25 April Thursday

മഹാബോധിയുടെ തണൽ - സുനിൽ പി ഇളയിടത്തിന്റെ പംക്തി പതിനേഴാം ഭാഗം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

ഗയ റെയിൽവെ സ്‌റ്റേഷൻ

ഗയ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറത്തുകടന്ന് ഞങ്ങൾ ബസ്സ്റ്റാന്റ്  തിരക്കി നടന്നു. ഗയ സ്റ്റേഷനിൽ നിന്ന് ബോധ്ഗയയിലേക്ക് ഒരു മണിക്കൂർ യാത്രയുടെ ദൂരമുണ്ട്. അവിടേക്കുള്ള ബസ് പിടിക്കണം. കുറെദൂരം ചെന്നപ്പോൾ ഒട്ടൊക്കെ തുറസ്സായ ഒരിടത്ത് ബസ്സുകൾ കൂടിക്കിടക്കുന്നതു കണ്ടു.

ഒന്ന്

ഗയയിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഇരുൾ മൂടിക്കിടക്കുകയായിരുന്നു. ബുദ്ധനിലേക്കുള്ള വഴി ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കാണ് എന്ന് ഓർമപ്പെടുത്തുന്നതുപോലെ തീവണ്ടിയുടെ ഉൾത്തളങ്ങളിൽ ഇരുട്ട് കനം കൂടി നിന്നു. പട്‌ന സ്റ്റേഷനിൽ നിന്ന് രാത്രി ഏറെ വൈകി പുറപ്പെടുന്ന വണ്ടിയാണത്. കൗണ്ടറിൽനിന്നും വാങ്ങിയ ടിക്കറ്റിന്റെ വില നോക്കിയപ്പോൾ അത്ര വലിയ ദൂരമുള്ളതായി തോന്നിയില്ല. മൂന്നു മണിക്കൂർ യാത്രകൊണ്ട് എത്താവുന്ന ദൂരം എന്ന് മനസ്സിൽ കണക്കുകൂട്ടി. പാസഞ്ചർ ട്രെയിൻ ആയതുകൊണ്ട് സമയം കൂടുതൽ എടുത്തേക്കും. പ്ലാറ്റ്ഫോമിലേക്ക് ചെന്നപ്പോൾ ട്രെയിൻ എത്തിയിട്ടുണ്ടായിരുന്നു. പുറത്തെ വെളിച്ചത്തിൽ കമ്പാർട്ടുമെന്റുകളും മറ്റും കാണാമെന്നല്ലാതെ ട്രെയിനുള്ളിൽ വെളിച്ചം വന്നിരുന്നില്ല. പുറപ്പെടാവുമ്പോഴായിരിക്കും കമ്പാർട്ടുമെന്റിൽ വെളിച്ചം തെളിയുക എന്ന് മനസ്സിൽ കരുതി.

ജനറൽ കമ്പാർട്ടുമെന്റിലെ മരപ്പലക പാകിയ മുകൾ ബർത്തിലാണ് ഞങ്ങൾക്ക് ഇടം കിട്ടിയത്. നേരത്തെ തന്നെ കയറിയതുകൊണ്ട് മുകളിൽ കിടക്കാനിടം കിട്ടി. അപ്പോൾ വലിയ തിരക്കുണ്ടായിരുന്നില്ല. കിടക്കുന്നതിനിടയിൽ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ചില നാണയത്തുട്ടുകൾ താഴേക്ക് വീണു. വെളിച്ചം വരുമ്പോൾ എടുക്കാം എന്നു കരുതി അവിടെത്തന്നെ കിടന്നു. പതിയെപ്പതിയെ കമ്പാർട്ടുമെന്റിൽ ആളുകൾ വന്നു നിറഞ്ഞു. ഇരുട്ടിൽ ആരെയും കാര്യമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. പലതരം സാധനസാമഗ്രികൾ, വിറകുകെട്ടുകൾ, വളർത്തുമൃഗങ്ങൾ, തീവണ്ടിയുടെ ജനാലക്കമ്പിയിൽ പ്രത്യേകം കൊളുത്തുകളിൽ തൂക്കിയിട്ട സൈക്കിളുകൾ... അസാധാരണമായ വിധത്തിൽ ആ തീവണ്ടിമുറി തിങ്ങിനിറഞ്ഞു. ബീഹാറിലെ ഉൾനാടൻ ഗ്രാമജീവിതത്തിന്റെ പരിച്ഛേദം പോലെ പലതരം മനുഷ്യർ. തമ്മിൽത്തമ്മിൽ കാണാതെതന്നെ അവർ ധാരാളം സംസാരിച്ചു. പകുതി മയക്കത്തിലേക്ക് വീഴുന്നതിനിടയിൽ ആ ശബ്ദം ഞങ്ങളുടെ ചെവിയിൽ വന്നു വീണുകൊണ്ടിരുന്നു.

അർധരാത്രി കഴിഞ്ഞപ്പോഴെപ്പോഴോ ട്രെയിൻ നീങ്ങിത്തുടങ്ങി. അപ്പോഴും അകത്ത് വെളിച്ചം വന്നിരുന്നില്ല. എന്തെങ്കിലും തകരാറായിരിക്കും എന്നാണ് ഞാൻ കരുതിയത്. വെളിച്ചം എപ്പോൾ വരുമെന്ന് താഴെയിരിക്കുന്ന ഒരാളോട് ഞാൻ ചോദിച്ചു. മിക്കവാറും വരാറില്ലെന്ന് അയാൾ നിർമമമായി ഉത്തരം പറഞ്ഞു. അത്തരം ഇരുട്ടുകൾ അവർക്ക് സാധാരണമായിക്കഴിഞ്ഞിരിക്കുന്നു.

രാത്രിയുടെ ഇരുട്ടിലൂടെ തീവണ്ടി നീങ്ങി. അകത്തും പുറത്തും ഒരുപോലെ കനത്തുനിൽക്കുന്ന ഇരുട്ട്. ഇടയ്ക്കിടെ ഏതെല്ലാമോ സ്റ്റേഷനുകളിൽ വണ്ടി നിൽക്കുന്നുണ്ട്. ആളുകൾ പലയിടങ്ങളിലായി ഇറങ്ങുന്നു. പുതുതായി കയറുന്നവർ കുറവാണ്. അപൂർവം സ്ഥലങ്ങളിൽ നിന്നുമാത്രം ചിലർ ധാരാളം സാധനങ്ങളുമായി കയറി. വണ്ടി വളരെ പതുക്കെയാണ് നീങ്ങിയിരുന്നത്. ചെറിയ ദൂരം എന്നു കരുതിയ ആ യാത്ര പല മണിക്കൂറുകൾ എടുത്തു. പുലർച്ചയോടെയാണ് വണ്ടി ഗയയിൽ എത്തിയത്. ചെറിയ പ്ലാറ്റ്ഫോമാണ്. അകത്തെയും പുറത്തെയും ഇരുട്ടിനെ വകഞ്ഞു മാറ്റി ഞങ്ങൾ പ്ലാറ്റ്ഫോമിലെ വെളിച്ചത്തിലേക്കിറങ്ങി.

സ്റ്റേഷനിൽ തന്നെയായിരുന്നു പ്രഭാതകൃത്യങ്ങൾ. ഒരുമണിക്കൂറിനുള്ളിൽ കുളിയും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. ആ യാത്രയിലുടനീളം തീവണ്ടികളും റെയിൽവേ സ്റ്റേഷനുകളുമായിരുന്നു പ്രഭാതകൃത്യങ്ങൾക്കുള്ള മുഖ്യ ആശ്രയം. ഒരു മാസത്തിനിടയിൽ എട്ടു‐പത്തു ദിവസമേ മുറിയെടുത്തുള്ളൂ. സ്റ്റേഷനുപുറത്ത് വെളിച്ചം വീണുതുടങ്ങുന്നതേയുള്ളൂ. ഗയയിൽ നിന്ന് ബുദ്ധഗയയിലേക്ക് പോകണം. മുപ്പതു കിലോമീറ്റർ ദൂരമുണ്ട്. മഹാബോധിക്ഷേത്രം ബോധ്ഗയയിലാണ്. കരുണയും പ്രജ്ഞയുമായി ലോകം ബോധത്തിലേക്കുണർന്ന ഇടം. ബോധ്ഗയയിലെ ആൽച്ചുവട്ടിലാണ് ബുദ്ധൻ നിത്യമായ വെളിച്ചത്തിലേക്ക് ഉണർന്നത്.

ബോധ്‌ഗയയിലെ ബുദ്ധഭിക്ഷുക്കൾ

ബോധ്‌ഗയയിലെ ബുദ്ധഭിക്ഷുക്കൾ

ആ വെളിച്ചം തേടിയാണ് ഞങ്ങളുടെയും യാത്ര. മങ്ങിയ ആ പ്രഭാതത്തിന് അത് അഭൗമമായ ഒരൂർജം പകർന്നു.


ഗയ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തു കടന്ന് ഞങ്ങൾ ബസ്സ്റ്റാന്റ് തിരക്കി നടന്നു. ഗയ സ്റ്റേഷനിൽ നിന്ന് ബോധ്ഗയയിലേക്ക് ഒരു മണിക്കൂർ യാത്രയുടെ ദൂരമുണ്ട്. അവിടേക്കുള്ള ബസ് പിടിക്കണം. കുറെദൂരം ചെന്നപ്പോൾ ഒട്ടൊക്കെ തുറസ്സായ ഒരിടത്ത് ബസ്സുകൾ കൂടിക്കിടക്കുന്നതു കണ്ടു. ബസ്സ്റ്റാന്റ് എന്നു പറയാൻ പ്രത്യേകിച്ചൊന്നുമില്ല. അവിടവിടെയായി മരത്തണലുകളിലും മറ്റും നിർത്തിയിട്ടിരിക്കുന്ന ബസ്സുകൾ. പ്രാചീനമായ ഏതോ കാലത്തിന്റെ മുദ്ര പതിഞ്ഞവയാണ് ഏറിയ പങ്കും. ബോധ്ഗയയിലേക്കുള്ള ബസ് കണ്ടെത്തി ഞങ്ങൾ അതിൽ കയറിയിരുന്നു. പട്ടിക നിരത്തിയടിച്ച പ്രതലം. ഇടയ്ക്ക് അവിടവിടെയായി വിടവുകളുണ്ട്. നാണയവും മറ്റും താഴേക്ക് ഊർന്നുപോവും. ബസ്സിനുള്ളിലെന്നപോലെ ബസ്സിനു മുകളിലും ആളുകൾ കയറിയിട്ടുണ്ട്. ബസ്സിൽ ഗയയിലേക്കുള്ള തീവണ്ടിയേക്കാൾ ആൾത്തിരക്കുണ്ട്. ആടുകൾ മുതൽ പല പല സാമഗ്രികൾ ഇവിടെയുമുണ്ട്. ബസ്സിനകം തന്നെ വലിയൊരു ചന്തപോലെ. ‘ആളുതിക്കിത്തിരക്കിയേറുന്നതാണുചന്ത, അതാണെൻ പ്രപഞ്ചം’  എന്ന് അയ്യപ്പപ്പണിക്കർ ഓർമയിൽ വന്നു. അകത്തു കയറിയ ഞങ്ങൾക്ക് ഇരിക്കാൻ സീറ്റ് ലഭിച്ചു. ഞങ്ങളിരുന്ന സീറ്റിനരികിലെ ജനൽപ്പടിയിൽ ചവിട്ടി കണ്ടക്ടർ ആദ്യം മുകളിലേക്ക് കയറി. മുകളിലെ യാത്രക്കാരിൽ നിന്നും പണം വാങ്ങാനാണ്. അതുകഴിഞ്ഞേ ബസ്സിനുള്ളിൽ ടിക്കറ്റ് കൊടുക്കൂവത്രേ!

അല്പം കഴിഞ്ഞ് പൊടിയുയർത്തി ബസ്‌ പുറപ്പെട്ടു. ഇടയ്ക്ക് പലയിടങ്ങളിലും അത് നിർത്തുന്നുണ്ടായിരുന്നു. നിർത്തുന്ന സ്ഥലങ്ങൾക്ക് കൃത്യമായ വ്യവസ്ഥകളുള്ളതായി തോന്നിയില്ല. ആളുകൾ ആവശ്യപ്പെടുന്ന ഇടങ്ങളിലെല്ലാം ബസ്‌ നിർത്തുന്നു എന്നാണ് തോന്നിയത്. അതുകൊണ്ട് വളരെ പതിയെയായിരുന്നു സഞ്ചാരം. രണ്ടുമണിക്കൂറോളം കഴിഞ്ഞുകാണണം ബോധ്ഗയയിലെത്താൻ. ബസ്സിറങ്ങി നടക്കുമ്പോൾ തന്നെ മഹാബോധിക്ഷേത്രം കാണാമായിരുന്നു. ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന  ഗോപുരാഗ്രം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. പതിയെ ക്ഷേത്രവളപ്പിൽ കടന്ന് ചുറ്റും നടന്നുകണ്ടു. രണ്ടര സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് ഇന്ത്യയിൽ വെളിച്ചം പിറന്നതവിടെയാണ്. കരുണയുടെ പ്രകാശം! ബ്രാഹ്മണ്യത്തിന്റെ ഘനാന്ധകാരത്തിൽ നിന്ന് ഒരു ജനതയെയപ്പാടെ മോചിപ്പിക്കാൻ പണിപ്പെട്ട മൈത്രിയുടെയും കരുണയുടെയും നിത്യപ്രകാശം. ചരിത്രഭാരം നിറഞ്ഞ ആ ഓർമകൾ പേറി ഞങ്ങളവിടെ നിന്നു.

