29 March Friday

പബ്ലിക് റിലേഷനും വാര്‍ത്തകളും-ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

ശ്രീജിത്ത്‌ ദിവാകരൻUpdated: Tuesday Aug 9, 2022

ആധുനിക കാലഘട്ടത്തിന്റെ ചരിത്രവായനകളില്‍ പ്രധാനമാണ് പൊതുവാര്‍ത്താ ശൃംഖലകള്‍ ആ കാലത്തെ രേഖപ്പെടുത്തിയതിന്റെ ചരിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതലുള്ള കാലഘട്ടത്തെ റേഡിയോകളും പത്രങ്ങളും പിന്നീട് ടെലിവിഷന്‍ വാര്‍ത്തകളും എങ്ങനെ രേഖപ്പെടുത്തിയെന്നത് പലപ്പോഴും വലിയ പ്രാധാന്യത്തോടെ ചര്‍ച്ചചെയ്തിട്ടുണ്ട്.

മഹായുദ്ധങ്ങള്‍, നാത്സി കാലഘട്ടം, ന്യൂറംബര്‍ഗ് വിചാരണ, പിന്നീട് ജറുസലേമില്‍ നടന്ന അഡോള്‍ഫ് ഐഖ്മാന്‍ വിചാരണ, വിയറ്റ്‌നാം യുദ്ധം, ഇറാനിലെ ഇസ്ലാമിക വിപ്ലവം, പോപ്പുലര്‍ കള്‍ച്ചറിന്റെ സുപ്രധാന ഐക്കണുകളായി മാറിയ ഗായകര്‍, അഭിനേതാക്കള്‍ എന്നിവരുടെ ജീവിതം എന്നിങ്ങനെയുള്ള പല ചരിത്ര സംഭവങ്ങളെയും വിലയിരുത്താനും പഠിക്കാനും ഇതേ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലും മാധ്യമങ്ങളുടെ ചരിത്രവും ചരിത്രത്തിലെ മാധ്യമ ഇടപെടലുകളും ഇപ്പോഴും പഠിക്കപ്പെടുന്ന വസ്തുതകളാണ്. ഭാവിയില്‍ സ്വതന്ത്രവും സത്യസന്ധവുമായ ജനാധിപത്യം ഈ രാജ്യത്ത് പുനഃസ്ഥാപിക്കപ്പെടുന്ന ഒരു കാലത്ത് ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഹിന്ദുത്വ ഭരണകൂടം നിലനിന്നപ്പോള്‍ മാധ്യമങ്ങള്‍ എങ്ങനെയായിരുന്നു മുട്ടിലിഴയുക മാത്രമല്ല, അത്തമൊരു ഭരണകൂടത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചത് എന്നുള്ളത് പഠിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

അപ്പോള്‍ ആധിപത്യ ഭരണകൂടത്തിന്റെ നുണക്കഥകളുടെ പ്രചാരണ സ്ഥാപനങ്ങളായി സ്വയം പ്രഖ്യാപിച്ച് തെറ്റായ ചരിത്രം നിര്‍മിക്കാന്‍ കൂട്ടു നിന്ന മാധ്യമങ്ങളെയും അതിന്റെ മുഖമായി പ്രത്യക്ഷപ്പെട്ടിരുന്ന മനസാക്ഷിയേതുമില്ലാത്ത മനുഷ്യരെയും നമ്മള്‍ കാണും.

ഗൗതം അദാനി

ഗൗതം അദാനി

പട്ടിണിയുടെ കഠിനമായ പിടിയിലാണ് ഇന്ത്യ. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും സൂചനാപട്ടികയില്‍ കാലാകാലങ്ങളായി ആഭ്യന്തര സംഘര്‍ഷത്തിനും ആഗോളകുത്തകകളുടെ ചൂഷണത്തിലുംപെട്ട് നരകിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ മോശം അവസ്ഥയിലേക്ക് ഇന്ത്യ നിലംപതിച്ചു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് ഇത്രയും വേഗം നിലംപതിക്കുന്ന മറ്റൊരു രാജ്യവും നമുക്ക് കാണാനാവില്ല. അത്രയും വേഗത്തില്‍തന്നെയാണ് ആഗോള സമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി മുകളിലേക്ക് സഞ്ചരിക്കുന്നത്.

