28 March Thursday

വർഗീയ കലാപങ്ങൾ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ...മാധ്യമ ധാർമികതയെക്കുറിച്ച് ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

ശ്രീജിത്ത് ദിവാകരന്‍Updated: Monday Apr 25, 2022

ജഹാംഗിർപുരിയിലെ വീടുകൾ പൊളിക്കാനെത്തിയ ബുൾഡോസറുകൾ സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ തടയുന്നു

വാര്‍ത്താമേധാവികളില്ലാത്ത ചാനലുകളും പത്രങ്ങളും ഓൺലൈൻ സ്ഥാപനങ്ങളും പുറത്തുവിടുന്ന അർധസത്യങ്ങളുടേയും നുണകളുടേയും പച്ചക്കള്ളങ്ങളുടേയും ഗോസിപ്പുകളുടേയും കേട്ടുകേൾവികളുടേയും ഊഹാപോഹങ്ങളുടേയും പ്രളയത്തെ വാര്‍ത്തയെന്ന് തെറ്റിദ്ധരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. 

മാധ്യമങ്ങള്‍ക്ക് ഒരു എഡിറ്റര്‍ (പഴയ അര്‍ത്ഥത്തില്‍ പത്രാധിപര്‍, ശരിക്കും ചീഫ് ഓഫ് ന്യൂസ് അഥവാ വാര്‍ത്താമേധാവി) ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ മേഖലയില്‍ പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. ഒരു ചാനലില്‍ എഴുതിക്കാണിക്കുന്ന ഓരോ വരിക്കും അതില്‍ ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കിനും ഉള്ള പ്രാധാന്യം നമ്മള്‍ കണക്കാക്കുന്നതിലും അധികമാണ്. പത്രങ്ങളില്‍ അച്ചടിക്കപ്പെടുന്ന ഓരോ അക്ഷരത്തിനും അതിന്റെ ശരി തെറ്റുകള്‍ക്കും അര്‍ത്ഥശൂന്യതകള്‍ക്കും അപ്പുറം, വലിയ പ്രസക്തിയുണ്ട്. ഇത് ഉത്തരവാദിത്തത്തോടെ, ഓരോ ശ്വാസത്തിലും ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. കാരണം വിശ്വാസ്യതയുടെ, ജനക്കൂട്ടങ്ങളിലെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണത്‌. നിര്‍ഭാഗ്യവശാല്‍ വാര്‍ത്താമേധാവികളില്ലാത്ത ചാനലുകളും പത്രങ്ങളും ഓൺലൈൻസ്ഥാപനങ്ങളും പുറത്ത് വിടുന്ന അർധസത്യങ്ങളുടേയും നുണകളുടേയും പച്ചക്കള്ളങ്ങളുടേയും ഗോസിപ്പുകളുടേയും കേട്ടുകേൾവികളുടേയും ഊഹാപോഹങ്ങളുടേയും പ്രളയത്തെ വാര്‍ത്തയെന്ന് തെറ്റിദ്ധരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.

കേരളത്തിലെ ദൃശ്യവാര്‍ത്താ മാധ്യമങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരാളെ മറ്റൊരാള്‍ മുക്കി കൊല്ലുന്ന ദൃശ്യം നേരിട്ടും ആവര്‍ത്തിച്ചും സംപ്രേഷണം ചെയ്തുകൊണ്ടാണെന്ന് പറയാറുണ്ട്. ഒരിക്കലും ഒരു വാര്‍ത്താചാനല്‍ സംപ്രേഷണം ചെയ്തു കൂടാത്ത ആ ദൃശ്യത്തിന് ലഭിച്ച സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് കേരളം മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ക്ക് പച്ചപിടിക്കാന്‍ വളക്കൂറുള്ള മണ്ണാണെന്ന് മാധ്യമവ്യവസായ ലോകം തിരിച്ചറിയുന്നത്. ഏഷ്യാനെറ്റിന്റെ ആദ്യകാലത്ത് പല ധാർമിക നിലപാടുകളും പിന്തുടര്‍ന്നിരുന്നുവെങ്കിലും ചാനലിന്റെ മാനേജ്‌മെന്റ് മാറിമറഞ്ഞതോടെ ജനങ്ങള്‍ കാണാന്‍ സാധ്യതയുള്ള എന്തും വാര്‍ത്തയാകുന്ന അവസ്ഥയായി. ഉത്തരവാദിത്തമുള്ള വാര്‍ത്താമേധാവികള്‍ നിഷ്‌കാസിതരായി.

