11 August Thursday

ചര്‍ച്ചയാകാത്ത വാര്‍ത്തകള്‍... ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

ശ്രീജിത്ത് ദിവാകരന്‍Updated: Monday Jul 4, 2022

ഒരു വശത്ത് ആര്‍ത്തിപൂണ്ട ഒരു വ്യവസായമായി, ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കും ആഗോള കുത്തകകള്‍ക്കുമൊപ്പം പൊതുജീവിതം അട്ടിമറിക്കുന്ന ഒരു ലോബിയായി പ്രവര്‍ത്തിക്കുകയും മറുവശത്ത് എണ്ണം പറഞ്ഞ പ്രൊഫഷണലുകളുടെ നിസ്വാർഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അതീവ പ്രധാന്യമുള്ള മേഖലയായി നിലനില്‍ക്കുകയും ചെയ്യുക എന്ന അവസ്ഥയാണ് മീഡിയയ്‌ക്ക്‌ ലോകമെമ്പാടുമുള്ളത്.

മാധ്യമങ്ങളെക്കുറിച്ചുള്ള അടിസ്ഥാനപരമായ പ്രശ്‌നം പ്രതീക്ഷയും യാഥാർഥ്യവും തമ്മില്‍ ചേര്‍ന്ന് പോകാറില്ല എന്നുള്ളതാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍, ഫോര്‍ത്ത് എസ്റ്റേറ്റ് എന്നിങ്ങനെ പല പേരുകള്‍ ഇട്ട് വിളിക്കുമ്പോഴും കാലങ്ങളായി സ്വകാര്യ വ്യവസായമാണിതെന്ന് പലപ്പോഴും നമ്മള്‍ മറന്ന് പോകാറുണ്ട്. ലോകത്തിലെ ഏറ്റവും ദ്രുതഗതിയിൽ വളര്‍ച്ചയുണ്ടായിട്ടുള്ള വ്യവസായങ്ങളിലൊന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ ലോകമെമ്പാടും വലിയ കുത്തക സ്വഭാവത്തില്‍ പല മാധ്യമ കമ്പനികളും വളര്‍ന്നതോടെ വാര്‍ത്തയും പരസ്യവും തമ്മിലുള്ള അതിർവരമ്പുകള്‍ നേര്‍ത്തതായി. എഡിറ്റോറിയലും പരസ്യവും അഡ്‌വെർടൈസ്‌മെന്റ് ചേര്‍ന്ന് അഡ്‌വെറ്റോറിയല്‍ എന്ന പദം ഉടലെടുത്തു. ഇത്തരം വാര്‍ത്താ വ്യവസായത്തിന് ചുക്കാന്‍ പിടിച്ച മാധ്യമ മുതലാളി റൂപർട് മര്‍ഡോക്ക്, പത്രങ്ങളില്‍ പരസ്യങ്ങള്‍ വച്ചതിന് ശേഷം ബാക്കിയുള്ള സ്ഥലം നികത്താന്‍ ഉപയോഗിക്കുന്ന ചരക്ക് മാത്രമാണ് വാര്‍ത്തയെന്ന് പ്രഖ്യാപിച്ചു.
റൂപർട് മര്‍ഡോക്ക്

റൂപർട് മര്‍ഡോക്ക്

ആത്യന്തികമായി പരസ്യങ്ങള്‍ക്കും വരുമാനത്തിനുമായി മീഡിയയുടെ നിലനില്‍പ്പ്. അതുകൊണ്ട് തന്നെ പുതിയ വ്യവസായങ്ങളുടെ ആരംഭം, പഴയ വ്യവസായങ്ങളുടെ തകര്‍ച്ച എന്നിവയില്‍ തുടങ്ങി സര്‍ക്കാരുകളെ സൃഷ്ടിക്കുന്നതിനും അട്ടിമറിക്കുന്നതിനുമുള്ള ആയുധം കൂടിയായി ഇക്കാലത്ത് മാധ്യമങ്ങള്‍ മാറി.
ഇക്കാലത്തു തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്നും മ്യാന്‍മറില്‍ നിന്നും റഷ്യയില്‍ നിന്നും ഇറാഖില്‍ നിന്നും യു എസില്‍ നിന്നുമെല്ലാം ജീവന്‍ പണയം വച്ച് ഫോട്ടോ ജേണലിസ്റ്റുകളും റിപ്പോര്‍ട്ടര്‍മാരും വാര്‍ത്തകള്‍ ജനങ്ങളിലേയ്ക്ക് എത്തിച്ചു. ലോകത്തെ ഏറ്റവും അപകടകരമായ തൊഴിലുകളിലൊന്നായി ജേണലിസം മാറി.

