02 July Saturday

സുലൈമാനി: കടുപ്പത്തിലൊരു അതിജീവനം

ജി പി രാമചന്ദ്രന്‍ gpramachandran@gmail.comUpdated: Sunday May 8, 2022

സുലൈമാനിയിലെ ചിത്രച്ചുമരുകൾ

സുലൈമാനി. നാഗരികതയുടെ ജന്മദേശമായ മൊസപ്പൊട്ടോമിയ എന്ന ചരിത്രദേശത്തിന്റെ ഭാഗം. മലകൾ കാവൽ നിൽക്കുന്ന സുന്ദരനഗരം. ഈ ഇറാഖി നഗരത്തിന്‌ സാഹിത്യത്തിന്റെ നഗരമെന്നാണ്‌ ഐക്യരാഷ്‌ട്ര സഭ നൽകിയ അംഗീകാരം. പലായനത്തിന്റെ കെടുതികളും അഭയാർഥികളുടെ വ്യഥകളും യുദ്ധത്തിന്റെ ദുരിതങ്ങളും നിറഞ്ഞ വർത്തമാനത്തെ സാംസ്‌കാരിക ഇടപെടൽ കൊണ്ട്‌ മറികടക്കാൻ ശ്രമിക്കുന്ന കുർദ്‌ ജനതയെ അടുത്തറിയുന്ന യാത്ര

സുലൈമാനി  നമുക്ക്‌ സുപരിചിത നഗരമല്ല. ഇറാഖ്‌ തലസ്ഥാനമായ ബാഗ്‌ദാദിനു പുറമെ മൊസൂൾ, കിർക്കുക്ക് തുടങ്ങിയ  നഗരപ്പേരുകൾ യുദ്ധ–- സംഘർഷ വാർത്തകളിലൂടെ പലവട്ടം നമുക്കുമുന്നിൽ എത്തിയിട്ടുണ്ട്‌.  സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും സൗന്ദര്യത്തിന്റെയും കലയുടെയും പേരിൽ പ്രസക്തമാകുന്ന ഒരു സ്ഥലപ്പേര്, അത്രവേഗം നാമറിയണമെന്നില്ല.  സാഹിത്യത്തിന്റെ നഗരം എന്ന അംഗീകാരം സുലൈമാനിക്ക്‌ കൽപ്പിച്ചുനൽകിയത്‌  ഐക്യരാഷ്ട്രസഭയാണ്‌.  ഈ മനോഹരനഗരിയിലെ  സാഹിത്യോത്സവം  ലോകപ്രസിദ്ധം. 
ചക്രവും കൃഷിയും ലിപിയും ഗണിതവും ജ്യോതിശാസ്‌ത്രവുമെല്ലാം കണ്ടുപിടിക്കപ്പെട്ടതെന്നു കരുതുന്ന നാഗരികതയുടെ ജന്മദേശമായ മൊസപ്പൊട്ടോമിയ എന്ന ചരിത്രദേശത്തിന്റെ ഭാഗമാണ്‌ സുലൈമാനി. ഇറാഖിലെ ഏറ്റവും പാശ്ചാത്യവൽക്കരിക്കപ്പെട്ട  നഗരം. അസ്‌മർ, ഗോയിജ, ഖ്വയ്‌വാൻ, ബറാനൻ, തസ്‌ലുജ  മലകൾ ദ്വാരപാലകരെന്നോണം നാലുചുറ്റും കാവൽനിൽക്കുന്നു.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം, കുർദിഷ് ദേശീയപ്രസ്ഥാനം ആരംഭിച്ചപ്പോൾ അതിന്റെ പ്രവർത്തനകേന്ദ്രമായിരുന്നു സുലൈമാനി. പ്രായമേറിയവർ  പരമ്പരാഗത വേഷങ്ങളാണ് അണിയുന്നത്.  യുവാക്കൾക്ക്‌ പ്രിയം യൂറോപ്യൻ വേഷങ്ങൾ. എന്നാൽ ഹുക്ക വലിക്കുന്നതിൽ പ്രായഭേദമില്ല.  ഇതിനായുള്ള ശിഷ ഷോപ്പുകൾ ധാരാളം.  യൂറോപ്യൻ ഭക്ഷണവും കുർദിഷ് ഭക്ഷണവും മാറിമാറിക്കഴിക്കാം.  പലതരം റൊട്ടികളും പാതിവെന്ത ചോറും മാംസക്കറികളും സാലഡുകളുമാണ് കുർദിഷ് വിഭവങ്ങൾ.
സ്ലെമാനി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക ജൂറി അംഗമായി ക്ഷണം ലഭിച്ചതനുസരിച്ചാണ് സുലൈമാനിയിലെത്തിയത്. സുലൈമാനിയുടെ യൂറോപ്യൻ മാറ്റപ്പേരാണ് സ്ലെമാനി. കുർദിഷിൽ സുലൈമാനി. അറബിയിൽ സുലൈമാനിയ.  നാട്ടുകാർക്കിത്‌ സുലി. യൂണിവേഴ്സിറ്റി ഓഫ് സുലൈമാനിയുടെ വളപ്പിന്റെ പുറത്തുകൂടെ പ്രഭാത നടത്തത്തിന് പോയപ്പോൾ, എതിർ വശത്തുള്ള മതിലുകളിൽ മാനവികമൂല്യങ്ങളെ പിന്തുണച്ചുകൊണ്ടുള്ള ചുമർചിത്രങ്ങളും(ഗ്രാഫിറ്റി) ഏതോ വികൃതിക്കാർ അതിനു മുകളിലെല്ലാം കോറി വരച്ചതും കാണാൻ കഴിഞ്ഞു. സംഘർഷമേഖല (ഏരിയ ഓഫ് കോൺഫ്ളിക്റ്റ്) എന്ന നിലയിൽനിന്ന് സംസ്‌കാരമേഖല (ഏരിയ ഓഫ് കൾച്ചർ) എന്ന നിലയിലേക്ക്‌ കുർദിസ്‌താനെ ഉയർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് സാഹിത്യോത്സവങ്ങളും ചലച്ചിത്രമേളകളും. ദുഹോക്കിലേതാണ് ആദ്യം തുടങ്ങിയ ഫെസ്റ്റിവൽ. സ്ലെമാനി ഫെസ്റ്റിവലിന്റേത് ഇക്കുറി അഞ്ചാമത്തെ പതിപ്പ്‌.  

