവം വിളിക്കുന്ന മുരളി വെട്ടത്ത് ആയിരുന്നു ആതിഥേയൻ. 

ചിന്ത രവിയും സക്കറിയയും ഉൾപ്പെടെ എത്രയോ മലയാളികളുടെ ലണ്ടനിലെ അഭയങ്ങളിലൊന്ന് മുരളിയേട്ടനാണ്. ഇരിങ്ങാലക്കുടയിലെ നാട്ടുമനുഷ്യനിൽ നിന്ന് മുപ്പതുവർഷം പിന്നിട്ട ലണ്ടൻ ജീവിതത്തിലേക്കും തിരിച്ചുമുള്ള വലിയൊരു നടപ്പാത മുരളിയേട്ടന്റെ ഉള്ളിലുണ്ട്.

അതിലൂടെ അദ്ദേഹം നിർമമനായി നടക്കുന്നു. ചുറ്റുമുള്ള മനുഷ്യരെ കൂടെക്കൂട്ടുന്നു. അതിലൊരാളായിരുന്നു ഞാനും!
ഹീത്രൂവിൽ ചെന്നിറങ്ങിയത് ഒരു സന്ധ്യയ്ക്കാണ്. പിറ്റേന്ന് രാവിലെ ഹൈഗേറ്റിലേക്ക് തിരിച്ചു. പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു ഒൻപതാം ക്ലാസ്സുകാരന്റെ ചെവിയിൽ വന്നുവീണ പാട്ടിലെ വരികൾ അപ്പോഴും ഓർമയിലുണ്ടായിരുന്നു. “മിഴിനിറഞ്ഞ മാർക്സ്/പുത്രിയുടെ ജഡം”.

ഒന്ന്

ഹൈഗേറ്റ് സെമിത്തേരിയിലേക്കുള്ള വഴിയിൽ ഇരുട്ടിന്റെ നേർത്ത ആവരണം പോലെ ഇരുപുറങ്ങളിലെയും കനത്ത വൃക്ഷച്ഛായകൾ എപ്പോഴും വീണുകിടക്കും.

ഹൈഗേറ്റ് സ്കൂളിന് മുന്നിലൂടെ നടന്ന് സെമിത്തേരിയിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോൾത്തന്നെ കനത്തുനിൽക്കുന്ന വലിയ വൃക്ഷങ്ങൾ കാഴ്ചയിൽ പതിയും.

ഹൈഗേറ്റ് സെമിത്തേരിയിലെ  മാർക്‌സ്‌ സ്‌മാരകത്തിന്‌ മുന്നിൽ മുരളി വെട്ടത്തിനൊപ്പം

ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്‌സ്‌ സ്‌മാരകത്തിന്‌ മുന്നിൽ മുരളി വെട്ടത്തിനൊപ്പം

ഇരുപുറത്തുമുള്ള മതിലുകൾക്കിടയിൽ താരതമ്യേന വീതി കുറഞ്ഞ റോഡ്. മുകളിൽനിന്നും താഴേക്ക് ചരിഞ്ഞിറങ്ങുന്ന വഴി. ഇരുപുറത്തുനിന്നും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന വൃക്ഷശിഖരങ്ങളുടെ നിഴലുകൾ.

ആൾത്തിരക്കോ വാഹനങ്ങളുടെ പെരുപ്പമോ കാര്യമായില്ല. മരങ്ങളിൽനിന്നും പൊഴിഞ്ഞ മഞ്ഞയും ചുവപ്പും കലർന്ന ഇലകൾ റോഡരികിനെ വർണശബളമാക്കുന്നുണ്ട്.

പച്ചയോട് വിടവാങ്ങി പൊഴിയാൻ കാത്തുനിൽക്കുന്നതുപോലുള്ള ഇലപ്പടർച്ചകൾ. താഴേക്കുള്ള പടിപടിയായ ഇറക്കവും ഇരുൾവീണ വഴിയിലെ നിശ്ശബ്ദതയും ചേർന്ന് ഒരു ശ്മശാനഭൂമിയുടെ നിത്യമായ നിശ്ചലതയിലേക്കുള്ള പാതയാണതെന്ന് ആ വഴി നമ്മെ ഓർമിപ്പിക്കും.

ലോകത്തെ ഏറ്റവും പ്രശസ്തമായ സെമിത്തേരികളിലൊന്നാണ് ഹൈഗേറ്റിലേത്. വനോദ്യാനം പോലെ പടുകൂറ്റൻ മരങ്ങൾ തലയുയർത്തി നിൽക്കുന്ന ശ്മശാനഭൂമി. ഓർമകൾക്ക് അവിടെ ഗാഢമായ പ്രശാന്തതയുണ്ട്. കഴിഞ്ഞ രണ്ട്‌ നൂറ്റാണ്ടോളം വരുന്ന കാലയളവിൽ ലോകത്തിന്റെയും ബ്രിട്ടന്റെയും ചരിത്രത്തെ വഴിതിരിച്ചുവിട്ട എത്രയോ പേരുടെ ഓർമകൾ ആ ശ്മശാനോദ്യാനത്തിലെ മഹാവൃക്ഷങ്ങൾക്കൊപ്പം അവിടെ കനത്തുനിൽക്കുന്നു.

ചിന്തയുടെയും ഭാവനയുടെയും രാഷ്ട്രീയവിചാരത്തിന്റെയും നൂറ്റാണ്ടുകൾ പിന്നിട്ട ദീർഘചരിത്രം ആ വൃക്ഷച്ഛായകളിൽ വിശ്രമിക്കുന്നു.

ഹൈഗേറ്റിലെ കിഴക്കേ സെമിത്തേരിയിലാണ് മാർക്സിന്റെ ശവകുടീരം. കിഴക്കേ സെമിത്തേരിയുടെ ഗേറ്റ് കടന്നാൽ ടിക്കറ്റ് കൗണ്ടറിലെത്തും. ടിക്കറ്റ് വാങ്ങി അല്പം മുന്നോട്ട് നടക്കുമ്പോൾ ഇടത്തേക്കും മുന്നിലേക്കുമായി വഴി രണ്ടായി പിരിയുന്നുണ്ട്.

ഹൈഗേറ്റിലെ കിഴക്കേ സെമിത്തേരിയിലാണ് മാർക്സിന്റെ ശവകുടീരം. കിഴക്കേ സെമിത്തേരിയുടെ ഗേറ്റ് കടന്നാൽ ടിക്കറ്റ് കൗണ്ടറിലെത്തും. ടിക്കറ്റ് വാങ്ങി അല്പം മുന്നോട്ട് നടക്കുമ്പോൾ ഇടത്തേക്കും മുന്നിലേക്കുമായി വഴി രണ്ടായി പിരിയുന്നുണ്ട്. ഇടത്തേക്കുള്ള ചെറിയ നടപ്പാത അല്പം കയറ്റമുള്ളതാണ്. പുറത്തെ റോഡിലെ താഴോട്ടുള്ള ചരിവിന്റെ മറുപുറം.

വൃക്ഷനിബിഢമായ ആ നടവഴിയിലൂടെ നൂറുമീറ്ററോളം പിന്നിടുമ്പോൾ വലതുഭാഗത്തേക്ക് വഴി തിരിയാൻ തുടങ്ങും. ആധുനിക മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹിതവും വിധ്വംസകവുമായ ജീവിതങ്ങളിലൊന്നിന്റെ ഓർമകൾ അവിടെ അസാധാരണമായ തലയെടുപ്പോടെ നിൽക്കുന്നു. മാർക്സിന്റെ ശവകുടീരം!

ഹൈഗേറ്റിലെ ഏറ്റവും വിനീതമായ സംസ്കാരച്ചടങ്ങുകളിലൊന്നായിരിക്കണം മാർക്സിന്റേത്. 1883 മാർച്ച് 17ന് നടന്ന സംസ്കാരച്ചടങ്ങിൽ പതിമൂന്ന് പേർ മാത്രമാണ് പങ്കെടുത്തത്. (ഹൈഗേറ്റിനെക്കുറിച്ചുള്ള മിക്കവാറും വിവരണങ്ങളിൽ പതിനൊന്ന് എന്നാണ് കാണാറുള്ളതെങ്കിലും). നാലുപതിറ്റാണ്ടോളം മാർക്സിന്റെ ജീവിതയാത്രയിൽ നിതാന്ത സാന്നിധ്യമായി നിലകൊണ്ട എംഗൽസ് ഉൾപ്പെടെ.

ഡാർവിൻ മനുഷ്യവംശത്തിന്റെ പരിണാമചരിത്രം കണ്ടെത്തിയതിന് സമാനമാണ് മാർക്സ് അവതരിപ്പിച്ച ചരിത്രദർശനമെന്ന് എംഗൽസ് അവിടെ കൂടിയ സഖാക്കളോട് പറഞ്ഞു.

മാർക്സിന്റെ മകൾ എലിനോർ, എലിനോറിന്റെ ഭർത്താവ് എഡ്വേർഡ് അവ്ലിങ്ങ്, മാർക്സിന്റെ കുടുംബസഹായി ഹെലൻഡെമുത്ത്, പിൽക്കാലത്ത് ജർമനിയിലെ സമുന്നതരായ കമ്യൂണിസ്റ്റ് നേതാവായി മാറിയ വില്യം ലിബ്നിക്റ്റ്, പോൾ ലഫാർഗ്, ചാൾസ്ലാംഗ്വെ, ഗോട്ടിലിബ് ലെംകെ, ഫ്രെഡറിക് ലെസ്നർ, ജി ലോക്നെർ, സർ റെയ് ലാങ്കെസ്റ്റർ, കാൾ ഷ്റോലെന്മെർ ഏണസ്റ്റ് റാഡ്ഫോർഡ് എന്നിവർ ആ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തതായാണ് ജോൺ ഷെപ്പേർഡ് അതേക്കുറിച്ച് എഴുതിയ ലേഖനത്തിൽ പറയുന്നത് (Who was Really at Marx’s Funeral?, Friends of Highgate Newsletter, April 2018).

മാർക്സിന്റെ കുടുംബസുഹൃത്തുക്കളായ മുപ്പതോളം പേർ ആ ചടങ്ങിൽ പങ്കെടുത്തതായി 1883 മാർച്ച് 25‐ലെ ഒരു പത്രം (The People) പറയുന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.

എന്തായാലും ചുരുക്കം പേർ മാത്രമേ ആ ചരമോപചാരത്തിൽ പങ്കെടുത്തിരുന്നുള്ളൂ.

അവരിൽ ചിലർ ഇംഗ്ലണ്ടിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാക്കളാണ്. മറ്റുചിലർ ബന്ധുക്കളും. ഹൈഗേറ്റ് സെമിത്തേരിയിലെ ഏറ്റവും സാധാരണമായ കുഴിമാടങ്ങളിൽ ഒന്നിന് മുന്നിൽ നിന്ന് അവർ എംഗൽസിന്റെ വാക്കുകൾ കേട്ടു.

മരണവേളയിൽ മാർക്സിന്റെ കുപ്പായക്കീശയിൽ മൂന്ന് ചിത്രങ്ങൾ ഉണ്ടായിരുന്നതായി മേരി ഗബ്രിയേൽ എഴുതിയ മാർക്സിന്റെയും കുടുംബത്തിന്റെയും ജീവിതകഥയിൽ പറയുന്നുണ്ട്.

തന്റെ പിതാവിന്റെയും ഭാര്യയുടെയും രണ്ടുമാസം മുൻപ്, 1883 ജനുവരി 10ന്, അകാലത്തിൽ വിടപറഞ്ഞുപോയ മൂത്തമകൾ ജെന്നിയുടെയും.

