26 April Friday

ഓർമ്മകളും മനുഷ്യരും...സുനിൽ പി ഇളയിടത്തിന്റെ പംക്തി തുടങ്ങുന്നു

സുനിൽ പി ഇളയിടംUpdated: Thursday Sep 9, 2021

ഓർമ്മകളെക്കുറിച്ചുള്ള ഒരു പംക്തിയാണിത്. അതുകൊണ്ടുതന്നെ മനുഷ്യരെക്കുറിച്ചുള്ളതും. ജീവിതത്തിന്റെ പല പടവുകളിൽ കണ്ടുമുട്ടിയ മനുഷ്യർ. അവർക്കൊപ്പം നടന്ന വഴികൾ. അവർ തന്ന ജീവിതം; അനുഭവങ്ങൾ. അതിലൂടെ രൂപപ്പെട്ട ഞാനും...ദേശാഭിമാനി വാരികയിൽ ആരംഭിച്ച പംക്തി ആദ്യഭാഗം.

ഒന്ന്‌

ഓർമ്മകളെക്കുറിച്ച് ഏറ്റവും ഹൃദ്യമായി പറഞ്ഞത് മാർക്വേസ് ആയിരിക്കണം. ജീവിക്കുന്നതല്ല; ഓർമ്മിക്കുന്നതാണ് ജീവിതമെന്ന് അദ്ദേഹം ഒരിക്കൽ എഴുതി (‘What matter in life is not what happens to you; but what you remember’ എന്ന്). കാലത്തിലൂടെ പിന്നോട്ടാഞ്ഞ് നാം കണ്ടെടുക്കുന്ന എണ്ണമറ്റ ഓർമ്മകൾ. അതിലൂടെ ജീവിതം വലുതാകുന്നു; സൂക്ഷ്മവും സമൃദ്ധവുമാകുന്നു. ഓക്റ്റോവിയ പാസ് എഴുതിയതുപോലെ, ഓർമ്മകളുടെ നിശ്ശബ്ദതയുമായി കലർന്ന് ഓരോ മനുഷ്യനും അനന്യത കൈവരിക്കുന്നു. ഒരാളുടെ ഓർമ്മയും മറ്റൊരാളുടേതുപോലെയല്ല. ഒരേ സംഭവത്തേയും സന്ദർഭത്തേയും ഓരോ മനുഷ്യനും ഓരോ തരത്തിൽ ഓർക്കുന്നു. ഓർമ്മയുടെ ഈ അനന്യതയിലാണ് ഓരോരുത്തരും സ്വന്തം ജീവിതം പടുക്കുന്നത്. ഇന്നിന്റെ നിറങ്ങൾ കലർന്നിരിക്കുന്നതുകൊണ്ട് എല്ലാ ഓർമ്മകളും വഞ്ചകമാണെന്ന് ഐൻസ്റ്റീൻ എഴുതിയിട്ടുണ്ട് ((‘Memory is deceptive because it is coloured by todays events' എന്ന്). കേവലമോ ശുദ്ധമോ ആയ ഒരോർമ്മയുമില്ല എന്ന് ഐൻസ്റ്റീൻ പറയുന്നത് ശരിയാണ്. പക്ഷേ, അതൊരു പോരായ്മയല്ല. മറിച്ച്, സാധ്യത കൂടിയാണ്. നമ്മെത്തന്നെ പുതുക്കാനുള്ള സാധ്യത. ഒരനുഭവത്തിൽ നിന്ന് ഒരായിരം അനുഭവങ്ങളെ നിർമ്മിക്കാനുള്ള സാധ്യത. മാർക്വേസ് എഴുതിയതുപോലെ, ജീവിക്കുന്നതല്ല, ഓർമ്മിക്കുന്നതാണ് ജീവിതം.

ഗൃഹാതുരതയ്ക്കും കാല്പനിക ഭാവനകൾക്കും അപ്പുറം ഓർമ്മയിൽ പലതുമുണ്ട്. ഓർമ്മയുടെ വിപ്ലവകരമായ മൂല്യത്തെക്കുറിച്ച് എഴുതിയത് മാർക്സ് ആണ്; ഓർമ്മ ചരിത്രത്തിൽ നടത്തുന്ന ഗംഭീരമായ ഇടപെടലുകളെക്കുറിച്ച്.

