20 May Friday

മഹാഭാരതം : കേസരി തന്ന വെളിച്ചം... സുനിൽ പി ഇളയിടത്തിന്റെ പംക്തി ഒൻപതാം ഭാഗം

സുനിൽ പി ഇളയിടംUpdated: Monday Jan 24, 2022

അവ്യക്തമായി കിടന്ന മഹാവിപിനത്തിലേക്കുള്ള വഴി പതിയെപ്പതിയെ തെളിഞ്ഞുകിട്ടിയപോലെ, മഹാഭാരതവിചാരങ്ങളുടെയും പ്രഭാഷണങ്ങളുടെയും  അടിപ്പടവായി  മാറിത്തീർന്ന  സന്ദർഭങ്ങളെ വിശദീകരിക്കുന്നു.

ഒന്ന്

മഹാഭാരതപ്രഭാഷണങ്ങൾക്കായുള്ള ആലോചനകളുടെ സന്ദർഭത്തിൽ പതിവില്ലാത്ത ഒരു സന്ദേഹം എന്നെ വലയം ചെയ്തിരുന്നു. എങ്ങനെയാണിതിനെ സമീപിക്കുക? ഒരു പ്രമേയം എങ്ങനെ വിശദീകരിക്കണം എന്നതിനെക്കുറിച്ച് സാധാരണയായി എനിക്ക് വലിയ സംശയം തോന്നാറില്ല. ആ പ്രമേയത്തെക്കുറിച്ചുള്ള ആലോചനകൾക്കൊപ്പം തന്നെ ഏതോ നിലയിൽ അതിനോടുള്ള സമീപനരീതിയും തെളിഞ്ഞുവരികയാണ് പതിവ്. പ്രമേയവും പരിചരണരീതിയും തമ്മിൽ കെട്ടുപിണയുന്ന ഒരു ആവിഷ്കാരരീതിയിലേക്ക് പൊതുവിൽ അതെന്നെ കൊണ്ടുപോയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, ഏതു വിഷയത്തെക്കുറിച്ചുള്ള ആലോചനയും മിക്കപ്പോഴും അതിന്റെ രീതിശാസ്ത്രത്തെക്കൂടി ഉൾക്കൊള്ളുന്നതായിരുന്നു.

മഹാഭാരതം പക്ഷേ, വ്യത്യസ്തമായിരുന്നു. ഭൂതകാലത്തിലെ ഒരു ഇരുൾപ്പടർച്ചപോലെ അതെപ്പോഴും അവ്യാകൃതമായി അവശേഷിച്ചു. പലനിലകളിൽ അതിനെ സമീപിച്ചവരുടെ വലിയൊരു നിരയെത്തന്നെ വായനയിലൂടെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഒരു മതഗ്രന്ഥം എന്ന നിലയിൽ പൂജിച്ചാരാധിച്ചവർ, മതഗ്രന്ഥം മാത്രമായി പരിഗണിച്ച് അതിനെയപ്പാടെ നിരാകരിച്ച യുക്തിവാദികളും ശാസ്ത്രവാദികളും, ചരിത്രപരമായി സമീപിച്ച സാമൂഹ്യചിന്തകർ, സാഹിത്യപരവും കലാപരവും മറ്റുമായി പുനർവിഭാവനം ചെയ്ത കവികൾ, നോവലിസ്റ്റുകൾ, ചിത്രരചയിതാക്കൾ, നാടകകൃത്തുക്കൾ തുടങ്ങിയവർ, വൈജ്ഞാനികതയുടെ വഴി പിൻപറ്റിയ പണ്ഡിതർ... മഹാഭാരതത്തിലേക്ക് എണ്ണമറ്റ വഴികളുണ്ടായിരുന്നു. അത്തരം വഴികളിലൂടെയെല്ലാം പലപ്പോഴായി ഞാൻ കടന്നുപോയിട്ടുമുണ്ടായിരുന്നു. എങ്കിലും ഏതിലൂടെയാണ് അതിലേക്ക് കടക്കേണ്ടത് എന്ന കാര്യം അവ്യക്തമായിരുന്നു.

മതത്തിന്റെയും യുക്തിവാദത്തിന്റെയും വഴികളായിരുന്നു ഞാൻ പരിചയപ്പെട്ടവയിൽ ഏറ്റവും ശബ്ദായമാനം. ആദ്യത്തേതിൽ വലിയൊരു പങ്ക് മതമൗലികവാദികളാണ് ഉണ്ടായിരുന്നത്. മറുഭാഗത്തുള്ളതും വ്യത്യസ്തമായിരുന്നില്ല. അതും മറ്റൊരു മൗലികവാദത്തിന്റെ നടത്തിപ്പുകാരാണ്. രാമായണവും മഹാഭാരതവും മറ്റും ചുട്ടെരിക്കണമെന്ന വാദത്തിന്റെ പിൽക്കാലഭാഷ്യങ്ങൾ. രണ്ടും  ഒരുപോലെ അസ്വീകാര്യമായാണ് എനിക്ക് തോന്നിയത്. ചരിത്രത്തിന്റെ അങ്ങേത്തലയ്ക്കലെ മങ്ങൂഴം പോലെ മഹാഭാരതം തെളിയാതെ ബാക്കിനിന്നു.പൊടുന്നനെയാണ്, കേസരിയുടെ വിചാരത്തിന്റെ വെളിച്ചം അതിലേക്കു വീണത്.

കേസരി

കേസരി

കേരളം കണ്ട ഏറ്റവും വിധ്വംസകനായ ആ ചിന്തകൻ ഇതിഹാസപാരമ്പര്യത്തെക്കുറിച്ചുള്ള ആലോചനകളിലേക്കും ഒരു വഴി തുറന്നിട്ടിരുന്ന കാര്യം ഇതിനിടയിലെപ്പോഴോ ആണ് ഓർമയിൽ വന്നത്. അതൊരു വലിയ വഴിതുറക്കലായിരുന്നു. രാമായണത്തോടും അതു മുന്നോട്ടുവയ്ക്കുന്ന സവർണസംസ്കാരത്തോടുമുള്ള പ്രതിഷേധം മൂലം രാമായണത്തിനു ബദലായി രാവണായനമെഴുതാൻ തുനിഞ്ഞ പള്ളത്തുരാമന്റെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ടുതന്നെ, കേസരി ബാലകൃഷ്ണപിള്ള 1934 ഒക്ടോബർ 24ന് കേസരിപത്രത്തിൽ മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതി:‘മഹാകവി കുമാരനാശാൻ തന്നെപ്പോലെ (പള്ളത്തുരാമനെപ്പോലെ ‐ ലേഖകൻ) രാമായണത്തിനു പകരം രാവണായനം എഴുതാൻ പറയുകയില്ലെങ്കിലും, രാവണായനം കൊണ്ട് താൻ സാധിക്കാൻ ശ്രമിക്കുന്ന കാര്യം ആ അനുഗ്രഹീത മഹാകവി രാമായണം എഴുതിത്തന്നെ സാധിക്കുമായിരുന്നു എന്നും മിസ്റ്റർ രാമൻ അറിയേണ്ടതായിരുന്നു. ഇന്നത്തെ അവർണർ കേരളീയസാഹിത്യത്തിൽ ഉണ്ടാക്കേണ്ട വിപ്ലവം പ്രസ്തുത പദ്ധതിയുടെ സ്വീകരണമാണ്.’

ഹിന്ദുമതത്തിൽ നിലീനമായ ജാതിവ്യവസ്ഥയോടും അതിന്റെ സവർണപാരമ്പര്യത്തോടുമുള്ള വിയോജിപ്പുമൂലം ഹൈന്ദവമത സാഹിത്യത്തെയപ്പാടെ വെടിഞ്ഞ് ബുദ്ധമതപാരമ്പര്യത്തെയും സാഹിത്യത്തെയും സ്വീകരിക്കുന്നതുകൊണ്ടു കാര്യമായ ഫലമൊന്നും ഉണ്ടാകില്ലെന്ന് കേസരി ആ ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. അതിനുപകരം കുമാരനാശാൻ ചെയ്തതുപോലെ, രാമായണപാരമ്പര്യത്തിനുള്ളിൽ കടന്നുകയറി അതിനെ ആക്രമിക്കുകയാണ് വേണ്ടതെന്നും കേസരി സൂചിപ്പിക്കുന്നു. യഥാർത്ഥ വിപ്ലവകാരിയായ ആശാനെ പിൻതുണയ്ക്കുന്നതിനു പകരം മിസ്റ്റിക് കവിയായ ടാഗോറിനെ പ്രശംസിക്കുന്ന പള്ളത്തുരാമന്റെ സമീപനത്തെ അദ്ദേഹമവിടെ വിമർശിക്കുന്നുമുണ്ട്.

