07 December Wednesday

അദാനിയും എന്‍ഡിടിവിയും-ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

ശ്രീജിത്ത് ദിവാകരന്‍Updated: Friday Sep 16, 2022

പ്രണോയ്‌ റോയ്‌

കോര്‍പറേറ്റുകളുടെ താൽപ്പര്യങ്ങളനുസരിച്ച് പൊതുസമൂഹത്തില്‍ അഭിപ്രായ സ്വരൂപണം നടത്തുന്നതിനുള്ള ഒരായുധമായി, ഭരണകൂടത്തിന് അവശ്യം വേണ്ട സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പറ്റിയ ആയുധമായി മാത്രമേ ഇക്കാലത്ത് മുഖ്യധാര മാധ്യമങ്ങള്‍ക്ക് സ്ഥാനമുള്ളൂ.

ഇരുപത് വര്‍ഷം മുമ്പ്, 2002ല്‍, ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുമ്പോള്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഭാത്പട്‌നായക് ഇന്ത്യയിലെ മാധ്യമരംഗത്തെ തുലനം ചെയ്തത് പൊതുവിപണിയോടാണ്. ബസാര്‍ എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്.

വിപണി, ധാർമികത, മാധ്യമങ്ങള്‍, മാര്‍ക്കറ്റ്, മോറല്‍സ് ആന്‍ഡ് മീഡിയ എന്നാണ് തന്റെ പ്രഭാഷണത്തിന് അദ്ദേഹം നല്‍കിയ തലക്കെട്ട്. രണ്ട് പതിറ്റാണ്ട് മുമ്പായിരുന്നു അത്. ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം അതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവരുന്നുണ്ടായിരുന്നു.

ഒളിക്യാമറ മുതലായ ‘ധാര്‍മ്മികത' ചര്‍ച്ച ചെയ്യാവുന്ന ഇടനിലങ്ങളിലൂടെയാണെങ്കിലും സത്യങ്ങള്‍ പുറത്തെത്തിക്കാന്‍ അക്കാലത്ത് ഒരു വിഭാഗം മാധ്യമങ്ങള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. കേരളത്തില്‍ ഇന്ത്യാവിഷനും കൈരളിയും അടങ്ങിയ പുതിയ ദൃശ്യവാര്‍ത്താ സംസ്‌കാരം ചുവടുറപ്പിക്കുന്നുമുണ്ടായിരുന്നു. പക്ഷേ അക്കാലത്ത് തന്നെ ഇന്ത്യന്‍ മാധ്യമരംഗം ബസാറിലെ ചന്തയിലെ വിപണി മൂല്യമുള്ള വസ്തുക്കള്‍ മാത്രമാണെന്ന ബോധ്യമാണ്

പ്രഭാത്‌  പട്‌നായക്‌

പ്രഭാത്‌ പട്‌നായക്‌

പ്രഭാത്പട്‌നായികിന്റെ പ്രഭാഷണത്തില്‍ കണ്ടത്. ചുരുങ്ങിയ പക്ഷം വിമര്‍ശിക്കപ്പെടാന്‍ പാകത്തിനുള്ള ജനാധിപത്യ ഇടം അക്കാലത്ത് മാധ്യമങ്ങളിലുണ്ടായിരുന്നു.

ഇന്ന് വിമര്‍ശനങ്ങള്‍ ബാധിക്കാത്ത കോര്‍പറേറ്റ് കോട്ടയിലാണ് നമ്മുടെ മാധ്യമ ലോകം നിലനില്‍ക്കുന്നത്. കോര്‍പറേറ്റുകളുടെ താൽപ്പര്യങ്ങളനുസരിച്ച് പൊതുസമൂഹത്തില്‍ അഭിപ്രായ സ്വരൂപണം നടത്തുന്നതിനുള്ള ഒരായുധമായി, ഭരണകൂടത്തിന് അവശ്യം വേണ്ട സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പറ്റിയ ആയുധമായി മാത്രമേ ഇക്കാലത്ത് മുഖ്യധാര മാധ്യമങ്ങള്‍ക്ക് സ്ഥാനമുള്ളൂ.

ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് ഇക്കാലത്ത് മുഖ്യധാര മാധ്യമങ്ങളെ നമുക്ക് വിളിക്കാനാവില്ല. അഥവാ ജനാധിപത്യത്തിന്റെ നാലാം തൂണായി പ്രവര്‍ത്തിക്കാനല്ല, അവശേഷിക്കുന്ന ജനാധിപത്യത്തിനെ ചുരുട്ടി കൂട്ടുന്നതിനാണ് അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.

 അദാനി

അദാനി

എന്‍ഡിടിവിയില്‍ പിൻവാതിലിലൂടെ അതിക്രമിച്ച് കടക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ ക്കുറിച്ച് ഫ്രണ്ട്‌ലൈനില്‍ വി ശ്രീധര്‍ എഴുതിയ ലേഖനത്തിന്റെ ആദ്യ വരി സ്വത്ത് അപഹരിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും പ്രാചീനമായ തന്ത്രം തന്നെ നിങ്ങള്‍ക്ക് വായ്പ നല്‍കുക എന്നാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ഭൂമി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് കര്‍ഷകരും ആദിവാസികളും ഇതിന് സാക്ഷ്യം പറയും.

ഇന്ത്യയില്‍ സമ്പന്ന വർഗം നിയമാനുസൃതമായ പിടിച്ചുപറിക്ക് ഉപയോഗിക്കുന്ന പുരാതന തന്ത്രമാണത്. ഇന്ത്യയിലെ ഏറ്റവും വലിയ, സ്വാധീനവും അധികാരവും ഉണ്ടെന്ന് നമ്മള്‍ കരുതിയിരുന്ന, ഒരു കാലത്ത് ഇന്ത്യന്‍ ഭരണകൂടങ്ങളെ ഭയപ്പെടുത്തിയിരുന്ന, ഒട്ടേറെ ഉജ്വല ജേണലിസ്റ്റുകളുടെ സ്ഥാപനമായ എന്‍ഡിടിവിയാണ് ഇതേ തന്ത്രത്തിന് ഇരയായത്.

വളരെ ലളിതമായ ഒരു പദ്ധതിയായിരുന്നു ഇത്. മുകേഷ് അംബാനി ഗ്രൂപ്പുമായി നേരത്തേ ബന്ധമുണ്ടായിരുന്ന ഒരു വിശ്വപ്രധാന്‍ കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി അദാനി വിലയ്ക്ക് വാങ്ങി. ഈ കമ്പനി 2009, 2010 കാലത്ത് 403.85 കോടി രൂപ എന്‍ഡിടിവിക്ക് വായ്പ നല്‍കിയിരുന്നു.

ഇൗ വായ്പയെടുത്തിരുന്നത് എന്‍ഡിടിവിയുടെ സ്ഥാപകരായ പ്രണോയ്‌ റോയ്, രാധിക റോയ് എന്നിവരുടെ സ്ഥാപനമായ ആര്‍ആര്‍പിആര്‍ എന്ന കമ്പനി വഴിയായിരുന്നു. ഈ കമ്പനിക്ക് എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികളുണ്ട്. ഈ ഓഹരികളുടെ 99 ശതമാനം ഈട് നല്‍കിയാണ് കമ്പനി വായ്പയെടുത്തിരുന്നത്.

പ്രണോയ്‌ റോയ്‌ ഭാര്യ രാധിക റോയ്‌

പ്രണോയ്‌ റോയ്‌ ഭാര്യ രാധിക റോയ്‌

2022 ആഗസത് 23ന് വിശ്വപ്രധാന്‍ കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന വിസിപിഎല്‍ അദാനി ഗ്രൂപ്പ് വാങ്ങുകയും നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വായ്പയുടെ ഈ ഈട് ഓഹരിയായി നല്‍കാനായി രാധികപ്രണവ് റോയിമാരോട് ആവശ്യപ്പെടുകയും ചെയ്തു.