മഹാബോധി ക്ഷേത്രം

മഹാബോധി ക്ഷേത്രം


മഹാബോധിയിൽ അശ്വത്ഥം ഉലയാതെ നിൽക്കുന്നുണ്ടായിരുന്നു. ബുദ്ധൻ ബോധത്തിലേക്കുണർന്ന ആൽച്ചുവട്. അന്നത്തെ ആൽമരത്തിന്റെ മറ്റൊരു നിലയിലുള്ള തുടർച്ചയാണ് ഇപ്പോഴത്തെ വൃക്ഷമെന്ന് ആരോ പറഞ്ഞുതന്നു. അശോകചക്രവർത്തിയുടെ കാലത്ത് മഹാബോധിയിൽനിന്നും ശ്രീലങ്കയിലേക്കു കൊണ്ടുപോയ വൃക്ഷശിഖരം അവിടെ നട്ടുവളർത്തിയിരുന്നു. അതിൽ നിന്നും കൊണ്ടുവന്ന ശിഖരത്തിലൊന്നാണത്രേ ഇപ്പോൾ മഹാബോധിയിൽ പടർന്നുനിൽക്കുന്നത്. മഹാബോധിയിലെ ആൽമരം വീണപ്പോൾ പരിഹാരം കണ്ടതങ്ങനെയാണെന്നും അവിടെയുള്ളവരിലൊരാൾ പറഞ്ഞു. ഐതിഹ്യവും ചരിത്രവും കൂടിക്കലരുന്ന കഥനവഴികൾ. ചരിത്രത്തിന്റെ കാറ്റേറ്റ് ഇളകുന്ന ആലിലകൾ. കരുണയായി പിറന്ന ദൈവാനുഭവത്തിന്റെ ഇലപ്പടർച്ചകളിലേക്ക് മിഴിനട്ട് നോക്കി ഏറെനേരം വെറുതെ നിന്നു. ഉച്ചയായിത്തുടങ്ങിയപ്പോൾ പതുക്കെ പുറത്തേക്കു നടന്നു.

രണ്ട്

മൂന്നുപതിറ്റാണ്ടിനപ്പുറം പിയേഴ്‌സൺ മാഷുമൊത്ത് നടത്തിയ യാത്രയുടെ ഭാഗമായിരുന്നു ഗയയിലേക്കും ബോധ്ഗയയിലേക്കുമുള്ള ആ സഞ്ചാരം. ഒരുമാസം നീണ്ട യാത്രയാണ്. ഒറീസ, ബീഹാർ, യു പി, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പിന്നിടുക എന്നതായിരുന്നു താത്പര്യം. 1993 ഡിസംബറിലോ 94 ജനുവരിയിലോ ആയിരുന്നു ആ യാത്ര.ഞാനത് പറവൂരിലെ ലക്ഷ്മികോളേജിൽ അധ്യാപകനായി കഴിയുകയാണ്. ഒരു നീണ്ട യാത്ര പോകാം എന്ന് നേരത്തെ കരുതിയിരുന്നു. അതു വൈകണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. ആലുവയിൽ നിന്നും കൊൽക്കത്തയിലേക്കും ഒരുമാസം കഴിഞ്ഞ് അവിടെനിന്ന് തിരിച്ചുമുള്ള ടിക്കറ്റുകൾ മാത്രം ബുക്കു ചെയ്തു. അതുമാത്രമായിരുന്നു യാത്രയുടെ മുന്നൊരുക്കം.

ആലുവയിൽ നിന്നുള്ള ട്രെയിൻ ഒരു വൈകുന്നേരമാണ് പുറപ്പെട്ടത്. നാലുമണിയോടെ പറവൂരിൽ നിന്നും ആലുവ ബസ്സിൽ കയറി റെയിൽവെ സ്റ്റേഷനിലെത്തി. ആലുവയിൽ നിന്ന് ചെന്നൈയിലേക്ക്. അന്ന് ചെന്നൈ മദ്രാസ് എന്ന പഴയ പേരിൽ തന്നെയാണ്. അവിടെനിന്നും പുലർച്ചെ എട്ടുമണിയോടെ കോറമണ്ഡൽ എക്സ്പ്രസ്സിൽ കൊൽക്കത്തയിലേക്ക് പുറപ്പെടണം. ഭാഗ്യത്തിന് ട്രെയിൻ സമയത്തു തന്നെ ചെന്നൈ സ്റ്റേഷനിൽ എത്തി. അവിടെനിന്നും കണക്ഷൻ ട്രെയിനിൽ കൊൽക്കത്തയ്ക്ക്. ഒരുമാസം നീളുന്ന യാത്രയ്ക്ക് തുടക്കമായി.

പ്രത്യേക പ്ലാനുകളൊന്നുമില്ലാത്ത യാത്രയാണ്. വൈകുന്നേരങ്ങളിൽ പിയേഴ്‌സൺമാഷുമായുള്ള പതിവ് സംഭാഷണങ്ങൾക്കിടയിലാണ് ദീർഘയാത്ര പോകാം എന്ന ആശയം വന്നത്. ഒട്ടും താമസമില്ലാതെ അതിൽ തീർപ്പായി. മാഷ് പെട്ടെന്നുതന്നെ കാര്യങ്ങൾ തീരുമാനിക്കും. വൈകാതെതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. പോകാനും വരാനുമുള്ള ടിക്കറ്റിനപ്പുറം മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചില്ല. പോകുന്ന വഴിക്ക് തെളിയുന്നതുപോലെ എന്നേ കരുതിയുള്ളൂ.

കൊൽക്കത്തയിലേക്കായിരുന്നു ടിക്കറ്റ് എങ്കിലും ഭുവനേശ്വറെത്തിയപ്പോൾ ഞങ്ങൾ അവിടെയിറങ്ങി. അതും മുൻകൂട്ടി തീരുമാനിച്ചതല്ല. പുലർച്ചയോടെയാണ് വണ്ടി ഭുവനേശ്വറിലെത്തിയത്. ഇവിടെനിന്നും യാത്ര തുടങ്ങാം എന്നു കരുതി അവിടെയിറങ്ങി. ഭുവനേശ്വർ, പുരി, കൊണാർക്ക് അങ്ങിനെ ചില ലക്ഷ്യങ്ങൾ മനസ്സിലുണ്ടായിരുന്നു. തീവണ്ടിയിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിൽ തന്നെ കുളിയും മറ്റും കഴിച്ചു. വെളിച്ചം വീണു തുടങ്ങിയപ്പോൾ പുറത്തിറങ്ങി നടന്നു. അറിയാവുന്ന ഹിന്ദിയിൽ വഴിതിരഞ്ഞാണ് നടപ്പ്. ഭുവനേശ്വറിലെ ലിംഗരാജക്ഷേത്രമാണ് ലക്ഷ്യം. ഭുവനേശ്വറിലുടനീളം ക്ഷേത്രങ്ങളാണ്.

ഭുവനേശ്വർ. ഒരു കാഴ്‌ച

ഭുവനേശ്വർ. ഒരു കാഴ്‌ച

പ്രാചീനമായ സംസ്കൃതികളുടെയും കലാപാരമ്പര്യങ്ങളുടെയും അടയാളങ്ങൾ പേറിനിൽക്കുന്ന ക്ഷേത്രങ്ങൾ. ലിംഗരാജ ക്ഷേത്രം, രാജറാണി ക്ഷേത്രം, പരശുരാമേശ്വരം, ബ്രഹ്മേശ്വരം, മുക്തേശ്വരം, ഭക്തേശ്വരം... ചെറുതും വലുതുമായി നഗരത്തിനു ചുറ്റും ഒരു ഡസനോളം ക്ഷേത്രങ്ങളുണ്ട്. മിക്കവാറും ഒരേ ശില്പമാതൃകയെയും വാസ്തുഘടനയെയും പിൻപറ്റുന്നവയാണ് എല്ലാ ക്ഷേത്രങ്ങളും. ഈ ക്ഷേത്രങ്ങൾ ഭുവനേശ്വറിനെ ക്ഷേത്രനഗരിയാക്കി മാറ്റിയിട്ടുണ്ട്. ലിംഗരാജ ക്ഷേത്രമാണ് അവയിൽ പ്രൗഢിയേറിയത്. പ്രാചീനതയാലും ശില്പഭംഗിയാലും ആകാരപെരുപ്പത്താലും നമ്മെ വിസ്മയിപ്പിക്കാൻ പോന്ന ബൃഹദ്രൂപി.

ഏറെ നടന്നിട്ടും ക്ഷേത്രത്തിനടുത്ത് എത്തിയതിന്റെ അടയാളമൊന്നും കണ്ടില്ല. ഓട്ടോ വിളിക്കുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചുതുടങ്ങിയിരുന്നു. കഴിയുന്നതും നടന്നുകാണണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പണത്തിന്റെ പ്രശ്നം. നടത്തം പതിവില്ലാത്ത പല കാഴ്ചകളും നമുക്കു മുന്നിലെത്തിക്കും എന്നതും ഒരു പ്രേരണയായിരുന്നു. ക്ഷീണം തോന്നിയെങ്കിലും നടപ്പു തുടർന്നു. ഇടയിൽ പലരോടും വഴി തേടി. ഒടുവിൽ അരമണിക്കൂറിലധികം കഴിഞ്ഞാണ് ലിംഗരാജ ക്ഷേത്രത്തിന് അടുത്തെത്തിയത്. ദൂരെനിന്നേ ക്ഷേത്രഗോപുരം ഉയർന്നുകാണാമായിരുന്നു. അതിനെ ലക്ഷ്യമാക്കി നടന്ന് അവിടെയെത്തി. ക്ഷേത്രവളപ്പിൽ ചെറുതും വലുതുമായി ഗോപുരാഗ്രങ്ങളിൽ കൂർത്തുനിൽക്കുന്ന ദൈവപ്രതാപങ്ങൾ. നടുവിലെ ക്ഷേത്രഗോപുരം നമ്മെ സ്തബ്‌ധരാക്കും. അതിന്റെ തികവാർന്ന ഒരു ചിത്രം എടുക്കാൻ പിയേഴ്‌സൺമാഷ് ശ്രമിക്കുന്നുണ്ടായിരുന്നു.

ലിംഗരാജ ക്ഷേത്രം

ലിംഗരാജ ക്ഷേത്രം

മൊബൈൽ ക്യാമറകളോ ഡിജിറ്റൽ ക്യാമറകളോ ഇല്ലാത്ത കാലമാണ്. ആരിൽ നിന്നോ കടം വാങ്ങിയ പഴയൊരു ക്യാമറയും കുറച്ച് ഫിലിം റോളുകളുമാണ് ഞങ്ങളുടെ കൈവശമുള്ളത്. ക്ഷേത്രവളപ്പിലെ ഒരു കോണിൽ നിന്ന് മാഷ് ഗോപുരത്തിലേക്ക് ക്യാമറക്കണ്ണ് കൂർപ്പിച്ചു. പോയ സ്ഥലങ്ങളിലെല്ലാം മാഷ് ചിത്രങ്ങൾ പകർത്തിയിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ അകലത്തിൽ അവയിൽ പലതും കൈമോശം വന്നു. നിറം മങ്ങിയ ഓർമകൾ പോലെ പഴയ ചിത്രശേഖരത്തിൽ ചിലതെല്ലാം അവശേഷിക്കുന്നു.

ഒരു മണിക്കൂറോളം കഴിഞ്ഞാണ് ലിംഗരാജ ക്ഷേത്രത്തിൽ നിന്ന് പുറത്തു കടന്നത്. ഭുവനേശ്വറിൽ പിന്നെയും ചില ക്ഷേത്രങ്ങൾ കൂടി കണ്ടു. നഗരപ്രാന്തങ്ങളിൽ പരന്നുകിടക്കുന്ന ആ ക്ഷേത്രങ്ങളിൽ പലതും ഒരേ കാലത്തിന്റെയും വാസ്തുമാതൃകകളുടെയും നീക്കിബാക്കികളായി തോന്നി. ലിംഗരാജ ക്ഷേത്രത്തിന്റെ ബൃഹദാകാരമോ ബലിഷ്ഠഭംഗിയോ മറ്റുള്ളവയിൽ അതേപടി കാണാനായതുമില്ല. ഉച്ച കഴിഞ്ഞ് ഭുവനേശ്വറിൽ നിന്ന് പുരിയിലേക്ക് യാത്രയായി. പുരിയിലെ ജഗന്നാഥൻ. മഹാസുമദ്രത്തിലെ ജലബിന്ദുകളെന്നപോലെ മനുഷ്യർ വന്നുനിറയുന്ന രഥോത്സവം ചിത്രങ്ങളിൽ മുൻപേ കണ്ടിട്ടുണ്ട്. ഭുവനേശ്വറിൽ നിന്ന് ഏതോ ബസ്സിലിരുന്ന് പുരിയിലേക്ക് പോകുമ്പോൾ ഒറീസയുടെ ഗ്രാമങ്ങൾ കാണാം. പലയിടങ്ങളിലും മിക്കവാറും ശൂന്യം.