മഹാഭാരതത്തെക്കുറിച്ചുള്ള ആലോചനകകളിൽ മുഴുകിയ കാലത്തെപ്പോഴോ കേസരിയുടെ ഈ വാക്കുകൾ വീണ്ടും മനസ്സിലെത്തി. പ്രൊഫ. എം എൻ വിജയൻ പ്രസിദ്ധീകരിച്ച കേസരിയുടെ ലോകങ്ങൾ എന്ന കൃതിയിലാണ് ഈ മുഖപ്രസംഗഭാഗം ഞാൻ ആദ്യം കണ്ടത്. അത് 1990‐ കളുടെ തുടക്കത്തിലെപ്പോഴോ ആവണം. പിന്നീട് കേസരിയുടെ മുഖപ്രസംഗങ്ങളിൽ ആ ലേഖനം മുഴുവനായി വായിച്ചു. എങ്കിലും ഓർമയിൽനിന്നും അതു മാഞ്ഞുപോയിരുന്നു. മഹാഭാരതപ്രഭാഷണങ്ങളുടെ സന്ദർഭമാണ് ആ മുഖപ്രസംഗത്തെ വീണ്ടും മനസ്സിലേക്ക്‌ കൊണ്ടുവന്നത്. ഇതിഹാസപാരമ്പര്യത്തെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള വലിയൊരുൾക്കാഴ്ച കേസരിയുടെ വാക്കുകളിലുണ്ടായിരുന്നു.

ഡി ഡി കൊസാംബി

ഡി ഡി കൊസാംബി

രാമായണത്തിന് ബദൽപാഠം ചമയ്ക്കുന്ന രാവണായനമല്ല; രാമായണത്തിനകമേ കടന്നുകയറി അതിനെ വിമർശനവിധേയമാക്കുന്ന കുമാരനാശാന്റെ വഴിയാണ് ഫലപ്രാപ്തിയുളവാക്കുക എന്ന കേസരിയുടെ ആശയം, ഇതിഹാസപഠനങ്ങളെക്കുറിച്ചുള്ള എന്റെ അവ്യക്തധാരണകൾക്ക് പെട്ടെന്ന് വെളിച്ചം പകർന്നു. പി ഗോവിന്ദപ്പിള്ള മുതൽ ഡി ഡി  കൊസാംബി വരെയുള്ളവരുടെ പഠനങ്ങളിലൂടെ ഇതിഹാസപാരമ്പര്യത്തെ ചരിത്രപരമായി സമീപിക്കേണ്ടതിനെക്കുറിച്ച് ഒട്ടൊക്കെ വ്യക്തമായ ഒരു കാഴ്ചപ്പാട് എനിക്കു അതിനകം തന്നെ കൈവന്നിരുന്നു. എന്നാൽ, ചരിത്രപരമായ സമീപനം ഇതിഹാസപാഠത്തിന്റെ സാഹിതീയവും മറ്റുമായ തലങ്ങളെ വേണ്ടതുപോലെ അഭിസംബോധന ചെയ്യുന്നതായി എനിക്ക് അനുഭവപ്പെട്ടില്ല. സാഹിത്യത്തെ സാമൂഹ്യചരിത്രത്തിന്റെ ഉപാദാനമോ തെളിവുസാമഗ്രിയോ മാത്രമായി കാണുന്നതിനോട് എനിക്ക് ഒരുകാലത്തും യോജിപ്പുണ്ടായിരുന്നുമില്ല.

അപ്പോഴാണ് കേസരിയുടെ വാക്കുകൾ വലിയൊരു വെളിച്ചമായിത്തീർന്നത്. ഇതിഹാസപാഠത്തിനെതിരായ വിമർശനം താർക്കികമായി അതിന് സമാന്തരങ്ങൾ തീർത്തുകൊണ്ടോ, അതിനെ കേവലമായി നിരസിച്ചുകൊണ്ടോ അല്ല നിറവേറ്റേണ്ടതെന്ന ബോധ്യത്തിലേക്ക് എന്നെ കൊണ്ടുപോകുന്നതിൽ അത് വഹിച്ച പങ്ക് വലുതാണ്. ഇരുണ്ടുകൂടി അവ്യക്തമായി കിടന്ന ഒരു മഹാവിപിനത്തിലേക്കുള്ള വഴി പതിയെപ്പതിയെ തെളിഞ്ഞുകിട്ടുന്നതുപോലെയായിരുന്നു അത്. പാഠപാരമ്പര്യത്തിനുള്ളിൽ കടന്നുള്ള യുദ്ധമേ ഫലിക്കൂ എന്നതായിരുന്നു കേസരി തന്ന വെളിച്ചം. നിശ്ചയമായും അതിൽ ധാരാളം അപകടസാധ്യതകൾ ഉണ്ട്. പരിമിതികൾ ഉണ്ട്. പക്ഷേ, അതാണ് ഫലിക്കുക. സ്വന്തം സിദ്ധാന്തശുദ്ധിയെക്കാൾ സാമൂഹികഫലത്തെ പ്രധാനമായി പരിഗണിച്ചാൽ അങ്ങനെയൊരു നിലപാടേ സംഗതമാവൂ. എന്റെ മഹാഭാരതവിചാരങ്ങളുടെ അടിപ്പടവായി അത് മാറിത്തീരുകയും ചെയ്തു.

രണ്ട്

വ്യാസമഹാഭാരതത്തിലേക്ക് എനിക്ക് വഴിതുറന്നുതന്നത് പികെ ബാലകൃഷ്ണനാണ്; പി കെ ബാലകൃഷ്ണന്റെ വ്യാസഭാരതപഠനങ്ങൾ. മഹാഭാരതകഥകൾ കേട്ടും ചിലതെല്ലാം വായിച്ചുമാണ് ഞാൻ കുട്ടിക്കാലം പിന്നിട്ടത്. എം എ പഠനം പൂർത്തിയായപ്പോഴേക്കും പലതരം മഹാഭാരതാഖ്യാനങ്ങൾ വായിച്ചിരുന്നു. യയാതി, ഇനി ഞാൻ ഉറങ്ങട്ടെ, രണ്ടാമൂഴം തുടങ്ങിയ നോവലുകളും ഭാരതപര്യടനം പോലുള്ള വ്യാഖ്യാനങ്ങളും. എങ്കിലും മഹാഭാരതം മുഴുവനായും വായിക്കണമെന്ന തോന്നൽ അപ്പോഴൊന്നും എനിക്കുണ്ടായിരുന്നില്ല. ഭീമാകാരമായ ഒരു മതഗ്രന്ഥമായാണ് അക്കാലത്ത് ഞാനതിനെ കണ്ടിരുന്നത്. വിദ്യാർഥിജീവിതകാലത്തെ തീവ്രമായ രാഷ്ട്രീയബോധ്യങ്ങൾ അതിനോട് ഒരു അകലം ജനിപ്പിക്കുകയും ചെയ്തു.

എം എ പഠനമെല്ലാം കഴിഞ്ഞ്, സമാന്തര വിദ്യാഭ്യാസമേഖലയിൽ ജോലിചെയ്തിരുന്ന 1990‐ കളുടെ പകുതിയിലെപ്പോഴോ ആണ് പി കെ ബാലകൃഷ്ണന്റെ വ്യാസഭാരതപഠനങ്ങൾ കൈയിലെത്തിയത്.

പി കെ  ബാലകൃഷ്‌ണൻ

പി കെ ബാലകൃഷ്‌ണൻ

മുഖ്യമായും എഴുത്തച്ഛന്റെ കാവ്യകലയെ കുറിച്ചുള്ളതാണ് ആ ഗ്രന്ഥം. എങ്കിലും വ്യാസമഹാഭാരതത്തെക്കുറിച്ചുള്ള നാലഞ്ചു ലേഖനങ്ങൾ അതിലുണ്ടായിരുന്നു. അത്യാദരങ്ങളോടെയാണ് പി കെ ബാലകൃഷ്ണൻ വ്യാസമഹാഭാരതത്തെ അതിലവതരിപ്പിക്കുന്നത്. ആദ്യവായനയിൽ ആ വാക്കുകൾ എന്നെ അല്പം ആശ്ചര്യപ്പെടുത്തുക തന്നെ ചെയ്തു:

‘അധൃഷ്യമായ വശ്യത; ഭ്രമകരമായ കേവല നിരർഥകത; അനന്തമായ സങ്കീർണത; അനുഭവത്തിന്റെ പൂർണതയിൽ അറിയുന്ന മനസ്സും അറിഞ്ഞ അറിവും ആലസ്യത്തിൽ ലയിച്ചുണ്ടായ അജ്ഞേയത‐ ജീവിതമെന്ന മൂർത്തമായ അപ്രമേയതയെ തത്സ്വരൂപത്തിൽ ആവിഷ്കരിക്കുന്ന ഒരു സാഹിത്യകലാസൃഷ്ടിയോ, സാഹിത്യകലാസൃഷ്ടികൂടിയോ ആണ് വ്യാസൻ രചിച്ചതായി കരുതപ്പെടുന്ന ശ്രീമഹാഭാരതം.’ മഹാഭാരതത്തെക്കുറിച്ചുള്ള തന്റെ ലേഖനങ്ങളിലൊന്ന് പി കെ ബാലകൃഷ്ണൻ ആരംഭിക്കുന്നതിങ്ങനെയാണ്. ദസ്തയേവ്സ്കിയെപ്പോലുള്ളവരുടെ സാഹിത്യസൃഷ്ടികൾ വായിക്കുന്ന അതേനിലയിൽ ഇപ്പോഴും വായിക്കാവുന്ന കൃതിയാണ് മഹാഭാരതമെന്ന് അദ്ദേഹമവിടെ എഴുതിയിട്ടുണ്ട്. കാലമാണ് അതിലെ പ്രധാന കഥാപാത്രം. മൗസലപർവത്തെ കാര്യമായി പരിഗണിച്ചാൽ, പതനാഭ്യുദയങ്ങളുടെ സമഗ്രചിത്രം അവതരിപ്പിക്കുന്നതിൽ മഹാഭാരതത്തോളം വിജയിച്ച കൃതികൾ ഏറെയില്ലെന്നു വ്യക്തമാവുമെന്നും പി കെ ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.