എംഗൽസ് ആ ഫോട്ടോകൾ മാർക്സിന്റെ ശവമഞ്ചത്തിൽ വച്ചു. രണ്ട് ചുവന്ന പുഷ്പഹാരങ്ങൾ അതിനുമുകളിലുണ്ടായിരുന്നു. അവിടെയുള്ള അത്രമേൽ ചെറിയ ആ സംഘത്തോട്, മാർക്സിന്റെ പിൽക്കാല ചരിത്രത്തിൽ ചെലുത്തിയ അത്യസാധാരണമായ സ്വാധീനത്തെ ഏതെങ്കിലും നിലയിൽ സൂചിപ്പിക്കാത്ത പന്ത്രണ്ടുപേർ മാത്രമുള്ള ആ ചെറിയ സംഘത്തോട്, എംഗൽസ് തന്റെ ചിരകാല സുഹൃത്തിന്റെ ജീവിതത്തെയും വിപ്ലവകാരിത്വത്തെയും കുറിച്ച് പറഞ്ഞു:

“മാർക്സ് സ്വയം വിശേഷിപ്പിച്ചതെന്തായിരുന്നുവോ, അതുതന്നെയായിരുന്നു അദ്ദേഹം. ഒരു വിപ്ലവകാരി. സാമ്പത്തികോല്പാദനത്തിന്റെ മുതലാളിത്ത വ്യവസ്ഥയുടെ വിലങ്ങുകളിൽ നിന്ന് തൊഴിലാളിവർഗത്തെ മോചിപ്പിക്കാനുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ സത്ത. അദ്ദേഹത്തെക്കാൾ തികവാർന്ന ഒരു പോരാളി ഉണ്ടായിരുന്നിട്ടില്ല”.

തന്റെ ജീവിതകാലത്ത് ഏറ്റവുമധികം വെറുക്കപ്പെടുകയും അപവാദങ്ങൾക്ക് ഇരയാവുകയും ചെയ്ത ഒരാളായിരുന്നു മാർക്സ് എന്ന് എംഗൽസ് ആ പ്രസംഗത്തിൽ പറയുന്നുണ്ട്.

എംഗൽസ്‌

എംഗൽസ്‌

ഏകാധിപതികളും റിപ്പബ്ലിക്കൻ ഭരണകൂടങ്ങളും ഒരുപോലെ അദ്ദേഹത്തെ വേട്ടയാടി. യാഥാസ്ഥിതികരും ജനാധിപത്യവാദികളുമായ ബൂർഷ്വാകൾ ഒരുപോലെ മാർക്സിനെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചു.

എങ്കിലും അദ്ദേഹം അവയെയെല്ലാം അതിജീവിച്ചു. വിപ്ലവകാരികളായ ലക്ഷോപലക്ഷം തൊഴിലാളികളുടെ സഹോദരനായി. ഹൈഗേറ്റ് സെമിത്തേരിയിലെ ചെറിയ ആ ചരമോപചാര സംഘത്തിന് മുന്നിൽനിന്ന് എംഗൽസ് പ്രവാചകസ്വരത്തിൽ പറഞ്ഞുനിർത്തി: “അദ്ദേഹത്തിന്റെ പേരും പ്രവൃത്തിയും കാലങ്ങളോളം നിലനിൽക്കും”.

എംഗൽസിന്റെ പ്രവചനത്തെ കാലം ശരിവച്ചു. മാർക്സ് ചരിത്രത്തിലൂടെ വളർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ലോകജനതയുടെ മൂന്നിലൊന്ന് മാർക്സിന്റെ ആശയങ്ങളാൽ പ്രചോദിതമായ ഭരണസംവിധാനങ്ങൾക്ക് കീഴിലായി.

ട്രേഡ് യൂണിയനുകൾ മുതൽ ദൈവശാസ്ത്രം വരെ മാർക്സിനെ പിൻപറ്റാൻ തുടങ്ങി. സോവിയറ്റ് പതനത്തിനും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ പിൻവാങ്ങലിനും ശേഷവും മാർക്സ് പിൻവാങ്ങിയിട്ടില്ല.

മനുഷ്യവംശത്തിന്റെ ചിന്തയുടെയും പ്രവൃത്തിയുടെയും ചരിത്രത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായി ഇപ്പോഴും മാർക്സ് അവശേഷിക്കുന്നു. സിദ്ധാന്തവിചാരം മുതൽ സാമൂഹ്യസംഘാടനം വരെയുള്ള മനുഷ്യജീവിതത്തിന്റെ സമസ്ത ആവിഷ്കാരങ്ങളിലും മാർക്സ് തുടരുന്നു. മറ്റാരെക്കാളും പ്രബലമായി.

കാലത്തിലൂടെ തിടംവച്ചു വളർന്ന മാർക്സിന്റെ ചരിത്രജീവിതത്തിന് ഹൈഗേറ്റിലും തുടർച്ചയുണ്ടായി. കിഴക്കേ ഹൈഗേറ്റ് സെമിത്തേരിയിൽ ഒരു സാധാരണ ശിലാഫലകത്തിനുകീഴിൽനിന്ന് മാർക്സിന്റെയും കുടുംബത്തിന്റെയും ഭൗതികാവശിഷ്ടങ്ങൾ 1954‐ൽ പുതിയ സ്ഥാനത്തേക്ക് മാറ്റി.

മുഖ്യപാതയിൽനിന്ന് ഇടത്തേക്കുള്ള ചെറിയ വഴി വീണ്ടും തിരിയുന്ന വളവിലേക്കാണ് അത് മാറ്റിയത്.

1954 മാർച്ച് 14ന് അവിടെ മാർക്സിന്റെ പുതിയ സ്മാരകശില്പം അനാച്ഛാദനം ചെയ്യപ്പെട്ടു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഹാരിപോളിറ്റാണ് തലയെടുപ്പോടെ നിൽക്കുന്ന പുതിയ സ്മാരകശില്പം അനാച്ഛാദനം ചെയ്തത്.

ബ്രിട്ടനിൽ നിന്നും യൂറോപ്പിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് സഖാക്കൾ മാർക്സിന്റെ 73‐ാം ചരമവാർഷികദിനത്തിലെ ആ പുനഃസ്ഥാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിപ്ലവത്തിന്റെ അനശ്വരതയെക്കുറിച്ച് നൂറുകണക്കിന് കണ്ഠങ്ങളിൽ നിന്നും ഉയർന്ന മുദ്രാവാക്യങ്ങൾക്കു നടുവിൽ മാർക്സിന്റെ വെങ്കലശില്പം വെളിച്ചത്തിലേക്ക് ശിരസ്സുയർത്തി.

1957‐ലാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടി പുതിയ സ്മാരകശില്പത്തിന്റെ സ്ഥാപനത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

മാർക്സ് മെമ്മോറിയൽ ഫണ്ട് എന്ന പേരിൽ അതിനായി ധനസമാഹരണം നടത്തി. രണ്ടു വർഷങ്ങൾ കൊണ്ട് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി. കമ്യൂണിസ്റ്റ് പാർടി അംഗവും മാർക്സിന്റെ ആരാധകനുമായിരുന്ന ലോറൻസ് ബ്രാഡ്ഷാ (1899‐1979) ആണ് മാർക്സിന്റെ വെങ്കലശില്പം തയ്യാറാക്കിയത്. എട്ടടിയോളം ഉയരമുള്ള മാർബിൾ പീഠത്തിനുമുകളിൽ ഗംഭീര്യത്തോടെ ഉയർന്നുനിൽക്കുന്ന മാർക്സിന്റെ ശിരസ്സ്.

തൊട്ടുതാഴെയായി ആധുനിക മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഖ്യാതമായ വാക്യങ്ങളിലൊന്ന് സ്വർണലിപികളിൽ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു. “സർവരാജ്യങ്ങളിലെയും തൊഴിലാളികളെ, സംഘടിക്കുവിൻ” (Workers of all Lands Unite).

അതിനുചുവടെയായി, അവിടെ സംസ്കരിക്കപ്പെട്ട മാർക്സിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ കൊത്തിയ ഫലകം. ഏറ്റവും താഴെയായി ഫൊയർബാഖ്തിസീസിലെ മാർക്സിന്റെ അതിപ്രസിദ്ധമായ പതിനൊന്നാം തിസീസ്  : “തത്ത്വചിന്തകർ ലോകത്തെ പലനിലകളിൽ വ്യാഖ്യാനിച്ചിട്ടേയുള്ളൂ; പ്രധാനം അതിനെ മാറ്റിത്തീർക്കലാണ്” (The philosopher have only interpreted the world in various ways; the point however is to change it ).


പന്ത്രണ്ട് അടി ഉയരമുള്ള മാർക്സിന്റെ സ്മാരകശില്പം പൂർണമായും വിഭാവനം ചെയ്തത് ലോറൻസ് ബ്രാഡ്ഷാ ആണ്.

ലോറൻസ്‌ ബ്രാഡ്-ഷാ

ലോറൻസ്‌ ബ്രാഡ്-ഷാ

“ഒരു മനുഷ്യന്റെ സ്മാരകം മാത്രമല്ല, മഹത്തായ ഒരു മനസ്സിന്റെയും മഹാനായ ഒരു ചിന്തകന്റെയും സ്മാരകം പണിതെടുക്കുക എന്നതായിരുന്നു എനിക്ക് മുന്നിലെ വെല്ലുവിളി”.

സ്മാരകശില്പത്തിനായി കമ്മീഷൻ ചെയ്യപ്പെട്ട ശേഷം ബ്രാഡ്ഷാ എഴുതി. മാർക്സിന്റെ ഭൗതികരൂപത്തിന്റെ പ്രത്യക്ഷീകരണത്തിനും അപ്പുറം പോകുന്നതാകണം തന്റെ ശില്പമെന്ന് ബ്രാഡ്ഷാ കരുതിയിരുന്നു. ‘മാർക്സിന്റെ ചിന്തയുടെ ഉജ്വലശക്തിയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വ്യാപ്തിയും ദർശനാഗാംഭീര്യവും’ പ്രകാശിപ്പിക്കുന്നതാകണം ആ ശില്പമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

ഒപ്പം തന്നെ തന്റെ ലക്ഷ്യത്തിനായുള്ള മാർക്സിന്റെ സമർപ്പണവും അതിനായുള്ള നിരന്തര പ്രയത്നവും അതിൽ സന്നിഹിതമാകണമെന്നും.

എട്ടടിയിലേറെ ഉയരമുള്ള മാർബിൾ സ്തംഭത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വെങ്കലത്തിൽ പണിതീർത്ത നാലടിയോളം ഉയരമുള്ള മാർക്സിന്റെ ശില്പത്തിൽ ബ്രാഡ്ഷായുടെ ഈ ആശയങ്ങളെല്ലാം സന്നിഹിതമായതായി നമുക്ക് കാണാനാവും.

ശില്പത്തിന്റെ രൂപകല്പനയെന്നപോലെ സ്മാരകസ്തംഭത്തിലെ വാക്യങ്ങൾ തെരഞ്ഞെടുത്തതും അത് ആലേഖനം ചെയ്യേണ്ട അക്ഷരവടിവ് തീരുമാനിച്ചതും ബ്രാഡ്ഷാ തന്നെയാണ്.

മാർക്സിന്റെ മരണത്തിനുപിന്നാലെ തന്നെ, ഹൈഗേറ്റിലെ മാർക്സിന്റെ സ്മാരകം ഒരു സന്ദർശന കേന്ദ്രമായി തീർന്നിരുന്നു. 1956‐ലെ പുനഃസ്ഥാപനത്തിനും സ്മാരകശില്പത്തിന്റെ അനാച്ഛാദനത്തിനും ശേഷം അത് ലോകമെമ്പാടും നിന്നുള്ള കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും ഇടതുപക്ഷക്കാരുടെയും സന്ദർശനകേന്ദ്രമായി.

മാർക്സിന്റെ മരണത്തിനുപിന്നാലെ തന്നെ, ഹൈഗേറ്റിലെ മാർക്സിന്റെ സ്മാരകം ഒരു സന്ദർശന കേന്ദ്രമായി തീർന്നിരുന്നു. 1956‐ലെ പുനഃസ്ഥാപനത്തിനും സ്മാരകശില്പത്തിന്റെ അനാച്ഛാദനത്തിനും ശേഷം അത് ലോകമെമ്പാടും നിന്നുള്ള കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും ഇടതുപക്ഷക്കാരുടെയും സന്ദർശനകേന്ദ്രമായി.

ഇന്ന് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള അനവധിപേർ മാർക്സിന്റെ ചരമസ്മാരകത്തിൽ വന്നുമടങ്ങുന്നു. ഇപ്പോഴത് ഇംഗ്ലണ്ടിലെ പ്രധാന ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഒന്നാണ്. 1999‐ൽ മാർക്സിന്റെ ചരമകുടീരം ഇംഗ്ലണ്ടിലെ ഒന്നാം നിര (Grade ) സ്മാരകങ്ങളുടെ സ്ഥാനത്തേക്ക് ഉയർന്നു.

