25 April Thursday

ഒരു പാട്ടുവഴി... ഡോ.സുനിൽ പി ഇളയിടത്തിന്റെ പംക്തി ഇരുപത്തിമൂന്നാം ഭാഗം

സുനിൽ പി ഇളയിടംUpdated: Wednesday Aug 31, 2022

സുനിൽ പി ഇളയിടം

സുനിൽ പി ഇളയിടം

റേഡിയോയും ടേപ്പ് റിക്കോർഡറുമായിരുന്നു അന്നത്തെ അഭയം. അച്ഛൻ വാങ്ങിവച്ച പഴയൊരു ടേപ്പ് റിക്കോർഡർ. തന്റെ ഗുരുവായൂർ യാത്രകൾക്കിടയിൽ അച്ഛൻ വാങ്ങിയ കാസെറ്റുകൾ. പലതും ഭക്തിഗാനങ്ങളാണ്. ചിലത് കർണാടകസംഗീതത്തിന്റെ വഴിയിലുള്ളതും.

കുട്ടിക്കാലത്തെ പാതിമയക്കം നിറഞ്ഞ പുലർകാലങ്ങളിലായിരുന്നു പാട്ടുകേൾക്കലിന്റെ ആദ്യപാഠങ്ങൾ. അധികം അകലെയല്ലാത്ത ക്ഷേത്രത്തിൽനിന്ന് പുലർകാലത്തിന്റെ ഇരുട്ടിനും തണുപ്പ് നിറഞ്ഞ നിശ്ശബ്ദതയ്ക്കും മീതെ അലയടിച്ചെത്തിയിരുന്ന കീർത്തനങ്ങൾ.

വെളുപ്പിന് അഞ്ചുമണിയോടെ ഡി കെ പട്ടമ്മാളുടെ ‘രംഗപുരവിഹാര...’  കേട്ടുതുടങ്ങും. പട്ടമ്മാളുടെ ശബ്ദത്തിന്റെ പ്രാചീനമായ ദൃഢതയിൽ വൃന്ദാവനസാരംഗിയുടെ ഗതിഭേദങ്ങൾ അലയടിച്ചെത്തും. പിന്നെ പലപല കീർത്തനങ്ങൾ.

സുബ്ബലക്ഷ്മിയുടെ വെങ്കടേശ്വര സുപ്രഭാതം, ചെമ്പൈയുടെ അഗ്രേപശ്യാമി... പി ലീലയുടെ നാരായണീയം... അങ്ങനെ പലതും.

ഡി കെ പട്ടമ്മാൾ

ഡി കെ പട്ടമ്മാൾ

ആരാണ് പാടുന്നതെന്നോ എന്താണ് കേൾക്കുന്നതെന്നോ ഒന്നും അറിയുമായിരുന്നില്ല. അക്കാലത്ത് ഭക്തിയായാണ് അത് മനസ്സിൽ വന്നുവീണത്. എങ്കിലും പാട്ടിലേക്കുള്ള ഒരു വഴി അതിലൂടെ തുറന്നുകിട്ടി. പുലർകാലത്തെ പാതിമയക്കത്തിൽ ഇടറിയും മുറിഞ്ഞും കേട്ട ആ കീർത്തനങ്ങളിൽനിന്ന് കേൾവിയുടെ ഒരു സംസ്കാരം മനസ്സിലുറച്ചു. 

പത്താം ക്ലാസ് പിന്നിട്ട് ഒരുവർഷം കഴിഞ്ഞപ്പോഴേക്കും വിശ്വാസത്തിന്റെ ലോകത്തുനിന്ന് ഞാൻ പുറത്തുകടന്നിരുന്നു. എങ്കിലും പുലർകാലത്തിന്റെ നിശ്ശബ്ദതയിലൂടെ അലയടിച്ചെത്തിയ പാട്ടിന്റെ അലകൾ പിൻവാങ്ങിയില്ല. ദൈവങ്ങളെ വിളിച്ചുണർത്തിയ ആ ഗാനങ്ങൾ ദൈവങ്ങളെല്ലാം ഒഴിഞ്ഞപ്പോഴും മനസ്സിൽ തുടർന്നു.

റേഡിയോയും ടേപ്പ് റിക്കോർഡറുമായിരുന്നു അന്നത്തെ അഭയം.

സുബ്ബലക്ഷ്മി

സുബ്ബലക്ഷ്മി

അച്ഛൻ വാങ്ങിവച്ച പഴയൊരു ടേപ്പ് റിക്കോർഡർ. തന്റെ ഗുരുവായൂർ യാത്രകൾക്കിടയിൽ അച്ഛൻ വാങ്ങിയ കാസെറ്റുകൾ. പലതും ഭക്തിഗാനങ്ങളാണ്. ചിലത് കർണാടകസംഗീതത്തിന്റെ വഴിയിലുള്ളതും. ബാല്യകാലത്ത് മനസ്സിൽ പതിഞ്ഞ രാഗസഞ്ചാരങ്ങൾക്ക് ചെറിയ തുടർച്ചകൾ ഉണ്ടായത് അങ്ങനെയാണ്. അക്കാലത്ത് സംഗീതത്തെക്കുറിച്ച് കുറെയെല്ലാം വായിച്ചു.

ആഴ്ചപ്പതിപ്പുകളിലും മറ്റും വരുന്ന പാട്ടുകാരുടെയും നർത്തകരുടെയും പേരുകൾ പരിചിതമായി. അന്നങ്ങനെ കാര്യമായി ആരെയും കേട്ടിരുന്നില്ല. ഞങ്ങളുടേത് പോലൊരു ചെറിയ ഗ്രാമത്തിൽ അതിനുള്ള സാധ്യതകൾ ഉണ്ടായിരുന്നില്ല. ഗ്രാമീണദാരിദ്ര്യത്തിന്റെ പിടിയിലമർന്ന എണ്ണമറ്റ പ്രദേശങ്ങളിലൊന്നായിരുന്നു അന്ന് എന്റെ നാടും. ഏതെങ്കിലുമൊക്കെ നിലകളിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പണിപ്പെടുന്നവരുടെ ചെറിയ ലോകം.

പി ലീല

പി ലീല

ഏറിയ പങ്കും കർഷകരും ചെറിയ ചെറിയ പണികളിലേർപ്പെടുന്നവരും. കലയുടെ ലോകം അവിടെ വലിയൊരാർഭാടം പോലെയായിരുന്നു. എങ്കിലും അങ്ങനെയൊരു ലോകം പുറത്ത് അലയടിക്കുന്നുണ്ട് എന്ന അറിവുണ്ടായിവന്നു. ആ ധാരണയോടെയാണ് ബിരുദകാലത്തൊക്കെ പഠനത്തിലേർപ്പെട്ടത്. പറവൂരിലെ ഉത്സവങ്ങളിലൊക്കെ അപൂർവമായി വരുന്ന വലിയ ഗായകരെ കേൾക്കുകയും കാണുകയും ചെയ്തുതുടങ്ങിയതും അക്കാലത്താണ്. പക്ഷേ, ബിരുദപഠനത്തിന്റെ കാലത്തെ തീപിടിച്ച രാഷ്ട്രീയജീവിതത്തിനിടയിൽ അതത്ര പ്രബലമായി വളർന്നില്ല.