ഒരേസമയം ചരിത്രപരവും സാഹിതീയവുമായാണ് പി കെ ബാലകൃഷ്ണന്റെ സമീപനം. കൊസാംബിയുടെയും കുട്ടിക്കൃഷ്ണമാരാരുടെയും വഴികൾ സംഗമിക്കുന്ന മഹാഭാരതവിചാരമാണ് അതെന്നു തോന്നി. ജീവിതത്തെ ആകമാനം കാണുന്ന ഒരു കണ്ണ് മഹാഭാരതത്തിനുള്ളതായി അദ്ദേഹം കരുതി. ഇതിഹാസഭാവനയുടെ ഈ മഹിമയെക്കുറിച്ച് പി കെ ബാലകൃഷ്ണൻ അത്യാദരവിന്റെ ധ്വനികളുള്ള ഭാഷയിൽ എഴുതിയിട്ടുമുണ്ട്: 'ധർമ്മികളും വീരന്മാരുമായി അംഗീകരിക്കപ്പെടുന്നവർ അധർമ്മത്തിനും ഭീരുത്വത്തിനും അതീതരല്ലെന്നും, അധർമ്മികളും നീചന്മാരുമായി ഗണിക്കപ്പെടുന്നവർ മഹൽക്കർമ്മങ്ങൾക്കും അചഞ്ചലപൗരുഷത്തിനും കഴിവില്ലാത്തവരല്ലെന്നുമുള്ള അവസ്ഥ കഥാപാത്രസഞ്ചയത്തിനാകെ ഒരുപോലെ ബാധകമായിക്കാണുന്ന ഏക വിശ്വേതിഹാസം മഹാഭാരതമാണ്.’

മഹാഭാരതത്തിന്റെ സാഹിതീയമായ മഹിമയായി പി കെ ബാലകൃഷ്ണൻ എടുത്തുപറയുന്ന മൂന്നു കാര്യങ്ങൾ ശ്രദ്ധേയമാണ്. ഒന്ന്: ദസ്തയേവ്സ്കിയുടേയോ മറ്റോ മഹത്തായ ഒരു നോവൽ വായിക്കുന്നതുപോലെ സമകാലികമായി വായിക്കാൻ കഴിയുന്ന കൃതിയാണ് മഹാഭാരതം. രണ്ട്: കഥാപാത്രങ്ങളുടെ മാനുഷികപ്രകൃതം അതിനെ ഒരിക്കലും ഭഞ്ജിക്കപ്പെടുന്നില്ല. അതിഭൗതികാംശങ്ങൾ എത്രയെങ്കിലും കാണാനാവുമെങ്കിലും അടിസ്ഥാനപരമായി മഹാഭാരതം മാനുഷികമാണ്. മൂന്ന്: സാഹിത്യകലയിലെ മഹാപ്രതിഭകളുടെ സ്വപ്നമായി ഇപ്പോഴും തുടരുന്ന നിസ്സംഗമായ നിർമ്മമഭാവത്തോടെ മനുഷ്യജീവിതത്തെ ആഖ്യാനം ചെയ്യാൻ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു. അതേസമയം തന്നെ, 'വ്യാസഭാരതത്തിന്റെ രൂപപരിണാമവും ഇന്ത്യയിലെ സമുദായപരിണാമവും' പരസ്പരം കൂടിക്കലർന്നതാണെന്നും, 'വർണ്ണാശ്രമ ധർമ്മവ്യവസ്ഥിതി ബ്രാഹ്മണതാല്പര്യത്തെ മുൻനിർത്തി വളർന്ന് ശക്തിപ്രാപിക്കുന്ന പ്രക്രിയയുടെ ചരിത്രം' അതിൽനിന്ന് നിർധാരണം ചെയ്യാനാവുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഇങ്ങനെ, ഒരുഭാഗത്ത് ‘കേവലനിരർത്ഥകതയുടെ ഭാവചിത്ര’മായും മറുഭാഗത്ത് പ്രാചീന ഇന്ത്യയുടെ സാമൂഹ്യചരിത്രസൂചകമായും മഹാഭാരതത്തെ അവതരിപ്പിക്കുന്ന പി കെ ബാലകൃഷ്ണന്റെ സമീപനം ആദ്യവായനയിൽത്തന്നെ എന്നെ ആകർഷിച്ചു. എംഎ വിദ്യാർഥിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന ഗ്രന്ഥം ഞാൻ വായിച്ചിരുന്നു. ജാതിവ്യവസ്ഥയെയും അതിന്റെ ഘടനാപരമായ പ്രകൃതത്തെയും കുറിച്ച് സൂക്ഷ്മബോധവും, കേരളചരിത്രരചനയിൽ നിലീനമായ ജാതിബന്ധങ്ങളെക്കുറിച്ച് വിമർശനാത്മകജാഗ്രതയുമുള്ള ഒരാളാണ് പി കെ ബാലകൃഷ്ണനെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.

കുട്ടികൃഷ്‌ണ മാരാർ

കുട്ടികൃഷ്‌ണ മാരാർ

അങ്ങനെയൊരാൾ കേവലമൊരു മതഗ്രന്ഥം മാത്രമായി പലരും കണക്കാക്കുന്ന മഹാഭാരതത്തിൽ എന്തുകൊണ്ടാവും ഇത്രമേൽ ബദ്ധനായത് എന്നതാണെന്നെ വിസ്മയിപ്പിച്ചത്. സാഹിത്യഗ്രന്ഥമായി മാത്രമല്ല അദ്ദേഹം മഹാഭാരതത്തെ പരിഗണിക്കുന്നതെന്നു വ്യക്തമാക്കുന്ന പഠനം ആ പുസ്തകത്തിൽത്തന്നെ ഉണ്ടായിരുന്നു. മഹാഭാരതത്തെ ചരിത്രപരമായി നോക്കിക്കൊണ്ടുതന്നെ അതിന്റെ മറ്റൊരു ജീവിതത്തെയും പി കെ ബാലകൃഷ്ണൻ ആദരപൂർവം ഉയർത്തിപ്പിടിക്കുകയായിരുന്നു. എന്റെ കാഴ്ചപ്പാടുകളെ വലിയതോതിൽ മാറ്റിമറിക്കാൻ പോന്നതായിരുന്നു ആ സമീപനം. എപ്പോഴെങ്കിലും മഹാഭാരതം പൂർണമായി വായിക്കണമെന്ന് അതോടെ തീരുമാനമായി!

വായിക്കാൻ തീരുമാനിച്ചെങ്കിലും വായിക്കാൻ പാകത്തിന് സമ്പൂർണ മഹാഭാരതം എന്റെ കയ്യിലുണ്ടായിരുന്നില്ല. മഹാഭാരതം സംസ്കൃതത്തിൽ വായിക്കാനുള്ള ഭാഷാപരിജ്ഞാനം അന്നും ഇന്നും  എനിക്കില്ല. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യപരിഭാഷയും വിദ്വാൻ കെ പ്രകാശത്തിന്റെ ഗദ്യപരിഭാഷയും മലയാളത്തിലുള്ള കാര്യം അറിയാമയിരുന്നു.

കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കുഞ്ഞിക്കുട്ടൻ തമ്പുരാൻ

എങ്കിലും പരിചയക്കാരുടെ പക്കലൊന്നും അതുണ്ടായിരുന്നില്ല. ആയിടക്കാണ് നാഷണൽ ബുക്സ്റ്റാൾ സംഘടിപ്പിച്ച ഒരു പുസ്തകപ്രദർശനം പറവൂരിൽ നടന്നത്. ഞാനന്ന് പറവൂർ ലക്ഷ്മികോളേജിലെ അധ്യാപകനാണ്. 'കേസരിസദസ്സ്' എന്ന പേരിലുള്ള സാംസ്കാരിക കൂട്ടായ്മയിൽ സജീവമായി പ്രവർത്തിക്കുന്ന കാലം. ഒരു ദിവസം കോളേജിലെ ക്ലാസെല്ലാം കഴിഞ്ഞ് പിയേഴ്സൺ മാഷിനും (എൻ എം പിയേഴ്സൺ) ജോയിക്കും (ജോയ് പി ജോർജ്‌) ഒപ്പം ആ പുസ്തകമേള കാണാൻ പോയി.