കുർദിസ്‌താൻ എന്ന രാജ്യരഹിത രാഷ്‌ട്രം

വടക്കൻ ഇറാഖിൽ കുർദ് വംശജരാണ് കൂടുതൽ.  സദ്ദാം ഹുസൈൻ വീണതോടെ കുർദ്  നിയന്ത്രണത്തിലുള്ള  പ്രാദേശിക ഭരണകൂടത്തിന് കൂടുതൽ അധികാരവും സ്വയംഭരണാവകാശങ്ങളും ലഭിച്ചു. കുർദിസ്‌താൻ റീജണൽ ഗവണ്മെന്റ് (കെആർജി)  എന്നാണ്‌ പ്രവിശ്യാ സർക്കാർ അറിയപ്പെടുന്നത്‌.  എർബിൽ ആണ് തലസ്ഥാനം. പ്രത്യേക പാർലമെന്റും പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള ഈ ഭരണകൂടത്തിന്‌ കീഴിലാണ്‌ എർബിൽ, സുലൈമാനി, ദുഹോക്ക്  ഗവർണറേറ്റുകൾ. ഇറാഖിലെ ഏറ്റവുമധികം പെട്രോളിയം നിക്ഷേപമുള്ള കിർക്കുക്ക് നഗരം പൂർണമായി കെആർജിക്ക് വിട്ടുകൊടുക്കാൻ ഇറാഖി ഫെഡറൽ സർക്കാർ തയ്യാറായിട്ടില്ല.  ഈ നഗരത്തിൽ അധീശത്വം ലഭിക്കാൻ, ആയിരക്കണക്കിന്‌ അറബ് വംശജരെ സദ്ദാമിന്റെ കാലത്ത്‌   അധിവസിപ്പിക്കുകയുണ്ടായി. അറബ്‌‌വൽക്കരണം എന്ന ഈ പ്രക്രിയ ഇറാഖിനകത്തും പുറത്തുമുള്ള കുർദിസ്‌താനുകളിൽ പലപ്പോഴായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌.
കുർദിസ്‌താൻ എന്ന പേരിൽ ഒരു രാജ്യം ലോകഭൂപടത്തിലില്ല. കാരണം, ലോകത്തെ ഏറ്റവും വലിയ രാജ്യരഹിത രാഷ്ട്ര(സ്റ്റെയിറ്റ് ലെസ്‌ നാഷൻ)ത്തിന്റെ പേരാണത്‌.  ഒരു രാഷ്ട്രം അഥവാ ഒരു ദേശീയത അല്ലെങ്കിൽ ഒരു വംശം പലതായി പിളർന്നു പോകുകയും പല രാജ്യങ്ങളിലായി പല മട്ടിൽ ജീവിക്കുകയും തങ്ങളുടേതായ ഒരു ഏകരാഷ്ട്രം കിനാക്കാണുകയും ചെയ്യുന്ന അപൂർവവും വിചിത്രവുമായ ഒരവസ്ഥയാണ് കുർദ് വംശജരുടേത്. ഇറാഖിനു പുറമെ തുർക്കി, ഇറാൻ, സിറിയ എന്നീ അയൽ രാജ്യങ്ങളിലാണ് കുർദ് വംശജർ അധികവുമുള്ളത്. അർമീനിയ, അസർബൈജാൻ, റഷ്യ, ജോർജിയ തുടങ്ങിയ അയൽരാജ്യങ്ങളിലും പതിനായിരക്കണക്കിന് കുർദ് വംശജരുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും രാജ്യങ്ങളിൽ അഭയാർഥികളും പ്രവാസികളുമായെത്തി ജീവിക്കുന്നവരും അനവധി. സിറിയയിലും കുർദിഷ് മേഖലയ്‌ക്ക്‌  സ്വയംഭരണാവകാശങ്ങളുള്ള പ്രത്യേക പ്രവിശ്യാ സർക്കാരുണ്ട്. റോജാവാ എന്നാണീ പ്രദേശത്തിന്റെ പേര്. ഇവിടെ ഇസ്ലാമിക് സ്റ്റേറ്റും കുർദ് പോരാളികളും ഇപ്പോഴും ഏറ്റുമുട്ടുന്നു.  