മഹാരാജാസിലെ ബിരുദാനന്തര പഠനകാലത്താണ് അതിലൊരു വലിയ മാറ്റം ഉണ്ടായത്. അപ്പോഴേക്കും ചേച്ചി സ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചിരുന്നു.

ആദ്യത്തെ ഒരു വർഷത്തോളം വരുന്ന കാലയളവിലെ ശമ്പളം ചേച്ചിക്ക് കുടിശ്ശികയായുണ്ടായിരുന്നു. അന്ന് വടക്കേക്കരയിലെ എംഎൽഎ ആയിരുന്ന സഖാവ് എസ് ശർമ്മയുടെ സഹായത്തോടെയാണ് ആ ശമ്പളകുടിശ്ശിക ലഭിക്കുന്നതിന് വഴിയൊരുക്കിയത്. അത് കിട്ടിയപ്പോൾ ചേച്ചി എനിക്ക് രണ്ടായിരം രൂപ തന്നു. അന്നത് സാമാന്യം വലിയ തുകയാണ്. ചേച്ചി തന്ന പണം മുഴുവൻ കാസെറ്റുകളും ഗ്രേറ്റ് മാസ്റ്റേഴ്സ് പരമ്പരയിലെ ചിത്രങ്ങളും വാങ്ങാനാണ് ഞാൻ ചെലവാക്കിയത്.

അന്ന് നാൽപ്പത്‐അമ്പത് രൂപയ്ക്ക് എച്ച്എംവിയുടെയും മറ്റും കാസെറ്റുകൾ കിട്ടും. എറണാകുളത്തെ എംജി റോഡിലെ ഒരു മ്യൂസിക് ഷോപ്പിൽ ചെന്ന് മുപ്പതോളം കാസെറ്റുകൾ വാങ്ങി. പേരറിയുന്നവരും അല്ലാത്തവരുമായ പലരുടെയും പാട്ടുകൾ. ബിസ്മില്ലാഖാൻ, എം ഡി രാമനാഥൻ, എസ് രാമനാഥൻ, പട്ടമ്മാൾ, ചൗരസ്യ, രവിശങ്കർ, അള്ളാരാഖ, എം എസ് സുബ്ബലക്ഷ്മി, യു ശ്രീനിവാസ്, കുമാർഗന്ധർവ, അംജദ് അലിഖാൻ, ശിവകുമാർ ശർമ്മ... മുപ്പതോളം മഹാരഥികളുടെ ശേഖരം ഒരുമിച്ച് കൈവന്നു.

പിന്നീടുള്ള പല വർഷങ്ങളിൽ വീട്ടിലെ ചെറിയ ടേപ്പ് റിക്കോർഡറിൽ അവ നിരന്തരം കേട്ടു. മയങ്ങിക്കിടന്ന പാട്ടിന്റെ വഴികളെ ഊതിത്തെളിച്ചത് ആ കേൾവിയാണ്.

ഒരർത്ഥത്തിൽ ചേച്ചിയുടെ ആ സ്നേഹവായ്പാണ് സംഗീതത്തെയും ചിത്രത്തെയും കുറിച്ചുള്ള എന്റെ ആലോചനകൾക്കും ആസ്വാദനങ്ങൾക്കും അടിത്തറയായത്. നിരുപാധികമായ സ്നേഹത്തോടെ ചേച്ചി എന്നും കൂടെയുണ്ടായിരുന്നു. എന്റെ പ്രയാസങ്ങളിൽ ചേച്ചി എന്നെക്കാൾ പ്രയാസപ്പെട്ടു. സന്തോഷങ്ങളിൽ എന്നെക്കാളധികം ആഹ്ലാദിച്ചു.

ശബരിമലസമരം പോലുള്ള വേളകളിൽ ഞാൻ ഒറ്റപ്പെടുന്നു എന്നു തോന്നിയപ്പോഴൊക്കെ മടികൂടാതെ ചേച്ചി കൂടെയുണ്ടായിരുന്നു. ആ കരുതലിന്റെ ബലത്തിലാണ് പാട്ടിന്റെ വഴിയിലേക്കും ഞാൻ ചെറിയ ചുവടുകൾവച്ചത്. പിന്നീടത് രണ്ടു പുസ്തകങ്ങൾ വരെയെത്തി. അനുഭൂതികളുടെ ചരിത്രജീവിതം! ത്യാഗരാജയോഗവൈഭവം!

പാരലൽ കോളേജ് അധ്യാപനത്തിലെത്തിയപ്പോൾ ശമ്പളമായി ലഭിച്ച ചെറിയ തുകയിൽനിന്ന്‌ കുറെയേറെ കാസെറ്റുകൾ വാങ്ങി. പിന്നാലെ സിഡികളുടെ കാലം വന്നു. അവയും കുറെയേറെ വാങ്ങി. നാട്ടിലെ സംഗീതവില്പനശാലകൾ മുതൽ മദ്രാസ് മ്യൂസിക് അക്കാദമിക്കരികിലെ എവിഎമ്മിന്റെ വലിയ സംഗീതശാലയിൽനിന്നുവരെ അതു ശേഖരിച്ചു. കോളേജിലേക്കുള്ള കാർയാത്രകളിലുടനീളം പാട്ട്‌ തുണയായി.

കാസെറ്റുകളും സിഡികളുമായി അഞ്ഞൂറോളം ഗാനശേഖരങ്ങൾ ഇപ്പോഴും കൈവശമുണ്ട്. കാലം പക്ഷേ, അവയെ മിക്കവാറും നിഷ്പ്രയോജകമാക്കി.

സാങ്കേതികവിദ്യയിലെ അതിവേഗത്തിലുള്ള പരിണാമങ്ങൾ ടേപ്പ് റിക്കോർഡറുകളെയും സിഡി പ്ലെയറുകളെയുമെല്ലാം പിന്നിലാക്കി കടന്നുപോയിക്കഴിഞ്ഞു. കാസെറ്റുകൾക്കും സിഡികൾക്കും പകരം സംഗീതം പെൻഡ്രൈവിലും യുട്യൂബിലും സ്പോട്ടിഫൈയിലും മറ്റുമായി. എങ്കിലും പഴയ ശേഖരം ഞാനിപ്പോഴും കളയാതെ കാക്കുന്നുണ്ട്. ഭൂതകാലത്തിന്റെ സ്മൃതിപേടകങ്ങൾപോലെ ആ ശേഖരം വീട്ടിലെ അലമാരകളിലും മറ്റും നിത്യനിദ്രയിലാണ്ടിരിക്കുന്നു.