ലോകമെമ്പാടുമുള്ള മനുഷ്യർ അസാധാരണമായ താൽപ്പര്യം വച്ചുപുലർത്തുന്ന (exceptional intrest) സ്മാരകങ്ങളും കെട്ടിടങ്ങളുമാണ് ഒന്നാം നിര സ്മാരകങ്ങളുടെ പട്ടികയിൽ പെടുന്നത്.

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരവും, ബ്ലാക്പൂൾ ടവറും, മാഞ്ചസ്റ്റർ‐ലിവർപൂൾ റോഡ് റെയിൽവെ സ്റ്റേഷനും, കിങ്ങ്സ് കോളേജുമെല്ലാം ഇങ്ങനെ ഒന്നാംനിര സ്മാരകങ്ങളിൽ പെടുന്നവയാണ്.

ലോകത്ത് ഏറ്റവുമധികം തിരിച്ചറിയപ്പെടുന്ന ശവകുടീരം എന്നാണ് ബി ബി സി മാർക്സിന്റെ ശവകുടീരത്തെയും അവിടത്തെ സ്മാരകസ്തംഭത്തെയും മുൻനിർത്തി പറഞ്ഞത്.

എല്ലാ ഭൂഖണ്ഡങ്ങളിലും പെടുന്ന കോടാനുകോടി മനുഷ്യർക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവുന്ന സ്മാരകങ്ങളിലൊന്നായി ഇപ്പോഴത്.

ഒരു ഡസൻ ആളുകൾ മാത്രം പങ്കെടുത്ത ചരമശുശ്രൂഷാചടങ്ങിൽ നിന്ന് ഒന്നേകാൽ നൂറ്റാണ്ടുകൊണ്ട് മാർക്സ് അത്രത്തോളം വളർന്നു; ഹൈഗേറ്റ് സെമിത്തേരിയിലെ സ്മാരകവും.

രണ്ട്

ലണ്ടനിലെ എന്റെ ആദ്യയാത്ര ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്സിന്റെ ശവകുടീരത്തിലേക്കായിരുന്നു. 2019 സെപ്തംബർ അഞ്ചിന് ഹീത്രൂവിലെത്തിയത് വൈകീട്ട് ഏഴുമണിയോടെയാണ്.

പുറത്ത് സന്ധ്യമയങ്ങിയിരുന്നു. മുരളിയേട്ടനും ലണ്ടനിലെ പരിപാടികളുടെ സംഘാടകരിലൊരാളായ മോൺസിയും അവിടെയുണ്ടായിരുന്നു.

എയർപോർട്ടിലെ കഫേകളിലൊന്നിലിരുന്ന് ഞങ്ങൾ ഒരു കാപ്പി കുടിച്ചു. കാപ്പിയുടെ വിവിധ ചേരുവകൾ പ്രദർശിപ്പിച്ച പട്ടികയിൽ നിന്നും ഓരോന്നും എന്തെന്ന് മനസ്സിലാക്കാൻ ഞാൻ കുറച്ചൊന്നു ശ്രമിച്ചു; കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും.

കാപ്പിയുമൊത്തുള്ള ഇരിപ്പിനിടയിൽ മുരളിയേട്ടന്റെ ജീവിതപങ്കാളി മിച്ചിരു അവിടെയെത്തി. മിച്ചിരു ജോലിചെയ്യുന്നത് ഹീത്രൂവിമാനത്താവളത്തിൽ തന്നെയാണ്. ജപ്പാനിൽനിന്ന് മൂന്ന് പതിറ്റാണ്ടോളം മുൻപാണവർ ലണ്ടനിലെത്തിയത്. ഇരിങ്ങാലക്കുടയിൽ നിന്ന് യുഎ ഇ വഴി മുരളിയേട്ടനും. അവരുടെ സഹജീവിതം കാൽനൂറ്റാണ്ട് തികഞ്ഞു. മൗനം കൂടുകെട്ടിയ സ്നേഹമാണ് മിച്ചിരുവിന്റേത്. ആവശ്യമുള്ളത് മാത്രം പറയുക.

വേണ്ടത്‌ മാത്രം ചെയ്യുക. നിരുപാധികം സ്നേഹിക്കുക. അതാണ് മിച്ചിരുവിന്റെ ജീവിതദർശനം.

മുരളിയേട്ടന്റെ സംഭാഷണരീതി അങ്ങനെയല്ല. ഇരിങ്ങാലക്കുടയിലെ ജീവിതത്തിൽനിന്നും കിട്ടിയ നാട്ടുചൊല്ലുകൾ സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ട്, കൂടൽമാണിക്യത്തിലേക്കുള്ള നടവഴിയിലോ ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലോ എന്നപോലെ, ഓരോ ജീവിതസന്ദർഭത്തെയും മുരളിയേട്ടൻ അഭിമുഖീകരിച്ചുകൊണ്ടേയിരിക്കും.

ജീവിതത്തെക്കുറിച്ചുള്ള ചിലചോദ്യങ്ങളിലേക്കോ, എതിർവാദങ്ങളിലേക്കോ, ഫലിതത്തിലേക്കോ പടരാതെ ഒരു സന്ദർഭവും മുരളിയേട്ടന് മുന്നിലൂടെ നിസ്സംഗമായി കടന്നുപോവില്ല. ജീവിതോത്സവങ്ങളുടെ കടൽ മുരളിയേട്ടനിൽ സദാ ഇരമ്പിനിൽക്കുന്നു. തിരയൊഴിയാതെ.

മോൺസിയെ വഴിയിൽ വിട്ട് രാത്രിയോടെ ഞങ്ങൾ ഈസ്റ്റ് ഫിഞ്ച്ലിയിലെ മുരളിയേട്ടന്റെ വീട്ടിലെത്തി. പതിനാല്‐പതിനഞ്ച് മണിക്കൂർ നീണ്ട യാത്രയുടെ ക്ഷീണമുണ്ടായിരുന്നുവെങ്കിലും ഞങ്ങൾ പിന്നെയും കുറെനേരം കൂടി സംസാരിച്ചിരുന്നു. രാത്രി വൈകിക്കിടക്കുമ്പോൾ പിറ്റേന്നത്തെ ആദ്യയാത്ര ഹൈഗേറ്റ് സെമിത്തേരിയിലേക്ക് എന്ന് ഉറപ്പിക്കുകയും ചെയ്തു.

ലണ്ടനിലെ എന്റെ ആദ്യപ്രഭാഷണം ഒരു ദിവസം കൂടി കഴിഞ്ഞിട്ടായിരുന്നു. സെപ്തംബർ ഏഴിന്. അതുകൊണ്ട് ആറിന് രാവിലെ ഹൈഗേറ്റ് സെമിത്തേരിയിൽ നിന്ന് തുടങ്ങാം എന്ന് തീരുമാനമായി. ആദ്യദിവസം തന്നെ അവിടെ പോകണം എന്നാഗ്രഹിച്ചിരുന്നുവെങ്കിലും അത് നടക്കുമോ എന്നറിയില്ലായിരുന്നു. അതിലേക്ക് വഴിതെളിഞ്ഞപ്പോൾ വെറുതെയൊരു സന്തോഷം തോന്നി.

രാവിലെ പത്തുകഴിഞ്ഞാണ് പുറപ്പെട്ടത്. ഈസ്റ്റ് ഫിഞ്ച്ലിയിൽ നിന്ന് ഹൈഗേറ്റിലേക്കുള്ള വഴിയിലൂടെ നടന്നു. വഴിക്കിരുപുറവും പ്രാചീനഭംഗിയുള്ള വൃക്ഷങ്ങളുണ്ട്. വഴിയോരത്തു കൂടെ പതിനഞ്ച്‌ മിനിറ്റോളം നടന്നപ്പോൾ ഹൈഗേറ്റ് സ്കൂളെത്തി.

പ്രതാപം നിറഞ്ഞ വിദ്യാലയങ്ങളിലൊന്നാണതെന്ന് മുരളിയേട്ടൻ പറഞ്ഞു. റോഡരുകിൽ അതിവിശാലമായ കളിക്കളം. പച്ചപ്പിന്റെ പരപ്പ്. പിന്നിലെ മരങ്ങളും അതിനും പിന്നിലെ നീലാകാശപടർപ്പും. വർണവ്യതിരേകങ്ങളുടെ സമൃദ്ധിയിൽ ആ ദൃശ്യത്തിന് ഒരു മായികതയുണ്ടായിരുന്നു.

അല്പം കൂടി മുന്നോട്ടുനടന്ന് വെസ്റ്റ്ഹിൽ റൗണ്ടിലെത്തി. അവിടെനിന്നും ഇടത്തോട്ട് തിരിയുമ്പോൾ സ്വാൺസ്ലെയ്ൻ ആരംഭിക്കുന്നു.

ഹൈഗേറ്റ് സെമിത്തേരിയിലേക്കുള്ള വഴിയാണത്. അല്പം മുന്നോട്ട് നീങ്ങിയപ്പോൾ വലതുഭാഗത്തുള്ള ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വൃത്താകാരത്തിലുള്ള നീലഫലകം (plaque)കാണാമായിരുന്നു. ചാൾസ് ഡിക്കൻസ് താമസിച്ച കെട്ടിടമാണ്.

അക്കാര്യം അതിൽ എഴുതിവച്ചിട്ടുമുണ്ട്. മാർക്സിന് പ്രിയപ്പെട്ട എഴുത്തുകാരിലൊരാൾ ഡിക്കൻസായിരുന്നുവല്ലൊ എന്ന് ഞാൻ ഓർക്കുന്നുണ്ടായിരുന്നു. മാർക്സിലേക്കുള്ള വഴിയിൽ

 ചാൾസ് ഡിക്കൻസ്

ചാൾസ് ഡിക്കൻസ്

ചാൾസ് ഡിക്കൻസ് ഉള്ളത് ആകസ്മികമല്ല. മുതലാളിത്തം മനുഷ്യവംശത്തോട് ചെയ്ത ക്രൂരതകളുടെ ചിത്രം ഡിക്കൻസിനോളം നന്നായി ആരും രേഖപ്പെടുത്തിക്കാണില്ല. മാർക്സ് അതിനെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട്.

സ്വാൺസ്ലെയിനിലൂടെ ഒരുകിലോമീറ്ററോളം നടന്നാൽ ഹൈഗേറ്റ് സെമിത്തേരിക്ക് മുന്നിലെത്തും. കിഴക്കും പടിഞ്ഞാറുമായി 36 ഏക്കറിലായി പരന്നുകിടക്കുന്ന ശ്മശാനോദ്യാനം. പടിഞ്ഞാറൻ സെമിത്തേരിക്ക് പതിനേഴ് ഏക്കർ വലിപ്പമുണ്ട്. ഈസ്റ്റ് സെമട്രിക്ക് പത്തൊൻപത് ഏക്കറും. ലണ്ടനിലെ മൂന്നാമത്തെ പൊതുശ്മശാനമാണ് ഹൈഗേറ്റ്.

കെൻസൽഗ്രീനും (1833), വെസ്റ്റ് നോർവുഡിനും (1837) ശേഷം 1839‐ൽ സ്ഥാപിതമായ പൊതുശ്മശാനം. ‘സപ്തോജ്വലം’  (Magnificent Seven) എന്നറിയപ്പെടുന്ന ലണ്ടനിലെ പൊതുശ്മശാനങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒന്നാണ് ഹൈഗേറ്റ് സെമിത്തേരി. ലണ്ടൻ നഗരം അതിന്റെ പൈതൃകാഭിമാനങ്ങളുടെ പട്ടികയിൽപ്പെടുത്തിയ എണ്ണമറ്റ സ്മാരകങ്ങളിൽ ഈ സപ്തോജ്വലങ്ങളും ഉൾപ്പെടുന്നു.

കെൻസൽഗ്രീൻ (1833), വെസ്റ്റ് നോർവുഡ് (1837), ഹൈഗേറ്റ് (1839), അബ്നേപാർക്ക് (1840), ബ്രോംപ്ടൺ (1840), നൺഹെഡ് (1840), ടവർ ഹാംലെറ്റ്സ് (1841) എന്നിങ്ങനെ ഏഴ് ശ്മശാനോദ്യാനങ്ങൾ. 1845‐ൽ നിലവിൽ വന്ന വിക്ടോറിയാ പാർക്കിനെയും ചിലർ ഈ പട്ടികയിൽപ്പെടുത്തുന്നുണ്ട്.

