20 April Saturday

വേരുകൾ -ഡോ.സുനിൽ പി ഇളയിടത്തിന്റെ പംക്തി ഇരുപത്തിനാലാം ഭാഗം

സുനിൽ പി ഇളയിടംUpdated: Tuesday Sep 20, 2022

ആൽഫ പാലിയേറ്റീവിന്റെ പറവൂർ ശാഖ

ക്ഷേത്രവും ചുറ്റുവട്ടവും കേന്ദ്രീകരിച്ച് വലിയ സൗഹൃദമൊന്നും വളർന്നുവന്നില്ല. അമ്പലമുറ്റത്തെ കളിക്കളം ഹിന്ദുത്വത്തിന്റേതായിരുന്നു. അച്ഛൻ ആദ്യമേ വിലക്കിയതുകൊണ്ട് അതിൽ ഒട്ടും പങ്കാളിയായതുമില്ല. തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ വലിയ നീക്കിയിരിപ്പുകളിലൊന്ന് ആ വിലക്കാണെന്ന് തിരിച്ചറിയാനാവുന്നുണ്ട്.

ഒന്ന്

വീടിന് മുന്നിലെ റോഡിന്റെ മറുപുറത്ത് പള്ളിയാണ്. സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി. 'വിശുദ്ധനായ സെബസ്ത്യാനോസേ/ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കേണമേ......' എന്ന ഗാനം പതിഞ്ഞസ്വരത്തിൽ പള്ളിമണികൾക്കൊപ്പം എല്ലാ ദിവസവും ഞങ്ങളെ തേടിവരും. എന്താണ് ആ പാട്ടിന്റെ പൊരുൾ എന്നറിയുമായിരുന്നില്ല. അതിനുപിന്നിലെ ഐതിഹ്യവും ചരിത്രവുമെല്ലാം പിന്നീടാണ് അറിഞ്ഞത്.  വിശ്വാസത്തിൽ പണിതെടുക്കപ്പെട്ട രക്തസാക്ഷിത്വത്തിന്റെ കഥ. നാട്ടിലെ നൂറുകണക്കിന് പേരുടെ ദൈവബോധത്തിന്റെ ആധാരം അതായിരുന്നു.

അരനൂറ്റാണ്ട് മുമ്പ്‌ വീടിനു മുന്നിലെ റോഡ് തീരെ ചെറുതായിരുന്നു; തിരക്കൊഴിഞ്ഞതും. നൂറുമീറ്റർ അകലെ പുഴക്കടവിലേക്ക് വഴിതിരിയുന്നിടത്ത് ബസ്സുകളുടെ യാത്ര അവസാനിക്കും. കിഴക്കും തെക്കും പടിഞ്ഞാറും പുഴകളാണ്. അവയ്ക്ക് കുറുകെ അന്ന് പാലമൊന്നുമില്ല.

അതുകൊണ്ട് നാട്ടിലേക്കുള്ള ബസ്സുകളും വാഹനങ്ങളും ഇവിടേക്കുമാത്രമായി വരുന്നവയായിരുന്നു. മറ്റൊരിടത്തേക്ക് അതിലൂടെ പോകാനാവില്ല. ഒരു മണിക്കൂറിനിടയിൽ ഒരു ബസ്സൊക്കെയേ കാണൂ. ചിലപ്പോൾ ആ ഇടവേളകളുടെ ദൈർഘ്യം വീണ്ടും കൂടും. ഉച്ചനേരങ്ങളിൽ പൊള്ളുന്ന വെയിലിനൊപ്പം ഗാഢമായ നിശ്ശബ്ദതയും ഞങ്ങളെ വലയം ചെയ്യും. റോഡിലൂടെ വല്ലപ്പോഴും കടന്നുപോകുന്ന ഏതെങ്കിലുമൊരു വണ്ടിയുടെ ശബ്ദം മാത്രം.

വീടിനു തൊട്ടടുത്തായിരുന്നു സ്കൂൾ. അമ്പത് മീറ്റർ അകലം മാത്രം. സർക്കാർ യുപി  സ്കൂൾ. സാധാരണ ജോലികളിലും കൃഷിപ്പണിയിലും മുഴുകി ജീവിക്കുന്നവരായിരുന്നു നാട്ടിലുള്ളവർ അധികവും. അവരുടെ കുട്ടികളായിരുന്നു ക്ലാസിൽ ഭൂരിപക്ഷവും. ജീവിതത്തിന്റെ ഇരുകരകളും കൂട്ടിമുട്ടിക്കാനുള്ള അവസാനമില്ലാത്ത ശ്രമങ്ങളിൽ അവരുടെ സ്വപ്നങ്ങളും പ്രത്യാശകളും ആണ്ടുപോയി.

കോട്ടുവള്ളി ഗവ. സ്‌കൂൾ

കോട്ടുവള്ളി ഗവ. സ്‌കൂൾ

വലിയൊരു പൈൻമരവും ചെറിയൊരാലും സ്കൂളിനുമുന്നിൽ തണൽവീശി നിന്നിരുന്നു. പൈൻമരം അടുത്ത കാലത്ത് മുറിച്ചുമാറ്റി. ആൽമരം വളർന്നു വലുതായി. റോഡിന് കിഴക്കുഭാഗത്തുള്ള സ്കൂളിൽ വിശാലമായ കളിമുറ്റം ഉണ്ടായിരുന്നു. സ്കൂൾ തുടങ്ങുന്നതിനു മുമ്പും വൈകുന്നേരങ്ങളിലും ആ കളിമുറ്റത്താണ് ഞങ്ങളുടെ ജീവിതത്തിലെ വലിയ പാഠങ്ങളിൽ പലതും അരങ്ങേറിയത്.

സ്കൂളിന് മുന്നിൽ, റോഡിന് പടിഞ്ഞാറുവശത്തായി ഒരുനിര കടകൾ. അതിനും പിന്നിൽ ഒഴിഞ്ഞുകിടക്കുന്ന വിശാലമായ പറമ്പ്. നാട്ടിലെ കരയോഗം വക കെട്ടിടവും സ്ഥലവുമാണ്. അരനൂറ്റാണ്ടിനുശേഷവും അതെല്ലാം അങ്ങനെതന്നെ തുടരുന്നു. കടകളുടെ നടത്തിപ്പുകാർ മാറിയെന്നുമാത്രം. ആ കടകളിലൊന്നിൽ നിന്നാണ് പെൻസിലും മറ്റും വാങ്ങുക.

അപൂർവമായി മിഠായിയും. അഞ്ചുപൈസയ്ക്കു കിട്ടുന്ന ആ മിഠായിയായിരുന്നു അക്കാലത്തെ ഏറ്റവും വലിയ മോഹം. വല്ലപ്പോഴും അമ്മയോട് പത്തുപൈസ ചോദിച്ചു വാങ്ങും. രണ്ടു മിഠായികൾക്കുള്ളതാണ്. ഇടവേള സമയത്ത് കൂട്ടുകാരിൽ ആർക്കെങ്കിലും ഒപ്പം അതുപോയി വാങ്ങും. അമ്പതോളം വർഷങ്ങൾക്കുശേഷവും ആ മധുരം നാവിലുണ്ട്.