ലോകം മുഴുവന്‍ ദാരിദ്ര്യവും ദുഃഖവും തൊഴിലില്ലായ്മയും നിറഞ്ഞ കാലത്ത് അദാനി കൂടുതല്‍ കൂടുതല്‍ ദശകോടി ഡോളറുകള്‍ സമ്പാദിച്ച് കൂട്ടുകയിരുന്നുവെന്നും അതിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗം തുറന്നുകൊടുക്കുകയായിരുന്നുവെന്നും നമുക്കിപ്പോളറിയാം.

ദശലക്ഷക്കണക്കിന് മനുഷ്യര്‍ അനുദിനം കൂടുതല്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് നിലം പതിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ വലംകൈയായി അറിയപ്പെടുന്ന ഒരു ശതകോടീശ്വരന്‍ മാത്രം ഇത്രയും വളര്‍ച്ച നേടുന്നുണ്ട് എന്ന കാര്യം നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ? പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ക്ക് അതിനുള്ള ശേഷിയില്ല. നമ്മുടെ വിലക്കയറ്റം അവര്‍ ചര്‍ച്ചചെയ്യില്ല.

ദ്രൗപതി മുര്‍മു

ദ്രൗപതി മുര്‍മു

നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്ന സ്‌പര്‍ധയുടെ അന്തരീക്ഷമോ തൊഴിലില്ലായ്മയുടെ പരകോടിയോ അരമന രഹസ്യംപോലെ രഹസ്യ നിലവറകളിലെ അസ്ഥികൂടങ്ങള്‍പോലെ മാധ്യമങ്ങള്‍ ഒളിപ്പിച്ചുവയ്ക്കും.പകരം ദ്രൗപതി മുര്‍മു രാഷ്ട്രപതിയാകുന്നത് ലോകത്തിലെ മര്‍ദിത ജനതയുടെ പ്രതീക്ഷകള്‍ക്ക് വെളിച്ചമേകിക്കൊണ്ടാണെന്നും പാര്‍ശ്വവത്കൃത, തദ്ദേശ ജനതയുടെ മോചനത്തിനുമുള്ള മാതൃകയാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നതെന്നും സംഘപരിവാര്‍ തയ്യാറാക്കി നല്‍കുന്ന പബ്ലിക് റിലേഷന്‍ ഡോക്യുമെന്റ് വാര്‍ത്തയായും തങ്ങളുടെ അഭിപ്രായവുമായും ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഇവര്‍ പ്രഖ്യാപിക്കും.

മര്‍ദിത ജനതയുടെ മോചനത്തെക്കുറിച്ചുള്ള ശുഭകാംക്ഷകളെ ആര്‍ക്കും അവഗണിക്കാനാവില്ല. പക്ഷേ അത് പറയുമ്പോള്‍ ഉത്തര്‍പ്രദേശിലെ ദളിത് വിഭാഗമായ കോലി എന്ന ദരിദ്ര സമൂഹത്തിന്റെ പ്രതിനിധിയായി കഴിഞ്ഞ അഞ്ചുവര്‍ഷം രാഷ്ട്രപതി കസേരയില്‍ ഉണ്ടായിരുന്ന

രാംനാഥ്  കോവിന്ദ്‌

രാംനാഥ് കോവിന്ദ്‌

രാംനാഥ് കോവിന്ദിന്റെ സ്ഥാനം ഇന്നാട്ടിലെ ദളിത് ജനതയ്ക്ക് ഏത് തരത്തില്‍ പ്രയോജനപ്പെട്ടു എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ മാധ്യമങ്ങള്‍ക്കില്ലേ? അതിനല്ലേ ജേർണലിസം എന്ന് നമ്മള്‍ ഓമനപ്പേരിടുന്നത്.

ദളിതർക്കെതിരെ സവര്‍ണ സമൂഹം നടത്തുന്ന വിവേചനങ്ങള്‍, അധിക്ഷേപങ്ങള്‍, ആക്രമണങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും തരത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടോ? സമൂഹം എന്ന നിലയില്‍ ഉന്നതി ഉണ്ടാകാന്‍പോന്ന എന്തെങ്കിലും നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ ചോദിച്ചുവോ? ചോദിക്കുകയില്ല.