അതുകൂടി ചേർത്താൽ സപ്തോജ്വലം അഷ്ടോജ്വലമാകും!

ഹൈഗേറ്റിലേതുൾപ്പെടെയുള്ള ലണ്ടനിലെ പൊതുശ്മശാനങ്ങൾക്ക് സവിശേഷമായ ഒരു ചരിത്രമുണ്ട്. ലണ്ടൻ നഗരത്തിന്റെയും പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായവത്കരണത്തിന്റെയും ചരിത്രവുമായി അത് ഇഴപിരിഞ്ഞുകിടക്കുന്നു.

ഹൈഗേറ്റിലേതുൾപ്പെടെയുള്ള ലണ്ടനിലെ പൊതുശ്മശാനങ്ങൾക്ക് സവിശേഷമായ ഒരു ചരിത്രമുണ്ട്. ലണ്ടൻ നഗരത്തിന്റെയും പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായവത്കരണത്തിന്റെയും ചരിത്രവുമായി അത് ഇഴപിരിഞ്ഞുകിടക്കുന്നു. പത്തൊമ്പതാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ ഗ്രാമീണമേഖലകളിൽ നിന്ന് ലണ്ടനിലേക്ക് വൻതോതിലുള്ള കുടിയേറ്റമാണ് ഉണ്ടായത്.

പുതിയ വ്യാവസായിക കേന്ദ്രങ്ങളിലേക്ക് ഗ്രാമീണ ജനത ഇരമ്പിയെത്തി. 1801‐ൽ പത്തുലക്ഷത്തിൽ താഴെ മാത്രം ജനങ്ങളുണ്ടായിരുന്ന ലണ്ടനിലെ ജനസംഖ്യ നാല് പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഇരുപതുലക്ഷമായി.

ലണ്ടനിലെ പ്രതിദിന മരണനിരക്ക് 125 ആയി ഉയർന്നു. പ്രതിവർഷം 45000ത്തിലധികം ശവങ്ങൾ സംസ്കരിക്കേണ്ട സ്ഥിതി. ഹൈഗേറ്റിനെക്കുറിച്ചുള്ള കൈപ്പുസ്തകം പറയുന്നതുപോലെ, ജീവനുള്ളവരെക്കൊണ്ടെന്നപോലെ മരിച്ചവരെക്കൊണ്ടും നഗരം വീർപ്പുമുട്ടി.

പള്ളികളിലെ സെമിത്തേരികളിൽ ജഡങ്ങൾ തിങ്ങിനിറഞ്ഞു. മാസങ്ങളുടെ മാത്രം അകലത്തിൽ എല്ലാ കുഴിമാടങ്ങളും വീണ്ടും വീണ്ടും തുറക്കേണ്ട സ്ഥിതിയായി. മൂന്നടിമാത്രം ആഴത്തിൽ കുഴിച്ചിട്ട ജഡങ്ങൾ അഴുകിത്തീരുന്നതിനുമുൻപേ പുതിയ ജഡങ്ങൾ അവിടേക്കെത്തി.

ആന്റിഗണിയിൽ പറയുന്നതുപോലെ ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചവരോട് മനുഷ്യവംശത്തിന് ഉത്തരവാദിത്തമുണ്ടെന്ന് ലണ്ടൻ നഗരത്തിന് അപ്പോൾ ഓർക്കാനായില്ല!

ഇതോടൊപ്പം തന്നെ ലണ്ടൻനഗരത്തെ അലട്ടിയ മറ്റൊരു പ്രശ്നമായിരുന്നു പഠനാവശ്യങ്ങൾക്കും മറ്റുമായി മൃതദേഹങ്ങൾ മോഷ്ടിക്കുന്ന കവർച്ചാസംഘങ്ങളുടെ തേർവാഴ്ച.

സെമിത്തേരികളിലെ കുഴിമാടങ്ങളിൽ അടക്കം ചെയ്യപ്പെട്ട ജഡങ്ങൾ വൻതോതിൽ കൊള്ളയടിക്കപ്പെട്ടു.

മരിച്ചവരെ ‘ഉയിർത്തെഴുന്നേല്പിക്കുന്ന’ രാത്രിസംഘങ്ങൾ (Resuruction Men) ലണ്ടൻ ശ്മശാനങ്ങൾ കീഴടക്കി! ലണ്ടൻ നഗരത്തിലെ ദേവാലയങ്ങളിൽ മുട്ടുകുത്തിനിന്ന്, കവർന്നെടുക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജഡങ്ങളെച്ചൊല്ലി നൂറുകണക്കിന് മനുഷ്യർ കണ്ണീർവാർത്തു.

ഇതിനിടയിൽ ശരിയായി സംസ്കരിക്കപ്പെടാത്ത ജഡങ്ങളിൽ നിന്ന് നഗരം പകർച്ചവ്യാധികളുടെ പിടിയിലേക്ക് നീങ്ങി. 1831‐ലെ കോളറ നൂറുകണക്കിന് പേരെയാണ് കൊന്നൊടുക്കിയത്. അഴുകിത്തീരാത്ത ജഡങ്ങളിൽ നിന്നും പടരുന്ന ഈർപ്പം കലർന്ന വായുവായിരുന്നു (miasma) ഈ പകർച്ചവ്യാധിക്ക് പിന്നിലെ കാരണങ്ങളിലൊന്ന്.

മരണം എന്ന ഈ മഹാസമസ്യയെ അഭിമുഖീകരിക്കാനുള്ള പുതിയ പരിശ്രമങ്ങളുടെ ഭാഗമായിരുന്നു പള്ളികൾക്കു പുറത്തുള്ള സ്വകാര്യ ശ്മശാനങ്ങൾ. 1830‐40 കാലയളവിലായി ലണ്ടൻ നഗരത്തിന്റെ നാലുഭാഗത്തും സ്വകാര്യ ശ്മശാനങ്ങൾ ഉയർന്നുവന്നു. പ്രശാന്തവും സ്വച്ഛവുമായ പ്രകൃതിപരിസരങ്ങളിൽ മനുഷ്യർ അന്ത്യവിശ്രമം കൊള്ളുന്ന ഇടങ്ങൾ പിറവിയെടുക്കാൻ തുടങ്ങി.

1836‐ൽ ബ്രിട്ടീഷ് പാർലമെന്റ് സ്വകാര്യ ശ്മാശാനഭൂമികളുടെ സ്ഥാപനവും നടത്തിപ്പും സംബന്ധിച്ച് നിയമം പാസാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ശ്മശാനങ്ങളുടെ നടത്തിപ്പിനായി ജോയിന്റ് സ്റ്റോക്ക് കമ്പനികൾ നിലവിൽ വന്നു.

ഇങ്ങനെ രൂപീകരിക്കപ്പെട്ട കമ്പനികളിലൊന്നായിരുന്നു ലണ്ടൻ സെമട്രി കമ്പനി. ഇരുപത് പൗണ്ട് മുഖവിലയുള്ള 5000 ഓഹരികൾ വഴി ഒരു ലക്ഷം പൗണ്ട് സമാഹരിച്ചാണ് ലണ്ടൻ സെമട്രി കമ്പനി പ്രവർത്തിച്ചത്.

സ്റ്റീഫൻ ഗ്രെയുടെ നേതൃത്വത്തിൽ നിലവിൽ വന്ന ഈ ജോയിന്റ് സ്റ്റോക്ക് കമ്പനിയാണ് 1839‐ൽ ഹൈഗേറ്റ് ശ്മശാനം ആരംഭിച്ചത്.

മരണം ശ്മശാനങ്ങളെ വേഗത്തിൽ വളർത്തി! പതിനേഴ് ഏക്കറുള്ള ഹൈഗേറ്റിലെ പടിഞ്ഞാറൻ ശ്മശാനം 1854‐ൽ പാതയുടെ കിഴക്കുഭാഗത്തെ പത്തൊൻപത് ഏക്കറിലേക്ക് കൂടി വളർന്നു. കേവലം പതിനഞ്ച് വർഷങ്ങൾ കൊണ്ട് ഹൈഗേറ്റ് സിമട്രി ഇരട്ടിയായി.

അത്യന്തം ഭംഗിയായി സംവിധാനം ചെയ്യപ്പെട്ട പൊതുശ്മശാനങ്ങളിലേക്ക് ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുമുള്ളവരുടെ ജഡങ്ങൾ എത്തി.

53000 കുഴിമാടങ്ങളിലായി രണ്ടുലക്ഷത്തോളം പേരാണ് ഇപ്പോൾ ഹൈഗേറ്റിൽ സംസ്കരിക്കപ്പെട്ടിരിക്കുന്നത്. ലോകപ്രശസ്തരായവർ മുതൽ അജ്ഞാതരായ സാധാരണ മനുഷ്യർ വരെ. അവരുടെ ഓർമകൾ തേടിയെത്തുന്നവർ ഹൈഗേറ്റിനെ അതുല്യമായ ഒരു ചരിത്രസ്മാരകമായി മാറ്റിയിരിക്കുന്നു! മൺമറഞ്ഞവർ അവരിലൂടെ മൃതിയുടെ മറുപുറങ്ങളിലേക്ക് ചുവടുവയ്ക്കുന്നു.

ഹൈഗേറ്റിലെ പടിഞ്ഞാറും കിഴക്കും സെമിത്തേരികളിലായി മനുഷ്യവംശചരിത്രത്തെ മാറ്റിപ്പണിത പലരുടെയും ഓർമകൾ തിടംവച്ചുനിൽക്കുന്നുണ്ട്.

പത്തൊമ്പതാം ശതകത്തിലെ ചിത്രകലാചരിത്രത്തിലെ വലിയ പേരുകളിലൊന്നായ ഡാന്റെ ഗബ്രിയേൽ റോസെറ്റി, സഹോദരങ്ങളായ ക്രിസ്റ്റീന റോസെറ്റി, വില്യം റോസെറ്റി, വിക്ടോറിയൻ ഇംഗ്ലണ്ടിൽ അതുല്യപ്രശസ്തി നേടിയ ഗുസ്തിതാരമായ തോമസ് സെയേഴ്സ് (1826‐65) (സെയേഴ്സിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ 1865‐ൽ പതിനായിരത്തിലധികം പേർ ഹൈഗേറ്റ് സെമിത്തേരിയിലെത്തി.

ഹൈഗേറ്റ് കണ്ട ഏറ്റവും വലിയ സംസ്കാരച്ചടങ്ങ് അതായിരുന്നു), ശാസ്ത്രജ്ഞനായ മൈക്കിൾ ഫാരഡേ (1791‐1867), കവിയും നോവലിസ്റ്റുമായ റാഡ്ക്ലിഫ് ഹാൾ (1880‐1943), വിക്ടോറിയൻ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ജോർജ് എലിയറ്റ് എന്നറിയപ്പെട്ട മേരി ആൻ ഇവാൻസ് (1817‐78), പത്തൊമ്പതാം നൂറ്റാണ്ടിലെ അരിസ്റ്റോട്ടിൽ എന്ന് വാഴ്ത്തപ്പെട്ട ഹെർബർട്ട് സ്പെൻസർ (1820‐1903), നാടകക്കാരനായ ഡഗ്ലസ് ആദംസ് (1952‐2001), പോപ്പ്‌ സംഗീതജ്ഞൻ മാൽക്കം മക്ലാറൻ (1946‐2010) എന്നിങ്ങനെ എത്രയോ പേർ കാലത്തെ അതിജീവിക്കുന്ന ഓർമകളുടെ പേടകങ്ങളായി ഹൈഗേറ്റിൽ തുടരുന്നുണ്ട്.

ഹൈഗേറ്റിലെ ഈ സ്മാരകങ്ങളിൽ ഏറ്റവും പ്രൗഢവും വിശിഷ്ടവുമായ പദവിയിലാണ് മാർക്സിന്റെ ശവകുടീരം ഇപ്പോൾ നിലകൊള്ളുന്നത്. കാലപ്രവാഹത്തിൽ ഗാംഭീര്യമാർജിച്ച ആ സ്മാരകസ്തംഭത്തിന് ചുറ്റും പോരാളികളുടെ ഓർമകൾ പേറി മറ്റനേകം ശിലാഫലകങ്ങൾ കാണാം. മാർക്സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്സ്ബാം, ദക്ഷിണാഫ്രിക്കയിലെ മഹാനായ അപ്പാർത്തീഡ് വിരുദ്ധപ്പോരാളി യൂസഫ് ദാദൂ, പത്ര പ്രവർത്തകയും പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ ക്ലോദിയ ജോൺസ്... മാർക്സിന്റെ ഓർമകൾ തേടിയെത്തുന്നവർ അവരിലൂടെയും കടന്നുപോവുന്നു.