ചിലയിടങ്ങളിൽ കൃഷിഭൂമികൾ. അപൂർവം ഇടങ്ങളിൽ മാത്രം മനുഷ്യർ കൂടിനിൽക്കുന്ന തെരുവുകൾ. മിക്കവാറും നഗരപ്രകൃതം കൈവരിച്ച കേരളത്തിലെ ഗ്രാമങ്ങളിൽ നിന്ന് ഉത്തരഭാരതത്തിലെത്തുമ്പോൾ ഗ്രാമജീവിതത്തിന്റെ മറ്റൊരു പ്രകാരത്തെ നാം മുഖാമുഖം കാണും.

ചിലയിടങ്ങളിൽ കൃഷിഭൂമികൾ. അപൂർവം ഇടങ്ങളിൽ മാത്രം മനുഷ്യർ കൂടിനിൽക്കുന്ന തെരുവുകൾ. മിക്കവാറും നഗരപ്രകൃതം കൈവരിച്ച കേരളത്തിലെ ഗ്രാമങ്ങളിൽ നിന്ന് ഉത്തരഭാരതത്തിലെത്തുമ്പോൾ ഗ്രാമജീവിതത്തിന്റെ മറ്റൊരു പ്രകാരത്തെ നാം മുഖാമുഖം കാണും.

ജഗന്നാഥക്ഷേത്രത്തിന് മുന്നിൽ അതിവിശാലമായ റോഡുണ്ട്. രഥോത്സവവേളയിൽ രഥം ഉരുളുന്ന വഴി. അന്ന് മനുഷ്യമഹാസമുദ്രം തിരയടിക്കുന്നത് അവിടെയാണ്. ആ വഴിയോരത്ത് ചെറിയ ലോഡ്ജുകൾ തപ്പി ഞങ്ങൾ നടന്നു. അന്ന് അവിടെ തങ്ങി പിറ്റേന്ന് കൊണാർക്കിലേക്ക് പോകാം എന്നായിരുന്നു തീരുമാനിച്ചത്. റെയിൽവേ സ്റ്റേഷനും മറ്റും ഇല്ലാത്തതുകൊണ്ട് താമസത്തിന് മറ്റു മാർഗങ്ങൾ ഇല്ല. പഴയൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒരു ചെറിയ മുറി കിട്ടി. എത്രയായിരുന്നു വാടക എന്നൊന്നും ഓർമയില്ല. അധികവാടകയുള്ള ഒരു മുറിയിലും ഞങ്ങൾ ആ യാത്രയിൽ താമസിച്ചിട്ടില്ല. മുറികളിൽ തങ്ങിയ ദിവസങ്ങൾ തന്നെ കുറവ്. ഭുവനേശ്വറിലുൾപ്പെടെ എട്ടോ പത്തോ ദിവസം. ബാക്കിയെല്ലാ രാത്രികളും തീവണ്ടികളിലും റെയിൽവേ സ്റ്റേഷനിലും. പകലത്തെ അലച്ചിലുകൾ അവശേഷിപ്പിച്ച ക്ഷീണം അവിടങ്ങളെയൊക്കെ സുഖനിദ്രയുടെ കേദാരഭൂമികളാക്കി!

മുറിയിലെത്തിയപ്പോൾ വെയിൽ താഴ്ന്നുതുടങ്ങിയിരുന്നു. കുളികഴിഞ്ഞ് വൈകാതെ പുറത്തിറങ്ങി. ജഗന്നാഥന്റെ ഗോപുരാഗ്രം അസ്തമയ വെളിച്ചത്തിൽ തിടമ്പേറ്റി നിൽക്കുന്നത് ദീപ്തമായ ഒരു കാഴ്ചയാണ്. കാലപ്രവാഹത്തിനു കുറുകെ അധൃഷ്യമായി നിൽക്കുന്ന മഹാഗോപുരം.     പിന്നീടൊരിക്കൽ പുരിയിലെത്തിയപ്പോൾ മറ്റൊരു കാഴ്ചയും കാണാൻ ഇടയായി. സന്ധ്യയായിരുന്നു. ഗോപുരാഗ്രത്തിലേക്ക് തിരി തെളിയിക്കാൻ പൂജാരികളെന്നു തോന്നിക്കുന്ന രണ്ടുപേർ കയറിപ്പോകുന്നു. താഴെ അതു കാണാവുന്ന കോണുകളിൽ കൈകൂപ്പി നിൽക്കുന്ന നൂറുകണക്കിന് ഭക്തർ. ഭക്തി വിസ്മയകരമായ ഒരനുഭവമാണ്. പ്രിയസുഹൃത്തുക്കളിലൊരാളായ രമേശ്വർമ പലപ്പോഴും കളിയായി പറയാറുള്ള ഒരു കാര്യമുണ്ട്. ‘ഭക്തനാണ്; ഈശ്വരവിശ്വാസിയല്ല!’ എന്ന്. ചിലപ്പോഴൊക്കെ അതും സാധ്യമാണെന്നു തോന്നും.

ജഗന്നാഥക്ഷേത്രത്തിന്റെ അകവഴികളിലൂടെയും ക്ഷേത്രാങ്കണത്തിലൂടെയുമെല്ലാം ഞങ്ങൾ ഏറെനേരം നടന്നു. വെയിൽ നന്നായി താണപ്പോൾ കടൽത്തീരത്തേക്കു നടക്കാം എന്നു കരുതി. പുറത്തിറങ്ങി വഴിവക്കിൽ നിന്ന് ഓരോ ചായയും കുടിച്ച് പടിഞ്ഞാറ് ദിശ നോക്കി നടന്നു.

ജഗന്നാഥക്ഷേത്രത്തിന്റെ അകവഴികളിലൂടെയും ക്ഷേത്രാങ്കണത്തിലൂടെയുമെല്ലാം ഞങ്ങൾ ഏറെനേരം നടന്നു. വെയിൽ നന്നായി താണപ്പോൾ കടൽത്തീരത്തേക്കു നടക്കാം എന്നു കരുതി. പുറത്തിറങ്ങി വഴിവക്കിൽ നിന്ന് ഓരോ ചായയും കുടിച്ച് പടിഞ്ഞാറ് ദിശ നോക്കി നടന്നു. ഏറെ നടന്നിട്ടും കടലിന്റെയോ കടൽത്തീരത്തിന്റെയോ അടയാളമൊന്നുമില്ല. കാൽമണിക്കൂറോളം കഴിഞ്ഞുകാണും. വഴിയിൽ കണ്ട ഒരാളോട് എവിടെയാണ് കടൽത്തീരമെന്ന് അറിയാവുന്ന ഹിന്ദിയിൽ ചോദിച്ചു. അയാൾ ഞങ്ങൾ നടക്കുന്നതിന്റെ എതിർദിശയിലേക്ക് വിരൽചൂണ്ടി. സൂര്യൻ അവിടെ കടലിൽ അസ്തമിക്കുന്നില്ല. കിഴക്കാണ് കടൽ! ബംഗാൾ ഉൾക്കടൽ. ഇന്ത്യയുടെ കിഴക്കൻതീരം. കേരളത്തിന്റെ അസ്തമയക്കടൽ മനസ്സിൽ പ്രതിഷ്ഠിച്ച് പടിഞ്ഞാറുഭാഗത്തേക്കാണ് ഞങ്ങൾ നടന്നിരുന്നത്! തിരിച്ചേറെ നടക്കാനുണ്ടായിരുന്നു. സമയമുള്ളതുകൊണ്ട് ഞങ്ങൾ പതുക്കെ തിരിച്ചുനടന്നു.

പുരിയിലെ സമുദ്രതീരം വിശാലമാണ്. ചെന്നൈയിലെ മറീനാബീച്ച് പോലെ കടലിൽ നിന്ന് ഏറെ വീതിയിൽ പരന്നുകിടക്കുന്ന മണൽപ്പുറം. അതിനപ്പുറം റോഡ്. റോഡിനപ്പുറത്ത് വിലകൂടിയ ലോഡ്ജുകളും കോട്ടേജുകളും. വിശാലമായ ആ മണൽപ്പരപ്പിലൂടെ ഞങ്ങൾ കുറെ നടന്നു. എവിടെ നിന്നെല്ലാമോ വന്നെത്തിയ സഞ്ചാരികളെക്കൊണ്ട് കടൽത്തീരം നിറഞ്ഞിരുന്നു. അലയടിക്കുന്ന സമുദ്ര ഗാംഭീര്യത്തിലേക്ക് പതിയെപ്പതിയെ ഇരുൾ വന്നു നിറയാൻ തുടങ്ങി. കടൽത്തീരത്തെ നാനാതരം വിളക്കുകൾ കണ്ണുചിമ്മിത്തുറന്നു. വിസ്മയകരമായ ആ കാഴ്ചയുടെ ചാരുത ഓർമയുടെ അകലങ്ങളിൽ ഇപ്പോഴും ഒളിമങ്ങാതെ തുടരുന്നുണ്ട്.

പുരിയിലെ കടൽത്തീരത്തു നിന്ന് വൈകിയാണ് മുറിയിലെത്തിയത്. പകൽയാത്രയുടെയും വെയിലിന്റെയും കാഠിന്യം ഞങ്ങളെ ക്ഷീണിതരാക്കിയിരുന്നു. മുറിയിലെത്തിയപാടെ ഉറങ്ങി. രാവിലെയുണർന്ന് കുറെ ദൂരം നടന്നു. വെളിച്ചം വന്നു തൊടുന്ന പുരിയിലെ പ്രഭാതവഴികൾ. കടലിലുദിക്കുന്ന സൂര്യൻ. കടൽപ്പരപ്പിലെ അതുല്യശോഭ. ‘ദിനസാമ്രാജ്യപതേ, ദിവസ്പതേ’  എന്ന ആശാന്റെ അഭിവാദനം മനസ്സിൽ നിറഞ്ഞു. മുറിയിൽ മടങ്ങിയെത്തി കുളിയും മറ്റും കഴിഞ്ഞ് കൊണാർക്കിലേക്കുള്ള ബസ്‌ തിരക്കി പുറത്തേക്ക് നടന്നു.

പ്രതിഭാ റായി

പ്രതിഭാ റായി

കൊണാർക്കിലെ സൂര്യക്ഷേത്രം അതിന്റെ അപാരമായ പ്രൗഢി കൊണ്ട് ആദ്യ കാഴ്ചയിൽ തന്നെ നമ്മെ വ്യമുഗ്ധരാക്കും. അക്കാലത്തെപ്പോഴോ ആണ് കൊണാർക്കിനെക്കുറിച്ചുള്ള പ്രതിഭാ റായിയുടെ നോവൽ ഞാൻ വായിച്ചത്. അതിന്റെ ഓർമകൾ മനസ്സിലുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഗംഗരാജവംശത്തിലെ രാജാവായ നരസിംഹദേവൻ പണിതീർത്ത ക്ഷേത്രമാണ്. വാസ്തുകലയുടെ വിസ്മയംപോലെ, കിഴക്കൻ കടലിന്റെ അപാരവിസ്തൃതിയെ വെല്ലുവിളിക്കുന്ന ക്ഷേത്രഗോപുരം ആകാശത്തിലേക്ക് തലയുയർത്തിനിൽക്കുന്നത് അകലെനിന്നേ കാണാമായിരുന്നു. ബസ്സിറങ്ങി ക്ഷേത്രത്തിനരികിലേക്ക് നടന്നടുക്കും തോറും അതിന്റെ പ്രൗഢി കാഴ്ചയിൽ പെരുകിപ്പെരുകി വന്നു. ക്ഷേത്രാങ്കണത്തിലെത്തിയപ്പോൾ മന്ദിരസമുച്ചയത്തിന്റെ അടിപ്പടവുകൾ തന്നെ അതിവിസ്തൃതിയിൽ തെളിഞ്ഞുവന്നു. രണ്ടാൾപ്പൊക്കം വരുന്ന അടിത്തട്ടിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. ഞങ്ങൾ അതിന്റെ മഹാവിസ്തൃതിക്കും അപാരമായ സൂക്ഷ്മസൗന്ദര്യത്തിനും മുന്നിൽ വിസ്മയത്തിലാണ്ടു നിന്നു.

കൊണാർക്ക്‌ സൂര്യക്ഷേത്രം

കൊണാർക്ക്‌ സൂര്യക്ഷേത്രം

പിൽക്കാലത്ത് വത്തിക്കാൻ മ്യൂസിയം കണ്ടുനടക്കുന്നതിനിടയിൽ സിസ്റ്റയ്ൻ ചാപ്പലിലേക്ക് മുന്നറിവില്ലാതെ കടന്നപ്പോഴാണ് പിന്നീട് അതുപോലൊരു വിസ്മയത്തിലാണ്ടുപോയത്. സൂര്യക്ഷേത്രത്തിന്റെ അതിപ്രശസ്തമായ രഥചക്രങ്ങൾക്കു മുന്നിൽ, അതിന്റെ സൂക്ഷ്മഭംഗികൾ നോക്കിക്കണ്ട് ഞങ്ങൾ ഏറെനേരം നിന്നു. ഉത്തരഭാരതത്തിലെ കല്ലിന്റെ സവിശേഷത അതിലെ ശില്പവിദ്യയെ സൂക്ഷ്മാലങ്കാര സമൃദ്ധമാക്കിയതിനെക്കുറിച്ച് കേസരി എഴുതിയത് മനസ്സിലോർത്തു. എത്രയായിരം മനുഷ്യരുടെ അധ്വാനവൈഭവങ്ങളാണ് ചരിത്രത്തിന്റെ മഹാസ്മാരകങ്ങളായി നമുക്കു മുന്നിൽ, കാലപ്രവാഹങ്ങൾക്കു കുറുകെ തലയുയർത്തി നിൽക്കുന്നത്! ആ മനുഷ്യരെല്ലാം വിസ്മൃതരായിരുന്നു. അവരുടെയെല്ലാം പേരുകൾ അന്നുതന്നെ മണ്ണിലാണ്ടുകാണും. അപ്പോഴും മനുഷ്യവംശമഹിമയുടെ മഹാപ്രാകാരം പോലെ ആ ക്ഷേത്രം സൂര്യശോഭയിൽ കുളിച്ചുനിൽക്കുന്നു. എല്ലാ സാംസ്കാരിക രേഖകളും കിരാതത്വത്തിന്റെ സുവർണരേഖകൾ കൂടിയാണെന്ന് വാൾട്ടർ ബെഞ്ചമിൻ എഴുതിയത് ഓരോ മഹാസൗധവും നമ്മെ ഓർമിപ്പിക്കാതിരിക്കില്ല.

