18 April Thursday

വ്യാകുലമാതാവിന്റെ സന്നിധി; ഡോ.സുനിൽ പി ഇളയിടത്തിന്റെ പംക്തി ഇരുപത്തിയഞ്ചാം ഭാഗം

സുനിൽ പി ഇളയിടംUpdated: Wednesday Oct 5, 2022

ടൈബർ നദിയിലെ പാലം

ചാപ്പലിന്റെ മേൽത്തട്ടിൽ നിന്നും അൾത്താരയുടെ വിശാലതയിൽ നിന്നും മനുഷ്യവംശം ജന്മം നൽകിയ എക്കാലത്തെയും മഹിമയുറ്റ ചിത്രങ്ങൾ ലാവണ്യത്തിന്റെ അനന്യലോകം തുറന്നിട്ടു. അലയടിക്കുന്ന സൗന്ദര്യത്തിന്റെ മായികത. കാലവും ചലനവും സ്‌തംഭിക്കുന്ന കലയുടെ നിത്യചാരുത. മതാത്മകമായിരിക്കെത്തന്നെ, അതിന്റെ അതിർവരമ്പുകളെ അതിവർത്തിക്കുന്ന മാനുഷികതയുടെ നിത്യശോഭ.

സുനിൽ പി ഇളയിടം

സുനിൽ പി ഇളയിടം

ദീർഘമായ ഒരു നടവഴിയിലൂടെ ഏറെ നടന്നാണ് സിസ്റ്റയ്ൻ ചാപ്പലിലേക്ക് കയറിയത്. പ്രാചീനമായ ആ ദേവാലയത്തിനുള്ളിൽ കലയുടെ നിത്യവിസ്മയം ഊറിക്കൂടി നിന്നിരുന്നു. അപാരമായ സൗന്ദര്യത്തിന്റെ മായികപ്രപഞ്ചം പൊടുന്നനെ കൺമുന്നിൽ തെളിഞ്ഞുവന്നു. നൂറുകണക്കിന് സന്ദർശകർ പള്ളിയുടെ ഉൾത്തളത്തിൽ അപ്പോഴുമുണ്ടായിരുന്നു.

എങ്കിലും പരിപൂർണമായ നിശ്ശബ്ദത. നാലുചുറ്റിലെയും ചുമരുകളിൽനിന്നും ചാപ്പലിന്റെ മേൽത്തട്ടിൽനിന്നും അൾത്താരയുടെ ഗംഭീരവിശാലതയിൽനിന്നും മനുഷ്യവംശം ജന്മം നൽകിയ എക്കാലത്തെയും മഹിമയുറ്റ ചിത്രങ്ങൾ കൂടി നിൽക്കുന്നവരിലേക്ക് ലാവണ്യത്തിന്റെ അനന്യലോകം തുറന്നിട്ടു. അലയടിക്കുന്ന സൗന്ദര്യത്തിന്റെ മായികതയിൽ മുങ്ങി പലരും സ്തബ്ധരായി. കാലവും ചലനവും സ്തംഭിക്കുന്ന കലയുടെ നിത്യചാരുത അവരെയെല്ലാം വിനീതരാക്കിയിട്ടുണ്ടാകണം.

സ്വന്തം പ്രൗഢിയുടെ ആലഭാരങ്ങളെല്ലാം അഴിച്ചുവച്ച്, നിശ്ശബ്ദരും വിനയാന്വിതരുമായി, ലോകത്തിന്റെ പലപല കോണുകളിൽ നിന്നെത്തിയ നൂറുകണക്കിന് മനുഷ്യർ ആ പള്ളിത്തളങ്ങളിൽ നിലയുറപ്പിച്ചു. അവരിലൊരാളായി ഞാനും.

സിസ്റ്റയ്ൻ ചാപ്പൽ നീലയിൽ മുങ്ങിനിൽക്കുകയായിരുന്നു. ആകാശപ്പരപ്പിൽ നിന്നെത്തുന്ന വെളിച്ചത്തിനൊപ്പം വന്നുവീഴുന്ന നീലയുടെ ഛായകൾ പോലെ അത് ആ പള്ളിത്തളത്തെ വലയം ചെയ്തു.ചാപ്പലിന്റെ മേൽത്തട്ടിൽ ഉൽപ്പത്തിയുടെ ദൃശ്യങ്ങൾ. മൈക്കലാഞ്ചലോവിന്റെ മഹാപ്രതിഭ ജന്മം നൽകിയ പ്രപഞ്ചസ്രഷ്ടാവിന്റെ അനശ്വരകരങ്ങളിൽനിന്ന് ആ മേൽത്തട്ടിൽ സൂര്യചന്ദ്രന്മാരും ആദവും ഹവ്വയും പിറന്നു.

സിസ്റ്റയ്ൻ ചാപ്പൽ നീലയിൽ മുങ്ങിനിൽക്കുകയായിരുന്നു. ആകാശപ്പരപ്പിൽ നിന്നെത്തുന്ന വെളിച്ചത്തിനൊപ്പം വന്നുവീഴുന്ന നീലയുടെ ഛായകൾ പോലെ അത് ആ പള്ളിത്തളത്തെ വലയം ചെയ്തു.ചാപ്പലിന്റെ മേൽത്തട്ടിൽ ഉൽപ്പത്തിയുടെ ദൃശ്യങ്ങൾ. മൈക്കലാഞ്ചലോവിന്റെ മഹാപ്രതിഭ ജന്മം നൽകിയ പ്രപഞ്ചസ്രഷ്ടാവിന്റെ അനശ്വരകരങ്ങളിൽനിന്ന് ആ മേൽത്തട്ടിൽ സൂര്യചന്ദ്രന്മാരും ആദവും ഹവ്വയും പിറന്നു.

മഹാപ്രളയത്തെ മറികടന്ന നോഹയുടെ പെട്ടകം പിറന്നു. ചാപ്പലിലെ അൾത്താരയിൽ അന്ത്യവിധിയുടെ ദൃശ്യം ഗാഢമായ നീലനിറത്തിന്റെ സാന്ദ്രതയിൽ തിളങ്ങി. സ്വർഗത്തിലേക്ക് ഉയരുന്ന മനുഷ്യാത്മാക്കളുടെ സാഫല്യം. നരകത്തിലേക്ക് ആണ്ടുപോകുന്ന പാപത്തിന്റെ കണ്ണുകളിലെ ഭീതി.

അന്ത്യവിധി ചിത്രത്തിന്റെ നടുവിൽ പ്രശാന്തവും രക്ഷാകരവുമായ മഹിമയോടെ നിലകൊള്ളുന്ന ക്രിസ്തു... സിസ്റ്റയ്ൻ ചാപ്പൽ അതിന്റെ അതുല്യമായ ശോഭയാൽ മായികതയുടെ വലയം തീർക്കുന്നുണ്ടായിരുന്നു. ഗാഢസൗന്ദര്യത്തിന്റെ ആ വൻചുഴിയിൽനിന്ന് പുറത്തുകടക്കാൻ നാം പിന്നെ ഏറെ പണിപ്പെടേണ്ടിവരും.

വത്തിക്കാൻ മ്യൂസിയത്തിലെ നീണ്ട ഇടവഴികളിലൊന്ന് പിന്നിട്ട് സിസ്റ്റയ്ൻ ചാപ്പലിലേക്കെത്തുമ്പോൾ അവിടേക്കാണ് പ്രവേശിക്കുന്നതെന്ന് അറിയില്ലായിരുന്നു.

വത്തിക്കാനിലാണ് സിസ്റ്റയ്ൻ ചാപ്പൽ നിലകൊള്ളുന്നതെന്ന് മുൻപേ മനസ്സിലാക്കിയിരുന്നു. എങ്കിലും അതിന്റെ കൃത്യം സ്ഥാനമോ അവിടേക്കെത്തുന്നത് എങ്ങനെയെന്നോ അറിയുമായിരുന്നില്ല.

ചാപ്പലിലേക്ക് കടക്കുമ്പോൾ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടടുത്തു കാണണം. രാവിലെ മുതൽ ആരംഭിച്ച നടപ്പ് അപ്പോഴേക്കും ഞങ്ങളെ ക്ഷീണിതരാക്കിയിരുന്നു.

പല നൂറ്റാണ്ടുകൾകൊണ്ട് സംഭരിച്ച അനന്തമെന്നുതോന്നിപ്പിക്കുന്ന പ്രദർശന വസ്തുക്കളാൽ തിങ്ങിനിറഞ്ഞതാണ് വത്തിക്കാൻ മ്യൂസിയം.

എത്ര കണ്ടാലും തീരില്ലെന്ന് തോന്നിപ്പിക്കുന്ന ഒന്ന്. ഒരു മുഴുദിവസം അതുകണ്ടുനടക്കുമ്പോൾ കാഴ്ചയുടെ സമൃദ്ധി നമ്മെ ക്ഷീണിപ്പിക്കും. പലതും കണ്ണിൽപ്പെടാതെ പോകും. കണ്ണിൽപ്പെട്ടവ പോലും മനസ്സിൽപതിയാതെ പോകും.

