തിരുവനന്തപുരം മോഡൽ സ്‌കൂളിൽ കുട്ടൻപിള്ള മാഷ് ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് വിവരിച്ചു. ലൂയി പതിനാറാമൻ ചക്രവർത്തിയെ വിപ്ലവകാരികൾ ഗില്ലറ്റിൻ ഉപയോഗിച്ച് തലയറുത്ത് ഉടൽ മാർക്കറ്റിലെ പോസ്റ്റിൽ തൂക്കിയിട്ട ഭാഗം പഠിപ്പിച്ച് മാഷ് സ്റ്റാഫ് മുറിയിലേക്ക് പോയി. ടെക്‌സ്റ്റ് ബുക്കിൽ പാഠഭാഗം പരാമർശിക്കുന്ന ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. മാഷിന്റെ വിവരണം മാത്രമാണ് കുട്ടികളുടെ മനസ്സിൽ. ചിത്രകലയിൽ താൽപ്പര്യമുണ്ടായിരുന്ന സുകുമാരൻ, താൻ ഭാവനയിൽ കണ്ട ഗില്ലറ്റിനും തലയറുക്കപ്പെട്ട് കിടക്കുന്ന ചക്രവർത്തിയെയും ബോർഡിൽ വരച്ചു. എന്നിട്ട് സംഭവം സ്റ്റാഫ് റൂമിലെത്തി മാഷിനെ അറിയിച്ചു. ‘‘മാഷ് വിവരിച്ചപോലെ ഫ്രഞ്ച് ഗില്ലറ്റും മറ്റും ബോർഡിൽ ഞാൻ വരച്ചിട്ടുണ്ട്, മാഷ് വന്നൊന്ന് നോക്കണം...’’ മാഷ് സുകുമാരന്റെ ചിത്രം കാണാൻ ക്ലാസിലെത്തി. ‘‘നീ ഗുരുത്വമില്ലാത്തവനാണ്... ഗുണം പിടിക്കാതെ പോട്ടെ...’’ ശപിച്ചുകൊണ്ടാണ് മാഷ് മടങ്ങിയത്. ബോർഡിൽ വരച്ച മൃതദേഹത്തിൽ ആരോ കുട്ടൻപിള്ള എന്ന് ഇതിനിടയിൽ എഴുതിവച്ചിരുന്നു. താനല്ല എഴുതിയതെന്ന് ആണയിട്ട് പറഞ്ഞിട്ടും മാഷ് വിശ്വസിച്ചില്ല. രണ്ടാഴ്ച കുട്ടൻപിള്ള മാഷ് ക്ലാസിൽ ഗൗരവക്കാരനായി. സുകുമാരന്റെ മുഖത്ത് നോക്കിയില്ല. കുട്ടൻപിള്ള എന്നെഴുതിയ വിരുതൻ കുറ്റം സമ്മതിച്ചതോടെയാണ് മാഷ് അയഞ്ഞത്. വരമാത്രമല്ല, നർമകഥകൾ പറയുകയും എഴുതുകയും ചെയ്യുന്നത് സ്കൂൾ പഠനകാലത്തുതന്നെ സുകുമാരന്റെ ശീലമായിരുന്നു. സ്പെക്റ്റേറ്റർ എന്ന പേരിൽ സുകുമാരന്റെ നേതൃത്വത്തിൽ സ്‌കൂളിൽനിന്ന് കൈയെഴുത്തുമാസിക പുറത്തിറങ്ങിയിരുന്നു.
സുകുമാരന്റെ അച്ഛൻ സുബ്ബരായൻ പോറ്റി തമ്പാനൂർ സുബ്രഹ്മണ്യക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. മെട്രിക്കുലേഷൻ പരീക്ഷ കഴിഞ്ഞ് അവധിക്കാലം ചെലവിടുന്ന മകൻ സുകുമാരൻ പോറ്റിയെ ക്ഷേത്രത്തിൽ പൂജയ്ക്ക് സഹായിക്കാനും ഭക്തർക്ക് പ്രസാദം നൽകാനും അച്ഛൻ കൊണ്ടുപോകുക പതിവായി. കൂട്ടുകാർ അവധിക്കാലം കളിച്ചുല്ലസിച്ച് കഴിയുമ്പോൾ സുകുമാരൻ പോറ്റി കീഴ്ശാന്തിക്കാരനായി ക്ഷേത്രത്തിൽ കഴിച്ചുകൂട്ടി. വിഗ്രഹത്തിന് മുഖച്ചാർത്ത് ഇടുവാൻ അച്ഛൻ മകന് നിർദേശം നൽകി. ഓരോ തവണയും വിഗ്രഹത്തിന് ഓരോ രൂപം കണ്ട് അച്ഛൻ ഞെട്ടി. ചിരിക്കുന്ന സുബ്രഹ്മണ്യൻ, കരയുന്ന സുബ്രഹ്മണ്യൻ, അത്ഭുതപ്പെടുന്ന സുബ്രഹ്മണ്യൻ, ദേഷ്യപ്പെടുന്ന സുബ്രഹ്മണ്യൻ...
‘‘ഇത് നമ്മുടെ ചോറാ... ഇതിൽ നിന്റെ വിക്രിയകളൊന്നും വേണ്ട. ഇനി അരയ്ക്ക് കീഴ്പ്പോട്ട് ചാർത്തിയാൽ മതി... മുഖത്ത് ഞാൻതന്നെ ചാർത്തിക്കൊള്ളാം...’’ അങ്ങനെയാണ് അച്ഛൻ മേൽശാന്തിയും താൻ കീഴ്ശാന്തിയും ആയതെന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് സുകുമാർ പറയുമായിരുന്നു.
കോളേജ് പഠനകാലത്തും കീഴ്ശാന്തിയായി സുകുമാരൻ അച്ഛന്റെ കൂടെ പോകുമായിരുന്നു. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയിലും തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളി ദിനപത്രത്തിലും കൗമുദിയിലും സരസനിലും ഇക്കാലത്ത് സുകുമാരൻ പോറ്റിയുടെ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്നു.
(കാർട്ടൂൺ അക്കാദമി മുൻ സെക്രട്ടറിയാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..