ഇറാനിൽ പ്രത്യേകമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഇറാനി കുർദിസ്‌താൻ എന്ന പേരിൽ അവിടം അറിയപ്പെടുന്നു. 
കുർദ് മുസ്ലിങ്ങൾ സുന്നികളും ഇറാനിലെ ഭരണകൂടം ഷിയാ പൗരോഹിത്യവുമാണെന്നത് ഇറാനിലെ കുർദ് വംശജരനുഭവിക്കുന്ന വിവേചനത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നുണ്ട്. എന്നാൽ ഏറ്റവും കഠിനമായ സാംസ്‌കാരിക---–--വംശീയ–--ഭാഷാ അധിനിവേശത്തിന് കീഴ്പ്പെടുന്നത് തുർക്കിയിലെ കുർദ് വംശജരാണ്. കുർദുകൾ എന്നൊരു വിഭാഗമില്ല, ടർക്കിഷ് മാത്രമേ ഉള്ളൂ എന്നാണ്  ഭരണകൂടം പ്രചരിപ്പിക്കുന്നത്.  ഒന്നേകാൽ കോടിയോളം  കുർദുകൾ തുർക്കിയിലും എൺപത്തിയഞ്ച് ലക്ഷം കുർദുകൾ ഇറാഖിലും എഴുപതു ലക്ഷം കുർദുകൾ ഇറാനിലും ഇരുപത്തഞ്ച് ലക്ഷം കുർദുകൾ സിറിയയിലുമുണ്ട്‌. എൺപതുകൾ വരെ തുർക്കിയിൽ കുർദിഷ് ഭാഷ  മിണ്ടാൻ പാടില്ലായിരുന്നു. ലോകപ്രശസ്‌ത ചലച്ചിത്രകാരൻ യിൽമാസ് ഗുനെ കുർദ് വംശജനായിരുന്നെങ്കിലും പൂർണമായ ഒരു കുർദിഷ് സിനിമ പൂർത്തിയാക്കാനദ്ദേഹത്തിനായില്ല. ജയിലിൽ തടവിൽ കഴിയവെ ചിത്രീകരണം നടത്തിയ യോൾ(റോഡ്/1982), തടവും രാജ്യാതിർത്തികളും നിയമവിരുദ്ധമായി ചാടിക്കടന്ന് പാരീസിലെത്തി എഡിറ്റ് ചെയ്‌ത്‌ പൂർത്തിയാക്കുകയായിരുന്നു. കാൻ മേളയിൽ സിനിമയുമായി അദ്ദേഹം പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. കോസ്റ്റാ ഗാവ്റസിന്റെ മിസ്സിങ്ങിനൊപ്പം യോൾ, പാം ദ ഓർ പങ്കിട്ടു. 
 സിനിമാ നിരൂപകനും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ ലേഖകൻ സുലൈമാനിക്കടുത്തുള്ള ഗ്രാമത്തിലെ ജനങ്ങൾക്കൊപ്പം

