20 April Saturday

ശ്രീലങ്കൻ പ്രതിസന്ധിയുടെ പിന്നാമ്പുറങ്ങൾ... ഡോ അഹിലന്‍ കദിര്‍ഗമര്‍ സംസാരിക്കുന്നു

ഡോ. അഹിലൻ കദിർഗമർ/ എൻ എസ്‌ സജിത്‌Updated: Wednesday May 11, 2022

ഡോ. അഹിലൻ കദിർഗമർ

1970കളിൽ ഉദാരവൽക്കരണം ആരംഭിച്ച രാജ്യമാണ്‌ ശ്രീലങ്ക. വാസ്‌തവത്തിൽ അന്നുമുതൽ സാമ്പത്തിക മേഖല കുഴപ്പത്തിലേക്ക്‌ നീങ്ങിയിരുന്നു. നവലിബറൽ നയങ്ങളുടെ ഭാഗമായി ദക്ഷിണേഷ്യയിൽ ആദ്യമായി ഘടനാപരമായ പരിഷ്‌കാരങ്ങൾ ആരംഭിച്ച രാജ്യമാണിത്‌.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക്‌ രൂപാന്തരപ്പെട്ടിരിക്കയാണ്‌. രാജ്യവ്യാപകമായി രൂപപ്പെടുന്ന ജനകീയ സമരത്തിന്റെ ചൂടിൽ രജപക്‌സെ ഭരണകൂടം അസ്ഥിരപ്പെടുന്ന കാഴ്‌ചയാണ്‌ എങ്ങും. കേരളത്തിന്റെ അത്രപോലും ജനസംഖ്യയില്ലാത്ത ഈ ദ്വീപുരാഷ്‌ട്രം എങ്ങനെയാണ്‌ ഇത്രയും രൂക്ഷമായ പ്രതിസന്ധിയിലേക്ക്‌ മുങ്ങിത്താണുപോയത്‌? ആറു പതിറ്റാണ്ടിലേറെയായി മുതലാളിത്ത വികസന വഴിയിൽ സഞ്ചരിക്കുകയാണ്‌ ഈ രാജ്യം. ആ നയങ്ങളുടെ അനിവാര്യമായ പതനമാണ്‌ ശ്രീലങ്കയിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്‌.

ഡോ. അഹിലൻ കദിർഗമർ

ഡോ. അഹിലൻ കദിർഗമർ


പൊളിറ്റിക്കൽ എക്കണോമിസ്റ്റും ജാഫ്‌ന സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം സീനിയർ  പ്രൊഫസറും മാർക്‌സിസ്‌റ്റുമായ ഡോ. അഹിലൻ കദിർഗമർ ‘ദേശാഭിമാനി’യോട്‌ സംസാരിക്കുന്നു. ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ മാർക്‌സിയൻ വീക്ഷണകോണിലൂടെ സമീപിക്കുന്ന ചിന്തകനാണ് കദിർഗമർ.

? ദക്ഷിണേഷ്യയിലെ ഈ ദ്വീപുരാഷ്‌ട്രം ഇപ്പോൾ ചെന്നുപെട്ട സാമ്പത്തിക പ്രതിസന്ധി യഥാർഥത്തിൽ ഡോളർ പ്രതിസന്ധിയും വിദേശകടവും മാത്രമാണോ...

= 1948ൽ ശ്രീലങ്ക സ്വതന്ത്രമായ ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണിത്‌. 1930കളിലെ മഹത്തായ മാന്ദ്യവുമായി ഈ പ്രതിസന്ധിയെ താരതമ്യപ്പെടുത്തിയാൽ തെറ്റില്ല. അന്ന്‌ സാമ്പത്തികക്കുഴപ്പങ്ങൾക്കൊപ്പം മലമ്പനിയും ദ്വീപിനെ കടന്നാക്രമിച്ചിരുന്നു. ഇന്ന്‌ തിരച്ചടവിനുള്ള ശേഷി കുറഞ്ഞതുകൊണ്ടുള്ള കുഴപ്പങ്ങളും കോവിഡും ഒരുമിച്ചാണ്‌ ശ്രീലങ്കയെ ആഴക്കടലിലേക്ക്‌ മുക്കിത്താഴ്‌ത്തുന്നത്‌.

