20 April Saturday

പക്ഷാഘാതം വസ്തുതകളും അതിജീവനവും

ഡോ എം ജെ സുശാന്ത്‌Updated: Thursday Sep 24, 2020

കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ പക്ഷാഘാതം (സ്‌ട്രോക്ക്‌) വരാനുള്ള സാധ്യത ഇന്ത്യയിൽ 100 ശതമാനം കൂടിയിട്ടുണ്ടെന്നാണ്‌ പഠനങ്ങൾ വ്യക്തമാകുന്നത്. ഓരോ വർഷവും 1.8 ദശലക്ഷം പേർക്ക് സ്ട്രോക്ക് ഉണ്ടാകുന്നു എന്നാണ് കണക്ക്‌. മനുഷ്യരുടെ മരണകാരണങ്ങളിൽ മൂന്നാംസ്ഥാനം പക്ഷാഘാതത്തിനാണ്‌. സ്ട്രോക്ക് അതിജീവിക്കുന്നവരിൽ അതുണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകൾ വളരെ വലുതാണ്.

ത്രോമ്പോലിസിസ് എന്ന നൂതന ചികിത്സാരീതി സ്ട്രോക്ക് ചികിത്സയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതും  ചികിത്സ വൈകുന്നതും ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.

എന്താണ് സ്ട്രോക്ക്
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്ക് പൊതുവെ രണ്ടുതരമുണ്ട്‌.

ഇഷ്‌കിമിക് ((ischemic) സ്ട്രോക്ക് അഥവാ രക്തധമനികളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്ക്. സ്ട്രോക്കുകളിൽ ഏറിയ പങ്കും ഇത്തരം സ്‌ട്രോക്കാണ്.

ഹെമോർഹാജിക് (haemorrhagic) സ്ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്ട്രോക്ക്.

സ്ട്രോക്ക് വരാനുള്ള സാധ്യതകൾ
സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. അമിതമദ്യപാനം, പുകവലി, അമിതരക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോളിന്റെ അളവ്, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം എന്നിവ സ്ട്രോക്കിനുള്ള പ്രധാന കാരണങ്ങളാണ്. ഹാർട്ട് അറ്റാക്ക് വന്നവരിൽ ഹൃദയവാൽവ് സംബന്ധമായ തകരാറുകൾ ഉള്ളവരിൽ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവർ–- ഇവരിലൊക്കെ സ്ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.

ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്‌ പ്രധാനകാരണം ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളാണ്‌. പുകവലിയാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ അമിതവണ്ണം, രക്തസമ്മർദം, മാനസികസമ്മർദം എന്നിവയും ചെറുപ്പക്കാരിൽ സ്ട്രോക്ക് ഉണ്ടാക്കും. ഗർഭനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ടപിടിക്കുന്നതിൽ അപാകത ഉണ്ടാകുന്ന രോഗങ്ങൾ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തേ ഉണ്ടാകാം.


 

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം
ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ചശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ  അവ സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

സ്ട്രോക്ക് എങ്ങനെ ചികിത്സിക്കാം
സ്ട്രോക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേ രോഗിക്ക്‌ ചികിത്സ ലഭ്യമാക്കണം. എത്രയുംപെെട്ടന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക്‌ യൂണിറ്റിൽ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്‌, ന്യൂറോസർജൻ, സിടി/ എംആർഐ എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ്‌  ഇത്തരം യൂണിറ്റിന്റെ പ്രത്യേകത. ത്രോമ്പോലിസിസുകൊണ്ട് മാറ്റാൻ പറ്റാത്ത വലുപ്പമുള്ള രക്തക്കട്ടകൾ മാറ്റുന്നതിന് രക്തധമനിവഴി ഒരു കത്തീറ്റർ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എൻഡോവാസ്ക്യൂലർ റിവാസ്‌കുലറിസേഷൻ തെറാപ്പിയും ഇപ്പോൾ ലഭ്യമാണ്.

സ്ട്രോക്ക് ചികിത്സയിലെ നിലവിലെ പോരായ്മകൾ
സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനം ചികിത്സ ആരംഭിക്കുന്നതിനുമുമ്പ്‌ പാഴാക്കുന്ന സമയമാണ്. പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. സാധാരണയായി സംഭവിക്കുന്നത്‌ രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കിൽ എത്തിക്കുകയും പിന്നെ സിടി സ്കാനിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞുവിടുകയുമാണ്. നമുക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക്‌ യൂണിറ്റുകളുള്ള ആശുപത്രികൾ ഏതൊക്കെ എന്നും അവരുടെ ഹെൽപ് ലൈൻ നമ്പർ  ഏതാണെന്നും അറിഞ്ഞുവച്ചിരിക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ടം കുറയ്ക്കാൻ സഹായിക്കും.

ചികിത്സ വൈകാനുള്ള മറ്റൊരുകാരണം തുടക്കത്തിൽ രോഗലക്ഷണങ്ങൾ വളരെ കുറവായിരിക്കും. സിടി സ്കാനിൽ സ്ട്രോക്കിന്റെ വ്യതിയാനങ്ങൾ വരാൻ ചിലപ്പോൾ ആറ് തൊട്ട് 24 മണിക്കൂർവരെ എടുക്കാം. സിടി സ്കാൻ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കിൽ എംആർഐ സ്കാനിലോ മാത്രമേ ആദ്യ മണിക്കൂറുകളിൽ സ്ട്രോക്കിന്റെ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ.