സിനിമാ നിരൂപകനും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ ലേഖകൻ സുലൈമാനിക്കടുത്തുള്ള ഗ്രാമത്തിലെ ജനങ്ങൾക്കൊപ്പം

അതിജീവനത്തിന്റെ മേളകൾ

ദുരിതങ്ങളുടെയും നിരന്തരയുദ്ധങ്ങളുടെയും ഒറ്റപ്പെടലിന്റെയും അസാധ്യമായ ഏകീകരണത്തിന്റെയും എല്ലാം അവസ്ഥകൾ അഭിമുഖീകരിച്ചും അതിജീവിച്ചുമാണ് കുർദ് വംശജർ ലോകത്തെ വിവിധ രാജ്യങ്ങളിലായി പിളർന്നും പടർന്നും  ജീവിക്കുന്നത്. അവരുടെ സാംസ്‌കാരിക മുന്നേറ്റത്തിന്റെയും അതിജീവനത്തിന്റെയും ധർമങ്ങളാണ് ചലച്ചിത്രമേളകളും പുസ്‌തകമേളകളും നിർവഹിക്കുന്നത്.  അടിച്ചേൽപ്പിക്കപ്പെട്ട കൃത്രിമ അതിർത്തിരേഖകളാൽ വിഭജിക്കപ്പെട്ടെങ്കിലും ആത്മാഭിമാനം വെടിയാൻ സന്നദ്ധരല്ലാത്ത ധീരരും സമാധാനവാദികളും സംസ്‌കാരസമ്പന്നരും ആയ കുർദ് ജനതയുടെ മാനുഷിക–--സത്യകഥനങ്ങൾ സാഹിത്യ–--സിനിമാ മാധ്യമങ്ങളിലൂടെ അവർ ആവിഷ്‌കരിക്കുന്നു.
കരിപ്പൂരിൽനിന്ന് ദുബായ്‌ വഴിയാണ് സുലൈമാനിയയിലേക്കുള്ള വിമാനം. സുലൈമാനിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്റ്റേറ്റ് ഗസ്റ്റ് സ്വീകരണമാണ് മേളയുടെ അധികൃതർ ഒരുക്കിയിരുന്നത്. മേളയിൽ ജൂറി അംഗങ്ങൾക്ക്‌ സമാപനച്ചടങ്ങിൽ റെഡ് കാർപ്പറ്റ് സ്വീകരണവും നൽകി. പരിഭാഷകരും വളന്റിയർമാരുമായി ഏതാനും ചെറുപ്പക്കാർ ഓരോ അതിഥികളെ ശ്രദ്ധിക്കാൻ എപ്പോഴും കൂടെയുണ്ടായിരുന്നു. അവരധികവും അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഇറാഖ് എന്ന സ്വാശ്രയ സർവകലാശാലയിലെ വിദ്യാർഥികൾ. ആതിഥേയത്വ മര്യാദ കൊണ്ടും സ്‌നേഹനിർഭരമായ സൗഹൃദം കൊണ്ടും കുർദ് ജനത നമ്മുടെ മനസ്സിൽ അവിസ്‌മരണീയമായ ഓർമകളാണ് അവശേഷിപ്പിക്കുക. പല യുദ്ധങ്ങൾ കണ്ടിട്ടുള്ളവരാണെങ്കിലും നഗരത്തിലെവിടെയും പൊലീസിന്റെയോ പട്ടാളത്തിന്റെയോ സാന്നിധ്യമില്ലായിരുന്നു. 