1970കളിൽ ഉദാരവൽക്കരണം ആരംഭിച്ച രാജ്യമാണ്‌ ശ്രീലങ്ക. വാസ്‌തവത്തിൽ അന്നുമുതൽ സാമ്പത്തിക മേഖല കുഴപ്പത്തിലേക്ക്‌ നീങ്ങിയിരുന്നു. നവലിബറൽ നയങ്ങളുടെ ഭാഗമായി ദക്ഷിണേഷ്യയിൽ ആദ്യമായി ഘടനാപരമായ പരിഷ്‌കാരങ്ങൾ ആരംഭിച്ച രാജ്യമാണിത്‌. ‘തുറന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾ’ എന്നാണ്‌ ജയവർധനെ സർക്കാർ അതിനെ വിശേഷിപ്പിച്ചത്‌. ഈ പരിഷ്‌കാരങ്ങൾ അടിച്ചേൽപ്പിച്ചതും വിചിത്രമായ മാർഗങ്ങളിലൂടെയായിരുന്നു. ട്രേഡ്‌ യൂണിയനുകളെയും ഇടതുപക്ഷത്തെയും ന്യൂനപക്ഷങ്ങളെയും  അധികാരമുപയോഗിച്ച്‌ അടിച്ചമർത്തിക്കൊണ്ടായിരുന്നു സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കിയത്‌. 

1979ൽ നടപ്പാക്കിയ പ്രിവൻഷൻ ഓഫ്‌ ടെററിസം ആക്‌ട്‌  ഉപയോഗിച്ചായിരുന്നു  ഈ അടിച്ചമർത്തലൊക്കെയും. 1980ൽ തമിഴ്‌ ന്യൂനപക്ഷത്തെ കൂട്ടക്കൊലയ്‌ക്ക്‌ ഇരയാക്കാനും ട്രേഡ്‌ യൂണിയൻ നേതാക്കളെ അടിച്ചമർത്താനുമൊക്കെ ഈ നിയമമാണ്‌.

ജയവർധനെ

ജയവർധനെ

ജയവർധനെ സർക്കാർ തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അവകാശം തകർത്തെറിഞ്ഞു. ആ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രീലങ്കയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് ഇനിയും സാധിച്ചിട്ടില്ല. ഫ്രീ ട്രേഡ് സോണിനു വേണ്ടിയുള്ളതായിരുന്നു ഈ അടിച്ചമർത്തലുകൾ.

? സമ്പദ്ഘടന തുറന്നു കൊടുക്കലും വിമത ശബ്ദങ്ങളെ അടിച്ചമർത്തലും സമാന്തരമായി മുന്നോട്ടുപോയി എന്നാണോ ഇതിനർഥം.

= എഴുപതുകളുടെ ഒടുവിൽ വിദേശ നിക്ഷേപം വന്നതോടെ സമ്പദ്ഘടനയ്‌ക്ക് ഉണർവുണ്ടായെങ്കിലും വളരെ പെട്ടെന്ന് തന്നെ ആ കുമിള പൊട്ടാൻ തുടങ്ങി.
1983 നടത്തിയ ഒരു കൂട്ടക്കൊലയോടെയാണ് ഈ സാമ്പത്തികത്തകർച്ച പുറംലോകം അറിയാതെ പോയത്‌. തുടർന്ന് എൺപതുകളിൽ ഉണ്ടായ വംശീയ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ പഴയ വേഗം നഷ്ടപ്പെട്ടു. രണ്ടര പതിറ്റാണ്ടിലേറെ ദീർഘിച്ച വംശീയ യുദ്ധത്തോടെ മുതലാളിത്തത്തിന് ശ്രീലങ്കയിൽ താല്പര്യം കുറഞ്ഞു. 2009ൽ വംശീയ യുദ്ധം അവസാനിക്കുകയും രജപക്‌സെയുടെ ഏകാധിപത്യ ഭരണം സ്ഥിരത കൈവരിക്കുകയും ചെയ്തു.

ആഗോള നിക്ഷേപം നന്നായി പ്രവഹിച്ച കാലമായി പിന്നെ. ഊഹക്കച്ചവടത്തിൽ അധിഷ്ഠിതമായ നയങ്ങളുടെ ഫലമായിരുന്നു ഇത്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ശ്രീലങ്ക പ്രധാന കമ്പോളമായി മാറി. വംശീയ യുദ്ധമവസാനിച്ച്‌ പതിനെട്ടു മാസം കഴിഞ്ഞതോടെ കൊളംബോ ഓഹരിവിപണി നാലിരട്ടി വളർച്ച നേടി. ശ്രീലങ്കയിലെ നവലിബറൽ വാഴ്‌ചയുടെ രണ്ടാം ഘട്ടമായിരുന്നു യുദ്ധാനന്തര കാലത്തെ  തീവ്ര പരിഷ്‌കാരങ്ങൾ.അത് രാജ്യത്തെ ദുരന്തത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. മഹാമാരി ആ ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചെന്നു മാത്രം.