മനുഷ്യൻ സാമൂഹികബന്ധങ്ങളുടെ സമുച്ചയമാണെന്ന് (Man is an ensemble of social relations) എഴുതിയ മാർക്സ് തന്റെ ശവകുടീരത്തിലും അത് സാക്ഷാത്കരിക്കുന്നു!

മാർക്സിന്റെ ശവകുടീരത്തിന് നേരെ എതിർഭാഗത്തായി ഹെർബെർട്ട് സ്പെൻസറുടെ ശവമാടം കാണാം. എറിക് ഹോബ്സ്ബാം എഴുതിയതുപോലെ, പത്തൊമ്പതാം ശതകത്തിലെ അരിസ്റ്റോട്ടിലായി വാഴ്ത്തപ്പെട്ട ആളായിരുന്നു സ്പെൻസർ. മാർക്സിന്റെ നിശിതവിമർശകരിലൊരാൾ. മാർക്സിന്റെ ജീവിതകാലത്ത് സ്പെൻസറുടെ പ്രൗഢി അതുല്യമായിരുന്നു.

എങ്കിലും കാലം ആ ഉദ്ധതപ്രതാപത്തെ പതിയെപ്പതിയെ കെടുത്തിക്കളഞ്ഞു. മാർക്സ് കാലത്തിലൂടെ വളർന്നപ്പോൾ സ്പെൻസർ വിസ്മൃതിയിലേക്ക് മാഞ്ഞുപോയി. ഇന്ന് മാർക്സിനെ കാണാനെത്തുന്നവരിൽ ഏറിയ പങ്കും സ്പെൻസർ അവിടെയുണ്ടെന്നുപോലും തിരിച്ചറിയാതെ മടങ്ങുന്നു.

2019 സെപ്തംബർ 6ന് രാവിലെ പതിനൊന്നുമണിയോടെ ഹൈഗേറ്റിലെ കിഴക്കേ സെമിത്തേരിയുടെ വാതിൽ പിന്നിട്ട് അകത്തേക്ക് നടക്കുമ്പോൾ അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. കുറച്ചുനടന്ന് പ്രധാനപാതയുടെ അരികത്തെ ബഞ്ചുകളിലൊന്നിൽ ഞങ്ങൾ അല്പനേരം ഇരുന്നു. ചുറ്റും പച്ചപ്പിന്റെ നിറവിൽ തലയുയർത്തി നിൽക്കുന്ന സ്മാരകസ്തംഭങ്ങൾ.

2019 സെപ്തംബർ 6ന് രാവിലെ പതിനൊന്നുമണിയോടെ ഹൈഗേറ്റിലെ കിഴക്കേ സെമിത്തേരിയുടെ വാതിൽ പിന്നിട്ട് അകത്തേക്ക് നടക്കുമ്പോൾ അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. കുറച്ചുനടന്ന് പ്രധാനപാതയുടെ അരികത്തെ ബഞ്ചുകളിലൊന്നിൽ ഞങ്ങൾ അല്പനേരം ഇരുന്നു. ചുറ്റും പച്ചപ്പിന്റെ നിറവിൽ തലയുയർത്തി നിൽക്കുന്ന സ്മാരകസ്തംഭങ്ങൾ.

കുറച്ചുകഴിഞ്ഞ് അവയിലൂടെ കണ്ണോടിച്ച് വീണ്ടും നടപ്പുതുടർന്നു. രണ്ടായി പിരിയുന്ന വഴികളിലെ ഇടത്തേക്കുള്ള വഴിയിലൂടെ മുന്നോട്ട് നടന്ന് മാർക്സിന്റെ ശവകുടീരത്തിന് മുന്നിലെത്തി.

തലേന്ന് ആരെല്ലാമോ അർപ്പിച്ച കുറച്ച് പൂക്കൾ. ഒരുഭാഗത്തേക്ക് ഒതുക്കിവച്ച പൂക്കൂടകൾ. അധൃഷ്യമായി തലയുയർത്തി നിൽക്കുന്ന മാർക്സിന്റെ ശിരസ്സിൽ കണ്ണുനട്ട് ഞാൻ കുറച്ചധികം നേരം നിശ്ശബ്ദമായി നിന്നു. ചരിത്രത്തിൽ അലയടിച്ചുകൊണ്ടേയിരിക്കുന്ന സ്വന്തം വാക്കുകൾക്ക് മുകളിൽ മാർക്സ് ഉന്നതശീർഷനായിരുന്നു.

പിന്നീട് ഞങ്ങൾ ചുറ്റുപാടും നടന്നുകണ്ടു. മാർക്സിനെയും കുടുംബാംഗങ്ങളെയും ആദ്യം സംസ്കരിച്ച കുഴിമാടവും കണ്ട് തിരിച്ചെത്തിയപ്പോൾ മാർക്സിന്റെ പ്രതിമയ്ക്കുമുന്നിൽ മറ്റൊരാൾ ആദരാഞ്ജലികൾ അർപ്പിച്ച് നിൽക്കുന്നുണ്ടായിരുന്നു. മെക്സിക്കോക്കാരനായ ഹാരി.

ലണ്ടനിലെ  പാർലമെന്റ്‌ സ്ക്വയറിലെ     ഗാന്ധിപ്രതിമയ്‌ക്ക്‌  മുന്നിൽ

ലണ്ടനിലെ പാർലമെന്റ്‌ സ്ക്വയറിലെ ഗാന്ധിപ്രതിമയ്‌ക്ക്‌ മുന്നിൽ

അഭിഭാഷകനും ഇടതുപക്ഷക്കാരനുമാണ് ഹാരി. ജർമനിയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാർക്സിന്റെ ശവകുടീരം കാണാനായി മാത്രം ലണ്ടനിലിറങ്ങിയതാണ്.

മാർക്സിന്റെ സ്മാരകത്തിന്‌ മുന്നിൽനിന്ന്‌ ഞാൻ ചിത്രങ്ങൾ എടുത്തു. മുരളിയേട്ടനൊപ്പവും ഹാരിയോടൊപ്പവും. ഞങ്ങൾ ഒരുമിച്ച് അഭിവാദനങ്ങൾ അർപ്പിച്ചുപിരിഞ്ഞു. സർവരാജ്യങ്ങളിലെയും മനുഷ്യർ മാർക്സിനെ തേടിയെത്തുന്നല്ലോ എന്ന് ഞാനപ്പോൾ മനസ്സിലോർത്തു.

മൂന്ന്

ലണ്ടനിലെ യാത്രയിൽ മാർക്സ് പലതവണ പിന്നെയും കൂടെവന്നു. മുരളിയേട്ടനോടൊപ്പമായിരുന്നു മൂന്നാഴ്ചയോളം നീണ്ട എന്റെ ലണ്ടൻ ജീവിതം.

ലണ്ടനിലും ഓക്സ്ഫഡിലും ന്യൂകാസിലുമായി നാല് യോഗങ്ങളിൽ സംസാരിക്കാനുണ്ടായിരുന്നു. ലണ്ടനിൽ രണ്ട് യോഗങ്ങളിലും മറ്റിടങ്ങളിൽ ഓരോന്നിലും. ആ നാലുദിവസങ്ങൾ മാറ്റിവച്ചാൽ ബാക്കിവന്ന രണ്ടാഴ്ച ഉടനീളം യാത്രചെയ്തു.

ബ്രിട്ടീഷ് മ്യൂസിയം, ലണ്ടൻ ഗ്യാലറി, ബക്കിങ് ഹാം പാലസ്, ലണ്ടൻ പാലം, സ്കോട്ട്ലാന്റ്, എഡിൻബറോ കൊട്ടാരം, സ്ട്രാഫോർഡിലെ ഷെക്സ്പിയർഭവനം, ഗ്ലോബ് തീയേറ്റർ, റോയൽ മ്യൂസിക് അക്കാദമി, ബ്രിട്ടീഷ് ലൈബ്രറി, ബ്രിട്ടീഷ് പാർലമെന്റ്, പാർലമെന്റ് സ്ക്വയറിലെ ഗാന്ധിപ്രതിമ, തെംസ് നദിയിലൂടെയുള്ള യാത്ര, ഗ്രീനിച്ച്, ട്രാഫൽഗർ സ്ക്വയർ, ചരിത്രത്തിന്റെയും ജീവിതത്തിന്റെയും പ്രകാരഭേദങ്ങൾ പലതും ആ കാഴ്ചകളിലുണ്ടായിരുന്നു.

യാത്രക്കിടയിൽ ഒരുദിവസം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലണ്ടൻ നഗരത്തിൽ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിന് ഞങ്ങൾ സാക്ഷികളായി. കുറെനേരം അവർക്കൊപ്പം നടന്ന് ഞങ്ങളും അതിലെ കണ്ണികളായി.

 ബ്രിട്ടീഷ് മ്യൂസിയത്തിന്റെ പ്രവേശനകവാടത്തോട് ചേർന്നായിരുന്നു റോസെറ്റാ ശില. വിവർത്തനപഠന ക്ലാസ്സുകളിൽ എത്രയോവട്ടം ആവർത്തിച്ച പേരാണത്. വിവർത്തനത്തിന്റെ ലോകാരംഭമായി പരിഗണിക്കപ്പെടുന്ന ശിലാഫലകം! ലോകത്തിന്റെ പല കോണുകളിൽനിന്ന് കടത്തിക്കൊണ്ടുവന്ന പുരാശേഖരങ്ങളുടെയും വിസ്മയവസ്തുക്കളുടെയും അതുല്യശേഖരമാണ് ബ്രിട്ടീഷ് മ്യൂസിയം.

എല്ലാ സാംസ്കാരികരേഖകളും കിരാതത്വത്തിന്റെ സുവർണരേഖകൾ കൂടിയാണെന്ന് വാൾട്ടർ ബഞ്ചമിൻ രേഖപ്പെടുത്തിയത് ബ്രിട്ടീഷ് മ്യൂസിയത്തിന് മുന്നിൽ നിൽക്കുമ്പോൾ നാമോർക്കാതിരിക്കില്ല.

രണ്ടുനൂറ്റാണ്ടോളം ലോകം വാണ അധിനിവേശത്തിന്റെയും സാമ്രാജ്യാധികാരത്തിന്റെയും അവശിഷ്ടലോകം. എല്ലാ സാംസ്കാരികരേഖകളും കിരാതത്വത്തിന്റെ സുവർണരേഖകൾ കൂടിയാണെന്ന് വാൾട്ടർ ബഞ്ചമിൻ രേഖപ്പെടുത്തിയത് ബ്രിട്ടീഷ് മ്യൂസിയത്തിന് മുന്നിൽ നിൽക്കുമ്പോൾ നാമോർക്കാതിരിക്കില്ല.

ലണ്ടനിലെ കാഴ്ചകളെല്ലാം ചരിത്രത്തിലെ പടയോട്ടങ്ങളെ ഓർമയിൽ കൊണ്ടുവരുന്നവയായിരുന്നു!

ലണ്ടനിലെ സഞ്ചാരങ്ങൾക്കിടയിൽ ക്ലെർക്കൻ വെൽ‐ലെ മാർക്സ് മെമ്മോറിയൽ ലൈബ്രറിയിലും പോകാനവസരം കിട്ടി. മാർക്സ് മെമ്മോറിയൽ ലൈബ്രറി ആന്റ് വർക്കേഴ്സ് സ്കൂൾ എന്നാണ് ആ സ്ഥാപനത്തിന്റെ മുഴുവൻ പേര്. ലൈബ്രറിയും രേഖാശേഖരവും പഠനശാലയും എല്ലാം ചേർന്ന ഒരിടം. 1933 മുതലാണ് മാർക്സ് ലൈബ്രറി അവിടെ പ്രവർത്തനമാരംഭിച്ചത്.