അവിടെയെത്തിയപ്പോൾ വിദ്വാൻ കെ പ്രകാശത്തിന്റെ വ്യാസമഹാഭാരതം പത്തുവാള്യങ്ങൾ! സാഹിത്യപ്രവർത്തകസംഘം പ്രസിദ്ധീകരിച്ച പതിപ്പ്. ആയിരം രൂപയോ മറ്റോ ആണ് വില. അന്ന് മാസശമ്പളവും അത്രയൊക്കെയേ ഉള്ളൂ. അതുകൊണ്ടുതന്നെ വാങ്ങുന്ന കാര്യമൊന്നും ആലോചിക്കാനാവുമായിരുന്നില്ല. എങ്കിലും വലിയ മോഹത്തോടെ അതിന്റെ എല്ലാ വാള്യവും ഞാൻ മറിച്ചുനോക്കി. മഹാഭാരതത്തിലുള്ള എന്റെ അതിതാൽപ്പര്യം കണ്ട് പിയേഴ്സൺ മാഷാണ് ‘നീയതു വാങ്ങിക്കൊള്ളൂ’ എന്നു പറഞ്ഞത്. മാഷ് തന്നെ പണം നൽകി അതെനിക്കു വാങ്ങിത്തരുകയും ചെയ്തു. മാഷിന്റെ ആ സ്നേഹമാണ് എന്നെ മഹാഭാരതത്തിലെത്തിച്ചത് എന്നു പറയാം. കാലം ആ കരുതലിനെ ഇവിടെവരെയെത്തിച്ചു!

റൊമിലാ ഥാപ്പർ

റൊമിലാ ഥാപ്പർ

മഹാഭാരതം കയ്യിലെത്തിയെങ്കിലും ഉടനടി ഞാനതു വായിച്ചില്ല. ഒറ്റയടിക്കു വായിച്ചുതീർത്തുമില്ല. പടിപടിയായി, ഓരോ ഭാഗങ്ങളായി, മഹാഭാരതവായന പൂർത്തിയാക്കിയത് രണ്ടുമൂന്നു വർഷങ്ങൾ കൊണ്ടാണ്. രണ്ടായിരാമാണ്ടോടെ, മഹാഭാരതത്തെക്കുറിച്ച് ഞാൻ ചിലതെല്ലാം എഴുതുകയും ചെയ്തു. ഭഗവദ്ഗീതയെക്കുറിച്ച് പറവൂരിൽ ഇ എം എസ് സാംസ്കാരികപഠനകേന്ദ്രം സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻവേണ്ടിയായിരുന്നു അത്. പിൽക്കാലത്ത്, കൊസാംബിയുടെയും റൊമിലാ ഥാപ്പറുടെയും പി ഗോവിന്ദപ്പിള്ളയുടെയും മറ്റുമായി ധാരാളം മഹാഭാരതപഠനങ്ങൾ വായിക്കാനിടവന്നു. 'പ്രാപഞ്ചികജീവിതത്തിന്റെ നിത്യചിത്രമെന്നപോലെ സ്ഥലകാലങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ജീവിക്കുന്ന'തായി പി കെ ബാലകൃഷ്ണൻ വിവരിക്കുന്ന മഹാഭാരതത്തിന്റെ വശ്യതയിൽ ഞാനും ക്രമേണ ബദ്ധനായി. അവിടെ നിന്നായിരുന്നു മഹാഭാരതപ്രഭാഷണങ്ങളുടെ പിറവി.

മൂന്ന്

തുടക്കം ഒരു ക്ലാസ്മുറിയിൽ നിന്നായിരുന്നു. 2016 ഓഗസ്‌തിലോ മറ്റോ ആയിരിക്കണം. സർവകലാശാലയിലെ എം എ വിദ്യാർഥികൾക്ക് ‘മഹാഭാരതം മലയാളത്തിൽ’ എന്നൊരു കോഴ്സ് പഠിക്കാനുണ്ടായിരുന്നു. അതിന്റെ ആദ്യഭാഗം മഹാഭാരതത്തിന്റെ ചരിത്രവും പാഠരൂപവും മറ്റുമാണ്. ഞാനാണ് അത് പഠിപ്പിക്കേണ്ടിയിരുന്നത്. ഡിപ്പാർട്ട്മെന്റിലെ ചർച്ചകൾക്കിടയിലെപ്പോഴോ ആണ് അത് പൊതുവായ ക്ലാസുകളാക്കാം എന്ന ആശയം ഉരുത്തിരിഞ്ഞത്. അന്നത്തെ ഞങ്ങളുടെ വകുപ്പധ്യക്ഷനായ പ്രൊഫ. കെ എസ് രവികുമാറും പ്രിയസുഹൃത്ത് പ്രൊഫ. എൻ അജയകുമാറുമാണ് അങ്ങനെയൊരാശയം മുന്നോട്ടുവച്ചത്.

കെ എസ് രവികുമാർ

കെ എസ് രവികുമാർ

ആദ്യം ആവേശപൂർവം സമ്മതിച്ചെങ്കിലും അത്രയും ഒരുങ്ങണമല്ലോ എന്നോർത്ത് പിന്നീട് ഞാൻ മടിച്ചു. എങ്കിലും അവരുടെ നിർബന്ധം മൂലം അത് നടപ്പിലായി. അഞ്ചുദിവസം ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ രണ്ടുമണിക്കൂറോളം നീളുന്ന പ്രഭാഷണം. സെമിനാർഹാൾ നിറയെ കുട്ടികൾ. ചില അധ്യാപകരും ഉണ്ടായിരുന്നു. പൊതുവിൽ അത് നന്നായി സ്വീകരിക്കപ്പെട്ടു.

ഈ പരമ്പരയുടെ വാർത്ത കണ്ടാണ് അന്നത്തെ ലളിതകലാ അക്കാദമി ചെയർമാൻ സത്യപാൽ മഹാഭാരതപ്രഭാഷണങ്ങൾക്കായി തൃശൂർക്ക് ക്ഷണിച്ചത്. മഹാഭാരതം വിഷയമാക്കി അക്കാദമി രണ്ടാഴ്ചക്കാലത്തെ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അതിനോടനുബന്ധിച്ച് അഞ്ചുദിവങ്ങളിലായി വൈകുന്നേരങ്ങളിൽ പ്രഭാഷണം ക്രമീകരിച്ചു. ധാരാളം പേർ കേൾക്കാനെത്തി. സംഗീതനാടക അക്കാദമിയിലെ ഓഡിറ്റോറിയത്തിൽ, രാത്രിയുടെ നിശ്ശബ്ദതയിൽ, മഹാഭാരതത്തിന്റെ ഗതിഭേദങ്ങളിലൂടെയുള്ള സഞ്ചാരം അസാധാരണമായ ഒരനുഭവമായിരുന്നു. അഞ്ചുദിവസങ്ങളിലായി പതിനഞ്ചോളം മണിക്കൂറുകൾ സംസാരിച്ചു.

ഈ വിവരം അറിഞ്ഞാണ്, അന്ന് പാലക്കാട് എം പിയും ഇപ്പോൾ ബഹുമാനപ്പെട്ട നിയമസഭാസ്പീക്കറുമായ എം ബി രാജേഷ് അവിടെ ഇതു നടത്തണം എന്നാവശ്യപ്പെട്ടത്.

 എം ബി രാജേഷ്

എം ബി രാജേഷ്

പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിലാണ് പാലക്കാട് പ്രഭാഷണങ്ങൾ നടന്നത്. പാലക്കാട്ടെ സാംസ്കാരികജീവിതത്തിന്റെ ജീവനാഡിയായ ടി ആർ അജയനായിരുന്നു അവിടത്തെ മുഖ്യ സംഘാടകൻ. പാലക്കാട്ടെ പ്രഭാഷണം പ്രിയസുഹൃത്ത് ഷാജി മുള്ളൂർക്കാരൻ റെക്കോഡ് ചെയ്ത് യുട്യൂബിൽ ലഭ്യമാക്കി. അതോടെ അതിന്റെ ഗതി മാറി. പതിനായിരക്കണക്കിനാളുകൾ മഹാഭാരതപ്രഭാഷണം കേട്ടു. പിന്നാലെ പറവൂരിലും തൃപ്പൂണിത്തുറയിലും പയ്യന്നൂരിലും കൽക്കട്ടയിലുമെല്ലാം പ്രഭാഷണങ്ങൾ തുടർന്നു.

എല്ലായിടത്തും വലിയ ജനസഞ്ചയം. അബുദാബിയിലുൾപ്പെടെ വേറെയും പലയിടങ്ങളിലും അത് നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എങ്കിലും ആവർത്തനത്തിന്റെ മടുപ്പുമൂലം പിന്നീട് ഞാനത് തുടർന്നില്ല. 2017 സെപ്തംബർ മുതൽ മുപ്പതോളം ലക്കങ്ങളിലായി മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രഭാഷണങ്ങളുടെ ലിഖിതരൂപം പരമ്പരയായി പ്രസിദ്ധീകരിക്കുകയും ചെയതു. 2020‐ ൽ ആ പരമ്പരയുടെ വിപുലീകൃതവും പരിഷ്കൃതവുമായ രൂപം പുസ്തകമായും പ്രസിദ്ധീകരിച്ചു. ആ നിലയിൽ, അതിനും മഹാഭാരതപ്രകൃതമുണ്ട്. നാലുവർഷം, ആയിരത്തോളം പുറങ്ങൾ. വാമൊഴിയിൽ നിന്നും വരമൊഴിയിലേക്കെത്തിയ പാഠം!