രണ്ടാംക്ലാസ് വിദ്യാർഥിയായപ്പോഴാണ് കോട്ടുവള്ളി യുപി സ്കൂളിലെത്തിയത്. അമ്മയുടെ വീടിനടുത്ത് പുതിയകാവ് എൽപി  സ്കൂളിലായിരുന്നു പഠനം തുടങ്ങിയത്. അക്കാലത്തെക്കുറിച്ചുള്ള ഓർമകളിൽ സ്കൂൾ ഇല്ല. മഴക്കാലങ്ങളിൽ വെള്ളം വന്നുകയറുന്നതിന്റെ ഓർമകളാണ് മായാതെയുള്ളത്. ഇടുക്കി അണക്കെട്ടിന് മുമ്പുള്ള കാലം. എല്ലാ വർഷത്തിലും പെരിയാർ കരകവിയും. വീട്ടുമുറ്റത്തും പറമ്പിലും വഴികളിലുമെല്ലാം വെള്ളമെത്തും. മുട്ടോളം വെള്ളം.

രണ്ടാംക്ലാസ് വിദ്യാർഥിയായപ്പോഴാണ് കോട്ടുവള്ളി യുപി സ്കൂളിലെത്തിയത്. അമ്മയുടെ വീടിനടുത്ത് പുതിയകാവ് എൽപി  സ്കൂളിലായിരുന്നു പഠനം തുടങ്ങിയത്. അക്കാലത്തെക്കുറിച്ചുള്ള ഓർമകളിൽ സ്കൂൾ ഇല്ല. മഴക്കാലങ്ങളിൽ വെള്ളം വന്നുകയറുന്നതിന്റെ ഓർമകളാണ് മായാതെയുള്ളത്. ഇടുക്കി അണക്കെട്ടിന് മുമ്പുള്ള കാലം. എല്ലാ വർഷത്തിലും പെരിയാർ കരകവിയും. വീട്ടുമുറ്റത്തും പറമ്പിലും വഴികളിലുമെല്ലാം വെള്ളമെത്തും. മുട്ടോളം വെള്ളം.

അമ്മയുടെ വീട്ടിൽ ഒരു ചെറുവഞ്ചിയുണ്ടായിരുന്നു. അതിലും കൂട്ടിക്കെട്ടിയ വാഴത്തടകളിലും ഇരുന്ന് പറമ്പിലും വഴിയിലുമെല്ലാം തുഴഞ്ഞുനടക്കും. ആദ്യത്തെ ഓർമകളിൽ ഇന്നും നല്ല തെളിച്ചമുള്ളത് ആ ജലകേളിക്കാണ്. അമ്മയുടെ വീട്ടിൽനിന്നും കോട്ടുവള്ളിയിലെ വീട്ടിലേക്ക് എത്തിയതോടെ വെള്ളപ്പൊക്കം പഴയൊരോർമയായി. പുതിയ സ്ഥലവും അവിടത്തെ ജീവിതവും. അതിന്റെ പ്രകാരങ്ങൾ വേറെയായിരുന്നു. റോഡിനോട് ചേർന്ന വീടും പള്ളിയും സ്കൂളും മറ്റുമായി പുതിയൊരിടം. ഉൾനാട്ടിലേക്ക് ഏറെ പിൻവാങ്ങിനിന്ന അമ്മയുടെ വീട്ടിൽനിന്നും അതൊരു പുതുലോകമായിരുന്നു.

പള്ളിയും പള്ളിമുറ്റവുമായിരുന്നു അക്കാലത്തെ കളിക്കളം. ആണ്ടോടാണ്ട് രണ്ടു പെരുന്നാളുകൾ. പ്രദക്ഷിണം, ബാന്റുമേളം. മുത്തുക്കുടയുമായുള്ള ഘോഷയാത്രകൾ, വെടിക്കെട്ട്, കളിപ്പാട്ടവുമായി എത്തുന്ന കടകൾ. കൂട്ടുകാരോടൊപ്പം പള്ളിമുറ്റത്താണ് ആ ദിവസങ്ങൾ മുഴുവൻ ചെലവഴിക്കുക. പള്ളിമണിയുടെ മുഴക്കം കേട്ട് പള്ളിയോടു ചേർന്നുള്ള ചെറിയ കെട്ടിടത്തിന്റെ വരാന്തയിൽ ഇരിക്കലായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഹ്ലാദം.

 സെയിന്റ്- സെബാ-സ്റ്റ്യൻസ്- പള്ളി

സെയിന്റ്- സെബാ-സ്റ്റ്യൻസ്- പള്ളി

ആ ചെറിയ കെട്ടിടത്തിനു മുന്നിൽ നിന്നാണ് പകൽ മുഴുവൻ ബാന്റുമേളക്കാർ ബാന്റ് വായിക്കുക. പ്രദക്ഷിണത്തിനുമാത്രമേ അവർ പുറത്തേക്കു നീങ്ങൂ. ബാന്റുമേളത്തിലെ വിവിധ ഉപകരണങ്ങൾ കുട്ടിക്കാലത്തിന്റെ വലിയ വിസ്മയമായിരുന്നു. അവയുടെ മായികശബ്ദത്തിൽ മുഴുകി അതു വായിക്കുന്നവരിൽ കണ്ണുനട്ട് ദിവസം മുഴുവൻ ചെലവഴിക്കും.

പള്ളിയിൽനിന്ന് പ്രദക്ഷിണം പുറപ്പെടുമ്പോൾ ഏറ്റവും പിന്നിലെ ചെറിയ ആൾക്കൂട്ടത്തോടൊപ്പം നടക്കും. ചിലപ്പോൾ രണ്ടുകിലോമീറ്ററോളം അകലെയുള്ള കപ്പേള വരെ നടത്തം നീളും. ചിലപ്പോഴത് പാതിവഴിയിൽ മുറിയും.

മതാതീതമായ ജീവിതത്തിന്റെ ആദ്യപാഠങ്ങൾ കൈവന്നതും പള്ളിമുറ്റത്തുനിന്നാണ്. കുട്ടിക്കാലം മുതൽക്കേ കൂട്ടുകാർക്കൊപ്പം അവിടെ കളിക്കാൻ പോയിരുന്നു. താരതമ്യേന മെച്ചപ്പെട്ട ഒരു വോളിബോൾ ടീം അന്ന് നാട്ടിലുണ്ട്. അവർ ചിലപ്പോഴൊക്കെ കുട്ടികളെയും കൂട്ടും. അങ്ങനെ പതിയെപ്പതിയെ ആ സംഘത്തിന്റെ ഭാഗമായി. കളിയിൽ മികവൊന്നും ഒരിക്കലും കൈവന്നില്ല.

വോളിബോളിൽനിന്ന് തൊട്ടപ്പുറത്തെ സ്കൂൾ ഗ്രൗണ്ടിലെ ഫുട്ബോളിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും ഫുട്ബോളിൽ കാലുറപ്പിക്കാനേ കഴിഞ്ഞില്ല. എങ്കിലും ആ കളിക്കളങ്ങൾ വലിയ ജീവിതപാഠങ്ങളായി മാറി. ബാല്യത്തിൽ ജാതിക്കും മതത്തിനും കുറുകെ നീങ്ങുന്ന ഇടങ്ങളായിരുന്നത് അവ മാത്രമായിരുന്നു.

പള്ളിയോട് ചേർന്നുള്ള ലത്തീൻ ക്രൈസ്തവരുടെയും നാട്ടിലെ കർഷകതൊഴിലാളികളുടെയും വീടുകളിൽ നിന്നുള്ളവരാണ് കളിമുറ്റത്തെത്തിയവരിലേറെയും. അവർക്കൊപ്പം നാലഞ്ചുവർഷക്കാലം പള്ളിമുറ്റത്ത് കളിച്ചാണ് ബാല്യവും കൗമാരവും പിന്നിട്ടത്. കളികഴിഞ്ഞ് ചിലപ്പോഴൊക്കെ പള്ളിപ്പറമ്പിലെ മാങ്ങ പൊട്ടിച്ചുതിന്നു.