അതിനുമുൻപും ഇംഗ്ലണ്ടിലെ വിപ്ലവകാരികളുടെയും ട്രേഡ് യൂണിയൻ പ്രവർത്തകരുടെയുമെല്ലാം താവളമായിരുന്നു ആ കെട്ടിടം. വില്യം മോറിസിന്റെ നേതൃത്വത്തിൽ ട്വന്റിയന്റ് സെൻച്വറി പ്രസ്സ് പ്രവർത്തിച്ചിരുന്നത് അവിടെയാണ്.

1902‐03 കാലത്ത് ലണ്ടനിൽ ഒളിവുജീവിതം നയിച്ച ലെനിൻ തങ്ങിയതും അവിടെയാണ്. അവിടെയിരുന്ന് അദ്ദേഹം പ്രവ്ദയുടെ പതിനൊന്ന് ലക്കങ്ങൾ പുറത്തുകൊണ്ടുവന്നു. 1933 മുതൽ മാർക്സ് മെമ്മോറിയൽ ലൈബ്രറി അവിടെ പ്രവർത്തനമാരംഭിച്ചു. പിന്നിട്ട തൊണ്ണൂറ് വർഷങ്ങളായി ചരിത്രത്തിന്റെ ഗതിഭേദങ്ങൾക്കും ഏറ്റിറക്കങ്ങൾക്കും നടുവിൽ, അത് അക്ഷോഭ്യമായി നിലകൊള്ളുന്നു. മാർക്സിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെയും ഗ്രന്ഥങ്ങളുടെയും ലോകത്തിലെ തന്നെ മികവുറ്റ ശേഖരങ്ങളിലൊന്നാണത്.

മുരളിയേട്ടനോടൊപ്പം ക്ലർക്കൻവെല്ലിലെ ലൈബ്രറിക്ക് മുന്നിലെത്തുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു. ഈസ്റ്റ് ഫിഞ്ച്ലിയിലെ മുരളിയേട്ടന്റെ വസതിയിൽ നിന്നും രാവിലെ പുറപ്പെട്ടതാണ്. നഗരത്തിൽ മറ്റുചിലയിടങ്ങളിലെല്ലാം അലഞ്ഞാണ് മാർക്സ് ലൈബ്രറിയിലേക്കെത്തിയത്. ക്ലർക്കൻവെല്ലിലെ ശാന്തമായ നഗരവീഥിയോടു ചേർന്നുനിൽക്കുന്ന പ്രശാന്തമായ ഒരു കെട്ടിടം.

കാലാവസ്ഥാ സംരക്ഷണത്തിനായി ലണ്ടനിൽ നടന്ന പ്രതിഷേധപ്രകടനത്തിൽനിന്ന്‌

കാലാവസ്ഥാ സംരക്ഷണത്തിനായി ലണ്ടനിൽ നടന്ന പ്രതിഷേധപ്രകടനത്തിൽനിന്ന്‌

പ്രാചീനതയുടെ ലളിതമായ ഭംഗി അതിനെ വലയം ചെയ്തിരുന്നു. മാർക്സ് ലൈബ്രറി അതാണെന്ന സൂചന തരുന്ന യാതൊരടയാളവും പുറത്തുകണ്ടില്ല. കുറച്ചുനേരം ഞങ്ങൾ പുറത്ത് സംശയിച്ചുനിന്നു.

മൊബൈലിലെ മാപ്പ് നോക്കി ഉറപ്പാക്കിയിട്ടാണ് മുരളിയേട്ടൻ കോളിങ് ബെൽ അമർത്തിയത്. അല്പം കഴിഞ്ഞ് ചെറുപ്പം പിന്നിട്ടുമാത്രം കഴിഞ്ഞ ഒരാൾവന്ന് വാതിൽ തുറന്നു. മാർക്സ് ലൈബ്രറി തന്നെയല്ലേ എന്ന് മുരളിയേട്ടൻ അദ്ദേഹത്തോട് ആരാഞ്ഞ് ഉറപ്പുവരുത്തി.

കെട്ടിടത്തിനകം നിശ്ശബ്ദമായിരുന്നു. വലിയൊരു ഗ്രന്ഥശേഖരത്തിനരികെയുള്ള കൗണ്ടറിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട്.

ചുവരിലെ ഭിത്തിയിൽ വിപ്ലവകലയുടെ ഊർജം തുടിച്ചുനിൽക്കുന്ന ചുവർചിത്രങ്ങൾ. ചിലത് ഓസ്കാർ കൊക്കോഷ്കയുടേതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നി. മെക്സിക്കൻ കമ്യൂണിസ്റ്റും ഫ്രിഡകാലോയുടെ ജീവിതപങ്കാളിയും എക്സ്പ്രഷനിസ്റ്റ് ചിത്രകാരനുമായിരുന്നു കൊക്കോഷ്ക. മെക്സിക്കൻ ചുവർചിത്രപാരമ്പര്യത്തെ ആധുനിക കലയിലേക്ക് സന്നിവേശിപ്പിച്ച വലിയ ചിത്രകാരൻ.

ലൈബ്രറിയുടെ ചുവരുകളിലെ ചിത്രങ്ങൾ നോക്കി ഞങ്ങൾ കുറെനേരം നിന്നു.

വിപ്ലവപ്പോരാട്ടങ്ങളുടെ വീര്യം ത്രസിക്കുന്ന ചിത്രങ്ങൾ. അവ റിയലിസ്റ്റ് രചനാസമ്പ്രദായത്തെ ഒട്ടുംതന്നെ പിൻപറ്റിയിരുന്നില്ല. ആത്മനിഷ്ഠമായ യാഥാർഥ്യത്തിന്റെ ആത്മനിഷ്ഠമായ ആവിഷ്കാരം subjective rendering of subjective reality) എന്ന് വിശേഷിപ്പിക്കപ്പെടുന്ന എക്സ്പ്രഷനിസ്റ്റ് കലയുടെ സാങ്കേതിക മാർഗം പിൻപറ്റിയ രചനകൾ.

പൊട്ടിത്തെറിക്കുന്ന ചരിത്രക്ഷോഭം തുടിച്ചുനിൽക്കുന്ന രചനകൾ. മോഡേണിസ്റ്റ് കലയെ മാർക്സിസ്റ്റ് വിരുദ്ധമായി കണ്ടുശീലിച്ച നമ്മുടെ നാട്ടിലെ പരിമിതമായ കലാധാരണകളെക്കുറിച്ച് ഞാനപ്പോൾ വെറുതെ ഓർത്തു.

മാർക്സ് ലൈബ്രറിയിലെ ഗ്രന്ഥശേഖരം സാമാന്യം വലുതായിരുന്നു. മാർക്സിസത്തെക്കുറിച്ചുള്ള അറുപതിനായിരത്തിലധികം ഗ്രന്ഥങ്ങൾ അവിടെയുണ്ടെന്ന് ലൈബ്രറിയുടെ ബ്രോഷറിൽ പറയുന്നുണ്ട്. അവ നോക്കി റാക്കുകൾക്കിടയിലൂടെ നടക്കുമ്പോഴാണ് മാർക്സ്‐എംഗൽസ് സമ്പൂർണകൃതികളുടെ വാല്യങ്ങൾ കണ്ടത്.

 

മാർക്സ് ലൈബ്രറിയിലെ ഗ്രന്ഥശേഖരം സാമാന്യം വലുതായിരുന്നു. മാർക്സിസത്തെക്കുറിച്ചുള്ള അറുപതിനായിരത്തിലധികം ഗ്രന്ഥങ്ങൾ അവിടെയുണ്ടെന്ന് ലൈബ്രറിയുടെ ബ്രോഷറിൽ പറയുന്നുണ്ട്. അവ നോക്കി റാക്കുകൾക്കിടയിലൂടെ നടക്കുമ്പോഴാണ് മാർക്സ്‐എംഗൽസ് സമ്പൂർണകൃതികളുടെ വാല്യങ്ങൾ കണ്ടത്.

1970കളിൽ കിഴക്കൻ ജർമനിയിൽ ആരംഭിച്ച പ്രോജക്ടാണ്. മാർക്സിന്റെയും എംഗൽസിന്റെയും എഴുത്തുകൾ പൂർണമായും അതതു ഭാഷകളിൽ തന്നെ പ്രസിദ്ധീകരിക്കുക. ജർമൻ, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലായി 114 വാല്യങ്ങൾ വരുന്ന ഭീമാകാരമായ പ്രസാധന സംരംഭമായിരുന്നു അത്.

സോവിയറ്റ് പതനത്തെത്തുടർന്ന് അത് സ്തംഭിച്ചു. പിന്നെ, പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്, ആംസ്റ്റർഡാമിലെ സോഷ്യൽ ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ആ പ്രസാധനസംരംഭം പുനരാരംഭിച്ചത്. എഴുപതിലധികം വാല്യങ്ങൾ ഇതിനകം പുറത്തുവന്നു.

മാർക്സിന്റെ സമ്പൂർണ രചനകളുടെ പ്രസാധന ചരിത്രത്തിലെ മൂന്നാമത്തേതും മിക്കവാറും അവസാനത്തേതുമായ പ്രസാധനപദ്ധതിയാണ് MEGA  എന്നറിയപ്പെടുന്ന (Marx Engels Gessamtausgabe) ഈ പ്രസാധനസംരംഭം. 2030‐ൽ മുഴുവൻ വാല്യങ്ങളുടെയും പ്രസാധനം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എത്ര വാല്യങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു എന്ന് കൗണ്ടറിലുള്ള യുവാവിനോട് ഞാൻ തിരക്കി. അയാൾക്ക് അതേക്കുറിച്ച് കാര്യമായ ധാരണയില്ലെന്നുതോന്നി.

മാർക്സ്‐എംഗൽസ് കൃതികളുടെ പ്രസാധനചരിത്രം ആ യുവാവ് അറിഞ്ഞിരിക്കണം എന്ന് നിർബന്ധം പിടിക്കുന്നതിൽ അർഥമില്ലല്ലോയെന്ന് ഞാൻ മനസ്സിലോർത്തു.

ലൈബ്രറിയുടെ ഉൾത്തളങ്ങളിലൂടെ നടക്കുമ്പോഴാണ് അതിന്റെ മേൽനോട്ടച്ചുമതലയുള്ള ഒരു മുത്തശ്ശിയെ കണ്ടത്. എഴുപതു വയസ്സ് പിന്നിട്ടുകാണും.

മാർക്സ് ലൈബ്രറിയുടെ ഭരണാധികാരസമിതി നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരാണ്.

ബ്രിട്ടീഷ് കമ്യൂണിസ്റ്റ്‌ പാർടി അംഗം. മുരളിയേട്ടൻ അവരുമായി സംസാരിച്ചു.  ഇന്ത്യയിൽനിന്നും എത്തിയവരാണെന്നും കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരാണെന്നും പറഞ്ഞപ്പോൾ അവർ ഉത്സാഹത്തോടെ സംസാരത്തിൽ പങ്കുചേർന്നു.

കേരളം എന്ന പേര് അവർക്ക് പരിചിതമായിരുന്നു. കേരളത്തിൽ പ്രസ്ഥാനം പ്രബലമല്ലേ എന്നവർ ചോദിച്ചു.

കേരളത്തെക്കുറിച്ചുള്ള അറിവും കമ്യൂണിസ്റ്റുകാരെന്ന സ്നേഹവും കൊണ്ടാകണം അടച്ചിട്ട മുറികളിലൊന്നിലേക്ക് അവർ ഞങ്ങളെ കൂടെക്കൂട്ടി. ഒളിവുജീവിതകാലത്ത് ലെനിൻ താമസിച്ച മുറിയാണ്.

ഇടുങ്ങിയ ഒരു ചെറിയ മുറി. അവിടെയിരുന്നാണ് ലെനിൻ പ്രവ്ദയുടെ കോപ്പികൾ എഡിറ്റുചെയ്തത്.

മേശയ്ക്കരുകിൽ ലെനിന്റെ ചെറിയൊരു പ്രതിമ. അപ്പുറത്തായി

ലെനിൻ

ലെനിൻ

ലെനിൻ ഉപയോഗിച്ച കോട്ട് സൂക്ഷിച്ചിട്ടുണ്ട്. ഒരുനൂറ്റാണ്ടിന്റെ പഴക്കത്തിലും അത് കേടുകൂടാതെ സംരക്ഷിക്കപ്പെടുന്നു.