ഇന്ത്യയില്‍ പലയിടത്തും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ടു. യുദ്ധങ്ങളിലും കലാപങ്ങളിലും മരിക്കുന്ന, തട്ടിക്കൊണ്ട് പോകപ്പെടുന്ന, കൊല ചെയ്യപ്പെടുന്ന, ആക്രമിക്കപ്പെടുന്ന ജേണലിസ്റ്റുകളുടെ എണ്ണം വർധിച്ചു. അഥവാ ഒരു വശത്ത് ആര്‍ത്തിപൂണ്ട ഒരു വ്യവസായമായി, ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കും ആഗോള കുത്തകകള്‍ക്കുമൊപ്പം പൊതുജീവിതം അട്ടിമറിക്കുന്ന ഒരു ലോബിയായി പ്രവര്‍ത്തിക്കുകയും മറുവശത്ത് എണ്ണം പറഞ്ഞ പ്രൊഫഷണലുകളുടെ നിസ്വാർഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അതീവ പ്രധാന്യമുള്ള മേഖലയായി നിലനില്‍ക്കുകയും ചെയ്യുക എന്ന അവസ്ഥയാണ് മീഡിയയ്ക്ക് ലോകമെമ്പാടുമുള്ളത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളില്‍ സോഷ്യല്‍ മീഡിയ ശക്തമായതോടെ കുത്തക മാധ്യമങ്ങള്‍ കുറച്ച് പ്രതിസന്ധിയിലായിരുന്നു. പുറത്ത് വിടുന്ന വാര്‍ത്തകളേക്കാള്‍ ലോകവ്യാപകമായി കുത്തക മാധ്യമങ്ങളുടെ നിലനില്‍പ്പ് വാര്‍ത്തകള്‍ തടഞ്ഞ് നിര്‍ത്തുന്നതിലായിരുന്നു. ശ്രദ്ധിക്കപ്പെടേണ്ട പ്രതിഷേധങ്ങള്‍, ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍, വംശീയാക്രണമങ്ങള്‍, വന്‍ കോര്‍പറേറ്റുകളുടെ പരിസ്ഥിതി വിനാശങ്ങള്‍ എന്ന് തുടങ്ങി സ്വഭാവികമായും ലോകശ്രദ്ധയില്‍ പെടേണ്ട പലതും വാര്‍ത്തയാകാതെ സൂക്ഷിക്കുക എന്നതും ഇവരുടെ വ്യവസായത്തിന്റെ ഭാഗമായിരുന്നു. ഇതിനെയാണ് സോഷ്യല്‍ മീഡിയ അട്ടിമറിച്ചത്.

യൂ ട്യൂബും വ്യക്തിപരമായ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളും വന്നതോടെ മനുഷ്യരെല്ലാം ജേണലിസ്റ്റുകളാവുകയും സ്വന്തമായി വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഇതോടെ ഒളിച്ചു വയ്ക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നു. മുഖ്യധാര ചാനലുകളിലും പത്രങ്ങളിലും കാണാത്ത കാര്യങ്ങള്‍ ലോകം ചര്‍ച്ച ചെയ്തു. പിന്നീട് സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ മീഡിയയും നടത്തിയ ചര്‍ച്ചകള്‍ മനസ്സില്ലാ മനസ്സോടെ വാര്‍ത്തയാക്കേണ്ട സ്ഥിതി ഇവര്‍ക്കുണ്ടായി.