അത് ജേർണലിസം അറിയാന്‍ പാടില്ലാത്തത് കൊണ്ടല്ല, അത് അന്വേഷിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് ഓര്‍ക്കാത്തത് കൊണ്ടുമല്ല. നമ്മുടെ മാധ്യമങ്ങളിലെല്ലാം നല്ല കഴിവുകളുള്ള മേധാവികള്‍ തന്നെയാണുള്ളത്. പക്ഷേ, ആ വാര്‍ത്താ അന്വേഷണം നടത്തിയാല്‍ ലഭിക്കുന്ന ഉത്തരങ്ങളും തെളിവുകളും എന്തായിരിക്കുമെന്ന് ഇവര്‍ക്കറിയാം. അപ്പോള്‍ ഹിന്ദുത്വ ഭരണകൂടത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയാതെ പോകും. ഇവര്‍ തന്നെ നടത്തുന്ന പരസ്യപ്രചാരണങ്ങളുമായി അത് ചേര്‍ന്നുപോകില്ല.

*********

ഇന്ത്യയില്‍ മാധ്യമരംഗത്തെ ജീര്‍ണത പുറത്തുകൊണ്ടുവരാന്‍ ഏറ്റവുമധികം പ്രവർത്തിക്കുന്ന ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത

മുഹമ്മദ് സുബൈർ

മുഹമ്മദ് സുബൈർ

സംഭവത്തോട്, ഇന്ത്യയിലെ മാധ്യമങ്ങള്‍ കേരളത്തിലെ മാധ്യമങ്ങളും പുലര്‍ത്തിയ നിശ്ശബ്ദത മാത്രം മതി ഈ അജൻഡകള്‍ മനസ്സിലാക്കാന്‍. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ ദിനം പ്രതിയുള്ള വാക്‌ധോരണികള്‍ മുഴുവന്‍ ലൈവായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളാരും ഇതേക്കുറിച്ച് ചര്‍ച്ചനടത്താനോ പ്രചാരണം നടത്താനോ തയ്യാറായില്ല.

നഗ്നമായ അവകാശലംഘനവും ഗൂഢാലോചനയും വ്യക്തമായ രീതിയിലാണ് സുബൈറിന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. അതിനു ശേഷവും ചടങ്ങ് വാര്‍ത്തകളിലൊന്നായി പറഞ്ഞ് പോയതല്ലാതെ ഒന്നും ഇവരുടെ പക്കല്‍ നിന്നും ഉണ്ടായിട്ടില്ല. ചാനലുകളുടെ നുണകള്‍ക്കുനേരെ പ്രതികരിക്കുന്ന ധാർമികതയുടെ ആൾരൂപങ്ങളായ വാര്‍ത്താ തൊഴിലാളിളൊന്നും സ്വന്തം സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദരായി പോകുന്നതെന്ത് എന്ന് അന്വേഷിച്ചതുമില്ല.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമല്ല, ആള്‍ട്ട് ന്യൂസും സുബൈര്‍ ഉള്‍പ്പെടുന്ന അവരുടെ സംഘവും ചെയ്തത്. അവര്‍ വാര്‍ത്തകളെന്ന പേരില്‍ മുഖ്യധാരയിലൂടെ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകളിലെ സത്യാവസ്ഥ കണ്ടെത്തി. മാധ്യമങ്ങള്‍ മറച്ചുവച്ച വാര്‍ത്തകളെ പുറത്ത് കൊണ്ടുവന്നു. അതുകൊണ്ട് തന്നെ സംഘപരിവാര്‍ സൈബര്‍ സീം സുബൈറിന്റെ അറസ്റ്റാവശ്യപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങളും നടത്തി.

1983ല്‍ പുറത്തിറങ്ങിയ ‘കിസി സേ നാ കഹ്‌നാ' എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ച് 2014നുമുമ്പ് ‘ഹണിമൂണ്‍' ഹോട്ടലായിരുന്നത് അതിനുശേഷം അഥവാ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ‘ഹനുമാന്‍' ഹോട്ടലാക്കി മാറ്റിയെന്ന് പരിഹാസപൂർവം സുബൈര്‍ ട്വീറ്റ് ചെയ്തത് മതനിന്ദയാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുവന്ന പരാതിയെ തുടര്‍ന്നായിരുന്നു ദ്രുതഗതിയിലുള്ള അറസ്റ്റ് നടപടികള്‍.