ഇതിഹാസപാരമ്പര്യത്തെ വർഗീയതയുടെ പാഠശാലയാക്കാനുള്ള ശ്രമങ്ങൾക്കെതിരായ വൈജ്ഞാനിക പ്രതിരോധമായാണ് മഹാഭാരതപ്രഭാഷണങ്ങൾ ഞാൻ വിഭവനം ചെയ്തിരുന്നത്. അത്തരമൊരു സംരംഭത്തിനു മുതിരുമ്പോൾ ഇതിഹാസപാരമ്പര്യത്തെക്കുറിച്ച് പ്രബലമായ രണ്ടു സമീപനങ്ങളാണ് എനിക്കുമുന്നിൽ ഉണ്ടായിരുന്നത്. രാമായണത്തെയും മഹാഭാരതത്തെയും മറ്റും മതവർഗീയതയുടെ ആശയസ്രോതസ്സും പ്രചരണോപാധിയുമായി അവതരിപ്പിക്കുന്ന വർഗീയ നിലപാടാണ് ആദ്യത്തേത്. വർഗീയരാഷ്ട്രീയത്തിന്റെ ആശയാവലികൾ ഇതിഹാസപാരമ്പര്യത്തിൽ അടിച്ചേല്പിച്ച് അവയെ മതാത്മകകഥനങ്ങൾ മാത്രമായി ഉറപ്പിച്ചുനിർത്താനാണ് ഈ കൂട്ടർ ശ്രമിച്ചത്. രണ്ടാമത്തേത്, ഇതിഹാസപാരമ്പര്യത്തെയപ്പാടെ അയുക്തികവും ബ്രാഹ്മണികവും വർഗീയവുമായി മുദ്രകുത്തി ഒറ്റയടിക്ക് തള്ളിക്കളയുന്ന നിലപാടാണ്. യുക്തിവാദത്തിന്റെയും ശാസ്ത്രവാദത്തിന്റെയും തീവ്രഇടതുപക്ഷത്തിന്റെയും പ്രതിനിധികൾ മുതൽ ദളിത്വിമർശകർ വരെ ഈ നിലപാടിന്റെ വക്താക്കളായി ഉണ്ട്. വർഗീയതയുടെ കടുത്ത വിമർശകരായിരിക്കുമ്പോൾത്തന്നെ ഇന്ത്യൻ ഇതിഹാസപാരമ്പര്യം ബ്രാഹ്മണ്യത്തിന്റെയും വർഗീയതയുടെയും സ്രോതസ്സ് മാത്രമാണെന്ന കാര്യത്തിൽ ഇവർക്കും അഭിപ്രായവ്യത്യാസമൊന്നുമില്ല.

ഈ ഇരുനിലപാടുകളിലും പങ്കുചേരാതെ, ഇന്ത്യൻ ഇതിഹാസപാരമ്പര്യത്തെ ചരിത്രപരമായും സംസ്കാരികമായും അഭിസംബോധന ചെയ്യാനായിരുന്നു എന്റെ ശ്രമം. വിവിധ ചരിത്രസന്ദർഭങ്ങളിലും, അർഥോൽപ്പാദനത്തിന്റെ വ്യത്യസ്ത അടരുകളിലും മഹാഭാരതം എങ്ങനെയെല്ലാം നിലകൊണ്ടു എന്നാരായാനുള്ള ശ്രമം. സുനിശ്ചിതവും അന്തിമവുമായ ഒരു പാഠം എന്നതിനപ്പുറം, വ്യത്യസ്തമായ ചരിത്രസന്ദർഭങ്ങളിൽ പലതരത്തിൽ അർഥമാർജ്ജിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പാഠപരമ്പരയായാണ് മഹാഭാരതത്തെ നോക്കിക്കാണാൻ ശ്രമിച്ചത്. പാഠരൂപങ്ങൾ ചരിത്രത്തിന്റെ ഭൗതികസ്വരൂപത്തെ പകർത്തിക്കാണിക്കുന്ന പ്രതിഫലനസാമഗ്രികളല്ല, ചരിത്രപ്രക്രിയകളിൽ പങ്കുചേരുന്ന നിർമാണസാമഗ്രികൾ തന്നെയാണ് എന്നതായിരുന്നു അടിസ്ഥാന സമീപനം.

ഇത്തരമൊരു വിശകലനരീതിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകുന്നതിൽ കേരളീയ വൈജ്ഞാനിക ജീവിതത്തിലെ എക്കാലത്തെയും വലിയ പ്രകാശഗോപുരങ്ങളിലൊന്നായ പി ഗോവിന്ദപ്പിള്ളയ്ക്ക് വലിയ പങ്കുണ്ട്. 1990‐ കളുടെ തുടക്കത്തിലെപ്പോഴോ, ബൈബിളിനേയും ഇന്ത്യൻ ഇതിഹാസങ്ങളെയും ഭഗവദ്ഗീതയേയും മുൻനിർത്തി പിജി എഴുതിയ ഒരു ലഘുഗ്രന്ഥം (ഭഗവദ്ഗീത, ബൈബിൾ, മാർക്സിസം) വായിക്കാൻ എനിക്കവസരം ലഭിച്ചിരുന്നു. അന്നതൊരു വലിയ തെളിച്ചമായിരുന്നു. പിൽക്കാലത്ത് ഡി ഡി കൊസാംബി, റൊമിലാഥാപ്പർ, ഡി എൻ  ഝാ, ഉമാ ചക്രവർത്തി, കങ്കുംറോയ്, വെൻഡി ഡോണിഗർ തുടങ്ങിയ നിരവധിപേരുടെ പഠനങ്ങൾ പി ജി തുറന്നുതന്ന വഴിയെ കൂടുതൽ പ്രകാശപൂർണമാക്കി.

പി ഗോവിന്ദപ്പിള്ള

പി ഗോവിന്ദപ്പിള്ള

ഇതിഹാസപാരമ്പര്യത്തെ ഏകപക്ഷീയമായി മതവത്ക്കരിക്കുകയോ, താർക്കികമായി നിരസിക്കുകയോ ചെയ്യുന്നതിനു പകരം അവയുടെ സാംസ്കാരികചരിത്രത്തെയും ഭൗതികജീവിതത്തെയും കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടതെന്ന ബോധ്യത്തിലേക്ക് ഞാൻ എത്തിയതങ്ങനെയാണ്. സാംസ്കാരികപഠനങ്ങൾ (cutlural studise) എന്ന ജ്ഞാനശാഖയുടെ സൈദ്ധാന്തികസമീക്ഷയും മേല്പറഞ്ഞവരുടെ പഠനങ്ങൾ നൽകുന്ന ഉൾക്കാഴ്ചകളും തമ്മിൽ കൂട്ടിയിണക്കാനാവുമെന്നും തോന്നി. മഹാഭാരതപ്രഭാഷണങ്ങളുടെ അടിപ്പടവായിത്തീർന്നത് ആ തോന്നലാണ്.

ലളിതമായൊരർഥത്തിൽ മഹാഭാരതത്തെ, കാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു സാംസ്കാരിക വ്യവസ്ഥയായി കാണാനായിരുന്നു എന്റെ ശ്രമം. പാഠപാരമ്പര്യം, ഭൗതികചരിത്രം, പാരായണരീതികൾ, നാട്ടുപാരമ്പര്യങ്ങൾ, ജനസംസ്കാരക്രമങ്ങൾ, ദേശീയപ്രസ്ഥാനം പോലുള്ള രാഷ്ട്രീയപ്രയോഗരൂപങ്ങൾ, മതവിചാരങ്ങൾ, സാഹിത്യപാരമ്പര്യങ്ങൾ തുടങ്ങിയവയെല്ലാം പലകാലങ്ങളിൽ പല അനുപാതങ്ങളിൽ പങ്കുചേർന്ന ഒരു സംസ്കാരവ്യവസ്ഥയുടെ ചരിത്രസഞ്ചാരമാണ് മഹാഭാരതം. അതിന്റെ ചരിത്രജീവിതത്തെ അഭിസംബോധന ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. മഹാഭാരതം അവിടെ സ്ഥിരരൂപമാർന്ന പാഠമല്ല; മറിച്ച് നിരവധി ബലങ്ങൾ കലർന്നുനിൽക്കുന്ന ഒരു സംയോഗസ്ഥാനമാണ് (convergence point). മഹാഭാരതത്തിനുമേൽ ആരോപിക്കപ്പെട്ട സുസ്ഥിരതയ്ക്കെതിരായാണ് എന്റെ ആലോചന വികസിച്ചുവന്നത്. തിരിഞ്ഞുനോക്കുമ്പോൾ, അന്തർവൈജ്ഞാനികമായ പരിചരണരീതിയായിരുന്നു അതെന്ന് തോന്നുന്നുണ്ട്. വിവിധ ബലങ്ങൾ ഇണങ്ങിയും ഇടഞ്ഞും നിലകൊള്ളുന്ന ഒരു പാഠത്തിന്റെ ചരിത്രജീവിതത്തെയാണ് അത് അഭിമുഖീകരിക്കാൻ ശ്രമിച്ചത്. ചരിത്രത്തിന്റെ പടനിലമായിത്തീർന്ന പാഠജീവിതത്തെ.