മൂന്നു മണിക്കൂറോളം കൊണാർക്കിൽ ചെലവഴിച്ചാണ് മടങ്ങിയത്. ക്ഷേത്രത്തിന്റെ ഉൾത്തടങ്ങളിലും കയറിയെത്താവുന്ന മേൽത്തലപ്പുകളിലുമെല്ലാം ഞങ്ങൾ നടന്നുകയറി. പിയേഴ്‌സൺമാഷ് പല ചിത്രങ്ങളും എടുക്കുന്നുണ്ടായിരുന്നു. കിഴക്കുനിന്നു വീഴുന്ന വെളിച്ചം ഗോപുരങ്ങൾക്ക് അലൗകിതശോഭ പകരുന്നുണ്ടായിരുന്നു. രണ്ടുപതിറ്റാണ്ടു കഴിഞ്ഞ്, പിൽക്കാലത്തൊരിക്കൽ അവിടെയെത്തിയപ്പോൾ ഗോപുരത്തിന് ചുറ്റും കനത്ത ഇരുമ്പുകുറ്റികൾ അതിന് താങ്ങായി നാട്ടിയിട്ടുണ്ടായിരുന്നു. സൂര്യക്ഷേത്രത്തിന്റെ പ്രൗഢിയത്രയും ആ ഇരുമ്പുതൂണുകളാൽ മറഞ്ഞുപോയതായി തോന്നി. ആദ്യ കാഴ്ചയിലെ വിസ്മയഭംഗികളാണ് കൊണാർക്കിന്റെ ഓർമയായി ഇപ്പോഴും മനസ്സിലവശേഷിക്കുന്നത്.

കൊണാർക്കിൽ നിന്ന് ഞങ്ങൾ ഭുവനേശ്വറിലേക്ക് മടങ്ങി. ഭുവനേശ്വർ റയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കൊൽക്കത്തയിലേക്ക് വണ്ടി പോകുന്നുണ്ട്. തലേന്നത്തെ ടിക്കറ്റിന്റെ ബലത്തിൽ അതിൽ കയറി. പിറ്റേന്ന് പുലർച്ചെയാണ് കൊൽക്കത്തയിൽ എത്തിയത്. സ്റ്റേഷനിൽ തന്നെ കുളിയെല്ലാം കഴിഞ്ഞു പുറത്തിറങ്ങി.

പട്‌നയിലേക്ക് ഉച്ചയോടെ വണ്ടിയുണ്ടായിരുന്നു പുറത്തിറങ്ങി നടന്നുവന്ന് അതിൽ കയറി. മുൻകൂറായ ക്രമീകരണങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് എവിടേക്കും പോകാമായിരുന്നു. ജനറൽ കമ്പാർട്ടുമെന്റിലെ തിരക്കിൽ ഉച്ചകഴിഞ്ഞുള്ള യാത്ര. ചൂടും ചൂടുകാറ്റും ഒരുപോലെ ഞങ്ങളെ പൊതിഞ്ഞു. ഇരിക്കാൻ സീറ്റുകിട്ടിയത് പിന്നീടെപ്പോഴോ ആണ്. അതുവരെ വാതിൽപ്പടിയിലും മറ്റുമായി ഇരുന്നും നിന്നും സഞ്ചരിച്ചു. പത്തുപന്ത്രണ്ടു മണിക്കൂറോളം വരുന്ന ദീർഘയാത്രയാണ്. വൈകുന്നേരമായപ്പോൾ തണുപ്പ് തുടങ്ങി. രാത്രിയുടെ തണുപ്പിൽ തീവണ്ടിയിലെ പലക പാകിയ സീറ്റിലും നിലത്തുമായി ഞങ്ങൾ കഴിഞ്ഞു. അർധരാത്രിയാവണം വണ്ടി പട്‌നയിലെത്തിയത്. വെളിച്ചം വീഴുന്നതുവരെ സ്റ്റേഷനിൽ തിരക്കൊഴിഞ്ഞ ഒരിടത്ത് കിടന്ന് ചെറുതായി മയങ്ങി. കുറെക്കഴിഞ്ഞ് ഉണർന്ന് അവിടെത്തന്നെ കുളിയും മറ്റും കഴിഞ്ഞ് പട്‌നയുടെ തെരുവിലേക്കിറങ്ങി.

പാടലീപുത്രം!  മൗര്യസാമ്രാജ്യത്തിന്റെ ആസ്ഥാനമായ പാടലീപുത്രമാണ് പിൽക്കാലത്തെ പട്‌ന. ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രീകൃത ഭരണകൂടമായി മഗധ ഉയർന്നുവന്നതും ഇവിടെയാണ്. മഗധയ്ക്ക് പിന്നാലെവന്ന മൗര്യസാമ്രാജ്യത്തിന്റെയും ഗുപ്തസാമ്രാജ്യത്തിന്റെയും അവശിഷ്ടലോകങ്ങൾ നഗരത്തിലും നഗരപ്രാന്തങ്ങളിലും ചിതറിക്കിടക്കുന്നുണ്ട്. രണ്ടുദിവസം അവിടെ തങ്ങാമെന്നാണ് ഞങ്ങൾ കരുതിയത്.

സ്റ്റേഷനിൽനിന്ന്  പുറത്തിറങ്ങി പാടലീപുത്രത്തിന്റെ അവശിഷ്ടലോകങ്ങൾ തേടിയിറങ്ങി. റെയിൽവേ സ്റ്റേഷനിൽനിന്നും ആറേഴു കിലോമീറ്റർ അകലെ കിംഹാറിലാണ് മൗര്യസാമ്രാജ്യാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത്. രണ്ടു സഹസ്രാബ്ദങ്ങൾക്കപ്പുറം ചന്ദ്രഗുപ്തമൗര്യനും അശോകനും അജാതശത്രുവും തങ്ങളുടെ മഹാസാമ്രാജ്യങ്ങൾ വാണത് ഇവിടെയിരുന്നാണ്.

സ്റ്റേഷനിൽനിന്ന്  പുറത്തിറങ്ങി പാടലീപുത്രത്തിന്റെ അവശിഷ്ടലോകങ്ങൾ തേടിയിറങ്ങി. റെയിൽവേ സ്റ്റേഷനിൽനിന്നും ആറേഴു കിലോമീറ്റർ അകലെ കിംഹാറിലാണ് മൗര്യസാമ്രാജ്യാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത്. രണ്ടു സഹസ്രാബ്ദങ്ങൾക്കപ്പുറം ചന്ദ്രഗുപ്തമൗര്യനും അശോകനും അജാതശത്രുവും തങ്ങളുടെ മഹാസാമ്രാജ്യങ്ങൾ വാണത് ഇവിടെയിരുന്നാണ്.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ ഉത്ഖനനം ചെയ്തെടുത്ത ചരിത്രാവശിഷ്ടങ്ങൾ അവിടെ കാണാം.അശോകന്റെ രാജധാനിയുടെ കേന്ദ്രമായിരുന്ന, ഭീമാകാരമാർന്ന 80 തൂണുകൾ ചേർന്ന് താങ്ങിനിർത്തിയിരുന്ന, സഭാഗൃഹത്തിലെ തൂണുകളിലൊന്നിന്റെ അവശിഷ്ടഭാഗം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ഞാനതിന് സമീപം ചെന്നുനിന്നു. എത്ര നൂറ്റാണ്ടുകൾ, എത്രയെത്ര മഹാരഥികൾ, എത്രയോ പടയോട്ടങ്ങൾ, ധർമശാസനങ്ങൾ... ചരിത്രം ഇരമ്പിയാർത്തുവരുന്ന ഇടമായിരുന്നു അത്. ഇന്നത്തെ ഇന്ത്യയെക്കാളും വലിപ്പമുള്ള തന്റെ മഹാസാമ്രാജ്യം അശോകചക്രവർത്തി അടക്കിവാണത് ഇവിടെ വച്ചാണല്ലോ എന്നു ഞങ്ങൾ തമ്മിൽ പറഞ്ഞു.

പാടലീപുത്രത്തിന്റെ അവശിഷ്‌ടങ്ങൾ

പാടലീപുത്രത്തിന്റെ അവശിഷ്‌ടങ്ങൾ

അപ്പോൾ ആ അവശിഷ്ടങ്ങളുടെ മറുപുറത്ത് പ്രണയികളായ ഒരു യുവാവും യുവതിയും സ്നേഹം പങ്കുവച്ച് നിശ്ശബ്ദരായിരിക്കുന്നുണ്ടായിരുന്നു. ആ മണ്ണിൽ പുതഞ്ഞുകിടക്കുന്ന ചരിത്രത്തിന്റെ മഹാപ്രതാപങ്ങളും അധികാരത്തിന്റെ പടയോട്ടങ്ങളുമൊന്നും അവരെ സ്പർശിക്കുന്നതായി തോന്നിയില്ല. അല്ലെങ്കിൽ പ്രണയത്തോളം വലിയ സാമ്രാജ്യമെന്താണ്? പ്രണയികളെക്കാളും വലിയ ചക്രവർത്തിമാരും?

പട്‌നയിൽ മറ്റെന്തെല്ലാമാണ് കാണാനുള്ളതെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയില്ലായിരുന്നു. രാജ്ഗിർ എന്നു പേരുള്ള പഴയ രാജഗൃഹം അടുത്തെവിടെയോ ആണെന്നറിയുമായിരുന്നു. അവിടേക്ക് എത്തിപ്പെടാനുള്ള ശ്രമം ഫലിച്ചില്ല. ധാന്യസംഭരണശാലയായ ഗോൽഘർ, മൗര്യകാലത്തു പണിതീർത്ത അഗംകുൻ, ഹർമന്ദിർ തക്ത്, ഹജജാം മോസ്ക് തുടങ്ങിയവയൊന്നും ആ സമയത്ത് ഞങ്ങൾക്ക് അറിവുള്ള ഇടങ്ങളായിരുന്നില്ല. കയ്യിലുള്ള ചെറിയ യാത്രാസഹായി മാത്രമായിരുന്നു ഞങ്ങളുടെ ആശ്രയം. ഇന്നത്തേതുപോലെയുള്ള ഡിജിറ്റൽ ഭൂപടങ്ങളും ദിശാസൂചികളും അന്ന് ആരുടെയും ആലോചനകളിൽ എത്തിയിട്ടില്ല. അതുകൊണ്ട് മുൻപേ വായിച്ചറിയാവുന്ന പട്‌ന  മ്യൂസിയത്തിലേക്ക് ഞങ്ങൾ നീങ്ങി.

പട്‌ന മ്യൂസിയം

പട്‌ന മ്യൂസിയം

പ്രാചീന ഇന്ത്യയിലെ ചരിത്രാവശിഷ്ടങ്ങൾ അവിടെ നിറഞ്ഞുകിടക്കുന്നു. വെൺചാമരം വീശിനിൽക്കുന്ന ദിദർഗഞ്ച് യക്ഷി ഉൾപ്പെടെ പലതും. പിൽക്കാലത്ത് ഗൾഫ് നാടുകളിലെ മ്യൂസിയങ്ങൾ കാണാനിട വന്നപ്പോഴൊക്കെ അവിടെയുള്ള പുരാവസ്തുക്കളുടെ നിസ്സാരത പട്‌ന‐ദില്ലി‐കൽക്കത്ത മ്യൂസിയങ്ങളെ ഓർമയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എത്രയോ ചുരുക്കം പുരാവസ്തുക്കൾ മാത്രമാണ് അവിടത്തെ വലിയ വലിയ ഹാളുകളിലും മുറികളിലും നാം കാണുക. പട്‌നയിലെയും കൽക്കത്തയിലെയും മ്യൂസിയങ്ങൾ മറിച്ചാണ്. പ്രദർശനശാലയുടെ ഓരോ നടവഴിയിലും വളവിലും തിരിവിലും നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പഴക്കമുള്ള പുരാവസ്തുക്കൾ നമ്മെ കാത്തിരിക്കുന്നുണ്ടാവും. അവയുടെ വിന്യാസവും വിവരണവുമൊന്നും അത്ര ആകർഷകമല്ലാത്തതുകൊണ്ട് ശ്രദ്ധാലുക്കളല്ലാത്തവർ അതിൽ പലതും കാണുകതന്നെയില്ല! നൂറ്റാണ്ടുകൾ പൊടിപിടിച്ചു കിടക്കുന്ന ആ അവശിഷ്ടലോകങ്ങൾക്കു നടുവിലൂടെ കാഴ്ചക്കാരായി വന്നവരേറെയും നിസംഗരായി നടന്നുപൊയ്ക്കൊണ്ടിരിക്കും.