ഗൃഹാതുരതയ്ക്കും കാല്പനിക ഭാവനകൾക്കും അപ്പുറം ഓർമ്മയിൽ പലതുമുണ്ട്. ഓർമ്മയുടെ വിപ്ലവകരമായ മൂല്യത്തെക്കുറിച്ച് എഴുതിയത് മാർക്സ്ആണ്; ഓർമ്മ ചരിത്രത്തിൽ നടത്തുന്ന ഗംഭീരമായ ഇടപെടലുകളെക്കുറിച്ച്. ഒരുപക്ഷേ, മാർക്സിന്റെ ഏറ്റവും കാവ്യത്മകമായ എഴുത്ത് അതാവണം. ലൂയി ബോണപ്പാർട്ടിന്റെ ബ്രൂമെയർ പതിനെട്ട് എന്ന കൃതിയുടെ തുടക്കം. വിപ്ലവകരമായ പ്രതിസന്ധിയുടെ മുഹൂർത്തങ്ങളിൽ ഭൂതകാലത്തിന്റെ ഉടയാടകൾ കടംവാങ്ങി, മനുഷ്യവംശം, ചരിത്രത്തിലെ പുതിയ രംഗങ്ങൾ അഭിനയിക്കുന്നതിനെക്കുറിച്ച് മാർക്സ് ഇങ്ങനെ എഴുതി:
"മൺമറഞ്ഞ എല്ലാ തലമുറകളുടെയും പാരമ്പര്യം ജീവിച്ചിരിക്കുന്നവരുടെ തലച്ചോറിൽ കനംതൂങ്ങിനിൽക്കുന്നു.

‘ദ പെർസിസ്‌റ്റൻസ്‌ ഓഫ്‌ മെമ്മറി’. സാൽവേദോർ ദാലിയുടെ പെയിന്റിങ്്

‘ദ പെർസിസ്‌റ്റൻസ്‌ ഓഫ്‌ മെമ്മറി’. സാൽവേദോർ ദാലിയുടെ പെയിന്റിങ്്

 തങ്ങളെയും ചുറ്റുമുള്ള ലോകത്തെയും വിപ്ലവകരമായി പുതുക്കിപ്പണിയുന്നതിൽ വ്യാപൃതരാണ് എന്നവർക്ക് തോന്നുമ്പോഴാണ്, ഇക്കാലംവരെയും നിലവിൽ വന്നിട്ടില്ലാത്ത എന്തോ ഒന്ന് തങ്ങൾ സൃഷ്ടിക്കുകയാണെന്ന് കരുതുമ്പോഴാണ്, വിപ്ലവകരമായ പ്രതിസന്ധിയുടെ അത്തരം സന്ദർഭങ്ങളിലാണ് അവർ ഉദ്വേഗപൂർവം ഭൂതകാലാത്മാക്കളെ തങ്ങളുടെ സേവനത്തിനായി വിളിച്ചുവരുത്തുകയും കാലപ്പഴക്കത്തിന്റെ മാന്യതയാർന്ന പ്രച്ഛന്നവേഷത്തിലും കടംവാങ്ങിയ ഭാഷയിലും ലോകചരിത്രത്തിലെ പുതിയൊരു രംഗം അഭിനയിക്കാനായി അവരിൽ നിന്ന് പേരുകളും പോർവിളികളും വേഷഭൂഷകളും കടമെടുക്കുകയും ചെയ്യുന്നത്.’

ചരിത്രം ഒരു പോർവിളിയും പടക്കോപ്പുമായി ഓർമ്മയിൽ വന്നുനിറയുന്ന മുഹൂർത്തങ്ങളെക്കുറിച്ചാണ് മാർക്സ് എഴുതുന്നത്. എല്ലാ ചരിത്രമുഹൂർത്തങ്ങളിലും ഓർമ്മകൾ ഇങ്ങനെയല്ല. പ ക്ഷേ,ഒരു ജനതയുടെ സഞ്ചിതസ്മൃതിയിൽ ഈയൊരു സാധ്യതയും മങ്ങിമങ്ങിക്കിടപ്പുണ്ട്. "പെരുകിടുമിരുളിലുമെന്നാൽ ഞങ്ങടെ തലകളിൽ മിന്നിമിനുങ്ങിയിരിപ്പൂ/നിരവധി പുരുഷായുസ്സിനപ്പുറമാളിയൊരോണപ്പൊൻ കിരണങ്ങൾ' എന്ന് വൈലോപ്പിള്ളി ഓണത്തെ ഒരോർമ്മയായി പണിതെടുക്കുന്നുണ്ടല്ലോ. ഓർമ്മ ഒരു ഉപകരണത്തിനപ്പുറം ഒരു അരങ്ങുതന്നെയാണെന്ന് പിൽക്കാലത്ത് വാൾട്ടർ ബഞ്ചമിൻ എഴുതിയതും ഈ സാധ്യതയെ മുന്നിൽകണ്ടാവണം. "ഓർമ്മ ഭൂതകാല പര്യവേഷണത്തിനുള്ള ഒരു ഉപകരണമല്ല; മറിച്ച് അതിന്റെ അരങ്ങാണ്. മൃതനഗരങ്ങൾ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന പ്രതലങ്ങളെപ്പോലെ അത് ഭൂതകാലാനുഭവങ്ങളുടെ മാധ്യസ്ഥം പേറി നമ്മിലേക്കെത്തുന്നു'  ഓർമ്മകളില്ലെങ്കിൽ സംസ്കാരവും നാഗരികതയും ഒന്നും ഉണ്ടാവുമായിരുന്നില്ലെന്ന് പറയുന്നതും ഇതുകൊണ്ടാവണം. ഒരു ജനതയുടെ ജീവിക്കുന്ന ഓർമ്മയാണ് സാഹിത്യമെന്ന് സോൾഷെനിത് സെൻ പിന്നീട് ഇതിനെ പുതുക്കിപ്പണിതു.