? ഐഎംഎഫ്, ലോകബാങ്ക് എന്നീ ആഗോള സാമ്പത്തിക ഏജൻസികളുമായി അഞ്ചു പതിറ്റാണ്ടിലേറെ തുടരുന്ന ബന്ധമാണ് ശ്രീലങ്കയുടേത്. അവരുടെ സാമ്പത്തിക അധിനിവേശങ്ങൾ ദ്വീപിനെ ഏതു തരത്തിലാണ് ബാധിച്ചത്.

= 1930 കളിലെ മഹത്തായ സാമ്പത്തിക മാന്ദ്യവുമായിട്ടാണ് ശ്രീലങ്കൻ പ്രതിസന്ധിക്ക് സാമ്യം എന്ന് പറഞ്ഞല്ലോ.

മഹീന്ദ രജപക്‌സെ

മഹീന്ദ രജപക്‌സെ

ഇപ്പോഴത്തെ പ്രശ്നങ്ങൾ മറികടക്കണമെങ്കിൽ മുൻകാല നയങ്ങളിൽ നിന്ന് അടിമുടി മാറാൻ രാജ്യത്തിന് കഴിയണം. എന്നാൽ അത് സംഭവിക്കുന്നില്ല. രാജ്യത്തെ രാഷ്ട്രീയ നേതാക്കളും നയരൂപീകരണ വിദഗ്ധരുമെല്ലാം ഐഎംഎഫ്, ലോകബാങ്ക് കുറിപ്പടികൾ മാത്രമാണ് അഭയം എന്ന് കരുതുന്നവരാണ്. ഒരു ബദൽ അവരുടെ അജണ്ടയിലേ ഇല്ല. അതുകൊണ്ടുതന്നെ ചരിത്രപരമായ ഈ പ്രതിസന്ധി നേരിടാനുള്ള ശേഷി രാജ്യത്തിന് ഇല്ലെന്നു തന്നെ പറയേണ്ടി വരും.

ഇപ്പോൾ തന്നെ ഐഎംഎഫ് രണ്ടോ മൂന്നോ ബില്യൺ ഡോളർ സഹായം നൽകിയാലൊന്നും രക്ഷപ്പെടാവുന്ന പ്രതിസന്ധി അല്ല ശ്രീലങ്കയുടേത്. 2021 ലെ വ്യാപാരക്കമ്മി മാത്രം 8.1 ബില്യൺ ഡോളറാണ്. ഈ കമ്മി മറികടക്കാൻ ഐഎംഎഫുമായി ഒരു വായ്‌പാകരാർ ഉണ്ടാക്കുകയും ടൂറിസം വ്യവസായം സജീവമാകുന്നതോടെ കടം തീർക്കാമെന്നുമുള്ള വികല ധാരണയാണ് സർക്കാരിനെ നയിക്കുന്നവർക്കുള്ളത്. എന്നാൽ ഇനിയും ഇത്തരം വായ്‌പ താങ്ങാനുള്ള ശേഷി രാജ്യത്തിനുണ്ടോ എന്ന് സംശയമാണ്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഇനിയും കൂട്ടാൻ ശ്രമിക്കുമ്പോൾ കൂടുതൽ കടമെടുക്കുന്നത് പ്രതിസന്ധി തീവ്രമാക്കാനേ സഹായിക്കൂ.

1970 കൾ മുതൽ ശ്രീലങ്കയിലെ മാറിമാറി വന്ന സർക്കാരുകൾ പിന്തുടർന്നത് നവലിബറൽ പദ്ധതികൾ ആയിരുന്നു. 2009 ൽ വംശീയ  യുദ്ധത്തിന് അറുതിയായതോടെ ഈ നയങ്ങൾ ഒരു തടസ്സവുമില്ലാതെ തീവ്രശക്തിയോടെ നടപ്പാക്കി.