മറക്കാൻ പാടില്ലാത്തത്

 നഗരത്തിൽ നിരവധി മ്യൂസിയങ്ങളുണ്ട്. ‌ഇക്കൂട്ടത്തിൽ ഏറ്റവും സവിശേഷമായിട്ടുള്ളതും നിർബന്ധമായും സന്ദർശിക്കേണ്ടതുമായ ഇടമാണ് അംനാസുരാക്കാ ദേശീയ മ്യൂസിയം. ചുവന്ന തടവറ എന്നാണ് അംനാസുരാക്കായുടെ വാച്യാർഥം. മറക്കാൻ പാടില്ലാത്തത്(നോട്ട് ടുബി ഫോർഗോട്ടൺ) എന്ന് വിശേഷണമായി കൂട്ടിച്ചേർത്തിട്ടുമുണ്ട്. എഴുപത്തൊമ്പതിൽ പണി തീർത്ത  സൈനികത്താവളമാണ് മ്യൂസിയമാക്കിയത്. തടവിലിടൽ, ഒറ്റപ്പെടുത്തൽ, മർദനം എന്നീ അധികാരപ്രയോഗങ്ങൾക്കായി രൂപകൽപ്പനചെയ്‌ത കെട്ടിടസമുച്ചയം. 1984മുതൽ  ഇറാഖി സർക്കാരിന്റെ അധീനതയിലായിരുന്നു. 1991ലെ കുർദ് സ്വാതന്ത്ര്യമുന്നേറ്റത്തിൽ വിമോചിപ്പിക്കപ്പെട്ടു. 1996വരെ കിർക്കുക്കിൽനിന്നും  ബഹിഷ്‌കൃതരാകുന്ന കുർദ് അഭയാർഥികളുടെ താൽക്കാലിക  താവളമായിരുന്നു.  പ്രതിരോധങ്ങളുടെയും ശവപ്പറമ്പുകളുടെയും ഓർമപ്പതിപ്പുകളാണ് അംനാസുരാക്കാ. ത്യാഗങ്ങളുടെയും ദുരിതങ്ങളുടെയും  ഭൂതകാലം മറക്കാൻ പാടില്ലാത്തതാണെന്ന്  തലമുറകളെ   ഓർമിപ്പിക്കുന്ന  സംഗ്രഹാലയം.  
സദ്ദാം ഹുസൈന്റെ ബാത്തിസ്റ്റ് പാർടി ഭരിക്കുമ്പോൾ സൈനികരുടെ ആസ്ഥാനമായിരുന്നു ഇത്. കുപ്രസിദ്ധമായ അൻഫൽ സൈനികനടപടിക്കാലത്ത്  1,82,000  കുർദ് വംശജർ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ഇവരുടെ ഓർമയ്‌ക്ക്‌  അത്രയും എണ്ണം കണ്ണാടിക്കഷ്‌ണങ്ങൾ അംനാസുരാക്കായിലെ ചുമരുകളിൽ പതിച്ചിട്ടുണ്ട്‌.  നാലായിരത്തിഅഞ്ഞൂറോളം  കുർദിഷ് ഗ്രാമങ്ങളാണ് അൻഫലിൽ നശിപ്പിക്കപ്പെട്ടത്. അത്രയും എണ്ണം ബൾബുകൾ കത്തിച്ചു നിർത്തിയിരിക്കുന്നു. 