നിയമാനുസൃതമാണോ ഈ ഇടപാടുകള്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യയുടെ (സെബി) നിയമങ്ങള്‍ക്ക് വിധേയാമായിട്ടാണോ ഈ ഇടപാടുകള്‍ എന്നീ സംശയങ്ങള്‍ക്ക് ഈ രാജ്യത്ത് ഇപ്പോള്‍ പ്രസക്തിയില്ല. ഗൗതം അദാനിയ്ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് ഈ രാജ്യത്ത് നിലവിലുള്ളത്.

ഇന്ത്യന്‍ വാര്‍ത്താമാധ്യമ രംഗത്തെ മുന്‍നിരക്കാരില്‍ കേന്ദ്രസര്‍ക്കാരിനോട് പൂര്‍ണമായും വിധേയപ്പെടാതെ നിലനില്‍ക്കുന്ന ഒരേയൊരു സ്ഥാപനമായ  എന്‍ഡിടിവിയെ ബലമായി ഏറ്റെടുക്കാനുള്ള ശ്രമമാണിതെന്ന് ആര്‍ക്കുമെളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളില്‍ സിംഹഭാഗവും പ്രധാനമന്ത്രിയോടും ബിജെപിയോടും ഏറ്റവും അടുത്തുനില്‍ക്കുന്ന രണ്ടാമത്തെ വ്യവസായ ഗ്രൂപ്പായ റിയലന്‍സിന്റെ സ്വന്തമാണ്.

മുകേഷ് അംബാനിയുടെ

മുകേഷ്‌  അംബാനി

മുകേഷ്‌ അംബാനി

ന്യൂസ് 18 നെറ്റ്‌വര്‍ക്ക്, ഇടിവി, സിഎന്‍ബിസി ചാനലുകള്‍, ഫോര്‍ബ്‌സ് ഇന്ത്യ, ഓവര്‍ഡ്രൈവ് തുടങ്ങിയ മാഗസിനുകള്‍, ഫസ്റ്റ് പോസ്റ്റ്, മണികണ്‍ട്രോള്‍ തുടങ്ങിയ ഓൺലൈന്‍ ന്യൂസ് സർവീസുകളും മറ്റനേകം വിനോദ ചാനലുകളും റിലയന്‍സിന്റെ കൈവശമാണ്. പ്രശസ്ത ഹിന്ദി ചാനലായ ആജ്തക്, ഇന്ത്യ ടുഡേ, ബിസിനസ് ടുഡേ സ്ഥാപനങ്ങള്‍ എന്നിവ ടിവി ടുഡേ നെറ്റ്‌വര്‍ക്കിന്റേത്.

ഇംഗ്ലീഷ് ചാനലുകളില്‍ ടൈംസ് നൗവും റിപ്പബ്ലിക്കും പരസ്യമായി ബിജെപി സംഘപരിവാര്‍ ആശയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അഥവാ ദേശീയ തലത്തില്‍ ഏതെങ്കിലും തരത്തില്‍ ബിജെപിക്ക് അലോസരത ഉണ്ടാക്കിയിട്ടുള്ള  എന്‍ഡിടിവിയെക്കൂടി ഇല്ലാതാക്കുകയോ സ്വപക്ഷത്തേയ്ക്ക് തിരിച്ച് വിടുകയോ ചെയ്യുക എന്ന ഒറ്റലക്ഷ്യമേ ഇതിന് പുറകിലുള്ളൂ എന്നതില്‍ സംശയങ്ങളില്ല.

ഏതാണ്ട് നാല് പതിറ്റാണ്ട് മുന്നേ, 1984ലാണ്, ദൃശ്യമാധ്യമ രംഗത്ത് ദൂർദര്‍ശന്റെ കുത്തക നിലനിന്ന കാലത്ത് ദൂർദര്‍ശനും മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും ടിവി പ്രോഗ്രാമുകള്‍, പ്രാദേശിക വാര്‍ത്തകള്‍, പ്രത്യേക അഭിമുഖങ്ങള്‍ എന്നിവ നിർമിച്ച് നല്‍കുന്ന പ്രൊഡക്ഷന്‍ കമ്പനിയായി ന്യൂഡല്‍ഹി ടെലിവിഷന്‍ എന്ന എന്‍ഡിടിവി ആരംഭിക്കുന്നത്. പ്രമുഖ ജേണലിസ്റ്റായ രാധിക റോയിയും അവരുടെ ഭര്‍ത്താവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രണോയ് റോയും ചേര്‍ന്നുള്ളതായിരുന്നു ഈ സംരംഭം.