നാല്‌

മാർക്സിസ്റ്റ് ചിന്താപാരമ്പര്യം പിൻതുടരാൻ ശ്രമിക്കുന്ന എന്നെപ്പോലൊരാൾക്ക് മഹാഭാരതവും രാമായണവും പോലുള്ള ഇതിഹാസപാഠങ്ങളിൽ എന്താണു കാര്യം? മഹാഭാരതപ്രഭാഷണങ്ങളുടെ സന്ദർഭത്തിൽ ഈ ചോദ്യം പലരും പല രൂപത്തിൽ  ഉന്നയിച്ചിരുന്നു. ഭാരതീയസംസ്കാരത്തെ ദുർവ്യാഖ്യാനം ചെയ്യുന്നു എന്ന ഹിന്ദുത്വവാദികളുടെ ആക്ഷേപം മുതൽ മാർക്സിസ്റ്റുകാർ ബ്രാഹ്മണ്യത്തിന്റെ വിഹിതം ചോദിക്കുകയാണെന്ന വിമർശനം വരെ ഇതിന്റെ പശ്ചാത്തലത്തിൽ ഉയർന്നിട്ടുണ്ട്.

എംടി

എംടി

ഇതിഹാസപാരമ്പര്യത്തോടുള്ള മാർക്സിസ്റ്റ്/ഇടതുപക്ഷ സമീപനം എന്താണ്? അതിനെ മുൻനിർത്തിക്കൊണ്ടുള്ള അന്വേഷണങ്ങളുടെ പ്രായോഗികനിർവഹണം എങ്ങനെയാണ് സാധ്യമാവുക? ഇതുരണ്ടുമാണ് ഇവിടെ സംഗതമായ പ്രശ്നങ്ങൾ. ആദ്യമേ തന്നെ ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. ഒട്ടുമേ ഇടതുപക്ഷപരമല്ലാത്ത പ്രേരണകളെ മുൻനിർത്തി ഒരാൾ ഇതിഹാസപാഠത്തിൽ എത്തിച്ചേരാവുന്നതാണ്. മഹാഭാരത‐ രാമായണ പാഠങ്ങളിൽ എത്തിപ്പെടുന്നവരിൽ വലിയൊരു പങ്കും അങ്ങനെയാണുതാനും. മതാത്മക താത്പര്യങ്ങളാലോ, ഇതിഹാസപാഠങ്ങളുടെ സാഹിത്യമഹിമ ഉളവാക്കുന്ന വിസ്മയങ്ങളാലോ മഹാഭാരതം പോലുള്ള രചനകളിൽ ഒരാൾ ആകൃഷ്ടനാകാം. വി എസ് ഖണ്ഡേക്കറും എംടിയും പ്രതിഭാറായിയും ഉൾപ്പെടെ എത്രയോപേർ സാഹിതീയ പ്രേരണകളാൽ പ്രചോദിതരായി അവിടെ എത്തിയവരായി നമുക്കു മുന്നിലുണ്ടുതാനും.

 പ്രതിഭാറായി

പ്രതിഭാറായി

മാരാരെപ്പോലെ ധാർമികമായ അന്വേഷണങ്ങളുടെ ആധാരമായി മഹാഭാരതത്തെ കണ്ട മനീഷികൾ വേറെയുമുണ്ട്. അതൊരു പ്രധാന വഴിയാണ്.

എങ്കിലും, മാർക്സിസ്റ്റ് ചിന്താപാരമ്പര്യം പിൻപറ്റുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം അന്വേഷണങ്ങൾക്കു പിന്നിലെ പ്രേരണ വ്യത്യസ്തമാണ്. ഇതേക്കുറിച്ചുള്ള ഏറ്റവും ഫലപ്രദമായ വിശദീകരണം പി ഗോവിന്ദപ്പിള്ള നൽകിയതാണെന്നു തോന്നുന്നു. പിജിയുടെ 'മഹാഭാരതമെന്ന മഹാപ്രസ്ഥാനം' എന്ന പ്രബന്ധം. ഇതിഹാസപാരമ്പര്യം ഇന്ത്യക്കു മാത്രം അവകാശപ്പെട്ട ഒന്നല്ലെങ്കിലും, ഇന്ത്യയിൽ ഇതിഹാസജീവിതത്തിന് മൗലികമായ ചില സവിശേഷതകൾ കാണാൻ കഴിയുമെന്ന് പിജി ആ പഠനത്തിൽ പറയുന്നു. ഗ്രീക്ക്, ബാബിലോണിയൻ ഇതിഹാസങ്ങൾ ഭൂതകാലത്തിന്റെ സാഹിത്യ ശേഷിപ്പുകൾ എന്ന നിലയിലാണ് ഏറിയകൂറും നിലനിന്നുപോരുന്നത്. ഒഡീസ്സിയ്ക്കും ഇലിയഡിനും ഗ്രീസിലെ സമകാലികജീവിതത്തിൽ നിർണായകമായ പങ്കൊന്നുമില്ല.

 വി എസ് ഖണ്ഡേക്കർ

വി എസ് ഖണ്ഡേക്കർ

യുളീസ്സസ്സിനെയും ഹെലനെയും അഗമെമ്നണെയും പോലുള്ള കഥാപാത്രങ്ങൾ അവിടത്തെ സാഹിത്യ‐ സാംസ്കാരിക പഠനങ്ങളിൽ മാത്രം വന്നുപോകുന്ന കഥാപാത്രങ്ങളാണെന്ന് പിജി ഓർമിപ്പിക്കുന്നു. എന്നാൽ ഇന്ത്യയിലെ സ്ഥിതി അതല്ല. ഇതിഹാസങ്ങളും അതിലെ കഥാപാത്രങ്ങളും ഇന്ത്യയിലെ വർത്തമാനകാലജീവിതത്തിൽ ആഴത്തിൽ ഇടപെട്ടു പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. സമകാലിക സാമൂഹിക‐രാഷ്ട്രീയ ജീവിതത്തെ വലിയൊരളവോളം നിർണയിക്കാൻ പോലും അവയ്ക്ക്‌ കഴിയുന്നുണ്ട്. ആധുനിക ഇന്ത്യാചരിത്രത്തിന്റെ പ്രാരംഭഘട്ടം മുതൽക്കേ നമുക്കിതു കാണാനാവും. അത്തരം കൃതികളെ അഭിസംബോധന ചെയ്യുകയും അവ പൊതുജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ ജനാധിപത്യപരവും മതനിരപേക്ഷവുമായ മണ്ഡലത്തിലേക്ക് ആനയിക്കുകയും ചെയ്യുകയെന്നത് നിർണായകപ്രാധാന്യമുള്ള ഒരു രാഷ്ട്രീയദൗത്യമാണ്. എനിക്ക് സ്വീകാര്യമായിത്തോന്നിയതും ഇതാണ്.

മഹാഭാരത പ്രഭാഷണങ്ങൾക്കെതിരെ ഉന്നയിക്കപ്പെട്ട വിമർശനങ്ങളെ പൊതുവെ മൂന്നായി തിരിക്കാം. മതവർഗീയവാദികൾ ഉയർത്തിയ എതിർപ്പുകളാണ് അവയിലാദ്യത്തേത്. മഹത്തായ ഭാരതീയപാരമ്പര്യത്തെ ഇടതുപക്ഷക്കാർ വളച്ചൊടിക്കുന്നു എന്നതാണ് അവരുടെ ആരോപണത്തിന്റെ കാതൽ. രണ്ടാമത്തെ വിമർശനം യുക്തിവാദപരമെന്നോ ശാസ്ത്രവാദപരമെന്നോ വിശേഷിപ്പിക്കാവുന്ന നിലപാടുകളിൽ നിന്നും ഉയർന്നതാണ്. പോയകാലത്തെ അന്ധമായ വിശ്വാസാചാരങ്ങളുടേയും മതപരവും അയുക്തികവുമായ ലോകധാരണകളുടെയും സമാഹാരമായ പ്രാചീനഗ്രന്ഥങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നത് തീർത്തും അശാസ്ത്രീയമാണെന്നവർ കരുതുന്നു. മതനിരപേക്ഷതയ്ക്കും ആധുനിക യുക്തിബോധത്തിനും നിരക്കാത്ത കാര്യമായാണ് അവരിതിനെ കാണുന്നത്. ഇത്തരം ചർച്ചകൾ അന്ധവിശ്വാസങ്ങളെയും അയുക്തികതയെയും മടക്കിക്കൊണ്ടുവരുക മാത്രമേ ചെയ്യൂ എന്നും അവരിൽ ചിലർ കരുതുന്നുണ്ട്. യുക്തിവാദ/ശാസ്ത്രവാദ നിലപാടുളളവരോടൊപ്പം, ഇടതുപക്ഷത്തുളള ചിലരും ഈ വീക്ഷണം പങ്കുവയ്ക്കുന്നവരാണ്.