പടപ്പാച്ചിലുകളും മൃൺമയശതാബ്ദങ്ങളും ഇടകലർന്ന് നിൽക്കുന്ന ഓർമ്മയുടെ ഈ ഇരുണ്ട പ്രകാരത്തിന് നേർവിപരീതമായ ഒരു മറുപുറവുമുണ്ട്. നിങ്ങൾ ഒരോർമ്മയെ സ്നേഹിക്കുന്തോറും അത് അത്രമേൽ ദൃഢവും അപരിചിതവുമായി തീരുമെന്ന് വ്ളാഡമർ നബാക്കോവ് പറയുന്നത് അതിനെക്കുറിച്ചാണ്. സ്നേഹത്താൽ നിത്യതയും നിരന്തര നവീനതയും കൈവരുന്ന ഓർമ്മയാണത്. ഒരുപക്ഷേ, മനുഷ്യവംശം ഓർമ്മയെ ഏറ്റവും കാതരമായി കൊണ്ടുനടന്നത് ഇങ്ങനെയാവണം. സ്നേഹത്താൽ അത് നിത്യതയിലേക്ക് ഉണരുന്നു; നിരന്തരം പരിണമിക്കുന്നു. ഒരാൾ പിൻവാങ്ങിയതിനു ശേഷവും അയാൾ തുടരുന്നു. സ്നേഹം ഓർമ്മയായി പ്രവർത്തിക്കുന്നത് അങ്ങനെയാവണം, ചരിത്ര ഗംഭീരതകളുടെ ഭാരമൊന്നും പേറാതെ ലഘുവായും ലളിതമായും.

മനുഷ്യവംശത്തിന്റെ അനന്തഭേദങ്ങളോളം തന്നെ വ്യത്യസ്തമാണ് മനുഷ്യവംശത്തിന്റെ സ്മൃതിസഞ്ചയവും. അതിലെ ഓരോ അടരിലും ഓരോ ശകലത്തിലും വിടപറഞ്ഞവരും അല്ലാത്തവരും നിത്യജീവിതം തുടരുന്നു.

   വാസ്തവത്തിൽ, മനുഷ്യവംശത്തിന്റെ അനന്തഭേദങ്ങളോളം തന്നെ വ്യത്യസ്തമാണ് മനുഷ്യവംശത്തിന്റെ സ്മൃതിസഞ്ചയവും. അതിലെ ഓരോ അടരിലും ഓരോ ശകലത്തിലും വിടപറഞ്ഞവരും അല്ലാത്തവരും നിത്യജീവിതം തുടരുന്നു.  ജീവിക്കുന്നതല്ല; ഓർമ്മിക്കുന്നതാണ് ജീവിതം. ജീവിതത്തിനെ പോലെ അതിനും അനന്തഭേദങ്ങളുണ്ട്.

 രണ്ട്-
എങ്ങനെയാണ് നാം ഒരാളെയോ ഒരു സന്ദർഭത്തെയോ ഓർമ്മിക്കുന്നത്? അതിന് പല പ്രകാരങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ ഓർമ്മയാണ് (personal memory). ഒരാളോടോ ഒരു സ്ഥലത്തോടോ ഒരു സംഭവത്തോടോ നമുക്കുണ്ടായിരുന്ന ഗാഢബന്ധങ്ങളുടെയും വിനിമയങ്ങളുടെയും ഓർമ്മ. ആ വിനിമയങ്ങൾ നമുക്കു നൽകിയ സ്നേഹാനുഭവങ്ങളുടെയും ആഹ്ലാദവിഷാദങ്ങളുടെയും ഉത്സാഹത്തിമിർപ്പിന്റെയും ഓർമ്മ. ഒരർഥത്തിൽ അത് ഓർമ്മയുടെ ഗൃഹാതുരതയാണ്. ഭൂതകാലത്തിലെ ചില നിമിഷങ്ങളെ സ്തബ്ധമാക്കിനിർത്തി അതിലൂടെ നാം നടത്തുന്ന സഞ്ചാരങ്ങൾ. വിടപറഞ്ഞുപോയ ഒരാളെയോ യാത്രപോയ ഒരിടത്തേയോ പൊതുവെ നാം ഓർമ്മിക്കുന്നതിങ്ങനെയാണ്.