ഇതോടെയാണ് സോഷ്യല്‍മീഡിയയെ നിയന്ത്രിക്കാനുള്ള വഴികള്‍ സര്‍ക്കാരുകളും ഈ വ്യവസ്ഥാപിത മാധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിച്ചത്. ഫേക്ക് ന്യൂസുകളുടെ പെരുമഴയും കൊടുങ്കാറ്റുകളും സൃഷ്ടിക്കാനും വ്യാജവാര്‍ത്തകള്‍ ട്രെന്‍ഡിങ് ആക്കാനും വെറുപ്പും വിദ്വേഷവും പരത്താനും പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കാനും ദേശീയതകളെ വാഴ്‌ത്താനും ജനങ്ങളെ വിഘടിപ്പിക്കാനും പുതിയ താരങ്ങളെ സൃഷ്ടിക്കാനുമുള്ള പുതിയ വഴിയായി സോഷ്യല്‍ മീഡിയയുടെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മാറ്റിയെടുക്കാന്‍ ഇവര്‍ക്കായി. 2014ല്‍ ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രങ്ങള്‍ ഗുജറാത്തിന്റെ വികസനമാണെന്ന് ലോകം മുഴുവന്‍ പ്രചരിപ്പിച്ച ബിജെപിയുടെ സോഷ്യല്‍ മീഡിയ സെല്ല് മുതല്‍ അമേരിക്കയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലും നടക്കുന്ന തിരഞ്ഞെടുപ്പുകളിലും കോര്‍പറേറ്റ് ടേക്ക് ഓവറുകളിലും ക്ലബ്ബ് ഫുട്‌ബോള്‍ തിരഞ്ഞെടുപ്പുകളിലും വരെ ഇത് തുടര്‍ന്നു. സത്യാനന്തരകാലം എന്ന് ഈ കല്പിത വാര്‍ത്താ കാലം വിളിക്കപ്പെട്ടു.

ലോകത്തെവിടേയും ഏകാധിപത്യഭരണകൂടങ്ങളുടെ അജണ്ടകളാണ് വാര്‍ത്താ വ്യവസായികള്‍ ഏറ്റെടുത്തത്. വാര്‍ത്താ വ്യവസായവും ഫേക്ക്‌ന്യൂസ് ഫാക്ടറികളും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഇവിടത്തെ രീതി. ലക്ഷക്കണക്കിന് വ്യക്തികളെ, നൂറുകണക്കിനുള്ള അവരുടെ വ്യാജ ഹാന്‍ഡിലുകളില്‍ നിന്ന് നുണക്കഥകളും ദുരാരോപണങ്ങളും പരിഹാസങ്ങളും ആക്ഷേപങ്ങളും വക്രീകരണങ്ങളും പ്രചരിപ്പിക്കാന്‍ ഏല്‍പ്പിക്കുക എന്ന അനലോഗ് തന്ത്രം മുതല്‍ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ചില വാക്കുകള്‍ ഉള്‍പ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാതിരിക്കുക, ചിലത് പ്രാധാന്യം കുറഞ്ഞും ചിലത് ഏറിയും ഇരിക്കുക എന്നതെല്ലാം ഇതിന്റെ ഗണത്തില്‍ പെടും. ഈ തന്ത്രമാണ് ഇന്നിപ്പോള്‍ വാര്‍ത്തവ്യവസായത്തില്‍ ഉടനീളം ഇന്ത്യയില്‍ നടക്കുന്നത്.

വാട്‌സ് ആപ്പ്‌ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കാന്‍ സൃഷ്ടിച്ച് നിർമിക്കുന്ന കൃത്രിമ വാര്‍ത്തകളും വെറുപ്പ് വാര്‍ത്തകളും മുതല്‍ പ്രൊപഗാന്‍ഡ സിനിമകള്‍ക്ക് അമിത പ്രചാരം നല്‍കുന്നത് വരെ ഈ വ്യവസായത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ വിപ്ലവത്തിന് മുമ്പുള്ള കാലത്തേയ്ക്ക് വാര്‍ത്ത വ്യവസായം തിരികെ പോയിരിക്കുന്നു. വാർത്തകളുടെ തമസ്‌കരണമാണ് ഇപ്പോള്‍ അവരുടെ മുഖ്യ അജണ്ട.

കേരളത്തിന്റെ മുഖ്യധാര ചാനലുകളും രണ്ട് ദിനപത്രങ്ങളുമാകട്ടെ, ഈ വ്യവസായ വാര്‍ത്താ ലോകത്തിലെ പ്രധാന കണ്ണികളാണ്.

മലയാള മനോരമയുടെ ദിനപത്രത്തിന്റെ മുഖ്യദൗത്യങ്ങളിലൊന്ന് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് എതിരെ പ്രവര്‍ത്തിക്കുക എന്നാണെന്നത് അവര്‍ പോലും നിഷേധിക്കാത്ത കാര്യമായിരിക്കും. മാതൃഭൂമിയുടെ വലതുപക്ഷ ചായ്‌വ്‌ എത്രയോ തവണ കേരളത്തിന് ബോധ്യമായിട്ടുള്ളതാണ്.