വികാരിയുടെ പള്ളിമേടയോടു ചേർന്നുള്ള പൈപ്പിൽനിന്ന് വെള്ളം കുടിച്ച് ദാഹമകറ്റി. കളികഴിഞ്ഞ് വിയർപ്പാറാനായി ഞങ്ങൾ ഏറെനേരം അവിടെയിരിക്കും. ചിലപ്പോഴൊക്കെ രാത്രി വൈകുംവരെ അത് നീളും. നീണ്ടുനീണ്ടുപോകുന്ന സംസാരങ്ങൾ. ചുറ്റുമുള്ള ജീവിതത്തിലേക്ക് പലവഴിക്ക് തുറക്കുന്ന സംഭാഷണങ്ങളായിരുന്നു അവയെല്ലാം. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കൗതുകകരമായി തോന്നുന്ന കാര്യമുണ്ട്. എന്നെ സംബന്ധിച്ച് മതേതരമായ ജീവിതത്തിന്റെ പാഠശാലയായിത്തീർന്നത് ആ പള്ളിമുറ്റമാണ്.

വീട്ടിൽനിന്നും അരക്കിലോമീറ്റർ അകലെ ക്ഷേത്രമുണ്ടായിരുന്നു. തൃക്കപുരം ദേവീക്ഷേത്രം. കൗമാരം പിന്നിടുംവരെ വിശ്വാസവും ഭക്തിയും പ്രബലമായ ജീവിതമായിരുന്നു എന്റേത്. ഹൈസ്കൂൾ കാലം മുതൽ നാലഞ്ചുവർഷത്തോളം നിത്യേന പുലർച്ചെ ക്ഷേത്രത്തിൽ പോയിരുന്നു. രാവിലെ ആറുമണിക്കു മുമ്പ്‌ കുളിയെല്ലാം കഴിഞ്ഞ് സൈക്കിളിൽ ക്ഷേത്രത്തിലെത്തി തൊഴുതുമടങ്ങും.

പുലർകാലത്തെ തണുപ്പിലൂടെ അരിച്ചെത്തിയ സംഗീതം മാത്രമാണ് പിൽക്കാലത്ത് അതിന്റെ ശേഷിപ്പായി കൂടെയുള്ളത്. ക്ഷേത്രവും ചുറ്റുവട്ടവും കേന്ദ്രീകരിച്ച് വലിയ സൗഹൃദമൊന്നും വളർന്നുവന്നില്ല. അമ്പലമുറ്റത്തെ കളിക്കളം ഹിന്ദുത്വത്തിന്റേതായിരുന്നു. അച്ഛൻ ആദ്യമേ വിലക്കിയതുകൊണ്ട് അതിൽ ഒട്ടും പങ്കാളിയായതുമില്ല. തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ വലിയ നീക്കിയിരിപ്പുകളിലൊന്ന് ആ വിലക്കാണെന്ന് തിരിച്ചറിയാനാവുന്നുണ്ട്.

ഉത്സവകാലങ്ങളാണ് മേളത്തിലേക്ക് വഴി തുറന്നുതന്നത്. പഞ്ചവാദ്യവും പഞ്ചാരിയും തായമ്പകയുമൊക്കെ പരിചിതമായി. ചെവിയാട്ടിനിൽക്കുന്ന ആനകൾക്കും, തെളിഞ്ഞുകത്തുന്ന തീവെട്ടികൾക്കും അരികെ നൂറുകണക്കിനാളുകൾക്കൊപ്പം മുനകൂർത്തുവരുന്ന നാദഗോപുരങ്ങളിൽ ചെവികൂർപ്പിച്ച് കാലുകുഴയുന്നതുവരെ നിൽക്കുമായിരുന്നു.

ക്ഷേത്രത്തിലെ ഉത്സവകാലങ്ങളാണ് മേളത്തിലേക്ക് വഴി തുറന്നുതന്നത്. പഞ്ചവാദ്യവും പഞ്ചാരിയും തായമ്പകയുമൊക്കെ പരിചിതമായി. ചെവിയാട്ടിനിൽക്കുന്ന ആനകൾക്കും, തെളിഞ്ഞുകത്തുന്ന തീവെട്ടികൾക്കും അരികെ നൂറുകണക്കിനാളുകൾക്കൊപ്പം മുനകൂർത്തുവരുന്ന നാദഗോപുരങ്ങളിൽ ചെവികൂർപ്പിച്ച് കാലുകുഴയുന്നതുവരെ നിൽക്കുമായിരുന്നു.

താളത്തിന്റെ കണക്കുകളും മേളപ്പെരുക്കങ്ങളുടെ സഞ്ചാരപഥങ്ങളുമൊന്നും കാര്യമായി അറിയുമായിരുന്നില്ല. എങ്കിലും 'ശബ്ദസാഗരം കിടന്നലതല്ലുന്ന' ആകാശപ്പരപ്പിനു താഴെയുള്ള ആ നില്പുകൾ പ്രാചീനമായ ഒരാഹ്ലാദത്തിന്റെ വേരുകൾ തുറന്നുതന്നിരുന്നു. ഇപ്പോഴും വർഷംതോറും മേളപ്പെരുക്കത്തിനു മുന്നിലെ ആ നില്പ് തുടരുന്നുണ്ട്.

മായികമായ ഒരു രംഗമാണത്. ആകാശത്തിൽ പടരുന്ന ഇരുട്ട്, തീവെട്ടികളുടെ വെളിച്ചം, മാന്ത്രികഭംഗി കലർന്ന 'വാദ്യമേളത്തിന്റെ താളപാതം', ഇരമ്പുന്ന ആൾക്കൂട്ടം, മുഴങ്ങുന്ന വെടിയൊച്ചകൾ.... എല്ലാം ചേർന്ന മായികദൃശ്യം. അതിന്റെ വശ്യതയ്ക്ക് ഇപ്പോഴും കുറവൊന്നുമില്ല. ഇപ്പോഴും ഹിന്ദുത്വവാദികളുടെ പാരുഷ്യം നിറഞ്ഞ നോട്ടങ്ങൾക്ക് നടുവിൽ ആ മേളരാത്രികൾ തുടരുന്നുണ്ട്.

വീടിനോട് ചേർന്ന് പടിഞ്ഞാറോട്ടുള്ള നടവഴിയുടെ ഇരുപുറത്തും ഒഴിഞ്ഞ പറമ്പ്. വഴിയുടെ അറ്റത്തായി കളരി എന്നറിയപ്പെടുന്ന അച്ഛന്റെ കുടുംബക്ഷേത്രം. അക്കാലത്ത് പകൽ മുഴുവൻ നിശ്ശബ്ദത തളംകെട്ടിനിൽക്കുന്ന ഇടമായിരുന്നു. അപൂർവം പേർമാത്രം അങ്ങോട്ടോ ഇങ്ങോട്ടോ നടക്കും. ഒന്നുരണ്ടു വീടുകൾ മാത്രം. നട്ടുച്ചകളിൽ വെട്ടിത്തിളയ്ക്കുന്ന പകലിന് നടുവിൽ നിശ്ശൂന്യമായ ക്ഷേത്രവും പറമ്പുകളും ധാരാളം കഥകൾ പേറിയിരുന്നു. മുൻതലമുറകളെക്കുറിച്ചുള്ള പലതരം ഐതിഹ്യങ്ങൾ. ബാല്യകാലത്തെ ഭയവിസ്മയങ്ങളോടെ ഞങ്ങൾ അതിനിടയിലൂടെ ഊളിയിട്ടു.