മരിച്ചവരുടെ ജീവിതം ജീവിച്ചിരിക്കുന്നവരെ ഓർമ്മകളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നുവെന്ന് സിസെറോ ശതാബ്ദങ്ങൾക്കു മുൻപേ പറഞ്ഞത് അതുകൊണ്ടാണ്. വ്യക്തിപരവും സ്വകാര്യവുമായ അനുഭവലോകങ്ങളിലൂടെയാകും അത് ഏറിയകൂറും സഞ്ചരിക്കുക. പലപ്പോഴുമത് ഒരു നഷ്ടസ്മൃതിയായി അവശേഷിക്കുകയും ചെയ്യും. ഒരിക്കൽ നിങ്ങൾക്ക് കൈവന്നതും ഇങ്ങിനിവരാത്തവിധം പിൻവാങ്ങിയതുമായ അനുഭവങ്ങളെയും മനുഷ്യരേയും ജീവിത സ്ഥാനങ്ങളെയും എല്ലാം മനുഷ്യർ അവരുടെ ഓർമ്മകളിൽ കൊണ്ടുനടക്കുന്നു. എല്ലാ മനുഷ്യർക്കുമൊപ്പം ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഇത്തരം ഓർമ്മകൾ സഞ്ചരിക്കുന്നുണ്ട്. ജീവിക്കുന്നു എന്നതിനർഥം ഇത്തരം ഓർമ്മകളുടെ സഞ്ചിതസ്ഥാനമായി നാം മാറിത്തീരുന്നു എന്നുകൂടിയാണ്.

ഇത്തരം ഓർമ്മയുടെ ഓരോ സന്ദർഭത്തിലും അവ നമ്മുടെ ഇച്ഛകളുമായും തൃഷ്ണകളുമായും കൂടിക്കലരുന്നുണ്ട്. അങ്ങനെ ഓർമ്മയിലെ ഭൂതകാലം നിരന്തരം നിറംമാറുന്നു. അത് നാം നമ്മുടെ ഇച്ഛകൾക്കൊത്ത് പണിതെടുക്കുന്ന ഒന്നായിത്തീരുന്നു. തീർത്തും വ്യക്തിപരമെന്ന് പുറമേക്ക് തോന്നുമ്പോഴും സാമൂഹികമായ ഇച്ഛകളും തൃഷ്ണാലോകങ്ങളും കലർന്നുകിടക്കുന്ന ഒരിടമാണത്.  
ഓർമ്മയുടെ മറ്റൊരു പ്രകാരം സ്ഥാപനപരമായ ഓർമ്മയാണ് (institutional Memory). ഒരു രാഷ്ട്രമോ പ്രസ്ഥാനമോ സംഘടനയോ ഒക്കെ സൃഷ്ടിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്ന ഓർമ്മ.

വ്യക്തിപരം എന്നതിലുപരി അതെപ്പോഴും ബോധപൂർവവും സംഘടിതവുമായ ഓർമ്മയാണ്. സ്വാതന്ത്ര്യദിനം പോലുള്ള ചരിത്രസന്ദർഭങ്ങളുടെയും മഹാരഥികളായ രാഷ്ട്രനായകരുടെയും പ്രസ്ഥാനസ്ഥാപകരുടെയും സംഘടനാ നേതാക്കളുടെയും എല്ലാം ഓർമ്മകൾ ഇങ്ങനെ പടിപടിയായി കെട്ടിപ്പടുക്കപ്പെടുന്നവയാണ്. അവയിൽ പലതും നമ്മുടെ നിത്യജീവിതത്തിന്റെ വ്യാവഹാരികഭൂപടം ചമയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടാവും. പലപ്പോഴും വ്യക്തിഗതമായ ഓർമ്മകളേക്കാൾ അധികമായിത്തന്നെ. എങ്കിലും വ്യക്തിഗതമായ ഓർമ്മയ്‌ക്കുള്ള പ്രധാന്യം നാം അവയ്ക്ക് നമ്മുടെ വ്യക്തിജീവിതത്തിൽ കല്പിക്കാറില്ല. അദൃശ്യമായി നമ്മെ വലയംചെയ്യുന്ന ഒന്നായി അതെപ്പോഴും തുടരുന്നു.