1970 കൾ മുതൽ ശ്രീലങ്കയിലെ മാറിമാറി വന്ന സർക്കാരുകൾ പിന്തുടർന്നത് നവലിബറൽ പദ്ധതികൾ ആയിരുന്നു. 2009 ൽ വംശീയ  യുദ്ധത്തിന് അറുതിയായതോടെ ഈ നയങ്ങൾ ഒരു തടസ്സവുമില്ലാതെ തീവ്രശക്തിയോടെ നടപ്പാക്കി. സർക്കാരുകളിലെ ചില ധനമന്ത്രിമാർക്കും ഈ നയങ്ങളോട് നാമമാത്രമായ വിയോജിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അവരുടെ കാഴ്‌ചപ്പാടുകളുടെ അന്തഃസത്ത ഈ നവലിബറൽ നയങ്ങളിൽ ഊന്നിയുള്ളതായിരുന്നു.

? ശ്രീലങ്കയുടെ കടക്കെണിയുമായി ബന്ധപ്പെട്ട വാർത്തകളിൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തുന്നത് ചൈനയെ ആണ്. എന്താണതിലെ വസ്തുത.

= ശ്രീലങ്കയിലെ യഥാർഥ പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കുന്നതിനു പകരം ഇന്ത്യയുടേയും ചൈനയുടെയും ഭൗമ രാഷ്ട്രീയത്തിൽ ആണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഊന്നുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ബുദ്ധിജീവികളിൽ നിന്നുമെല്ലാം ഇവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചും ഗൗരവപൂർണമായ വിലയിരുത്തലുകൾ ഒന്നും വരുന്നില്ല.

സിംഹള‐തമിഴ്‌ വംശീയ യുദ്ധകാലത്തെ ഒരു കാഴ്‌ച

സിംഹള‐തമിഴ്‌ വംശീയ യുദ്ധകാലത്തെ ഒരു കാഴ്‌ച

ചൈനയുമായുള്ള കടബാധ്യതയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുമ്പോൾ നഷ്ടപ്പെടുന്നത് പാശ്ചാത്യ സാമ്പത്തിക ഏജൻസികളുടെ വായ്‌പ മൂലമുള്ള ദുരവസ്ഥയുടെ ഗൗരവമാണ്.

മൊത്തം കടത്തിൽ ചൈനയുടേത് പത്തു ശതമാനണെങ്കിൽ അന്താരാഷ്ട്ര മൂലധന വിപണിയിൽ ഉള്ള കടം നാൽപ്പത് ശതമാനം വരും. ആഗോള ധനമൂലധനവുമായി ശ്രീലങ്കൻ സമ്പദ്ഘടനയെ കൂട്ടിക്കെട്ടിയ നവലിബറൽ നയങ്ങൾക്ക് തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള ഉത്തരവാദിത്തം. ഇക്കാര്യം ഞാൻ ഉൾപ്പെടുയുള്ളവർ നേരത്തെ തന്നെ പറഞ്ഞിരുന്നു. അന്നാരും അത് ചെവിക്കൊണ്ടില്ല. ഇപ്പോഴാണ് ശ്രീലങ്ക അന്താരാഷ്‌ട്ര വിപണിയിൽ വിറ്റഴിച്ച ബോണ്ടുകളുടെ കെണിയെക്കുറിച്ചു ആളുകൾ പറയാൻ തുടങ്ങിയത്.  
കാര്യങ്ങൾ ഒന്നുകൂടി ഗാഢമായി അവലോകനം ചെയ്യേണ്ടതുണ്ട്. അഞ്ച്‌ നൂറ്റാണ്ട്‌ നീണ്ടു നിന്ന കോളനി ഭരണം ശ്രീലങ്കൻ രാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും സൃഷ്‌ടിച്ച ആഘാതങ്ങൾ കാര്യമായ ചർച്ചയ്‌ക്ക്‌ ഇപ്പോഴും വിധേയമായിട്ടില്ല. അന്താരാഷ്ട്ര വ്യാപാരത്തെ മാത്രം ആശ്രയിക്കുന്ന ഒരു സമ്പദ്ഘടന രൂപപ്പെട്ടത് കൊളോണിയൽ ഭരണം സൃഷ്‌ടിച്ച ഭൗമരാഷ്ട്രീയത്തിന്റെ ഫലമാണ്.

? കാർഷിക മേഖലയിലെ തല തിരിഞ്ഞ നയങ്ങൾ ഈ പ്രതിസന്ധിക്ക് എന്ത് സംഭാവനയാണ് നൽകിയത്.

