20 April Saturday

സുന്ദരമീ സുന്ദർബൻസ്

ഡോ. പി വി മോഹനൻUpdated: Sunday Aug 28, 2022


ലോകത്തെ ഏറ്റവും വലിയ കണ്ടൽ വനപ്രദേശങ്ങളിലൊന്നാണ്‌ സുന്ദർബൻസ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന ഈ ചതുപ്പുപ്രദേശത്തിന് 10,000 ചതുരശ്ര കിലോമിറ്റർ വിസ്തീർണമുണ്ട്. ഇതിൽ 60 ശതമാനവും ബംഗ്ലാദേശിലും ബാക്കി പശ്ചിമബംഗാളിലുമാണ്.  ബ്രഹ്മപുത്ര, പത്മ, മേഘ്നാ നദികളുടെ സംഗമ ഭൂമിയാണ്‌ ഇത്. 1973ൽ ഇന്ത്യാ സർക്കാർ ഈ പ്രദേശത്തെ കടുവാ സംരക്ഷണകേന്ദ്രമാക്കി. പിന്നീട് ’77ൽ വന്യജീവി സംരക്ഷണകേന്ദ്രമായും ‘84ൽ നാഷണൽ പാർക്കായും അംഗീകരിച്ചു. യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃകസ്ഥലമായും കണക്കാക്കി. "സുന്ദരി’ എന്നു വിളിക്കുന്ന കണ്ടൽച്ചെടിയുള്ളത് (Heritera fome) കൊണ്ടാണത്രെ ഈ കണ്ടൽപ്രദേശത്തിനും സുന്ദർബൻസ് എന്ന പേര്‌ ലഭിച്ചത്.

ജൈവവൈവിധ്യം
ജൈവവൈവിധ്യത്തിന്റെ കലവറയാണ്‌ ഈ പ്രദേശം. 453 തരം ജീവജാലങ്ങളുണ്ട്‌ ഇവിടെ. 290 സ്പീഷീസ് പക്ഷികൾ, 120 തരം മത്സ്യങ്ങൾ, 35 തരം ഉരഗങ്ങൾ, എട്ട്‌ ഉഭയജീവികൾ എന്നിവ ഇതിൽപ്പെടും. 180 റോയൽ ബംഗാൾ കടുവകൾ, 30,000 പുള്ളിമാനുകൾ, മൂന്നു തരം കാട്ടുപൂച്ചകൾ എന്നിവയും ഇവിടെയുണ്ട്. "മാൻ ഈറ്റേഴ്‌സ്’എന്നറിയപ്പെടുന്ന കടുവകൾക്ക് പേരുകേട്ട പ്രദേശമാണ്‌ ഇത്. വംശനാശം നേരിടുന്ന വയൽ നായ്ക്കൾ പക്ഷി ( Lesser adjuctant), സുന്ദർബൻസിൽമാത്രം കണ്ടുവരുന്ന ചാര ചിറകൻ മീൻ കൊത്തി, അന്യരാജ്യങ്ങളിൽനിന്ന് വിരുന്നെത്തുന്ന റൂഡ്ഡി മീൻ കൊത്തി എന്നിവ  പ്രത്യേകതയാണ്. റൂഡ്ഡി മീൻകൊത്തിയെ കാണാനായി ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും പക്ഷിനിരീക്ഷകർ എത്താറുണ്ട്.

‌ഇരുപതാം നൂറ്റാണ്ടിൽ ഇവിടെ വംശനാശം നേരിട്ടവയാണ് ജാവൻ കാണ്ടാമൃഗവും ഗംഗാട്ടിക്ക് ഡോൽഫിനും. ‌ലോകത്ത് കണ്ടുവരുന്ന 50 കണ്ടൽ ഇനങ്ങളിൽ പകുതിയിലധികവും ഇവിടെയുണ്ട്. ഇതിനു പുറമെയാണ് 308 ഇനം മറ്റു ചെടികൾ. വെള്ളം കയറാത്ത ഉൾപ്രദേശമാണ് വന്യജീവികളുടെ ആവാസകേന്ദ്രം. വേലിയിറക്കമായാൽ അവ ഇരതേടാൻ തീരത്ത്‌ എത്തും. ദിവസവും ആറു മണിക്കൂർ വീതമുള്ള വേലിയറ്റവും വേലിയിറക്കവും സുന്ദർബൻസിന്റെ ജീവിതക്രമത്തെ ചിട്ടപ്പെടുത്തുന്നു. വേലിയേറ്റത്തിൽ സുന്ദർബൻസിൽ മൂന്നിലൊരുഭാഗം വെള്ളത്തിനടിയിലാകും. രണ്ടര മീറ്റർവരെ ഇവിടെ വെള്ളം ഉയരുകയുംചെയ്യും. കൊൽക്കത്തയാണ് ഏറ്റവും അടുത്ത വിമാനത്താവളം. അവിടെനിന്ന് മൂന്നു മണിക്കൂർ കാർ യാത്ര ചെയ്താൽ സുന്ദർബൻസിലെത്താം.

നാശത്തിന്റെ സൂചനകൾ
‌സുനാമി, ചുഴലിക്കാറ്റ്, ഉപ്പുവെള്ളം എന്നിവയിൽനിന്ന് ബംഗാളിനെ സംരക്ഷിക്കുന്ന ഈ പ്രദേശവും നശിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ പറയുന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാർഗമാണ്‌ ഇവിടം. 40 ലക്ഷം ജനങ്ങളുണ്ട് ഇതിനു ചുറ്റും. മീൻ പിടിച്ചും വിറക് ശേഖരിച്ചും തേൻ ശേഖരിച്ചും പശുക്കളെ വളർത്തിയും ടൂറിസ്റ്റ് ഗൈഡായും നിരവധി കുടുംബം ഇവിടെ കഴിയുന്നു. ടൂറിസത്തെ ആശ്രയിച്ച് നിരവധി കച്ചവടകേന്ദ്രങ്ങൾ. എല്ലാ വർഷത്തിലും സുന്ദർബൻസിനു ചുറ്റും വെള്ളം കയറും. എക്കൽ അടിയുന്നതിനാൽ ഇവിടത്തെ മണ്ണെല്ലാം ഫലപുഷ്ടിയുള്ളതാണ്. നെല്ലാണ് പ്രധാന കൃഷി. കഴിഞ്ഞ കാലയളവിൽ 24.55 ശതമാനം കണ്ടൽക്കാടുകളാണ് മണ്ണൊലിപ്പ് കാരണം ഇവിടെ ഇല്ലാതായത്. കാലവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നതും ഇടയ്ക്കിടെയുണ്ടാകുന്ന ചുഴലിക്കാറ്റും വെളളപ്പൊക്കവും ശക്തിയായ തിരമാലകളുമൊക്കെ സുന്ദർബൻസിന്റെ നാശത്തിനു കാരണമാണ്‌. 2019ലെ അംഫാൻ ചുഴലിക്കാറ്റിൽ 1660 ചതുരശ്ര കിലോമീറ്റർ കണ്ടൽവനങ്ങളാണ് നശിച്ചത്. ഇന്ത്യയിൽ എത്തുന്ന ചുഴലികളിൽ 26 ശതമാനവും സുന്ദർബൻസിനെയാണ് ബാധിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top