01 July Friday

സഖാവ് എ പി: നിർമമതയിൽ ചേർത്തുവച്ച കരുതലുകൾ - സുനിൽ പി ഇളയിടത്തിന്റെ പംക്തി പതിനാറാം ഭാഗം

സുനിൽ പി ഇളയിടംUpdated: Wednesday May 4, 2022

എ പി വർക്കി

എന്തിനാണ് എ പി എന്നെ കാണണമെന്ന് പറഞ്ഞത് എന്നറിയില്ലായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്കോ മറ്റോ ആണ് ഞാൻ സഖാവിനെ കാണാൻ ചെന്നത്. ഉപചാരങ്ങളും സ്നേഹപ്രകടനങ്ങളും ഒന്നും എ പി യിൽ പൊതുവെ കാണാറില്ല. ചെന്നപാടെ മുന്നിലുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഞാനതിൽ എ പിയെ നോക്കിയിരുന്നു.

‘എ പി നിന്നെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്’. ഒരു ദിവസം വൈകുന്നേരം എന്നോട് എസ്എഫ്ഐ ജില്ലാ സെന്ററിൽ പ്രവർത്തിക്കുന്ന വിദ്യാർഥി സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. എറണാകുളം ജില്ലയിലെ സിപിഐ എം ജില്ലാ സെക്രട്ടറിയാണ് സഖാവ് എ പി വർക്കി. എ പി എന്ന രണ്ടക്ഷരത്തിലാണ് സഖാക്കളത്രയും അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ പരാമർശിച്ചുപോന്നിരുന്നത്. രണ്ടുപതിറ്റാണ്ടിലധികം എറണാകുളം ജില്ലയിൽ പാർടിയുടെ അമരക്കാരനായിരുന്നു എ പി. സമർപ്പണത്തിന്റെ മനുഷ്യരൂപം. അതിൽ കുറഞ്ഞ ഒന്നുകൊണ്ടും എ പിയെ വിശേഷിപ്പിക്കാനാവില്ല എന്ന്‌ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഞാനക്കാലത്ത് എസ്എഫ്ഐ ജില്ലാ ഭാരവാഹികളിലൊരാളാണ്. ജില്ലാ സെന്റർ പ്രവർത്തിച്ചിരുന്ന കലൂരിലെ ലെനിൻ സെന്ററിലായിരിക്കും പല ദിവസങ്ങളിലും താമസം. അങ്ങനെയൊരു ദിവസമാണ് കൂടെയുള്ള സഖാക്കളിലൊരാൾ എ പിയുടെ നിർദേശം അറിയിച്ചത്. മഹാരാജാസിലെ പഠനം പൂർത്തിയായതിനു ശേഷം ‘ഇനിയെന്ത്’ എന്ന്‌ വ്യക്തത വരാതെ നിൽക്കുകയായിരുന്നു ഞാൻ. പഠനം പൂർത്തിയായ അതേവർഷം എനിക്ക് പരീക്ഷ എഴുതാനും കഴിഞ്ഞിരുന്നില്ല. എം എ വിദ്യാർഥിയായിരുന്ന രണ്ടു വർഷവും മഹാരാജാസിലെ കോളേജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. അതിന്റെ തിരക്കുകൾക്കിടയിൽ പഠനം ഫലപ്രദമായില്ല. 

പരീക്ഷ എഴുതിയെങ്കിലും ആദ്യത്തെ ചില പേപ്പറുകൾ കഴിഞ്ഞപ്പോൾ എനിക്കതിൽ തൃപ്തി തോന്നിയില്ല. വൃത്തിയായി പഠിച്ച് അടുത്തതവണ നന്നായി എഴുതുന്നതാവും ഉചിതം എന്നു തോന്നി. മൂന്നാമത്തെയോ നാലാമത്തെയോ പേപ്പറിന്റെ പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ പരീക്ഷ എഴുതൽ ഉപേക്ഷിച്ചു. അന്ന് എറണാകുളത്ത് ‘മതിലുകൾ’ റിലീസ് ചെയ്തിട്ടുണ്ട്. ബഷീറിന്റെ നോവലിന് അടൂർ ഒരുക്കിയ ദൃശ്യഭാഷ്യം. അടുത്ത പരീക്ഷയുടെ ദിവസം അതു കാണാൻ പോയി. അവശേഷിക്കുന്ന പരീക്ഷകളുടെ ദിവസം ക്യാമ്പസിലേക്ക് പോയില്ല.

‘മതിലുകളി’ൽ മമ്മൂട്ടി

‘മതിലുകളി’ൽ മമ്മൂട്ടി

1990 ഏപ്രിൽ ‐ മെയ് മാസങ്ങളിലായിരുന്നു പരീക്ഷ. തൊട്ടുപിന്നാലെ സംഘടനാപ്രവർത്തനങ്ങളുടെ തിരക്കിൽ മുഴുകി. സ്കൂളുകളും കോളേജുകളും മധ്യവേനൽ അവധി കഴിഞ്ഞ് തുറക്കുന്ന സമയം. സംഘടനാരംഗത്ത് മെമ്പർഷിപ്പ് പ്രവർത്തനവും മറ്റും നടക്കുന്ന കാലമാണത്. കലൂരിലെ ജില്ലാ ആസ്ഥാനമായ ലെനിൻ സെന്ററും മഹാരാജാസ് കോളേജ് ഹോസ്റ്റലും കേന്ദ്രീകരിച്ചാണ് ഞാൻ അക്കാലത്ത് ഏറെയും കഴിഞ്ഞിരുന്നത്. രണ്ടിടങ്ങളിൽ എവിടെയെങ്കിലുമായി തങ്ങും. ചില ദിവസങ്ങളിൽ വീട്ടിലേക്ക് വരും. മുഴുവൻ സമയവും നീളുന്ന സംഘടനാ‐രാഷ്ട്രീയ പ്രവർത്തനത്തിന്റെ വഴിയിലൂടെയായിരുന്നു അക്കാലത്തെ നടപ്പ്. മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനം എന്നതായിരുന്നു അന്നത്തെ ജീവിത താൽപ്പര്യവും.

അതിനിടയിലൊരു ദിവസമാണ് എ പി കാണണമെന്ന് ആവശ്യപ്പെട്ടത്. ‘ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി’  എന്ന കവി വാക്യത്തിന്റെ ആവിഷ്കാരം പോലെയായിരുന്നു എ പിയുടെ ജീവിതം. എറണാകുളം കനാൽ റോഡിലെ മാരുതി ലോഡ്ജിലെ ഒരു ചെറിയ മുറിയിലാണ് എ പി താമസിച്ചിരുന്നത്. ആ ലോഡ്ജ് മുറിയിലും കലൂരിലെ ലെനിൻ സെന്ററിലുമായി സഖാവ് ജീവിച്ചു. പഴയകാലത്തേറ്റ മർദ്ദനങ്ങൾ അവശേഷിപ്പിച്ച നാനാതരം രോഗാതുരതകൾക്കു നടുവിലാണ് എ പി കഴിഞ്ഞിരുന്നത്. മെലിഞ്ഞ് ക്ഷീണിതമായ ആ ശരീരം അത്‌ താണ്ടിയ യാതനകളത്രയും ആദ്യം കാണുമ്പോൾ തന്നെ നമ്മെ ഓർമിപ്പിക്കും.

