19 April Friday

കാളിദാസനും വൈലോപ്പിള്ളിയും - ശ്രീകുമാരൻതമ്പി എഴുതുന്നു

ശ്രീകുമാരൻതമ്പിUpdated: Friday Feb 26, 2021

രോഗാവസ്ഥയിലും പ്രായത്തിലും, താങ്ങാവുന്നതിനപ്പുറമാണ് ഈ അംഗീകാരമെന്ന് എഴുത്തച്ഛൻ പുരസ്കാരം ഏറ്റുവാങ്ങി വിഷ്ണുനാരായണൻ നമ്പൂതിരി അഭിപ്രായപ്പെടുകയുണ്ടായി.  കവിത എഴുതുന്നതിൽ സുഖവും ദു:ഖവും ഇല്ല. ആലോചിച്ചാണ് എഴുതാറ്. പിന്നെ വെട്ടും തിരുത്തും പതിവ്. എൻ വി കൃഷ്ണവാര്യർ പഠിപ്പിച്ചപോലെ വിസന്ധിയും കുസന്ധിയും ഒഴിവാക്കും. ഇഴ തിരുത്തും. കുട്ടിക്കാലത്ത് അമ്മ കാലിൽ കിടത്തി ഉറക്കുമായിരുന്നു.  

രാമായണ‐മഹാഭാരത കിളിപ്പാട്ടുകൾ ചൊല്ലും. അത് കവിതയോടുള്ള ആത്മബന്ധം വളർത്തി. എസ്എസ്എൽസിവരെയേ മലയാളം പഠിച്ചുള്ളൂ. ബിരുദത്തിന് രണ്ടാംഭാഷ ഹിന്ദി. മുത്തച്ഛൻ പഠിപ്പിച്ച സംസ്കൃതം തുണയായി. എന്നെ മനുഷ്യനാക്കിയത് ഷെപ്പേർഡ് സാറാണ്. ഡബ്ല്യു ബി യേറ്റ്സ് സ്വന്തം കവി.  പാശ്ചാത്യകവിതയുടെ ഹൃദയത്തിലേക്ക് പ്രവേശിപ്പിച്ചത് ഡോ. ശിവരാമ സുബ്രഹ്മണ്യയ്യർ. ഇംഗ്ലീഷ് കവിതകളുമായി എന്റെ രചനയ്ക്കു ബന്ധമില്ല. കാളിദാസനെ കാണാൻ പറ്റാത്ത വിഷമം തീർന്നത് വൈലോപ്പിള്ളിയെ ദർശിച്ചപ്പോൾ. കാളിദാസൻ കഴിഞ്ഞാൽ വൈലോപ്പിള്ളിയെയാണ്  ഇഷ്ടം. ഹിമാലയ  യാത്രക്കുശേഷം കാളിദാസനോടുള്ള ബഹുമാനം കൂടി. കവിതയിൽ പുതിയ കാഴ്ച തിളങ്ങി.

പ്രണയഗീതങ്ങൾ എന്ന കൃതി വായിച്ച് വൈലോപ്പിള്ളി എന്നെ ‘പ്രേംജി’ എന്നു വിളിച്ചു. വേണ്ടപ്പെട്ടതെല്ലാം കടലെടുത്തു പോവുകയാണ്. പാലക്കാട്ടുനിന്ന് കോയമ്പത്തൂർക്കു പോകുമ്പോൾ അതു വ്യക്തമാകും. പണ്ടത്തെ കേരളം ഇന്നു തമിഴ്നാട്ടിലാണ്. ‘പാരം കരിമ്പ് പനസം മുളക് ഏലമിഞ്ചി കേരം കവുങ്ങ് തളിർവെറ്റിലയേത്തവാഴ’ ഒക്കെ ഇപ്പോൾ അവിടെയല്ലേ, പിന്നെ കർണാടകത്തിലും.  ഓരോ മേഖലയ്ക്കും ഓരോ ഭാഷയുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലിരിക്കുമ്പോൾ മീൻ കച്ചവടത്തെക്കുറിച്ചുള്ള പുസ്തകം എഡിറ്റു ചെയ്യാൻ എൻ വി ആവശ്യപ്പെട്ടു. അതും മനസ്സിലാക്കേണ്ടേ എന്ന് ചോദിച്ചു. നിങ്ങൾ പച്ചക്കറി കഴിച്ചുകൊണ്ടിരുന്നത് ഇവർ മീൻകച്ചവടം ചെയ്യുന്നതു കൊണ്ടാണെന്ന്  പറഞ്ഞു. വ്യത്യസ്ത മേഖലകളിലെ ഭാഷ പഠന വിഷയമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top