വിദേശങ്ങളില്‍ പലയിടങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനരീതികളും നിയമങ്ങളുമുണ്ട്. നിങ്ങള്‍ക്ക് ബോധ്യപ്പെട്ട ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് മുതല്‍ വാര്‍ത്താ ഉറവിടങ്ങൾ പലവട്ടം പരിശോധിക്കുകയും അതിന്റെ ആധികാരികത പലവട്ടം ഉറപ്പുവരുത്തുകയും വേണം. സ്വന്തം വാര്‍ത്താസംഘത്തിലുള്ള ആളുകളെ ഇത് ധരിപ്പിക്കണം. വാര്‍ത്താമേധാവിയെ മാത്രം ധരിപ്പിച്ചാല്‍ പോരാ. അന്തിമ തീരുമാനം കൈക്കൊള്ളുന്ന വാര്‍ത്താമേധാവിക്കായിരിക്കും അച്ചടിക്കപ്പെടുന്ന, ടെലികാസ്റ്റ് ചെയ്യപ്പെടുന്ന ഒരോ വാര്‍ത്ത ശകലത്തിന്റെയും, അക്ഷരത്തിെന്റയും ഫ്രെയിമുകളുടേയും ഉത്തരവാദിത്തം. കടുത്ത വലതുപക്ഷ, മുതലാളിത്ത വീക്ഷണം പുലര്‍ത്തുന്ന യൂറോപ്യന്‍, അമേരിക്കന്‍ സ്ഥാപനങ്ങള്‍ പോലും ഇത് പിന്തുടരുന്നത് കാണാം. ദ ന്യൂസ് റൂം എന്ന വളരെ പ്രശസ്തമായ ടിവി ഡ്രാമ സീരീസിലൊക്കെ ധാർമികതയുടെ പേരിലുള്ള ഇത്തരം ചര്‍ച്ചകളും വിചാരങ്ങളും കാണാം.

ഇന്ത്യന്‍ പ്രസ്‌ കൗണ്‍സിലും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭീകരതയും മതവിരോധവും തോന്നത്തക്ക വിധമുള്ള ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ അരുത്. മതവിദ്വേഷവും കലാപവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മതസൗഹാര്‍ദ്ദം നഷ്ടപ്പെടുന്ന ഒരു സാഹചര്യവും സൃഷ്ടിക്കരുത്. പ്രകോപനപരവും വൈകാരികവും ഭീതിജനകവുമായ തലക്കെട്ടുകള്‍ ഒഴിവാക്കണം. ഭരണകൂടത്തിന്റെ ക്രമസമാധാന സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് അവിശ്വാസം ഉണ്ടാക്കരുത് തുടങ്ങി പല നിര്‍ദ്ദേശങ്ങളും പ്രസ്‌ കൗണ്‍സിലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിലും പലപ്പോഴും ഇതിനൊന്നും ചാനലുകളും പത്രങ്ങളും ഒരു വിലയും നല്‍കാറില്ല. ഇന്ത്യയിലാകട്ടെ പലപ്പോഴും ഇത്തരം റിപ്പോര്‍ട്ടിങ്, അഥവാ ചാനലുകളുടെ വർധിതോർജം വിപരീത ഫലങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. 2008 നവംബര്‍ ഇരുപത്തിയാറിന് മുംബൈയില്‍ ആരംഭിക്കുകയും നാലുദിവസത്തോളം നീണ്ടു നില്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തില്‍ സര്‍ക്കാരും സേനയും കൈക്കൊള്ളുന്ന നടപടികള്‍ തൽസമയം സംപ്രേഷണം ചെയ്ത് ഒളിച്ച് നില്‍ക്കുന്ന ഭീകരരിലേയ്‌ക്ക്‌ വരെ വാര്‍ത്തയെത്തിക്കുന്ന സ്ഥിതിയുണ്ടായി.