അതിനു നടുവിലും എറണാകുളം ജില്ലയിലെ പാർടിയുടെ ഹൃദയം പോലെ അദ്ദേഹം നിലകൊണ്ടു. ഓരോ സഖാവിനെയും പ്രത്യേകമായി തിരിച്ചറിഞ്ഞു. അവരുടെയൊക്കെ പ്രയാസങ്ങളിൽ താങ്ങും തുണയുമായി. ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്ന് അശരണരായ മനുഷ്യർ എ പിയെ തേടിയെത്തുന്നത് ലെനിൻ സെന്ററിലുള്ളപ്പോൾ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. പാർടിക്കാരും അല്ലാത്തവരുമായ നിസ്വരായ മനുഷ്യർ. എ പി അവരെയെല്ലാം ശാന്തമായി കേട്ടു. വികാരക്ഷോഭങ്ങളൊന്നുമില്ലാതെ അവരോട് സംസാരിച്ചു. കഴിയുന്ന സഹായങ്ങൾ അവർക്ക് ചെയ്തു കൊടുത്തു. എണ്ണമറ്റ മനുഷ്യർക്ക് അത്താണിയായി.

എ പി വർക്കി

എ പി വർക്കി

എന്തിനാണ് എ പി എന്നെ കാണണമെന്ന് പറഞ്ഞത് എന്നറിയില്ലായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്കോ മറ്റോ ആണ് ഞാൻ സഖാവിനെ കാണാൻ ചെന്നത്. ഉപചാരങ്ങളും സ്നേഹപ്രകടനങ്ങളും ഒന്നും എ പി യിൽ പൊതുവെ കാണാറില്ല. ചെന്നപാടെ മുന്നിലുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഞാനതിൽ എ പിയെ നോക്കിയിരുന്നു. സംഘടനാപരമായ കാര്യങ്ങൾ എന്തെങ്കിലും സംസാരിക്കാനായിരിക്കും എന്ന ധാരണയിലായിരുന്നു ഞാൻ. മുൻപും അങ്ങനെ ചില കാര്യങ്ങൾ പറയാൻ എ പി എന്നെ വിളിപ്പിച്ചിട്ടുണ്ട്. അതായിരുന്നു അങ്ങനെയൊരു തോന്നലിന്റെ പ്രേരണ.

‘സഖാവ് പരീക്ഷ എഴുതിയോ?’ പൊടുന്നനെയായിരുന്നു എ പിയുടെ ചോദ്യം. ഞാൻ ആ ചോദ്യം കുറച്ചൊരു അത്ഭുതത്തോടെയാണ് കേട്ടത്. പരീക്ഷ എഴുതിയില്ല എന്ന കാര്യം അപ്പോൾ എന്റെ വീട്ടിൽപോലും അറിയുമായിരുന്നില്ല. അടുത്ത ചില സുഹൃത്തുക്കളോടു മാത്രമേ ഞാനത്‌ പറഞ്ഞിരുന്നുള്ളൂ. നന്നായി പഠിക്കാതിരുന്നതുകൊണ്ട് പരീക്ഷ എഴുതാൻ പറ്റിയില്ലെന്ന് ഞാൻ എ പിയോട് പറഞ്ഞു. ‘എന്താ പഠിക്കാതിരുന്നത്?’ എന്നായി എ പി. മഹാരാജാസിലെ യൂണിയൻ പ്രവർത്തനങ്ങളുടെ തിരക്കിന്റെ കാര്യം ഞാൻ പറഞ്ഞു. അതാണ് പഠനത്തിന് തടസ്സമായതെന്ന് ഞാൻ വിശദീകരിച്ചു. ഒട്ടൊക്കെ നിസ്സംഗമെന്ന് പുറമേയ്‌ക്കു തോന്നിക്കുന്ന മുഖഭാവത്തോടെ എ പി ഞാൻ പറയുന്നതെല്ലാം കേട്ടിരുന്നു.

ഇടയിലെപ്പോഴോ ‘ഇനിയെന്നാണ് പരീക്ഷ?’ എന്നു ചോദിച്ചു. ഒരു വർഷം കഴിഞ്ഞ് അടുത്ത ഏപ്രിൽ മാസത്തോടെയാവും എന്ന് ഞാൻ മറുപടി പറഞ്ഞു. ‘സഖാവ് ഇതുവരെ നന്നായി പഠിച്ചു വന്ന ആളാണ്. ഇവിടെ വന്ന് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പഠനം തകരാറിലായാൽ അത് സഖാവിനു മാത്രമല്ല സംഘടനയ്ക്കും മോശമാണ്. അതുകൊണ്ട് അടുത്ത തവണ പരീക്ഷ നന്നായി എഴുതണം. പരീക്ഷയ്ക്കു രണ്ടുമാസം മുൻപ് സംഘടനാ പ്രവർത്തനത്തിൽ നിന്ന് ലീവ് എടുത്ത് വീട്ടിലിരുന്ന് മുഴുവൻ സമയവും പഠിക്കണം. സംഘടനാ നേതാക്കളോട് ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞാൽ മതി.’

സംസാരം കഴിഞ്ഞെന്ന മട്ടിൽ എ പി എന്നെ നോക്കി. ‘ശരി സഖാവെ’ എന്നു പറഞ്ഞ് ഞാൻ എ പിയുടെ മുറിയിൽ നിന്നിറങ്ങി. മനസ്സിൽ വലിയ വിസ്മയമായിരുന്നു. ആരാവും എ പിയോട് എന്റെ പരീക്ഷാക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടാവുകയെന്ന് മനസ്സിലോർത്തു. എന്റെ വീട്ടിൽ തന്നെ അറിവില്ലാത്ത കാര്യം. അത് എ പിയുടെ ശ്രദ്ധയിലെങ്ങനെ വന്നു? എന്തായാലും അടുത്ത തവണ നന്നായി പരീക്ഷയെഴുതണമെന്ന് മനസ്സിലുറപ്പിച്ചു. ഫെബ്രുവരി മാസമായപ്പോഴേക്കും സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങി പൂർണമായും പഠനത്തിൽ മുഴുകി. മൂന്നുമാസത്തോളം മുഴുവൻ സമയ പഠനമായിരുന്നു. അത് നല്ല പ്രയോജനം ചെയ്തു.

എംഎ ഫസ്റ്റ് ക്ലാസോടെ പാസ്സായി. അന്ന് എംഎ ഫസ്റ്റ് ക്ലാസ് അത്ര സുലഭമല്ല. ആ വർഷം എംജി യൂണിവേഴ്സിറ്റിയിലൊട്ടാകെ എംഎ മലയാളത്തിന് നാലുപേർക്കേ ഫസ്റ്റ് ക്ലാസ് ലഭിച്ചിരുന്നുള്ളൂ. മഹാരാജാസിൽ ഒരാൾക്കും. എംഎ പരീക്ഷയ്ക്കു തൊട്ടുപിന്നാലെയായിരുന്നു യു ജി സിയുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനായുള്ള (ജെആർഎഫ്) പരീക്ഷയും. എംഎ പഠനത്തിന്റെ ബലമുണ്ടായിരുന്നതുകൊണ്ട് അതും നന്നായെഴുതി. ആദ്യ തവണ തന്നെ ജെആർഎഫും കിട്ടി.
റിസൽട്ട്‌ വന്നതിനുശേഷം ഞാൻ എ പിയോട് അക്കാര്യം പറഞ്ഞിരുന്നു. അപ്പോഴേക്കും ഞാൻ വിദ്യാർഥി രംഗത്തെ സംഘടനാ ചുമതലകളിൽ നിന്ന് ഒഴിവായിരുന്നു.

