01 July Friday

കീഴടങ്ങലിന്റെ കാലത്തെ അടിച്ചമര്‍ത്തല്‍ - ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

ശ്രീജിത്ത് ദിവാകരന്‍Updated: Wednesday May 11, 2022

ഒറ്റപ്പെട്ടതും അപ്രതീക്ഷിതവുമായ ചില്ലറ ചെറുത്തുനില്‍പ്പുകളും ജാഗ്രതയാര്‍ന്ന ജേണലിസത്തിന്റെ അപൂർവ സ്ഥുലിംഗങ്ങളും ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ ഇന്ത്യന്‍ മാധ്യമങ്ങള്‍ കീഴടങ്ങലിന്റെ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കേരളത്തിലെ മുത്തശ്ശി പത്രങ്ങളും മുഖ്യധാര ചാനലുകളും ഇതേ വഴി പിന്തുടരുന്നതും നമ്മള്‍ ധാരാളം ചര്‍ച്ച ചെയ്തിട്ടുണ്ട്.

2014 ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട വര്‍ഷമാണ് എന്ന് സർവ്വര്‍ക്കുമറിയാം. ആ കാലം മുതലാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പരിപൂര്‍ണമായി കീഴടങ്ങാന്‍ ആരംഭിച്ചതും സംഘപരിവാര്‍ സര്‍ക്കാരിന്റെ പിണിയാളുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതും. ഒറ്റപ്പെട്ടതും അപ്രതീക്ഷിതവുമായ ചില്ലറ ചെറുത്തുനില്‍പ്പുകളും ജാഗ്രതയാര്‍ന്ന ജേണലിസത്തിന്റെ അപൂർവ സ്ഥുലിംഗങ്ങളും ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ ഇന്ത്യന്‍ മാധ്യമങ്ങള്‍ കീഴടങ്ങലിന്റെ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കേരളത്തിലെ മുത്തശ്ശി പത്രങ്ങളും മുഖ്യധാര ചാനലുകളും ഇതേ വഴി പിന്തുടരുന്നതും നമ്മള്‍ ധാരാളം ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തില്‍ എളുപ്പവഴിയെന്ന നിലയില്‍ ദേശീയ വാര്‍ത്തകളെ ചര്‍ച്ച ചെയ്യാതെ സർവവിദ്വേഷവും സംസ്ഥാന സര്‍ക്കാരിന് നേരെ ചൊരിഞ്ഞ ശേഷം അധികാരത്തിനെതിരെ നിലപാടെടുക്കുന്നുവെന്ന പുകമറ സൃഷ്ടിക്കലാണ് രീതി. ഇതെല്ലാമായിട്ടും, മാധ്യമങ്ങള്‍ ഇത്ര കീഴടങ്ങിയിട്ടും ഇക്കാലയളവില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മൂക്കുകുത്തി നിലംപതിക്കുകയാണ്. 2016ല്‍ മോദി സര്‍ക്കാരിന്റെ ഭരണം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 180 രാജ്യങ്ങളുടെ പട്ടികയില്‍ 133ാം സ്ഥാനമായിരുന്നു ഇന്ത്യയ്‌ക്ക്‌. സ്വാതന്ത്ര്യം ഏതാണ്ടില്ലാത്ത രാജ്യങ്ങളിലൊന്ന്. മൂന്ന് വര്‍ഷത്തിനുള്ളില്‍, 2019‐20 കാലത്ത് അത് 142ാം സ്ഥാനത്തേക്ക്‌ നിലംപതിച്ചു. ഇപ്പോഴത് 150ാം സ്ഥാനത്തേക്ക്‌ എത്തി. ജനാധിപത്യം ഭരണഘടനയിലും പത്രസ്വാതന്ത്ര്യം മൗലികാവകാശവും ആയ രാജ്യങ്ങളൊന്നും ഇന്ത്യയേക്കാള്‍ അധഃപതിച്ച നിലയില്‍ ഈ പട്ടികയില്‍ ഉണ്ടാകില്ല.