സാങ്കേതികവിദ്യയിലെ അതിവേഗത്തിലുള്ള പരിണാമങ്ങൾ ടേപ്പ് റിക്കോർഡറുകളെയും സിഡി പ്ലെയറുകളെയുമെല്ലാം പിന്നിലാക്കി കടന്നുപോയിക്കഴിഞ്ഞു. കാസെറ്റുകൾക്കും സിഡികൾക്കും പകരം സംഗീതം പെൻഡ്രൈവിലും യുട്യൂബിലും സ്പോട്ടിഫൈയിലും മറ്റുമായി. എങ്കിലും പഴയ ശേഖരം ഞാനിപ്പോഴും കളയാതെ കാക്കുന്നുണ്ട്. ഭൂതകാലത്തിന്റെ സ്മൃതിപേടകങ്ങൾപോലെ ആ ശേഖരം വീട്ടിലെ അലമാരകളിലും മറ്റും നിത്യനിദ്രയിലാണ്ടിരിക്കുന്നു.

പാരലൽ കോളേജ് അധ്യാപനകാലത്താണ് പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ചരിത്രം കുറച്ചൊക്കെ വായിക്കാനിടയായത്. പിയേഴ്സൺ മാഷിന്റെ ശേഖരത്തിൽനിന്നു ലഭിച്ച ഒരു പുസ്തകമായിരുന്നു അതിന്റെ പ്രേരണ. ഹരോൾഡ് സ്കോൺബർഗിന്റെ ലൈവ്സ് ഓഫ് ഗ്രേറ്റ് കംപോസേഴ്സ് എന്ന ഗ്രന്ഥം. ബാക്കും മൊസാർട്ടും ബിഥോവനും മുതൽ വിവാൾഡിയും ഷ്യൂബെർട്ടും ചെക്കോവ്സ്കിയും വരെയുള്ള അമ്പതോളം മഹാരഥികളെ ആഴത്തിൽ പരിചയപ്പെടുത്തുന്ന സാമാന്യം വലിയ പുസ്തകം. അത് ശ്രദ്ധയോടെ വായിച്ചു. നാട്ടിലെ പ്രിയമിത്രങ്ങളിലൊരാളായ ശ്രീനാഥിന് അത് വായിക്കാൻ കൊടുക്കുകയും ചെയ്തു.

അവരെക്കുറിച്ചെല്ലാം വായിച്ചതല്ലാതെ അക്കാലത്ത് അവരെയെല്ലാം കേൾക്കാൻ ഇടം കിട്ടിയിരുന്നില്ല. കാസെറ്റുകളും സിഡികളും മറ്റുമായി ചുരുക്കം ചിലതെല്ലാമേ കൈവശമുണ്ടായിരുന്നുള്ളു. പിൽക്കാലത്ത് ഖത്തറിൽ ഉദ്യോഗസ്ഥനായിപ്പോയ ശ്രീനാഥ് നാട്ടിൽ വന്ന വേളയിൽ പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ വലിയൊരു ശേഖരം സമ്മാനമായി നൽകി. 48 കോംപാക്ട്‌ ഡിസ്കുകളിലായി പടിഞ്ഞാറൻ ക്ലാസിക്കൽ സംഗീതചരിത്രത്തിലെ പ്രധാനികൾ എല്ലാവരും ഉൾപ്പെടുന്ന ബൃഹദ്ശേഖരമായിരുന്നു അത്.

സമയമെടുത്ത് പലപ്പോഴായി കേട്ടെങ്കിലും അത് മനസ്സിലുറച്ചില്ല. പടിഞ്ഞാറൻ സംഗീതത്തിന്റെ വഴിയിലൂടെയുള്ള നടപ്പ് മിക്കവാറും ഔപചാരികമായി. വാഗ്നറുടെ സംഗീതശില്പങ്ങൾപോലെ ചിലതിൽ മനസ്സുടക്കിയെങ്കിലും അതൊരു പ്രബലഘടകമായി മാറിയില്ലതാനും. മൂന്നുവർഷംമുമ്പ്‌ ലണ്ടനിലെ റോയൽ തിയേറ്ററിൽ മുരളിയേട്ടനൊപ്പമിരുന്ന് വാഗ്നർ സംഗീതത്തിന്റെ കടലിരമ്പങ്ങൾ കേട്ടപ്പോൾ അത് വലിയൊരു നഷ്ടബോധമായി എന്നെ വലയംചെയ്തിരുന്നു.

കേൾവിശീലങ്ങളിൽ വലിയൊരു വഴിത്തിരിവിന് കാരണമായത് കെ വി നാരായണസ്വാമിയുടെ പാട്ടാണ്.കെ വി എന്നിന്റെ പാട്ട് ഞാൻ ആദ്യം കേൾക്കുന്നത് സംഗീത മ്യൂസിക് കമ്പനി പുറത്തിറക്കിയ കാസെറ്റിലൂടെയാണ്. അത് 1990‐കളുടെ തുടക്കത്തിലെപ്പോഴോ ആവണം.

കേൾവിശീലങ്ങളിൽ വലിയൊരു വഴിത്തിരിവിന് കാരണമായത് കെ വി നാരായണസ്വാമിയുടെ പാട്ടാണ്.കെ വി എന്നിന്റെ പാട്ട് ഞാൻ ആദ്യം കേൾക്കുന്നത് സംഗീത മ്യൂസിക് കമ്പനി പുറത്തിറക്കിയ കാസെറ്റിലൂടെയാണ്. അത് 1990‐കളുടെ തുടക്കത്തിലെപ്പോഴോ ആവണം. മഹാരാജാസിലെ വിദ്യാഭ്യാസം കഴിഞ്ഞ് പാരലൽ കോളേജിലെ അധ്യാപനവും മറ്റുമായി കഴിയുന്ന കാലം. മഹാരാജാസ് പാട്ടിന്റെ പല വഴികൾ തുറന്നുതന്നിരുന്നു.

അന്ന് ക്യാമ്പസിൽ പലതരം സംഗീതമുണ്ടായിരുന്നു. തൃപ്പൂണിത്തുറയിൽ നിന്നെത്തുന്ന കർണാടകസംഗീതം മുതൽ ഫോർട്ടുകൊച്ചിയിൽനിന്നെത്തുന്ന വെസ്റ്റേൺ ക്ലാസിക്കൽ വരെയുള്ള പല വഴികൾ. പാട്ടുകേൾക്കലിന്റെ ചെറിയ പരിചയങ്ങൾ മാത്രമുള്ള ബാല്യവും കൗമാരവും പിന്നിട്ടാണ് ഞാൻ മഹാരാജാസിലെത്തിയത്. റേഡിയോവിലും മറ്റും കേട്ട കുറെ പാട്ടുകൾ. പൊരുളും പ്രകാരവും ഒന്നുമറിയാതെ അവ കുറച്ചൊക്കെ കേട്ടതിന്റെ പരിചയം മാത്രം.

കെ വി നാരായണസ്വാമി

കെ വി നാരായണസ്വാമി

ഉള്ളിലെന്നപോലെ മഹാരാജാസിന് ചുറ്റിലും സംഗീതമുണ്ടായിരുന്നു. ഭാരതീയ വിദ്യാഭവനിലും ഫൈൻ ആർട്സ് ഹാളിലും നടക്കുന്ന കച്ചേരികൾ. ക്യാമ്പസിലെ SPICMACAY യുടെ പ്രവർത്തനം.