മലയാള മനോരമയുടെ ദിനപത്രത്തിന്റെ മുഖ്യദൗത്യങ്ങളിലൊന്ന് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് എതിരെ പ്രവര്‍ത്തിക്കുക എന്നാണെന്നത് അവര്‍ പോലും നിഷേധിക്കാത്ത കാര്യമായിരിക്കും. മാതൃഭൂമിയുടെ വലതുപക്ഷ ചായ്‌വ്‌ എത്രയോ തവണ കേരളത്തിന് ബോധ്യമായിട്ടുള്ളതാണ്. അത് സംഘപരിവാറിനോടുള്ള മൃദുസമീപനം മുതല്‍ ഒരിക്കല്‍ നിയമസഭ തിരിഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുഖ്യവാര്‍ത്ത നല്‍കിയത് വരെയുള്ള കാര്യങ്ങളില്‍ കണ്ടതാണ്.

ബാബറി പള്ളി തകര്‍ത്തപ്പോള്‍ തര്‍ക്ക മന്ദിരത്തിന് ഭാഗികമായി കേടുകള്‍ വരുത്തിയെന്ന് തലക്കെട്ട് നല്‍കി രാജ്യത്തിന്റെ മതേതരത്വത്തെ തമസ്‌കരിച്ച ചരിത്രവും അവര്‍ക്കുണ്ട്. പുതിയ കാലത്ത് മോഡി ഭരണകൂടത്തോടുള്ള വിധേയത്വം പലവട്ടം ഇരു മാധ്യമങ്ങളും പ്രകടിപ്പിച്ചിട്ടുമുണ്ട്. ഏഷ്യാനെറ്റ്, ന്യൂസ് 18, 24 ന്യൂസ് തുടങ്ങിയ മറ്റ് മലയാള മുഖ്യധാര ചാനലുകളും ഈ വഴിക്ക് തന്നെ സുവ്യക്തമായി സഞ്ചരിക്കുന്നവരാണ്. പ്രത്യേകിച്ചും ബിജെപി നേതാവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ്.

ടീസ്‌റ്റ  സെതൽവാദ്‌

ടീസ്‌റ്റ സെതൽവാദ്‌

ഇന്ത്യന്‍ മതേതരത്വത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങളാണ് സുപ്രീം കോടതി ഗുജറാത്ത് വംശഹത്യ സംബന്ധിച്ച അന്വേഷണങ്ങള്‍ അവസാനിപ്പിച്ച വിധി പ്രസ്താവത്തില്‍ നടത്തിയത്‌ എന്നാണ് ജനാധിപത്യവിശ്വാസികള്‍ കരുതുന്നത്. ഒരു പക്ഷേ ബാബറിപള്ളി സംബന്ധിച്ച കോടതി വിധിക്ക് ശേഷം, ഇന്ത്യന്‍ ജനതയുടെ അവസാന ആശ്രയവും പ്രതീക്ഷയുമായ പരമോന്നത നീതിപീഠത്തില്‍ നിന്ന്, ഉണ്ടായിട്ടുള്ള ഏറ്റവും നിരാശാജനകമായ ഇടപെടലായാണ് ഇതിനെ കണക്കാക്കുന്നത്. ഈ വിധി പ്രസ്താവന വന്ന് വൈകാതെ തന്നെ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതൽവാദും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആർ ബി ശ്രീകുമാറും അറസ്റ്റിലായി.
ആര്‍ ബി ശ്രീകുമാര്‍

ആര്‍ ബി ശ്രീകുമാര്‍

മുന്‍ രാഷ്ട്രപതി കെ ആർ നാരായണന്‍ മുതലിങ്ങോട്ട് ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും എം പിയുമായ ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയും  ടീസ്റ്റയും ശ്രീകുമാറും എല്ലാവരും ചൂണ്ടിക്കാണിച്ചിരുന്നത്. പക്ഷേ ഇവരുടെ അറസ്റ്റിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
ഗുജറാത്തില്‍ നിന്ന് മറ്റൊരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ട് നാളുകളായി. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു കള്ളക്കേസിന്റെ പേരിലായിരുന്നു അത്. ഇപ്പോഴും സഞ്ജീവ് ഭട്ട് ജയിലറയിലാണ്.