സ്വിറ്റ്സർലന്റിലെ മലയാളി സുഹൃത്തുക്കളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസാരിക്കാനായി സൂറിച്ചിലെത്തിയതിന്റെ തുടർച്ചയിലായിരുന്നു റോമിലേക്കുള്ള യാത്ര.

അവർ മുൻകൈ എടുത്ത് ആസൂത്രണം ചെയ്തത്. സൂറിച്ചിലെത്തി മൂന്നാം ദിവസമായിരുന്നു 'ചങ്ങാതിക്കൂട്ട'ത്തിന്റെ നേതൃത്വത്തിലുള്ള പ്രഭാഷണം. ആദ്യദിവസങ്ങളിൽ സൂറിച്ച് നഗരവും പരിസരവും കണ്ടുനടന്നു.

കരിങ്കല്ലുകൾ പാകിയ വഴികൾ, ഫ്യൂച്ചറിസ്റ്റ് പ്രസ്ഥാനം ഉടലെടുത്ത കഫേ, നഗരത്തിൽ ഐൻസ്റ്റീനും ലെനിനും താമസിച്ചിരുന്ന പഴയ ഫ്ലാറ്റുകൾ, നീലയുടെ കടൽപോലെ പരന്നുകിടക്കുന്ന സൂറിച്ച് തടാകം.

ഇളകുന്ന ജലപ്പരപ്പിൽ വന്നുവീണുതിളങ്ങുന്ന ആകാശഭംഗികൾ. ലെനിൻ വിപ്ലവത്തിന്റെ ഗതിഭേദങ്ങൾ വിഭാവനം ചെയ്ത സൂറിച്ചിലെ ഗ്രന്ഥശാല.

ആൽപ്സിലെ മഞ്ഞുവീണ ചരിവുകൾ, പരന്ന പുൽമൈതാനങ്ങൾ... സൂറിച്ചിലെ ആദ്യദിവസങ്ങൾ ലോകത്തെ ഏറ്റവും പ്രശാന്തമായ ഒരു രാജ്യത്തിന്റെ സ്വച്ഛതയിലൂടെയുള്ള സഞ്ചാരമായിരുന്നു.

ക്രിസ്തുമതത്തിന്റെ ചരിത്രപഥങ്ങളെ ഓരോ വഴിയിലും സൂറിച്ച് അടയാളപ്പെടുത്തിവയ്ക്കുന്നതായി തോന്നും. മിക്കവാറും തെരുവുകളിൽ പ്രാചീനതയുടെ ഭംഗി പേറിനിൽക്കുന്ന ദേവാലയങ്ങൾ കാണാം.

ക്രൈസ്തവ ചരിത്രത്തിലെ മഹാരഥികളായ പിതാക്കന്മാർ. മാർട്ടിൻ ലൂഥറെയും

മാർട്ടിൻ ലൂഥർ കിങ്‌

മാർട്ടിൻ ലൂഥർ കിങ്‌

കാൽവിനെയും പോലുള്ള ദാർശനികരുടെ അർധകായവും പൂർണകായവുമായ പ്രതിമാശില്പങ്ങൾ.

പാഠപുസ്തകങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും മാത്രം പരിചയപ്പെട്ട മഹാമനീഷികളും യുഗപ്രഭാവരായ പോരാളികളും ചവിട്ടിനടന്ന മണ്ണെന്ന ഓർമ ഓരോ നിമിഷവും നമ്മെ വന്നുതൊടും. ചരിത്രത്തിന്റെ ഗംഭീരപ്രയാണത്തിന്റെ ചലനചാരുതകളിൽ നമ്മളും മതിമയങ്ങും.

സൂറിച്ചിൽ മൂന്നുനാലുദിവസങ്ങൾ പിന്നിട്ടതിനുശേഷമാണ് റോമിലേക്ക് പുറപ്പെട്ടത്. എറണാകുളത്ത് നിന്നും സ്വിറ്റ്സർലന്റിൽ എത്തിയ ജേക്കബ്‌ സാറായിരുന്നു കൂടെ. ചരിത്രത്തിലും പുരാവിജ്ഞാനത്തിലും ആഴമേറിയ താല്പര്യവും അറിവുമുള്ള ആളാണ് ജേക്കബ്‌ സാർ.

ചങ്ങാതിക്കൂട്ടത്തിലെ പ്രധാന പങ്കാളികളിലൊരാൾ. സൂറിച്ചിൽ നിന്ന് റോമിലേക്ക് ഏറെ ദൂരമില്ല. ഒരു മണിക്കൂറോളം വരുന്ന വിമാനയാത്ര.

റോമിലിറങ്ങി അവിടെയുള്ള ജേക്കബ്‌ സാറിന്റെ സുഹൃത്ത് തയ്യാറാക്കിയിരുന്ന താമസസ്ഥലത്തേക്ക് പുറപ്പെട്ടു.

വത്തിക്കാൻ സിറ്റിയിലെ തന്നെ ഒരു സന്ന്യാസ മഠത്തിലായിരുന്നു രണ്ടുദിവസത്തെ താവളം. വിശാലമായ മുറി. മിതമായ പ്രാതലും താമസവും മാത്രം. രണ്ടുദിവസത്തേക്ക് ഞങ്ങൾക്കത് ആവശ്യത്തിലധികമായിരുന്നു.

മുറിയിലെത്തി വൈകാതെ റോമാനഗരം കാണാനിറങ്ങി.

റോമിലെ ഭൂഗർഭ ശ്മശാനങ്ങളിലേക്കാണ് ആദ്യം പോയത്. ഭൂമിക്കടിയിൽ അടുക്കടുക്കായി സൂക്ഷിച്ച പ്രാചീനമായ ശവപേടകങ്ങളുടെ മഹാശേഖരം. റോമാ സാമ്രാജ്യത്തിന്റെ കാലം മുതൽക്കുള്ളതാണ് ഈ ഭൂഗർഭ ശ്മശാനങ്ങൾ (catacombs).

വത്തിക്കാൻ പരിസരത്തെ ഭൂഗർഭ ശ്മശാനങ്ങളാണ് അങ്ങനെയുള്ളവയുടെ കൂട്ടത്തിൽ ഏറ്റവും പഴക്കം ചെന്നത്.

റോമിൽ മാത്രം നാല്പതോളം ഭൂഗർഭ ശ്മശാനങ്ങളുണ്ടത്രെ! ക്രിസ്തുവർഷം രണ്ടാം ശതകത്തോളം പഴക്കമുള്ളവയാണ് അവയിൽ ചിലത്. അത്തരമൊരു സ്ഥലത്ത് ഞങ്ങൾ കയറി.

മലയാളിയായ ഒരു യുവാവാണ് അതേക്കുറിച്ചെല്ലാം വിവരിച്ചു തരാൻ അവിടെയുണ്ടായിരുന്നത്.

റോമിൽ മതപഠനത്തിനായി എത്തിയ പ്രസാദവാനായ ഒരു യുവാവ്. അയാൾക്കൊപ്പം ഭൂഗർഭ ശ്മശാനത്തിന്റെ ചില ഭാഗങ്ങൾ ഞങ്ങൾ നടന്നുകണ്ടു. ഏക്കറുകളോളം വിസ്തൃതിയുള്ളതാണ് പല ശ്മശാനങ്ങളും എന്നദ്ദേഹം പറഞ്ഞു.

മങ്ങിയ വെളിച്ചത്തിൽ, നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന ശവപേടകങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആ വിവരണങ്ങൾ കേട്ട് നിശ്ശബ്ദരായി ഞങ്ങൾ ഒപ്പം നടന്നു.

 'മൃൺമയശതാബ്ദങ്ങൾ' എന്ന് കവി എഴുതിയതിന്റെ പൂർണസ്വരൂപം പോലെയുള്ള ആ ഭൂഗർഭ ശ്മശാനത്തിൽ നിന്ന് രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് പുറത്തുകടന്നത്.

നഗരകേന്ദ്രത്തിലേക്കുള്ള ബസ്‌ ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് നടക്കുമ്പോൾ, റോമൻ ചക്രവർത്തിമാർ രഥങ്ങളിൽ സഞ്ചരിച്ചിരുന്ന വഴികളാണവയെന്ന് ജേക്കബ്‌ സാർ പറഞ്ഞു.

കാലം കുതിച്ചുപാഞ്ഞ കല്ലുപാകിയ വഴികളിലൂടെ നടന്ന് ബസ്‌ സ്റ്റോപ്പിലെത്തി. റോമൻ കൊളോസിയത്തിനടുത്ത് ഇറങ്ങാൻ കഴിയുന്ന ബസ്സുകളിലൊന്നിൽ കയറി.

സുനിൽ പി ഇളയിടം റോമൻ കൊളോസിയത്തിനു മുന്നിൽ

സുനിൽ പി ഇളയിടം റോമൻ കൊളോസിയത്തിനു മുന്നിൽ

ബസ്സിറങ്ങി അല്പദൂരം നടക്കുമ്പോഴേക്കും കൊളോസിയത്തിന്റെ ഭീമാകാരമായ രൂപം കണ്ണിൽപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ അധികാരഗർവിന്റെ എല്ലാ അടയാളങ്ങളും പേറിനിൽക്കുന്ന വാസ്തുരൂപം.