സുബൈറിനെ കുടുക്കാന്‍മാത്രം സൃഷ്ടിച്ച അക്കൗണ്ടാണത് എന്ന് വ്യക്തംപോലും ആയിരുന്നു. കോണ്‍ഗ്രസിനെതിരെ ഇഡിയെക്കൊണ്ട് കേസെടുപ്പിച്ച് ചോദ്യംചെയ്യുക, കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുക, ഉമര്‍ഖാലിദിനെയും മറ്റനേകം വിദ്യാർഥികളെയും അറസ്റ്റ് ചെയ്യുക തുടങ്ങി സര്‍ക്കാരിനെതിരെ ഉയരുന്ന ഏത് ശബ്ദത്തെയും ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്.

ആള്‍ട്ട് ന്യൂസിനെ പ്രതീക് സിന്‍ഹ, മുകുള്‍ സിന്‍ഹ എന്നിവര്‍ക്കെതിരെയും സുബൈറിനെതിരെയും കേസെടുക്കാനും അവര്‍ സൃഷ്ടിക്കുന്ന ബദല്‍ മാധ്യമശബ്ദത്തെ ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും പൊതുസമൂഹത്തിന്റെ മുന്നില്‍ തന്നെയുണ്ട്. പക്ഷേ ധാര്‍മികതയുടെ പ്രവാചകരായി സ്വയം അവതരിക്കുന്ന കേരളത്തിലെ മാധ്യമങ്ങളൊന്നും ഇത് സംസാരിക്കാന്‍ തയ്യാറാകില്ല.

ഇത്തരത്തിലുള്ള ഒരു വിഷയവും നമ്മുടെ കേരളത്തിലെ മാധ്യമങ്ങളുടെ പരിഗണനയായി വരാതിരിക്കുന്നതും സംഘപരിവാറിന്റെ പിആര്‍ എന്ന സ്ഥാനത്തുറച്ച ഈ മാധ്യമ ദൗത്യത്തിന്റെ തുടര്‍ച്ചയാണ്. കേന്ദ്രഭരണം ചീഞ്ഞളിയുന്ന ദുര്‍ഗന്ധം കേരളത്തിലേക്ക്‌ എത്താതിരിക്കാനായി അവര്‍ സോപ്പുകുമിളകള്‍പോലുള്ള വിവാദങ്ങള്‍ സൃഷ്ടിച്ച് ഓരോ ദിവസവും ചര്‍ച്ചചെയ്യും. ഒരാഴ്ചയ്ക്കുശേഷം അവരടക്കമുള്ള സർവരുടെയും മറയിലേക്ക് മാഞ്ഞുപോകാന്‍ മാത്രം അപ്രസക്തമായ ആ വിവാദങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ സഹായിക്കുക, കേരള സര്‍ക്കാരിനെ ഇകഴ്ത്തുക എന്ന ലക്ഷ്യങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളൂ.

*********

രാജ്യത്താദ്യമായി പൊതുമേഖലയിലൂടെ ഇന്റര്‍നെറ്റ് നല്‍കുന്ന സംസ്ഥാനമായി കേരളം മാറിയെന്നത് ചില്ലറ നേട്ടമല്ല. കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ നാഴിക കല്ലാണിത്‌. കേരളം പല മേഖലകളിലും വിജയിച്ച് നില്‍ക്കുന്നതും രാജ്യത്തിനുതന്നെ മാതൃകയായി നിലനില്‍ക്കുന്നതും ഇത്തരത്തിലുള്ള സുസ്ഥിരമായ നേട്ടങ്ങളിലൂടെയാണ്. ഇന്റര്‍നെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ചതും ഈ കേരളം തന്നെയാണ്.

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന, കൂടുതല്‍ ഐടി കമ്പനികളെയും നിക്ഷേപങ്ങളെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ വിധം ചരിത്ര പ്രധാനമായ ഈ നേട്ടം കൈവരിച്ച ദിവസങ്ങളില്‍ എം എം മണിയുടെ ഒരു പ്രസ്താവനയുടെ ചുറ്റുമായിരുന്നു ചാനലുകള്‍. ഒരു ദിവസമല്ല, മൂന്ന് ദിവസം. തുടര്‍ച്ചയായി.