എന്തുകൊണ്ടായിരിക്കും കീഴടങ്ങല്‍ ശീലമാക്കിയിട്ടും ഈ അടിച്ചമര്‍ത്തല്‍ തുടരുന്നത്? മേയ് മൂന്ന് ആഗോള മാധ്യമസ്വാതന്ത്ര്യ ദിനമാണ്. ഈ ദിവസത്തില്‍ ‘ദ വയർ' പ്രസിദ്ധീകരിച്ച എഡിറ്റോറിയിലില്‍ ജയിലില്‍ കിടക്കുന്ന മൂന്ന് ജേണലിസ്റ്റുകളെ ക്കുറിച്ച് പറയുന്നുണ്ട്. മൂന്ന് പേരും തങ്ങളുടെ ജോലി ചെയ്യാന്‍ പോയവരായിരുന്നു.

സിദ്ദീഖ്‌ കാപ്പൻ

സിദ്ദീഖ്‌ കാപ്പൻ

മലയാളിയായ സിദ്ദീഖ് കാപ്പന്‍ ഈ മെയ് മൂന്നിന് മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ ജയിലില്‍ ആയിട്ട് 575 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. ഹഥ്‌റാസില്‍ കൂട്ട ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ദളിത് സ്ത്രീയുടെ മൃതദേഹം വീട്ടകാരോട് പോലും ചോദിക്കാതെ യു പി പൊലീസും പ്രതികളും ചേര്‍ന്ന് കത്തിച്ച് കളഞ്ഞതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതാണ്. സിദ്ദീഖ് ആ റിപ്പോര്‍ട്ട് എഴുതിയില്ല, അതിന് ശേഷം പുറം ലോകത്ത് സ്വതന്ത്രനായി എത്തിയിട്ടുമില്ല. ഈ ദിവസം ശ്രീനഗറിലെ കശ്‌മീർ വാല മാഗസിനിന്റെ പത്രാധിപര്‍ ഫഹദ് ഷായെ ജയിലില്‍ അടച്ചിട്ട് മൂന്നുമാസം തികയുകയാണെന്നും ജമ്മുകാശ്മീര്‍ ഭരണാധികാരികള്‍ മുതിര്‍ന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ഗുളിനെ തടങ്കലിലാക്കിയിട്ട് നാല് മാസമായെന്നും ‘ദ വയർ' ഓര്‍മ്മിപ്പിക്കുന്നു. സിദ്ദീഖിനേയും ഫഹദ് ഷായെയും 'ഭീകരവാദ' വിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയാണ് ജയിലില്‍ ഇട്ടിരിക്കുന്നത്. സിദ്ദീഖ് കാപ്പന്‌ ഇന്നേ വരെ ജാമ്യം നല്‍കണമെന്ന് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥിതിക്ക് തോന്നിയിട്ടില്ല. ഫഹദ് ഷായ്്‌ക്ക്‌ ജാമ്യം ലഭിച്ച ഉടനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ അധികൃതര്‍ മറന്നില്ല.

ഇത് പ്രധാനമായും ദൃശ്യമാധ്യമങ്ങളെക്കുറിച്ചുള്ള കോളമാണെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാധ്യമസ്വാതന്ത്യമെന്നതിനെ ക്കുറിച്ചുള്ള ആലോചനകള്‍ ഗൗരവമായി നടത്തേണ്ടതുണ്ട് എന്ന് തോന്നുന്നു. മുട്ടിലിഴയുന്ന മാധ്യമങ്ങളെ നമ്മള്‍ കാണുന്ന അതേ കാലത്താണ് മുസ്ലീം പേരുകളുള്ള മാധ്യമപ്രവര്‍ത്തകരെ ജയിലിലടക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും തേടാത്ത കേന്ദ്രഭരണകൂടത്തെ നമ്മള്‍ കാണുന്നത്. മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഏറ്റവും മോശം രാജ്യങ്ങളിലൊന്നായും ഈ ജോലി ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായുമാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ പരിഗണിക്കപ്പെട്ടിരുന്നത്. ‘മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണം, രാഷ്ട്രീയമായി ചായ്്‌വ് പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍, മാധ്യമങ്ങളുടെ ഉടമസ്ഥാവാകാശം ചുരുക്കം വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നത് തുടങ്ങിയവയെല്ലാം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ പ്രതിസന്ധിയായി ഇന്ത്യയില്‍ മാറിയിരിക്കുന്നു'വെന്ന് 2022 മാധ്യമസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ ഹിന്ദു ദേശീയ വാദികളുടെ പാര്‍ട്ടിയായ ബിജെപിയുടെ നേതാവ് നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഈ സ്ഥിതിയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