മലയാളികളായ ഹാനി ബാബുവും റോണ വിത്സനുമടക്കമുള്ള അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരും കവികളും കലാകാരന്മാരും ഭീമ കോറേഗാവ് കേസിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി. ബി ആര്‍ അംബേദ്കറുടെ കൊച്ചുമകളുടെ ഭര്‍ത്താവും രാജ്യത്തെ ബുദ്ധിജീവികളില്‍ ഏറ്റവും പ്രമുഖരില്‍ ഒരാളുമായ പ്രൊഫ. ആനന്ദ് തെല്‍തുംഡെയും കവി വരവരറാവുവും അഭിഭാഷക സുധ ഭരദ്വാജും അടക്കമുള്ളവരാണത്.

വരവരറാവു

വരവരറാവു

അക്കൂട്ടത്തില്‍ അറസ്റ്റ് ചെയ്ത വൈദികനും വയോധികനുമായ ഫാ.സ്റ്റാന്‍സ്വാമിയെ നരകയാതനകള്‍ ജയിലറയ്ക്കുള്ളില്‍ ഏല്‍പ്പിച്ചാണ് ഭരണകൂടം ഇല്ലാതാക്കിയത്. ഈ ഗണത്തിലേയ്ക്കാണ് പ്രതികരിക്കാന്‍ ശേഷിയുള്ള മുഴുവന്‍ മനുഷ്യരേയും തള്ളുന്നത്. അക്കാലത്ത് നമ്മുടെ മാധ്യമങ്ങളുടെ ധർമമെന്താണ്?

ഏതെങ്കിലും മലയാള മുഖ്യധാര മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യേണ്ട ഒന്നായി, കേരളത്തിന്റെ മനസ്സാക്ഷിക്ക് മുന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ട കാര്യമായി ഗുജറാത്ത് വംശഹത്യാന്വേഷണം അവസാനിപ്പിച്ച സുപ്രീം കോടതി വിധിയോ തുടര്‍ന്ന് ടീസ്റ്റയ്ക്കും ആർ ബി ശ്രീകുമാറിനും എതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികളോ മാറാത്തത് എന്തുകൊണ്ടാണ്? ഈ വാര്‍ത്തകളെ തമസ്‌കരിക്കുകയോ ന്യൂനീകരിക്കുക ചെയ്യുക എന്നുള്ളതും നമ്മുടെ മാധ്യമ സ്ഥാപനങ്ങളുടെ അജണ്ടയാണെന്നുള്ളതാണ് പ്രധാനം. അതിനായി മറ്റെല്ലാ വാര്‍ത്തകളും അവര്‍ മെനഞ്ഞെടുക്കും, കൃത്രിമ വാര്‍ത്തകള്‍ സൃഷ്ടിക്കും, കൃത്രിമ വിവാദങ്ങള്‍ പടുക്കും, വാചക കസര്‍ത്തുകളുടേയും വൈകാരിക ക്ഷോഭങ്ങളുടേയും അകമ്പടിയോടെ അവതാരകര്‍ കഥാപ്രസംഗം പോലെ അത് അവതരിപ്പിക്കും.

ഫാ.സ്റ്റാന്‍സ്വാമി

ഫാ.സ്റ്റാന്‍സ്വാമി

സെക്രട്ടറിയേറ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തം ഉണ്ടായത് മൂന്ന് ദിവസമായിരുന്നു മാതൃഭൂമി ചാനല്‍ ചര്‍ച്ച ചെയ്തത്. അതേസമയം അഗ്നിപഥ് പ്രക്ഷോഭം രാജ്യത്ത് കത്തിപടര്‍ന്നപ്പോള്‍ ഈ ചാനലുകള്‍ വീണ്ടുമൊരു തവണ കൂടി സ്വര്‍ണക്കള്ളക്കടത്ത് വിവാദം ആഘോഷിക്കുന്ന തിരക്കിലായിരുന്നു. പങ്കെടുക്കുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും അർഥ ശൂന്യമെന്ന് പൂര്‍ണ നിശ്ചയമുള്ള ആ നാടകം ഒരാഴ്ചയ്ക്ക് ശേഷമിപ്പോള്‍ എല്ലാവരും വിട്ടു.