വൈകുന്നേരം വരെ പട്‌ന മ്യൂസിയത്തിൽ ഞങ്ങൾ ചെലവഴിച്ചു. പട്‌ന മ്യൂസിയത്തിൽ നിന്ന് ഗാന്ധി മൈതാനത്തേക്കാണ് പോയത്. അപ്പോഴേക്കും വെയിൽ താണു തുടങ്ങിയിരുന്നു. പട്‌നയിലെ ഗാന്ധി മൈതാനം അതിന്റെ അപാരവിസ്തൃതിയാൽ നമ്മെ വല്ലാതെ വശീകരിക്കും. കൊൽക്കത്തയിലെ പരേഡ് ഗ്രൗണ്ട്‌ പോലെ. ഗംഗയുടെ തീരത്ത് അറുപത് ഏക്കറിൽ പരന്നുകിടക്കുന്ന മൈതാനം. ചരിത്രത്തിന് കാവൽ നിന്ന ഇടമാണത്. ദേശീയപ്രസ്ഥാനകാലം മുതൽ എത്രയോ കൂറ്റൻ റാലികളും മഹാസമ്മേളനങ്ങളും അവിടെ അരങ്ങേറി. എഴുപതടി ഉയരത്തിൽ ഗാന്ധിയുടെ പ്രതിമ അവിടെയുണ്ട്. ഗാന്ധിയുടെ ഏറ്റവും വലിയ പ്രതിമയും അതാണത്രേ! സെസാർവയഹോവിന്റെ പഴയ കവിതയെ അനുകരിച്ച് ‘ഗാന്ധിജി ഒരു പ്രതിമ മാത്രമായ ഇന്ത്യ’ എന്ന നിലയിലേക്ക് അക്കാലത്ത് ഇന്ത്യ ഇത്രയും അടുത്തിരുന്നില്ല.

പട്‌നയിൽ നിന്ന് പല തുറസ്സുകളുണ്ട്. നളന്ദ,സാരനാഥ്, ഗയ, വാരണാസി... എല്ലാം പട്‌നയിൽ നിന്ന് ഏറെ ആയാസമില്ലാതെ എത്താവുന്ന ഇടങ്ങൾ. ഇടയിൽ ഒരു ദിവസം പട്‌നയിൽ ഞങ്ങൾക്ക് കൂടുതലായി തങ്ങേണ്ടി വന്നു. വഴിയിലെവിടെയോ നിന്ന് കഴിച്ച ഭക്ഷണം പിയേഴ്‌സൺമാഷിനെ  ബാധിച്ചു. വഴിവക്കിൽ നിന്നു ലഭിക്കുന്ന പേരയ്ക്കയും തക്കാളിയും ഒക്കെയായിരുന്നു പല ദിവസങ്ങളിലെയും പ്രധാന ഭക്ഷണം. ഇടയ്ക്ക് റോഡുവക്കിൽ നിന്നുള്ള പരിപ്പും ചപ്പാത്തിയും. അതിലേതോ ഒന്ന് മാഷിനെ ബാധിച്ചു. ഗാന്ധി മൈതാനത്തിനടുത്തുകൂടെ നടക്കുമ്പോൾ കണ്ട ഒരു ക്ലിനിക്കിൽ കയറി മരുന്നു വാങ്ങി. രോഗവിവരം ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ ഹിന്ദിയിൽ പറയണമെന്ന് ഡോക്ടർക്ക് നിർബന്ധം. ഹിന്ദി അറിയില്ലെന്നു പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടമായില്ല എന്നു തോന്നി. എന്തായാലും മരുന്ന് ഫലപ്രദമായിരുന്നു. ഒരു ദിവസത്തെ വിശ്രമം മാത്രമേ വേണ്ടിവന്നുള്ളൂ. പിറ്റേന്ന് പകൽ വിശ്രമിച്ച് രാത്രിവണ്ടിയിൽ ഞങ്ങൾ ഗയയിലേക്ക്, അനന്തമായ കരുണയുടെ ജന്മഗൃഹത്തിലേക്ക്, യാത്രയായി.പട്‌ന റയിൽവെ സ്റ്റേഷനിലെത്തുമ്പോൾ തീവണ്ടി പ്ലാറ്റ്ഫോമിലുണ്ടായിരുന്നു. അസാധാരണമായ വിധത്തിൽ ആ പാസഞ്ചർ ഇരുട്ടു മൂടിക്കിടക്കുകയായിരുന്നു. വെളിച്ചം ബുദ്ധനിലാണെന്ന് അതു ഞങ്ങളെ നിശബ്ദമായി ഓർമിപ്പിക്കുകയായിരുന്നുവോ?

പട്്‌നയിലെ ഗാന്ധി മൈതാനം

പട്്‌നയിലെ ഗാന്ധി മൈതാനം

ബുദ്ധഗയയിൽ മഹാബോധിയും കണ്ട് ഉച്ചയാകും മുമ്പേ ഞങ്ങൾ പുറത്തുവന്നു. ഇനി നളന്ദയിലേക്ക് പോകാം എന്നായിരുന്നു തീരുമാനം. മൂന്നു മണിക്കൂറിലധികം യാത്രയുണ്ട്. ക്രിസ്തുവിനും മൂന്നു നൂറ്റാണ്ടു മുൻപേ തുടങ്ങിയതാണ് നളന്ദയിലെ മഹാവിഹാരം. ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ടിൽ അതൊരു സർവകലാശാലയായി. പതിമൂന്നാം ശതകം വരെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാകേന്ദ്രങ്ങളിലൊന്നായിരുന്നു അത്. ഏഷ്യയുടെ എല്ലാ കോണുകളിൽ നിന്നും എണ്ണമറ്റ മനുഷ്യർ അവിടെയെത്തി. ഒരു ഘട്ടത്തിൽ എണ്ണായിരത്തോളം പഠിതാക്കൾ നളന്ദയിലുണ്ടായിരുന്നതായി അതേക്കുറിച്ചുള്ള വിവരണങ്ങൾ പറയുന്നുണ്ട്. രണ്ടായിരത്തോളം അധ്യാപകരും. ഒന്നര സഹസ്രാബ്ദം മുൻപ് അത്രയേറെ മനുഷ്യർ അറിവിനായി ഒത്തുകൂടിയ ആ മഹാപ്രഭാവത്തെ ആദരപൂർവം വണങ്ങാതെ നമുക്കവിടെ പ്രവേശിക്കാനാവില്ല. ഭൂതകാലത്തിന്റെ മഹിമയുറ്റ വാതിലുകൾ അവിടെ തുറന്നുകിടക്കുന്നു!

ഉച്ചകഴിഞ്ഞാണ് നളന്ദയിലെത്തിയത്. നളന്ദയുടെ യഥാർഥ നാമം മറ്റൊന്നാണ്. ‘ന അലം ദ’. ദാനത്തിൽ മതിവരാത്തത്. ബുദ്ധനെ സൂചിപ്പിക്കുന്ന പാലിയിലെ പ്രയോഗമാണത്രെ! അതിന്റെ സംസ്കൃതീകരിക്കപ്പെട്ട രൂപമാവണം നളന്ദ. പരമമായ അറിവിന്റെ പൊരുൾ ആ വാക്കിലുണ്ട്. ദാനത്തിൽ മതിവരാത്തത്! കൊടുത്താലും തീരാത്ത നിത്യശോഭയായി പരമമായ അറിവ് നമ്മെ വലയം ചെയ്യുന്നു. ‘അറിവാകുന്ന പരംപൊരുൾ!’ എന്ന് നാരായണഗുരു!

നളന്ദയുടെ ചെറിയൊരു ഭാഗം മാത്രമേ ഉത്‌ഖനനത്തിലൂടെ പുറത്തുവന്നിട്ടുള്ളൂ. പതിമൂന്നാം നൂറ്റാണ്ടിൽ ബക്ത്യാർ ഖിൽജിയുടെ കടന്നാക്രമണത്തിൽ വിജ്ഞാനത്തിന്റെ ഈ അതുല്യസ്ഥാനം നിലംപൊത്തി എന്നാണ് പൊതുവായ ധാരണ. പിന്നെ ആറേഴു പതിറ്റാണ്ടുകൾ നളന്ദ മണ്ണുമൂടിക്കിടന്നു. പത്തൊമ്പതാം ശതകത്തിലാണ് അത് വീണ്ടെടുക്കപ്പെട്ടത്.

പഴയ മഹാമന്ദിരങ്ങളിൽ ചിലതിന്റെ അവശിഷ്ടരൂപങ്ങൾ അവിടെയുണ്ട്. കണ്ടെടുക്കപ്പെട്ട നിർമിതികൾ പലതും നളന്ദ മ്യൂസിയത്തിലും. അതിലൂടെ നടക്കുമ്പോൾ ബൗദ്ധപാരമ്പര്യം സൃഷ്ടിച്ച മഹാത്ഭുതങ്ങളെക്കുറിച്ചോർത്തു. അറിവിന്റെയും ആലോചനയുടെയും എന്തെന്തു വഴികൾ! ഒരു മതത്തിന് ഇത്രമേൽ ജ്ഞാനനിർഭരമാകാൻ കഴിഞ്ഞതെങ്ങനെയാവും? കരുണയുടെ ആ മഹാപ്രവാഹം പിന്നീട് ഈ മണ്ണിൽ വറ്റിവരണ്ടു. വിദൂരമായ ചരിത്രസ്മൃതികളായി അത് പിൻവാങ്ങി. ബ്രാഹ്മണ്യത്തിന്റെ ഹിംസാത്മകതയെ വെല്ലുവിളിച്ചൊഴുകിയ അനുകമ്പയുടെ പ്രവാഹവേഗങ്ങൾ നിലച്ചു. ശ്രീലങ്കയിലും മ്യാൻമറിലും മറ്റും അത് ഹിംസയുടെ പ്രതിരൂപമായി ഇന്ന് ജീവിക്കുന്നു. ചരിത്രം അതിന്റെ മഹാപ്രയാണത്തിൽ എല്ലാത്തിനെയും തലകീഴാക്കുന്നു. മാർക്സ് എഴുതിയതുപോലെ, ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ചരിത്രം ആവർത്തിക്കുന്നു!

നളന്ദയിൽനിന്നും മടങ്ങുമ്പോൾ വെയിൽ ചാഞ്ഞിരുന്നു. അസ്തമനസൂര്യന്റെ മഞ്ഞവെളിച്ചം സഹസ്രാബ്ദങ്ങൾ പിന്നിട്ട ഭഗ്നാവശിഷ്ടങ്ങൾക്കുമേൽ ചിതറിക്കിടന്നു. ഞങ്ങൾ പതുക്കെ പുറത്തുവന്ന് റെയിൽവെ സ്റ്റേഷനിലേക്ക് നീങ്ങി. നളന്ദയുടെ മഹാപ്രതാപത്തിനൊത്ത ഒരു സ്റ്റേഷനാണ് പ്രതീക്ഷിച്ചത്. ചെന്നപ്പോൾ രണ്ടു മുറികൾ മാത്രമുള്ള ഒരു ചെറിയ കെട്ടിടം! ഓഫീസും ടിക്കറ്റ് കൗണ്ടറും എല്ലാമായി ഒന്ന്. യാത്രക്കാർക്ക് ഇരുപ്പുമുറിയായി മറ്റൊന്നും. ദിവസം രണ്ടുമൂന്നു ട്രെയിനുകൾ മാത്രമേ അവിടേക്കു വരുന്നുള്ളൂ. മറ്റു ചിലത് അതിലൂടെ നിർത്താതെ കടന്നുപോകും. കാലം നളന്ദയെ എങ്ങനെ കയ്യൊഴിഞ്ഞുവെന്ന് ആ റെയിൽവെ സ്റ്റേഷൻ പറയുന്നുണ്ടായിരുന്നു. എന്തായാലും അന്നുരാത്രി അവിടെ തങ്ങാം എന്നു കരുതി ഞങ്ങൾ ബെഞ്ചിലിരുന്നു. ടിക്കറ്റ് വിതരണം മുതൽ എല്ലാത്തിനും കൂടി ഒരാൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അൽപ്പം കഴിഞ്ഞ് സ്റ്റേഷൻ മാസ്റ്റർ വന്ന് എവിടേക്കാണെന്ന് തിരക്കി. യാത്രയാണെന്നും ഇന്നിവിടെ തങ്ങാമെന്നാണ് കരുതുന്നതെന്നും അദ്ദേഹത്തോട് പറഞ്ഞു. തിടുക്കത്തിൽ തന്നെ അയാളതു തടഞ്ഞു. രാത്രി അവിടെ തങ്ങുന്നത് സുരക്ഷിതമല്ല എന്നാണദ്ദേഹം പറഞ്ഞത്. പിടിച്ചുപറി സംഘങ്ങൾ വരും. അവരുടെ കൈയിൽ പെട്ടാൽ പ്രയാസമാകും. സ്റ്റേഷൻ മാസ്റ്ററുടെ നിർദ്ദേശം മാനിക്കുന്നതാവും ഉചിതമെന്ന് ഞങ്ങൾക്കും തോന്നി.