ചേച്ചിയായിരുന്നു അക്കാലത്തെ പ്രധാന തുണ. എന്നേക്കാൾ മൂന്നുവയസ്സ് പ്രായക്കൂടുതലുണ്ട് ചേച്ചിക്ക്. പറവൂരിലെ സ്കൂളുകളിലൊന്നിലാണ് ചേച്ചി പഠിച്ചിരുന്നത്. അമ്മ പഠിച്ച സ്കൂളാണത്. നൂറ്റാണ്ട് തികഞ്ഞ ഒന്ന്. പിൽക്കാലത്ത് എന്റെ മകനും അവിടെ പഠിച്ചു. ചേച്ചി അവിടെയായതിനാൽ എന്റെ സ്കൂൾ ജീവിതം കുറെയൊക്കെ ഏകാന്തമായിരുന്നു.

  സ്കൂൾ ഇല്ലാത്ത സമയങ്ങളിലെ ഒത്തുകൂടൽ മാത്രം. അവധിക്കാലത്ത് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു അധ്യാപകന്റെ അടുത്തുപോയി ഹിന്ദി പഠിച്ചു. ഉച്ചകഴിഞ്ഞ് നടന്നാണ് പോവുക. അങ്ങോട്ടും ഇങ്ങോട്ടുമായി ഒരുമണിക്കൂറെങ്കിലും നടക്കണം. വീടിന്റെ പരിസരങ്ങൾക്കപ്പുറത്തേക്ക് ലോകം വളർന്നത് ആ നടപ്പുകളിലാണ്. ചേച്ചിയുടെ കരുതലിനും സ്നേഹത്തിനുമൊപ്പമുള്ള ആ നടപ്പുകൾ ബാല്യകാലത്തിന്റെ അതിരുകളെ കുറെക്കൂടി നിറവും വലുപ്പവുമുള്ളതാക്കി.

പത്താംതരം കഴിഞ്ഞ് കോളേജിലേക്കെത്തിയപ്പോഴേക്കും വിശ്വാസം ഇല്ലാതായി. അപ്പോഴേക്കും വിദ്യാർഥിരാഷ്ട്രീയത്തിലും സജീവമായിത്തുടങ്ങിയിരുന്നു. നാട്ടിലും ചെറിയതോതിൽ രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കാളിയായി. രാഷ്ട്രീയസൗഹൃദങ്ങളുടെയും രാഷ്ട്രീയസംവാദങ്ങളുടെയും ഒരന്തരീക്ഷത്തിലേക്ക് കാലൂന്നിയത് ഇക്കാലത്താണ്.

പി കെ  സോമൻ, എ വി പത്മൻ, ജോർജ്ജ്, സതീശൻ, പി കെ  ചന്ദ്രൻ, സി ടി ബാബു എന്ന് അപ്പോഴും വിളിക്കുന്ന സി ടി  സെബാസ്റ്റ്യൻ, കെ വി  രാജശേഖരൻ എന്നിവരെല്ലാമുള്ള ഒരു കൂട്ടായ്മയിൽ സജീവമായി.

മിക്കവരും ഇടതുപക്ഷപ്രവർത്തകരായിരുന്നു. നാട്ടിലെ വിദ്യാലയത്തിനു മുന്നിലെ പീടികത്തിണ്ണയായിരുന്നു ചർച്ചാകേന്ദ്രം. ആ പീടികമുറികളിലൊന്നിൽ ശിവൻചേട്ടനുണ്ടായിരുന്നു. പുഴയ്ക്കക്കരെ ഏഴിക്കരയിൽ നിന്നും വന്ന് ബാർബർ ഷോപ്പ് നടത്തിയിരുന്ന സഖാവ്. നാട്ടുവഴക്കങ്ങളുടെ അസാധാരണശേഖരം കൈമുതലായ ഒരാൾ.

ശിവൻചേട്ടന്റെ കടയിലാണ് പകൽവേളയിൽ ഞങ്ങൾ ഒത്തുകൂടിയിരുന്നത്. രാത്രികളിൽ പീടികത്തിണ്ണയിലും. മിക്കവാറും രാത്രി ഏറെ വൈകുംവരെ അവിടെ ഒത്തുചേർന്നു. രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളെക്കുറിച്ചുള്ള അനന്തമായ ആലോചനകൾ. പലപ്പോഴും ഏറെ മുതിർന്ന ആളുകളുമായി സംസാരിക്കാനും അതവസരം തന്നു. രാഷ്ട്രീയവ്യക്തതയിലേക്കും ആശയാവതരണത്തിലെ കൃത്യതയിലേക്കും വഴി തുറന്നുതന്നത് ആ ചർച്ചകളാവണം.

വിദ്യാർഥിസംഘടനാജീവിതത്തിൽ കൂടുതൽ മുഴുകിയതോടെ നാട്ടിലെ ദൈനംദിനജീവിതത്തിലെ പങ്കാളിത്തം കുറഞ്ഞു. ബിരുദപഠനകാലത്ത് പറവൂരായിരുന്നു പ്രവർത്തനകേന്ദ്രം. പറവൂരിലെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായിരുന്നു അന്നത്തെ താവളം. എംഎ പഠനത്തിനായി മഹാരാജാസിലേക്ക് പോയതോടെ നാട്ടുജീവിതം വീണ്ടും കുറഞ്ഞു.

കുറെക്കാലത്തേക്ക് എറണാകുളം താവളമായി. നാലുവർഷത്തോളം കഴിഞ്ഞ് വിദ്യാർഥി സംഘടനാജീവിതത്തിൽനിന്ന് തിരിച്ചുവന്നത് പറവൂർ ലക്ഷ്മി കോളേജിലെ അധ്യാപകജീവിതത്തിലേക്കാണ്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മറ്റൊരു പാഠശാലയായി അത് മാറിയതോടെ നാടിന്റെ പരിചിതവലയങ്ങളിൽനിന്ന് ജീവിതം അവിടേക്ക് മാറി.

ദൈനംദിന സംഘടനാജീവിതത്തിൽനിന്ന് വൈകാതെ പിൻവാങ്ങി. പിന്നെ പഴയതുപോലെ, നാട്ടുജീവിതവഴികളിലേക്ക് ഒരിക്കലും മടങ്ങിയില്ല. രണ്ടുപതിറ്റാണ്ടോളം കഴിഞ്ഞ് മറ്റൊരു രൂപത്തിലാണ് നാട്ടുജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

രണ്ട്

ആറേഴു കൊല്ലമായി ജീവിതം മണ്ണിൽ വേരാഴ്ത്തുന്ന ഒരിടം നാട്ടിലെ സാന്ത്വനപരിചരണകേന്ദ്രമാണ്. ആൽഫ പാലിയേറ്റീവ് കെയറിന്റെ പറവൂരിലെ ശാഖ. പറവൂർ ശാഖയാണെങ്കിലും അതിന്റെ ആസ്ഥാനം ഞങ്ങളുടെ നാട്ടിലാണ്. വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെ.

ജീവിതം നിത്യയാതനയായി മാറിയ എണ്ണമറ്റ മനുഷ്യരുടെ ആശ്രയവും അഭയവുമായി അത് മാറിയിരിക്കുന്നു. അവിടെയെത്തുന്ന അശരണരായ മനുഷ്യരെ കാണുമ്പോൾ ജീവിതപ്രതാപങ്ങളുടെ എല്ലാ കെട്ടുകാഴ്ചകളും എത്രയോ നിരർഥകമാണെന്ന് ബോധ്യമാകും. 'നരജീവിതമായ വേദന...' എന്ന കവിവാക്യത്തിന്റെ പൊരുളിലേക്ക് ആരും ചെന്നുചേരുന്ന ഒരിടം.

അതിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ വേദനകൾ നേർക്കുനേരെ കാണുന്നതോടെ ജീവിതം നമ്മെ വിനീതരാക്കും. മറ്റെല്ലാ പരിമിതികൾക്കുമിടയിലും തങ്ങൾക്കു കൈവന്ന ആരോഗ്യമുള്ള ജീവിതത്തിന്റെ മഹിമയും നിറവും ഓരോരുത്തർക്കും ബോധ്യമാവും. സ്വന്തം അതൃപ്തികളും പരാതികളും എത്രയോ നിരർഥകമാണെന്ന തിരിച്ചറിവിലേക്ക് അതാരെയും കൂട്ടിക്കൊണ്ടുപോകും.

ഒരു പതിറ്റാണ്ടിനപ്പുറത്ത് ഇങ്ങനെയൊന്നിലേക്കുള്ള ആദ്യചുവടുകൾ വയ്ക്കുമ്പോൾ ഇത്തരം പ്രതീക്ഷകൾ ഒന്നുമുണ്ടായിരുന്നില്ല. സാന്ത്വനപരിചരണത്തിന് ഒരു കേന്ദ്രം എന്നത് സ്വപ്നം കാണാവുന്ന സ്ഥിതി അന്നുണ്ടായിരുന്നില്ല. പാലിയേറ്റീവ് കെയർ എന്നതിനെക്കുറിച്ചുള്ള കേട്ടറിവിനപ്പുറം അതിന്റെ സാധ്യതകളെയും സാങ്കേതികതയെയും കുറിച്ച് യാതൊരറിവും ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു.

തങ്ങളാൽ കഴിയുന്ന വിധത്തിൽ 'അന്യജീവനുതകുക' എന്ന താല്പര്യത്തിനപ്പുറം മറ്റൊന്നിലേക്കുമുള്ള വഴികളെ സ്വപ്നം കണ്ടിരുന്നില്ല. എങ്കിലും വിത്തിലൊളിഞ്ഞിരിക്കുന്ന വൃക്ഷത്തെയെന്നപോലെ കാലം അതിനെ ഏറ്റെടുത്തു പടർത്തി.

എത്രയോ വിനീതമായ ഒരു തുടക്കമായിരുന്നു! രണ്ടായിരത്തിപ്പത്തിലോ പതിനൊന്നിലോ ആകണം. 'കരുണ' എന്നു പേരിട്ട ഒരു ചികിത്സാസഹായസംഘം. ആറോ ഏഴോ പേരാണ് അതിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. ഒ എം  ജോബി, കെ കെ ഹരിദാസ് സാർ, എൻ എം ഹുസൈൻ, അരുൺ ജി പണിക്കർ, പി വി വിനോദ്, സി ആർ രാജേഷ്, പി കെ അബ്ദുൾ ജബ്ബാർ എന്നിവർക്കൊപ്പം ഞാനും. ഞായറാഴ്ച ഉച്ചകളിൽ ചെറിയപ്പിള്ളിയിലെ വിനോദിന്റെ വീടിന്റെ വരാന്തയിലാണ് മിക്കവാറും യോഗം ചേരുക.

മാസത്തിലൊരിക്കൽ ഒത്തുകൂടി തങ്ങളുടെ വരുമാനത്തിൽനിന്ന് ഒരു ചെറിയ വിഹിതം കൂട്ടിവച്ച് നാട്ടിലെ ഏറ്റവും നിസ്വരായ ആർക്കെങ്കിലും ചികിത്സയ്ക്കുള്ള സഹായമായി നൽകുക. മാസംതോറും അയ്യായിരം രൂപ സഹായമായി നൽകുക എന്ന പരിമിതമായ ലക്ഷ്യമേ അന്നുണ്ടായിരുന്നുള്ളൂ. ചില മാസങ്ങളിൽ അത് പതിനായിരം രൂപയാകും.

ഒരാൾക്കുപകരം രണ്ടുപേർക്ക് സഹായം എത്തിച്ചുകൊടുക്കും. തുടക്കത്തിൽ ആ കൂട്ടായ്മയ്ക്ക് പേരൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു പേര് വേണമെന്നായപ്പോഴാണ് 'കരുണ' എന്ന വാക്കിലേക്കെത്തിയത്. ബുദ്ധൻ മുതലാരംഭിക്കുന്ന ഒരു വലിയ പാരമ്പര്യത്തിന്റെ ഓർമനിറയുന്ന പേരാണ്. അത്രമേൽ വിനീതമായ ഒരു കൂട്ടായ്മയ്ക്ക് അതൊരു നല്ല പേരായി തോന്നി. 'കരുണ ചികിത്സാസഹായസംഘം!'

രണ്ടോ മൂന്നോ വർഷങ്ങൾ അങ്ങനെ ശാന്തമായി തുടർന്നു. ചികിത്സാസഹായം നൽകിത്തുടങ്ങിയപ്പോൾ തന്നെ ആവശ്യമുള്ളവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ജോബിയാണ് പ്രാദേശികമായി അത്തരം ആവശ്യക്കാർ ആരെല്ലാമെന്ന് കണ്ടെത്തിയിരുന്നത്. അപൂർവ്വം ചിലപ്പോൾ ഞാനും.  എല്ലാവരിൽനിന്നും പൈസ ശേഖരിച്ചിരുന്നതും ജോബിയാണ്.

ജോബി

ജോബി

ചില മാസങ്ങളിൽ കൂടുതൽ പണം സമാഹരിച്ച് ഒന്നിലധികം പേർക്ക് ചികിത്സാസഹായം എത്തിച്ചുകൊടുത്തു. പതിയെപ്പതിയെ മാസത്തിലൊരിക്കലുള്ള ഒത്തുകൂടലുകൾ കുറഞ്ഞു. ചികിത്സാസഹായത്തിനുള്ള പണം സമാഹരിക്കുന്നതിനപ്പുറം പ്രത്യേകിച്ച് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ലതാനും. അതിന്റെ സമാഹരണവും വിതരണവും ജോബി കൃത്യമായി നടത്തിപ്പോന്നിരുന്നു. അതുകൊണ്ട് മാസംതോറും ഒത്തുചേരുന്നില്ല എന്നതൊരു പോരായ്മയായി മാറിയതുമില്ല.

പരിമിതമായ ആ പ്രവർത്തനം ശാന്തമായി നടക്കുന്നതിനിടയിൽ ഏതോ ഒരു ദിവസമാണ് ജോബി പാലിയേറ്റീവ് കെയർ സെന്റർ എന്ന ആശയം മുന്നോട്ടുവച്ചത്. പിൽക്കാലത്ത് ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച വിനോദാണ് ജോബിയോട് ഇത്തരമൊരാശയം അവതരിപ്പിച്ചത്. ചെറിയപ്പിള്ളിയിലെ വിനോദിന്റെ വീട്ടുമുറ്റത്ത് ഞങ്ങൾ ഒത്തുകൂടിയ ഒരു ദിവസം ഏഴിക്കരയിൽ നിന്നും വിനോദ് അവിടെ വന്നു.

വിനോദ് അക്കാലത്ത് ആൽഫ പാലിയേറ്റീവ് കെയറിന്റെ കേന്ദ്രസമിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. അതിന്റെ പറവൂർ ശാഖ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിനോദ് ഞങ്ങളോട് പറഞ്ഞു.