ഒപ്പംതന്നെ പ്രത്യക്ഷമായ സാമൂഹികതയുടെ ദൈനംദിനലോകം സ്ഥാപനപരമായ ഓർമ്മകളാൽ മുഖരിതമായിരിക്കുകയും ചെയ്യുന്നു. ഒന്നിനു പിന്നാലെ മറ്റൊന്നായി അനുദിനം നമ്മുടെ ജീവിതപരിസരങ്ങളിൽ അവ വന്നുനിറയുന്നു. പല അനുപാതങ്ങളിൽ നാമെല്ലാം അവയിലൂടെ കടന്നുപോകുന്നു; ചിലപ്പോൾ വികാരത്താലും വിശ്വാസങ്ങളാലും പൂരിതമായി. ചിലപ്പോൾ അതിനിസ്സംഗമായി.

സൂക്ഷ്മാർഥത്തിൽ എല്ലാ ഭൂതകാലസ്മൃതിയിലും വർത്തമാനകാലമുണ്ട്. ചരിത്രമെന്നതുപോലെ ഓർമ്മയും വർത്തമാനത്തിന്റെ ഭൂതകാല നിർമ്മാണമാണ്. എങ്കിലും ബാഹ്യമായ ഒരർഥത്തിൽ മേല്പറഞ്ഞ ഓർമ്മകളിൽ ഭൂതകാലത്തിന് ഒരു സ്തബ്ധസ്വഭാവമുണ്ട്.

ഓർമ്മയുടെ ഈ രണ്ട് പ്രകാരങ്ങൾക്കുമുള്ള പൊതുവായ സ്വഭാവം അവ ഓർമ്മകളെ ഭൂതകാലത്തിലെ സ്തബ്ധലോകങ്ങളായി പരിഗണിക്കുന്നു എന്നതാണ്. പുറമേക്കെങ്കിലും അവയുടെ നിലനില്പ് അങ്ങനെയാണ്. സൂക്ഷ്മാർഥത്തിൽ എല്ലാ ഭൂതകാലസ്മൃതിയിലും വർത്തമാനകാലമുണ്ട്. ചരിത്രമെന്നതുപോലെ ഓർമ്മയും വർത്തമാനത്തിന്റെ ഭൂതകാല നിർമ്മാണമാണ്. എങ്കിലും ബാഹ്യമായ ഒരർഥത്തിൽ മേല്പറഞ്ഞ ഓർമ്മകളിൽ ഭൂതകാലത്തിന് ഒരു സ്തബ്ധസ്വഭാവമുണ്ട്. പഴയൊരു കാലത്തെ സമകാലികതയിലേക്ക് ആനയിക്കുകയാണ് നാമവിടെ ചെയ്യുന്നത്. ഓർമ്മ അവിടെയൊരു പ്രവൃത്തിയല്ല. ഭൂതകാലത്തിന്റെ നിശ്ചലഖണ്ഡം പോലെയാണത് നിലകൊള്ളുക. വർത്തമാനത്തിന്റെ ഇച്ഛകളും അഭിലാഷങ്ങളും കൂടിക്കലർന്നവയായിരിക്കെ തന്നെ അവ പഴയൊരു കാലത്തിന്റെ, അനുഭവത്തിന്റെ സ്തബ്ധലോകം പോലെ നിലകൊള്ളുന്നു.

ഓർമ്മയുടെ മൂന്നാമത്തെ പ്രകാരം ഇതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. പ്രവൃത്തിയുടെ സ്മൃതിരൂപമാണത്  (memory of praxis). ഈ സ്മൃതിരൂപത്തിലും ഭൂതകാലത്തിന്റെ വീണ്ടെടുപ്പുണ്ട്. വർത്തമാനത്തിൽ നിന്ന് ഭൂതത്തിലേക്കല്ല, ഭൂതത്തിൽനിന്ന് വർത്തമാനത്തിലേക്ക് എന്നതാണ് അതിന്റെ രീതി. വർത്തമാനകാലത്തിൽ വേരാഴ്ത്തിനിന്ന്, അതിന് പര്യാപ്തമായ ഒരു ഭൂതകാലത്തെ പണിതെടുക്കലാണ് ഓർമ്മയുടെ ആദ്യപ്രകാരങ്ങൾ ചെയ്യുന്നത്. അവിടെ ഓർമ്മ സ്തബ്ധമായ ഭൂതകാലമായിരിക്കുന്നതും അതുകൊണ്ടാണ്. ഒടുവിൽ പറഞ്ഞ പ്രകാരത്തിൽ പക്ഷേ, ഓർമ്മകൾ സ്തബ്ധമല്ല. അവ വർത്തമാനത്തിൽ ക്രിയയായി പടരുകയും ഭാവിയെ നിർമ്മിക്കുകയും ചെയ്യുന്ന ഓർമ്മയാണ്. ഭൂതകാലത്തിന്റെ സുവർണമോ ദുഃഖാർത്തമോ ആയ സ്മൃതികൾ എന്നതിനപ്പുറം, തന്റെ കാലത്തിലും ജീവിതത്തിലും പ്രവൃത്തിയായി പരിണമിക്കുന്ന ഓർമ്മയാണത്.