1988ല്‍ ദേശീയതലത്തില്‍ തന്നെ ടിവി നെറ്റ്‌വര്‍ക്ക് എന്ന നിലയില്‍ എന്‍ഡിടിവി വളര്‍ന്നു. ദൂർദര്‍ശനില്‍ ആഴ്ചയിലൊരിക്കല്‍ വിദേശ വാര്‍ത്തകള്‍ സമഗ്രമായി അവതരിപ്പിക്കുന്നതിനുള്ള അനുമതി എന്‍ഡിടിവിക്ക് ലഭിക്കുകയും 'വേള്‍ഡ് ദിസ് വീക്ക്' എന്ന പേരില്‍ എല്ലാ വെള്ളിയാഴ്ചയും രാത്രി പത്ത് മണിക്ക് ഈ പരിപാടി ദൂര്‍ദര്‍ശന്‍ ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു. 1995 വരെ യാതൊരു മുടക്കവും ഇല്ലാതെ ഈ വിദേശ വാര്‍ത്താവിശകലന/അവതരണ പരിപാടി തുടര്‍ന്നു. ദൂര്‍ദര്‍ശന്റെ തന്നെ ഏറ്റവും ജനപ്രിയ പ്രോഗ്രാമുകളിലൊന്നായി ഇത് മാറി.

പ്രണോയ്‌ റോയ്‌ (വലത്‌) ഓഫീസിൽ സഹപ്രവർത്തകനൊപ്പം

പ്രണോയ്‌ റോയ്‌ (വലത്‌) ഓഫീസിൽ സഹപ്രവർത്തകനൊപ്പം

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ജർമനികള്‍ ഒന്നായതും ആദ്യകാല ഗള്‍ഫ് യുദ്ധവും ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവവും യുഗോസ്ലാവിയ രണ്ടായതും വേള്‍ഡ് ദിസ് വീക്കില്‍ ഇന്ത്യാക്കാര്‍ വിശദമായി കണ്ടു. 1993ല്‍ അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിഎന്‍എന്നുമായി എന്‍ഡിടിവി സഹകരിക്കാന്‍ ആരംഭിച്ചു. അതിനുശേഷം വേള്‍ഡ് ദിസ് വീക്കില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ലൈവ് കവറേജുകളും ആരംഭിച്ചു.

1989ലെ പൊതുതിരഞ്ഞെടുപ്പ് ദൂര്‍ദര്‍ശന് വേണ്ടി കവര്‍ ചെയ്തത് എന്‍ഡിടിവിയാണ്. അതേ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ത്യക്കാര്‍ ആദ്യമായി ലൈവായി കണ്ടത്‌. രാജ്യത്ത് മുഴുവന്‍ ഇതിനായി ടെലിഫോണ്‍ ഹോട്ട് ലൈനുകള്‍ സ്ഥാപിച്ചു. വിഷ്വല്‍ ഗ്രാഫിക്‌സ്, തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പും ശേഷവും ചര്‍ച്ചകളും സംവാദങ്ങളും എന്നിങ്ങനെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ അവതരണരീതി തന്നെ എന്‍ഡിടിവി മാറ്റിമറിച്ചു.

ഔദ്യോഗിക ഫലങ്ങള്‍ മാത്രം അവതരിപ്പിച്ചിരുന്ന ദൂർദര്‍ശന്റെ പതിവ് ശൈലിയാണ് ഇവര്‍ മാറ്റിയത്.