= കാർഷിക മേഖലയെ മാത്രമല്ല രാജ്യത്തെ സമഗ്രമായ തകർച്ചയിലേക്കാണ് ഇരുപത് വർഷമായുള്ള നയങ്ങൾ നയിച്ചത്. കാർഷിക മേഖലയിൽ നിക്ഷേപം കുറച്ചതാണ് ഒരു പ്രധാന പ്രശ്നം. കാർഷികോല്പാദനവും ഇടിഞ്ഞു. കാർഷിക മേഖലയിൽ ഉദാരവാണിജ്യം നിലനിൽക്കുന്നത് കൊണ്ടുതന്നെ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി വർധിച്ചു. വിനോദ സഞ്ചാര, റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ വിദേശ നിക്ഷേപത്തിന്റെ ഫലമായി ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും അത് ചെറുകിട കാർഷിക മേഖലയ്‌ക്ക്‌ വലിയ ദോഷമുണ്ടാക്കി.

ഭക്ഷ്യ സ്വയംപര്യാപ്തതയെ അത് കാര്യമായി ബാധിച്ചു.മഹാമാരിക്കാലത്ത്  സമ്പദ്ഘടന തകരാറിലാണെന്ന് സൂചന ലഭിച്ചതോടെ ജനങ്ങൾ നിലനിൽപ്പിനായി നെട്ടോട്ടം തുടങ്ങി. കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരുടെ എണ്ണം കൂടി. എന്നാൽ 2021 ൽ രാസവള ഇറക്കുമതി നിരോധിച്ചതോടെ കർഷകർക്ക് ഇരുട്ടടി ആയി. കൃഷിയിലൂടെ  ചെറുകിട വരുമാനം നേടിയവരെല്ലാം കഷ്ടത്തിലായി. കൃഷി അടക്കമുള്ള മേഖലകളിൽ വരുമാനം പൊടുന്നനെ ഇടിഞ്ഞു. മഹാമാരിക്കാലത്തു സർക്കാരുകളിൽ നിന്ന്‌ ജനങ്ങൾക്ക് ഏറ്റവും കുറവ് ആശ്വാസം ലഭിച്ച  ദക്ഷിണേഷ്യൻ രാജ്യമായി ശ്രീലങ്ക മാറി.

? കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതിനെക്കുറിച്ചും വിമർശനം ഉയർന്നിട്ടുണ്ടല്ലോ. സമ്പദ്ഘടനയെ അത് എങ്ങനെയാണ് ദുർബലമാക്കിയത്.

= മഹാമാരി സമ്പദ്ഘടനയ്‌ക്ക്‌ ഉണ്ടാക്കിയ ആഘാതം എളുപ്പത്തിൽ പരിഹരിക്കാനാവില്ല. ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ വിദേശ നാണ്യ ശേഖരത്തിൽ ഗണ്യമായ കുറവുണ്ടായി.  2019 ലെ തെരെഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ ശ്രമിക്കാതിരുന്നത് 2020 ഓടെ എത്തിയ കോവിഡിന്റെ ആഘാതം തീവ്രമാക്കി.

രാജ്യം പ്രശ്നങ്ങൾ നേരിടുമ്പോഴും അധികാരം തങ്ങളിൽ കേന്ദ്രീകരിക്കാൻ ആയിരുന്നു രജപക്‌സെ കുടുംബത്തിന്റെ ശ്രമങ്ങൾ. കുപ്രസിദ്ധമായ ഇരുപതാം ഭരണഘടനാ ഭേദഗതി പാസാക്കിയത് അതിനു വേണ്ടിയായിരുന്നു. ഇപ്പോൾ നടക്കുന്ന സമരങ്ങളിലെ പ്രധാന മുദ്രാവാക്യം ഇരുപതാം ഭരണഘടനാ ഭേദഗതി റദ്ദാക്കണം എന്നാണ്.