ഓർമ്മയുടെ ഈ സക്രിയതയാണ് അതിനെ ഭാവിയിലേക്ക് കൊണ്ടുപോകുന്നത്. ഒരു രക്തസാക്ഷിത്വം നൂറ്റാണ്ടുകളിലൂടെ ജീവിക്കുന്നത് ഇത്തരമൊരോർമ്മയായാണ് എന്നുപറയാം. ദുരധികാരത്തിനെതിരായ മനുഷ്യവംശത്തിന്റെ സമരം മറവികൾക്കെതിരായ ഓർമ്മയുടെ സമരമാണെന്ന് എക്കാലത്തേയും വലിയ എഴുത്തുകാരിലൊരാൾ എഴുതി. അവിടെ ഓർമ്മ ചരിത്രത്തിന്റെ ഇന്ധനമായി മാറുന്നു. ഓർമ്മയും മനുഷ്യരും ചരിത്രവും ഇടകലരുന്ന പുതിയൊരു പ്രകാരം പിറക്കുന്നു.

  ഓർമ്മയും ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഫ്രഞ്ച് ചിന്തകനായ പിയറിനോറയുടെ പ്രസിദ്ധമായ ഒരു പഠനമുണ്ട്. "ഓർമ്മയ്ക്കും ചരിത്രത്തിനും ഇടയിൽ' (Between Memory and History) എന്നപേരിൽ. അതിൽ ഓർമ്മകളെ അദ്ദേഹം രണ്ടായി പകുക്കുന്നു. ആദ്യത്തേത് "ഓർമ്മയുടെ യഥാർത്ഥ പരിസരങ്ങൾ' (real environment of memory) ആണ്.

ഓർമ്മയുടെ ശുദ്ധരൂപമായാണ് പിയറിനോറ ഇതിനെ കാണുന്നത്. ശരീരസ്ഥിതമായ ഓർമ്മ എന്നുപറയാം. മനുഷ്യരുടെ ഭാവഹാവങ്ങൾ, പെരുമാറ്റശീലങ്ങൾ, പാരമ്പര്യമായി കൈമാറിക്കിട്ടുന്ന നൈപുണ്യങ്ങൾ, ശരീരബോധം തുടങ്ങിയവയുടെയെല്ലാം മണ്ഡലമാണത്. കേവലവും നൈസർഗികവുമായ ഓർമ്മയുടെ ലോകമായാണ് അദ്ദേഹം ഇതിനെ വിലയിരുത്തുന്നത്.

ഇതിന്റെ മറുപുറത്ത് അദ്ദേഹം "ഓർമ്മയുടെ പ്രവൃത്തിമണ്ഡലങ്ങൾ' (sites of memory) എന്ന ഒന്നിനെ സങ്കൽപ്പിക്കുന്നു. അവിടെ ഓർമ്മ അടിസ്ഥാനപരമായി ഭാവനാത്മകമാണ്. "ഓർമ്മയുടെ യഥാർത്ഥപരിസരങ്ങൾ' അവിടെ അപ്രത്യക്ഷമായിരിക്കുന്നു. പലതരം മാധ്യസ്ഥങ്ങൾക്ക് വിധേയമായി, പലതും കൂട്ടിയിണക്കപ്പെട്ട്, പടുത്തുയർത്തപ്പെടുന്ന ഓർമ്മകൾ. അവ കേവലമോ ശുദ്ധമോ അല്ല. ഓർമ്മകൾക്ക് പിന്നിലെ അടിസ്ഥാനപരമായ ജൈവപ്രകൃതത്തെ പലതരം മാധ്യസ്ഥങ്ങളിലൂടെ അനുസ്മരിക്കുമ്പോഴാണ് "ഓർമ്മയുടെ പ്രവൃത്തിമണ്ഡലങ്ങൾ' നിലവിൽ വരുന്നത്. ചരിത്രപരമായി പരിണമിക്കുന്ന ഓർമ്മ എന്നുപറയാം.