ചരിത്രം ഇരമ്പിനിൽക്കുന്ന ആ മുറിയിൽ, എഴുപതു പിന്നിട്ട ഒരു സ്ത്രീയുടെ ഊർജസ്വലമായ വിവരണങ്ങൾ കേട്ടുനിൽക്കെ ലെനിന്റെ ജീവിതത്തിന്റെ വലിപ്പത്തെക്കുറിച്ചാണ് ഞാൻ ഓർത്തത്.

അരനൂറ്റാണ്ട് മാത്രം പിന്നിട്ട ഒരു ജീവിതംകൊണ്ട് (1870‐1924) മനുഷ്യവംശ ഭാഗധേയത്തെ ലെനിൻ പുതുക്കിപ്പണിതു. വരാനിരിക്കുന്ന വിപ്ലവപരമ്പരകൾക്ക് ദർശനവും സംഘടനാരൂപവും നല്കി. സാമ്രാജ്യത്വത്തിന്റെ സ്വരൂപം നിർണയിച്ചു.

ദാർശനികമായ പുനരാലോചനകളുടെ പരമ്പരകൾക്ക് വഴിതുറന്നു. സിദ്ധാന്തത്തെയും രാഷ്ട്രീയപ്രയോഗത്തെയും ചേർത്തുവയ്ക്കുന്നതിൽ ചരിത്രത്തിൽ മറ്റെവിടെയും കാണാത്ത മാതൃകയായി സ്വയം ജീവിച്ചു.

ഒരു മണിക്കൂറോളം മാർക്സ് ലൈബ്രറിയിൽ ചെലവഴിച്ച ശേഷമാണ് ഞങ്ങൾ പുറത്തുകടന്നത്.

ചെറുപ്പക്കാരായ മൂന്നോ നാലോ പേർകൂടി അവിടെയുണ്ടായിരുന്നു. മാർക്സിസത്തെയും ട്രേഡ് യൂണിയൻ മൂവ്മെന്റിനെയും മുതലാളിത്ത സമ്പദ്വ്യവസ്ഥയെയും മറ്റും കുറിച്ചുള്ള പ്രഭാഷണങ്ങളും ക്ലാസ്സുകളും മറ്റും മാർക്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്ന് അവിടെനിന്ന് ലഭിച്ച ബ്രോഷറിൽ നിന്ന്  മനസ്സിലാക്കാൻ കഴിഞ്ഞു. ലണ്ടനിലെ ഇടതുപക്ഷ കൂട്ടായ്മകളുടെ പൊതുവായ മേൽനോട്ടത്തിലാണ് അതിപ്പോൾ പ്രവർത്തിച്ചുവരുന്നത്.

നാലുപതിറ്റാണ്ടോളം ദൈർഘ്യമുള്ള മാർക്സിന്റെ ലണ്ടൻജീവിതത്തിന്റെ സ്മാരകമായ മാർക്സ് ലൈബ്രറി ക്ലെർക്കൻവെല്ലിലെ പ്രശാന്തതയിൽ ചേർന്നുനിൽക്കുന്നു. ലൈബ്രറിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ വൈകുന്നേരമായിത്തുടങ്ങിയിരുന്നു. ചുവരിലെ ചിത്രങ്ങൾക്കൊപ്പം നിന്ന് ഞങ്ങൾ കുറച്ച് ഫോട്ടോകൾ എടുത്തു.

മാർക്സിന്റെ ലണ്ടൻ ജീവിതത്തിന്റെ സ്മൃതിശേഖരങ്ങൾ പോലെ ആ ചിത്രങ്ങളെ ഞാൻ കൂടെക്കൂട്ടി.
സോഹോയിലെ രാത്രി നടത്തത്തിലാണ് ലണ്ടനിൽ മാർക്സിനെ പിന്നെയും കണ്ടത്.

പരിത്യക്തവും ഒട്ടൊക്കെ അനാഥവുമായ മാർക്സിന്റെ ലണ്ടൻജീവിതത്തിലെ പലപല താവളങ്ങളിലൊന്നായിരുന്നു സോഹോയിലെ രണ്ടുമുറികൾ മാത്രമുള്ള ചെറിയ അപാർട്‌മെന്റ്. ഇന്നത് മറ്റാരുടെയോ ഉടമസ്ഥതയിലാണ്. മാർക്സിന്റെ ജീവിതകാലത്ത് അത് ലണ്ടനിലെ ഏറ്റവും കുറഞ്ഞ വരുമാനക്കാരുടെ താമസസ്ഥലമാണ്. മാർക്സ് ആറുവർഷക്കാലത്തോളം അവിടെ ജീവിച്ചു.

മാർക്സും കുടുംബവും സോഹോയിൽ താമസിക്കുമ്പോൾ വീടിനുമുന്നിലെത്തുന്ന കടക്കാരോട് ‘മാർക്സ് വീട്ടിലില്ല’ എന്ന് കളവ് പറയാൻ മക്കളെ പരിശീലിപ്പിച്ചിരുന്നതിനെക്കുറിച്ച് മാർക്സിന്റെ ജീവചരിത്രങ്ങൾ പറയുന്നുണ്ട്.

സോഹോയിലെ അരണ്ടവെളിച്ചം വീണ തെരുവിൽ നിന്ന് രണ്ടാം നിലയിലെ മാർക്സിന്റെ പഴയ താമസസ്ഥലം സൂചിപ്പിക്കുന്ന നീലഫലകം നോക്കിനിൽക്കുമ്പോൾ ഞാനതെല്ലാം ഓർക്കുന്നുണ്ടായിരുന്നു.

യാതനകളുടെ എത്ര കടലുകളിൽ മുങ്ങിത്താണാണ് മനുഷ്യവംശ മോചനത്തിന്റെ വലിയ സ്വപ്നങ്ങൾ മാർക്സ് കെടാതെ കാത്തത്. ‘വിടില്ല ഞാനീരശ്മികളെ’ എന്നുപറഞ്ഞ നമ്മുടെ വലിയ കവിയെപ്പോലെ!


നാല്

ലണ്ടൻയാത്ര ഒരുപാട് സൗഹൃദങ്ങൾ തന്നു. മൂന്നാഴ്ച മാത്രം നീണ്ട ആ ജീവിതം കൊണ്ട് മുരളിയേട്ടൻ ജന്മാന്തരസ്നേഹം നിറഞ്ഞ ഹൃദയബന്ധുക്കളിലൊരാളായി. എന്റെ അഭിരുചികൾ തിരിച്ചറിഞ്ഞ് യാത്രകൾ ക്രമീകരിച്ചത് മുരളിയേട്ടനായിരുന്നു.

സമീക്ഷ എന്ന ഇടതുപക്ഷക്കൂട്ടായ്മയുടെയും ഗ്ലോബൽ എസ്സൻസ് എന്ന വിചാരസംഘത്തിന്റെയും പരിപാടികളിൽ സംബന്ധിക്കാനാണ് ഞാൻ ലണ്ടനിൽ എത്തിയത്. അവിടെയെത്തിയ ആദ്യദിവസങ്ങളിൽ രണ്ടുപരിപാടികൾ ഉണ്ടായിരുന്നു. സമീക്ഷയുടെ യോഗം ഉദ്ഘാടനം ചെയ്തത് എം സ്വരാജ് ആയിരുന്നു.

േഗ്ലാബ്‌ തിയേറ്ററിന്‌ മുന്നിൽ

േഗ്ലാബ്‌ തിയേറ്ററിന്‌ മുന്നിൽ

ആ പരിപാടി ഉദ്ഘാടനം ചെയ്യാൻ സ്വരാജും ലണ്ടനിലെത്തിയിരുന്നു. ഗ്ലോബൽ എസ്സൻസിന്റെ പരിപാടിയുടെ ലണ്ടനിലെ ആസൂത്രണം നടത്തിയത് മോൺസിയാണ്. മോൺസിയുടെ തിരക്കിട്ട ഔദ്യോഗികജോലികൾ നിമിത്തം ഏറെനേരം ഞങ്ങൾക്ക് ഒരുമിച്ചുകഴിയാൻ കഴിഞ്ഞില്ല. യാത്രകൾക്കിടയിലും പരിപാടിക്കും മാത്രമേ മോൺസിയെ കാണാൻ കഴിഞ്ഞുള്ളൂ. കുറഞ്ഞസമയത്തിലും തന്റെ സ്നേഹത്താലും സംഘാടനമികവിനാലും മോൺസി സുഹൃത്തായി മാറി.

ലണ്ടൻയാത്രയിലെ പരിപാടികളിലൊന്ന് ന്യൂകാസിലിൽ ആയിരുന്നു. അവിടെ എഞ്ചിനീയറായ മധുവിന്റെയും ഡോ. യമുനയുടെയും വസതിയിലാണ് ഞങ്ങൾ തങ്ങിയത്. സ്നേഹോദാരത ഉടൽപൂണ്ട മനുഷ്യരാണ് മധുവും യമുനയും. ഒറ്റക്കാഴ്ചയിൽ തന്നെ ഹൃദയംകൊണ്ട് ഞങ്ങൾ കൂട്ടിയിണക്കപ്പെട്ടു. സ്കോട്ട്ലാന്റിലേക്കും എഡിൻബറോ കൊട്ടാരത്തിലേക്കുമുള്ള യാത്ര മധുനിനോടൊപ്പമായിരുന്നു. ചരിത്രത്തിന്റെ കാലൊച്ചകൾ പതിഞ്ഞുകിടക്കുന്ന വഴിയിലൂടെ ഞങ്ങൾ കളിപറഞ്ഞും ചിരിച്ചും നടന്നു.

പരിപാടികൾക്കായി അവിടെ തങ്ങിയ രണ്ടുദിവസങ്ങളിൽ ഡോ. സീന ദേവകിയും ഡോ. അർച്ചനയുമായി പരിചയപ്പെടാനും ഒരുമിച്ച് യാത്രചെയ്യാനും കഴിഞ്ഞു. ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസിലെ പ്രഗൽഭരായ ചികിത്സകരാണ് ഡോ. യമുനയും ഡോ. സീന ദേവകിയും ഡോ. അർച്ചനയും. ചിരകാല സൗഹൃദത്തിന്റെ വഴികളിലേക്ക് ഒരുദിവസത്തിന്റെ പരിചയംകൊണ്ട് നമ്മെ കൊണ്ടുപോകാൻ കഴിയുന്നത്ര ഹൃദയവിശാലതയുള്ള മനുഷ്യർ. അവർക്കൊപ്പമായിരിക്കുമ്പോൾ മാനുഷികമായ സ്നേഹത്തിന്റെയും മഹിമയുടെയും ഒപ്പമാണ് ഞങ്ങൾ ജീവിച്ചത്.

മൂന്നാഴ്ചയോളം നീണ്ട യാത്രയ്ക്കൊടുവിൽ പങ്കെടുത്തത് ഓക്സ്ഫഡിലെ ഒരു യോഗത്തിലാണ്. ഓക്സ്ഫഡ് സർവകലാശാലയും നഗരത്തെരുവുകളും എല്ലാം കണ്ട് വൈകുന്നേരമാണ് പരിപാടിക്കായി എത്തിയത്. കേരളത്തിൽ നിന്നും ഏറെ മുൻപ് അവിടെയെത്തിയ ലിഷോയ് ആയിരുന്നു ഓക്സ്ഫഡ് പരിപാടിയുടെ മുഖ്യസംഘാടകൻ. ലിഷോയ്‐യുടെ വസതിയിൽ ഭക്ഷണവും വിശ്രമവും കഴിഞ്ഞാണ് വൈകുന്നേരത്തോടെ ഞങ്ങൾ യോഗത്തിനെത്തിയത്. ലണ്ടനിലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രവർത്തകരുടെ നേതാവ് ഹർസേവ് ബെയ്ൻ ആ പരിപാടിയിൽ സംബന്ധിക്കാൻ എത്തിയിരുന്നു.

അവിടത്തെ മലയാളിസുഹൃത്തുക്കളോടൊപ്പം അദ്ദേഹവും ആ യോഗത്തിലുടനീളം പങ്കെടുത്തു. ഹൃദ്യമായി സംസാരിച്ചു. വിദേശത്തെ സമുന്നതരായ നേതാക്കളിലൊരാളാണ് എന്ന തോന്നലുകളേതും ജനിപ്പിക്കാത്ത സൗമ്യതയുടെ ആൾരൂപംപോലൊരാൾ. നിത്യസൗഹൃദമായി വികസിച്ചില്ലെങ്കിലും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെ ഹൃദ്യതയും ലണ്ടൻയാത്രയുടെ നീക്കിയിരിപ്പായി കൂടെയുണ്ട്.

