19 April Friday

അതിജീവന വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ 
ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്ക് മധുരം നൽകി 
മന്ത്രി വി ശിവൻകുട്ടി ആഹ്ലാദം പങ്കുവയ്ക്കുന്നു ഫോട്ടോ: സുമേഷ് കോടിയത്ത്

തിരുവനന്തപുരം
കോവിഡ്‌ പ്രതിസന്ധിക്കിടയിലും മികച്ച വിജയവുമായി എസ്‌എസ്‌എൽഎസി പരീക്ഷാ ഫലം. 99.26 ശതമാനം വിജയം. റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 4,26,469 പേരിൽ 4,23,303 പേർ ഉന്നതപഠനത്തിന്‌ യോഗ്യത നേടി. വാർത്താ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌.

കഴിഞ്ഞ വർഷം വിജയശതമാനം 99.47 ആയിരുന്നു. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി. കഴിഞ്ഞ വർഷം ഇത്‌ 1,25,509 ആയിരുന്നു. വിജയശതമാനത്തിൽ കണ്ണൂർ ജില്ലയാണ്‌ മുന്നിൽ–- 99.76 ശതമാനം. പിന്നിൽ വയനാടാണ്‌–- 98.07 ശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ പാലായാണ്‌ മുന്നിൽ. വിജയം 99.94 ശതമാനം.

വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (97.98 ശതമാനം) ആണ്‌. കൂടുതൽ വിദ്യാർഥികൾക്ക്‌ മുഴുവൻ എ പ്ലസ്‌ കിട്ടിയ റവന്യു ജില്ല മലപ്പുറമാണ്‌–- 7230 പേർ. കുറവ്‌ വയനാട്‌ ജില്ല (830 പേർ).

ആകെയുള്ള 3059 സ്‌കൂളിൽ 2134 സ്‌കൂൾ 100 ശതമാനം വിജയം നേടി. ഇവയിൽ 760 എണ്ണം ഗവ. സ്‌കൂളും 942 എയ്‌ഡഡ്‌ സ്‌കൂളും 432 അൺഎയ്‌ഡഡ്‌ സ്‌കൂളുമാണ്‌.  ഗൾഫിലെ ഒമ്പത്‌ വിദ്യാലയത്തിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും വിജയിച്ചു (98.25 ശതമാനം). നാല്‌ ഗൾഫ്‌ സെന്ററിൽ 100 ശതമാനമാണ്‌ വിജയം. ലക്ഷദ്വീപിലെ ഒമ്പത്‌ വിദ്യാലയത്തിൽ പരീക്ഷ എഴുതിയ 882 പേരിൽ 785 പേർ വിജയിച്ചു (89 ശതമാനം).

എസ്‌എസ്‌എൽസി പ്രൈവറ്റ്‌ പുതിയ സ്‌കീമിൽ 275 പേർ എഴുതിയതിൽ 206 പേർ വിജയിച്ചു (74.91 ശതമാനം). പ്രൈവറ്റ്‌ പഴയ സ്‌കീമിൽ 134 പേർ എഴുതിയതിൽ 95 പേർ വിജയിച്ചു (70.9  ശതമാനം).  ടിഎച്ച്‌എസ്‌എൽസിയിൽ 99.49 ശതമാനവും എസ്‌എസ്‌എൽസി ഹിയറിങ്‌ ഇമ്പയേർഡ്‌ വിഭാഗത്തിലും ടെക്‌നിക്കൽ എച്ച്‌ഐ വിഭാഗത്തിലും 100 ശതമാനമാണ്‌ വിജയം.

കലാമണ്ഡലം ആർട്ട്‌ ഹയർ സെക്കൻഡറിയിൽ 91.04  ശതമാനമാണ്‌ വിജയം. വാർത്താ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, പരീക്ഷാഭവൻ ജോയിന്റ്‌ കമീഷണർ ഡോ. ഗിരീഷ്‌ ചോലയിൽ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top