അടുത്തേക്ക് നടന്നെത്തുമ്പോൾ അതിന്റെ മാരകമായ വശ്യത പെരുകിവന്നു. ചുറ്റും നിറയെ ആളുകൾ. അസ്തമയസൂര്യന്റെ വെളിച്ചം ചാഞ്ഞുവീണ് കൊളോസിയത്തിന്റെ ഭിത്തികളിലും ഭീമാകാരമാർന്ന എടുപ്പുകളിലും മഞ്ഞനിറത്തിന്റെ ഛായ പടർന്നിരിക്കുന്നു.

വലുപ്പംകൊണ്ട് മാത്രമല്ല കൊളോസിയം നമ്മെ കീഴടക്കുക. ദുരധികാരത്തിന്റെ പടയോട്ടങ്ങൾ മനുഷ്യയാതനകൾക്കുമേൽ പടുത്തുയർത്തിയ ഹിംസയുടെ ആ കേളീഗൃഹം അതിലിഴുകിച്ചേർന്ന ചോരപ്പാടുകളെക്കൂടി നമ്മുടെ ഓർമയിലേക്ക് കൊണ്ടുവരും.

അധികാരം എത്രമേൽ നൃശംസമാകാമെന്ന് ആ ഭീമാകാരരൂപം അതിന്റെ അവശിഷ്ടപ്രതാപത്തിലും നമ്മോട് വിളിച്ചുപറയും. 

കൊളോസിയം കാണാൻ ടിക്കറ്റെടുത്ത് ഞങ്ങൾ അതിനകത്തുകയറി. രണ്ടുമണിക്കൂറോളം അകത്തും പുറത്തുമായി ചെലവഴിച്ചു. പല തട്ടുകളിൽ പണിതീർത്ത അതിനുള്ളിലെ നടവഴികളിലൂടെ കുറെ നടന്നു. രക്തച്ചൊരിച്ചിലിന്റെയും മരണത്തിന്റെയും ഗന്ധം പേറിനിൽക്കുന്ന വഴികൾ.

അടിമകൾ തമ്മിലേറ്റുമുട്ടി കൊന്നൊടുക്കുന്നത് കണ്ടുരസിച്ച രാജപ്രതാപങ്ങളുടെ ഹിംസാലയം. അതിന്റെ ഭീമാകാരമായ വലിപ്പത്തിലും ആ കൊളോസിയം എന്നെ ആകർഷിച്ചില്ല. ദുരധികാരത്തിന്റെ നെടുങ്കോട്ട പോലെയാണ് അത് മുന്നിൽ നിന്നത്. ചരിത്രം ബാക്കിവച്ച ഒരു താക്കീത്.

അടിമകൾ തമ്മിലേറ്റുമുട്ടി കൊന്നൊടുക്കുന്നത് കണ്ടുരസിച്ച രാജപ്രതാപങ്ങളുടെ ഹിംസാലയം. അതിന്റെ ഭീമാകാരമായ വലിപ്പത്തിലും ആ കൊളോസിയം എന്നെ ആകർഷിച്ചില്ല. ദുരധികാരത്തിന്റെ നെടുങ്കോട്ട പോലെയാണ് അത് മുന്നിൽ നിന്നത്. ചരിത്രം ബാക്കിവച്ച ഒരു താക്കീത്.

ലോകത്ത് ഇതുവരെ നിർമിക്കപ്പെട്ട ഏറ്റവും വലിയ ആംഫിതിയേറ്ററായാണ് റോമിലെ കൊളോസിയം പരിഗണിക്കപ്പെടുന്നത്. ഇന്ന് ലോകത്ത് അവശേഷിക്കുന്ന ഏറ്റവും വലിയ ആംഫിതിയേറ്ററും അതുതന്നെ. റോമാസാമ്രാജ്യപ്രതാപത്തിന്റെ ഉച്ചകോടിയിൽ ചക്രവർത്തിയായ വെസ്പാസിൻ പണിതുടങ്ങിയതാണ് അത്.

വെസ്പാസിന്റെ പിൻഗാമിയായ ടൈറ്റസിന്റെ ഭരണകാലത്ത് ക്രിസ്തുവർഷം എൺപതാമാണ്ടിൽ (എ ഡി 80) കൊളോസിയത്തിന്റെ പണി പൂർത്തിയായി. എൺപതിനായിരം കാണികൾക്ക് ഇരിക്കാവുന്ന ഭീമാകാരമായ ആ വാസ്തുഗൃഹം രണ്ടുസഹസ്രാബ്ദങ്ങൾ പിന്നിട്ടിരിക്കുന്നു.

വേട്ടകളും വധങ്ങളും നാടകങ്ങളും ആഘോഷങ്ങളുമെല്ലാം അവിടെ അരങ്ങേറി.

റോമാസാമ്രാജ്യത്തിന്റെ പതനാഭ്യുദയങ്ങൾക്കൊപ്പം അതും പരിണമിച്ചു.

ഇന്ന് കാലത്തിന്റെ ചവിട്ടടികളേറ്റ് കൊളോസിയത്തിന്റെ പല ഭാഗങ്ങളും ശിഥിലമായിട്ടുണ്ട്. എങ്കിലും അതിന്റെ അവശിഷ്ടഭാഗങ്ങൾ തന്നെ സാമ്രാജ്യാധികാരത്തിന്റെ പ്രൗഢിയെയും വിനാശകരമായ മാരകത്വത്തെയും ഒരുപോലെ നമുക്കുമുന്നിൽ അനാവരണം ചെയ്യും.

എത്ര കെടുതികൾക്കുമുകളിലാണ് ഓരോ സാമ്രാജ്യവും പടുത്തുയർത്തപ്പെട്ടതെന്ന് അത് നമ്മോട് നിശ്ശബ്ദമായി പറയും.

കൊളോസിയത്തിൽ നിന്നിറങ്ങി കുറേനേരം അതിനുചുറ്റും നടന്നു. അല്പനേരം അവിടെയുള്ള മൈതാനത്ത് പോയിരുന്നു. നീണ്ട നടപ്പിന്റെ ക്ഷീണം കാലുകളിൽ അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. തണുപ്പും ഇരുട്ടും വീണുതുടങ്ങിയതോടെ ഞങ്ങൾ പുറത്തിറങ്ങി.

അധികം വൈകാതെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മുന്നിലെത്തി. ഞങ്ങൾ താമസിക്കുന്ന സന്ന്യാസിമഠത്തിലേക്ക് അവിടെ നിന്ന് ഏറെ അകലമില്ലായിരുന്നു. വെളിച്ചം മാഞ്ഞുതുടങ്ങിയിരുന്നു.

കൊളോസിയത്തിലേക്കുള്ള വഴി

കൊളോസിയത്തിലേക്കുള്ള വഴി

വിശുദ്ധപത്രോസിന്റെ ദേവാലയം ദീപാലംകൃതമായി തിളങ്ങിനിന്നു. അർധഗോളാകാരമാർന്ന ഗോപുര മകുടത്തിന്റെ ഗാംഭീര്യം. പള്ളിയുടെ മുറ്റത്തും ചുറ്റുവട്ടത്തും കുറെനേരം നടന്നു. അകത്തേക്കുള്ള പ്രവേശനസമയം അപ്പോഴേക്കും അവസാനിച്ചിരുന്നു. വിശദമായ കാഴ്ച അടുത്ത ദിവസത്തേക്ക് മാറ്റി ഞങ്ങൾ പള്ളിമുറ്റത്ത്‌ കുറെനേരം നിന്നു.

ബസലിക്കയുടെ മുന്നിൽ കരിങ്കല്ലുപാകിയ വൃത്താകാരത്തിലുള്ള മുറ്റത്തുനിന്ന് പിന്നിലെ വൃത്താകാര ഗോപുരത്തിലേക്ക് നോക്കിയാൽ മധ്യകാലസഭയുടെ പ്രതാപങ്ങളത്രയും നമ്മുടെ കാഴ്ചയിൽ തെളിയും. 

ബസലിക്കയ്ക്ക് മുന്നിലെ അതിവിസ്തൃതമായ വഴിയിലൂടെ കുറച്ചുനടന്നു. വിശേഷ ദിവസങ്ങളിൽ ലോകത്തെമ്പാടുമുള്ള വിശ്വാസികൾ വന്നുനിറയുന്ന വഴിത്താരയാണ്.

വഴിയുടെ ഇരുപുറത്തുമായി വത്തിക്കാൻ എന്ന ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രത്തിലെ വിദേശ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾ. അവയെല്ലാം നോക്കിക്കണ്ട് മുന്നിലെ തിരക്കുള്ള റോഡ് മുറിച്ചുകടന്ന് ജേക്കബ്‌ സാറിനൊപ്പം ഞാൻ സെന്റ് ആഞ്ചലോ കോട്ടയിലേക്ക് നടന്നു.

ടൈബർ നദിയുടെ തീരത്ത് മധ്യകാല അധികാരത്തിന്റെ സർവപ്രതാപങ്ങളും വിളിച്ചുപറയുന്നപോലെ സെന്റ് ആഞ്ചലോസ് ഫോർട്ട് നിൽക്കുന്നു. അതിൽ കയറി ഇടനാഴികളും കൊത്തളങ്ങളും അകത്തളങ്ങളുമെല്ലാം കണ്ട് പുറത്തിറങ്ങുമ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിരുന്നു.