കേരളത്തില്‍ സംസ്ഥാന ഭരണകൂടത്തിന്റെ സർവ നടപടികളും നിരന്തരം വിമര്‍ശിക്കുന്ന ചാനലുകള്‍ പ്രതിപക്ഷത്തിന് വലിയ ആയുധമാണ്. എന്നാല്‍ കേരളത്തിലും കേന്ദ്രത്തിലും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സർവപ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാഗാന്ധിക്കുമെതിരെ കേന്ദ്ര അന്വേഷണഏജന്‍സികള്‍ കൃത്രിമ കേസെടുത്ത് അന്വേഷണം നടത്തുകയും ദീര്‍ഘമായി ചോദ്യം ചെയ്ത് അപമാനിക്കുകയും ചെയ്യുന്നതും ഈ ചാനലുകള്‍ക്ക് വലിയ വാര്‍ത്തയായില്ല.

സോണിയാഗാന്ധി

സോണിയാഗാന്ധി

ഒരു ദിവസമോ മറ്റോ ചടങ്ങിന് ഒരു ചര്‍ച്ച നടത്തി അവര്‍ കേരളത്തിലേയ്ക്ക് തിരിച്ച് വന്നു. സർവതും വിവാദമാക്കി ഒരോ ദിവസവും പുതിയ പുതിയ പ്രശ്‌നങ്ങളിലേയ്ക്ക് കടന്നു. അതിന് പുറകെ അർഥശൂന്യമായ ചടങ്ങെന്നെ പോലെ പ്രതിപക്ഷവും സഞ്ചരിച്ചു.

വയനാട്ടില്‍ സർവ പാർടികളും ഒരേ പോലെ പ്രധാനമായി കാണുന്ന വിഷയമാണ് ബഫര്‍ സോണിലെ മനുഷ്യ ജീവിതങ്ങള്‍. സുപ്രീം കോടതി വിധി സാധാരണക്കാരായ ഒട്ടനവധി മനുഷ്യരുടെ ജീവിതത്തെ ബാധിക്കുമെന്നത് സുപ്രധാനമായ ആശങ്കയാണ്. അതിനോട് വയനാട് ലോകസഭാംഗമായ രാഹുല്‍ഗാന്ധി പ്രതികരിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് എസ് എഫ് ഐ നേതാക്കള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ സര്‍ക്കാരും പൊലിസും എസ് എഫ് ഐയും ഗൗരവത്തോടെയാണെടുത്തത്. സർവരും ആക്രണമത്തെ തള്ളിപ്പറഞ്ഞു. എന്നാല്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്തിയതിനെ പ്രതിഷേധമായി കണക്കാക്കിയ കേരളത്തിലെ മാധ്യമങ്ങള്‍ എസ്എഫ്ഐ ക്കാരുടെ മാര്‍ച്ചിനെ അക്രമമെന്ന് ഉറപ്പിച്ച് പറഞ്ഞു.

രാഹുല്‍ഗാന്ധി

രാഹുല്‍ഗാന്ധി

അതിനെതിരെയുള്ള കോണ്‍ഗ്രസിന്റെ മാര്‍ച്ചിനെ അതിഗംഭീരമായി അവതരിപ്പിച്ചു. അത് കണ്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കും കെഎസ്‌യുക്കാര്‍ക്കുമെല്ലാം ആവേശമായി. സംഘപരിവാറിന്റെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്ന രാഹുല്‍ഗാന്ധിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ മടിച്ച കോണ്‍ഗ്രസുകാരെല്ലാം എസ്എഫ്‌ഐക്കാരുടെ ആക്രമണത്തെ അപലപിച്ചു. എങ്ങനെയാണ് പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ അജണ്ടകളെ പോലും സംഘപരിവാറിനാല്‍ നയിക്കപ്പെടുന്ന മാധ്യമങ്ങള്‍ നിശ്ചയിക്കുകയും തെറ്റായി സ്വാധീനിക്കുകയും ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമാണിത്.

മുഖ്യമന്ത്രി പുതിയ കാറ് വാങ്ങുന്നു എന്നത് മുതല്‍ ഭരണത്തെ സംബന്ധിച്ച ഒട്ടനവധി ആരോപണങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ ഈ ചോദ്യങ്ങളൊന്നും ഉന്നയിക്കാതെ ഇരിക്കുന്നതും നമ്മള്‍ കണ്ടു. പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമങ്ങളെ ഇറക്കി വിടുമെന്ന് അദ്ദേഹം ആക്രോശിച്ചതിനെ കേരളപത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചത് പോലും ഇവിടത്തെ മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. കെയുഡബ്‌ളിയുജെ ഒരു അടിമ സംഘടനയാണ് എന്നാണ് കേരളത്തിലെ അവതാരക പ്രമുഖന്‍ അട്ടഹസിച്ചത്.