വലിയ വലിയ ഗായകരെ കാണാനും കേൾക്കാനും കഴിഞ്ഞത് അങ്ങനെയാണ്. SPICMACAY  യുടെ മുഖ്യ നടത്തിപ്പുകാരായ അജിത്തും രഞ്ജിത്തും അന്നത്തെ പ്രിയസുഹൃത്തുക്കളായിരുന്നു. അവർക്കൊപ്പമുള്ള ജീവിതം പതിയെപ്പതിയെ പാട്ടിന്റെ വഴിയിലെ ജീവിതം കൂടിയായി. സംഗീതത്തിന്റെ പല പ്രകാരങ്ങളിലേക്ക് ചെറിയ വെളിച്ചങ്ങൾ വീണു.

കെ വി നാരായണസ്വാമിയുടെ കച്ചേരികളിൽനിന്നാണ് രാഗവിസ്താരത്തിന്റെ സൗന്ദര്യം തിരിഞ്ഞുകിട്ടിയത്. കൂട്ടുകാരിലൊരാൾ തന്ന കാസെറ്റിൽ കെ വി എൻ ആലപിച്ച “ജഗദോദ്ധാരണ...” എന്ന കൃതിയുണ്ടായിരുന്നു. കാപിരാഗത്തിന്റെ സൂക്ഷ്മഭംഗികളെയത്രയും സംഗ്രഹിച്ച, ഒട്ടുമേ ദീർഘമല്ലാത്ത രാഗവിസ്താരത്തിനുശേഷമാണ് കെ വി എൻ കൃതിയുടെ ആലാപനത്തിലേക്ക് കടക്കുന്നത്.

കാപിയുടെ ശോകമത്രയും ഊറിക്കൂടി നിൽക്കുന്ന ആ രാഗവിസ്താരത്തിന്റെ വഴിയിൽ നിന്നാണ് രാഗങ്ങളുടെ ഹൃദയമറിഞ്ഞുള്ള കേൾവിക്ക് തുടക്കമായത്. അതുവരെയും മിക്കവാറും സാങ്കേതികമായ ഒന്നായാണ് രാഗവിസ്താരത്തെ കണ്ടിരുന്നത്. കെ വി നാരായണസ്വാമിയുടെ പാട്ട് അതിനെ മാറ്റി. രാഗാനുഭവത്തിന്റെ സാരസംഗ്രഹംപോലുള്ള വിസ്താരങ്ങളിലേക്ക് വഴിതുറന്നു കിട്ടി. പിന്നീടൊരിക്കലും അതടഞ്ഞുപോയില്ല.

തുടക്കത്തിലെ മുറിഞ്ഞുപോയ ചില സംഗീതപരിശീലനങ്ങൾ ജീവിതത്തിലുണ്ട്. സ്കൂൾകാലത്ത് പതിവുപോലെ അല്പം സംഗീതപഠനത്തിന് ഞാനും മുതിർന്നിട്ടുണ്ടായിരുന്നു. അക്കാലത്ത് വീടിനുമുന്നിലെ പള്ളിയിൽ വയലിൻ പഠിപ്പിച്ചിരുന്നു. ആവേശപൂർവം അവിടെ പോയി ചേർന്നു. കുറച്ചുകാലമേ അതുണ്ടായുള്ളൂ.

പഠിപ്പിച്ചിരുന്ന അധ്യാപകൻ മറ്റെന്തോ ജോലിക്കായി പോയി. പിന്നീട് ഹൈസ്കൂൾ കാലത്ത് പറവൂരിലൊരിടത്ത് കർണാടകസംഗീതപഠനത്തിനും ചേർന്നു. ടീച്ചർ വിവാഹിതയായി പോയതോടെ അതും പാതിവഴിയിൽ മുറിഞ്ഞു. എങ്കിലും അലസിപ്പോയ ആ ശ്രമങ്ങൾ ഉള്ളിൽ പാട്ടിന്റെ വിത്തുകൾ പാകിയിട്ടുണ്ടാവണം. പാടലില്ല.

വലിയ പരിജ്ഞാനത്തോടെയുള്ള കേൾവിയുമില്ല. കഥയറിയാതെ കണ്ട ആട്ടം പോലെയായിരുന്നു പലതും. എങ്കിലും അന്തര്യാമിയായ ഒരൊഴുക്കുപോലെ പാട്ട് കൂടെ വന്നു. ഇപ്പോഴും കൂടെ വരുന്നു!   
കെ വി നാരായണസ്വാമി കാസെറ്റിൽ നിന്നുതന്നെയാണ് ‘ത്യാഗരാജയോഗവൈഭവം’ എന്ന കല്പന മനസ്സിലേക്കെത്തിയത്. മുൻപും ആ ദീക്ഷിതർകൃതി പലവട്ടം കേട്ടിട്ടുണ്ട്.

എങ്കിലും നാരായണസ്വാമിയുടെ ആലാപനത്തിൽ അത് അത്രമേൽ ഹൃദ്യമായി. ഗോപുച്ഛ എന്നറിയപ്പെടുന്ന പദപ്രയോഗരീതിയുടെ ഭംഗി നാരായണസ്വാമിയുടെ ആലാപനത്തിലൂടെയാണ് അത്രയും ഹൃദയഹാരിയായി അനുഭവിക്കാനിടയായത്. ‘ത്യാഗരാജയോഗവൈഭവം’, ‘രാജയോഗവൈഭവം’, ‘യോഗവൈഭവം’, ‘വൈഭവം’, ‘ഭവം’, ‘വം’ എന്നിങ്ങനെ പതിയെപ്പതിയെ താളബദ്ധമായി മുനകൂർത്തുവരുന്ന പദചാരുതയുടെ വിസ്മയം കെ വി എന്നിന്റെ ആലാപനത്തിലുണ്ടായിരുന്നു. സമാശ്വാസം പകരുന്ന ആ ശബ്ദമാധുരിയിൽ അത് ഹൃദയത്തിൽ പതിഞ്ഞു.

അക്കാലത്ത് കുറച്ചൊക്കെ എഴുതിത്തുടങ്ങിയിട്ടുണ്ടായിരുന്നു. 1990‐കളുടെ പകുതിയിലെപ്പോഴോ ദേശാഭിമാനി വാരികയിൽ എഴുതിയ ഒരു ലേഖനമാണ് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ആദ്യം അച്ചടിച്ചുവന്നത്.

അതിനുമുമ്പ് കോളേജ് മാഗസിനുകളിലും മറ്റും എഴുതിയ പരിചയമേ ഉള്ളൂ. അന്ന്  സഖാവ്‌ സിദ്ധാർത്ഥൻ പരുത്തിക്കാടാണ് വാരികയുടെ പത്രാധിപർ. ചെറായിയിലെ പൂയപ്പിള്ളി തങ്കപ്പൻ മാഷാണ് എന്നോട് ഒരു ലേഖനം എഴുതിവാങ്ങി വാരികയിലേക്ക് അയച്ചത്. ‘ചരിത്രത്തിന്റെ സ്വരപ്രസ്താരങ്ങൾ’ എന്നോ മറ്റോ ആയിരുന്നു അതിന്റെ ശീർഷകം.