വര്‍ഷങ്ങളോളം പുതുതായി രൂപപ്പെട്ട മിക്കവാറും ചാനലുകള്‍ ഇതേ അവതരണശൈലിയാണ്, കാലാനുസൃതമായി പുതുക്കപ്പെട്ട സാങ്കേതികവിദ്യക്കൊപ്പം പിന്തുടര്‍ന്നത്. ഇതോടെ ഇന്ത്യന്‍ മാധ്യമരംഗത്തെ അമരക്കാരായി എൻഡിടിവി മാറി. 1995ല്‍ ദൂര്‍ദര്‍ശന്റെ രണ്ടാം ചാനലായ ഡിഡി മെട്രോയില്‍ അരമണിക്കൂര്‍ ദൈനംദിന വാര്‍ത്താസംപ്രേക്ഷണം എന്‍ഡിടിവിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ന്യൂസ് നൈറ്റ് എന്ന ആ വാര്‍ത്താ അവതരണം രാജ്യത്തെ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ ദൈനംദിന വാര്‍ത്ത പരിപാടിയായി.

 വാര്‍ത്താ അവതാരകന്‍ എന്ന നിലയില്‍ പ്രണോയ് റോയിയുടെ ആധികാരികതയും വിശ്വാസ്യതയും ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ന്യൂസ് അവര്‍, ഗുഡ്‌മോണിങ് ഇന്ത്യ എന്നീ വാര്‍ത്താ പരിപാടികളും ശ്രദ്ധേയമായി. അധികം വൈകാതെ ബിബിസിയും എന്‍ഡിടിവിയുമായി സഹകരിക്കാന്‍ ആരംഭിച്ചു.

1998ല്‍ ലോകത്തിലെ അക്കാലത്തെ ഏറ്റവും വലിയ വാര്‍ത്താ നെറ്റ്‌വര്‍ക്കായ സ്റ്റാര്‍ ന്യൂസുമായി എന്‍ഡിടിവി കരാറിലെത്തി. അങ്ങനെ 1998 ഫെബ്രുവരി മുഴുവന്‍ സമയ ന്യൂസ് ചാനലായി സ്റ്റാര്‍ ന്യൂസ് മാറി. ഇംഗ്ലീഷിലും ഹിന്ദിയിലും അവര്‍ സംപ്രേക്ഷണമാരംഭിച്ചു.

1998ല്‍ ലോകത്തിലെ അക്കാലത്തെ ഏറ്റവും വലിയ വാര്‍ത്താ നെറ്റ്‌വര്‍ക്കായ സ്റ്റാര്‍ ന്യൂസുമായി എന്‍ഡിടിവി കരാറിലെത്തി. അങ്ങനെ 1998 ഫെബ്രുവരി മുഴുവന്‍ സമയ ന്യൂസ് ചാനലായി സ്റ്റാര്‍ ന്യൂസ് മാറി. ഇംഗ്ലീഷിലും ഹിന്ദിയിലും അവര്‍ സംപ്രേക്ഷണമാരംഭിച്ചു. അതിനടുത്ത വര്‍ഷം തന്നെ എന്‍ഡിടിവി സ്വന്തം വെബ്‌സൈറ്റ് ആരംഭിക്കുകയും ചെയ്തു.

സ്റ്റാര്‍ന്യൂസ് ഇന്ത്യയില്‍ വലിയ വിജയമാണ് നേടിയത്‌. അതില്‍ എന്‍ഡിടിവിയുടെ പ്രത്യേകിച്ചും പ്രണോയ് റോയിയുടെ അവതരണത്തിന്റെയും രാധിക റോയിയുടെ സൂക്ഷ്മതയോടുകൂടിയുള്ള എഡിറ്റോറിയല്‍ നയത്തിന്റെയും കൂടി വിജയമായിരുന്നു അത്. പക്ഷേ അധികം വൈകാതെ സ്റ്റാര്‍ ചാനലിന്റെ നയങ്ങളോട് എന്‍ഡി ടിവിയുടെ സ്വതന്ത്ര എഡിറ്റോറിയല്‍ നിലപാടുകള്‍ പൊരുത്തപ്പെടാതെ പോയി.