കലൂരിലെ ലെനിൻ സെന്റർ

കലൂരിലെ ലെനിൻ സെന്റർ

ലെനിൻ സെന്ററിൽ ചെന്നുകണ്ടാണ് എ പിയോട് ഇക്കാര്യം പറഞ്ഞത്. ഭാവഭേദങ്ങളൊന്നുമില്ലാതെ എ പി അതു കേട്ടു. താനതിന് പ്രേരണയായതായി എ പി കരുതുന്നതായി തോന്നിയില്ല. ഞാൻ മടങ്ങുകയും ചെയ്തു.

അക്കാലത്ത് ഞാൻ എ പിയുടെ അന്വേഷണത്തിനും നിർദേശത്തിനും വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല എന്നതാണ് വാസ്തവം. ചുരുക്കം പേരോട്‌ മാത്രം പറഞ്ഞിരുന്ന പരീക്ഷാക്കാര്യം എ പി എങ്ങനെയറിഞ്ഞു എന്നതിലായിരുന്നു അന്നെന്റെ കൗതുകം. പിന്നീട് കുറെക്കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കിയപ്പോഴാണ് എ പിയുടെ കരുതലിന്റെ ആഴം എത്ര വലുതാണെന്ന് തോന്നിത്തുടങ്ങിയത്. സംഘടനാ രംഗത്ത് അത്രയൊന്നും പ്രധാനപ്പെട്ട സ്ഥാനത്തല്ലായിരുന്നു ഞാൻ. എസ്എഫ്ഐ യുടെ ജില്ലാ വൈസ് പ്രസിഡണ്ട്. പാർടിയുടെ ജില്ലാ സെക്രട്ടറിയെ സംബന്ധിച്ച് അത്തരത്തിലുള്ള നൂറുകണക്കിന് പേരുണ്ടാവും... എത്രയോ സംഘടനകൾ; എത്രയോ സഖാക്കൾ. അതിലൊരാളുടെ പരീക്ഷാവിവരങ്ങൾ വരെ ശ്രദ്ധാപൂർവം മനസ്സിലാക്കി വേണ്ട സമയത്ത് ഉചിതമായ ഇടപെടലുകൾ നടത്തുന്ന ജാഗരൂകത എ പിയ്ക്കുണ്ടായിരുന്നു.

എന്റെ എംഎ പഠനം പൂർത്തിയാകുന്നതിനും പരീക്ഷാവിജയത്തിനും പിന്നിലെ പ്രധാന പ്രേരണയും എ പിയുടെ നിർദേശമായിരുന്നു. ആ നിർദേശം ഇല്ലായിരുന്നുവെങ്കിൽ മൂന്നു മാസത്തോളം സംഘടനാ പ്രവർത്തനത്തിൽ നിന്ന് അവധിയെടുത്ത് പഠിച്ച് പരീക്ഷ എഴുതാൻ ഞാൻ തുനിയുമായിരുന്നുവോയെന്ന് സംശയമാണ്. എന്റെ പിൽക്കാല ജീവിതത്തിന്റെ അടിപ്പടവായിത്തീർന്ന വിജയം ആ പരീക്ഷയിൽ ലഭിക്കുമായിരുന്നോ എന്നതും. അതും അതിനു പിന്നാലെ ലഭിച്ച ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പുമാണ് തുടർന്ന് മൂന്നുനാലു വർഷക്കാലത്തെ ജീവിതത്തിന് ആധാരമായത്‐ 1998‐ൽ കാലടി സംസ്കൃതസർവകലാശാലയിൽ ജോലി ലഭിക്കുന്നതിനും. എല്ലാത്തിനും ആധാരമായത് എ പിയുടെ അന്നത്തെ കരുതലായിരുന്നുവെന്ന് പിന്നീടെപ്പോഴോ ആണ് തിരിച്ചറിയാൻ കഴിഞ്ഞത്. ‘സഖാവ്’ എന്ന പദത്തിന് എത്രയോ വലിയ വ്യാപ്തിയുണ്ട് എന്നും.

രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരാളായിരുന്നു എ പി. അതിന്റെ പ്രയാസങ്ങൾക്കൊപ്പം നിരവധി രോഗങ്ങൾ നൽകിയ വേദനകളും അദ്ദേഹത്തിനുണ്ടായിരുന്നു. അതിനെല്ലാമിടയിലൂടെയാണ് എ പി തന്റെ ചുമതലകൾ നിറവേറ്റിയത്.

രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരാളായിരുന്നു എ പി. അതിന്റെ പ്രയാസങ്ങൾക്കൊപ്പം നിരവധി രോഗങ്ങൾ നൽകിയ വേദനകളും അദ്ദേഹത്തിനുണ്ടായിരുന്നു. അതിനെല്ലാമിടയിലൂടെയാണ് എ പി തന്റെ ചുമതലകൾ നിറവേറ്റിയത്. രാഷ്ട്രീയജാഗ്രതയും സംഘടനാപരമായ നേതൃപാടവവും അശരണരായ മനുഷ്യരോടുള്ള അനുതാപവും ഒത്തുചേർന്ന ജീവിതം. വ്യക്തിപരം എന്നു പറയാൻ എ പിക്ക് ഒന്നുമുണ്ടായിരുന്നില്ല. എ പിയുടെ മുറിയിൽ തങ്ങേണ്ടിവന്നപ്പോൾ എ പിയുടെ കട്ടിലിൽ തന്നെ കിടത്തിയിട്ട് താഴെ കിടന്നുറങ്ങിയ എ പിയെക്കുറിച്ച് പിന്നീട് പാർടിനേതാക്കളിലൊരാൾ എഴുതിയത് എന്റെ ഓർമയിലുണ്ട്. പ്രസ്ഥാനവും അതിലുൾപ്പെട്ട മനുഷ്യരുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമത്രയും. അവരിലോരോരുത്തരെയും എ പി ശ്രദ്ധിച്ചു. തന്നെപ്പോലെതന്നെ പരിഗണിച്ചു. അവരിലൊരാളായി ജീവിച്ചു.