2015ലെ നേപ്പാള്‍ ഭൂകമ്പം നമ്മുടെ ദൃശ്യമാധ്യമ ചരിത്രത്തിലെ തന്നെ ഒരു കറപിടിച്ച അധ്യായമാണ്. ഇന്ത്യന്‍ മീഡിയ ഗോ ബാക്ക് എന്ന് നേപ്പാള്‍ ജനത ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ്‌ടാഗ് ക്യാമ്പയിന്‍ നടത്തേണ്ട സ്ഥിതിയുണ്ടായി. പതിനായിരത്തോളം പേര്‍ മണ്ണിനിടയില്‍ പെട്ട് മരിക്കുകയും രാജ്യതലസ്ഥാനത്തിന്റെ അടയാളവും കരുത്തും ചരിത്രവും സമ്പത്തുമായ സകലതും തകര്‍ന്നുവീഴുകയും ചെയ്ത് സ്തംഭിച്ച് നിന്നിരുന്ന ആ രാജ്യത്ത് ഇന്ത്യന്‍ മീഡിയ വിനോദസഞ്ചാരം നടത്തുകയായിരുന്നു. തെറ്റുകളും മണ്ടത്തരങ്ങളും വിളിച്ച് പറഞ്ഞു. മോദിക്ക് ജയ് വിളിച്ചു, സൈനിക ഹെലികോപ്റ്ററുകളില്‍ മരുന്നും രക്ഷാസാമഗ്രികള്‍ക്കും പകരം ക്യാമറകള്‍ കയറ്റി പറത്തി, മരിച്ച ഇന്ത്യാക്കാരെപ്പറ്റി മാത്രം അന്വേഷിച്ച് വാര്‍ത്തകള്‍ അവിടേക്ക് കേന്ദ്രീകരിച്ചു. അഥവാ ദുരിത റിപ്പോര്‍ട്ടിങ്ങില്‍ ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്തു. ലോകത്തിന് മുന്നില്‍ നാണം കെട്ടു. ഈ സ്ഥാപനങ്ങളുടെ എല്ലാം മേധാവിമാരായ, ഇത്തരത്തില്‍ മത്സരത്തിലും വേഗതയിലും മാത്രം അടിസ്ഥാനമാക്കി ടെലിവിഷന്‍ റിപ്പോര്‍ട്ടിങ്ങിനെ നാണം കെടുത്തുകയും നശിപ്പിക്കുകയും ചെയ്ത വാർത്താമേധാവികള്‍ വരെ നേപ്പാള്‍ ജനതയോട് ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെയ്തത് ക്രൂരതയാണ് എന്ന് ചൂണ്ടിക്കാണിച്ചു.

*********

വർഗീയ സംഘര്‍ഷങ്ങളുടേയും ആക്രമണങ്ങളുടേയും കാലത്ത് മാധ്യമങ്ങള്‍ പാലിക്കേണ്ട മാന്യതയെക്കുറിച്ച് കേരളത്തില്‍ യാതൊരു മാനദണ്ഡങ്ങളും നിലവിലില്ല. പെരുമാറ്റച്ചട്ടങ്ങളും മുന്‍മാതൃകകളും ഇല്ല. അത്തരമൊരു സാഹചര്യത്തില്‍ ജേണലിസത്തെ മുന്നോട്ട് നയിക്കേണ്ടത് ധാർമിക വിചാരങ്ങളാണ്. വളരെ പ്രധാനപ്പെട്ട ആളുകള്‍ ഉള്‍പ്പെട്ടതാണെങ്കില്‍ പോലും പരസ്‌പര അനുമതിയോടെ നടക്കുന്ന ഒരു ലൈംഗിക കര്‍മ്മത്തിന്റെ ദൃശ്യം ഒളിക്യാമറ വച്ച് ചിത്രീകരിച്ചത് സംപ്രേഷണം ചെയ്യണമോ വേണ്ടയോ എന്നതും ധാർമികമായ ഒരു ചോദ്യമാണ്. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കുകയാണ് എന്ന് ബോധ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ള ഒരുദ്യോഗസ്ഥന്റെ പുറകില്‍ അഞ്ച് മണിക്കൂറിലധികം ലൈവ് ക്യാമറയുമായി സഞ്ചരിക്കുന്നതാണോ മാധ്യമപ്രവര്‍ത്തനം എന്നതും ധാർമികതയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കേണ്ട ചോദ്യമാണ്. ആ ധാർമികതയ്‌ക്കാണ് ഭംഗം സംഭവിച്ചിരിക്കുന്നത്.