ആഞ്ചലോ കോട്ടയുടെ മുകളിൽനിന്ന് നോക്കിയാൽ വത്തിക്കാൻ നഗരത്തിന്റെ വിശാലദൃശ്യം കണ്ണിൽപ്പെടും.പിന്നിലേക്ക് ചായുന്ന അന്തിവെളിച്ചത്തിൽ അതുല്യപ്രതാപത്തോടെ പടർന്നുകിടക്കുന്ന സെന്റ് പീറ്റേഴ്സ് ബസലിക്ക. ചുവപ്പും മഞ്ഞയും കലർന്ന സന്ധ്യാവെളിച്ചം അതിന്റെ മകുടത്തെ അലൗകികമായ പ്രഭയിൽ ആഴ്ത്തുന്നുണ്ടായിരുന്നു.ബസലിക്കയുടെ അതിവിശാലമായ പൂമുഖം. അതിനു മുന്നിലെ അർധവൃത്താകാരമാർന്ന സ്തംഭനിരകൾക്കുനടുവിലെ മുറ്റം. സെന്റ് ആഞ്ചലോ കോട്ടയോടുചേർന്ന് ക്രൈസ്തവ ഐതിഹ്യങ്ങളിൽ മുങ്ങി നിറഞ്ഞാഴുകുന്ന ടൈബർ നദി.

ആഞ്ചലോ കോട്ടയുടെ മുകളിൽനിന്ന് നോക്കിയാൽ വത്തിക്കാൻ നഗരത്തിന്റെ വിശാലദൃശ്യം കണ്ണിൽപ്പെടും.പിന്നിലേക്ക് ചായുന്ന അന്തിവെളിച്ചത്തിൽ അതുല്യപ്രതാപത്തോടെ പടർന്നുകിടക്കുന്ന സെന്റ് പീറ്റേഴ്സ് ബസലിക്ക. ചുവപ്പും മഞ്ഞയും കലർന്ന സന്ധ്യാവെളിച്ചം അതിന്റെ മകുടത്തെ അലൗകികമായ പ്രഭയിൽ ആഴ്ത്തുന്നുണ്ടായിരുന്നു.ബസലിക്കയുടെ അതിവിശാലമായ പൂമുഖം. അതിനു മുന്നിലെ അർധവൃത്താകാരമാർന്ന സ്തംഭനിരകൾക്കുനടുവിലെ മുറ്റം. സെന്റ് ആഞ്ചലോ കോട്ടയോടുചേർന്ന് ക്രൈസ്തവ ഐതിഹ്യങ്ങളിൽ മുങ്ങി നിറഞ്ഞാഴുകുന്ന ടൈബർ നദി.

നദിക്കുകുറുകെയുള്ള പാലത്തിലും ഇരുകരകളിലും തെളിഞ്ഞ വിളക്കുകളും, മായുന്ന സൂര്യപ്രകാശത്തിൽ ഇരുൾ പടർന്നുതുടങ്ങിയ അന്തരീക്ഷത്തിന്റെ മായികതയും ചേർന്ന് ചരിത്രാതീതമായ ഒരു കാലത്തിന്റെ പരിവേഷം ആ ദൃശ്യത്തിന് നൽകുന്നുണ്ടായിരുന്നു.

ചരിത്രത്തിന്റെ ഗംഭീരമായ ഒരു നാടകശാലയെന്നപോലെ മുന്നിൽ തെളിയുന്ന ദൃശ്യങ്ങളിൽ കണ്ണുനട്ട് സെന്റ് ആഞ്ചലോ കോട്ടയ്ക്കുമുകളിൽ ഞങ്ങൾ ഏറെനേരം നിന്നു. പതിയെ ഇരുട്ട് കാഴ്ചകൾക്കുമുകളിൽ കരിമ്പടം വിരിച്ചു.

വത്തിക്കാൻ മ്യൂസിയവും സെന്റ് പീറ്റേഴ്സ് ബസലിക്കയും കാണലായിരുന്നു അടുത്ത ദിവസത്തെ പ്രധാന പരിപാടികൾ. സമയം കുറവെന്ന തോന്നൽ മൂലം രാവിലെ തന്നെ പുറപ്പെട്ടു.

ബസലിക്കയുടെ മുന്നിലൂടെ അതിന്റെ വിസ്തൃതമായ മുറ്റവും സ്തംഭനിരകളും മുറിച്ചുകടന്നാണ് മ്യൂസിയത്തിലേക്ക് നടന്നത്. വഴിയിൽ ലോകത്തിന്റെ പല കോണുകളിൽ നിന്നുമെത്തിയ എണ്ണമറ്റ മനുഷ്യർ.

പല ദേശങ്ങളും പല ഭാഷകളും പല വംശങ്ങളും ആ വഴികളിൽ ഇടകലർന്നുനിന്നു. ഞങ്ങൾ എത്തുമ്പോൾ തന്നെ മ്യൂസിയത്തിലേക്കുള്ള വലിയ ക്യൂ രൂപംകൊണ്ടിരുന്നു. മുൻകൂട്ടി പ്രവേശന ടിക്കറ്റുകൾ വാങ്ങിയതിനാൽ ഞങ്ങൾക്ക് ഏറെ കാത്തുനിൽക്കേണ്ടി വന്നില്ല.

അരമണിക്കൂറിനുള്ളിൽ മ്യൂസിയത്തിലേക്ക് കടന്നു. പ്രാചീനത കൊണ്ടും വലിപ്പം കൊണ്ടും ലോകത്തിലെ മ്യൂസിയങ്ങളിൽ ഒന്നാംനിരയിൽപ്പെട്ടതാണ് വത്തിക്കാൻ മ്യൂസിയം. അൻപതിലധികം ഗ്യാലറികൾ. എഴുപതിനായിരത്തോളം പ്രദർശനവസ്തുക്കൾ.

സ്ഥലപരിമിതിമൂലം അവയുടെ നാലിലൊന്നുമാത്രമേ ഒരുസമയത്ത് പ്രദർശനശാലകളിലുണ്ടാവൂ. ഡാവിഞ്ചിയും റാഫേലും മൈക്കലാഞ്ചലോയും മുതൽ പിക്കാസ്സോ വരെയുള്ളവരുടെ ചിത്രങ്ങൾ.

വത്തിക്കാൻ മ്യൂസിയത്തിലെ ലാവോക്കൂൺ

വത്തിക്കാൻ മ്യൂസിയത്തിലെ ലാവോക്കൂൺ

ലാവോക്കൂൺ ഉൾപ്പെടെയുള്ള പ്രാചീനശില്പങ്ങൾ. 1506 ൽ ജൂലിയസ് രണ്ടാമൻ മാർപാപ്പ തുടക്കംകുറിച്ച വത്തിക്കാൻ മ്യൂസിയം ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ മ്യൂസിയമാണ്. യവനശില്പമായ ലാവോക്കൂൺ ആയിരുന്നു മ്യൂസിയത്തിലെ ആദ്യ പ്രദർശനവസ്തു. പിന്നാലെ വന്ന സഭാപിതാക്കന്മാരെല്ലാം അതിനെ വളർത്തി.

നവോത്ഥാനകലയുടെ ലോകത്തിലെ ഏറ്റവും വലിയ ആലയമായി അത് വളർന്നുവന്നു. ഇന്ന് കോടിക്കണക്കിന് മനുഷ്യർ വർഷംതോറും വത്തിക്കാൻ മ്യൂസിയത്തിലെത്തുന്നുണ്ട്.

രാവിലെ പത്തുമണിയോടെ തുടങ്ങിയ ഞങ്ങളുടെ മ്യൂസിയം സന്ദർശനം അവസാനത്തെ നീണ്ട നടവഴിയിലെത്തിയപ്പോൾ ഉച്ച പിന്നിട്ടിരുന്നു. മൂന്നുമണിയാകാറായി കാണണം.

സിസ്റ്റയ്ൻ ചാപ്പൽ, പിയത്ത തുടങ്ങിയവയൊന്നും കണ്ടില്ലല്ലോ എന്ന് ഇടയ്ക്ക് ഞാൻ മനസ്സിലോർത്തു. മറ്റെവിടെയെങ്കിലുമാവും അവയുടെ സ്ഥാനം എന്ന് മനസ്സിൽ കരുതി. പകൽ മുഴുവൻ നീണ്ട നടപ്പിന്റെ ക്ഷീണം അപ്പോഴേക്കും എന്നെ ബാധിച്ചുതുടങ്ങിയിരുന്നു.

വഴിയിലെ പ്രദർശന വസ്തുക്കൾ പലതും പകുതി മാത്രം കണ്ടും, ചിലതിൽ വെറുതെ കണ്ണോടിച്ചുമാണ് നടന്നത്. ആ നടത്തത്തിനൊടുവിലാണ് പെട്ടെന്ന് സിസ്റ്റയ്ൻ ചാപ്പലിലേക്ക് കാൽകുത്തിയത്.