‘കോളനി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഇന്ത്യന്‍ മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീക്ഷ്‌ണമായ പുരോഗമന പാതയില്‍ നീങ്ങിയിരുന്നതാണ്. ഇതിന് വലിയ മാറ്റമുണ്ടാകുന്നത് 2010‐15 കാലത്താണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തിന്റെ പാർടിയായ ബിജെപിയും ഇന്ത്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ കുടുംബങ്ങളും തമ്മിലുള്ള സൗഹൃദപുനഃസ്ഥാപനം വഴി സംഭവിച്ചതാണത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇപ്പോള്‍ മോദിയുടെ അടുത്ത സുഹൃത്ത്‌  കൂടിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്‌ ആണ്. ഇന്ത്യയിലെ 80 മാധ്യമ സ്ഥാപനങ്ങളാണ് അവരുടെ മാത്രം ഉടസ്ഥതയിലുള്ളത്. ഏതാണ്ട് 80 ഇന്ത്യക്കാരിലേക്ക്‌ ഈ സ്ഥാപനങ്ങള്‍ എത്തുന്നുണ്ട്.’ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സംഘപരിവാര്‍ സര്‍ക്കാരിന് മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയുടെ പരകോടിയെന്നത് കോവിഡിനെതിരെയുള്ള പോരാട്ടമെന്ന മട്ടില്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടിയതാണ്. ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ക്ക് അപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങള്‍ക്ക് എതിരെയായിരുന്നു കേസ്.

സംഘപരിവാര്‍ സര്‍ക്കാരിന് മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയുടെ പരകോടിയെന്നത് കോവിഡിനെതിരെയുള്ള പോരാട്ടമെന്ന മട്ടില്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടിയതാണ്. ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ക്ക് അപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങള്‍ക്ക് എതിരെയായിരുന്നു കേസ്. 2020 ജൂണിനുള്ളില്‍ 55 ജേണലിസ്റ്റുകളെയാണ് കേന്ദ്രസര്‍ക്കാര്‍ അറസ്റ്റുചെയ്യുകയും കേസുകള്‍ ചുമത്തുകയും ചെയ്തത്. പലരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോവിഡിനെ ഫലപ്രദമായി നേരിടാതെ ഇന്ത്യന്‍ ജനതയെ കൊടുംപ്രതിസന്ധികളിലേക്കും തൊഴിലില്ലായ്മകളിലേയ്‌ക്കും മരണങ്ങളിലേക്കും തള്ളിവിടുക മാത്രമല്ല, മരണസംഖ്യകള്‍ മറച്ചുപിടിക്കുകയും പലയിടത്തും പരിശോധന പോലും നടത്താതിരിക്കുകയും ചെയ്തു സര്‍ക്കാര്‍. ഇത് ചോദ്യം ചെയ്തവരാണ് അറസ്റ്റിലായതും കേസില്‍ പെട്ടതും. സാമൂഹിക മാധ്യമങ്ങളാകട്ടെ പല ജേണലിസ്റ്റുകള്‍ക്കുമെതിരെ വിദ്വേഷ പ്രചാരണവും കൊലപാതകത്തിനുള്ള ആഹ്വാനങ്ങളും വരെ വന്നു. വനിതാ ജേണലിസ്റ്റുകളെ ലക്ഷ്യം വച്ചുകൊണ്ടുള്ള അക്രമാഹ്വാനങ്ങള്‍ കുടുതല്‍ ഭയാനകമായിരുന്നു. കശ്മീരില്‍ ഇപ്പോഴും അതങ്ങനെ തന്നെ തുടരുകയുമാണ്.