കേവലകലയായി അനുഭവപ്പെടുന്ന സംഗീതം എങ്ങനെയാണ് ചരിത്രത്തിൽ പൂരിതമായിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചില ആലോചനകൾ. തിരിഞ്ഞുനോക്കുമ്പോൾ അതിലൊരു കൗതുകം തോന്നുന്നുണ്ട്. സംഗീതവിചാരത്തിന്റെ വഴിയിലൂടെയാണ് എഴുത്തിലേക്ക് കടന്നത് എന്നതിൽ. അഡോണോവിന്റെ സംഗീതപഠനങ്ങൾ ചിലത് വായിച്ചപ്പോഴുള്ള ഒരാവേശത്തിന് എഴുതിയതാണ്.

‘എല്ലാ കലകളും സംഗീതമാകാൻ കൊതിക്കുന്നു’ എന്ന വാൾട്ടർ പേയ്റ്ററുടെ ആശയത്തെ മുൻനിർത്തിയാണത് തുടങ്ങിയതെന്ന് തോന്നുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു പ്രസ്താവന സാധ്യമാകുന്നതെന്ന ചോദ്യത്തിലൂടെ സംഗീതത്തിന്റെ ചരിത്രാത്മകതയെക്കുറിച്ച് ചിലതെല്ലാം എഴുതി. ധാരാളം അവ്യക്തതകൾ ഉണ്ടായിട്ടുണ്ടാവണം.

എങ്കിലും അത് ഏറെ വൈകാതെ ദേശാഭിമാനി വാരികയിൽ അച്ചടിച്ചുവന്നു. അങ്ങനെ പൂയപ്പിള്ളി തങ്കപ്പൻ മാഷും   സിദ്ധാർത്ഥൻ പരുത്തിക്കാടും ചേർന്നാണ് ഇപ്പോൾ മൂന്നുപതിറ്റാണ്ടോളം പിന്നിട്ട എഴുത്തുജീവിതത്തിലേക്ക് എന്നെ കൈപിടിച്ചു കയറ്റിയത്.

സംഗീതവിചാരത്തിന്റെ വഴിയിലൂടെയാണ് ആ നടപ്പ് തുടങ്ങിയത്.

സംഗീതവിചാരത്തിൽ തുടങ്ങിയെങ്കിലും പിന്നീട് ആ വഴിയിൽ ഏറെ എഴുതിയില്ല. കുറെക്കാലം കഴിഞ്ഞ് സാംസ്കാരികപഠനത്തിന്റെ വഴി തെളിഞ്ഞുകിട്ടിയപ്പോൾ യേശുദാസിനെക്കുറിച്ച് ഒരു പഠനം എഴുതി. 2003‐ലായിരുന്നു അത്. സ്കറിയാമാഷിന്റെ നേതൃത്വത്തിൽ വർഷംതോറും നടന്നുവരുന്ന ‘താപസം’ സെമിനാറിലാണ് അതാദ്യം അവതരിപ്പിച്ചത്.

പിന്നീട് അതൽപ്പം തിരുത്തി മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്കി. കമൽറാം സജീവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായി വന്ന കാലമാണ്.

അദ്ദേഹമത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ‘കാലമേ നിനക്കഭിനന്ദനം...!’. യേശുദാസിന്റെ സംഗീതസംസ്കാരത്തെ നിർണയിച്ച വിവിധ ഘടകങ്ങൾ എന്തൊക്കെയായിരുന്നുവെന്നും അവയുടെ ആകെത്തുകയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഗന്ധർവഗായകത്വം നിലവിൽവന്നതെങ്ങനെയെന്നും വിശകലനം ചെയ്യുന്ന ഒരു പഠനമായിരുന്നു അത്.

യേശുദാസിനെക്കുറിച്ച് ആ നിലയിലുള്ള ഒരാലോചന അതാദ്യമായിട്ടായിരുന്നു എന്നു തോന്നുന്നു. പിന്നീട് ധാരാളം സാംസ്കാരികവിമർശനപഠനങ്ങൾ യേശുദാസിനെക്കുറിച്ചുണ്ടായി. അവയിൽ പലതും ഏകപക്ഷീയമായി യേശുദാസിന്റെ സംഗീതത്തെ നിരാകരിക്കുന്നവയായിരുന്നു. ഞാനതിന് മുതിർന്നിരുന്നില്ല.

എസ്‌ ജാനകിയും യേശുദാസും

എസ്‌ ജാനകിയും യേശുദാസും

വിധിനിർണയപരമായ പ്രഖ്യാപനങ്ങൾ സാംസ്കാരികപഠനങ്ങളുടെ വഴിയല്ല എന്ന തോന്നലായിരുന്നു എന്റേത്. ദേശീയത, സാങ്കേതികത, വൈയക്തികത എന്നിവ സവിശേഷഘടകങ്ങളിലൂടെ യേശുദാസിന്റെ സംഗീതസംസ്കാരത്തെയും അതിന്റെ കേൾവിചരിത്രത്തെയും രൂപപ്പെടുത്തിയതെങ്ങനെയെന്ന ആലോചനയാണ് ഞാൻ അവതരിപ്പിക്കാൻ ശ്രമിച്ചത്. ഞാനടക്കം കോടാനുകോടി മലയാളികൾ കേട്ടുകേട്ടു മതിമറന്നതിലൂടെയാണ് യേശുദാസ് വലുതായത്.

അതിൽ എന്റെ അഭിരുചിക്കും പങ്കുണ്ട്. അതുകൊണ്ട് യേശുദാസിന്റെ സംഗീതത്തെ ഒറ്റതിരിച്ചെടുത്ത് വിമർശിക്കുന്നതിൽ അർത്ഥമില്ലെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്. ‘സമഗ്രജീവിതരീതി’ (whole way of  life)  എന്ന് റെയ്മണ്ട് വില്ല്യംസ് സംസ്കാരത്തിന് നൽകിയ വിശദീകരണത്തെ പിൻപറ്റാനാണ് ഞാനാ പഠനത്തിൽ ശ്രമിച്ചത്. ഇരുപതാം ശതകത്തിന്റെ രണ്ടാം പകുതിയിലെ കേരളീയജീവിതത്തിന്റെ ഭൗതികവും അനുഭൂതിപരവുമായ ഘടകങ്ങൾ ഒരുഭാഗത്തും ചലച്ചിത്രത്തിന്റെയും ചലച്ചിത്രഗാനത്തിന്റെയും സാങ്കേതികസ്വരൂപം മറുഭാഗത്തുമായി കൈകോർത്തു നിൽക്കുന്ന ഒരു സംയോജനസ്ഥാനമായി (convergence point) യേശുദാസിന്റെ സംഗീതത്തെ കാണാനായിരുന്നു അതിലെ ശ്രമം.