ഗുജറാത്ത് വംശഹത്യകാലത്ത് സ്റ്റാര്‍ ന്യൂസിന്റെ പലവാര്‍ത്തകളും ബിജെപിയെ ചൊടിപ്പിച്ചു. അക്കാലത്തെ വാര്‍ത്താ സംപ്രേക്ഷണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അരുണ്‍ജെയ്റ്റ്‌ലി അത് പ്രകടിപ്പിക്കുകയും ചെയ്തു. അതോടെ 2003ല്‍ സ്റ്റാര്‍ന്യൂസുമായുള്ള എന്‍ഡിടി വിയുടെ കരാര്‍ പുതുക്കുന്നതിന് പല തടസ്സങ്ങളുമുണ്ടായി.

എൻഡിടിവിയുടെ ഡൽഹിയിലെ  ഓഫീസ്‌

എൻഡിടിവിയുടെ ഡൽഹിയിലെ ഓഫീസ്‌

ഇതോടെയാണ് എന്‍ഡി ടിവി എന്ന വാര്‍ത്താചാനലിന്റെ ജനനം. 2003ല്‍ ഇംഗ്ലീഷിനും ഹിന്ദിയിലുമായി ആരംഭിച്ച ഈ വാര്‍ത്താചാനല്‍ അധികം വൈകാതെ ഹിന്ദിയില്‍ രാജ്യത്തെ രണ്ടാമത്തെ പ്രധാന ചാനലായും ഇംഗ്ലീഷില്‍ ഏറ്റവും ശ്രദ്ധേയമായ ചാനലായും മാറി. രാജ്ദീപ് സര്‍ദേശായ്, ബര്‍ഖ ദത്ത്, അര്‍ണോബ് ഗോസാമി തുടങ്ങി രാജ്യത്ത് പിന്നീട് പല വാര്‍ത്ത ശൃംഖലകളുടെയും നേതൃത്വത്തിലേയ്ക്ക് പോയ പലരും പ്രണോയ് റോയിക്കൊപ്പം ന്യൂഡല്‍ഹി ടെലിവിഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ്.

ഇന്ത്യയിലെ വാര്‍ത്താ ചാനല്‍ രംഗത്തെ പ്രൊഫഷണലിസമാണ് എന്‍ഡി ടിവിയുടെ മുഖമുദ്ര. നാല് പതിറ്റാണ്ടിന്റെ അനുഭവം മാത്രമല്ല, ഇന്ത്യന്‍ ടെലിവിഷന്‍ വാര്‍ത്തയുടെ ചരിത്രം കൂടിയാണ് ഇത്. വിവാദങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. പക്ഷേ പൂര്‍ണമായും ഒരു കോര്‍പറേറ്റ് ഭരണകൂട താൽപ്പര്യത്തിനും എഡിറ്റോറിയല്‍ നയം അടിയറവയ്ക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

സ്വയമേവ കോര്‍പറേറ്റ് വാര്‍ത്താസംഘമായി മാറുന്ന കാലത്തും എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അവര്‍ വേറിട്ടുനിന്നു. ഇന്ത്യന്‍ വാര്‍ത്താരംഗത്തെ പ്രാഗത്ഭ്യത്തിന്റെ സാക്ഷിപത്രങ്ങളിലൊന്നായ ഗോയങ്കാപുരസ്‌കാരങ്ങള്‍ 32 തവണയാണ് ഇക്കാലത്തിനിടയില്‍ എന്‍ഡിടിവിയെ തേടിയെത്തിയത്. അത്, അതീവ ശ്രദ്ധേയമായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്.

ഇത്തമൊരു ചാനലിനെ ഒരു കോര്‍പറേറ്റ് സ്ഥാപനം അതിന്റെ സ്ഥാപകരും ഉടമസ്ഥരുമായ പ്രണോയ് റോയിയുടെയോ രാധികാറോയിയുടെയോ അനുമതിയില്ലാതെ കൈക്കലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ ജേണലിസം നടുങ്ങേണ്ടതല്ലേ? ഇല്ല. അത് സംഭവിച്ചില്ല. നൂറുവാര്‍ത്തകള്‍, അമ്പത് വാര്‍ത്തകള്‍ എന്നിങ്ങനെയുള്ള ഗണത്തില്‍ മറ്റേതൊരു സ്വാഭാവിക വാണിജ്യവാര്‍ത്തയെയുംപോലെ അതും കടന്നുപോയി.