9646 കുട്ടികൾ ‘കാണാതായി' എന്ന് അടയാളപ്പെടുത്തപ്പെട്ടു! കുർദ് വംശജരെ കൊന്നൊടുക്കുകയും ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതിനു പുറമെ, കുർദിഷ് ഭാഷയും സംസ്‌കാരവും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനും ബാത്തിസ്റ്റുകൾ പരിശ്രമിച്ചു. 1991ലെ കൂട്ടപ്പലായനത്തിന്റെ ദൃശ്യങ്ങളും പുനർനിർമിതികളും; അന്തസ്സോടെയുള്ള മരണമാണോ അതോ അടിമത്തത്തോടെയുള്ള ജീവിതമാണോ വേണ്ടത് എന്ന തെരഞ്ഞെടുപ്പിൽ നിന്ന് പതിനായിരക്കണക്കിന് കുർദുകൾ പുറത്തു കടന്നതിന്റെ ത്യാഗദുരിതങ്ങൾ കാണിച്ചു തരുന്നു.  
സദ്ദാം ഹുസൈൻ ഭരണമവസാനിച്ചതിനു ശേഷം, ഐഎസുമായുള്ള ഏറ്റുമുട്ടലിലേക്കാണ് കുർദുകളുടെ ദൈനംദിന ജീവിതം എടുത്തെറിയപ്പെട്ടത്. ഐഎസുമായുള്ള യുദ്ധത്തിന്റേതായ ലോകത്തെ തന്നെ ആദ്യത്തെ പ്രദർശനമാണ് അംനാസുരാക്കായിലുള്ളത്. ഭീകരതയ്‌ക്കും ഇരുട്ടിന്റെ ശക്തികൾക്കുമെതിരായ മാനുഷികതയുടെ ഉയിർത്തെഴുന്നേൽപാണ് കുർദിഷ് ജനത മുന്നോട്ടുവയ്‌ക്കുന്ന തത്വശാസ്‌ത്രവും സൗന്ദര്യശാസ്‌ത്രവും. കുർദിസ്‌താൻ എന്ന രാഷ്ട്രസങ്കൽപ്പത്തിന്റെ അന്തസ്സിനെയും ഗൗരവത്തെയും അംഗീകരിക്കാത്തവർ എന്നടയാളപ്പെടുത്തി യുഎസ്എ, ഫ്രാൻസ്, യുകെ, സ്വീഡൻ, നോർവെ, ജപ്പാൻ, ഡെന്മാർക്ക്, സ്പെയിൻ, ഇറ്റലി, ഹോളണ്ട്, സ്വിറ്റ്സർലാന്‍ഡ്, ഓസ്ട്രേലിയ എന്നീ  രാഷ്ട്രപ്പേരുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വിഷാദമൂകമായ മ്യൂസിയം എന്നാണ് അംനാസുരാക്കായെ ഒരു സന്ദർശകൻ വിശേഷിപ്പിച്ചത്. വിഷാദവും നിരാശയും ജനിപ്പിക്കുമെങ്കിലും യുദ്ധങ്ങളും അധിനിവേശങ്ങളും പലായനങ്ങളും അടിമത്തങ്ങളും വംശീയാക്രമണങ്ങളും ഭീകരതകളും അവസാനിക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളിലേക്ക്‌ അത്‌ നമ്മെ ആനയിക്കും.
സുലൈമാനിയിൽ പുസ്‌തകങ്ങൾ ലഭ്യമായ തിരക്കേറിയ ചായക്കട