2022 ജനവരില്‍ ഒന്നിന് ഗിറ്റ്ഹബില്‍ കാണപ്പെട്ട ‘ബുല്ലിബായ്' എന്ന ആപ്പ്‌ വഴി ഇന്ത്യയിലെ ഒട്ടേറെ മുസ്ലീം സ്ത്രീകളെ അപമാനിച്ചിരുന്നു. ഈ സ്ത്രീകളുടെ ചിത്രം ഉപയോഗിച്ച് ഇവരെ ലേലത്തിന് വയ്്‌ക്കുകയാണ് ആപ്പിലൂടെ ചെയ്തത്. ഇത് അതിന് മുമ്പുള്ള വര്‍ഷം ഇതേ ഗിറ്റ്ഹബ്ബിലൂടെ സുല്ലി ഡീല്‍സ് എന്ന പേരിലും നടന്നിരുന്നു. ഈ രണ്ട് വാക്കുകളും ബുല്ലി, സുല്ലി എന്നിവ മുസ്ലീം സ്ത്രീകളെ അപമാനിക്കുന്നതിനായി ഹിന്ദുതീവ്രവാദികള്‍ ഉപയോഗിക്കുന്ന വാക്കുകയാണ്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ജേണലിസ്റ്റുകളായ മുസ്ലീം സ്്ത്രീകളെ ഇതില്‍ ഉള്‍പ്പെടുത്താന്‍ മറന്നില്ല. ‘ദ വയർ' തന്നെ നടത്തിയ മറ്റൊരു അന്വേഷണത്തില്‍ ‘ടെക് ഫോഗ്' എന്ന ഒരു ആപ്പ്‌ ഉപയോഗിച്ച് സംഘപരിവാറിന്റെ ഔദ്യോഗിക പ്രചരണത്തിനെതിരായുള്ള വാര്‍ത്തകള്‍ കൊടുക്കുന്ന വനിതാ ജേണലിസ്റ്റുകള്‍ക്കെതിരായുള്ള വാര്‍ത്തകളും പ്രചരണങ്ങളും സാമൂഹിക മധ്യത്തില്‍ ബിജെപിയുടെ രാഷ്ട്രീയ സഖ്യങ്ങള്‍ നടത്തുന്നുവെന്നുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. ദേശീയ തലത്തില്‍ മാധ്യമങ്ങളെ മെരുക്കുന്നതിനായി ഓരോ വര്‍ഷവും ഏതാണ്ട് 13,000 കോടി രൂപയാണ് പരസ്യ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മോദി സര്‍ക്കാരിന് കീഴില്‍ മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ‘ദ വയർ' ഇങ്ങനെ അടയാളപ്പെടുത്തുന്നു. 1‐ ജേണലിസ്റ്റുകള്‍ക്ക് നേരെയുള്ള അറസ്റ്റും ജയിലില്‍ അടയ്‌ക്കലും. 2‐ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ വ്യാജ ക്രിമിനല്‍ കേസുകള്‍ ചാർജ്‌ ചെയ്യല്‍. 3‐ ജേണലിസ്റ്റുകള്‍ക്കെതിരെ പെഗാസസ് പോലുള്ള സർവൈലൻസസ് ഉപയോഗിക്കുക, 4‐ ഫീല്‍ഡിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ ഉദ്യോഗസ്ഥരും ബിജെപി അണികളും നടത്തുന്ന ശാരീരികാക്രമണങ്ങള്‍, 5‐ സര്‍ക്കാര്‍ അംഗീകരിക്കാത്ത മുഴുവന്‍ ഉള്ളടക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒഴിവാക്കണമെന്ന ഭീഷണി, 6‐ പുറത്തുപറയാന്‍ പറ്റില്ലാത്ത കാരണങ്ങള്‍ എന്ന പേരില്‍ ടി വി സ്റ്റേഷനുകളെ നിരോധിക്കുക (മീഡിയ വണ്‍ ഉദാഹരണം), 7‐ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജേണലിസ്റ്റുകളേയും മാധ്യമസ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അപമാനിക്കുക, 8‐ ഇന്റര്‍നെറ്റ് നിരോധനം, 9‐ സര്‍ക്കാര്‍ പരസ്യങ്ങള്‍ പ്രിയപ്പെട്ട മാധ്യമങ്ങളെ സഹായിക്കാനായി ഉപയോഗിക്കുക, 10‐കശ്മീരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ ഒഴിവാക്കുകയും ജേണലിസ്റ്റ് വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുക.