നിയമസഭയില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞ വാചകം ചോദ്യത്തിനോട് ചേര്‍ത്തുവയ്ക്കാതെ വായിച്ചാല്‍ വലിയ അപകടമായി കണക്കാക്കാം. അതിന് തുടര്‍ച്ചയായ ദിവസം പറഞ്ഞ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് ചര്‍ച്ച നടത്തി. ഇടതുമുന്നണികളിലെ രണ്ട് പാര്‍ടികള്‍ക്കിടയിലുള്ള പോരാട്ടമായി വ്യാഖ്യാനിച്ചു. ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നൂ രാജ്യത്തിന് അഭിമാനമായ നേട്ടം കേരളം കൈവരിച്ച ദിവസം അത് ചര്‍ച്ചചെയ്യരുത്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ ചാനലുകളിലെ ഈ വാര്‍ത്തകളും കോലാഹലങ്ങളും മുഴുവന്‍ ശുദ്ധ ഭോഷ്‌കായിരുന്നുവെന്നും ഇവര്‍ പറഞ്ഞത് മാത്രമല്ല ശരിക്കുമുണ്ടായത് എന്നും മനസ്സിലാക്കാം.

ഇതില്‍ ദുഷ്ടലാക്കുകളൊന്നുമില്ലായിരുന്നു, കേരളത്തിലെ മാധ്യമങ്ങള്‍ക്ക്, ആധുനിക സമൂഹത്തിന് ചേരാത്ത പദപ്രയോഗം ഒരു പൊതുപ്രവര്‍ത്തകന്‍ നടത്തിയെന്ന സംശയം മാത്രമായിരുന്നുവെന്ന് ഏതെങ്കിലും ശുദ്ധഗതിക്കാര്‍ക്ക്, ഈ മാധ്യമങ്ങളെ മുന്‍ പരിചയം ഇല്ലാത്തവര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍, രണ്ട് ദിവസം കഴിഞ്ഞ്‌ കെപിസിസിയുടെ അധ്യക്ഷന്‍ നടത്തിയ പദപ്രയോഗത്തിനോട് ഇതേ മാധ്യമങ്ങളുടെ സമീപനം എന്തായിരുന്നുവെന്ന് സംശയിച്ചാല്‍ മതി.

മുന്‍ മന്ത്രി, സിപിഐ എമ്മിന്റെ സംസ്ഥാന സമിതി അംഗം എന്നീ പദവികളേക്കാള്‍ എത്രയോ വലുതാണ് വര്‍ഷങ്ങളോളം രാജ്യവും കേരളവും ഭരിച്ച, ഇപ്പോള്‍ രാജ്യത്തും കേരളത്തിലും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന പദവി. ആ പദവിയിലിരിക്കുന്നയാള്‍ ലോകത്ത് ഇന്ന് ഏറ്റവും നിന്ദ്യമായി കണക്കാക്കുന്ന വംശീയാധിക്ഷേപമാണ് എം എം മണിക്കെതിരെ നടത്തിയത്.

വ്യക്തമായി, സംശയരഹിതമായി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെവച്ച്. ഒരാളും അത് ചര്‍ച്ചചെയ്തില്ല. മണിക്ക് മണികെട്ടേണ്ടതില്ലേ, എന്ന് മൂന്നുദിവസം ആക്ഷേപം തുപ്പിയ ആരും സുധാകരന്റെ നാവരിയേണ്ടതില്ലേ എന്ന് ചോദിച്ചില്ല. മറ്റേതൊരു പരിഷ്‌കൃത സമൂഹത്തിലുമാണെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടി വന്നേനെ, മാധ്യമങ്ങള്‍ ലാളിച്ച് പോറ്റുന്ന സുധാകരന്.