ദളിത് നിലപാടിൽ നിന്ന് ഉന്നയിക്കപ്പെട്ട വിമർശനങ്ങളാണ് മൂന്നാമത്തേത്. ഇതിഹാസപുരാണ പാഠങ്ങൾ ബ്രാഹ്മണമൂല്യങ്ങളുടെ സംഭരണകേന്ദ്രങ്ങളും പ്രചരണോപാധികളുമായതുകൊണ്ട് അവയെക്കുറിച്ചുള്ള ഏതാലോചനയും ബ്രാഹ്മണ്യത്തെ മടക്കിക്കൊണ്ടുവരാൻ മാത്രമേ സഹായിക്കൂ എന്നതാണ് ഈ വിമർശനത്തിന്റെ കാതൽ. മാർക്സിസ്റ്റുകളുടെ ഇതിഹാസ പഠനങ്ങൾ രാമായണത്തിലും മഹാഭാരതത്തിലും മാർക്സിസം തേടിപ്പോകുന്ന പണിയാണെന്നും, അതിലേർപ്പെടുന്ന മാർക്സിസ്റ്റുകാർ ബ്രാഹ്മണ്യത്തിന്റെ ഷെയർ ചോദിക്കുകയാണെന്നും പരിഹാസമുണ്ടായി.

ഇതിൽ ഹിന്ദുത്വവാദികളുടെ വിമർശനം തീർത്തും സ്വാഭാവികമായിരുന്നു. ഇതിഹാസ‐പുരാണ പാഠങ്ങളെയും പ്രാചീന ഇന്ത്യയുടെ സംസ്കാരികപൈതൃകത്തെയും വർഗീയരാഷ്ട്രീയത്തിന്റെ ആയുധപ്പുരകളാക്കാനാണ് മതവർഗീയവാദികൾ ശ്രമിക്കുന്നത്. അവയെ ചരിത്രപരവും മതനിരപേക്ഷവുമായി വിശദീകരിക്കാനുള്ള ശ്രമങ്ങളെ അവർക്ക് ഒരുനിലയ്ക്കും അംഗീകരിക്കാനാവില്ല.

തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കിണങ്ങുന്ന ആശയങ്ങളിലേക്ക് ഇതിഹാസപാഠങ്ങളെ പരാവർത്തനം ചെയ്തുകൊണ്ട് അധൃഷ്യവും അചാല്യവുമായ പാഠങ്ങളായി അവയെ പറഞ്ഞുറപ്പിക്കുകയാണ് മതവർഗീയവാദം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചരിത്രപരവും മതനിരപേക്ഷവുമായി ഇതിഹാസപാരമ്പര്യങ്ങളെ സമീപിക്കാനുള്ള ഏതു ശ്രമത്തെയും അവർ മതനിന്ദയായേ പരിഗണിക്കൂ.

കൗതുകകരമായി തോന്നാമെങ്കിലും, യുക്തിവാദ/ശാസ്ത്രവാദ നിലപാടിൽ നിന്നുകൊണ്ടുള്ള വിമർശനങ്ങൾ മേല്പറഞ്ഞ മതാധിഷ്ഠിത നിലപാടിന്റെ മറുപുറവും തുടർച്ചയുമാണ്. പുറമേയ്‌ക്ക് പരസ്പരവിരുദ്ധമാണെങ്കിലും മതമൗലികവാദവും കേവലയുക്തിവാദവും ഇതിഹാസപുരാണങ്ങളെക്കുറിച്ച് വച്ചുപുലർത്തുന്ന ധാരണകൾക്ക് പല പൊതുസ്വഭാവങ്ങളുണ്ട്. ആദ്യത്തെ കൂട്ടർക്ക് ഇതിഹാസ‐പുരാണങ്ങൾ സനാതനമൂല്യങ്ങളുടെയും ചരിത്രസത്യങ്ങളുടെയും സഞ്ചിതസ്ഥാനമാണ്. രണ്ടാമത്തെ കൂട്ടർക്കാകട്ടെ അത് അന്ധവിശ്വാസങ്ങളുടെയും അയുക്തികവീക്ഷണങ്ങളുടെയും സഞ്ചയമാണ്. ഇതിഹാസ‐പുരാണങ്ങളെ ഏകമാനവും സത്താപരവുമായി വീക്ഷിക്കുന്നതിൽ മതമൗലികവാദികളും യുക്തിവാദ/ശാസ്ത്രവാദ നിലപാടുകാരും തമ്മിൽ യോജിപ്പുണ്ട് എന്നർഥം. ഒരുകൂട്ടർക്ക് അത് പരമസത്യമാണെങ്കിൽ മറ്റൊരു കൂട്ടർക്ക് പരമാബദ്ധമാണ്. ആദ്യത്തെ കൂട്ടർക്ക് അത് മഹനീയവും സനാതനവും ആരാധനീയവുമാണെങ്കിൽ രണ്ടാമത്തെ കൂട്ടർക്ക് അധമവും അശാസ്ത്രീയവും ഗർഹണീയവുമാണ്. വർഗീയവാദം മതാത്മകതയിൽ ഊന്നുമ്പോൾ യുക്തിവാദം താർക്കികതയിൽ അഭയം പ്രാപിക്കുന്നു. രണ്ടിലുമില്ലാത്തത് ചരിത്രബോധമാണ്.

ഇതിഹാസപാരമ്പ്യത്തെക്കുറിച്ചുള്ള ദളിത്വിമർശം മുഖ്യമായും അവയുടെ ചരിത്രജീവിതത്തെയും സാമൂഹികധർമത്തെയും മുൻനിർത്തിയാണ്. എത്രയൊക്കെ ബഹുസ്വരതയും പാഠവൈവിധ്യവും കണ്ടെത്താൻ കഴിഞ്ഞാലും, ആത്യന്തികമായി ഇതിഹാസപാഠങ്ങൾ ബ്രാഹ്മണികമാണെന്ന് ദളിത്വിമർശം അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതിഹാസ‐പുരാണ പാഠങ്ങളെക്കുറിച്ചുള്ള ഏതൊരാലോചനയും സവർണവ്യവഹാരത്തെ മടക്കിവിളിക്കുകയും ബ്രാഹ്മണ്യത്തെ ദൃഢീകരിക്കുകയും ചെയ്യും. അവയെ ചരിത്രപരമായോ ബഹുസ്വരാത്മകമായോ നോക്കിക്കാണാനുളള ശ്രമങ്ങൾ പോലും, അന്തിമമായി, വിപരീതഫലമേ ഉളവാക്കൂ. അതുകൊണ്ട്, ബ്രാഹ്മണ്യത്തിന്റെ കരുക്കൾ മാത്രമായ ഇതിഹാസപാഠങ്ങളെ സമ്പൂർണമായി കയ്യൊഴിയുകയാണു വേണ്ടതെന്ന കാഴ്ചപ്പാടാണ് ദളിത്വിമർശകർ പങ്കുവയ്ക്കുന്നത്.

മൃണാൾ ദത്തിന്റെ പെയിന്റിങ്

മൃണാൾ ദത്തിന്റെ പെയിന്റിങ്

ഗൗരവപൂർണമായ പരിശോധന ആവശ്യപ്പെടുന്ന അഭിപ്രായമാണിത്. അപ്പോൾത്തന്നെ, യുക്തിവാദ/ശാസ്ത്രവാദ സമീപനത്തിലെ അടിസ്ഥാനസമീക്ഷ മറ്റൊരുരൂപത്തിൽ ഇവിടെയും തുടരുന്നുണ്ട്. യാഥാർത്ഥ്യത്തെ സത്താപരമായ കേന്ദ്രതത്വങ്ങളായി സംഗ്രഹിക്കുന്ന നിലപാടാണത്. ഏതൊരു പ്രതിഭാസത്തിനു പിന്നിലും അതിന്റെ കാതലായി നിലകൊള്ളുന്ന കേന്ദ്രതത്വങ്ങളുണ്ടെന്നും ആ  അടിസ്ഥാനസത്തയുടെ വിഭിന്നഭാവങ്ങളാണ് വ്യാവഹാരികമായി, പലപല രൂപങ്ങളിൽ പ്രകാശിതമാവുന്നത് എന്നുമുള്ള വീക്ഷണത്തിലേക്ക് ഈ സമീപനം എത്തിപ്പെടുന്നുണ്ട്. പുറമേയ്‌ക്ക് ഭിന്നഭാവങ്ങൾ പ്രകടിപ്പിച്ചാലും അന്തിമമായി ഇതിഹാസപാഠങ്ങൾ ഏകാർഥസൂചകമാണെന്നു പറയുന്നത് അതുകൊണ്ടാണ്. എത്രയൊക്കെ ബഹുസ്വരാത്മകതയും പാഠവൈവിധ്യങ്ങളും ഇതിഹാസപാഠങ്ങളിൽ കണ്ടെത്താനായാലും അടിസ്ഥാനപരമായി ബ്രാഹ്മണവ്യവഹാരത്തിനപ്പുറം പോവാനോ ബ്രാഹ്മണമൂല്യങ്ങളെ പുനരുല്പാദിപ്പിക്കാതിരിക്കാനോ അവയ്ക്കു കഴിയില്ല.