ഈ പട്ടിക എത്ര വേണങ്കിലും നീട്ടാം. ഇന്ത്യ എന്ന രാജ്യത്തിലെ മാധ്യമങ്ങള്‍ നേരിടുന്ന അസ്വാതന്ത്ര്യത്തിന്റെ പട്ടികയാണത്. പലപ്പോഴും കലാപങ്ങളുടേയും ഭരണമില്ലായ്മയുടേയും ജനാധിപത്യരാഹിത്യത്തിന്റെയും പേരില്‍ ക്രൂശിക്കപ്പെടുന്ന പല ആഫ്രിക്കന്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെയും പിന്നിലായി ഇന്ത്യ മാറുമ്പോഴുള്ള അവസ്ഥ സൃഷ്ടിക്കപ്പെടുന്നതാണ് ഈ കാലത്തിന്റെ അടയാളം.

*********

മാധ്യമങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ നടക്കുന്ന ഈ അതിക്രമം കേരളത്തിലെ, താരതമ്യേന സ്വതന്ത്രരായ ടെലിവിഷന്‍ ചാനലുകളുടെ താൽപ്പര്യ വിഷയമാണോ? ഒരിക്കലുമല്ല. മറ്റെല്ലാത്തിലും, നേപ്പാളിലെ ഭൂകമ്പം മുതല്‍ ഉക്രെയ്‌നെതിരെയുള്ള റഷ്യയുടെ യുദ്ധത്തില്‍ വരെ, മലയാളി/കേരള ആംഗിള്‍ കണ്ടെത്തുന്ന മുഖ്യധാരാ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഈ മാധ്യമ സ്വാതന്ത്ര്യദിനത്തില്‍ മലയാളിയായ ഒരു ചെറുപ്പക്കാരന്‍ 500ല്‍ അധികം ദിവസങ്ങളായി ജയിലില്‍ കിടക്കുന്നതിനെക്കുറിച്ച് ഒരു വൈകുന്നേരം ചര്‍ച്ച ചെയ്യണം എന്ന് തോന്നിയോ? ഇല്ല. പരാമര്‍ശങ്ങളിലൂടെയെങ്കിലും ആരെങ്കിലും സിദ്ദീഖ് കാപ്പന്റെ ജയില്‍വാസം ഓര്‍ത്തിരുന്നുവോ എന്നറിയില്ല.

പകരം ഇവിടെ ജനാധിപത്യ വിരുദ്ധതകളുടെ ആഘോഷം നിലനില്‍ക്കുകയും ചെയ്യുന്നു. പെട്രോളിയം ഉൽപ്പന്നങ്ങള്‍ക്ക് സംസ്ഥാനങ്ങളാണ് നികുതി കുറക്കേണ്ടത് എന്ന് പറയുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ കണക്കുസഹിതം തിരിച്ചുചോദിക്കേണ്ടതാണ്, സംസാരിക്കേണ്ടതാണ്, തെളിവുകള്‍ നല്‍കേണ്ടതാണ്. പക്ഷേ, കേന്ദ്രസര്‍ക്കാരിന്റെ വാദവും നിശ്ശബ്ദതയുമല്ലാതെ മറ്റൊന്നും ഈ ചാനലുകളുടെ ഭാഗത്ത് നിന്നുണ്ടായില്ല. നിരന്തരമായ അനീതികള്‍ക്കെതിരെ സംസാരിക്കാനുള്ള എല്ലാ അവസരവും അവര്‍ കേരളത്തിന്റെ സന്ദര്‍ഭത്തില്‍ മാത്രമായി ചുരുക്കുകയും ചെയ്തു. കേരളത്തിലെ ഈ ചാനലുകളിലെ നിരന്തര സാന്നിധ്യമായിരുന്ന പി സി ജോർജ്‌  എന്ന നിലയവിദ്വാനാണ് കഴിഞ്ഞ ദിവസം വംശീയ വിദ്വേഷത്തിന്റെ സംഘപരിവാര്‍ ഭാഷയില്‍ കേരളസമൂഹത്തിന് നേരെ വിഷം ചീറ്റിയത്. ഒരുതരത്തിലും ജോർജിന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലാത്ത സകലയിടങ്ങളിലും ഇയാളുടെ ആണഹന്തയുടെ തള്ളിച്ചയും പുലഭ്യവും കേള്‍ക്കാനും അത് സൃഷ്ടിക്കുന്ന വിവാദങ്ങൾ ആഘോഷിക്കാനും നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ ഇയാളെ ക്ഷണിക്കുകയും ഇയാള്‍ വായില്‍ തോന്നിയത് വിളിച്ച് പറയുകയും ചെയ്യും. ഇത്തരം അശ്ലീലങ്ങളില്‍ മതിമറന്നായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് കേരളത്തിലെ മാധ്യമങ്ങള്‍ സ്വയം അകന്ന് നിന്നത്.