കെ റെയില്‍ നടപ്പിലായാല്‍ ബിജെപിയുടെ വളര്‍ച്ച കേരളത്തില്‍ മുരടിക്കുമെന്ന് പറഞ്ഞാണ് മലയാളിയായ കേന്ദ്രമന്ത്രിയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുംകൂടി സംഘപരിവാര്‍ നേതാക്കള്‍ വഴി സിൽവർ ലൈന്‍ പദ്ധതിതന്നെ ഇല്ലാതാക്കാൻ ശ്രമിച്ചത്‌. കോണ്‍ഗ്രസും കേരളത്തിലെ മാധ്യമങ്ങളും ബിജെപിയുടെ ഈ അജൻഡ വിജയിപ്പിക്കാന്‍ ഒപ്പംനിന്നു. പദ്ധതികള്‍ ഇല്ലാതാകുമ്പോള്‍ കേരളത്തില്‍ വികസനം വരുന്നില്ല, നിക്ഷേപം വരുന്നില്ല എന്ന എഡിറ്റോറിയലും ചര്‍ച്ചയും കവര്‍ സ്റ്റോറികളുമായി ഇതേ കൂട്ടര്‍ക്ക് ഒരുമിച്ച് മുന്നേറാനുള്ളതാണ്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി, ഏറ്റവുമാദ്യം കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന്, കേരളത്തെ വിഖ്യാതമായ ടൈം മാഗസിന്‍ തെരഞ്ഞെടുത്തത് നമ്മുടെ മാധ്യമങ്ങള്‍ ഏതെങ്കിലും ചര്‍ച്ച ചെയ്‌തോ?

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി, ഏറ്റവുമാദ്യം കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന്, കേരളത്തെ വിഖ്യാതമായ ടൈം മാഗസിന്‍ തെരഞ്ഞെടുത്തത് നമ്മുടെ മാധ്യമങ്ങള്‍ ഏതെങ്കിലും ചര്‍ച്ച ചെയ്‌തോ? ചുരുങ്ങിയ പക്ഷം കേരളം ഈ നേട്ടം കൈവരിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ട്വീറ്റ് ചെയ്തപ്പോഴെങ്കിലും. ഇല്ല.

ടാറ്റാ എല്‍എക്‌സിയുടെ സിഇഒ കേരളത്തിലാണ് അവരുടെ 40 ശതമാനം തൊഴിലാളികള്‍ ഉള്ളതെന്നും അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം അവരുടെ ഏറ്റവും വലിയ കേന്ദ്രമായി മാറുമെന്ന് പ്രഖ്യാപിച്ചതും നമ്മുടെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. ഐബിഎം വന്നതും ടിസിഎസ് തിരുവനന്തപുരത്ത് ക്യാമ്പസ് തുറന്നതും കൊച്ചിയില്‍ എംഒയു ഒപ്പുവച്ചതും അവഗണിച്ചു.

എന്തിന് വ്യവസായ സൗഹൃദ പട്ടികയില്‍ കേരളം പതിമൂന്ന് പോയിന്റ് മുകളിലേക്ക് വന്ന് 15ാം സ്ഥാനത്തെത്തിയത് ആരെങ്കിലും അറിഞ്ഞോ? വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ ഇല്ല എന്നത് എത്രയോ കാലമായുള്ള പരാതിയാണ്. അത് കേരളം പരിഹരിക്കുന്നത്, വലിയ മാറ്റമുണ്ടാക്കുന്നത് വാര്‍ത്തയല്ലേ? രാഷ്ട്രീയക്കാരനായി മാറിയ ഒരു വ്യവസായി അയാളുടെ വ്യവസായമേഖലയിലെ കുഴപ്പങ്ങള്‍ മറച്ചുവയ്ക്കാന്‍ കേരളം വിടുന്നുവെന്നും തെലുങ്കാനയില്‍ പോകുന്നുവെന്നും ഭീഷണി മുഴുക്കിയത് എത്ര ദിവസമാണ് നമ്മുടെ ചാനലുകള്‍ ആഘോഷിച്ചത്?

അഥവാ അജൻഡയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. അത് കേരളത്തിനെ തകര്‍ക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കുന്നതിനുമാണ്. അഥവാ സംഘപരിവാറിന്റെ പിആര്‍ വര്‍ക്കാണ്, വാര്‍ത്തയല്ല നമ്മളിന്ന് കാണുന്നതും വായിക്കുന്നതും കേള്‍ക്കുന്നതും..

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top