മ്യൂസിയത്തിന്റെ അവസാന ഗാലറി അതാണെന്ന് അറിയുമായിരുന്നില്ല. നിത്യസൗന്ദര്യത്തിന്റെ ഒരു സാന്ദ്രലോകം പൊടുന്നനെ വാതിൽ തുറന്നു.

വിസ്മയത്താലും ആഹ്ലാദത്താലും സ്തബ്ധരായി എണ്ണമറ്റ മനുഷ്യർ പള്ളിയുടെ അകത്തളത്തിൽ നിശ്ശബ്ദരായി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവർക്കൊപ്പം ചേർന്നു.

നവോത്ഥാനകലയുടെ മകുടമാണ് സിസ്റ്റയ്ൻ ചാപ്പലിലെ ചുമർചിത്രങ്ങൾ. പള്ളിയുടെ മേൽത്തട്ടിലും അൾത്താരയിലും മൈക്കലാഞ്ചലോ വരച്ചുചേർത്ത ആ ചിത്രങ്ങളെക്കാൾ മികവുറ്റവയായി നവോത്ഥാന കലയിൽ ഏറെയൊന്നുമില്ല.

 മൈക്കലാഞ്ചലോ

മൈക്കലാഞ്ചലോ

പതിനഞ്ചാം ശതകത്തിനൊടുവിൽ (1473‐1481) അന്നത്തെ മാർപാപ്പയായിരുന്ന സിക്റ്റസ് നാലാമനാണ് ചാപ്പൽ പണികഴിപ്പിച്ചത്.

പിൽക്കാലത്തുടനീളം വത്തിക്കാനിലെ അപ്പോസ്തലിക കൊട്ടാരത്തിലെ പ്രധാന ദേവാലയങ്ങളിലൊന്നായി അത് നിലനിന്നു. മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് എന്നറിയപ്പെടുന്ന സഭ ചേരുന്നത് സിസ്റ്റയ്ൻ ചാപ്പലിലാണ്.

ക്രൈസ്തവസഭയുടെ സ്ഥാപനസംവിധാനത്തിനുള്ളിൽ അത്രമേൽ പ്രാധാന്യം കൈവന്ന ദേവാലയമാണത്. ദേവാലയം പണിതീർത്ത സിക്സ്റ്റസ് നാലാമൻ മാർപാപ്പ ബോട്ടിസെല്ലിയും റോസെല്ലിയും ഉൾപ്പെടെയുള്ള നവോത്ഥാനകലയിലെ മഹാപ്രതിഭകളെയാണ് അതിന്റെ ചുമരുകൾ അലങ്കരിക്കാൻ ചുമതലപ്പെടുത്തിയത്.

അദ്ദേഹത്തിനുപിന്നാലെ മാർപാപ്പയായി ചുമതലയേറ്റ ജൂലിയസ് രണ്ടാമൻ ക്രിസ്തുമതത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും പള്ളിച്ചുമരിൽ ആലേഖനം ചെയ്യാൻ മൈക്കലാഞ്ചലോയെ ചുമതലപ്പെടുത്തി.

1508‐12 കാലത്ത് ഉല്പത്തി പുസ്തകത്തെ ആധാരമാക്കി പള്ളിയുടെ മേൽത്തട്ടിലെ ചിത്രങ്ങൾ മൈക്കലാഞ്ചലോ പൂർത്തിയാക്കി. 1515‐ൽ മാർപാപ്പയായ ലിയോ പത്താമൻ അപ്പോസ്തലിക പ്രവൃത്തികൾ ആലേഖനം ചെയ്യാൻ റാഫേലിനെ

റാഫേൽ

റാഫേൽ

ചുമതലപ്പെടുത്തി. 1535‐41 കാലയളവിലാണ് മൈക്കലാഞ്ചലോ അൾത്താരയിൽ വിശ്രുതമായ അന്ത്യവിധിയുടെ ചിത്രം രചിക്കുന്നത്.

അന്ത്യവിധിയുടെ ചിത്രം കൂടി ചേർന്നതോടെ ക്രൈസ്തവകലയുടെയും നവോത്ഥാനകലയുടെയും നിത്യസ്മാരകമായി സിസ്റ്റയ്ൻ ചാപ്പൽ മാറിത്തീർന്നു.ഇനിയങ്ങോട്ടുള്ള മനുഷ്യചരിത്രത്തിലെ ഒരു കലാവസ്തുവും ആ പള്ളിച്ചുമരുകളോളം വിലപിടിച്ചതായിരിക്കില്ല എന്ന് പല കലാചരിത്രപഠിതാക്കളും പിൽക്കാലത്ത് പറഞ്ഞുവച്ചു.

മൈക്കലാഞ്ചലോയുടെ രചനാലോകം അതിന്റെ മാനുഷികതയാലും ശാരീരികതയാലും നമ്മുടെ ശ്രദ്ധയെ പിടിച്ചുനിർത്തും. ദൃഢവും ബലിഷ്ഠവുമായ പുരുഷശരീരങ്ങളുടെ രൂപത്തികവാണ് മൈക്കലാഞ്ചലോയുടെ കലയിൽ നിറഞ്ഞുനിൽക്കുന്നത്.

ശില്പദാർഢ്യമുള്ള സുന്ദര പുരുഷശരീരങ്ങൾ. സിസ്റ്റയ്ൻ ചാപ്പലിന്റെ ചുമരുകളിൽ അവ നവോത്ഥാന ഭാവനയുടെ കിരീടം ചൂടിനിൽക്കുന്നു. ദ്വിമാനചിത്രങ്ങളെക്കാൾ അർധശില്പങ്ങളുടെ ‐ റിലീഫുകളുടെ ‐ ത്രിമാനപ്രകൃതം പേറിനിൽക്കുന്ന മനുഷ്യശരീരത്തിന്റെ അതുല്യശോഭ. പള്ളിയുടെ മേൽത്തട്ടിലേക്ക് തലയുയർത്തിയും, ചുമരുകളിൽ കണ്ണുനട്ടും എത്രയോ നേരം ഞങ്ങൾ അവിടെ നിന്നു.

ജീവിതത്തിലെ എക്കാലത്തെയും വലിയ നീക്കിയിരിപ്പാണതെന്ന ബോധ്യം അപ്പോഴെന്നെ വലയം ചെയ്തിരുന്നു.

കാലം സ്തബ്ധമാകുന്ന ആ മഹാവിസ്മയത്തിനുമുന്നിൽ, കലയുടെ നിത്യതയ്ക്കുമുന്നിലെ മാനുഷികജീവിതത്തിന്റെ ക്ഷണികതയോർത്ത് ഞങ്ങൾ വിനീതരായി.

രണ്ട്

സിസ്റ്റയ്ൻ ചാപ്പലും കണ്ടുതീർത്ത്, വത്തിക്കാൻ മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നാലുമണി കഴിഞ്ഞുകാണണം. സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് ഞങ്ങൾ നടന്നു. തലേദിവസം വൈകുന്നേരം ബസലിക്കയുടെ മുന്നിൽ എത്തിയിരുന്നു. സന്ദർശനസമയം കഴിഞ്ഞതുകൊണ്ട് അപ്പോൾ പള്ളിക്കുള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ല. ബസലിക്കയിൽ സന്ദർശകരെ അനുവദിക്കുന്നില്ലായിരിക്കും എന്നും എനിക്കപ്പോൾ തോന്നിയിരുന്നു.

ഞങ്ങൾ എത്തുമ്പോൾ വെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു. ബസലിക്കയുടെ നടുവിൽ ആകാശത്തിലേക്ക് അർധഗോളാകാരത്തിൽ ഉയർന്നുനിൽക്കുന്ന ഗോപുരമകുടം മഞ്ഞവെളിച്ചത്തിൽ തെളിഞ്ഞുനിന്നു. ചരിത്രത്തിന്റെ എത്രയോ പടപ്പാച്ചിലുകൾക്ക് സാക്ഷ്യംനിന്ന ആ മഹാദേവാലയത്തിനുമുന്നിൽ, അതിന്റെ അത്ഭുതകരമായ പ്രതാപത്തിലേക്ക് നോക്കി കുറേനേരം നിന്നു.

വിശുദ്ധപത്രോസിന്റെ ആലയമാണ് സെന്റ് പീറ്റേഴ്സ് ബസലിക്ക. ക്രൈസ്തവ വിശ്വാസപ്രകാരം സഭയുടെ ആദ്യത്തെ മാർപാപ്പ. റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയിൻ ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി സ്വീകരിച്ചതിനുശേഷമാണ് വിശുദ്ധപത്രോസിനായി റോമിൽ ദേവാലയം പണികഴിപ്പിക്കപ്പെട്ടത്. ക്രിസ്തുവർഷം 326 നവംബർ 18 നാണ് അത് സ്ഥാപിതമായി.

വിശ്വാസത്തിന്റെ പാറയിൽ പണിത ആ പള്ളി നൂറ്റാണ്ടുകൾക്കും സഹസ്രാബ്ദങ്ങൾക്കും കുറുകെ അധൃഷ്യമായി നിലകൊണ്ടു. ആയിരത്തിലധികം വർഷം നിലനിന്ന ആ പള്ളി പൊളിച്ചുമാറ്റിയാണ് പതിനാറാം ശതകത്തിലെ മാർപാപ്പയായിരുന്ന ജൂലിയസ് രണ്ടാമൻ പുതിയ പള്ളി പണിയാൻ ആരംഭിച്ചത്.