പട്‌നയിലേക്ക് അവിടെ നിന്ന് കുറെ ദൂരമുണ്ട്. രണ്ട് മണിക്കൂറെങ്കിലും വേണം. സ്റ്റേഷനിൽനിന്നും പുറത്തുകടന്ന് ടൗണിലേക്ക് നടന്നു. ഏതോ വണ്ടിയിൽ വീണ്ടും പട്‌നയിലേക്ക്. രാത്രിയോടെയാണ് പട്‌ന റെയിൽവെസ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോമിലെ ഇരമ്പുന്ന മനുഷ്യജീവിതത്തിന്റെ അരികുചേർന്ന് കയ്യിലുള്ള കടലാസും ഷീറ്റും വിരിച്ച് കിടന്നു. യാത്രയുടെ പടവുകൾ അവസാനിച്ചിരുന്നില്ല.

പട്‌നയിൽ നിന്നും സാരനാഥിലേക്ക് തീവണ്ടിയുണ്ട്. പുലർച്ചെ അതിൽ കയറി സാരനാഥിലേക്ക് പോയി. ആറേഴുമണിക്കൂർ യാത്രയുണ്ട്. ഉച്ചകഴിഞ്ഞാണ് സാരനാഥിലെത്തിയത്. ബുദ്ധൻ ആദ്യം ധർമ്മോപദേശം നൽകിയതവിടെ വച്ചാണ്. സാരനാഥിലെ മാനുകളുടെ പാർക്കും ധർമസ്തൂപവും പ്രസിദ്ധമാണ്.

പട്‌നയിൽ നിന്നും സാരനാഥിലേക്ക് തീവണ്ടിയുണ്ട്. പുലർച്ചെ അതിൽ കയറി സാരനാഥിലേക്ക് പോയി. ആറേഴുമണിക്കൂർ യാത്രയുണ്ട്. ഉച്ചകഴിഞ്ഞാണ് സാരനാഥിലെത്തിയത്. ബുദ്ധൻ ആദ്യം ധർമ്മോപദേശം നൽകിയതവിടെ വച്ചാണ്. സാരനാഥിലെ മാനുകളുടെ പാർക്കും ധർമസ്തൂപവും പ്രസിദ്ധമാണ്. ജാതകകഥകളിലും ബുദ്ധമതചരിത്രത്തിലുമെല്ലാം സാരനാഥ് നിറഞ്ഞുനിൽക്കുന്നു. മാനുകളുടെ പാർക്കിലും അടുത്തുള്ള പ്രദർശനശാലയിലും മറ്റുമായി കുറെസമയം ഞങ്ങൾ ചിലവഴിച്ചു. അടുത്തു തന്നെയുള്ള ധർമസ്തൂപവും കണ്ട് വൈകുന്നേരത്തോടെ വാരണാസിയിലേക്ക് നീങ്ങി. വാരണാസി സാരനാഥിന് വളരെയടുത്താണ്. ഒരുമണിക്കൂറിൽ താഴെ മാത്രമെടുക്കുന്ന യാത്ര. സാരനാഥിൽ നിന്ന്. ഏതോ ബസ്സിൽ വാരണാസിയിൽ ചെന്നിറങ്ങി. അവിടെ ഒരു മുറിയെടുക്കാം എന്നുറച്ചു. പകലത്തെ നീണ്ട യാത്രകളും അലച്ചിലും ഞങ്ങളെ നന്നായി ക്ഷീണിപ്പിച്ചിരുന്നു. ബസ്സിറങ്ങി കുറച്ച് നടന്ന് നഗരപ്രാന്തത്തിലെ ഏതോ ചെറിയ ലോഡ്ജുകളിലൊന്നിൽ തങ്ങി.

മൂന്ന്

രാവിലെയുണർന്ന് ഗംഗാതീരത്തേക്ക് നടക്കുമ്പോൾ കിഴക്ക് വെളിച്ചം വീണിട്ട് ഏറെയായിരുന്നില്ല. ഗംഗാതീരത്തെ സ്നാനഘട്ടങ്ങൾ. മണികർണിക, ദശാശ്വമേധം... മണികർണികയിലെ അണയാത്ത ചുടലത്തീ... വാരണാസിയെക്കുറിച്ചുള്ള ഓർമകളും അറിവുകളും കൂട്ടിനുണ്ടായിരുന്നു. അവയെക്കുറിച്ചെല്ലാം തമ്മിൽ പറഞ്ഞ് ഏതെല്ലാമോ ഊടുവഴികളിലൂടെ ഞങ്ങൾ ഗംഗാതീരത്തേക്ക് നടന്നു. ഒരു വഴിതിരിഞ്ഞപ്പോൾ തീർത്തും അപ്രതീക്ഷിതമായ ഒരു ബോർഡ് കണ്ടു. ‘ഹോട്ടൽ’ എന്ന് മലയാളത്തിൽ! ഞങ്ങൾ വിസ്മയത്തിലാണ്ട് അവിടേക്ക് കയറി. പുറത്ത് ബോർഡൊക്കെയുണ്ടെങ്കിലും ചെറിയ ഒരു കുടുസ്സുമുറി. രണ്ടോ മൂന്നോ ബെഞ്ചും ഡസ്കും മാത്രം. ഞങ്ങൾ അവിടെയിരുന്ന് ഇഡ്ഡലിയും ചായയും കഴിച്ചു. നാട്ടിൽ നിന്ന് പുറപ്പെട്ടതിനുശേഷം ആദ്യമായി ലഭിക്കുന്ന കേരളീയ ഭക്ഷണമാണ്. പുറത്തൊരിടത്ത് അപ്രതീക്ഷിതമായി മലയാള ഭാഷയും ഭക്ഷണവും നമുക്കു മുന്നിലെത്തുമ്പോൾ അതു പകരുന്ന സന്തോഷം മറ്റൊന്നാണ്. ആ പുലർകാലത്തെക്കുറിച്ചുള്ള ഓർമയിൽ ഇപ്പോഴും ആ ആഹ്ലാദം കലർന്നുകിടക്കുന്നുണ്ട്. കടയുടമ നാട്ടിൽ നിന്നെത്തി പല വർഷങ്ങളായി കട നടത്തുന്ന ഒരാളാണ്. മിക്കവാറും മലയാളികൾ അവിടെയെത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിമറിഞ്ഞും’  എന്ന കവിതയാണോർത്തത്. പിൽക്കാലത്ത് സൂറിച്ചിലെ കേരള റസ്റ്റോറന്റിൽ ഉടമയായ കുട്ടൻ ചേട്ടനൊപ്പം ഇരുന്ന് മീൻകറി കഴിക്കുമ്പോഴും അതേ വരി തന്നെ മനസ്സിൽ വന്നു!
 കടയിൽ നിന്നിറങ്ങി ഗംഗാതീരത്തേക്ക് നടന്നു. മനസ്സിൽ  വെളിച്ചം പരക്കുന്നുണ്ടായിരുന്നു. എത്രയോ സഹസ്രാബ്ദങ്ങൾ പിന്നിട്ട മഹാപ്രവാഹമാണ്! നാഗരികതകൾ ഉയർന്നുപൊങ്ങുകയും മണ്ണടിയുകയും ചെയ്ത തീരം. ഐതിഹ്യങ്ങളും ജീവിതപ്രവാഹങ്ങളും കലർന്നൊഴുകുന്ന നദി. പുലർകാലവെളിച്ചം വീണ നടവഴികളിലൂടെ നടക്കുമ്പോൾ അങ്ങനെ പലതും മനസ്സിൽ വന്നു നിറഞ്ഞു. ഗംഗ നദി മാത്രമല്ല എന്നോർത്തു. അപരിമേയമായ കാലപ്രവാഹം! ‘ഹൂഗ്ലീ നീയൊരു നദിയല്ല!’  എന്ന് അയ്യപ്പപ്പണിക്കർ എഴുതിയതോർത്തു.

പുലർകാലത്ത് നദീതീരവും സ്നാനഘട്ടവുമെല്ലാം സജീവമാണ്. പ്രാർഥനകളും പൂജകളുമായി പലതരം ആളുകൾ. നദിയിൽ മുങ്ങിനിവരുന്ന ശിരസ്സുകൾ. പരന്നൊഴുകുന്ന നദിയിലെ പിതൃതർപ്പണങ്ങൾ! എല്ലാം കണ്ട് തീരത്തു കൂടെ ഞങ്ങൾ കുറെ നടന്നു. മണികർണികയിൽ അപ്പോഴും ചിതയെരിയുന്നുണ്ട്. സ്നാനഘട്ടങ്ങളിൽ ഗംഗയിൽ മുങ്ങി നിവർന്ന് തണുത്തു നിൽക്കുന്ന മനുഷ്യർ. ഭക്തിയും ജീവിതവും നൈരാശ്യങ്ങളും കലർന്നൊഴുകുന്ന മഹാകാളിയായ ഗംഗ ഞങ്ങൾക്കു മുന്നിലൂടെ ശാന്തമായി നീങ്ങി. നദീതീരത്ത് യാത്രികരെ കാത്ത് ചെറിയ തോണികൾ കിടപ്പുണ്ട്. അതിലൊന്നിൽ കയറി ഗംഗയിലൂടെ കുറെ സഞ്ചരിച്ചു. ഇരുപുറങ്ങളിലെയും എടുപ്പുകൾക്കും പടവുകൾക്കും നടുവിലൂടെ, ഗംഗയുടെ ജലസമൃദ്ധിയിൽ, കാലത്തിന്റെ മഹാപ്രയാണങ്ങളിൽ കണ്ണുനട്ടിരുന്നു.

വെയിൽ നന്നായി ഉയർന്നുതുടങ്ങിയപ്പോഴേക്കും ഗംഗയിലൂടെയുള്ള യാത്ര അവസാനിപ്പിച്ച് ഞങ്ങൾ പുറത്തേക്കു നടന്നു. ബനാറസിന്റെ വഴികൾ. ബനാറസ് പട്ടിന്റെ പ്രസിദ്ധി ഓർമയിലുണ്ടായിരുന്നു. വീടും കടയും ഒരുമിച്ചു പ്രവർത്തിക്കുന്ന വില്പനശാലകൾ നിറഞ്ഞ തെരുവുകൾ. അതിൽ ചില കടകളിൽ വെറുതെ കയറിയിറങ്ങി. ബനാറസ് സർവകലാശാല കൂടി കാണണമെന്ന് ഞങ്ങൾ കരുതിയിരുന്നു. നടത്തത്തിനിടയിൽ എവിടെയോവെച്ച് മുന്നിലെത്തിയ റിക്ഷയിൽ കയറി സർവകലാശാലയുടെ മുന്നിലിറങ്ങി. ഉച്ചയായിട്ടുണ്ട്. എങ്കിലും വെയിലിന്റെ കാഠിന്യമൊന്നും അനുഭവപ്പെട്ടില്ല. ബനാറസിന്റെ പ്രാചീനതകൾ ഏതെല്ലാമോ നിലകളിൽ ആ സർവകലാശാലയെയും വലയം ചെയ്യുന്നുണ്ട്. വിസ്‌തൃതമായ ക്യാമ്പസ്‌. കേരളത്തിന്‌ പുറത്തുള്ള സർവകലാശാലകളിലൊന്ന്‌ ആദ്യമായി കാണുകയാണ്‌. അതിന്റെ പരപ്പും പച്ചപ്പടർപ്പും നിറഞ്ഞ അപാരവിസ്‌തൃതി ഒരത്ഭുതമാണ്‌ ആദ്യം മനസിലുണർത്തിയത്‌. ഒരു പഠനശാഖയിൽ നിന്ന്‌ മറ്റൊന്നിലേക്ക്‌ നീങ്ങുന്ന വാടകവണ്ടികൾ. ആനി ബസന്റ്‌ മുതലുള്ളവരുടെ ചരിത്രസ്‌മൃതികൾ. അവിടെ അതെല്ലാം കൂടിക്കലർന്നിരിക്കുന്നു. പിൽക്കാലത്ത്‌ ദില്ലിയിലും ഓക്‌സ്‌ഫോഡിലും മറ്റുമായി ചരിത്രമിരമ്പുന്ന പല സർവകലാശാലകളിലൂടെയും നടക്കാൻ ഇടകിട്ടിയിട്ടുണ്ട്‌. ആദ്യകാഴ്‌ചയിൽ ബനാറസ്‌ ഉളവാക്കിയ വിസ്‌മയാദരങ്ങൾ അവ ജനിപ്പിച്ചിട്ടില്ല.