ഓർമ്മയിലെ ചരിത്രത്തിലേക്കും ചരിത്രത്തിലെ ഓർമ്മയിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ആശയമാണ് പിയറി നോറ അവതരിപ്പിക്കുന്നത്. ഓർമ്മയും ചരിത്രവും എന്ന അദ്ദേഹത്തിന്റെ ഈ ദ്വന്ദകല്പന പലരാലും വിമർശിക്കപ്പെട്ടിട്ടുണ്ട്. ശുദ്ധമായ ഓർമ്മയും ഓർത്തെടുക്കപ്പെടുന്ന ഓർമ്മയും തമ്മിലുള്ള വൈരുധ്യാത്മക വിനിമയങ്ങൾ അദ്ദേഹം പരിഗണിക്കുന്നുണ്ടോ എന്ന് സംശയമാണ്. ശരീരസ്ഥിതം എന്ന് പറയാവുന്ന ശുദ്ധമായ ഓർമ്മയിലും സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും പലതരം മാധ്യസ്ഥങ്ങളുണ്ടാകും. മറുഭാഗത്ത് ഓർമ്മയുടെ പ്രവൃത്തിമണ്ഡലങ്ങളിൽ ശരീരസ്ഥിതമായ ഓർമ്മകൾ കടന്നുകയറുന്നുമുണ്ടാകും. ഇത് പിയറിനോറയുടെ പരിഗണനയിൽ വേണ്ടത്ര ഇല്ലെന്ന് തോന്നുന്നു. എങ്കിലും ഓർമ്മകളെക്കുറിച്ച് ആലോചിക്കുമ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങൾ നമുക്ക് ചില തെളിച്ചങ്ങൾ തരുന്നുണ്ട്. എത്രയോ ലളിതമായി തോന്നുന്ന, തീർത്തും ജൈവികമായി അനുഭവപ്പെടാവുന്ന ഒരു പ്രക്രിയയുടെപോലും സങ്കീർണമാനങ്ങൾ അതിലൂടെ തെളിഞ്ഞുവരും. ശീലത്തിലെ ഓർമ്മകളും ഓർമ്മയിലെ ശീലങ്ങളും!

    മനുഷ്യവംശത്തിന്റെ എല്ലാ ഓർമ്മയിലും അതിജീവനവുമുണ്ട്. വർത്തമാനം ഓർമ്മയിൽ പണിതെടുക്കുന്ന ഭൂതകാലം അവിടെത്തന്നെ അവസാനിക്കുന്നില്ല. അത് ഭാവിയിലേക്കും നീളുന്നുണ്ട്. എല്ലാ ഓർമ്മകളിലും അങ്ങനെയൊരു വഴിയുണ്ട്. ആദ്യനോട്ടത്തിൽ അപ്രകാരം അനുഭവപ്പെടണമെന്നില്ല. ആഹ്ലാദഭരിതവും പ്രകാശപൂർണവുമായ ഭൂതകാലസ്മൃതികളിൽ അതിജീവനത്തിന്റെ മുദ്രകൾ പ്രകടമായിരിക്കും. ജീവിതത്തിന്റെ പ്രകാശഭാസുരതയെ തിരിച്ചുപിടിക്കാൻ ഒരാൾ നടത്തുന്ന ശ്രമങ്ങളാണവ. ഇരുൾ ചൂഴുന്ന ഒരു കാലയളവിനെ വർണശബളമായ പഴയൊരു കാലത്തിന്റെ ബലംകൊണ്ട് മറികടക്കലാണത്. ഓർമ്മ അവിടെ ഒരു എതിരിടലാണ്. ജീവിതത്തെ വീണ്ടെടുക്കലാണ്.

എന്നാൽ ചില ഓർമ്മകൾ വെളിച്ചം വീഴാത്ത ഇരുണ്ട ഇടനാഴികൾ പോലെയാണ്. എത്ര താണ്ടിയാലും തീരാത്ത ദൂരങ്ങൾ. അതിൽ നിറയുന്ന ഇരുട്ട്. അതിൽ എന്താണ് അതിജീവനം? ദുഃഖഭരിതവും യാതനാനിർഭരവുമായ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകളിൽ അതിജീവനത്തിന്റേതായി എന്താണുള്ളതെന്ന് ന്യായമായും സംശയം തോന്നിയേക്കാം. മറക്കാൻ ആഗ്രഹിച്ചിട്ടും മറക്കാനാകാത്തതുപോലെ നമ്മെ വലയംചെയ്യുന്ന ഓർമ്മകളിൽ അതിജീവനത്തിന്റേതായി എന്തു പാഠമാണുള്ളത്?