ഓക്സ്ഫഡ് പരിപാടിക്കിടയിൽ യാദൃച്ഛികമായാണ് ജെയിംസ്കുട്ടിയെ കാണാനിടയായത്. ഒരു സായാഹ്നത്തിലെ സൗഹൃദംകൊണ്ട് അദ്ദേഹം അത്രമേൽ അടുത്ത ഒരാളായി. അന്ന് രാത്രി മുരളിയേട്ടന്റെ വീട്ടിലേക്ക് മടങ്ങിയത് ഞങ്ങളൊരുമിച്ചാണ്. പിറ്റേന്ന് മടക്കയാത്രക്കായി എയർപോർട്ടിലേക്ക് കൊണ്ടുപോയതും ജെയിംസ്കുട്ടിയായിരുന്നു. ലോകത്തെയും ജീവിതത്തെയും കുറിച്ചുള്ള ഉദാരവും സ്നേഹനിർഭരവുമായ തന്റെ വീക്ഷണങ്ങൾ ആ കുറഞ്ഞ സമയം കൊണ്ട് അദ്ദേഹം പങ്കുവച്ചു. പിന്നീട് പലപ്പോഴും വിളിക്കുകയും നാട്ടിലെത്തിയപ്പോൾ കാണുകയും ചെയ്തു.

ഒരു ചെറുയാത്രയുടെ ഓർമകൾക്കപ്പുറം സാഹോദര്യത്തിന്റെ വലിയ നീക്കിവയ്പുകളായി ഈ സ്നേഹസൗഹൃദങ്ങൾ ജീവിതത്തിലുണ്ട്. മനുഷ്യൻ സാമൂഹികബന്ധങ്ങളുടെ സമുച്ചയമാണെന്ന മാർക്സിന്റെ വാക്കുകൾ, ആ സ്നേഹസൗഹൃദങ്ങളുടെയും പൊരുളായി തുടരുന്നു. വ്യക്തിപരമായതെല്ലാം സാമൂഹികമാണെന്ന വലിയ തിരിച്ചറിവിന്റെ പാഠങ്ങൾ! ഇനിയങ്ങോട്ട് ബാക്കിയുള്ള ജീവിതത്തിലും അതെല്ലാം കൂടെയുണ്ടാവും. ഒരർഥത്തിൽ, ഈ കൂട്ടായ്മകളും ഓർമകളുമല്ലാതെ മറ്റെന്താണ് ജീവിതം?

അഞ്ച്


സൂറിച്ചിലെ തെരുവുകളിലൊന്നിലൂടെ നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന ജേക്കബ് സർ പൊടുന്നനെയാണ് പറഞ്ഞത്: ‘ഇവിടെയാണ് ലെനിൻ താമസിച്ചിരുന്നത്! ലെനിന്റെ ജീവചരിത്രത്തിലെ ആ അധ്യായം എനിക്കറിയാമായിരുന്നു. എങ്കിലും എപ്പോഴെങ്കിലും അവിടെയെത്താനാവുമെന്നോ അതിനു മുന്നിൽനിന്ന് ചരിത്രത്തിന്റെ മഹാവിസ്മയമായി മാറിയ ആ വിപ്ലവകാരിയുടെ ഓർമയിലേക്ക് സഞ്ചരിക്കാനാവുമെന്നോ കരുതിയിരുന്നില്ല. കാലം കരുതിവയ്ക്കുന്ന യാദൃച്ഛികതകൾ അതിരറ്റവയാണ്!

സ്വിറ്റ്സർലന്റിലെ ചങ്ങാതിക്കൂട്ടം എന്ന മലയാളികൂട്ടായ്മയുടെ ക്ഷണമനുസരിച്ചാണ് ഞാൻ സൂറിച്ചിലെത്തിയത്. സൂറിച്ചിൽ ഒരു പ്രഭാഷണം മാത്രമേ പരിപാടിയായി ഉണ്ടായിരുന്നുള്ളൂ. അവിടെയുള്ള പല സുഹൃത്തുക്കളുടെ വീടുകളിലായാണ് തങ്ങിയതും യാത്ര ചെയ്തതും.

ഓരോ ദിവസവും ഓരോ ഇടങ്ങൾ; ഓരോ താവളങ്ങൾ. ഇക്കാലം വരെയുള്ള യാത്രയിൽ അതൊരു പുതിയ അനുഭവമായിരുന്നു. സ്വിറ്റ്സർലാന്റിന് ചേർന്നാണ് ജർമനി, ഫ്രാൻസ്, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളായതിനാൽ ഇവിടേക്കുള്ള യാത്രകൾക്കൊന്നിനും പ്രത്യേകം വിസ ആവശ്യമില്ലായിരുന്നു. സ്വിസ്യാത്രകൾക്കിടെ ഓസ്ട്രിയയിലേക്കും റോമിലേക്കും എല്ലാമുള്ള യാത്രകൾ അവിടത്തെ സുഹൃത്തുക്കൾ ക്രമീകരിച്ചിരുന്നു.

ഓസ്ട്രിയൻ നഗരത്തെരുകൾ സ്വിറ്റ്സർലാന്റിന്റെ തുടർച്ചപോലെയാണ്. മിക്കവാറും തിരക്കൊഴിഞ്ഞ് ധൃതിയില്ലാതെ മുന്നേറുന്ന മനുഷ്യജീവിതം. റോം പകർന്നുതന്നത് പക്ഷേ, മറ്റൊരനുഭവമാണ്. വത്തിക്കാൻ സിറ്റിയിലെ തെരുവുകൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ മനുഷ്യരാൽ സദാ മുഖരിതമാണ്.

സെന്റ്പീറ്റേഴ്സ് ബസലിക്കയും വത്തിക്കാൻ മ്യൂസിയവും കൊളോസിയവും എല്ലാമായി സഹസ്രാബ്ദങ്ങൾ പിന്നിട്ട ചരിത്രത്തിന്റെ ഗംഭീരമായ അവശേഷിപ്പുകൾ ആരെയും വിസ്മയഭരിതരും വിനീതരുമാക്കി മാറ്റും.

സാമ്രാജ്യപ്രതാപത്തിന്റെ അവശിഷ്ടങ്ങൾ എമ്പാടും ചിതറിയ റോമിന്റെ തെരുവുകൾ. ലാവോക്കൂൺ‐ഉം പിയത്തയും ഉൾപ്പെടെയുള്ള ശില്പകലയുടെ ലോകമാതൃകകൾ. സിസ്റ്റെയിൻ ചാപ്പലിന്റെ മുകൾത്തട്ടിൽ മൈക്കലാഞ്ചലോ തീർത്ത വിസ്മയഭംഗികൾ.

ആരെയും സ്തംബ്ധമാക്കുന്ന സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ രാജകീയപ്രൗഢി. റോം ഒരുക്കിവച്ച കാഴ്ചകളിൽ ചരിത്രവും കലയും മതവും വിജ്ഞാനവും അധികാരവും അത്രമേൽ കൈകോർത്തുനിൽക്കുന്നു.

സ്വിറ്റ്സർലാന്റിലെയും ഓസ്ട്രിയയിലേയും ജീവിതചിത്രങ്ങൾ തീർത്തും വ്യത്യസ്തമാണ്. ഒട്ടൊക്കെ റോമിന്റെ മറുപുറംപോലെ എന്നുപറയാം. മഞ്ഞുവീഴ്ച തുടങ്ങിയ കാലത്താണ് എത്തിയത് എന്നതുകൊണ്ടുകൂടിയാകാം, താരതമ്യേന നിശ്ചലമായ ജീവിതമാണ് അവിടങ്ങളിൽ കണ്ടത്.

സൂറിച്ച് തടാകത്തിലൂടെ സഞ്ചരിക്കുമ്പോൾ തടാകത്തിന്റെ നിശ്ചലതയിൽ വീണുകിടക്കുന്ന മേഘച്ഛായകൾ കണ്ണിൽ നിറഞ്ഞു. അതു നോക്കിയിരുന്നപ്പോൾ ക്ലോദ്മൊനേയുടെ ഇംപ്രഷനിസ്റ്റ് ചിത്രങ്ങൾ ഓർമവന്നു.

മൊനേ പ്രകൃതിയിൽ ഇത്രമേൽ മനംമയങ്ങിയത് വെറുതെയാവില്ല എന്നോർത്തു. ആൽപ്സിന്റെ മഞ്ഞുമൂടിയ ശിഖരങ്ങൾക്കു ചുവടെയുള്ള ചെറിയ നഗരങ്ങളും ഹിമശൃംഗങ്ങൾക്കിടയിലെ ചെറുവസതികളുമെല്ലാം ആ സ്വിസ് യാത്രയിലെ അനുഭവങ്ങളായി. അവിടങ്ങളിലൊക്കെ തങ്ങാനും എത്രയോ ഭിന്നമായ ആ ജീവിതാവസ്ഥകളെ അനുഭവിച്ചറിയാനും ആ യാത്രകൾ വഴിയൊരുക്കിത്തന്നു.

സൂറിച്ചിലെ താമസത്തിനിടയിലൊരു വൈകുന്നേരമാണ് നഗരം കാണാനിറങ്ങിയത്. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്ത നടത്തമായിരുന്നു. തടാകക്കരയിലൂടെയും നഗരത്തിലൂടെയും വെറുതെ അലഞ്ഞു. നാട്ടിൽനിന്നും ഏറെക്കാലം മുൻപേ അവിടെയെത്തിയ ജേക്കബ്സാർ ആണ് കൂടെയുണ്ടായിരുന്നത്.

ഫ്യൂച്ചറിസം പിറവിയെടുത്ത കഫേയും ഐൻസ്റ്റീൻ തങ്ങിയ വസതിയുമെല്ലാം ആ യാത്രക്കിടയിൽ കണ്ടു. ഗംഭീരമായ ദേവാലയഗോപുരങ്ങൾ, പ്രാചീനഗ്രന്ഥങ്ങളുടെ അതിവിസ്തൃത ശേഖരങ്ങൾ പലതും അവിടെയുണ്ടായിരുന്നു. അവയുടെ സംരക്ഷണത്തിന്റെ സാങ്കേതികവിദ്യയും അതിനായി ചെലവഴിക്കുന്ന പണത്തിന്റെ തോതും ആദരവും വിസ്മയവും ജനിപ്പിക്കുന്നതായിരുന്നു.

സൂറിച്ചിലെ പാർപ്പിടകേന്ദ്രങ്ങൾക്കിടയിലൂടെ നടന്ന് തുറസ്സായ ഒരു ചത്വരത്തിലെത്തിയപ്പോഴാണ് ലെനിന്റെ വസതി കാണാനിടവന്നത്.

ഒന്നാം ലോകയുദ്ധകാലത്ത് റഷ്യയിൽനിന്ന് പുറത്താക്കപ്പെട്ട വേളയിൽ ലെനിൻ അവിടെയുണ്ടായിരുന്നു. സൂറിച്ചിലെ മഹാഗ്രന്ഥാലയത്തിലാണ് അദ്ദേഹം വായനയ്ക്കായി ചെന്നിരുന്നത്. ഏറെ അകലെയല്ലാത്ത ആ ഗ്രന്ഥാലയവും നടത്തത്തിനിടയിൽ കണ്ടു. ചരിത്രത്തെ ഉഴുതുമറിച്ച ധിഷണയുടെയും വിപ്ലവബോധത്തിന്റെയും പാർപ്പിടങ്ങളല്ലോ എന്ന് ഓർത്തപ്പോൾ മനസ്സിൽ വലിയൊരാഹ്ലാദം ഇരമ്പിവരുന്ന പോലെയാണ് തോന്നിയത്.

ചരിത്രത്തിന്റെ കാലടിപ്പാടുകളിൽനിന്ന് അതിന്റെ മഹാപ്രതാപങ്ങൾ നമ്മെയും വന്നുതൊടുന്നതുപോലെ. ആ ചരിത്രസ്പർശത്തിന്റെ വൈദ്യുതകാന്തി, പലവർഷങ്ങൾക്കുശേഷം കെട്ടുപോയിട്ടില്ല. നടന്നുപോന്ന പാതകളിൽനിന്നും നടക്കാനുള്ള പാതകളിലേക്കെന്നപോലെ അവയത്രയും ഓർമയിൽ കൂടുകൂട്ടുന്നു.  .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top