കേരളത്തിനെ സംഘര്‍ഷ ഭൂമിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം കുറച്ചധികം കാലമായി ബിജെപിയും കേന്ദ്രസര്‍ക്കാരും നടത്തുന്നതാണ്. കേരളത്തില്‍ മുസ്ലീംങ്ങളും (ജിഹാദികളും) കമ്യൂണിസ്റ്റുകളും ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന് പിന്നിലെന്നും ബിജെപിയും ആര്‍എസ്എസും വിവിധ വാട്‌സ്‌ആപ്പ്‌ കമ്യൂണിറ്റികള്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ വഴിയും വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി കേന്ദ്ര സമിതി ഓഫീസില്‍ പോലും സംഘപരിവാറുകാരും ബിജെപിക്കാരും കേരളത്തില്‍ കൊല്ലപ്പെടുന്നുവെന്നാരോപിച്ച് പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയും പടര്‍ത്തുകയും ചെയ്യുന്നതിന്റെ കേന്ദ്രമായി ബിജെപി/സംഘപരിവാര്‍ ശക്തികള്‍ നിലനില്‍ക്കുന്നുവെന്നത് പകല്‍പോലെ വ്യക്തമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസ് പോലെ തന്നെ അപകടകരമായ നിലപാടുകളും ക്രിമിനല്‍ ശൃംഖലകളും ഉള്ളവരാണ് എസ്‌ഡിപിഐ തുടങ്ങിയ സംഘടനകളും. പരസ്‌പരമുള്ള അവരുടെ ആക്രമണം ഇരുകൂട്ടര്‍ക്കും കൂടുതല്‍ വളര്‍ച്ച സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലുള്ളത് മാത്രമാണ്. പരസ്‌പരമുള്ള വെറുപ്പിലൂടെയും ഭീതിയിലൂടെയുമാണ് ഇരു സംഘടനകളും വളരുന്നത്. സംസ്ഥാനത്തെ ദേശീയ തലത്തില്‍ അപമാനിക്കുക എന്നത് ഇരുകൂട്ടര്‍ക്കും ലഭിക്കുന്ന ഒരു അഡീഷണല്‍ ലാഭം മാത്രമാണ് ഇതില്‍.

ഇതാണ് കേരളത്തെ സംബന്ധിച്ചുള്ള സാഹചര്യമെങ്കിലും ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള വ്യത്യാസം വരെ പ്രധാനമാണ്. ദേശീയ തലത്തില്‍ വര്‍ഷങ്ങളായുള്ള ഭരണം, വിവിധ സംസ്ഥാനങ്ങളിലെ മേധാവിത്തം, നിരന്തരം പ്രവഹിച്ചുകൊണ്ടിക്കുന്ന ഒരിക്കലും നിലയ്‌ക്കാത്ത സാമ്പത്തിക സ്രോതസുകള്‍, 80 ശതമാനം ജനതയുടെ പ്രതിനിധികളെന്ന ഭാവം, മാധ്യമങ്ങളുടെ, വ്യവസായ ലോകത്തിന്റെ, സാംസ്‌കാരിക ലോകത്തിന്റെ നിരന്തര പിന്തുണ എന്നിവയാണ് ഭൂരിപക്ഷ വർഗീയ ഭീകരവാദികള്‍ക്ക്, അഥവാ ഹിന്ദുത്വയ്‌ക്ക്‌, ഉള്ളത്. ഒരുകാരണവശാലും മറ്റേ കൂട്ടര്‍ ഈ നാണയത്തിന്റെ മറുവശമല്ല. അത് വിശ്വാസത്തിന്റെ ഭാഗമായി മരിക്കാന്‍ മടിയില്ലാത്ത, മരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ക്രിമിനലുകളാണ്. ഇരുകൂട്ടരുടേയും അടിസ്ഥാന നിലനില്‍പ്പ് മതത്തിലാണെങ്കിലും ഒറ്റശ്വാസത്തില്‍ ഇരുകൂട്ടരേയും ചേര്‍ത്ത് പറയാനാവില്ല. ഈ രാഷ്ട്രീയ ബോധ്യവും ചരിത്രബോധ്യവും ഉണ്ടാകേണ്ടത് മാധ്യമങ്ങളുടെ ചുമതലയും ബാധ്യതയുമാണ്.
എന്നാല്‍ സ്വാഭാവികമായും കേരളത്തിലെ മാധ്യമങ്ങളില്‍ നിന്നത് ഉണ്ടായില്ല. അതിക്രൂരമായ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു.