കേന്ദ്രസമിതിയിൽ നിന്നും ലഭ്യമാക്കാവുന്ന സൗകര്യങ്ങൾ, സ്വന്തമായി തയ്യാറാക്കേണ്ട കാര്യങ്ങൾ, പ്രതിമാസം വേണ്ടിവരാവുന്ന പണം തുടങ്ങിയ എല്ലാ കാര്യങ്ങളും ആലോചനയിൽ വന്നു. സാന്ത്വനപരിചരണത്തിലേക്ക് വളർന്നാൽ 'കരുണ' എന്ന കൂട്ടായ്മയ്ക്ക് കൂടുതൽ അർഥപൂർണമായി തുടരാനാവും എന്ന് വിനോദ് ഞങ്ങളോട് പറഞ്ഞു.

വിനോദിന്റെ വിവരണങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമായിരുന്നു. വലിയ തോതിലുള്ള സന്നാഹങ്ങളില്ലാതെ അത്തരമൊരു സ്ഥാപനത്തിലേക്ക് നീങ്ങാനാവില്ല. അന്നത്തെ നിലയിൽ തന്നെ പ്രതിമാസം അറുപതിനായിരത്തോളം രൂപ വേണ്ടിവരുമായിരുന്നു.

കെട്ടിടം കണ്ടെത്തണം, രോഗികളുടെ പരിചരണത്തിന് പോകാനുള്ള ആംബുലൻസ്, ഡ്രൈവർ, ഡോക്ടർമാർക്കും നേഴ്സുമാർക്കുമുള്ള പ്രതിഫലം, പ്രാഥമികമായ ചികിത്സയ്ക്കുള്ള മരുന്നുകൾ, വാടക...എല്ലാത്തിനും പണം കണ്ടെത്തണം. ഞങ്ങൾ അപ്പോൾ പ്രതിമാസം സമാഹരിക്കുന്ന പണം ഇതിനെല്ലാം ആവശ്യമുള്ളതിന്റെ പത്തിലൊന്നുപോലും തികയില്ലായിരുന്നു.

മുഴുവൻ സമയവും ഇതിനായി നീക്കിവച്ച ഒന്നോ രണ്ടോ പേരില്ലാതെ അത്തരമൊരു സ്ഥാപനം കൊണ്ടുനടക്കാൻ കഴിയുകയുമില്ല എന്നതും വ്യക്തമായിരുന്നു. അങ്ങനെ മുഴുവൻ സമയ പ്രവർത്തകരായി നിൽക്കാൻ കഴിയുന്ന ആരും ഞങ്ങളുടെ കൂട്ടത്തിൽ അന്നുള്ളതായി തോന്നിയുമില്ല.

അതുകൊണ്ട്, സാന്ത്വന പരിചരണകേന്ദ്രം തുടങ്ങുക എന്ന ആശയത്തോട് ഞാൻ വിമുഖത പുലർത്തുകയാണ് ചെയ്തത്. അത്രയും ഭാരിച്ച ഉത്തരവാദിത്വം  ഏറ്റെടുക്കുന്നത് ഏറെ ആലോചിച്ചു വേണമെന്ന് ഞാൻ അഭിപ്രായപ്പെടുകയും ചെയ്തു.

ജോബിക്ക്, പക്ഷേ, സംശയങ്ങളൊന്നുമില്ലായിരുന്നു. ധാരാളം പ്രയാസങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നുവെങ്കിലും അവയെ മറികടക്കാനാവുമെന്ന ഇച്ഛാശക്തിയും ശുഭാപ്തിബോധവും അയാൾക്കുണ്ടായിരുന്നു. പതിയെപ്പതിയെ ഞങ്ങളെല്ലാവരും അതിനൊപ്പം നിന്നു.

വി ഡി സതീശ

വി ഡി സതീശ

ആൽഫയുടെ കേന്ദ്രസമിതിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾക്ക് വ്യക്തത വരുത്തുന്നതിനും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മുന്നിട്ടിറങ്ങിയത് ജോബിയും സുഹൃത്തുക്കളുമാണ്. ബ്ലോക്കുപടിയിൽ വാടകയ്ക്ക് വീട് എടുത്തു. സുഹൃത്തുക്കളിലൊരാളായ സേവ്യർ തന്റെ മാരുതി ഓമ്നി വാൻ താൽക്കാലികമായി പരിചരണ കേന്ദ്രത്തിന്റെ ഉപയോഗത്തിനായി നൽകി.

ഡോക്ടർമാരുടെയും നഴ്സുമാരുടെയും ലഭ്യത ഉറപ്പുവരുത്തി. അടിസ്ഥാന സൗകര്യങ്ങൾ ഏകദേശം ഉറപ്പായി എന്ന് ബോധ്യമായപ്പോൾ 2014 ജൂലൈ 13ന് ആൽഫ സാന്ത്വന പരിചരണ കേന്ദ്ര ത്തിന്റെ പറവൂർ ശാഖയ്ക്ക് കൈതാരം ബ്ലോക്കുപടിയിൽ തുടക്കമായി. അന്നത്തെ പറവൂർ എംഎൽഎയും ഇപ്പോൾ പ്രതിപക്ഷനേതാവുമായ   വി ഡി സതീശനാണ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്.

എട്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആൽഫ ഇന്ന് നാടിന്റെ ഹൃദയഗീതം പോലെയായി മാറിയിട്ടുണ്ട്. കരുണയുടെയും കരുതലിന്റെയും ഒരു നിശ്ശബ്ദലോകമായി അത് ഞങ്ങളുടെ നാടിന്റെ നിത്യജീവിതത്തിലൂടെ ഒഴുകുന്നു. സമർപ്പിതരായി പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകൾ അതിന്റെ ജീവവായുവായുണ്ട്. ഡോക്ടർ, നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരെല്ലാം ചേർന്ന, പത്തുപേർ ഉൾപ്പെടുന്ന മെഡിക്കൽ ടീം.

എട്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആൽഫ ഇന്ന് നാടിന്റെ ഹൃദയഗീതം പോലെയായി മാറിയിട്ടുണ്ട്. കരുണയുടെയും കരുതലിന്റെയും ഒരു നിശ്ശബ്ദലോകമായി അത് ഞങ്ങളുടെ നാടിന്റെ നിത്യജീവിതത്തിലൂടെ ഒഴുകുന്നു. സമർപ്പിതരായി പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകൾ അതിന്റെ ജീവവായുവായുണ്ട്. ഡോക്ടർ, നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരെല്ലാം ചേർന്ന, പത്തുപേർ ഉൾപ്പെടുന്ന മെഡിക്കൽ ടീം.

രണ്ട് ആംബുലൻസുകൾ ഉൾപ്പെടെ സ്വന്തമായി മൂന്ന് വാഹനങ്ങൾ, ഗൃഹസന്ദർശനം, പരിചരണം, ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറാപ്പി സെന്റർ.... ബഹുശാഖിയായ തലങ്ങളിലേക്ക് സാന്ത്വനപരിചരണകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഇതിനകം എത്തിപ്പെട്ടിട്ടുണ്ട്.

സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും ഉൾപ്പെടുന്ന മാനസികാരോഗ്യ പരിചരണകേന്ദ്രമാണ് ഏറ്റവുമൊടുവിൽ പ്രവർത്തനം തുടങ്ങിയത്. എല്ലാ ചികിത്സയും പരിചരണവും  സമ്പൂർണമായി സൗജന്യമാണ്. ഇപ്പോൾ പ്രതിമാസം രണ്ടു ലക്ഷത്തോളം രൂപ ചെലവു വരുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ പരിചരണകേന്ദ്രത്തിന് കഴിയുന്നു.