രാമനെക്കുറിച്ചുള്ള ഏതു ചർച്ചയും മുഖ്യധാരാ രാമായണപാരമ്പര്യത്തിലെ ബ്രാഹ്മണ മൂല്യങ്ങളെ പുനരാനയിക്കുമെന്ന് ഈ വിമർശകർ കരുതുന്നു. സീത രാമന്റെ സഹോദരിയായി വരുന്ന ദശരഥജാതകമായാലും, സീത രാവണന്റെ മകളായി മാറുന്ന കന്നഡരാമായണമായാലും, സീതയും രാവണനുമെല്ലാം വടക്കൻ മലബാറിലെ മുസ്ലിങ്ങളായി മാറുന്ന മാപ്പിളരാമായണമായാലും, രാമലക്ഷ്മണന്മാർ തദ്ദേശീയ ഗോത്രജനതയുടെ പ്രതിനിധികളായി മാറുന്ന അടിയരാമായണമായാലും, സീത രാവണനെ വധിക്കുന്ന അത്ഭുതരാമായണമായാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല. അവയെല്ലാം ബ്രാഹ്മണ്യത്തിലേക്കുള്ള വാതിലുകൾ തന്നെയാണത്രെ തുറന്നിടുന്നത്. മഹാഭാരതത്തിന്റെ കാര്യവും ഇതിൽനിന്നു വ്യത്യസ്തമല്ല. അഫ്ഗാനിസ്ഥാൻ മുതൽ കമ്പോഡിയ വരെ പടർന്നതും, പേർഷ്യൻ‐ ഉറുദു വിവർത്തനങ്ങൾ മുതൽ മിയോ മുസ്ലിങ്ങളുടെ നാടോടികഥനം വരെ ബഹുരൂപിയായി ജീവിച്ചതുമായ മഹാഭാരതപാഠങ്ങൾ അന്തിമമായി ബ്രാഹ്മണ്യത്തിന്റെ ലോകത്തിൽ മാത്രമേ ചെന്നെത്തുകയുള്ളൂ എന്ന കാര്യത്തിലും ഈ വിമർശകർക്ക് ഉറപ്പുണ്ട്.

ഈ സമീപനം അടിസ്ഥാനപരമായി സത്താവാദപരമാണ്. ചരിത്രത്തിന്റെ പല പടവുകളിൽ പല പ്രകാരങ്ങളിൽ ജീവിക്കുകയും, വ്യത്യസ്ത സാമൂഹ്യധർമങ്ങൾ നിറവേറ്റുകയും ചെയ്ത ഒരു പാഠത്തിൽ സത്താപരമായ ഏകത ആരോപിക്കുകയാണ് അതു ചെയ്യുന്നത്. ഇതിഹാസപാഠങ്ങളുടെ ചരിത്രജീവിതത്തിലേക്ക് പ്രാഥമികമായി തിരിഞ്ഞുനോക്കിയാൽ പോലും അവ പിന്നിട്ടുപോന്ന ജീവിതപ്രകാരങ്ങൾ എത്രയോ വൈവിധ്യപൂർണമാണെന്നു കാണാനാവും. വൈവിധ്യപൂർണം എന്നതിനപ്പുറം, വൈരുധ്യപൂർണവും ചിലപ്പോഴൊക്കെ അത്യന്തം വിധ്വംസകവുമാണ് അവയിൽ പലതിന്റേയും ജീവിതം. അത്തരം പാഠഭേദങ്ങളെയപ്പാടെ ഏകമൂല്യത്തിലേക്കും ഏകകേന്ദ്രത്തിലേക്കും സംഗ്രഹിക്കുന്നത് ചരിത്രപരമായി ഒരുനിലയ്ക്കും സാധുവല്ല. ആധുനിക ജ്ഞാനസമീക്ഷയിൽ പ്രബലമായ കേന്ദ്രീകരണയുക്തിയെ പിൻപറ്റുമ്പോൾ മാത്രം സാധ്യമാകുന്ന കാര്യമാണിത്.

പത്തൊമ്പതാം ശതകത്തിൽ, ആധുനികതയുടെ വൈജ്ഞാനികസമീക്ഷകൾക്ക് പ്രാബല്യം കൈവന്നതോടെയാണ് ഇതിഹാസങ്ങൾ ഏകാത്മകപാഠങ്ങളായി പരിഗണിക്കപ്പെട്ടു തുടങ്ങിയതുതന്നെ. അതോടെ പാഠവൈവിധ്യങ്ങളും പാഠവൈരുധ്യങ്ങളുമെല്ലാം വെറും ബാഹ്യപ്രശ്നങ്ങളായി മാറി. ഇതിഹാസപാഠങ്ങളുടെ ചരിത്രജീവിതത്തിലെ ഏതെങ്കിലുമൊരു

എം എഫ് ഹുസൈൻ

എം എഫ് ഹുസൈൻ

പടവിൽ അതിനു കൈവന്ന പ്രകൃതത്തെ അതിന്റെ അന്തിമയാഥാർത്ഥ്യമായി പരിഗണിക്കുന്നത്, ചരിത്രത്തെ ഏകാത്മകമായ കേവലസത്തയുടെ ഭിന്നരൂപങ്ങളിലുള്ള പ്രകാശനങ്ങളായി കാണുന്ന അതിഭൗതികസമീപനമാണ്. മഹാഭാരത‐ രാമായണ പാഠങ്ങളെ ഒരേയൊരു മൂല്യവ്യവസ്ഥയുടെ ആകരം മാത്രമായി കാണുന്നതിനു പിന്നിലുള്ളത് ഈ അതിഭൗതികസമീപനമാണ്. ചരിത്രവിവേകമില്ലാത്ത തർക്കത്തിലാണ് അതിന്റെ വേരുകൾ.

ഇത്തരമൊരു സന്ദർഭത്തിലാണ് കേസരി പള്ളത്തുരാമനോട് പറഞ്ഞ കാര്യം വളരെ പ്രസക്തമായി തോന്നിയത്. രാമായണത്തിന് ബദലായി രാവണായനം എഴുതിയല്ല, രാമായണത്തിനുള്ളിൽ കടന്ന് ചിന്താവിഷ്ടയായ സീത എഴുതിയാണ് അതിനെ ഫലപ്രദമായി നേരിടാനാവുക എന്ന കാര്യം. പലനിലകളിൽ ഇക്കാര്യം തിരിച്ചറിയുന്നതുകൊണ്ടാവണം എം എഫ് ഹുസൈനും ഗണേശ്പൈനും മഹാഭാരതത്തെ മുൻനിർത്തി പരമ്പരകൾ തന്നെ വരച്ചത്. എംടിയും പികെ ബാലകൃഷ്ണനും ഖണ്ഡേക്കറും നോവലെഴുതിയത്. ധരംവീർഭാരതിയും പീറ്റർ ബ്രൂക്കും മഹാഭാരതത്തെ നാടകമാക്കിയത്. മല്ലികാ സാരാഭായ് ദ്രൗപദിയിലേക്ക് തിരിഞ്ഞത്. ഭക്തിപ്രസ്ഥാനകവികളിൽ മഹാഭൂരിപക്ഷവും ഇതിഹാസപാരമ്പര്യത്തെ പലനിലകളിൽ അഴിച്ചുപണിതതിൽ ഇതിന്റെ പൂർവരൂപം കാണാം.

വാൾട്ടർ ബന്യാമൻ

വാൾട്ടർ ബന്യാമൻ

ബ്രാഹ്മണ്യത്തോടുള്ള സമരമുഖങ്ങൾ ആ പാരമ്പര്യത്തിനുള്ളിൽ തന്നെ തുറക്കാനായിരുന്നു അവരുടെയെല്ലാം ശ്രമം. പരിമിതികൾ ചൂണ്ടിക്കാട്ടാനാവുമെങ്കിലും ഇന്ത്യാചരിത്രത്തിലെ വലിയ സമരമുഖങ്ങളിലൊന്നായിരുന്നു അത്. മഹാഭാരതത്തിലേക്കും അവിടെനിന്നൊരു വഴി തുറന്നുകിടന്നിരുന്നു.

തിരിഞ്ഞുനോക്കുമ്പോൾ, കേസരിയിൽ നിന്നും ലഭിച്ച ആ ഉൾക്കാഴ്ചയാണ് ചരിത്രവിചാരത്തിൽ എനിക്ക് വലിയൊരു വഴി തുറന്നുതന്നത് എന്നു വ്യക്തമാകുന്നുണ്ട്. പ്രതിസന്ധിയുടെ മുഹൂർത്തത്തിൽ മനസ്സിലൂടെ മിന്നിമായുന്ന ഓർമയെ കയ്യെത്തിപ്പിടിക്കലാണ് ചരിത്രം എന്ന് വാൾട്ടർ ബന്യാമിൻ പറയുന്നുണ്ട്. അങ്ങനെ മിന്നിമാഞ്ഞ ഒരോർമയായിരുന്നു അത്. മൂന്നുപതിറ്റാണ്ടിന് മുൻപ് കേസരിയുടെ മുഖപ്രസംഗങ്ങൾ ആദ്യമായി വായിക്കുമ്പോൾ ഇങ്ങനെയൊരാലോചനയുടെ വിദൂരസാധ്യതകൾ പോലും അവിടെയുണ്ടായിരുന്നില്ല. കാലം നമ്മെ എവിടെയെല്ലാമെത്തിക്കുന്നു! .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top