***

ഇത്രയും എഴുതി കഴിഞ്ഞ വൈകുന്നേരമാണ് ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകനും രാജ്യത്തെ മികച്ച ജേണലിസ്റ്റുകളിലൊരാളുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റിലായത്.

മുഹമ്മദ് സുബൈര്‍

മുഹമ്മദ് സുബൈര്‍

വാര്‍ത്തയെന്ന പേരില്‍ നുണക്കഥകള്‍ പടച്ച് വിടുന്ന ഫാക്ടറികളുടെ കള്ളത്തരങ്ങള്‍ പുറത്ത് കൊണ്ടുവരുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന സ്ഥാപനമാണ് ആള്‍ട്ട് ന്യൂസ്. ഹരിദ്വാറില്‍ ഹൈന്ദവ ഭീകരവാദികള്‍ നടത്തിയ വിഷവിദ്വേഷ പ്രസംഗങ്ങള്‍ മുഴുവന്‍ പുറത്ത് കൊണ്ടുവന്നത് സുബൈറാണ്. സുബൈറിനെ അറസ്റ്റ് ചെയ്യുന്നതിനായി ഡല്‍ഹി പൊലീസും സംഘപരിവാറും ചേര്‍ന്ന് മന:പൂർവമായ ഒരു നീക്കം നടത്തിയതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയമില്ല എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.

2018ല്‍ സുബൈര്‍ ഷെയര്‍ ചെയ്ത ഒരു ട്വീറ്റിനെ ചൊല്ലിയാണ് അറസ്റ്റെന്നാണ് പൊലീസിന്റെ വാദം. പഴയൊരു തമാശ സിനിമയില്‍ ഒരു ഹോട്ടലിന്റെ പേര് തിരുത്തിയതിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് കൊണ്ട് സുബൈര്‍ ‘2014ന് മുമ്പ് ഹണിമൂണ്‍ ഹോട്ടല്‍ 2014ന് ശേഷം ഹനുമാന്‍ ഹോട്ടല്‍' എന്നൊരു ട്വീറ്റ് ഇടുന്നു. 2021 ഒക്‌ടോബറില്‍ ഹനുമാന്‍ ഭക്ത് എന്ന ഒരു ട്വീറ്റര്‍ അക്കൗണ്ട് പ്രത്യക്ഷപ്പെടുന്നു. യാതൊരു ആക്ടിവിറ്റിയും ഇല്ലാത്ത അസംഖ്യം കള്ള പ്രൊഫൈലുകളിൽ ഒന്ന്. ആ അക്കൗണ്ട് 2022 ജൂണ്‍ മാസത്തില്‍ ഒരേയൊരു പോസ്റ്റ് ഇടുന്നു. സുബൈറിന്റെ ഈ പഴയ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് ‘നിത്യബ്രഹ്മചാരിയായ ഹനുമാന്റെ പേര് ഹണിമൂണുമായി ചേര്‍ത്ത് പറയുന്നത് ഹനുമാന്‍ ഭക്തന്‍ എന്ന നിലയില്‍ എന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നു' എന്ന് പറഞ്ഞ് ഡല്‍ഹി പൊലീസിനേയും ഡല്‍ഹി ഡിസിപിയേയും ടാഗ് ചെയ്യുന്നു. ജൂണ്‍ പത്തൊന്‍പതിന് രാത്രി പത്തരയ്‌ക്കോ മറ്റോ ഒരു ഐഫോണില്‍ നിന്ന് ട്വീറ്റ് ചെയ്ത ആ പോസ്റ്റില്‍ ഒന്നോ രണ്ടോ പേരുടെ ആക്ടിവിറ്റി മാത്രമേ ഉള്ളൂ. പക്ഷേ ഒരാഴ്ചയ്ക്ക് ശേഷം ഡല്‍ഹി പൊലീസ് സുബൈറിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ അയയ്ക്കുന്നു.

ആള്‍ട്ട് ന്യൂസ് ഒരു ചെറിയ സ്ഥാപനമല്ല. സത്യാനന്തരകാലത്ത് ജേണലിസത്തെ തിരിച്ച് പിടിക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്ന സ്ഥാപനമാണ്. സംഘപരിവാറും കൂട്ടരും വലിയ വലിയ പി ആര്‍ ഏജന്‍സികളുടെ സഹായത്തോടെ പടച്ച് വിടുന്ന നൂറു കണക്കിന് നുണക്കഥകളില്‍ നിന്ന് നുണകളേയും കള്ളങ്ങളേയും അർധ സത്യങ്ങളേയും അത്‌ വേര്‍തിരിച്ചു.