സുലൈമാനിയിൽ പുസ്‌തകങ്ങൾ ലഭ്യമായ തിരക്കേറിയ ചായക്കട

സുലൈമാനി കൂട്ടി ഒരു വായന

സുലൈമാനിയിൽ കാണാൻ കഴിഞ്ഞ സവിശേഷമായ മറ്റൊരു കാഴ്‌ച നഗരത്തിലെവിടെയുമുള്ള ചായ് ഹനാക്കനുകളാണ് (ചായക്കടകൾ). കടുപ്പമുള്ള കട്ടൻ ചായ പഞ്ചസാര ഇഷ്ടം പോലെയിട്ട് കുടിക്കുക ഇവിടത്തുകാരുടെ പ്രധാന ശീലമാണ്. ചായക്കൊപ്പം വായിക്കാൻ ധാരാളം പുസ്‌തകങ്ങൾ. സാഹിത്യത്തിനും സംസ്‌കാരത്തിനും കുർദിഷ് ജനത കൊടുക്കുന്ന പ്രാധാന്യത്തിന് കൂടുതലെന്തു തെളിവു വേണം?
സുലിക്ക്‌ തൊട്ടടുത്തുള്ള ഗ്രാമത്തിലേക്ക്‌   സുഹൃത്തും സംവിധായകനുമായ സിന മുഹമ്മദ് ഞങ്ങളെ കൊണ്ടുപോയി. ആട്ടിടയ കുടുംബങ്ങൾ താമസിക്കുന്ന ഈ മലഞ്ചെരിവിലെത്താൻ നഗരകേന്ദ്രത്തിൽനിന്ന് അരമണിക്കൂർ വേണ്ട. ചെമ്മരിയാടുകളും കഴുതപ്പുറത്തുള്ള ഇടയന്റെ യാത്രയും ആടുകളെ കാത്തിരിക്കുന്ന ഗൃഹനാഥയുടെ സൂക്ഷ്‌മതയുമെല്ലാം അവിസ്‌മരണീയം. മധ്യവയസ്സുള്ള വീട്ടുകാരിയുടെ ഭർത്താവും  മകനുമാണവരോടൊപ്പമുള്ളത്. വീടിനോടു ചേർന്ന് ഒന്നിലധികം തൊഴുത്തുകൾ. മുലപ്പാൽ കുടിക്കേണ്ട കുഞ്ഞുങ്ങൾ, അതല്ലാത്തവർ എന്നിങ്ങനെ ആടുകളെ വേർതിരിച്ച് ആലയിലേക്കാക്കാനുള്ള അവരുടെ പരിശ്രമസമയത്താണ് ഞങ്ങളെത്തിയത്. എന്നിട്ടും കട്ടൻ ചായ ഉണ്ടാക്കിത്തന്നു കുടിപ്പിച്ചിട്ടേ വിട്ടുള്ളൂ. രാത്രിഭക്ഷണത്തിന്  നിർബന്ധിക്കുകയും ചെയ്‌തു. അവരുടെ മക്കളിൽ ഒന്നിലധികം പേർ  കൊല്ലപ്പെട്ടിരുന്നു. രണ്ടുപേർ  ലണ്ടനിൽ അഭയംതേടി.  . അനിശ്ചിതത്വങ്ങളും പരിശ്രമങ്ങളും നിതാന്തമായ അതിജീവനവുമാണ് മനുഷ്യജീവിതത്തിന്റെ സത്തയെന്ന്‌  ബോധ്യപ്പെടുത്തുന്ന മനുഷ്യർ. 
കുർദിസ്‌താനിലെ തന്നെ ഏറ്റവും വലിയ തുറന്ന ചന്ത സുലൈമാനിയിലാണ്‌. മലാവി, ഗോറാൻ സ്ട്രീറ്റുകൾ വഴി ഇബ്രാഹിം പാഷ സ്ട്രീറ്റ് വരെ നീളുന്ന  മാർക്കറ്റിൽ പഴയതും പുതിയതുമായ സകല ഉൽപ്പന്നങ്ങളുമുണ്ട്‌.  തെരുവോരങ്ങളിൽ കോട്ടും സൂട്ടുമണിഞ്ഞ് വയലിൻ വായിക്കുന്നവരെയും കാണാം. ചിലരത് ചിത്രീകരുക്കുന്നു, ചിലർ ചില്ലറകൾ ദാനം  ചെയ്യുന്നു. കൈ കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ മുതൽ മധുരപലഹാരങ്ങളും കരകൗശലവസ്‌തുക്കളും തുണിത്തരങ്ങളും പെയിന്റിങ്ങുകളും  ലഭിക്കുന്ന ഈ മാർക്കറ്റിൽ സദാ തിരക്കാണ്.  മഗ്‌രിബ് നമസ്‌കാരം വരെയേ  കടകൾ പ്രവർത്തിക്കൂ.
സ്ലെമാനി പബ്ലിക് ലൈബ്രറിക്ക്‌ തൊട്ടെതിർവശത്തായാണ് ജമാൽ എർഫാൻ കൾച്ചറൽ ഫൗണ്ടേഷന്റെ പുസ്‌തകശാല. ഇവിടെ എത്ര സമയം വേണമെങ്കിലും ഇരിക്കാം, പുസ്‌തകം വായിക്കാം.  ചായയും കാപ്പിയും ലഘു ഭക്ഷണങ്ങളും കഴിക്കാം.  കുർദിഷ് പുസ്‌തകങ്ങളാണ് ബഹുഭൂരിപക്ഷവുമെങ്കിലും ഇംഗ്ലീഷ് പുസ്‌തകങ്ങളും ഉണ്ട്. മാർക്‌സ്‌, ഏംഗൽസ്, ഗാന്ധിജി, ടാഗോർ എന്നിവരെയും വായിക്കാം.
 ഓർമകളും സൗഹൃദങ്ങളും സംസ്‌കാരത്തിന്റെ അടയാളങ്ങളും മടക്കയാത്രയിൽ കൂടെ പോന്നു. യുദ്ധങ്ങളും അധിനിവേശങ്ങളും കൊലകളും അക്രമങ്ങളും ഇല്ലാതാകുന്ന ഒരു സമാധാന ലോകത്തെ പ്രതീക്ഷകളിലും ഭാവനകളിലും ഉറപ്പിക്കാൻ കുർദിഷ് ജനതയുടെ അനുഭവങ്ങൾ എന്നും പ്രേരണയായിരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top