മറ്റൊരു സന്ദർഭത്തിലും എ പി എനിക്ക് തുണയായിട്ടുണ്ട്. അതും വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ്. മഹാരാജാസിലെ എംഎ പഠനത്തിന്റെ ആദ്യവർഷം. മഹാരാജാസിൽ ചേർന്ന വർഷം തന്നെ കോളേജ് യൂണിയൻ ചെയർമാനായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു തൊട്ടു മുൻപുള്ള വർഷം എംജി സർവകലാശാലാ യുവജനോത്സവത്തിൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പരിവേഷമാവണം ആ സ്ഥാനത്തേക്ക് എന്നെ തീരുമാനിക്കാൻ സംഘടനയ്ക്ക് പ്രേരണയായത്. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആ വർഷം ധാരാളം പരിപാടികൾ യൂണിയന്റേതായി സംഘടിപ്പിച്ചു. SPIC MACAY എന്ന സംഘടനയ്ക്കൊപ്പം സഹകരിച്ചുകൊണ്ടുള്ള നൃത്ത സംഗീതപരിപാടികൾ, പൊതുസംവാദങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, കവിയരങ്ങുകൾ, ഗാനമേള, കോളേജ് യൂണിയന്റെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം, കലോത്സവങ്ങൾ... ഒരു ദിവസം പോലും ഇളവില്ലാത്ത വിധം സംഘാടനത്തിൽ ആണ്ടുമുഴുകിയ കാലം. എണ്ണമറ്റ വലിയ മനുഷ്യർ അക്കാലത്ത് ക്യാമ്പസിലെത്തി. വർക്കല രാധാകൃഷ്ണനും ജി ദേവരാജനും മുതൽ ഹരിപ്രസാദ് ചൗരസ്യയും ഗംഗൈ അമരനും യു ശ്രീനിവാസനും ഒ എൻ വിയും വരെയുള്ളവർ. ഒരു കോളേജ് യൂണിയന് ഏഴെട്ടുമാസത്തെ പ്രവർത്തനകാലയളവിൽ അത്രയുമൊക്കെ ചെയ്യാനായി എന്നത് ഇന്ന് കുറച്ചൊരു വിസ്മയം പകരുന്നുണ്ട്.

കെ അജിത

കെ അജിത

യൂണിയൻ പരിപാടികളുടെ ഭാഗമായുള്ള സംവാദപരമ്പരയിൽ പങ്കെടുക്കാൻ കെ അജിത വന്നിരുന്നു. 1988‐89 കാലമാണ്. കേരളത്തിൽ സ്ത്രീവാദപ്രസ്ഥാനങ്ങൾ പ്രബലമായി വരുന്ന കാലം. സാറ ടീച്ചറിന്റെ നേതൃത്വത്തിൽ മാനുഷി പോലുള്ള പ്രസ്ഥാനങ്ങളും സ്ത്രീനാടകവേദിയും ഒക്കെ പ്രവർത്തനരംഗത്തുണ്ട്. അജിതേച്ചി അന്ന് സ്ത്രീ വിമോചന പ്രവർത്തനങ്ങളിലെ മുൻനിരക്കാരിലൊരാളാണ്. സ്‌ത്രീനീതി എന്ന ആശയത്തിന് ഇന്നത്തേതുപോലെ വലിയ അംഗീകാരം കൈവന്നിട്ടില്ല. മുഖ്യധാരാ ഇടതുപക്ഷത്തുള്ള പലരും ഫെമിനിസത്തെ സംശയപൂർവമാണ് നോക്കിക്കണ്ടിരുന്നത്. സംവാദത്തിൽ അജിതേച്ചിയോടൊപ്പം സംസാരിക്കാൻ മറ്റൊരാളെക്കൂടി ക്ഷണിച്ചിരുന്നു. അതാരായിരുന്നു എന്നത് ഇപ്പോൾ ഓർമയിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു. കാലത്തിന്റെ പായൽപ്പടർപ്പുകൾ ഓർമകൾക്കു മുകളിൽ പതിയെപ്പതിയെ വന്നു മൂടുന്നു.

അജിതേച്ചിയോടൊപ്പം സംവാദത്തിൽ പങ്കുചേരേണ്ട ആൾ അന്ന് വന്നില്ല. അജിതേച്ചി തന്റെ പ്രസംഗത്തിൽ ഇടതുപക്ഷം സ്ത്രീനീതിയോട് പുലർത്തുന്ന താൽപ്പര്യക്കുറവിനെ വിമർശിക്കുകയും ചെയ്തു. വലിയ കടന്നാക്രമണം ഒന്നുമായിരുന്നില്ല. സ്ത്രീ വിമോചനം തൊഴിലാളിവർഗവിമോചനത്തിന്റെ അടിസ്ഥാനമാണ് എന്ന നിലയിലുള്ള അവതരണമായിരുന്നു അജിതേച്ചിയുടേത്. അതിന്റെ ഭാഗമായുള്ള ചില വിമർശനങ്ങൾ. പ്രഭാഷണം കഴിഞ്ഞപ്പോൾ സംഘടനയിലും ക്യാമ്പസിലും അത് പലതരം വിമർശനങ്ങൾക്ക് വഴിവച്ചു. കെ അജിതയെ ക്ഷണിച്ചുകൊണ്ടു വന്ന് ഇടതുപക്ഷത്തിനെതിരെ പ്രസംഗിപ്പിച്ചു എന്ന മട്ടിലുള്ള വിമർശനങ്ങൾ. പരാതി എ പിയുടെ മുന്നിലുമെത്തി. എന്നെ കാണണം എന്ന് ഒരു ദിവസം എ പി ആവശ്യപ്പെടുകയും ചെയ്തു.

മഹാരാജാസ്‌ കോളേജ്‌

മഹാരാജാസ്‌ കോളേജ്‌

 ഹോസ്റ്റലിൽ നിന്ന് പിറ്റേന്ന് ഉച്ചയോടെയാണ് ഞാൻ എ പിയെ കാണാൻ ചെന്നത്. എ പി ലെനിൻ സെന്ററിലെ തന്റെ മുറിയിൽ ഇരിക്കുകയായിരുന്നു. ഞാൻ ആദ്യമായാണ് എ പിയോട് അത്രയും അടുത്ത് സംസാരിക്കുന്നത്. അടുത്തു കാണുന്നതും. മെലിഞ്ഞ ദുർബലമായ ശരീരം. പിന്നിലേക്ക് നീണ്ടു വളർന്ന തലമുടി. ശാന്തമായ മുഖം. ഒരു ബുദ്ധശിരസ്സിലെന്ന പോലെ നിർമമതയിൽ തെളിയുന്ന കരുണ. എന്നെ കണ്ടപ്പോൾ എ പി ഇരിക്കാൻ പറഞ്ഞു. പിന്നീട് ഇങ്ങനെയൊരു പരാതി സഖാവിനെക്കുറിച്ച് കിട്ടിയിട്ടുണ്ട്. എന്താണ് അതിലെ വാസ്തവം എന്നു ചോദിച്ചു.

യൂണിയൻ നടത്തുന്ന പ്രഭാഷണ പരമ്പരയുടെയും അതിൽ വന്നവരുടെയും വിവരങ്ങളെല്ലാം ഞാൻ എ പിയോട് പറഞ്ഞു. അജിതയുടെ പ്രഭാഷണവേദിയിൽ മറ്റൊരാൾ കൂടി വരേണ്ടതായിരുന്നു എന്നും അവർ വരാതെപോയതാണ് പരിപാടി ഏകപക്ഷീയമാകാൻ ഇടവരുത്തിയതെന്നും വിശദീകരിച്ചു. എ പി എല്ലാം കേട്ടിരുന്നു. എന്റെ മറുപടി കഴിഞ്ഞപ്പോൾ എ പി വളരെ സൗമ്യമായി പറഞ്ഞു...