സൗന്ദര്യത്തിലും സമൃദ്ധിയിലും വലിപ്പത്തിലും അലങ്കാരത്തിലും ലോകത്തുള്ള എല്ലാ വാസ്തുശില്പങ്ങളെയും മറികടക്കുന്നതാകണം പുതിയ സെന്റ് പീറ്റേഴ്സ് പള്ളിയെന്നാണ് ജൂലിയസ് രണ്ടാമൻ കരുതിയത്.

മധ്യകാല ക്രൈസ്തവതയുടെ സകലപ്രതാപങ്ങളെയും അധികാരത്തെയും പ്രദർശിപ്പിക്കുന്ന ഒരു പള്ളിയാണ് അദ്ദേഹം വിശുദ്ധ പത്രോസിനായി ഭാവന ചെയ്തത്.

1506 ൽ പണിയാരംഭിച്ചെങ്കിലും ചരിത്രത്തിലെ പലപല പടയോട്ടങ്ങൾക്കും പതനാദ്യുദതയങ്ങൾക്കും സാക്ഷിയായി പൂർത്തിയാകാത്ത ഒന്നായി വിശുദ്ധപത്രോസിന്റെ ദേവാലയം അവശേഷിച്ചു.

ഒന്നേകാൽ നൂറ്റാണ്ടോളം കഴിഞ്ഞ് 1626 നവംബർ 18 ന്, കോൺസ്റ്റന്റയിൻ ചക്രവർത്തി വിശുദ്ധപത്രോസിനായി ദേവാലയം പണിതുയർത്തിയതിന്റെ 1300‐ാം വാർഷികത്തിലാണ് അന്നത്തെ മാർപാപ്പ പുതിയ ദേവാലയം വിശ്വാസികൾക്കായി തുറന്നുകൊടുത്തത്.

അതിനകം മഹാശില്പികളും വാസ്തുവിദ്യാവിദഗ്ദരുമായ അനവധി മഹാപ്രതിഭകളുടെ കൈയൊപ്പുകൾ അതിൽ പതിഞ്ഞിരുന്നു.

ലോകോത്തരങ്ങളായ ശില്പമാതൃകകളും അലങ്കാരരൂപങ്ങളും കൊണ്ട് സെന്റ്പീറ്റേഴ്സ് ബസലിക്കയുടെ അകത്തളം നിറഞ്ഞു. ജൂലിയസ് രണ്ടാമന്റെ സ്വപ്നം പോലെ സമൃദ്ധിയിലും സൗന്ദര്യത്തിലും അലങ്കാരത്തിലും വലിപ്പത്തിലും മറികടക്കാനാവാത്ത ഒന്ന്.

ബസലിക്കയുടെ മുന്നിൽ വൃത്താകാരത്തിൽ വിശാലമായ മുറ്റം. ചുറ്റുമുള്ള അർധവൃത്താകാരത്തിലെ സ്തംഭനിരയുടെ മുകളിൽ വിശുദ്ധ പുരുഷൻമാർ അനുഗ്രഹം ചൊരിഞ്ഞുനിൽക്കുന്നു.

ബുധനാഴ്ചകളിൽ മാർപാപ്പ വിശുദ്ധകുർബാനയർപ്പിക്കുന്നത് അവിടെയാണെന്ന് കൂടെയുണ്ടായിരുന്ന ജേക്കബ്‌ സാർ പറഞ്ഞു. ഞങ്ങൾ അവിടെയെത്തിയതിനുപിറ്റേദിവസം അത്തരത്തിലൊരു വിശുദ്ധകുർബാനയുണ്ടായിരുന്നു.

എങ്കിലും രാവിലെ തന്നെ മറ്റുയാത്രകളും കാഴ്ചകളും പ്ലാൻ ചെയ്തിരുന്നതിനാൽ അതിനുനിൽക്കാൻ കഴിഞ്ഞില്ല. അതൊരുനഷ്ടമായി.  ഫ്രാൻസിസ് മാർപ്പാപ്പയെ നേരിൽ കാണാനുള്ള ഒരവസരമായിരുന്നു അത്.

അദ്ദേഹത്തിന്റെ ആശയങ്ങളും അദ്ദേഹം അതവതരിപ്പിക്കുന്ന രീതിയും എനിക്ക് അത്രമേൽ ഹൃദ്യമായാണ് അനുഭവപ്പെട്ടിട്ടുള്ളത്.

ക്രൈസ്തവമായ സ്നേഹത്തിന്റെ ഉദാരതയും വിശുദ്ധിയും കാണാനാവുന്ന അനന്യമായ സാന്നിധ്യങ്ങളിലൊന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ. കരുണയും കരുതലും കൊണ്ട് ലോകത്തെ തൊടുന്ന ഒരാൾ.

മുൻപേ ക്രമീകരിച്ചിരുന്നുവെങ്കിൽ ആ കുർബാനയിൽക്കൂടി പങ്കെടുക്കാമായിരുന്നു. അതിനുകഴിയാതെ പോയതിന്റെ ഖേദം പിന്നീടെപ്പോഴും കൂടെവന്നു.

സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മുന്നിൽ നിൽക്കുമ്പോൾ അതിന്റെ അപാരവിസ്തൃതിയും വാസ്തുഭംഗിയും നമ്മെ സ്തബ്ധരാക്കും. റോമാസാമ്രാജ്യത്തിന്റെ മഹാപ്രതാപങ്ങൾക്ക് തികച്ചും ചേരുന്നത്.

ക്രിസ്തുവിലെ വിനീതസ്നേഹത്തെ അത് എത്രത്തോളം ഉൾക്കൊള്ളുന്നുണ്ട് എന്ന സംശയം ബാക്കിവന്നേക്കാമെങ്കിലും. അങ്ങനെ പലതും മനസ്സിലോർത്തുകൊണ്ടാണ് ബസലിക്കയുടെ ഉൾത്തളങ്ങളിലേക്ക് ഞങ്ങൾ നടന്നത്.

നടുക്കുള്ള വിശാലമായ ഹാളിന്റെ ഇരുപുറങ്ങളിലും മൂലകളിലുമെല്ലാം പല വലിപ്പത്തിലും പ്രകാരങ്ങളിലുമായി വിശുദ്ധന്മാർ നിറഞ്ഞുനിൽക്കുന്നു. അവിടെയുള്ള മഹിതശില്പങ്ങളുടെ പെരുപ്പം അവയെ ശരിയായി നോക്കിക്കാണാൻ തടസ്സമാവുന്നുണ്ടെന്നും തോന്നി.

വത്തിക്കാൻ മ്യൂസിയത്തിൽനിന്ന് സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് നടക്കുന്ന സമയത്ത് പിയത്ത കണ്ടില്ലല്ലോ എന്ന് ഞാനോർത്തിരുന്നു.

ലാവോക്കൂൺ അടക്കമുള്ള മഹാശില്പങ്ങളും മധ്യകാലത്തിലെ എണ്ണച്ചായ ചിത്രങ്ങളും, സമൃദ്ധമായ പുരാവസ്തുശേഖരവുംകൊണ്ട് അതിസമ്പന്നമാണ് വത്തിക്കാൻ മ്യൂസിയം. ക്രൈസ്തവമത ചരിത്രം എന്നതിനപ്പുറം ലോകനാഗരികതയുടെ ചരിത്രം അതിൽ അലയടിക്കുന്നുണ്ട്.

മുഴുവൻ ശരിയായി കണ്ടുതീർക്കണമെങ്കിൽ എത്രയോ ദിവസങ്ങൾ വേണ്ടിവരും. ജേക്കബ്‌ സാറും ഞാനും പറ്റുന്നത്ര സമയമെടുത്താണ് അതെല്ലാം കണ്ടത്.

എന്നാലും അവയോരോന്നും ആവശ്യപ്പെടുന്ന ശ്രദ്ധയും സമയവും നീക്കിവയ്ക്കാൻ ഒരുദിവസം മാത്രം ദൈർഘ്യമുള്ള ഞങ്ങളുടെ മ്യൂസിയം സന്ദർശനത്തിന് കഴിയുമായിരുന്നില്ല. മൊബൈൽ ക്യാമറയിൽ ചിത്രങ്ങൾ പകർത്തി അതിന് പരിഹാരം ഉണ്ടാക്കാൻ ഞങ്ങൾ വ്യഥാ ശ്രമിച്ചുവെന്നുമാത്രം.

പിയത്ത കാണാത്തതിലെ ഖേദവുമായാണ് മ്യൂസിയത്തിൽനിന്ന് പുറത്തുവന്നത്. കാണാതെപോയ ഏതെങ്കിലും കോണുകളിൽ അത് പ്രദർശിപ്പിച്ചിട്ടുണ്ടാവുമോ എന്ന സംശയവും തോന്നിയിരുന്നു.