മാധ്യമങ്ങള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലും മാനേജ്‌മെന്റുകളുടെ വിധേയത്വവും സൃഷ്ടിച്ച അധമ മാധ്യമ സംസ്‌കാരത്തിന്റെ വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഹിന്ദി-, ഇംഗ്ലീഷ്- പ്രദേശിക ചാനലുകള്‍ ആഘോഷിച്ച രാഹുൽ ഗാന്ധിയുടെ നേപ്പാള്‍ ദൃശ്യങ്ങള്‍.

മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഈ അടിച്ചമര്‍ത്തലും മാനേജ്‌മെന്റുകളുടെ വിധേയത്വവും സൃഷ്ടിച്ച അധമ മാധ്യമ സംസ്‌കാരത്തിന്റെ വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഹിന്ദി, ഇംഗ്ലീഷ്പ്രദേശിക ചാനലുകള്‍ ആഘോഷിച്ച രാഹുൽ ഗാന്ധിയുടെ നേപ്പാള്‍ ദൃശ്യങ്ങള്‍. ബിജെപിയുടെ ഐടി സെല്‍ പുറത്തുവിട്ട മുപ്പതോ നാൽപ്പതോ സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള, യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു ദൃശ്യം ലോകത്തെ ഏറ്റവും വലിയ എക്‌സ്‌ക്ലൂസീവ് ദൃശ്യമെന്നതുപോലെ ചാനലുകള്‍ ആഘോഷിച്ചു. ഈ ചാനലുകള്‍ ചൊവ്വാഗ്രഹത്തില്‍ വെള്ളമുണ്ടായിരുന്നുവെന്നതിനുള്ള പുതിയ ശാസ്ത്രീയ തെളിവ് നാസ പുറത്തുവിട്ടത് അറിഞ്ഞുപോലും കാണില്ല. ഒരു രാഷ്ട്രീയ നേതാവ് ഒരു നിശാക്ലബ്ബിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പുതുമയെന്ന ചോദ്യം ആരില്‍ നിന്നും ഉയരില്ല.

ചാനലുകൾ ആഘോഷിച്ച രാഹുൽ ഗാന്ധിയുടെ ദൃശ്യം

ചാനലുകൾ ആഘോഷിച്ച രാഹുൽ ഗാന്ധിയുടെ ദൃശ്യം

മറ്റ് പാർടികളുടെ നേതാക്കളും ഇത് ചെയ്യാറില്ലേ എന്ന ചോദ്യം ഉയരില്ല. വിസ്‌ഫോടന സ്വഭാവമുള്ള ഒരു രഹസ്യത്തിന്റെ താക്കോലെന്ന മട്ടില്‍ സംഘപരിവാരം കൈമാറുന്ന ദൃശ്യങ്ങള്‍ ആഘോഷിക്കുക എന്ന ദൗത്യമേ ഈ മാധ്യമങ്ങള്‍ക്കുള്ളൂ. അദ്ദേഹം എവിടെ പോകുന്നുവെന്നല്ല, എവിടെ പോകുന്നില്ല എന്നതാണ് പ്രധാനമെന്ന വസ്തുത ഉന്നയിച്ചത് കേരളത്തിലെ സോഷ്യല്‍ മീഡിയയാണ്.