 പുറമേക്ക് ഇങ്ങനെ തോന്നാമെങ്കിലും വേദനാഭരിതമായ ഓർമ്മകളും അതിജീവനത്തിന്റെ വഴികളെ കൂടി ഉൾക്കൊള്ളുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഒരു ഭാഗത്ത് അത് തന്നിലേക്കു തന്നെയുള്ള തിരിഞ്ഞുനോട്ടമാണ്. തന്റെ സ്വത്വത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കുമുള്ള തിരിഞ്ഞുനോട്ടം. അത് പിന്നോട്ടുള്ള ഒരായലാണ്. പിന്നോട്ടുവയ്ക്കുന്ന ഒരു ചുവട് മുന്നോട്ടുള്ള കുതിപ്പിന് ഊർജമാകുന്നതുപോലെ. പിന്നോട്ടുള്ള ചുവട് തന്റെ വൈകാരിക ഊർജത്തിലേക്കുള്ള ചുവടുവയ്പായി ഒരാൾക്ക് അനുഭവപ്പെടാം (Any step backward is a step to our emotional arena എന്ന് എം എൻ വിജയൻ). താൻ പിന്നിട്ടുപോന്ന യാതനകളെയോ ഇനിയും പിന്നിടേണ്ട വേദനകളെയോ കുറിച്ചുള്ള തിരിച്ചറിവായി ആ ഓർമ്മകൾ മാറിത്തീരുന്നു. അതുകൊണ്ട് പ്രത്യക്ഷത്തിൽ വേദനാനിർഭരമായിരിക്കുമ്പോഴും അവ അതിജീവനത്തിന്റെ കൂടി ഓർമ്മയായി മാറുന്നു. അതൊരു കുതികൊള്ളലാണ്. ഭാവിയിലേക്ക്, പ്രത്യാശയിലേക്ക്. വേദനിപ്പിക്കുമ്പോഴും അതിൽ വിമോചനത്തിന്റെ ഒരു വഴിയുണ്ട്.

അങ്ങനെ മനസ്സിലാക്കിയാൽ, ഓർമ്മകൾക്ക് ഒരു വൈരുധ്യാത്മക പ്രകൃതമുണ്ട് എന്ന് വ്യക്തമാകും. ഇതിന് മറ്റൊരു പ്രകാരവുമുണ്ട്. ഓരോ ഓർമ്മയും അതിന് ചുറ്റുമുള്ള എത്രയോ മറവികളാലാണ് വലയം ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂതകാലത്തിലെ ചെറുതും വലുതുമായ അനുഭവങ്ങളുടെ അനന്തസമുദ്രത്തിലെ ചെറുദ്വീപുകളാണ് ഓരോ ഓർമ്മയും. അതിനു ചുറ്റും വിസ്മൃതിയുടെ കടൽ ഇരമ്പിക്കൊണ്ടേയിരിക്കുന്നു. ഈ വിസ്മൃതിയുടെ കടലിരമ്പമാണ് നമ്മുടെ ഓർമ്മകളെ ദീപ്തമാക്കുന്നത്. എല്ലാ ഓർമ്മകളും മറവികൾ കൂടിയാണെന്ന് ഉംബർട്ടോ എക്കോ എഴുതിയതും അതുകൊണ്ടാവണം. ഭാവത്തിന്റെ പരകോടിയിലെ അഭാവംപോലെ, ഒരനുഭവത്തിൽ സന്നിഹിതമായിരിക്കുന്ന അതിന്റെ വിപരീതലോകം പോലെ, ഓർമ്മകളിൽ മറവി കുടികൊള്ളുന്നു. എണ്ണമറ്റ മറവികളിലൂടെ നാം ഓർമ്മയെ കൊണ്ടുനടക്കുന്നു; അതിൽ ജീവിക്കുന്നു.

ഓർമ്മിക്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നത്. ആ ഓർമ്മകളെല്ലാം മറവികളുമാണ്. അങ്ങനെ മനുഷ്യജീവിതം ജീവിക്കുന്ന ഒരു വൈരുധ്യാത്മകതയായിരിക്കുന്നു. സാഹിതീയതയെക്കുറിച്ചെഴുതുമ്പോൾ ഫ്രഞ്ച് ചിന്തകനായ റാൻസിയേ ഉപയോഗിച്ച "ജീവിക്കുന്ന വൈരുധ്യാത്മകത' (living dialectic) എന്ന വിശേഷണം അതിലുമെത്രയോ ആഴത്തിൽ ഓർമ്മകൾക്കും ബാധകമാണെന്ന് നാം തിരിച്ചറിയുന്നു; ഓർമ്മകൾക്കെന്നപോലെ ജീവിതത്തിനും.
ഓർമ്മകളെക്കുറിച്ചുള്ള ഒരു പംക്തിയാണിത്. അതുകൊണ്ടു തന്നെ മനുഷ്യരെക്കുറിച്ചുള്ളതും.

ജീവിതത്തിന്റെ പല പടവുകളിൽ കണ്ടുമുട്ടിയ മനുഷ്യർ. അവർക്കൊപ്പം നടന്ന വഴികൾ. അവർ തന്ന ജീവിതം; അനുഭവങ്ങൾ. അതിലൂടെ രൂപപ്പെട്ട ഞാനും. ലോകവുമായുള്ള ഇടകലരുകളിലൂടെ, ചിന്നിയും ചിതറിയും, നടത്തിയ സഞ്ചാരങ്ങളുടെ കഥ. മനുഷ്യൻ സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമാണെന്ന പഴയ വാക്യത്തിന് ഇങ്ങനെയും ഒരർഥമുണ്ടാകും.
ഓർമ്മകളും മനുഷ്യരും!.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top