09 December Saturday

വാമൊഴി കാർട്ടൂണുകളുടെ ശിൽപ്പി

അനിൽകുമാർ എ വിUpdated: Sunday Oct 1, 2023

കാർട്ടൂണിസ്റ്റ് സുകുമാർ അദ്ദേഹത്തെതന്നെ വരച്ചപ്പോൾ

നർമ സാഹിത്യത്തിലും കാർട്ടൂണിലും തലയെടുപ്പോടെ ദീർഘകാലം നിലകൊണ്ട പേരുകളിലൊന്നാണ്‌ സുകുമാറിന്റേത്. സംസാരംകൊണ്ട് കാർടൂൺ വരച്ച സുകുമാർ വാമൊഴി കാർടൂണുകളുടെ ശിൽപിയാണെന്നു പറയാം. രേഖയായി മുപ്പതിലധികം പുസ്തകങ്ങളും. വേളൂർ കൃഷ്ണൻകുട്ടിയായിരുന്നു ഇത്തരത്തിൽ മറ്റൊരാൾ.

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ചിരി മറന്നുപോകുന്നതായി ഉൽക്കണ്ഠപ്പെട്ട അദ്ദേഹം ഇ കെ നായനാരെയും കെ കരുണാകരനെയും പോലുള്ളവരുടെ അപാരമായ ആസ്വാദനക്ഷമതയെ ആദരവോടെ കണ്ടു. വല്ലപ്പോഴുമെങ്കിലും ഒന്ന് ചിരിക്കൂ എന്ന്‌ യുവാക്കളോട് അഭ്യർഥിച്ചു.
സുകുമാറിന്റെ ആദ്യ കാർടൂൺ വന്നത് 1950ൽ വികടൻ മാസികയിലാണ്‌.  രാഷ്ട്രീയ കാർടൂണുകളുടെ ആദ്യപഥികരിലൊരാളായ കെ എസ് പിള്ളയുടെ ശിക്ഷണത്തിൽ ചിട്ടയോടെ വര തുടർന്നു.  ഇരുവരും വിരുദ്ധ ചേരികളിൽനിന്ന രണ്ടു പത്രങ്ങളിൽ വരച്ചത് കൗതുകമായിരുന്നു‐ ദേശബന്ധുവിലും മനോരമയിലും.

1954ൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദം നേടുമ്പോഴേക്കും ഹാസ്യസാഹിത്യകാരനും കാർടൂണിസ്റ്റുമായി അറിയപ്പെട്ടു തുടങ്ങി. പിന്നീട്‌ വരയിലും ചിത്രമെഴുത്തിലും പ്രത്യേക പഠനവും നടത്തി. തുടർന്ന്‌ മലയാളി ദിനപത്രത്തിൽ സ്റ്റാഫ് കാർടൂണിസ്റ്റായി. 1957ൽ  പൊലീസിൽ എൽ ഡി ക്ലാർക്ക് ആയി. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും എഴുത്തും വരയും തുടർന്നു.   മലയാള മനോരമ ആഴ്ചപ്പതിപ്പിലെ പോസസ്, മലയാളരാജ്യത്തിലെ  പൊതുജനം പലവിധം, മലയാളനാടിലെ കഷ്യം തുടങ്ങിയവ ശ്രദ്ധേയം. അഡ്മിനിസ്ട്രേറ്റീവ്‌ അസിസ്റ്റന്റായി വിരമിച്ചു. ആകാശവാണിയിലും ദൂരദർശനിലും സ്വകാര്യ ചാനലുകളിലും  തുടർച്ചയായി പരിപാടികൾ അവതരിപ്പിച്ചു.  കേരള കാർടൂൺ അക്കാദമി ചെയർമാനായിരുന്ന സുകുമാറിനെ കർണാടക കാർടൂണിസ്റ്റ് അസോസിയേഷൻ ആദരിച്ചു. ഹൈദരാബാദിലെ ഇന്ത്യൻ കാർടൂൺ ഫെസ്റ്റിവലിൽ പ്രത്യേക ക്ഷണിതാവുമായി.

നർമ സാഹിത്യത്തിനുള്ള 1996ലെ സാഹിത്യ അക്കാദമി അവാർഡ് നേടി.  വായിൽ വന്നത്, കോതയ്‌ക്ക് പാട്ട്, കാക്കികഥകൾ, കഷായവും മേമ്പൊടിയും, ചിരിചികിത്സ, ചിരിപുസ്തകം, കാവ്യം സുകുമാരം, അഹം നർമാസ്‌മി,സുകുമാര ഹാസ്യം തുടങ്ങിയവയാണ് പ്രധാന കൃതികൾ. തിരുവനന്തപുരം നർമ കൈരളിയുടെ സ്ഥാപകനാണ്. കേരളത്തിന്റെ കാർടൂൺ ചരിത്രം എന്ന കൃതിയും മാരത്തൺ ഹാസ്യ പ്രഭാഷണങ്ങളും തന്റെ നേട്ടമായി അദ്ദേഹം  എടുത്തുപറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top