മാതൃഭൂമിയിൽ വന്ന ആ ലേഖനം കുറച്ചെല്ലാം വായിക്കപ്പെട്ടു. സാംസ്കാരിക വിശകലനത്തിന്റെ മാതൃകപോലെ ചിലയിടങ്ങളിലെല്ലാം പഠനസാമഗ്രിയായി ഉപയോഗിക്കപ്പെടുകയും ചെയ്തു. എങ്കിലും എന്നെ സംബന്ധിച്ച് ആ വഴിക്കുള്ള എഴുത്തുകൾ കാര്യമായി ഉണ്ടായതുമില്ല. സംഗീതപഠനങ്ങൾ അക്കാലത്ത് ധാരാളമായി വായിക്കുന്നുണ്ടായിരുന്നു. ജാനകി ബാഖ്ലെ, ലക്ഷ്മി സുബ്രഹ്മണ്യൻ, ഇന്ദിരാമേനോൻ. ടി എം കൃഷ്ണ, അഷ്റഫ് അസീസ് തുടങ്ങിയവരുടെയെല്ലാം പഠനങ്ങൾ ഇക്കാലത്ത് വായിച്ചു.

ആർ നന്ദകുമാറിന്റെ കേൾവിശീലങ്ങളുടെ സാമൂഹ്യശാസ്ത്രം നൽകിയ തെളിച്ചം വലുതായിരുന്നു. നാഗസ്വരത്തിനുമേൽ ആരോപിക്കപ്പെട്ട കുലീനതാരാഹിത്യവും എം ഡി രാമനാഥന്റെ വിളംബിതകാലവുമെല്ലാം സംസ്കാരചരിത്രത്തിന്റെ സൂക്ഷ്മലോകങ്ങളുമായി ചേർത്തുവച്ച് വിശദീകരിക്കുന്ന ആ പഠനം വലിയ ഉൾക്കാഴ്ചകളാണ് തന്നത്. അക്കാലത്തുതന്നെ സദാനന്ദമേനോന്റെ പഠനങ്ങളും കുറെയേറെ വായിച്ചു.

അഡോണോവിന്റെയും ബാർഥിന്റെയും സംഗീതപഠനങ്ങൾ പലതും വായിച്ചിട്ടുണ്ടെങ്കിലും അവയിലെ ഉൾക്കാഴ്ചകൾ പലതും എനിക്ക് തെളിഞ്ഞുകിട്ടിയില്ല.

എങ്കിലും സംഗീതത്തിന്റെ സാംസ്കാരിക ചരിത്രത്തെക്കുറിച്ചുള്ള പല തെളിച്ചങ്ങളും ആ വായനകൾ തന്നു. അതിനിടയിലെപ്പോഴോ ആണ് ‘ത്യാഗരാജയോഗവൈഭവം’ എന്ന പദസംയുക്തം മനസ്സിൽ വന്നുവീണത്. ദീക്ഷിതർകൃതിയിലെ പ്രയോഗങ്ങളിലൊന്ന് എന്നതിനപ്പുറം ത്യാഗരാജസംഗീതത്തിലേക്കുള്ള ഒരു വഴി അതിലില്ലേ എന്നൊരാലോചന തെളിഞ്ഞുവന്നു.

സംഗീതപരവും സാമൂഹികവും അവബോധപരവുമായ ഏതൊക്കെ ഘടകങ്ങളുടെ ആകെത്തുകയാണ് ത്യാഗരാജസ്വാമികൾ എന്ന പിതൃബിംബമായി കർണാടകസംഗീതചരിത്രത്തിൽ ഇടംപിടിച്ചത് എന്ന വിചാരമായി അത് വികസിച്ചു. ‘ത്യാഗരാജയോഗവൈഭവം’ എന്ന ശീർഷകമാണ് ആദ്യം കിട്ടിയത്.

ആ പ്രയോഗത്തിന്റെ ഭംഗിയിലും സാധ്യതയിലുംനിന്ന് പിന്നീടതൊരു ദീർഘപഠനമായി വികസിച്ചു. കൃതികളും ഗമകങ്ങളും ഒക്കെയായി ത്യാഗരാജസംഗീതം പുതിയൊരു ചരിത്രഘട്ടത്തിന്റെ ഭാവപ്രകാശനമായി മാറിയതെങ്ങനെ എന്ന ആലോചന.

കാലടി സംസ്കൃതസർവകലാശാലയിലെ അനൗപചാരിക ഗവേഷകകൂട്ടായ്മയായ വിമർശനാത്മകപഠനസംഘത്തിന്റെ സെമിനാറിലാണ് ആ പ്രബന്ധം ആദ്യമായി അവതരിപ്പിച്ചത്.

2015ലോ മറ്റോ ആയിരുന്നു അത്. പിന്നീട് കുറെക്കൂടി വിശദാംശങ്ങൾ ഉൾപ്പെടുത്തി അതൊരു പുസ്തകരൂപത്തിലേക്ക് വികസിപ്പിക്കാം എന്നൊരു തോന്നലുണ്ടായി. അല്പകാലം കഴിഞ്ഞ് തൃശൂരിൽ ടി എം കൃഷ്ണ പങ്കെടുക്കുന്ന ഒരു ചടങ്ങിൽവച്ച് അത് പ്രകാശിപ്പിക്കപ്പെടുകയും ചെയ്തു.

‘ത്യാഗരാജയോഗ വൈഭവം’  ടി എം കൃഷ്‌ണ പ്രകാശനംചെയ്യുന്നു. വൈശാഖൻ,  എം എ ബേബി, സുനിൽ പി ഇളയിടം, രാധാകൃഷ്‌ണൻ നായർ എന്നിവർ സമീപം

‘ത്യാഗരാജയോഗ വൈഭവം’ ടി എം കൃഷ്‌ണ പ്രകാശനംചെയ്യുന്നു. വൈശാഖൻ, എം എ ബേബി, സുനിൽ പി ഇളയിടം, രാധാകൃഷ്‌ണൻ നായർ എന്നിവർ സമീപം

വി അരവിന്ദാക്ഷൻ മാഷിന്റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കുന്ന ചടങ്ങായിരുന്നു. സ്മാരകപ്രഭാഷണത്തിനായി കാവുമ്പായി ബാലകൃഷ്ണൻ മാഷാണ് വിളിച്ചത്. ആ വേദിയിലായിരുന്നു പ്രകാശനവും.

സഖാവ് എം എ ബേബിയും സംഗീതനാടക അക്കാദമിയുടെ അന്നത്തെ സെക്രട്ടറി രാധാകൃഷ്ണൻനായരുമെല്ലാം പങ്കെടുത്ത ഒരു ചടങ്ങ്. അങ്ങനെ ജീവിതത്തിലെ അവിചാരിതമായ വഴിത്തിരിവുപോലെ ഒരു സംഗീതപഠനം പിറന്നു. ‘ത്യാഗരാജയോഗവൈഭവം!’.
ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് മനസ്സിനെ ചേർത്തിണക്കിയത് നിഖിൽ ബാനർജിയുടെ സിത്താർ ആണ്.