വിലാപങ്ങള്‍ക്ക്, രോഷത്തിന് നടുവില്‍ നില്‍ക്കുന്ന മനുഷ്യരുടെ സമീപദൃശ്യങ്ങള്‍ വൈകാരികത കത്തുന്ന വിധത്തില്‍ പ്രദര്‍ശിപ്പിച്ചു. നേതാക്കളുടെ തുടരെ തുടരെയുള്ള അഭിമുഖങ്ങളും അവരുടെ, വിഷവും വിദ്വേഷവും പടര്‍ത്തുന്ന പ്രസ്താവനകളും സംപ്രേഷണം ചെയ്തു. സാംസ്‌കാരിക ചടങ്ങുകളുടെ വൈകാരികത കഴിയുന്നത്ര മുതലെടുത്തു. അന്തിച്ചര്‍ച്ചകളില്‍ സകല വിഷപ്പാമ്പുകളെയും വിളിച്ചുവരുത്തി തലങ്ങും വിലങ്ങും കൊത്താനവര്‍ക്ക് അവസരം നല്‍കി. ആര്‍ എസ്എസ്/ബിജെപിയും കോണ്‍ഗ്രസും എസ്‌ഡിപിഐയുമാണ് കേരളത്തില്‍ ഈയടുത്ത കാലത്ത് മുഴുവന്‍ കൊലപാതകങ്ങളും നടത്തിയിട്ടുള്ളത്. മരിച്ചതില്‍ ഭൂരിപക്ഷവും സിപിഐ എം അനുഭാവികളുമാണ്. ഇതില്‍ ഇരകളായ സിപിഐ എം കുടുംബാംഗങ്ങളെയോ ബന്ധുക്കളേയോ ചര്‍ച്ചകളിലേക്ക്‌ വിളിച്ചില്ലെങ്കിലും പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ചാനലുകള്‍ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചു. ഇതില്‍ വളരെ സുവ്യക്തമായ ഒരു രാഷ്ട്രീയം തെളിഞ്ഞ് വരുന്നുണ്ട്. ഇവരുടെ ശത്രുത ഇടതുപക്ഷത്തോട്, സവിശേഷമായും സിപിഐ എമ്മിനോടാണ്. അനുഭാവം ഭൂരിപക്ഷ വർഗീയവാദികളായ ഹിന്ദുത്വ ശക്തികളോടും. രാജ്യം മുഴുവൻ ഭീകരവാദം നടത്തുന്ന ഇവര്‍ കേരളത്തില്‍ വർഗീയതയാണ് എന്നും വർഗീയ കൊലപാതകങ്ങളാണ് ഇവിടെ നടക്കുന്നതെന്നും പ്രസ്താവനകള്‍ നടത്തുന്നത് യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ആവര്‍ത്തിച്ച് കാണിക്കുന്നതിലും ചാനലുകള്‍ക്ക് യാതൊരു ധാർമിക പ്രതിസന്ധികളും തോന്നുന്നില്ല.

********

ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറയുന്നത് സഖാവ് ബൃന്ദ കാരാട്ടിന്റെ ദൃശ്യമാണ്. ഡല്‍ഹിയിലെ ജഹാംഗിർപുരിയിൽ പാവപ്പെട്ട മുസ്ലീംങ്ങളുടെ വീടുകള്‍ ഇടിച്ച് നിരത്താന്‍ ബിജെപിയുടെ മുന്‍സിപ്പില്‍ കോര്‍പറേഷന്‍ കൊണ്ടുവന്ന ജെസിബിക്ക് മുന്നില്‍ നില്‍ക്കുന്ന അതിശക്തമായ ദൃശ്യം.

ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറയുന്നത് സഖാവ് ബൃന്ദ കാരാട്ടിന്റെ ദൃശ്യമാണ്. ഡല്‍ഹിയിലെ ജഹാംഗിർപുരിയില്‍ പാവപ്പെട്ട മുസ്ലീംങ്ങളുടെ വീടുകള്‍ ഇടിച്ച് നിരത്താന്‍ ബിജെപിയുടെ മുന്‍സിപ്പില്‍ കോര്‍പറേഷന്‍ കൊണ്ടുവന്ന ജെസിബിക്ക് മുന്നില്‍ നില്‍ക്കുന്ന അതിശക്തമായ ദൃശ്യം. തോക്കുകള്‍ക്ക് നേരെ, അക്രമങ്ങള്‍ക്ക് നേരെ, പാറ്റൺടാങ്കുകള്‍ക്ക് നേരെ കൂസലില്ലാതെ നില്‍ക്കുന്ന രാഷ്ട്രീയ ധൈര്യത്തിന്റെ മാതൃക. ബിജെപിയുടെ പുതിയ ഫാസിസ്റ്റ് രീതിയെ തന്നെയാണ് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനൻ മൊല്ലയും ചേര്‍ന്ന് തടഞ്ഞത്. ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ രീതിക്ക് തുടക്കം കുറിച്ചത്. ഏതെങ്കിലും വർഗീയ സംഘര്‍ഷത്തില്‍ മുസ്ലീങ്ങളെ പ്രതിചേര്‍ക്കുക, അതിന് ശേഷം അവരുടെ വീടുകള്‍ അനധികൃതമാണ് എന്നുപറഞ്ഞ് പൊളിച്ച് നീക്കുക. ഈ രാമനവമി കാലത്ത് ഡല്‍ഹിയിലും ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം പലയിടത്തും ജില്ലാ ഭരണാധികാരികളും മുന്‍സിപ്പല്‍ കോര്‍പറേഷനുകളും ഈ നിലപാടുകളെടുത്തു.

ഒരു കെട്ടിടമോ സ്ഥാപനമോ അനധികൃത നിര്‍മ്മാണമാണ് എന്ന് ബോധ്യപ്പെട്ടാല്‍ തന്നെ അത് പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി ധാരാളം നടപടിക്രമങ്ങളുണ്ട്. ഇതിനെ എല്ലാം സംഘപരിവാർ കാറ്റില്‍ പറത്തിയിരിക്കുകയാണ്. ഗുജറാത്തില്‍ മുസ്ലീം ഗ്രാമങ്ങള്‍ ആക്രമിച്ച ശേഷം അത് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടതിന്റെ തുടര്‍ച്ചയായാണ് ഡല്‍ഹിയിലെ ജഹാംഗിർപുരിയില്‍ ജെസിബിയുമായി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എത്തിയത്. അതിനെ കോടതി വിധിയുമായി എത്തി എതിർത്ത സിപിഐ എം നേതാക്കളുടെ ഇടപെടല്‍ ഇക്കാലത്തുണ്ടായ ഏറ്റവും വലിയ സാമൂഹിക ഇടപെടലുകളിലൊന്നാണ്. എന്നാല്‍ കേരളത്തിലെ ദൃശ്യ ചാനലുകള്‍ക്ക് ഇത് ആഘോഷിക്കപ്പെടേണ്ട വാര്‍ത്തയാണോ? ആകില്ല. കാരണം വാര്‍ത്തകളല്ല, നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചാനലുകളുടെ ലക്ഷ്യവും മാർഗവും. ധാർമികതയും വാര്‍ത്താന്വേഷണവുമല്ല അവരെ നയിക്കുന്നത്. അതാണ് നമ്മുടെ കാലത്തെ കൂടുതല്‍ കഠിനമാക്കുന്നത് .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top