രാജ്യം പ്രശ്നങ്ങൾ നേരിടുമ്പോഴും അധികാരം തങ്ങളിൽ കേന്ദ്രീകരിക്കാൻ ആയിരുന്നു രജപക്‌സെ കുടുംബത്തിന്റെ ശ്രമങ്ങൾ. കുപ്രസിദ്ധമായ ഇരുപതാം ഭരണഘടനാ ഭേദഗതി പാസാക്കിയത് അതിനു വേണ്ടിയായിരുന്നു. ഇപ്പോൾ നടക്കുന്ന സമരങ്ങളിലെ പ്രധാന മുദ്രാവാക്യം ഇരുപതാം ഭരണഘടനാ ഭേദഗതി റദ്ദാക്കണം എന്നാണ്. സൈനികവൽക്കരണത്തിന്‌ ആക്കം കൂട്ടാനും ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുമുള്ള കിരാതമായ മറ്റു ചില നിയമ നിർമാണങ്ങളും നടപ്പാക്കാനായിരുന്നു ഗോതബായ സർക്കാരിന് തിടുക്കം. സാമ്പത്തിക സ്ഥിതി മോശമാണെന്ന് സർക്കാരിന് ബോധ്യപ്പെടാൻ 2021 വരെ കാത്തിരിക്കേണ്ടി വന്നു.  

ശ്രീലങ്കയിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സ്‌ത്രീകൾ

ശ്രീലങ്കയിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സ്‌ത്രീകൾ

വിദേശ വായ്‌പയുടെ കാര്യത്തിൽ ഐഎംഎഫിനെ ആശ്രയിക്കുന്നതിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഐഎംഎഫുമായി ഇനി കരാർ ഉണ്ടാകില്ലെന്ന് വീമ്പു പറയുമ്പോൾ തന്നെ ആ സാമ്പത്തിക ഏജൻസിയുമായി പലവിധത്തിലുള്ള ചർച്ചകൾക്ക് സർക്കാർ കളമൊരുക്കി.  ഐഎംഎഫ് എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലി ആണെന്ന്  എസ്ജെബി (സമാഗി ജന ബലവെഗായ) പോലുള്ള പ്രതിപക്ഷ സഖ്യങ്ങളും ആത്മാർഥമായി വിശ്വസിച്ചു. ഐഎംഎഫിൽ നിന്നുള്ള വായ്‌പയും ഇന്ത്യയും ചൈനയും നൽകുന്ന സഹായവും കൊണ്ട് ഈ പ്രതിസന്ധി തീർക്കാനാകുമെന്ന് വിശ്വസിക്കുന്നവരാണ് ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷവും.

? കുറഞ്ഞ കയറ്റുമതിയും വർധിച്ച ഇറക്കുമതിയും എന്ന അവസ്ഥ നിലനിൽക്കുമ്പോൾ വിദേശനാണ്യ പ്രതിസന്ധി എങ്ങനെ മറികടക്കാനാകും.

= അന്താരാഷ്ട്ര വ്യാപാരത്തെ ആശ്രയിക്കുന്ന ശ്രീലങ്കയിൽ കയറ്റുമതിയെക്കാൾ 80 ശതമാനം കൂടുതലാണ് ഇറക്കുമതി. വാണിജ്യ സന്തുലിതാവസ്ഥ കൈവരിക്കണമെങ്കിൽ ഇനിയും ഏറെക്കാലം എടുക്കും എന്നാണ് ഇതിനർഥം. ഇറക്കുമതി നിയന്ത്രിക്കുക അല്ലാതെ മറ്റൊരു മാർഗം സർക്കാരിന് മുന്നിൽ ഇല്ല.  ഭക്ഷണം, ഔഷധം, ഇന്ധനം തുടങ്ങിയ അവശ്യ വസ്തുക്കൾ മാത്രം ഇറക്കുമതി ചെയ്യുന്ന അവസ്ഥ ഉണ്ടാകണം. ഈ മുൻഗണന നിശ്ചയിക്കുന്നതിന് സർക്കാർ പൊതുവിതരണ സംവിധാനം നടപ്പാക്കണം.

ഈ മുൻഗണന നിശ്ചയിക്കാൻ തയ്യാറാവാത്ത സ്വകാര്യ കച്ചവടക്കാരെ നിയന്ത്രിക്കാൻ ഇത് അനിവാര്യമാണ്. ഉയർന്ന മാർജിനിൽ ആഡംബര ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് തടയാൻ ഇത് അനിവാര്യമാണ്.
2019 ലെ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് ഗോതബായ രജപക്‌സെ നികുതിയിൽ വൻ കുറവു വരുത്തിയതോടെ ജിഡിപിയിൽ ഒൻപത് ശതമാനത്തിന്റെ കുറവുണ്ടായി. ചരിത്രത്തിലെ ഏറ്റവും വലിയ കുറവായിരുന്നു അത്. മഹാമാരിക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം നൽകാൻ കഴിയാതെ പോയതും അതുകൊണ്ടാണ് .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top