മഹാരാജാസ് വിദ്യാഭ്യാസകാലത്ത് വാങ്ങിയ കാസെറ്റുകളിൽ ഹിന്ദുസ്ഥാനിസംഗീതത്തിലെ ഉയർന്ന ശിരസ്സുകളും ഉണ്ടായിരുന്നു. എങ്കിലും അവരിൽ അന്ന് കാര്യമായി മനസ്സുറച്ചിരുന്നില്ല. അതിലൊരു മാറ്റം വന്നത് നിഖിൽ ബാനർജിയുടെ സിത്താർവാദനത്തിൽ മുഴുകിയതോടെയാണ്. കൊൽക്കത്തയാത്രയ്ക്കിടയിലെ അലച്ചിലുകളിൽനിന്നാണ് നിഖിൽ ബാനർജിയുടെ സംഗീതത്തിലേക്കെത്തിയത്. പിയേഴ്സൺ മാഷിനൊപ്പം 1990‐കളുടെ തുടക്കത്തിൽ നടത്തിയ യാത്ര.

ശാന്തിനികേതനിലും കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലുമെല്ലാം ആ യാത്രയിൽ ധാരാളം അലഞ്ഞുനടന്നു. രവീന്ദ്രസംഗീതം മുതൽ സത്യജിത്റായ് തന്റെ സിനിമകൾക്കുനൽകിയ സംഗീതത്തിന്റെ ശേഖരങ്ങൾ വരെ കണ്ടതവിടെ വച്ചാണ്. ചിലതെല്ലാം വാങ്ങുകയുംചെയ്തു. കൊൽക്കത്തയിലെ ആ അലച്ചിലിനിടയിലെപ്പോഴോ ആണ് കാസെറ്റ് കടകളിലൊന്നിൽവച്ച് നിഖിൽ ബാനർജിയുടെ സിതാർ കച്ചേരിയുടെ കാസെറ്റ് കാണാനിടവന്നത്.

അന്ന് നിഖിൽ ബാനർജിയുടെ പേര് ഞാൻ കേട്ടിരുന്നില്ല. സിതാറിൽ രവിശങ്കറിനെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും അറിയുമായിരുന്നില്ല. എങ്കിലും നിഖിൽ ബാനർജിയുടെ ഒന്നുരണ്ടു കാസെറ്റുകൾ വാങ്ങി. നാട്ടിലെത്തി അതു കേട്ടുതുടങ്ങിയതോടെ അതിന്റെ അസാധാരണമായ ഭംഗിയിൽ മുങ്ങിപ്പോവുകയുംചെയ്തു.

രവിശങ്കറിന്റെ സുശിക്ഷിതവും രൂപത്തികവുള്ളതുമായ സംഗീതത്തിനപ്പുറം പോകുന്ന അഗാധമായ ലയം അതിനുണ്ടായിരുന്നു.

നിലോയ്ന്ദുറോയ്

നിലോയ്ന്ദുറോയ്

പിന്നീട് മിക്കവാറും നിരന്തരമായി അത് കേട്ടു. നിഖിൽ ബാനർജിയെക്കുറിച്ച് ഒന്നുമറിയാതെതന്നെ അതിൽ മുങ്ങിത്താണു. പിൽക്കാലത്തെപ്പോഴോ ഉള്ള വായനയിലാണ് നിഖിൽ ബാനർജി ബംഗാളിൽ എത്രയോ ആദരിക്കപ്പെടുന്ന സംഗീതജ്ഞനാണ് എന്ന് മനസ്സിലാക്കാനിടയായത്. രവിശങ്കറെപ്പോലെ ലോകപ്രശസ്തി നേടിയില്ലെങ്കിലും അദ്ദേഹത്തെക്കാൾ ഗാഢമായി ബംഗാളിൽ ആസ്വദിക്കപ്പെടുന്ന സംഗീതമാണ് നിഖിൽ ബാനർജിയുടേതെന്ന് ആ വായനയിലാണ് തിരിച്ചറിയുന്നത്.

കൽക്കത്തയിലെ ഏതോ തെരുവുമൂലയിൽനിന്ന് അവിചാരിതമായി കൈയിലെത്തിയത് ഇന്ത്യൻസംഗീതത്തിലെ അതുല്യശോഭകളിലൊന്നായിരുന്നു. സംഗീതകാരനെക്കുറിച്ച് ഒന്നുമറിയാതിരുന്നപ്പോഴും കേവലസംഗീതത്തിന്റെ ആ മാന്ത്രികഭംഗി എന്നെ വലയംചെയ്തു. മൂന്ന് പതിറ്റാണ്ടുകൾക്കുശേഷവും നിഖിൽ ബാനർജി തുടരുന്നുണ്ട്. ഇപ്പോൾ സ്പോട്ടിഫൈയിലെ ശേഖരത്തിൽ നിന്ന് യാത്രകളിലുടനീളം അത് കൂടെ വരുന്നു!

പിൽക്കാലത്ത് നിഖിൽ ബാനർജിയോടുള്ള ഇഷ്ടത്തിന് കൊൽക്കത്തയിൽ ഒരു തുടർച്ചയുണ്ടായി. മകൾ ജാനകിയുടെ ജീവിതപങ്കാളി നിലോയ്ന്ദുറോയ്. ജാനകിയോടൊപ്പം ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിൽ (JNCASR) ഗവേഷകനാണ് നിലോയ്ന്ദു. ശാസ്ത്രത്തിന്റെയും സംഗീതത്തിന്റെയും വഴിയിലൂടെ ഒരുമിച്ചു നടക്കുന്ന ഒരാൾ. നിലോയ്ന്ദു സരോദ്‌ വാദകനാണ്.

അലി അക്ബർഖാന്റെ മകൻ നടത്തുന്ന സംഗീതപഠനകേന്ദ്രത്തിൽനിന്ന് നിലോയ് പരിശീലനം നേടുന്നുണ്ട്. നിലോയ്ന്ദുവിന്റെ അച്ഛനും അമ്മയും സംഗീതജ്ഞരാണ്. പാട്ടിന്റെ ആ ഹൃദയവഴിയിലൂടെയാണ് നിലോയ്ന്ദുവും നടന്നത്. നിഖിൽ ബാനർജിയെ അവിചാരിതമായി കേൾക്കാനിടവന്നതിന്റെയും പിന്നീടുള്ള കാലം അദ്ദേഹത്തെ നിരന്തരം കേട്ടതിന്റെയും കഥ ഞാൻ നിലോയ്ന്ദുവിനോട് പറഞ്ഞു.

നിലോയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞരിലൊരാൾ നിഖിൽ ബാനർജിയാണ്. കൊൽക്കത്തയിൽ ഹൂഗ്ലിയുടെ തീരത്തുള്ള നടവഴിയിലൂടെ ഒരുമിച്ചു നടക്കുമ്പോൾ ബംഗാളിൽ നിഖിൽ ബാനർജിക്കുള്ള അതുല്യമായ സ്ഥാനത്തെക്കുറിച്ച് നിലോയ് ആവേശപൂർവം പറയുന്നുണ്ടായിരുന്നു. മൂന്നുപതിറ്റാണ്ടുമുമ്പ് കൊൽക്കത്തയിലെ ഏതോ നഗരത്തെരുവിൽനിന്ന്‌ കൈവന്ന കാസെറ്റിൽനിന്ന് ജീവിതത്തിലേക്ക് തുറന്നുകിടക്കുന്ന ഒരു വഴിപോലെയായി നിഖിൽ ബാനർജിയുടെ സംഗീതം മാറിത്തീർന്നിരിക്കുന്നു.

നിലോയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞരിലൊരാൾ നിഖിൽ ബാനർജിയാണ്. കൊൽക്കത്തയിൽ ഹൂഗ്ലിയുടെ തീരത്തുള്ള നടവഴിയിലൂടെ ഒരുമിച്ചു നടക്കുമ്പോൾ ബംഗാളിൽ നിഖിൽ ബാനർജിക്കുള്ള അതുല്യമായ സ്ഥാനത്തെക്കുറിച്ച് നിലോയ് ആവേശപൂർവം പറയുന്നുണ്ടായിരുന്നു. മൂന്നുപതിറ്റാണ്ടുമുമ്പ് കൊൽക്കത്തയിലെ ഏതോ നഗരത്തെരുവിൽനിന്ന്‌ കൈവന്ന കാസെറ്റിൽനിന്ന് ജീവിതത്തിലേക്ക് തുറന്നുകിടക്കുന്ന ഒരു വഴിപോലെയായി നിഖിൽ ബാനർജിയുടെ സംഗീതം മാറിത്തീർന്നിരിക്കുന്നു.

ഗാഢവും പ്രശാന്തവുമായ സ്നേഹംപോലെയാണ് ആ സംഗീതം. ഉൽക്കടക്ഷോഭങ്ങളോ, സാങ്കേതികത്തികവിന്റെ വന്യമായ കുതിച്ചുചാട്ടങ്ങളോ ഇല്ലാത്ത പ്രശാന്തവും സൗമ്യവുമായ ഒരൊഴുക്ക്. കാലം ആ വഴിയിലൂടെ പുതിയ മനുഷ്യബന്ധങ്ങളെയും കൂട്ടിക്കൊണ്ടുവന്നു.

നിഖിൽ ബാനർജി

നിഖിൽ ബാനർജി


കഴിഞ്ഞ ഒരുപതിറ്റാണ്ടിലധികമായി സംഗീതവിചാരങ്ങളുടെയും കേൾവിയുടെയും വഴിയിൽ ഏറ്റവുമധികം തുണയായ ഒരാൾ സഖാവ് എം എ ബേബിയാണ്. പല സംഗീതജ്ഞരെയും കാണാനും കേൾക്കാനുമെല്ലാം അതുവഴി അവസരം കൈവന്നു. പല പാട്ടുകളും അദ്ദേഹം എത്തിച്ചുതന്നു. ഗായകരുമായി പരിചയപ്പെടുത്തി. ബാലമുരളീകൃഷ്ണ മുതൽ രാജീവ്‌ താരാനാഥ് വരെയുള്ളവരെ അങ്ങനെ നേരിൽ കാണാനും കേൾക്കാനും കഴിഞ്ഞു.

ബേബിസഖാവുമായുള്ള സൗഹൃദം മീനയുടെ ജീവിതത്തിലെ വലിയൊരു ആഗ്രഹസാഫല്യത്തിനും കാരണമായി. പാടിയും പാട്ടുകൾ കേട്ടും സംഗീതത്തിന്റെ ഒരാന്തരികലോകം മീന എപ്പോഴും സ്വയം നിലനിർത്തിയിട്ടുണ്ട്. എസ് ജാനകിയാണ് മീനയുടെ ഹൃദയത്തിൽ നിത്യമായി ഇടം നേടിയ ഗായിക. ബേബി സഖാവുമായുള്ള സംഭാഷണത്തിനിടയിലെപ്പോഴോ ജാനകിയെ നേരിട്ടു കാണണമെന്ന മോഹം മീന പങ്കുവച്ചിരുന്നു. അനുപമമായ സാഹോദര്യഭാവത്തോടെ ബേബി സഖാവ് അതിനു വഴിയുണ്ടാക്കുകയുംചെയ്തു.

ബേബിസഖാവിനോടും ബെറ്റിച്ചേച്ചിയോടും ഒപ്പം മൈസൂരിൽ പോയി എസ്  ജാനകിയെ കാണാൻ മീനയ്ക്ക് ഇടംകിട്ടി. പഴയകാലത്തെ ചലച്ചിത്രതാരമായ ശാരദയും അന്ന് എസ് ജാനകിയുടെ മൈസൂരിലെ വസതിയിലുണ്ടായിരുന്നു. ഇരുവർക്കും മുന്നിലിരുന്ന് മീന ‘തളിരിട്ട കിനാക്കൾതൻ...’ എന്ന പാട്ടുപാടി. കോടിക്കണക്കിന്‌ മലയാളികളെ പതിറ്റാണ്ടുകളായി സ്നേഹവിരഹങ്ങളുടെ  അപൂർവശോഭയിലേക്ക് കൈപിടിച്ചു നടത്തിയ മഹിമയുറ്റ ആ രണ്ടു സ്ത്രീകൾ വാത്സല്യപൂർവം മീനയുടെ പാട്ടുകേട്ടിരുന്നു.

മീന,  ശാരദയ്‌ക്കും എസ്‌ ജാനകിക്കുമൊപ്പം

മീന, ശാരദയ്‌ക്കും എസ്‌ ജാനകിക്കുമൊപ്പം

സ്നേഹപൂർവം കൈചേർത്തു പിടിച്ചു. അവരുടെ ജീവിതത്തിലെ എത്രയോ സാധാരണമായ ഒരു കാര്യമായിരുന്നു അത്. പക്ഷേ, മീനയെ സംബന്ധിച്ച് ജീവിതത്തിലെ എക്കാലത്തെയും വലിയ നിർവൃതിയുടെ മുഹൂർത്തം. പ്രാണനിലലിഞ്ഞ പാട്ട് ആ ഗായികയുടെ മുന്നിലിരുന്ന് പാടാനായതിലെ ആഹ്ലാദത്തോളം വലിയ നേട്ടങ്ങളില്ലെന്ന് മീന പലപാട് പറഞ്ഞു.
കാലമോ സംഗീതമായ് എന്നെഴുതിയത് ബാലചന്ദ്രൻ ചുള്ളിക്കാടാണ്.

ഗസൽ എന്ന മലയാളത്തിലെ എക്കാലത്തെയും മികവുറ്റ കവിതകളിലൊന്നിൽ. കാലപ്രവാഹംപോലെ ഒഴുകിനീങ്ങുന്ന സംഗീതം. തെളിഞ്ഞും കലങ്ങിയും കരകവിഞ്ഞും, ജീവിതംപോലെ പാട്ടൊഴുകുന്നു. കഴിഞ്ഞ നാലരപ്പതിറ്റാണ്ടോളമായി എന്റെ ജീവിതത്തിലും അത് നിലയ്ക്കാതെ ഒഴുകുന്നുണ്ട്.

ഒരിക്കലും ഞാനൊരു പാട്ടുകാരനായിട്ടില്ല. എങ്കിലും പാടാനോർത്ത മധുരിതഗാനങ്ങളുടെ മഹാശേഖരംപോലെ ജീവിതത്തിന്റെ അടിപ്പടവിലൂടെ അതൊഴുകുന്നുണ്ട്. സൗന്ദര്യത്തിന്റെ രഹസ്യനദി! .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top