വാരണാസിയിൽ നിന്ന്‌ കാഠ്‌മണ്ഡുവിലേക്ക്‌ ബസ്സിൽ പോകാനാവും എന്നറിഞ്ഞത്‌ അപ്പോഴാണ്‌. അന്നുകൂടി അവിടെത്തങ്ങി പിറ്റേന്ന്‌ കൊൽക്കത്തയ്്‌ക്ക്‌ പുറപ്പെടാം എന്നായിരുന്നു ആദ്യത്തെ പദ്ധതി. പൊടുന്നനെ അതിൽ മാറ്റം വരുത്തി. േനപ്പാൾ അതിർത്തിയിലേക്ക്‌ ബസ്സുണ്ട്‌. അതിൽ പോകാം എന്ന്‌ മാഷ്‌ പറഞ്ഞു. നേപ്പാളിൽ പോകാൻ പാസ്പോർട്ട് വേണ്ട. മറ്റൊരു രാജ്യം കണ്ടുവരാമെന്ന സാധ്യതയുടെ പ്രലോഭനം ഞങ്ങൾക്ക് ചെറുക്കാൻ കഴിയില്ലായിരുന്നു. സന്ധ്യാസമയത്തെ ഗംഗാരതി ഉപേക്ഷിച്ച് വൈകുന്നേരത്തോടെ ബസ്‌ കയറി. പതിനാലു മണിക്കൂറോളം നീളുന്ന യാത്രയാണ്. വെയിൽ ചാഞ്ഞുതുടങ്ങിയപ്പോഴേക്കും ബസ്‌ പുറപ്പെട്ടു. വഴിയിലെവിടെയോ വണ്ടി നിർത്തിയപ്പോൾ പുറത്തിറങ്ങി ഭക്ഷണം കഴിച്ചു വന്ന് രാത്രിയോടൊപ്പം പതിയെ മയങ്ങി. വഴിയിലെവിടെയോ അതിദീർഘമായ ബ്ലോക്കിൽ കുടുങ്ങി ബസ്‌ മണിക്കൂറുകളോളം അനങ്ങാതെ കിടന്നു. രാത്രിയുടെ കനത്ത ഇരുട്ടിൽ നൂറുകണക്കിന് വാഹനങ്ങൾ ഇരുപുറത്തുമായി കാത്തുകിടക്കുന്നതിനിടയിൽ, ആ നിശ്ചലത അവസാനിക്കുന്നതും കാത്ത് ഞങ്ങൾ പാതിമയക്കത്തിലായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് ബസ്‌ നീങ്ങിത്തുടങ്ങിയത്. അതുകൊണ്ട് കാഠ്‌മണ്ഡുവിലെത്തിയപ്പോൾ ഉച്ചയായിരുന്നു. ബസ്സിൽ നിന്നിറങ്ങി ലോഡ്ജ് തിരക്കി നടന്നു. നഗരത്തിലെ ഒരു വീടിനു മുകളിലെ ചെറിയ മുറികളിലൊന്ന് കണ്ടെത്തി. മുറിയെടുത്തു.

കുളിയും ഭക്ഷണവും കഴിഞ്ഞ് പുറത്തിറങ്ങി കാഠ്‌മണ്ഡുവിന്റെ തെരുവിലൂടെ വെറുതെ നടന്നു. നേപ്പാളിന്റെ തലസ്ഥാനനഗരിയാണ്. നമ്മുടെ ഒരു വലിയ പട്ടണത്തിന്റെ പ്രതീതിയേ തോന്നിയുള്ളൂ. ബസ്സ്റ്റാന്റും നഗരപ്രാന്തങ്ങളുമെല്ലാം അതിസാധാരണതയുടെ മുദ്രകൾ മാത്രം പേറി നിന്നു. കാഠ്‌മണ്ഡുവിന് പുറത്താണ് പല പ്രധാന സന്ദർശകകേന്ദ്രങ്ങളും. ഇവിടെ തങ്ങി അവിടേക്കുള്ള യാത്ര ആസൂത്രണം ചെയ്യേണ്ടി വരും. ഞങ്ങൾ അതിന് തുനിഞ്ഞില്ല. എട്ടുദിവസം കഴിഞ്ഞാൽ കൊൽക്കത്തയിൽ നിന്ന് മടക്കത്തിനുള്ള സമയമാവും. കാഠ്‌മണ്ഡു അപ്രതീക്ഷിതമായി കയറിവന്ന ഒരിടമാണ്. അതുകൊണ്ട് നഗരദൃശ്യങ്ങൾക്കപ്പുറത്തേക്ക് യാത്ര തുടരാൻ നിവൃത്തിയില്ലായിരുന്നു. ഒരു ദിവസം നഗരത്തിൽ ചുറ്റിക്കറങ്ങാനേ കഴിഞ്ഞുള്ളൂ. പിറ്റേന്ന് കാഠ്‌മണ്ഡുവിൽനിന്ന് സിലിഗുഡിയിലേക്ക് ഞങ്ങൾ ബസ് കയറി.

ആറേഴുമണിക്കൂറുകൾ കഴിഞ്ഞാവണം ഇന്ത്യൻ അതിർത്തിയിലെത്തിയത്. ബസ്സിറങ്ങി ഇന്ത്യൻ അതിർത്തിയിലേക്ക് നടന്നു. പാസ്പോർട്ടും വിസയുമൊന്നും ആരും തിരക്കിയില്ല. അതിർത്തി കടന്ന് അല്പം നടന്നുവേണം സിലിഗുഡി ബസ്‌ കിട്ടുന്നിടത്തേക്ക് ചെല്ലാൻ. നടന്നുതുടങ്ങിയ എനിക്കും പിയേഴ്‌സൺമാഷിനും ചുറ്റും റിക്ഷകൾ വന്നു നിറഞ്ഞു. അതിലൊന്നിലേക്ക് ഞങ്ങൾ കയറി. നിർബന്ധപൂർവം കയറ്റി എന്നതാകും കൂടുതൽ ശരി. റിക്ഷക്കാരൻ ഞങ്ങളുടെ ബാഗ് വാങ്ങി ഇരിക്കാൻ സൗകര്യത്തിന് എന്ന മട്ടിൽ സീറ്റിനടിയിൽ വച്ചു. ഏകദേശം അര കിലോമീറ്ററിനപ്പുറം എത്തിയപ്പോഴേക്കും അനവധി സൈക്കിൾ റിക്ഷകൾ ഞങ്ങളെ വളയാൻ തുടങ്ങി. മാഷ് എന്തോ പന്തികേട് മണത്ത് റിക്ഷ നിർത്താൻ പറഞ്ഞു. അല്പംകൂടി മുന്നോട്ട് നീക്കിനിർത്തിയ റിക്ഷയിൽനിന്ന് പുറത്തിറങ്ങി ഞങ്ങൾ ബാഗ് എടുക്കാൻ മുതിർന്നു. പെട്ടെന്നാണ് ചുറ്റും വന്ന റിക്ഷകളിലെ വലിയൊരു സംഘം ആളുകൾ ഞങ്ങളെ വളഞ്ഞത്. അഞ്ഞൂറു രൂപയാണത്രേ അതിർത്തി കടന്നതിനുള്ള ചാർജ്‌. 1993‐ൽ ഞങ്ങൾക്കത് വലിയ തുകയാണ്. അക്രമിച്ചേക്കും എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന പത്തിരുപതുപേർ റിക്ഷകളിൽ ഞങ്ങളെ വളഞ്ഞിട്ടുണ്ട്.

പിയേഴ്‌സൺമാഷ് യാതൊരു ചാഞ്ചല്യവുമില്ലാതെ അത്യുച്ചത്തിൽ അവരെ വെല്ലുവിളിക്കുന്നുണ്ട്. ബഹളം മുറുകി വന്ന് കയ്യേറ്റത്തിന്റെ വക്കിലെത്തിയപ്പോൾ മാഷ് പെട്ടെന്ന് അകലെ ഒരു പോലീസുകാരനടുത്തേക്ക് നടന്നു. പിടിച്ചുപറിക്കൂട്ടം പോലെ തോന്നിച്ച ആ സംഘത്തിന് നടുവിൽ ഞാൻ പത്തുമിനിറ്റോളം തനിച്ചുനിന്നു. മടങ്ങിവന്ന മാഷ് ‘പോലീസ് പറഞ്ഞു’ എന്നുപറഞ്ഞ് ഞങ്ങളിരുന്ന റിക്ഷയിൽനിന്നും ബലമായി ബാഗുകൾ പുറത്തെടുത്തു. പോലീസ് പറഞ്ഞ തുകയാണ് എന്നു പറഞ്ഞ് അൻപത് രൂപയോ മറ്റോ കൊടുത്തിട്ട് അടുത്തുകണ്ട ബസ് സ്റ്റാന്റിലേക്ക് പാഞ്ഞു. അതിവേഗത്തിൽ ഓടിച്ചെന്ന് സിലിഗുഡിയിലേക്കുള്ള ഒരു ബസ്സിലേക്ക് ചാടിക്കയറി.

റിക്ഷകളിൽ ആ സംഘം ഞങ്ങൾക്കുനേരെ ആക്രോശങ്ങളുമായി വരുന്നുണ്ടായിരുന്നു. എങ്കിലും ബസ്സിൽ കയറും മുമ്പ് ഞങ്ങളെ പിടികൂടാൻ അവർക്ക് കഴിഞ്ഞില്ല. ഓടിത്തുടങ്ങിയ ബസ്സിൽ കയറി പിന്നിലെ സീറ്റുകളിലൊന്നിൽ ഇരുന്നു. കുറെ നേരം കൂടി അവർ പിന്നിലുണ്ടായിരുന്നു.

റിക്ഷകളിൽ ആ സംഘം ഞങ്ങൾക്കുനേരെ ആക്രോശങ്ങളുമായി വരുന്നുണ്ടായിരുന്നു. എങ്കിലും ബസ്സിൽ കയറും മുമ്പ് ഞങ്ങളെ പിടികൂടാൻ അവർക്ക് കഴിഞ്ഞില്ല. ഓടിത്തുടങ്ങിയ ബസ്സിൽ കയറി പിന്നിലെ സീറ്റുകളിലൊന്നിൽ ഇരുന്നു. കുറെ നേരം കൂടി അവർ പിന്നിലുണ്ടായിരുന്നു.

ബസ്സിന് വേഗം കൂട്ടിയതോടെ അവർ പിൻവാങ്ങി. പതിയെ ഞങ്ങൾ സ്വാസ്ഥ്യത്തിലേക്ക് മടങ്ങി. നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ ഒരു നടുക്കം ഉള്ളിലൂടെ തീനാളംപോലെ പാഞ്ഞുപോയി. അപരിചിതമായ ഏതോ ഒരതിർത്തിയിൽ ഒരു തെമ്മാടിക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് എങ്ങനെയോ പുറത്തെത്തിയതാണ്. ഞങ്ങൾ ആരാെണന്നോ എവിടെയാണെന്നോ അറിയാവുന്ന ഒരാൾ പോലും അവിടെയില്ല. ഒരപകടം പിണഞ്ഞാൽ ലോകം അറിയുക പോലുമില്ലായിരുന്നു. ആ അപകടമുനമ്പിൽ നിന്നാണ് പിയേഴ്‌സൺമാഷിന്റെ വിപദിധൈര്യം കൊണ്ട് പുറത്തുകടന്നത്. എന്താണ് ആ പോലീസുകാരൻ പറഞ്ഞതെന്ന് ഞാൻ പിന്നീട് മാഷിനോട് ചോദിച്ചു. അയാൾ പാസ്പോർട്ട് ചോദിക്കുകയാണത്രെ ചെയ്തത്! ബാഗിൽനിന്ന് എടുത്തിട്ടു വരാം എന്നുപറഞ്ഞാണ് മാഷ് തിരിച്ചുവന്നത്.

സിലിഗുഡിയിലെത്തി അന്നവിടെ തങ്ങി. പിറ്റേന്ന് പുകഴ്പെറ്റ മീറ്റർഗേജ് ട്രെയിനിൽ ഡാർജിലിംഗിലേക്ക് പോയി. മലനിരകളിലൂടെ ചൂളം വിളിച്ച് പതിയെ നീങ്ങുന്ന വണ്ടി. അതിലെ സൈഡ് സീറ്റിൽ പുറത്തെ കാഴ്ചകളും തണുപ്പും നുകർന്ന് ഞങ്ങൾ ഇരിക്കുമ്പോൾ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ വിദൂര സ്മൃതിപോലെയായിരുന്നു. മലകയറുമ്പോൾ വണ്ടിയുടെ വേഗം വളരെ കുറയും. ചിലപ്പോൾ അത് നടത്തത്തേക്കാളും പതുക്കെയാവും. അരികിലെ വൃക്ഷത്തലപ്പുകളിലും മറ്റും തൊടാം. ഉച്ചയ്‌ക്ക്‌ മുമ്പ് ഡാർജിലിംഗിലെത്തി. പകൽമുഴുവൻ അവിടെ അലഞ്ഞു. അതുവരെ കണ്ടതിൽനിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയും മനുഷ്യരും. ഡാർജിലിംഗിൽ ഞങ്ങൾ തങ്ങിയില്ല. ഒരുദിവസം പകൽ മുഴുവൻ അവിടെ അലഞ്ഞ് സിലിഗുഡിയിലേക്കു തന്നെ മടങ്ങി. അവിടെ നിന്നും അവസാനത്തെ താവളമായ കൊൽക്കത്തയിലേക്കും.