യൂണിയൻ നടത്തുന്ന പ്രഭാഷണ പരമ്പരയുടെയും അതിൽ വന്നവരുടെയും വിവരങ്ങളെല്ലാം ഞാൻ എ പിയോട് പറഞ്ഞു. അജിതയുടെ പ്രഭാഷണവേദിയിൽ മറ്റൊരാൾ കൂടി വരേണ്ടതായിരുന്നു എന്നും അവർ വരാതെ പോയതാണ് പരിപാടി ഏകപക്ഷീയമാകാൻ ഇടവരുത്തിയതെന്നും വിശദീകരിച്ചു. എ പി എല്ലാം കേട്ടിരുന്നു. എന്റെ മറുപടി കഴിഞ്ഞപ്പോൾ എ പി വളരെ സൗമ്യമായി പറഞ്ഞു:
‘അജിതയെ പ്രസംഗിക്കാൻ വിളിച്ചതിൽ തെറ്റൊന്നുമില്ല. കോളേജ് യൂണിയൻ എല്ലാ വിദ്യാർഥികളുടേതുമാണ്. അവിടെ നമ്മുടെ അഭിപ്രായമുള്ളവരെ മാത്രമേ വിളിക്കാവൂ എന്ന് ശഠിക്കുന്നത് ശരിയല്ല. നമ്മോട് എതിരഭിപ്രായമുള്ളവരെയും വിളിക്കണം. പക്ഷേ, നമ്മുടെ അഭിപ്രായം പറയാൻ പറ്റിയ ഒരാളെ അവിടെ ഉറപ്പാക്കണമായിരുന്നു. അതില്ലാതെ വന്നത് വീഴ്ചയാണ്. അതാണ് വിമർശനത്തിന് കാരണമായത്. ഇനിയുള്ള സമയത്ത് അതുകൂടി ശ്രദ്ധിക്കണം’ എന്നു പറഞ്ഞ് എ പി സംഭാഷണം നിർത്തി.

‘ഇനി മുതൽ ശ്രദ്ധിക്കാം സഖാവെ’  എന്നുപറഞ്ഞ് ഞാൻ കുറച്ചുനേരം നിശബ്ദനായി ഇരുന്നു. പിന്നീട് പോകാനായി കസേരയിൽ നിന്നെഴുന്നേറ്റു. ‘ഇനിയാരെങ്കിലും ഇക്കാര്യം ചോദിച്ചാൽ എന്നോട് സംസാരിച്ചിട്ടാണ് ഇക്കാര്യം ചെയ്തത് എന്നു പറഞ്ഞാൽ മതി’  പതിഞ്ഞ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞ് എ പി കസേരയിൽ ചാഞ്ഞിരുന്നു. ‘ശരി സഖാവേ’ എന്നു പറഞ്ഞ് ഞാൻ പുറത്തിറങ്ങി.

എം എം ലോറൻസിന്റെയും എ പി വർക്കിയുടെയും നേതൃത്വത്തിൽ എറണാകുളത്ത്‌ നടന്ന ഒരു പ്രതിഷേധപ്രകടനം

എം എം ലോറൻസിന്റെയും എ പി വർക്കിയുടെയും നേതൃത്വത്തിൽ എറണാകുളത്ത്‌ നടന്ന ഒരു പ്രതിഷേധപ്രകടനം

എനിക്കതൊരു വലിയ പരിശീലനമായിരുന്നു. തന്റെ മുന്നിലെത്തിയ ഒരു പരാതി എ പി പരിഹരിച്ച രീതിയിലെ സൂക്ഷ്മതയും അതിൽ പുലർത്തിയ സമതുലിതമായ ജാഗ്രതയും അസാധാരണമായിരുന്നു. പരാതി ഗൗരവപൂർവം പരിഗണിക്കുക, യൂണിയൻ പോലുള്ള പൊതു ജനാധിപത്യ വേദികളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വരണം എന്ന് ഉറപ്പിച്ചുപറയുക, അപ്പോൾത്തന്നെ സംഘടനാ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണം എന്നോർമിപ്പിക്കുക, എല്ലാത്തിലുമുപരിയായി തന്നോട് അനുവാദം വാങ്ങിയാണ് അത് സംഘടിപ്പിച്ചത് എന്നുപറയാൻ നിർദേശിച്ചുകൊണ്ട് സംഘാടകനായ എന്നെ സംരക്ഷിക്കുക, ഏറ്റവുമൊടുവിൽ താനായി ഇതിലൊന്നും ചെയ്യുന്നില്ല എന്ന അങ്ങേയറ്റത്തെ നിർമമതയോടെ അതിനെ വീക്ഷിക്കുക.

പുറമേയ്‌ക്ക് ഒട്ടും പ്രകടമാകാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും ആവിഷ്കാരമായിരുന്നു അത്. വിമർശനങ്ങൾ അത്രയും സൗമ്യമായും ശാന്തമായും പറയാനാകും എന്ന് ഞാൻ പഠിച്ചത് അവിടം മുതലാണ്. പ്രസ്ഥാനത്തിന്റെ കീഴ്പ്പടവുകളിൽ എവിടെയോ ഉള്ള ഒരാളെ, അയാളോടുള്ള വിമർശനം പറഞ്ഞുകൊണ്ടുതന്നെ, കൂടെ നിർത്തുകയായിരുന്നു എ പി ചെയ്തത്. അന്ന് ആ പ്രവൃത്തിയുടെ വിശാലമായ അർത്ഥം എനിക്ക് മനസ്സിലായോ എന്നറിയില്ല. പക്ഷേ, പിൽക്കാലത്ത് അതൊരു വലിയ ജീവിതപാഠമായി.

എ പിയെ എനിക്ക് ഗാഢമായ പരിചയമൊന്നും ഉണ്ടായിരുന്നില്ല. ജില്ലാ സെന്ററിൽ പ്രവർത്തിച്ച കാലത്ത് സഖാവിനെ പലപ്പോഴായി കണ്ടിട്ടുണ്ട്. ലെനിൻ സെന്ററിലെ തന്റെ മുറിയിലിരുന്ന് തനിക്കു മുന്നിലിരിക്കുന്നവർ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുന്ന ഒരാളാണ് ഓർമയിൽ തെളിഞ്ഞുകാണുക.

എ പിയെ എനിക്ക് ഗാഢമായ പരിചയമൊന്നും ഉണ്ടായിരുന്നില്ല. ജില്ലാ സെന്ററിൽ പ്രവർത്തിച്ച കാലത്ത് സഖാവിനെ പലപ്പോഴായി കണ്ടിട്ടുണ്ട്. ലെനിൻ സെന്ററിലെ തന്റെ മുറിയിലിരുന്ന് തനിക്ക്‌ മുന്നിലിരിക്കുന്നവർ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുന്ന ഒരാളാണ് ഓർമയിൽ തെളിഞ്ഞുകാണുക. ഗാഢമായ പരിചയത്തിന്റെ അടയാളങ്ങൾ എന്നോട് എ പി കാണിച്ചിട്ടുമില്ല. സൂക്ഷിച്ചു നോക്കിയാൽ കാണാവുന്ന ഒരു ചെറിയ ചിരി ആ മുഖത്തു കൂടെ കടന്നുപോകുന്നുണ്ടാവും.