അയ്യായിരം രൂപയിൽ നിന്നും രണ്ടു ലക്ഷം രൂപയിലേക്കുള്ള പരിണാമം! അതിന്റെ പടവുകൾ  പ്രയാസം നിറഞ്ഞതായിരുന്നു. പ്രതിസന്ധിയുടെ പല മുഹൂർത്തങ്ങളുമുണ്ടായി. അപ്പോഴൊക്കെ ഏതെല്ലാമോ ഇടങ്ങളിൽനിന്ന് സഹായങ്ങൾ കൈവന്നു. വ്യത്യസ്ത രാഷ്ട്രീയവും സാമൂഹ്യവീക്ഷണവും വച്ചുപുലർത്തുന്നവർ കൈകോർത്തുനിന്ന് അതിനെ മുന്നോട്ടുകൊണ്ടു പോകുന്ന കാഴ്ച നൽകുന്ന സമാശ്വാസം ചെറുതല്ല.

വിഭാഗീയതകൾക്കപ്പുറം പോകുന്ന മാനുഷികതയുടെയും മഹിമയുടെയും പ്രകാശഗോപുരമായി അത് പ്രശാന്തമായി നിലകൊള്ളുന്നു.

വാസ്തവത്തിൽ ഒ എം ജോബി എന്ന മനുഷ്യന്റെ ജീവിതാർപ്പണമാണ് ഈ സാന്ത്വന പരിചരണകേന്ദ്രത്തിന്റെ ജീവനാഡി. സാമൂഹ്യ‐രാഷ്ട്രീയപ്രവർത്തനത്തിന്റെ പകരംവയ്ക്കാനില്ലാത്ത മാതൃകയാണ് ജോബി. സ്വന്തം ജീവിതത്തിനു വഴി കണ്ടെത്തിയതിനുശേഷം മിച്ചം വരുന്ന സമയംകൊണ്ട് സാമൂഹികജീവിതത്തിൽ പങ്കുചേരുന്ന ഒരാളല്ല ജോബി.

വാസ്തവത്തിൽ ഒ എം ജോബി എന്ന മനുഷ്യന്റെ ജീവിതാർപ്പണമാണ് ഈ സാന്ത്വന പരിചരണകേന്ദ്രത്തിന്റെ ജീവനാഡി. സാമൂഹ്യ‐രാഷ്ട്രീയപ്രവർത്തനത്തിന്റെ പകരംവയ്ക്കാനില്ലാത്ത മാതൃകയാണ് ജോബി. സ്വന്തം ജീവിതത്തിനു വഴി കണ്ടെത്തിയതിനുശേഷം മിച്ചം വരുന്ന സമയംകൊണ്ട് സാമൂഹികജീവിതത്തിൽ പങ്കുചേരുന്ന ഒരാളല്ല ജോബി. അയാൾ ആദ്യം തന്റെ സമയവും ജീവിതവും നാടിനായി മാറ്റിവയ്ക്കുന്നു. അവശേഷിക്കുന്ന സമയംകൊണ്ട് എത്രയും വിനീതമായ സ്വന്തം ജീവിതത്തിന് വഴികാണാൻ ശ്രമിക്കുകയും ചെയ്തു.

സാമൂഹിക‐രാഷ്ട്രീയ പ്രവർത്തനം അയാൾക്ക് സ്വജീവിതത്തിനു ശേഷം വരുന്ന ഒന്നല്ല. സ്വജീവിതം തന്നെയാണ്. അശരണരായ മനുഷ്യർക്കായുള്ള നിത്യമായ സമർപ്പണം. 'ത്യാഗമെന്നതേ നേട്ടം, താഴ്മതാൻ അഭ്യുന്നതി' എന്ന കവിവാക്യത്തിന്റെ ജീവരൂപം. കോട്ടുവള്ളി പഞ്ചായത്ത് അംഗമായി പ്രവർത്തിക്കുമ്പോഴും സാന്ത്വന പരിചരണത്തിന്റെ വഴിയിൽ സഞ്ചരിക്കുമ്പോഴും ചുറ്റുമുള്ളവരെയാണ് ജോബി ആദ്യം കണ്ടിരുന്നത്.

അതിനുശേഷം മാത്രമേ അയാൾ തന്നിലേക്കു നോക്കിയുള്ളൂ. പലപ്പോഴും തന്നിലേക്ക് നോക്കിയതുമില്ല. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന' പരമമായ വിവേകമായി ജോബി സാന്ത്വനപരിചരണത്തിന്റെ വഴിയിലൂടെ നടക്കുന്നു.

വ്യത്യസ്ത രാഷ്ട്രീയ‐സാമൂഹിക വീക്ഷണങ്ങൾ പങ്കുവയ്ക്കുമ്പോഴും സാന്ത്വന പരിചരണ കേന്ദ്രത്തിനായി സ്വയം സമർപ്പിച്ച കുറെയേറെപ്പരുടെ ഒരു കൂട്ടായ്മ ഇന്നവിടെയുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് അംഗമായ എം ബി സ്യമന്തഭദ്രനാണ് അതിന്റെ പ്രസിഡന്റ്. കെ വി സത്യൻ മാഷ്, എ കെ  രഞ്ചൻ, സി ഒ തിലകൻ, എം കെ  രാധാകൃഷ്ണൻ, എൻ ഇ സോമസുന്ദരൻ, പി  ആർ ചന്ദ്രകലാധരൻ, വി എച്ച് ജമാൽ എന്നിങ്ങനെ സമർപ്പിതരായ ഒരുകൂട്ടം മനുഷ്യർ. തങ്ങളുടെ ജീവിതത്തെ സാന്ത്വന പരിചരണത്തിലേക്ക് അവർ ചേർത്തുവച്ചിരിക്കുന്നു.  ജീവിതത്തിന്റെ ഇരുകരകളെ കൂട്ടിമുട്ടിക്കാൻ പണിപ്പെടുന്നതിനിടയിലും അവർ തങ്ങളെ സാന്ത്വന പരിചരണത്തിനായി സമർപ്പിക്കുന്നു.

'അപരനുവേണ്ടിയഹർന്നിശം പ്രയത്നം/കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു' എന്ന ഗുരുവചനത്തിന്റെ മഹിമയിലേക്ക് അവർ സ്വയം സാക്ഷാത്ക്കരിക്കുന്നു. അതോടൊപ്പം പരിചരണകേന്ദ്രത്തിന്റെ ചുറ്റുവട്ടത്തുള്ള അനേകം സാധാരണ മനുഷ്യരും. മനുഷ്യരിലുള്ള ആഴമേറിയ നന്മയെ ചെന്നുതൊടുന്ന സമർപ്പണത്തിന്റെ പ്രകാശം  അവരെല്ലാം ഹൃദയത്തിലേറ്റുവാങ്ങുന്നുണ്ട്.

പേരോ പ്രശസ്തിയോ അൽപ്പംപോലും ലക്ഷ്യമാക്കാതെ അവസാനത്തെ മനുഷ്യനുള്ള കരുതലായി സ്വജീവിതത്തെ ഉപയോഗിക്കാൻ അവർ പണിപ്പെട്ടുകൊണ്ടിരിക്കുന്നു.

പിന്നിട്ട എട്ടു വർഷക്കാലത്തിനിടയിൽ രണ്ടായിരത്തോളം രോഗികൾക്ക് പരിചരണം നൽകാൻ കേന്ദ്രത്തിനു കഴിഞ്ഞു. ആഴ്ചയിൽ രണ്ടു ദിവസം ഡോക്ടറും നഴ്സുമാരും ഉൾപ്പെടുന്ന മെഡിക്കൽ ടീം രോഗികളെ വീടുകളിൽ സന്ദർശിക്കുന്നു. പരിചരണവും മരുന്നും നൽകുന്നു. നിത്യേന അനവധി പേർ പരിചരണകേന്ദ്രത്തിലെ ഫിസിയോതെറാപ്പി സെന്ററിലെത്തുന്നു. അമ്മ ആശുപത്രിയിലും ചികിത്സയിലുമായിരുന്ന ദിവസങ്ങളിൽ ആൽഫയിലെ സുഹൃത്തുക്കളായിരുന്നു എന്റെയും ഏറ്റവും വലിയ തുണ. കോവിഡിന്റെ തീവ്രകാലം.