ആ ഖേദവും സംശയവും നിറഞ്ഞ മനസ്സോടെയാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ അകത്തളത്തിലൂടെ നടന്നതും. അതെല്ലാം കണ്ട് ബസലിക്കയിൽനിന്ന് പുറത്തേക്കിറങ്ങാം എന്നുകരുതി പതിയെ നടക്കുമ്പോഴാണ് അകത്തളത്തിലൊരിടത്ത് ചെറിയൊരാൾക്കൂട്ടം കണ്ടത്.

എന്താണെന്നുനോക്കാം എന്നുകരുതി അവിടേക്കുചെന്നു. ജീവിതത്തിലെ അതുല്യമായ നിമിഷങ്ങളിലൊന്നായിരുന്നു അത്. നൂറുകണക്കിന് പകർപ്പുകളിൽ കണ്ടുമനസ്സുനിറഞ്ഞ മൈക്കലാഞ്ചലോയുടെ പിയത്ത അവിടെ ഭിത്തിയോടുചേർന്ന് മനോഹരമായി പ്രതിഷ്ഠിച്ചിരിക്കുന്നു. കലയുടെ നിത്യവിസ്മയവും മാസ്മരികതയും ഇത്രമേൽ ഒത്തുചേർന്ന അപൂർവനിമിഷങ്ങളേ ആരുടെ ജീവിതത്തിലും കൈവരൂ എന്ന് പിന്നീടെപ്പോഴും അതേക്കുറിച്ച് ആലോചിക്കുമ്പോൾ തോന്നിയിട്ടുണ്ട്.

പിയത്ത‐വത്തിക്കാൻ മ്യൂസിയം

പിയത്ത‐വത്തിക്കാൻ മ്യൂസിയം

പിയത്ത കാണാനായില്ലല്ലോ എന്ന ഖേദത്തിനുനടുവിൽനിന്ന് പൊടുന്നനെ അതിനുമുന്നിലെത്തിയതുകൊണ്ടുകൂടിയാവണം ആ കാഴ്ച അത്രമേൽ ദീപ്തമായത്. കല നമുക്ക് വാഗ്ദാനം ചെയ്യുന്ന വിസ്മയത്തിലേക്ക് അതെന്നെ എടുത്തെറിഞ്ഞു.

എത്രനേരം ആ മഹാശില്പത്തിൽ കണ്ണുനട്ടുനിന്നു എന്നോർമയില്ല. സന്ദർശകർ ചുറ്റും ധാരാളമുണ്ടായിരുന്നു. മൊബൈൽ ക്യാമറകൾ ഓരോ നിമിഷവും ആ നിത്യദുഃഖത്തെ പകർത്തിക്കൊണ്ടേയിരുന്നു. പലരും ശില്പകലയുടെ എക്കാലത്തെയും വലിയ ആ നീക്കിയിരിപ്പിലേക്ക് നോക്കി നിശ്ചലമായി നിൽക്കുന്നുണ്ടായിരുന്നു.

യേശുവിന്റെയും കന്യാമറിയത്തിന്റെയും വസ്ത്രത്തിന്റെ ചുളിവുകൾ വരെ അത്ഭുതകരമായ കൃത്യതയിലും മാർദവത്തിലും വെണ്ണക്കല്ലിൽ പതിഞ്ഞുകിടന്നു. അനന്തമായ മാതൃശോകം ഒരൊറ്റ ശില്പത്തിൽ ഘനീഭൂതമായതിന് ഇതുപോലൊരു ആവിഷ്കാരം ഇനിയുമുണ്ടാവുമോ എന്ന സംശയം കലാനിരൂപകർ ഉന്നയിച്ചിട്ടുള്ള കാര്യം മനസ്സിലോർത്തു.

രണ്ടുമീറ്റർ പോലും ഉയരമില്ലാത്ത (കൃത്യമായി പറഞ്ഞാൽ 1.74 മീറ്റർ മാത്രം) ആ ശില്പം ലോകകലയിലെ ബൃഹദ്രൂപങ്ങളിലൊന്നല്ല. എങ്കിലും ഫ്രഞ്ച് കർദ്ദിനാളായ ഴാങ് ലഗ്രൗലാസിനുവേണ്ടി 1499‐ൽ മൈക്കലാഞ്ചലോ പണിതീർത്തുനൽകിയ ആ ശില്പം ലോകകലയിലെ മറികടക്കാനാകാത്ത മികവിന്റെയും മഹിമയുടെയും എക്കാലത്തെയും വലിയ മാനദണ്ഡമായി.

മൈക്കലാഞ്ചലോയുടെ ദാവീദിനും മോസസ്സിനും ഒപ്പം മനുഷ്യവംശത്തോട് അത് കലയുടെ നിത്യഭാസുരതയെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. 'ജഗദ്ഭക്ഷകനായ കാല'ത്തെ മറികടക്കാൻ പോന്നതായി മനുഷ്യവംശത്തിന്റെ കൈയിലെ രക്ഷോപായമാവാം കല

. രഹസ്യമായ കുമ്പസാരവും കാലത്തിന്റെ അനശ്വരഗതിയുടെ ആവിഷ്കാരവുമെന്ന് ( Art is at the same time a secret confession and the immortal movement of its time) എന്ന് മാർക്സ് കലയെ വിശേഷിപ്പിച്ചതിന്റെ പൊരുൾ ഇതാവണം. അങ്ങേയറ്റം വ്യക്തിപരം, അത്രതന്നെ സാമാന്യം. ഉന്നതമായ കല അതുരണ്ടുമായിരിക്കുന്നു.

അപാരവും നിത്യവുമായ മാതൃശോകത്തിന്റെ ഗാഥയാണ് പിയത്ത. മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ ഇത്രയും മഹിമയുറ്റ ആവിഷ്കാരങ്ങൾ വേറെ ഏറെയൊന്നുമില്ല. പ്രാചീന യവനശില്പമായ ലാവോക്കൂന്നും മൈക്കലാഞ്ചലോയുടെ തന്നെ ദാവീദും (David)) റോഡിന്റെ ചിന്തകനും ദക്ഷിണഭാരതത്തിലെ നടരാജനും പോലെ നൂറ്റാണ്ടുകളും സഹസ്രാബ്ദവും പിന്നിട്ട് ജീവിതം തുടരാൻ കെല്പുള്ള അപൂർവ രചനയായി ലോകം പിയത്തയെ വാഴ്ത്തുന്നുണ്ട്.

രചനാപരമായ മികവുകൊണ്ടും മാനുഷികഭാവങ്ങളെ വെണ്ണക്കല്ലിലേക്ക് പകരുന്നതിലെ അനന്യതകൊണ്ടും വൈകാരികമായ ഭാവസൂക്ഷ്മതകളെ ശിലയുടെ ദാർഢ്യത്തിനുമേൽ ആലേഖനം ചെയ്യുന്നതിലെ അനന്യഭംഗിയാലും സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പിയത്ത സമാനതകളില്ലാത്ത മാതൃകയായാണ് പരിഗണിക്കപ്പെട്ടുവരുന്നത്.

മനുഷ്യവംശം അതിന്റെ ഇനിയങ്ങോട്ടുള്ള ചരിത്രത്തിൽ എപ്പോഴെങ്കിലും ഇത്തരമൊരു ശില്പത്തിന് ജന്മം നൽകുമോ എന്ന് സംശയിക്കുന്ന കലാനിരൂപകർവരെയുണ്ട്. മതാത്മകമായിരിക്കെത്തന്നെ, അതിന്റെ അതിർവരമ്പുകളെ അതിവർത്തിക്കുന്ന മാനുഷികതയുടെ നിത്യശോഭയാൽ വലയം ചെയ്യപ്പെട്ടതാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പിയത്ത.

മനുഷ്യവംശം അതിന്റെ ഇനിയങ്ങോട്ടുള്ള ചരിത്രത്തിൽ എപ്പോഴെങ്കിലും ഇത്തരമൊരു ശില്പത്തിന് ജന്മം നൽകുമോ എന്ന് സംശയിക്കുന്ന കലാനിരൂപകർവരെയുണ്ട്. മതാത്മകമായിരിക്കെത്തന്നെ, അതിന്റെ അതിർവരമ്പുകളെ അതിവർത്തിക്കുന്ന മാനുഷികതയുടെ നിത്യശോഭയാൽ വലയം ചെയ്യപ്പെട്ടതാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പിയത്ത.

തന്റെ ജീവിതകാലത്ത് മൈക്കലാഞ്ചലോ പിയത്തയുടെ നാല് മാതൃകകൾക്ക് ജന്മം നൽകിയിട്ടുണ്ട്. അതിലാദ്യത്തേതാണ് 1498‐99 കാലത്ത് അദ്ദേഹം പണിതീർത്ത സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ സ്ഥാപിച്ച പിയത്ത. മൈക്കലാഞ്ചലോയുടെ വ്യത്യസ്ത പിയത്ത ശില്പങ്ങളിൽ ഏറ്റവും സുന്ദരമായി പണിതീർത്തതും ഇതാണ്.

തന്റെ ജീവിതസായാഹ്നത്തിൽ മൈക്കലാഞ്ചലോ രൂപം നൽകിയതും ഇറ്റലിയിൽ തന്നെ ഫ്ളോറൻസ് കത്തീഡ്രലിൽ സ്ഥാപിച്ചിട്ടുള്ളതുമായ പിയത്തയുമായി താരതമ്യം ചെയ്താൽ ഇത് വ്യക്തമാകും.