അതിനപ്പുറം ശബ്ദായമാനമോ പ്രകടമോ ആയ സൗഹൃദമുദ്രകൾ എ പിയിൽ ഞാൻ ഏറെയൊന്നും കണ്ടിട്ടില്ല. എ പിക്ക് എന്നെ പരിചയമില്ല എന്ന ധാരണയാണ് ആദ്യമൊക്കെ എനിക്കുണ്ടായിരുന്നത്. പിന്നീടാണ് അത് എ പിയുടെ സമീപനത്തിന്റെ സവിശേഷതയാണെന്ന് മനസ്സിലായത്. എല്ലാവരെയും അത്രമേൽ വിശദമായി മനസ്സിലാക്കുക. അപ്പോൾത്തന്നെ പ്രകടമായ ഭാവങ്ങളൊന്നും അതേക്കുറിച്ച് വച്ചുപുലർത്താതിരിക്കുകയും ചെയ്യുക. നിർമമത്വം എന്നത് എ പിയുടെ പ്രകൃതത്തിന്റെ ആധാരശിലയായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. മറ്റുള്ളവർക്ക് അതെങ്ങനെയായിരുന്നു എന്നറിഞ്ഞുകൂടാ. ലോകത്തെയും തനിക്കു ചുറ്റുമുള്ളവരെയും കുറിച്ചുള്ള കരുതലുകളത്രയും എ പി തന്റെ നിർമമതയിൽ ചേർത്തുവച്ചു.

എ പിയുടെ പ്രസംഗം അക്കാലത്ത് ഞങ്ങളുടെ വലിയ താൽപ്പര്യങ്ങളിലൊന്നായിരുന്നു. പറവൂരിൽ എ പി പ്രസംഗിക്കുമ്പോഴെല്ലാം അതു കേൾക്കാൻ ഞാൻ പോകുമായിരുന്നു. എ പിയുടേത് ആവേശം തുളുമ്പുന്ന, ശബ്ദമുഖരിതമായ പ്രസംഗമല്ല. ദീർഘവാക്യങ്ങളോ അലങ്കാരങ്ങളോ ശബ്ദഘോഷമോ ഒന്നുമില്ലാതെ, ഒരാൾ മറ്റൊരാളോടെന്നപോലെ, ഹൃദ്യവും സൗമ്യവുമായാണ് സഖാവ് പ്രസംഗിക്കുക. ഒരു ഉയർന്ന പദവിയിൽ നിലയുറപ്പിച്ച് മറ്റൊരാൾ നമ്മോട് സംസാരിക്കുകയാണെന്ന് ഒരിക്കലും തോന്നിക്കാത്ത പ്രസംഗം. പ്രിയപ്പെട്ട ഒരാൾ അത്രയും പ്രിയത്തോടെ അടുത്തിരുന്ന് പറയുന്നതു പോലെയായിരുന്നു അത്. അതുകൊണ്ടുതന്നെ എ പിയുടെ പ്രസംഗത്തിന് ഹൃദ്യമായ ഒരു സ്നേഹഭാവം ഉണ്ടായിരുന്നു. സാധാരണക്കാരായ മനുഷ്യർ അതുകേൾക്കാൻ എപ്പോഴും ഒന്നുകൂടി.

പറവൂരിനടുത്ത് ഒരു യോഗത്തിൽ എ പി പ്രസംഗിക്കാൻ വന്നത് ഓർമയുണ്ട്. ധാരാളം പേർ എ പിയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയിരുന്നു. മുതിർന്ന നേതാക്കളിലൊരാൾ കൂടി അന്ന് പ്രസംഗിക്കാനുണ്ടായിരുന്നു. അദ്ദേഹം ദീർഘദീർഘമായി സംസാരിച്ചു. ഏകദേശം രണ്ടു മണിക്കൂറോളം ആ സംസാരം നീണ്ടു. അതു കഴിഞ്ഞ് എ പിയെ അധ്യക്ഷൻ പ്രസംഗിക്കാൻ വിളിച്ചപ്പോൾ സമയം രാത്രി എട്ടരയൊക്കെ കഴിഞ്ഞു. ബസ്സോട്ടം നിലച്ചുതുടങ്ങിയിരുന്നു. പലയിടങ്ങളിലേക്കുമുള്ള അവസാന ബസ്സുകൾ ഒൻപതു മണിയോടെ പോകും. എ പി ഒന്നു രണ്ട് വാചകമേ പറഞ്ഞുള്ളൂ. ‘വേണ്ടതും അതിലധികവും സഖാവ്... പറഞ്ഞിട്ടുണ്ട്.

ഇനിയെല്ലാവരും വേഗം വീട്ടിലേക്ക് പോകൂ. ബസ്സുകൾ ഓട്ടം നിർത്താറായി!’ അത്രയും പറഞ്ഞ് എ പി നിർത്തി. ആളുകൾ കുറച്ചൊന്ന് ഖിന്നരായി. തന്നെ കേൾക്കാൻ പലരും കാത്തുനിൽക്കുന്നുണ്ടാവുമെന്ന് എ പി അറിയാതിരിക്കാൻ ഇടയില്ല. എങ്കിലും ഇനി താൻ പ്രസംഗിക്കാൻ മുതിർന്നാൽ അത് അവർക്കുതന്നെ പ്രയാസകരമാകുമെന്ന് അദ്ദേഹം കരുതി. തന്റെ പ്രസംഗത്തെക്കാൾ അവിടെ വന്നുചേർന്നവർ പ്രയാസമില്ലാതെ മടങ്ങിപ്പോകുന്നതിനാണ് എ പി കൂടുതൽ പരിഗണന നൽകിയത്. പിൽക്കാലത്ത് പ്രസംഗവേളകളിൽ പലപ്പോഴും ഈ സന്ദർഭം എന്റെ ഓർമയിൽ വന്നിട്ടുണ്ട്. ഭാരതപര്യടനത്തിലെ ‘രണ്ട് അഭിവാദനങ്ങൾ’

കുട്ടികൃഷ്‌ണ മാരാർ

കുട്ടികൃഷ്‌ണ മാരാർ

എന്ന ലേഖനത്തിൽ കുട്ടികൃഷ്ണമാരാർ പറയുന്നതുപോലെ, സ്വന്തം ആത്മഭാവത്തെ അടക്കിവച്ച് പ്രവർത്തിക്കാൻ കഴിയുകയെന്നത് മഹത്വത്തിന്റെ വലിയ ആവിഷ്കാരമായിരുന്നു. ‘ഞാനൊരാൾ!’ എന്ന ഭാവത്തിന്റെ സമ്പൂർണമായ പിൻവാങ്ങൽ. എ പിയിൽ അതുണ്ടായിരുന്നു.

എന്റെ വിവാഹത്തിന് എ പിയെ ക്ഷണിക്കാൻ ചെന്നപ്പോൾ ലെനിൻ സെന്ററിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. എ പിക്കുള്ള കത്ത് അവിടെ നൽകിയിട്ടു പോരാനേ എനിക്കു കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ഞാൻ സംഘടനാചുമതലകളിൽ നിന്നെല്ലാം ഒഴിഞ്ഞ് പറവൂരിലെ ലക്ഷ്മി കോളേജിൽ അധ്യാപനവും ആലുവ യു സി കോളേജിൽ ഗവേഷണവുമായി കഴിയുകയായിരുന്നു. അവിടെയുള്ള മറ്റു പല നേതാക്കളെയും സഖാക്കളെയും വിവാഹത്തിന് നേരിട്ട് ക്ഷണിക്കുകയും ചെയ്തു. തന്റെ തിരക്കുകൾക്കിടയിൽ എ പി വിവാഹത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും വൈകുന്നേരം ചായസൽക്കാരത്തിന്റെ സമയത്ത്, പറവൂരിലെ പാർടി ഏരിയാ സെക്രട്ടറിയായിരുന്ന സഖാവ് കെ വി പുരുഷോത്തമൻ എന്ന പുരുഷൻ ചേട്ടനോടൊപ്പം എ പി വീട്ടിൽ വന്നു. മീനയോടും എന്നോടും ചെറുതായി കുശലം പറഞ്ഞു. അച്ഛനോടും സൗഹൃദപൂർവം കുറച്ചു വാക്കുകൾ പറഞ്ഞ് എ പി മടങ്ങി.