ചില രോഗികളിൽ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ വന്ന്‌ ഒരു മണിക്കൂറിനുള്ളിൽത്തന്നെ അത് പൂർണമായി മാറുകയുംചെയ്യും. ഇതിനെ  ട്രാൻസിന്റ്‌  ഇസ്‌കിമിക് അറ്റാക്ക് (ടിഐഎ) എന്ന് പറയുന്നു. പൂർണമായി ഭേദമായതിനാൽ രോഗി ചികിത്സ ചിലപ്പോൾ തേടാറില്ല. എന്നാൽ, ഇത്തരത്തിൽ വരുന്ന ടിഐഎ ഭാവിയിൽ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായസൂചനയാണ്. അതിനാൽ, ലക്ഷണങ്ങൾ ഭേദമായാലും ഉടൻതന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട്‌ ചികിത്സ തേടേണ്ടതാണ്.

 

സ്ട്രോക്കിനുശേഷമുള്ള ജീവിതം
ശാരീരിക വിഷമതകൾക്കു പുറമെ സ്ട്രോക്ക്‌ രോഗിയുടെ മാത്രമല്ല കുടുംബത്തിൽ ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാൽ, സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം. ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യലക്ഷ്യം ദൈനംദിനകാര്യങ്ങൾ ചെയ്യാൻ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്. അത് നേടിയാൽ അടുത്ത ലക്ഷ്യം ജോലിചെയ്യാൻ പ്രാപ്തമാക്കാനുള്ള ഫിസിയോതെറാപ്പിയാണ്. 

രോഗികൾ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന ശുചിമുറിയും ഒരേ നിരപ്പിൽ അയിരിക്കണം.  തിരിയുമ്പോഴും കട്ടിലിൽനിന്ന് എഴുന്നേൽക്കുമ്പോഴും ചലനങ്ങളിൽമാത്രം ശ്രദ്ധ കേന്ദ്രികരിക്കുക. സ്ട്രോക്ക് കാരണം ആശയവിനിമയത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇതിന്‌ നല്ലരീതിയിലുള്ള സ്പീച്ച്‌ തെറാപ്പി ആവശ്യമാണ്. ആശയവിനിമയം നടത്താൻ നിരന്തരമായി അഭ്യസിക്കുക, ഉച്ചത്തിൽ വായിക്കുക, പേരുകൾ, ഗാനങ്ങൾ തുടങ്ങിയവ പലതവണ ആവർത്തിക്കുക, കാർഡുകൾ അല്ലെങ്കിൽ ആധുനിക സാങ്കേതികവിദ്യകൾ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. മ്യൂസിക്‌ തെറാപ്പിയും ഇത്തരം രോഗികളിൽ സഹായകരമാണ്.

സ്ട്രോക്ക്‌ രോഗികളിൽ ഭക്ഷണം വിഴുങ്ങുന്നതിനുള്ള പ്രയാസം കാണാറുണ്ട്. ഭക്ഷണം ചെറിയകഷണങ്ങളായി മുറിച്ച്‌ കഴിക്കേണ്ടതും പാനീയങ്ങൾ കുറേശ്ശ കുറേശ്ശയായി നൽകേണ്ടതുമാണ്‌. ഭക്ഷണം കഴിക്കുമ്പോൾ സംസാരം ഒഴിവാക്കുകയും മറ്റുകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത്‌ ഒഴിവാക്കേണ്ടതുമാണ്.

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്, ഓർമക്കുറവ് എന്നിവ വരാനും സാധ്യതയുണ്ട്. കാര്യങ്ങൾ ചെയ്യാൻ കൂടുതൽ സമയം എടുക്കുക, ഒരുസമയം ഒരുകാര്യംമാത്രം ചെയ്യുക, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക, ആവശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായംതേടുക എന്നിവയൊക്കെ ചെേയ്യണ്ടതാണ്. ശാന്തമായി വിശ്രമിക്കുക, ചെറിയ നടത്തത്തിനു പോകുക, സംഗീതം ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ഏകാഗ്രത വീണ്ടെടുക്കാൻ സഹായിക്കും.

സ്ട്രോക്ക് വരാതെ നോക്കുക

എപ്പോഴും രോഗം വന്ന്‌ ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ്‌ അത് വരാതെ നോക്കുന്നത്. ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉയർന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച്‌ നിയന്ത്രിക്കേണ്ടതാണ്. കൂടാതെ മരുന്നുകൾ കൃത്യമായി ഡോക്ടറുടെ നിർദേശപ്രകരം കഴിക്കുന്നതിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാകും.

ശരീരഭാരം കൂടാതെ നോക്കുകയും കൃത്യസമയത്തുതന്നെ സമീകൃതമായ ആഹാരം കഴിക്കുക. ഒരിക്കൽ ടിഐഎ വന്ന രോഗികൾ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയിൽ സ്ട്രോക്ക് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top