‘രാഹുല്‍ഗാന്ധി നിശാക്ലബ്ബില്‍ പോയോ എന്നതല്ല, അദ്ദേഹം ജഹാംഗീര്‍പുരിയില്‍ പോയില്ല' എന്നതാണ് വാര്‍ത്തയെന്ന് എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വി പി സാനു പ്രഖ്യാപിച്ചത് കേരളത്തില്‍ തരംഗമായി. അതുകൊണ്ടുതന്നെ സംഘപരിവാര്‍ ചാനലുകള്‍ ദേശീയാടിസ്ഥാനത്തില്‍ ആഘോഷിച്ച വീഡിയോക്ക് കേരളത്തില്‍ വലിയ ചലനമൊന്നുമുണ്ടാക്കാനായില്ല.
കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് കേരള വ്യവസായ മന്ത്രി പി രാജീവ്

പി രാജീവ്‌

പി രാജീവ്‌

നല്‍കിയ അഭിമുഖത്തില്‍ കുറച്ചുകാലം മുമ്പ് ഡബ്ല്യുസിസി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ചയെക്കുറിച്ചുള്ള ഒരു പരാമര്‍ശം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചോദ്യം ചോദിക്കാനെത്തിയ ചാനല്‍ കൂട്ടങ്ങള്‍ക്ക് മുന്നില്‍ അവര്‍ തന്നെ നേരത്തെ ഇതേക്കുറിച്ച് നല്‍കിയ വാര്‍ത്ത മന്ത്രി കേള്‍പ്പിച്ചു. നേരത്തെ ചര്‍ച്ച ചെയ്തതിനപ്പുറം പുതുതായി ഒരു കാര്യവും മന്ത്രി പറഞ്ഞിട്ടില്ല എന്ന് വ്യക്തമാണ്.

അനാവശ്യവിവാദങ്ങളുണ്ടാക്കാന്‍ സ്വന്തം സ്ഥാപനങ്ങള്‍ ഇതേക്കുറിച്ച് മുമ്പ് നല്‍കിയ വാര്‍ത്തയെന്താണ് എന്നുപോലും നോക്കാതെ ചാടിപ്പുറപ്പെടുന്ന റിപ്പോര്‍ട്ടര്‍മാരും, അവര്‍ അത് ചെയ്തില്ലെങ്കില്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കുന്ന മേലധികാരികളും ഭരണകൂടത്തിന്റെ ദാസ്യം തുടരാന്‍ ഏതുതലം വരെ പോകാനും തയ്യാറായ മാധ്യമ മാനേജ്‌മെന്റുകളും ചേര്‍ന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ അടിമത്തത്തിന്റെ തോത് വർധിപ്പിക്കുന്നത്.

മറ്റ് പലതിലുമെന്നത് പോലെ ഒരുപക്ഷേ മാധ്യമസ്വാതന്ത്ര്യത്തിന്റെ സംസ്ഥാനതല കണക്കെടുത്ത് നോക്കിയില്‍ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ കേരളത്തിനുണ്ടാകും. പക്ഷേ ഉടമസ്ഥതാ കേന്ദ്രീകരണവും സംഘപരിവാര്‍ ബന്ധവും ചേര്‍ന്ന് സൃഷ്ടിച്ച മാധ്യമ അടിമത്ത ബോധത്തിന്റെ ഇരകളാണ് കേരളത്തിലെ മാധ്യമങ്ങളും എന്ന കാര്യത്തില്‍ യാാതൊരു സംശയവുമില്ല. സംഘപരിവാര്‍ കാലത്തിന് മുന്പുതന്നെ ദേശീയ ബൂര്‍ഷ്വാസിയുമായി സന്ധി ചെയ്ത് മുതലാളിത്തത്തിനും വലതുപക്ഷത്തിനും വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിച്ചും സൃഷ്ടിച്ചും തമസ്‌കരിച്ചും മുന്നേറിയ മുത്തശ്ശി പത്രങ്ങളുടെ ലക്ഷണമൊത്ത പാരമ്പര്യമുണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ക്ക്. മനുഷ്യത്വമില്ലായ്മയുടെ ശവശൈത്യത്തിലൂടെ, അതേ വഴിയില്‍, കാവിപ്പുതപ്പ് ചുറ്റി മുന്നേറാന്‍ ഈ മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ല, അവരതാണ് ചെയ്യുന്നതും.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top