02 May Thursday

ജനാധിപത്യ ചരിത്രത്തിൽ ആദ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021


ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി നാലു തൂണും നിരീക്ഷണവലയത്തിലാകുന്ന സാഹചര്യം. പാർലമെന്റംഗങ്ങളും ജഡ്‌ജിമാരും മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരും മന്ത്രിമാരും നിരീക്ഷണവലയത്തിലാണ്‌. അസാധാരണവും അഭൂതപൂർവവുമായ ഈ സാഹചര്യത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു പ്രസ്‌ ക്ലബ്ബ്‌ ഓഫ്‌ ഇന്ത്യ

പൗരൻമാർക്ക്‌ ലാബ്‌ സേവനം 
ഉറപ്പാക്കണം
കൊറോണാ വൈറസ്‌ കണ്ടെത്താനുള്ള ആർടിപിസിആർ പരിശോധനപോലെ എല്ലാ ഫോണിലും ചാരസോഫ്‌റ്റ്‌വെയർ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനയും സമീപഭാവിയിൽ വ്യാപകമാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. സ്വകാര്യത സംരക്ഷിക്കാൻ എല്ലാ പൗരൻമാർക്കും ആംനെസ്‌റ്റി ടെക്‌നോളജി ലാബിന്റെയും ടൊറന്റോ സർവകലാശാല സിറ്റിസൺ ലാബിന്റെയും സേവനം ഉറപ്പാക്കണം.
എം കെ വേണു  (ദി വയർ, സ്ഥാപക എഡിറ്റർ)

എങ്ങനെ സത്യസന്ധമായി ജോലി ചെയ്യും
മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നത്‌ സത്യം പറയാനുള്ള അവരുടെ കഴിവിനെ ദുർബലപ്പെടുത്തും. മാധ്യമപ്രവർത്തകനെയും വാർത്താസ്രോതസ്സുകളെയും ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ്‌ പുറത്തുവന്നിട്ടുള്ളത്‌. സദാസമയവും നിരീക്ഷണവലയത്തിലുള്ള മാധ്യമപ്രവർത്തകൻ എങ്ങനെയാണ്‌ സത്യസന്ധമായി ജോലി ചെയ്യുക?
സുശാന്ത്‌സിങ് (ഇന്ത്യൻ എക്‌സ്‌പ്രസ്‌ മുൻ ഡെപ്യൂട്ടി എഡിറ്റർ)

വാർത്തകൾ 
നിലയ്‌ക്കുന്നില്ല
വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്ന ജോലി തുടരും. വാർത്തകൾ ഒരിക്കലും നിലയ്‌ക്കുന്നില്ല.  വസ്‌തുതകൾ വളച്ചൊടിക്കാതെയും മറച്ചുവയ്‌ക്കാതെയും വാർത്തകൾ നൽകുന്ന രീതിയിൽ മാറ്റവും ഉണ്ടാകില്ല.
വിജേത സിങ് (ദി ഹിന്ദു)

ഉത്തരം ലഭിച്ചിട്ടില്ല
സർക്കാർ പെഗാസസ്‌ സോഫ്റ്റ്‌വെയർ വാങ്ങിയോ? ഏതെങ്കിലും സർക്കാർ ചാരസോഫ്‌റ്റ്‌വെയറിനായി ഇടപാട്‌ നടത്തിയിട്ടുണ്ടോ?–- ഈ ചോദ്യങ്ങൾക്ക്‌ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. മാധ്യമപ്രവർത്തകരുടെ ഫോണുകൾ ഹാക്ക്‌ ചെയ്യപ്പെടുമ്പോൾ എങ്ങനെ റിപ്പോർട്ട്‌ ചെയ്യും? സ്വന്തം സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരുടെ ഫോൺചോർത്തിയെന്ന്‌ അറിഞ്ഞിട്ടും ചില പ്രമുഖപത്രങ്ങൾ വാർത്തയിൽ അത്‌ പരാമർശിച്ചിട്ടില്ല. സർക്കാർ ചോർത്തിയെന്ന്‌ ഇക്കൂട്ടർ വിശ്വസിക്കുന്നില്ലെങ്കിൽ ആരാണ്‌  ഫോൺ ചോർത്തിയതെന്ന്‌ അന്വേഷിക്കണമെന്നെങ്കിലും ആവശ്യപ്പെട്ടുകൂടേ?
രോഹിണി സിങ് (ദി വയർ)

സർക്കാർ അധഃപതിച്ചു
ജനങ്ങളുടെ കോടിക്കണക്കിന്‌ നികുതി പണം ചെലവിട്ട്‌ ചാരസോഫ്‌റ്റ്‌വെയർ വാങ്ങി സ്വന്തം മന്ത്രിയുടെ വീട്ടുജോലിക്കാരന്റെയും തോട്ടക്കാരന്റെയും ഫോണുകൾവരെ ചോർത്തുന്ന നിലവാരത്തിലേക്ക്‌ സർക്കാർ അധഃപതിച്ചിരിക്കുന്നു. സർക്കാരിന്‌ ഭയം കാരണമുള്ള മനോവിഭ്രാന്തിയാണെന്ന്‌ തോന്നുന്നു.
സ്വാതി ചഥുർവേദി (സ്വതന്ത്ര മാധ്യമപ്രവർത്തക)

ഉയർത്തുന്നത്‌ വലിയ ചോദ്യം
പൗരൻമാരുടെ സ്വകാര്യതയും മനുഷ്യാവകാശങ്ങളും ലംഘിക്കുന്ന നടപടിയാണ്‌ സർക്കാരിൽ നിന്നുണ്ടായിട്ടുള്ളത്‌. 2018 ഏപ്രിൽ, ജൂലൈ മാസങ്ങളിൽ എന്റെ ഫോണും നിരീക്ഷണത്തിലായിരുന്നെന്ന്‌ നേരത്തേ സൂചന ലഭിച്ചിട്ടുണ്ട്‌. ഫെയ്‌സ്‌ബുക്ക്‌, ബിജെപി ബന്ധത്തെക്കുറിച്ചും അംബാനി കുടുംബത്തെക്കുറിച്ചും പുസ്‌തകങ്ങളെഴുതാൻ അന്വേഷണങ്ങൾ നടത്തിയ ചിലരാണ്‌ സൂചന നൽകിയത്‌. സർക്കാരിനോ സർക്കാർ ഏജൻസികൾക്കോ മാത്രമേ ചാരസോഫ്‌റ്റ്‌വെയർ നൽകാറുള്ളൂവെന്ന എൻഎസ്‌ഒയുടെ വെളിപ്പെടുത്തൽകൂടി പരിഗണിച്ചാൽ വളരെ വലിയ ചോദ്യങ്ങളാണ്‌ പുതിയ റിപ്പോർട്ടുകൾ ഉയർത്തുന്നത്‌.
പരഞ്‌ജോയ്‌ ഗുഹ താക്കുർതാ (മുതിർന്ന മാധ്യമപ്രവർത്തകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top