നാല്

സിലിഗുഡിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള മടക്കം ബസ്സിൽ തന്നെയായിരുന്നു. അതിദീർഘമായ ബസ്സ് യാത്രകൾക്ക് അവസാനമാവുകയാണല്ലോ എന്നു സന്തോഷം തോന്നി. ദിവസങ്ങൾ നീളുന്ന ബസ്‌യാത്രകളിൽ ആയാസമനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വഴിയിലൊരിടത്ത് പോലീസ് പരിശോധനയുണ്ടായിരുന്നു. അത് ഡാർജിലിംഗ് പ്രക്ഷോഭത്തിന്റെ കാലമാണ്. ഞങ്ങളുടെ പക്കലുള്ള പുസ്തകക്കെട്ട് കണ്ട് പോലീസുകാരിലൊരാൾക്ക് സംശയമായി. പട്‌നയിൽനിന്നും വാങ്ങിയ സെക്കന്റ്ഹാന്റ് പുസ്തകമാണ്. യൂജിൻ ഒനീലിന്റെ സമ്പൂർണ കൃതികൾ. മൂന്നു വാല്യമുണ്ട്. പോലീസ് അതെടുത്ത് പരിശോധന തുടങ്ങി. വലിയ പുസ്തകങ്ങളാണ്, നാടകമാണ് എന്നൊന്നും പറഞ്ഞിട്ട് ഫലിച്ചില്ല. ഒനീലിനെയൊന്നും പോലീസുകാർക്കറിയില്ലല്ലോ! അതറിയേണ്ട കാര്യവുമില്ല. നിരോധിത സാഹിത്യമാണെന്ന തോന്നലാവണം അവർക്ക്. അല്ലെന്നുള്ള വിശദീകരണത്തിന് ഫലമുണ്ടായതുമില്ല. പുറത്തുണ്ടായിരുന്ന ഇൻസ്പെക്ടറുടെ അടുത്ത് കാര്യങ്ങൾ വിശദമായി പറഞ്ഞപ്പോഴാണ് അവർക്ക് സംശയം തീർന്നത്. കേരളത്തിലേക്ക് പുസ്തകവുമായി പോകുന്ന യാത്രികരോട് അയാൾക്ക് ചെറിയൊരു ആദരവ് വന്നതായി തോന്നി.

കൊൽക്കത്തയിൽ എത്തിയത് ഉച്ചകഴിഞ്ഞാണ്. പകലിന് നല്ല ചൂട്. ഒരാഴ്ചയോളം അവിടെ തങ്ങണം. ഏറ്റവും കുറഞ്ഞ വാടകയിൽ ഒരു മുറി വേണം. ഏറെയലഞ്ഞപ്പോൾ നഗരത്തിനുള്ളിൽത്തന്നെ ഒരിടം കിട്ടി. മുറി എന്നൊന്നും പറയാനില്ല. ഒരാൾക്ക് അകത്ത് കിടക്കാം. കാൽ മുഴുവൻ നീട്ടിക്കിടക്കാനാവില്ല. മുറിക്ക് അത്രയും വീതിയുള്ളതല്ല. കാൽ മുഴുവനായി നിവർത്തണമെങ്കിൽ ഭിത്തിയിലേക്ക് ഉയർത്തി വയ്ക്കണം. പുറത്തെ വരാന്തയിൽ സിമന്റിൽ പണിത ചാരുബഞ്ചുപോലൊന്നുണ്ട്. ഒരാൾക്ക് അവിടെയും കിടക്കാം. ഞങ്ങൾ ആ മുറി എടുത്തു. ചെറിയ വാടകയാണ്. ദിവസം എഴുപതു രൂപയോ മറ്റോ. ബാഗുകളും മറ്റും സൂക്ഷിക്കലാണ് പ്രധാനം. പിന്നെ കുളിയും ഉറക്കവും. അതിനാ മുറി ധാരാളമായിരുന്നു. എവിടെയും ഉറങ്ങാവുന്ന പ്രായവും കാലവും. ഇനിയതിന് കഴിയുമോ എന്നറിയില്ല.

കൊൽക്കത്ത നഗരം

കൊൽക്കത്ത നഗരം

കൊൽക്കത്ത മിക്കവാറും നടന്നാണ് കണ്ടത്. ആദ്യമായി ആ മഹാനഗരത്തിലെത്തിയതാണ്. കോളനിവാഴ്ചയുടെ അവശിഷ്ട പ്രതാപങ്ങൾ തലയുയർത്തി നിൽക്കുന്ന നഗരം. ക്ഷീണിച്ചുതുടങ്ങിയെങ്കിലും പഴയ പ്രൗഢിയുടെ ശേഷിപ്പുകൾ അപ്പോഴുമുണ്ടായിരുന്നു. എല്ലാദിവസവും രാവിലെ മുറിയിൽ നിന്നിറങ്ങും. വഴിവക്കിൽനിന്ന് പൂരിയോ മറ്റോ കഴിച്ച് യാത്ര തുടങ്ങും. ഗ്രാമങ്ങളിൽനിന്ന് വഴിവക്കിലേക്ക് എത്തുന്ന പച്ചക്കറി വില്പനക്കാരിൽനിന്ന് കുറച്ച് തക്കാളി വാങ്ങും. പറിച്ച പാടെയുള്ളതാണ്. പകൽ നടപ്പിനിടയിൽ അതാണ് ഭക്ഷണം. പലദിവസങ്ങൾ എടുത്ത് നഗരവും പരിസരവും മുഴുവൻ അലഞ്ഞു. വിക്ടോറിയ, ഹൗറ, വില്യം ഫോർട്ട്, പരേഡ് ഗ്രൗണ്ട്, ഇന്ത്യാ മ്യൂസിയം, കോളേജ് സ്ട്രീറ്റ്, കാളീഘട്ട്... എല്ലാം നടന്നുകണ്ടു. ചുരുക്കം ഇടങ്ങളിലേക്ക് ഓട്ടോറിക്ഷയും ബസ്സും. അകലെയാണെങ്കിലും ഈ നഗരം ഞങ്ങൾക്ക് അപരിചിതമായിരുന്നില്ല! താരാശങ്കർ, വിഭൂതിഭൂഷൺ, സത്യജിത്‌ റായ്, ഘട്ടക്ക്... ബംഗാളും കൊൽക്കത്തയും മലയാളിയുടെ ഭാവുകത്വത്തിന് ഒപ്പമുണ്ടായിരുന്ന ഒരു കാലത്തിലൂടെ വളർന്നവരായിരുന്നു ഞങ്ങൾ. ഒരുദിവസം ശാന്തിനികേതനിലേക്ക് പോയി. ബേലൂരും മറ്റും ഓർമയിലുണ്ടായിരുന്നുവെങ്കിലും ആ യാത്രയിൽ അവിടെ പോകാനായില്ല. അടുത്തതവണ എന്നത് മനസ്സിൽ മാറ്റിവച്ചു.

എല്ലാ മനുഷ്യർക്കും ഇടമുള്ള നഗരമാണ് കൊൽക്കത്ത. മഹാപ്രതാപികൾക്കൊപ്പം പരമ ദരിദ്രരും അവകാശബോധത്തോടെ ആ മഹാനഗരിയുടെ തെരുവുകളിലുണ്ട്. ആ യാത്രയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ഞങ്ങൾ ജീവിച്ചതും അവിടെയാവണം. പിന്നീട് പലതവണ കൊൽക്കത്തയിലേക്ക് പോയി. സാഹിത്യ അക്കാദമിയും കൊൽക്കത്ത കൈരളിസമാജവും ചേർന്നൊരുക്കിയ ടാഗോർ സെമിനാറിൽ പങ്കെടുക്കാനായിരുന്നു ഒന്ന്. വൈശാഖൻ മാഷ്, ശാരദക്കുട്ടി ടീച്ചർ, കെ എം അനിൽ, ഇ പി രാജഗോപാലൻ, സുനിൽ ഞാളിയത്ത്, കെ പി മോഹനൻ മാഷ് തുടങ്ങിയവരെല്ലാം ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. സെമിനാറും നഗരയാത്രകളുമെല്ലാമായി അത് ഏറെ ഹൃദ്യമായിരുന്നു. സമുദ്രവിശാലതയിലേക്ക് ഒഴുകി നീങ്ങുന്ന ഹുഗ്ലിയുടെ തീരത്ത് വൈശാഖൻ മാഷിനൊപ്പം ഇരുന്ന് ധാരാളം കഥപറഞ്ഞു. ജൊറസങ്കോവിലെ ടാഗോർ ഭവനത്തിൽ നിൽക്കുമ്പോൾ രവീന്ദ്രനാഥടാഗോർ പാടിയ ജനഗണമനയുടെ ഓഡിയോ ക്ലിപ്പ് എന്റെ ഫോണിലുണ്ടായിരുന്നത് ഞാനും ഇ പി രാജഗോപാലനും കെ എം അനിലുമെല്ലാം ഒരുമിച്ചിരുന്ന് കേട്ടു. ഒരു നൂറ്റാണ്ടിനപ്പുറത്തുനിന്നും ചരിത്രം ആ ശബ്ദ വീചികളിലൂടെ അലയടിച്ചെത്തി.

കൈരളീസമാജത്തിന്റെ ആഭിമുഖ്യത്തിൽ മഹാഭാരത പ്രഭാഷണം നടത്താനാണ് പിന്നീട് കൊൽക്കത്തയിലെത്തിയത്. പ്രഭാഷണം കഴിഞ്ഞ് ഒരാഴ്ചകൂടി കൊൽക്കത്തയിൽ തങ്ങി. പൊന്നാനിയിലെ ടി കെ ഗോപാലേട്ടനാണ് കൈരളി സമാജത്തിന്റെ ഹൃദയനാഡി. ഗോപാലേട്ടന്റെ വീട്ടിലാണ് തങ്ങിയത്. ഗോപാലേട്ടൻ പതിറ്റാണ്ടുകളായി കൊൽക്കത്തയിലാണ്. പ്രിയസുഹൃത്തും കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത്‌ അന്നവിടെയുണ്ടായിരുന്നു. സുസ്മേഷിനൊപ്പം കുറെ സഞ്ചരിച്ചു. ഉൾനാടുകളും നഗരപ്രാന്തങ്ങളുമെല്ലാം. ബേലൂരും മറ്റും പോയതപ്പോഴാണ്. കാലപ്രവാഹത്തിനിടയിൽ കൊൽക്കത്ത ഞങ്ങളുടെ ബന്ധുദേശവുമായി. മകൾ ജാനകിയുടെ ജീവിതപങ്കാളി നിലോയ്ന്ദുറോയ് ബംഗാളിലെ ചിത്തരഞ്ജൻ സ്വദേശിയാണ്. മകളോടൊപ്പം ബാംഗ്ലൂരിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ് സയന്റിഫിക് റിസർച്ചിൽ   ഗവേഷകനാണ് നിലോയ്ന്ദു. പ്രസേൻജിത്ത് റോയിയുടേയും ഝർണസിലിന്റേയും മകൻ.

നിലോയ്ന്ദുവിന്റെ വീട്ടിലേക്കുള്ള യാത്രയുടെ ഭാഗമായാണ് ഇത്തവണ കൊൽക്കത്തയിലെത്തിയത്. സമയക്കുറവുമൂലം ചിത്തരഞ്ജനിലേക്കുള്ള യാത്ര നടന്നില്ല. മൂന്നുദിവസം മാത്രമേ നിലോയ്ന്ദുവിനും ജാനകിക്കും അവധിയുണ്ടായിരുന്നുള്ളൂ. ആ ദിവസങ്ങളിൽ കൊൽക്കത്തയിലെ അവരുടെ ഫ്ളാറ്റിൽ തങ്ങി. മീന, മാധവൻ, ജാനകി, നിലോയ്ന്ദു എന്നിവർക്കൊപ്പം വിക്ടോറിയയിലും മറ്റും നടക്കുമ്പോൾ രണ്ടു പതിറ്റാണ്ടിനപ്പുറം വിക്ടോറിയക്കുമുന്നിൽ നടന്നെത്തിയതിന്റെയും അവിടത്തെ പുൽപരപ്പിൽ കിടന്നതിന്റെയും ഓർമ എനിക്കുണ്ടായിരുന്നു.

കൊൽക്കത്തയിൽനിന്നും ഒരാഴ്ചയോളം കഴിഞ്ഞാണ് ഞാനും മാഷും മടങ്ങിയത്. മടങ്ങുന്ന ദിവസം അവധി ദിവസമായിരുന്നു. ഏതോ ഉത്സവദിനം. അവധി അവിടെ സമ്പൂർണമാണ്. ബന്ദ് പോലെ. ഓട്ടോറിക്ഷകളോ കാറുകളോ ഇല്ല. മുറിയിൽ നിന്നും റെയിൽവെ സ്റ്റേഷൻവരെ ബാഗുകളും മറ്റുമായി നടന്നു. കോളേജ് സ്ട്രീറ്റിൽനിന്നും വാങ്ങിയ പുസ്തകങ്ങളും മറ്റുമായി ലഗേജിന് കനമേറിയിരുന്നു. വൈകുന്നേരമായിരുന്നു ട്രെയിൻ പുറപ്പെട്ടത്. എങ്കിലും ഒരുദിവസത്തെ വാടക ഒഴിവാക്കാൻ ഉച്ചയോടെതന്നെ ഞങ്ങൾ ലോഡ്ജിൽനിന്നിറങ്ങി. വൈകുന്നേരം ട്രെയിൻ കൊൽക്കത്ത സ്റ്റേഷൻ വിടുമ്പോൾ നീണ്ട അലച്ചിലുകളുടെ ക്ഷീണത്തിലും ഞങ്ങൾ സന്തുഷ്ടരായിരുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറവും അതിന്റെ തിരയടികൾ ബാക്കിയുണ്ട്. 'കാലമേ നിനക്കഭിനന്ദനം...!' എന്ന് പിന്നെയും മനസ്സിലോർക്കുന്നു! യാത്ര തുടരുന്നു! .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top