പിൽക്കാലത്ത് ഇതിലേക്കെല്ലാം ഞാൻ തിരിഞ്ഞുനോക്കിയിട്ടുണ്ട്. ആരായിരുന്നു എനിക്ക് എ പി? എന്നാലോചിച്ചിട്ടുണ്ട്. ഉത്തരം കിട്ടിയത് എ പി എനിക്കാരാണ് എന്ന ചോദ്യത്തിനല്ല. മനുഷ്യവംശത്തോളം തന്നെ വലിപ്പമുള്ള കരുതലിന്റെ പ്രകാശമായി ജീവിച്ച ഒരാൾ. അത് ഏതെങ്കിലും ഒരാളോടുള്ള പ്രത്യേകമായ പരിഗണനയായിരുന്നില്ല. യാതനയനുഭവിക്കുന്നവരോടുള്ള നിത്യമായ കൂറ്. അതായിരുന്നു സഖാവ് എ പി വർക്കി. ലോകത്തെ മുഴുവൻ സ്നേഹിക്കുന്നവർ ആരോടും സ്നേഹമില്ലാത്തവരായി വിലയിരുത്തപ്പെട്ടേക്കാമെന്ന് പണ്ട് കേസരി എഴുതിയിട്ടുണ്ട്. അവരുടെ സ്നേഹം അത്രമേൽ വലുതാണ്. ഒരാളിലോ ഒരു കൂട്ടം ആളുകളിലോ അവസാനിക്കാതെ, ലോകത്തിലേയ്‌ക്കാകെ പടരുന്ന ഒന്ന്. എ പിയുടെ കരുതലിൽ അങ്ങനെയൊന്നുണ്ടായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രകടമായ ആ നിർമമത സ്നേഹത്താൽ പൂരിതമായിരുന്നു.

എറണാകുളത്തെ അതിപ്രശസ്തമായ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എ പിയുടെ ശുപാർശയുണ്ടെങ്കിൽ ബില്ലിൽ ഇളവ് കൊടുക്കുമായിരുന്നു. അതിനായി എ പിയെ കാണാൻ കാത്തിരിക്കുന്ന എണ്ണമറ്റ മനുഷ്യരെ പാർടി ഓഫീസിൽ എപ്പോഴും കാണാൻ കഴിയും. ജീവിതം നിത്യയാതനയായിതീർന്നതിന്റെ വടുക്കളത്രയും മനസ്സിലും മുഖത്തും പേറുന്ന മനുഷ്യർ.

എറണാകുളത്തെ അതിപ്രശസ്തമായ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എ പിയുടെ ശുപാർശയുണ്ടെങ്കിൽ ബില്ലിൽ ഇളവ് കൊടുക്കുമായിരുന്നു. അതിനായി എ പിയെ കാണാൻ കാത്തിരിക്കുന്ന എണ്ണമറ്റ മനുഷ്യരെ പാർടി ഓഫീസിൽ എപ്പോഴും കാണാൻ കഴിയും. ജീവിതം നിത്യയാതനയായി തീർന്നതിന്റെ വടുക്കളത്രയും മനസ്സിലും മുഖത്തും പേറുന്ന മനുഷ്യർ. എ പി അവർക്കെല്ലാം അഭയമായിരുന്നു. എല്ലാവർക്കും എ പി ശുപാർശക്കത്തുകൾ നൽകി. ‘ഇത്രയും സൗജന്യം നൽകിയാൽ അവർക്ക് ആശുപത്രി നടത്തണ്ടേ?’ എന്ന് ഇടയ്ക്ക് ആശുപത്രി നടത്തിപ്പുകാരെക്കുറിച്ചും വേവലാതിപ്പെട്ടു. പിന്നെയും ഇളവിനായുള്ള ശുപാർശക്കത്തുകൾ എഴുതി!
എറണാകുളത്തെ ജീവിതക്കാലത്ത് എ പിയുടെ പ്രവർത്തന രീതികൾ കാണാൻ ഇടവന്നിട്ടുണ്ട്. 1987‐ലെ നായനാർ മന്ത്രിസഭയുടെ കാലമാണ്.

മന്ത്രിസഭയെ നയിക്കുന്ന പാർടിയുടെ ജില്ലാ സെക്രട്ടറിയെ കാണാൻ പലരും ലെനിൻ സെന്ററിൽ എത്തും. കൊച്ചിയിലെ വ്യവസായപ്രമുഖർ മുതൽ പലരും. എ പി വർക്കി എന്ന പേരിനപ്പുറം അവർക്ക് എ പി യെക്കുറിച്ച് ഒന്നും അറിവുണ്ടാകില്ല. സെക്രട്ടറിയുടെ മുറിയിൽ പലരും പ്രതീക്ഷിക്കുക ഉഗ്രപ്രതാപിയും പ്രബലനുമായ ഒരു നേതാവിനെയാണ്. മുറിയിലെത്തിയാൽ കാണുന്നതാകട്ടെ, ചുളിഞ്ഞ വസ്ത്രം ധരിച്ച് ഒരു കസേരയിൽ ചാഞ്ഞിരിക്കുന്ന, കൃശഗാത്രനായ, ഒരാളെയാണ്. എ പിയാണ് അതെന്ന് പലർക്കും വിശ്വാസം വരില്ല. ലെനിൻ സെന്ററിലെ ജീവിതകാലത്ത് എ പിയുടെ മുറിയിൽ ചെന്ന് അദ്ദേഹത്തോടു തന്നെ ‘എ പി വർക്കിയെ കാണണം’ എന്നൊരാൾ പറയുന്നതിന് ഞാൻ ദൃക്സാക്ഷിയായിട്ടുണ്ട്. ‘ഞാൻ തന്നെയാണ് എ പി  എന്ന്‌ ശാന്തമായി പറഞ്ഞ് വന്നയാളോട് ഇരിക്കാൻ പറഞ്ഞു. പിന്നെ തന്റെ  കസേരയിലേക്ക് അല്പം കൂടി ചാഞ്ഞിരുന്നു.

വന്നയാൾ അത്ഭുതത്തോടെ എ പിയെ നോക്കി മുന്നിലെ കസേരയിലിരിക്കുന്നത് ഞാൻ പുറത്തുനിന്നു കണ്ടു. ഇത്രമേൽ നിരാഡംബരനായി കഴിയുന്ന ഒരു നേതാവിനെ അയാൾ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ‘ഭാവത്തിന്റെ പരകോടിയിലെ അഭാവം’ എന്നതുപോലെ രാഷ്ട്രീയവും സാമൂഹികവുമായ ജാഗ്രതയുടെയും ആധികാരികതയുടെയും പരകോടിയിലെ നിർമമതയായിരുന്നു എ പിയുടേത്. പുറമേ തെളിയാത്ത കരുതലും കരുണയും ലെനിൻ സെന്ററിൽ അദ്ദേഹത്തെ തേടിയെത്തിയവർ അതറിയാനിടയില്ല!