 

മാതൃഭൂമി പത്രത്തിന്റെ ഓഹരികള്‍ നിയമപ്രകാരം തന്നെ ഒരു ദേശീയ വാര്‍ത്താമാധ്യമം വാങ്ങിയ കാലത്ത്  സാംസ്‌കാരികസമൂഹം ഒരുമിച്ചുനിന്ന് കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഒരു മാധ്യമ സംരംഭം കുത്തകകളുടെ കൈയില്‍ പെട്ടുപോകരുത് എന്ന് വാദിച്ചിരുന്നു

 

മാതൃഭൂമി പത്രത്തിന്റെ ഓഹരികള്‍ നിയമപ്രകാരം തന്നെ ഒരു ദേശീയ വാര്‍ത്താമാധ്യമം വാങ്ങിയ കാലത്ത്  സാംസ്‌കാരികസമൂഹം ഒരുമിച്ചുനിന്ന് കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഒരു മാധ്യമ സംരംഭം കുത്തകകളുടെ കൈയില്‍ പെട്ടുപോകരുത് എന്ന് വാദിച്ചിരുന്നു

അത് ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ, അത്തരമൊരു ചര്‍ച്ചയ്ക്ക് ഇടമുണ്ടായിരുന്ന ജനാധിപത്യം ഇന്നാട്ടില്‍ അവശേഷിച്ചിരുന്നു. അതില്ലായിരിക്കുന്നുവെന്ന് നമുക്കറിയാം. പക്ഷേ അത് ഇല്ലാതായിരിക്കുന്നുവെന്ന് ഉറക്കെ പറയേണ്ടതുകൂടി ഉണ്ട്.

 ***

കേരളത്തിലെ ചാനലുകള്‍ അവരുടെ സുപ്രധാന വാര്‍ത്തയായി കണ്ടെത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വിഷയങ്ങളുടെ രാഷ്ട്രീയം നിരന്തരം ഇവിടെ ചര്‍ച്ച ചെയ്യുന്നതാണ്. അതില്‍ രണ്ട് കാര്യങ്ങളാണ് നമ്മള്‍ സ്ഥിരമായി കാണാറുള്ളത്. സംഘപരിവാറിനോടുള്ള നിരന്തര വിധേയത്വം, ഇടതു  പക്ഷത്തോടുള്ള അചഞ്ചലമായ വിദ്വേഷം.

കേന്ദ്രസര്‍ക്കാരിനെ വിഷമത്തിലാക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക, ഏതെങ്കിലും തരത്തില്‍ പ്രകീര്‍ത്തിക്കാന്‍ പറ്റുന്ന വിധത്തിലുള്ളതാണെങ്കില്‍ ആഘോഷിക്കുക, കേന്ദ്രം പ്രതിസന്ധിയിലാകുന്ന ദിവസങ്ങളില്‍ കേരളത്തില്‍ പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക. ആവര്‍ത്തന സ്വഭാവമുള്ള ഈ രീതിക്ക് ഈ ആഴ്ചകളിലും യാതൊരു മാറ്റമുണ്ടായിട്ടില്ല. ഇതെഴുതുന്ന ദിവസത്തെ ചാനലുകളുടെ ചര്‍ച്ച മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ തനിക്ക് ലഭിച്ച മാഗ്‌സസെ പുരസ്‌കാരം നിഷേധിച്ചതാണ്.

എല്ലാ പുരസ്‌കാരങ്ങളും സ്വീകരിക്കാനുള്ളതല്ല എന്നും എല്ലാം കൈനീട്ടി വാങ്ങലല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ഇവരെ ആര്‍ക്കും പഠിപ്പിക്കാനാവില്ല. പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിമാത്രം ജേണലിസം വരെ നടത്തുന്നവരുണ്ട്. പുരസ്‌കാരങ്ങള്‍ സംഘടിപ്പിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വാർഥതയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അർഥം മനസ്സിലാകില്ല.