ആള്‍ട്ട് ന്യൂസ് ഒരു ചെറിയ സ്ഥാപനമല്ല. സത്യാനന്തരകാലത്ത് ജേണലിസത്തെ തിരിച്ച് പിടിക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്ന സ്ഥാപനമാണ്. സംഘപരിവാറും കൂട്ടരും വലിയ വലിയ പി ആര്‍ ഏജന്‍സികളുടെ സഹായത്തോടെ പടച്ച് വിടുന്ന നൂറു കണക്കിന് നുണക്കഥകളില്‍ നിന്ന് നുണകളേയും കള്ളങ്ങളേയും അർധ സത്യങ്ങളേയും അത്‌ വേര്‍തിരിച്ചു. വാര്‍ത്തകളെന്ന പേരില്‍ വ്യാജങ്ങള്‍ നിർമിക്കുന്നവരെ കണ്ടുപിടിച്ചു. കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ തടഞ്ഞുവയ്ക്കപ്പെടുന്ന സത്യങ്ങളെ പുറത്ത് കൊണ്ടുവന്നു.

അഥവാ കേരളത്തിലടക്കം സംഘപരിവാരത്തിന്റെ കാല്‍നക്കുന്ന സ്ഥാപനങ്ങള്‍ നിർവഹിക്കുന്ന ദൗത്യത്തിന് നേർവിപരീത ദിശയില്‍ സഞ്ചരിക്കുന്ന സ്ഥാപനമാണ് ആള്‍ട്ട് ന്യൂസ്. നമ്മുടെ വാര്‍ത്ത ചാനലുകളുടെ പിടിയില്‍ നിന്ന് ജേണലിസത്തെ മോചിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത സ്ഥാപനം. അതുകൊണ്ട് തന്നെയാണ് ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരായ പ്രതീക് സിന്‍ഹയേയും നോബല്‍ സമ്മാനത്തിന് വരെ പരിഗണിച്ചത്.

നോക്കൂ നമ്മുടെ മാധ്യമങ്ങള്‍ നൂറുവാര്‍ത്തയില്‍ ഒന്നായി ഇതും അവഗണിക്കും, തികച്ചും സ്വഭാവികം. ഇവരില്‍ നിന്ന് ജേണലിസത്തെ മോചിപ്പിക്കാനാണ് ആള്‍ട്ട് ന്യൂസ് ശ്രമിക്കുന്നത്. സ്വതന്ത്രമാധ്യമങ്ങളും വ്യക്തികളും ശ്രമിക്കുന്നത്. അവരെ ഒരോന്നായി ഇല്ലാതാക്കാന്‍ സംഘപരിവാറിനൊപ്പം ഈ സ്ഥാപനങ്ങളും പണിയെടുക്കും.

***
ഏറ്റവും അപകടകരമായ കാലത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്ന് പോകുന്നത്. എത്രകാലം ഈ ജനാധിപത്യ സമൂഹം നിലനില്‍ക്കുമെന്ന് പോലും നിശ്ചയമില്ല. ഈ രാജ്യത്ത് സംഘപരിവാരത്തിന് അവരുടെ വിനാശകരമായ ആശയപ്രപഞ്ചവുമായി ഭരണം പിടിക്കാനോ സാമൂഹിക ചലനങ്ങളുണ്ടാക്കാനോ കഴിയാത്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തെ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അവിടെ സംഘപരിവാറിന് സാധിക്കാത്ത ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ അവരെ സഹായിക്കുക എന്ന അജണ്ടയാണ് ഈ മുഖ്യധാര മാധ്യമങ്ങള്‍ സാധിച്ച് നല്‍കുന്നത്. അതുമനസിലാകാതെ അവരുടെ അജണ്ടകള്‍ക്ക് അനുസരിച്ച് പാവപോലെ ചലിക്കുകയാണ് കോണ്‍ഗ്രസും പ്രതിപക്ഷവും എന്നതാണ് ഏറ്റവും ദുഃഖകരം.

(ദേശാഭിമാനി വാരികയിൽ നിന്ന്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top