എ പി വർക്കി, വി എസ്‌ അച്യുതാനന്ദൻ, ടി കെ രാമകൃഷ്‌ണൻ

എ പി വർക്കി, വി എസ്‌ അച്യുതാനന്ദൻ, ടി കെ രാമകൃഷ്‌ണൻ

2002 ഫെബ്രുവരി ഏഴിനാണ് എ പി വിടവാങ്ങിയത്. അപ്പോഴേക്കും പലവിധ രോഗങ്ങൾ സഖാവിനെ ഏറെ ക്ഷീണിതനാക്കിയിരുന്നു. എ പിയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ഞാനും പലപ്പോഴായി കേട്ടിരുന്നു. എങ്കിലും അത് അത്രമേൽ ഗുരുതരമായിരുന്നുവെന്ന് മനസ്സിലാക്കിയിരുന്നില്ല. കേരളത്തിൽ അക്കാലത്ത് അധ്യാപകരുടെയും ജീവനക്കാരുടെയും വലിയൊരു സമരം നടക്കുന്നുണ്ടായിരുന്നു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കുന്നതിനെതിരെ നടന്ന, ഒരുമാസം നീണ്ടുനിന്ന പണിമുടക്ക്. ഞാനന്ന് സംസ്കൃത സർവകലാശാലയിലെ അധ്യാപകസംഘടനയായ  ASSUTന്റെ ജനറൽ സെക്രട്ടറിയാണ്. സമരസംഘാടനവുമായി ബന്ധപ്പെട്ട് എന്നും ക്യാമ്പസിലെത്തും. അവിടെയെത്തിച്ചേരുന്ന അധ്യാപകർക്കും ജീവനക്കാർക്കുമൊപ്പം പ്രകടനവും പ്രതിഷേധസമ്മേളനവും നടത്തും. പിറ്റേദിവസത്തെ സമരപരിപാടികൾ ആലോചിച്ചശേഷം പിരിയും. അതായിരുന്നു ആ ദിവസങ്ങളിലെ കാര്യപരിപാടി.

അത്തരമൊരു ദിവസമാണ് എ പിയുടെ മരണവിവരമെത്തിയത്. ഞാൻ എറണാകുളത്തേക്ക് പോയി. എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. സംസ്ഥാനത്തെ മുതിർന്ന പാർടി നേതാക്കളെല്ലാം അവിടെയുണ്ടായിരുന്നു. ഹാളിനകത്തു കടന്ന് എ പിയെ അവസാനമായി കണ്ടു. സഖാവിന്റെ മുഖം പതിവുപോലെ ശാന്തമായിരുന്നു. എല്ലാ ക്ഷോഭങ്ങൾക്കും കോളിളക്കങ്ങൾക്കും നടുവിലും പ്രശാന്തമായിരിക്കുന്ന അതേ മുഖഭാവം. ഞാൻ അല്പനേരം ആ മുഖം നോക്കിനിന്നു. പിന്നെ പതിയെ പുറത്തുകടന്നു. അറിയുന്നവരും അറിയാത്തവരുമായ നൂറുകണക്കിനാളുകൾ ടൗൺഹാളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഹാളിനു പുറത്തെ മതിലിനരികിലെ തണലിലേക്ക് ഞാൻ മാറിനിന്നു.

അവിടെ വന്നുമടങ്ങുന്ന മനുഷ്യരെ നോക്കി. ജീവിതത്തിന്റെ ഏതെല്ലാമോ പടവുകളിൽ നിന്നുള്ളവർ. നഗരത്തിലെ വ്യവസായികൾ, വലിയ ഡോക്ടർമാർ, പുരോഹിതന്മാർ, നിസ്വരായ തൊഴിലാളികൾ, ദാരിദ്ര്യം വടുകെട്ടിയ ശരീരവുമായി കനത്ത ദുഃഖഭാരത്തോടെ കണ്ണുനിറഞ്ഞുമടങ്ങുന്നവർ... ജീവിതത്തിന്റെ എല്ലാ പ്രകാരങ്ങളും അവിടെയുണ്ടായിരുന്നു. മനുഷ്യവംശത്തോളം തന്നെ സ്വയം വളർന്ന ഒരാൾക്ക് അവർ തങ്ങളുടേതായ രീതികളിൽ യാത്ര പറഞ്ഞു. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന’ പരമമായ വിവേകം യാത്രയാവുകയാണ്. ഞാൻ കുറെനേരം അതു കണ്ടുനിന്നു. ‘സാമൂഹികബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യൻ’ എന്നു മാർക്സ് എഴുതിയതിന്റെ മഹിമയുറ്റ സാക്ഷാത്കാരമായിരുന്നു ആ ജീവിതം എന്നു മനസ്സിലോർത്തു.

എ പിയുടെ അന്തിമ സംസ്കാരച്ചടങ്ങുകളിൽ സംബന്ധിക്കാൻ ഞാൻ പോയിരുന്നില്ല. ടൗൺഹാളിൽ കുറെനേരം നിന്നതിനുശേഷം എറണാകുളത്തു നിന്നും വീട്ടിലേക്ക് മടങ്ങി. ബസ്സിലിരിക്കുമ്പോൾ എ പിയുമായുള്ള എത്രയോ ഹ്രസ്വമായ എന്റെ സംഭാഷണങ്ങളും ഇടപെടലുകളും മനസ്സിലുണ്ടായിരുന്നു. വളരെക്കുറച്ചുമാത്രമേ അദ്ദേഹവുമായി ഇടപഴകിയുള്ളൂ എങ്കിലും എത്രയോ ആഴത്തിൽ പതിഞ്ഞ അനുഭവമായി എ പി മനസ്സിൽ ഇടംപിടിച്ചിരുന്നു. അതെന്തുകൊണ്ടാവും എന്നോർത്തു.

എന്റെ അച്ഛന്റെ വിദൂരമായ ഒരു ഛായ എ പിയുടെ ക്ഷീണിതമായ ശരീരത്തിൽ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അതുകൊണ്ടാണോ എ പി അനന്യമായ ഒരു സ്മരണയായി തുടരുന്നത്? അതോ ലോകത്തിലേക്ക് മുഴുവൻ തുറന്നുകിടക്കുന്ന അപാരമായ അനുതാപത്തിന്റെ പാർപ്പിടമായിരുന്നു ആ ജീവിതം എന്നതുകൊണ്ടാണോ? ‘അപരനുവേണ്ടിയനഹർന്നിശം പ്രയത്നം/കൃപണതവിട്ടു കൃപാലുചെയ്തിടുന്നു’ എന്ന് ഗുരു വിശേഷിപ്പിച്ച കൃപാലുതയുടെ ജീവരൂപം പോലൊരാൾ ആയതുകൊണ്ടാണോ? കൃത്യമായി ഉത്തരമൊന്നും ഇല്ലാതെയാണ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ബസ്സിലിരുന്നത്. ഇന്നും അതിന് കൃത്യമായ ഉത്തരമൊന്നുമില്ല. എങ്കിലും ആ കൃപാലുതയുടെ മഹിമയുറ്റ കൊടിപ്പടം എന്റെ മനസ്സിൽ ഇപ്പോഴും ഉയർന്നുപാറുന്നുണ്ട്. കരുണനിറഞ്ഞ ചെറിയ പുഞ്ചിരിയോടെ.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top