1550‐1555 കാലത്താണ് മൈക്കലാഞ്ചലോ ഫ്ളോറൻസ് കത്തീഡ്രലിലെ പിയത്ത തയ്യാറാക്കിയത്.

ക്രിസ്തുവിന്റെ മൃതദേഹം പേറുന്ന കന്യാമറിയത്തോടൊപ്പം മഗ്ദലനമറിയത്തെയും മൈക്കലാഞ്ചലോ അതിലുൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പിന്നിലായി തന്റെ തന്നെ ബൃഹദ്രൂപവും. ജീവിതത്തിന്റെ പരമമായ യാതനകളിലേക്കും ശോകത്തിലേക്കും കണ്ണുനട്ടുനിൽക്കുന്ന വൃദ്ധനായ മൈക്കലാഞ്ചലോയുടെ ആത്മച്ഛായയാണ് ഫ്ളോറൻസ് കത്തീഡ്രലിലെ പിയത്തയിൽ കാണാനാവുക.

തന്റെ ശവകുടീരത്തിൽ സ്ഥാപിക്കാൻ വേണ്ടി മൈക്കലാഞ്ചലോ തയ്യാറാക്കിയതാണ് അതെന്ന് പൊതുവെ കരുതപ്പെടുന്നു.

അദ്ദേഹത്തിന്റെ ജീവിതദർശന പരിണാമത്തിന്റെ സാക്ഷ്യം കൂടിയായാണ് നിരൂപകർ അതിനെ കാണുന്നത്.

സെന്റ് പീറ്റേഴ്സ് ബസലിക്കയിലെയും ഫ്ളോറൻസ് കത്തിഡ്രലിലെയും രചനകൾ കൂടാതെ രണ്ട് പിയത്താ ശില്പങ്ങൾ കൂടി മൈക്കലാഞ്ചലോ പണിതീർത്തു. ഒരുവിധത്തിൽ അദ്ദേഹത്തിന്റെ കലാജീവിതത്തിൽ ആവർത്തിക്കുന്ന പ്രമേയമാണത്. ക്രിസ്തുവർഷം 1556‐ലെ പിയത്ത ശില്പവും (The Pieta of Palastreena) സെന്റ് പീറ്റേഴ്സിലെ പിയത്തയുടെ വിപരീതമാതൃകപോലെ പരിഗണിക്കപ്പെടുന്ന റോൺഡാനിനി പിയത്തയും (1555‐1564). അവ ആദ്യത്തേതുപോലെ പ്രസിദ്ധി കൈവന്നവയല്ല. റോൺഡാനിനി പിയത്ത അപൂർണശില്പമാണുതാനും.

ശാരീരികസൗന്ദര്യത്തിൽ ദൈവത്തിന്റെ അനശ്വരഭംഗിയെ ആവിഷ്കരിക്കാൻ ശ്രമിച്ച ആദ്യകാല മൈക്കലാഞ്ചലോവിൽനിന്ന് ആത്മാവിന്റെ ഗഹനതയിലേക്ക് ദൃഷ്ടിയൂന്നുന്ന മൈക്കലാഞ്ചലോയെയാണ് അദ്ദേഹത്തിന്റെ അവസാനത്തെ പിയത്ത ശില്പങ്ങൾ വെളിപ്പെടുത്തുന്നതെന്നാണ് മതദാർശനികർ ഈ ശില്പങ്ങളെ മുൻനിർത്തി പറയാറുള്ളത്.

മൂന്നരപതിറ്റാണ്ടിനപ്പുറം പറവൂരിലെ ലക്ഷ്മി കോളേജിൽ നടന്ന ഒരു ചിത്രകലാക്യാമ്പിൽ വച്ചാണ് മൈക്കലാഞ്ചലോയുടെ കലയുടെ രഹസ്യസൗന്ദര്യങ്ങളിലേക്ക് എനിക്ക് ആദ്യമായി വാതിൽ തുറന്നുകിട്ടിയത്. കലാചരിത്രകാരനും കലാവിമർശകനുമായ വിജയകുമാർ മേനോൻ ആ ക്യാമ്പിൽ സംസാരിക്കാനുണ്ടായിരുന്നു.ദാവീദിന്റെയും മോസസ്സിന്റെയും പ്രതിമാശില്പങ്ങളുടെ സ്ലൈഡുകൾ പ്രദർശിപ്പിച്ച മേനോൻ മാഷ് അതെക്കുറിച്ച് സംസാരിച്ചു.

മൂന്നരപതിറ്റാണ്ടിനപ്പുറം പറവൂരിലെ ലക്ഷ്മി കോളേജിൽ നടന്ന ഒരു ചിത്രകലാക്യാമ്പിൽ വച്ചാണ് മൈക്കലാഞ്ചലോയുടെ കലയുടെ രഹസ്യസൗന്ദര്യങ്ങളിലേക്ക് എനിക്ക് ആദ്യമായി വാതിൽ തുറന്നുകിട്ടിയത്. കലാചരിത്രകാരനും കലാവിമർശകനുമായ വിജയകുമാർ മേനോൻ ആ ക്യാമ്പിൽ സംസാരിക്കാനുണ്ടായിരുന്നു.ദാവീദിന്റെയും മോസസ്സിന്റെയും പ്രതിമാശില്പങ്ങളുടെ സ്ലൈഡുകൾ പ്രദർശിപ്പിച്ച മേനോൻ മാഷ് അതെക്കുറിച്ച് സംസാരിച്ചു. ദാവീദിന്റെ കണ്ണുകളിലെ തീക്ഷ്‌ണത, ചുരുട്ടിയ കൈയിലെ കല്ലിൽനിന്നും ഗോലിയാത്തിലേക്കുള്ള ദൂരം, മോശയുടെ കല്ലിലെ ശിലാഫലകങ്ങളുടെ ഭാരം, മരിച്ച പുത്രന്റെ ഭാരം മടിത്തട്ടിൽ താങ്ങുന്ന അമ്മയുടെ ശരീരത്തിന്റെ യാതനകൾ... മാഷ് എല്ലാം കൃത്യമായി വിവരിച്ചു.

ശില്പമല്ലാത്തതെല്ലാം കല്ലിൽനിന്ന് കൊത്തി മാറ്റുകയാണ് ശില്പി ചെയ്യുന്നതെന്ന മൈക്കലാഞ്ചലോയുടെ വിശ്രുതമായ ആശയത്തെക്കുറിച്ച് പറഞ്ഞു.

ഒന്നര മണിക്കൂറോളം ഈ മൂന്നു ശില്പങ്ങളെ മാത്രം മുൻനിർത്തിയാണ് മേനോൻമാഷ് സംസാരിച്ചത്.

വിജയകുമാർ മേനോൻ

വിജയകുമാർ മേനോൻ

അതോടെ മൈക്കലാഞ്ചലോയുടെ കലയുടെ മായികതകൾ പലതും അഴിഞ്ഞുകിട്ടി. മനുഷ്യശരീരത്തിൽ പ്രകൃതിയുടെ സമസ്തസൗന്ദര്യവും ദാർഢ്യവും സന്നിവേശിപ്പിക്കാനൊരുങ്ങിയ ഒരു മഹാശില്പിയുടെ ലാവണ്യലോകം മാഷ് ഇതൾവിടർത്തിത്തന്നു.

സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ, നിത്യവ്യാകുലതയുടെ കണ്ണീരൊഴുകുന്ന ആ ശില്പത്തിനുമുന്നിൽനിന്ന് ഞാൻ മേനോൻ മാഷിനെ ഓർത്തു. സൂക്ഷ്മവും കണിശവുമായ ആ വാക്കുകളിലൂടെ മൂന്നുപതിറ്റാണ്ടുമുമ്പ് പകർന്നുകിട്ടിയ ബോധ്യങ്ങളിലേക്ക് ചേർന്നുനിന്ന് പിയത്തയിൽ കണ്ണുനട്ടു. എന്തുകൊണ്ടോ എനിക്കപ്പോൾ കണ്ണുനിറഞ്ഞു.

ബസലിക്കയിൽനിന്ന് പുറത്തുകടക്കുമ്പോൾ ഇരുട്ട് പടരുന്നുണ്ടായിരുന്നു. സഭാചരിത്രത്തിലെ വിശുദ്ധപുരുഷന്മാർ അണിനിരക്കുന്ന സ്തംഭനിരകളിലേക്കും അസ്തമയപ്രകാശത്തിൽ തിളങ്ങുന്ന പള്ളിമകുടത്തിലേക്കും നോക്കി പിന്നെയും കുറേനേരം അതിവിസ്തൃതമായ ആ പള്ളിമുറ്റത്തുനിന്നു. ഏറെക്കഴിഞ്ഞ് മുന്നിലെ വിശാലവീഥിയിലൂടെ ടൈബർ നദിയുടെ തീരത്തേക്ക് നടന്നു. മങ്ങിക്കത്തുന്ന കാലം പോലെ അപ്പോൾ വിളക്കുകൾ തെളിഞ്ഞുതുടങ്ങി.

(ദേശാഭിമാനി വാരികയിൽ നിന്ന്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top