ചിലത് നിഷേധിച്ചുകൊണ്ടുതന്നെയാണ് രാഷ്ട്രീയ ജീവിതങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നും മനസ്സിലാകില്ല. ഇടതുപക്ഷ വിരുദ്ധതയുടെ മറപറ്റി എല്ലാം ഗൂഢാലോചനയാണെന്ന് സമർഥിക്കാന്‍ ശ്രമിക്കുന്ന ഈ ചാനലുകള്‍ക്കുള്ള മറുപടി ഫേസ് ബുക്കില്‍ പ്രകാശന്‍ പി പി കല്യാണിയെന്നയാള്‍ എഴുതിക്കണ്ടു. അത് അനുബന്ധമായി ചേര്‍ക്കുന്നു. അതില്‍ കൂടുതല്‍ ഇക്കാര്യത്തില്‍ പറയാനില്ല.

‘‘കാലം കോവിഡിന്റെ ആദ്യ നാളുകള്‍. കോട്ടയം ജില്ലയിലാണെന്ന് തോന്നുന്നു. ഏതോ പഞ്ചായത്തില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. അയാളെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് എത്താന്‍ അരമണിക്കൂര്‍ വൈകുന്നു. വിവരം ഒരു വാര്‍ത്താചാനല്‍ അറിയുന്നു. നിമിഷങ്ങള്‍ക്കകം ലൈവ് ടെലികാസ്റ്റ്... അന്നത്തെ അവതാരകന്റെ ശൈലജ ടീച്ചറോളുള്ള ചോദ്യം ഇതായിരുന്നു.

 കെ കെ ശൈലജ

കെ കെ ശൈലജ

‘മിനിസ്റ്റര്‍ ഒരു രോഗി ആശുപത്രിയിലെത്താന്‍ കഴിയാതെ നിലവിളിക്കുന്നു. സംസ്ഥാനത്തിന്റെ കൊട്ടിഘോഷിക്കുന്ന കോവിഡ് പ്രതിരോധം എത്ര പരിഹാസ്യമാണ്! ആരോഗ്യമന്ത്രിയെന്ന നിലയില്‍ ഇത് താങ്കളുടെ പരാജയമല്ലെങ്കില്‍ മറ്റെന്താണ്?'  അന്ന് ടീച്ചറുടെ അപേക്ഷാസ്വരത്തിലുള്ള മറുപടി ഇങ്ങനെയായിരുന്നു.

‘‘ഒരു മഹാമാരി കാലത്ത് ദയവായി നിങ്ങള്‍ ഇങ്ങനെ ചെയ്യരുത്. ആംബുലന്‍സ് അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. രോഗബാധിതന് ടെന്‍ഷന്‍ കൊടുക്കരുത്. അയാള്‍ക്ക് ഒരു പരാതിയുമില്ല. നമ്മളെല്ലാവരും ഒറ്റമനസ്സോടെ നിന്നാലെ ഈ രോഗത്തെ നമുക്ക് നേരിടാനാകൂ.'
അതേ അവതാരകന്‍ ഇന്ന് രാവിലെ അതേ ചാനലില്‍ ഇരുന്ന് ചോദിക്കുന്നു. ചോദ്യം ഒരു പ്രതികരണ വിദഗ്ദ്ധനോടാണ്...

‘ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയ ഒരു മഹാമാരിയെ പിടിച്ച് കെട്ടാന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നില്‍നിന്ന് നയിച്ച് അതില്‍ വിജയം കൈവരിച്ച കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരുന്ന ശൈലജടീച്ചര്‍ക്ക് കിട്ടുന്ന അംഗീകാരം കേരളത്തിന് കിട്ടുന്ന അംഗീകാരമായി കാണാന്‍ സിപിഎമ്മിന് കഴിയേണ്ടതല്ലേ?'

അവാര്‍ഡ് നിരസിച്ചതിന്റെ ശരിതെറ്റുകളെക്കുറിച്ച് തലപുകയ്ക്കുന്ന ആസ്ഥാന വിദഗ്ദ്ധരോട്, ശൈലജ ടീച്ചര്‍ നേരത്തേ നിയമസഭയില്‍ പറഞ്ഞ മറുപടിയാണ് മറുപടി...
‘‘എല്ലാം ഈ നാട് കാണുന്നുണ്ട്. ''   .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top