പുറത്തിറങ്ങാൻ തന്നെ പ്രയാസം. ആംബുലൻസ് അടക്കമുള്ള എല്ലാ സന്നാഹങ്ങളുമായി ജോബി ഉടനീളം കൂടെയുണ്ടായിരുന്നു. ആദ്യ ദിവസം അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതു മുതൽ ഒടുവിൽ അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങിയതുവരെ ജോബിയോടൊപ്പമാണ്. ഇടദിവസങ്ങളിലെല്ലാം പരിചരണ കേന്ദ്രത്തിൽ നിന്ന് പലരായി വീട്ടിലെത്തി.

വീൽചെയറും വാട്ടർബെഡും ഉയർത്തിയും മടക്കിയും വയ്ക്കാവുന്ന കട്ടിലും ഉൾപ്പെടെയുള്ള സാമഗ്രികൾ. ഡോക്ടറും നഴ്സുമാരും നിത്യേനയെന്നോണം വന്നുമടങ്ങി. ഞങ്ങളോളം തന്നെ കരുതലോടെ അവർ അമ്മയെ പരിചരിച്ചു.

ഓർമയ്ക്കും മറവിക്കുമിടയിലെ വേദനയുടെ നിമിഷങ്ങളിൽ അമ്മയ്ക്ക് അത് വലിയ തുണയായിരുന്നു. അമ്മയുടെ ജീവിതയാത്രയിലെ അവസാന നിമിഷങ്ങളിൽ അവരും ഞങ്ങൾക്കൊപ്പം ചേർന്നു. വേദനകളില്ലാത്ത മറുകരയിലേക്ക് അമ്മയെ കൈപിടിച്ചു കയറ്റി.

ഒരുമാസം മുമ്പ്‌ പരിചരണകേന്ദ്രത്തിന്റെ വാർഷികമായിരുന്നു. എല്ലാ വാർഷികാഘോഷങ്ങൾക്കും പരിചരിക്കുന്ന രോഗികളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാറുണ്ട്. പാട്ടും ചിരിയും ആഘോഷങ്ങളും സദ്യയുമൊക്കെ ആയി ഒരു ദിവസം. അവരിൽ പലരുടേയും ജീവിതത്തിൽ വീടിനു പുറത്തേക്കുള്ള അത്യപൂർവം യാത്രകളിൽ ഒന്നാണത്.

പലരും വീൽചെയറിലും മറ്റുമാണ് എത്തുക. വാർഷികസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലിരിക്കുമ്പോൾ മുന്നിലിരിക്കുന്ന പ്രായംചെന്ന ഒരാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ടു. വീൽചെയറിലിരുന്ന് ഇടമുറിയാതെ നിറയുന്ന കണ്ണുകൾ അദ്ദേഹം തുടച്ചുകൊണ്ടേയിരുന്നു. മനസ്സിൽ തിങ്ങിനിറഞ്ഞ ജീവിതയാതനകളുടെ ഓർമകൾ പെയ്തൊഴിയുന്നതാവണം.

നിസ്സഹായനായി ഞാൻ ആ കണ്ണീർച്ചാലുകളിലേക്ക് നോക്കിയിരുന്നു. സംസാരിക്കാൻ വിളിച്ചപ്പോൾ എന്റെ തൊണ്ടയിൽ ഒരു ഗദ്ഗദം വന്നു നിറഞ്ഞു. അല്പം ചില വാക്കുകൾ മാത്രം പറഞ്ഞ് ഞാൻ പ്രസംഗം അവസാനിപ്പിച്ചു. വാർഷികസമ്മേളനങ്ങളിലെ സ്ഥിരം പ്രസംഗകരിലൊരാളായതിനാൽ അതുകൊണ്ട് പ്രയാസമുണ്ടായതുമില്ല.

ഇപ്പോൾ ചെറിയ ജീവിതപ്രയാസങ്ങൾ എന്തെങ്കിലും വന്നുതൊടുമ്പോൾ നിറകണ്ണുകളോടെയിരിക്കുന്ന വൃദ്ധനായ ആ മനുഷ്യൻ ഓർമയിലെത്തും. നമ്മുടെയൊക്കെ ജീവിതം എത്രയോ സൗഭാഗ്യം നിറഞ്ഞതാണല്ലോയെന്ന അഗാധമായ വകതിരിവിന്റെ ഓർമ. അതിന്റെ വെളിച്ചത്തിൽ പതിവുജോലികളിലേക്ക് തിരിച്ചെത്തും.

പിന്നിട്ട ഒരു പതിറ്റാണ്ടായി എന്റെ ജീവിതവഴിയിൽ ഇങ്ങനെ കുറെ മനുഷ്യരും ഈ സ്ഥാപനവുമുണ്ട്. ജോലിക്കും പ്രഭാഷണങ്ങൾക്കുമായുള്ള നിരന്തര യാത്രകൾക്കിടയിൽ പരിചരണകേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ എനിക്കു കഴിയാറില്ല.

എങ്കിലും ആകാവുന്ന ദിവസങ്ങളിൽ അവിടെ പോകുന്നു. അവാർഡുകൾക്കൊപ്പം കിട്ടുന്ന സമ്മാനത്തുകയും, പ്രഭാഷണങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിലെ യാത്രാച്ചെലവ് കഴിച്ചുള്ള മിച്ചവും പരിചരണകേന്ദ്രത്തിനായി കരുതിവയ്ക്കുന്നു(അവാർഡ്തുക പാലിയേറ്റീവ് കെയറിന് നൽകുന്നതുകൊണ്ടാണ് അവാർഡുകൾ പിന്നെയും ലഭിക്കുന്നത് എന്നാണ് ജോബിയുടെ പക്ഷം!).

ഓരോ പുരസ്കാരവും ഓരോ പ്രഭാഷണവും നിസ്സഹായനായ ഏതോ ഒരാളുടെ ജീവിതയാതനകൾക്ക് കൈത്താങ്ങാവുന്നുണ്ട് എന്ന തിരിച്ചറിവ് നൽകുന്ന സാമാശ്വാസം വലുതാണ്. പറയുന്ന വാക്കിൽ അത് പുതിയ വെളിച്ചം നിറയ്ക്കുന്നു. എനിക്കപ്പുറമുള്ളവരിലേക്ക് തുറന്നുകിടക്കുന്ന ഒരു വാതിലിലൂടെ സാഹോദര്യഭാവനയുടെ വെളിച്ചം എന്നെയും തേടിയെത്തുന്നു .

ഓരോ പുരസ്്കാരവും ഓരോ പ്രഭാഷണവും നിസ്സഹായനായ ഏതോ ഒരാളുടെ ജീവിതയാതനകൾക്ക് കൈത്താങ്ങാവുന്നുണ്ട് എന്ന തിരിച്ചറിവ് നൽകുന്ന സാമാശ്വാസം വലുതാണ്. പറയുന്ന വാക്കിൽ അത് പുതിയ വെളിച്ചം നിറയ്ക്കുന്നു. എനിക്കപ്പുറമുള്ളവരിലേക്ക് തുറന്നുകിടക്കുന്ന ഒരു വാതിലിലൂടെ സാഹോദര്യഭാവനയുടെ വെളിച്ചം എന്നെയും തേടിയെത്തുന്നു .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top