29 March Friday

ബന്ധങ്ങളുടെ തുന്നൽക്കാരി

ജഷീന എം jashi8als@gmail.comUpdated: Sunday Jan 9, 2022
സക്കീന എന്ന കുറ്റിച്ചിറക്കാരി കല്യാണങ്ങളുടെ കഥ പറഞ്ഞു തുടങ്ങിയാൽ കേൾക്കാൻ ഒരായുസ്സു പോര. അവിചാരിതമായി കല്യാണ ബ്രോക്കറായി മാറിയതിന്റെ കഥ. രണ്ടായിരത്തോളം കല്യാണങ്ങൾക്ക്‌ കാരണക്കാരിയായ കഥ. കല്യാണം നടത്തിയവരുടെ മക്കൾക്കും പേരക്കുട്ടികൾക്കും ഇണകളെ കണ്ടെത്തിയ കഥ. ചരുവിലകത്തിന്റെ മുറ്റത്ത്‌ വേണമെങ്കിൽ പന്തലിട്ട്‌ കല്യാണവും നടത്തും ഈ ബ്രോക്കർ. കോഴിക്കോട്ടുനിന്ന്‌ മൊഞ്ചുള്ള ഒരു കല്യാണക്കഥ

 സക്കീന                       േഫാട്ടോ: ബിനുരാജ്‌

സക്കീന േഫാട്ടോ: ബിനുരാജ്‌

ഒരുമയുള്ള മനസ്സുകൾ ഒന്നിക്കുന്നതാണ്‌ വിവാഹം. പ്രണയികൾ അത്‌ നേരത്തേ തിരിച്ചറിയും. ഭാര്യയും ഭർത്താവും അത്‌ തിരിച്ചറിയുന്നത്‌ വിവാഹശേഷവും.  ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവളും എന്ന സങ്കൽപ്പം  വലിച്ചെറിഞ്ഞ പുതുതലമുറയ്‌ക്ക്‌ അവരുടെ പങ്കാളികൾ കൂട്ടുകാരാണ്‌, മുന്നിലും പിന്നിലുമല്ലാതെ ഒപ്പം നടക്കുന്നവർ. 

പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആ ‘സ്വർഗ’ത്തിൽ ഇണകൾ ഒന്നിക്കണമെങ്കിൽ ഈ ഭൂമിയിൽ എന്തെല്ലാം ചവിട്ടുപടികൾ. അതിന്‌ നാടൻ ബ്രോക്കർമാരെ തേടി പുറപ്പെട്ട കാലമുണ്ടായിരുന്നു. പിന്നീടത്‌ മാര്യേജ്‌ ബ്യൂറോയിലേക്ക്‌ വിപുലമായി. ഓൺലൈൻ കാലമായതോടെ മാട്രിമോണിയൽ സൈറ്റുകളിലേക്ക്‌ അന്വേഷണങ്ങൾ മാറി. മതങ്ങൾക്കു മാത്രമല്ല, ജാതികൾക്കും ഉപജാതികൾക്കും വരെയുണ്ട്‌ സൈറ്റുകൾ. എങ്ങനെയായാലും അതിന്‌ ചെലവ്‌ ചില്ലറയല്ല. വിശ്വാസ്യതയ്‌ക്കും വല്ല ഗ്യാരണ്ടിയുമുണ്ടോ? അതുമില്ല.

എന്നാൽ അഞ്ച്‌ പൈസ കമീഷൻ വാങ്ങിക്കാതെ ഇങ്ങനെ ഒരായിരം സ്വർഗങ്ങൾ തീർക്കുന്നവരും ഇവിടെയുണ്ട്‌. ഒന്നിപ്പിക്കൽ മാത്രമല്ല, ആ യാത്രയിൽ കരുതലിന്റെ കരങ്ങളായും കൂടെ നിൽക്കുന്നവർ. അവരെ കാണാനും അറിയാനും ദേശപ്പെരുമയുടെ മധുരമൂറുന്ന കോഴിക്കോട്‌ കുറ്റിച്ചിറയിലെ മിഷ്‌കാൽ പള്ളിക്കും കുളത്തിനും ഇടതു വശത്തുള്ള ആ വീട്ടിലേക്ക്‌ പോകാം.

പഴമയുടെ പ്രൗഢി നിറഞ്ഞ ചരുവിലകം തറവാട്‌. ദന്തപ്പാലയും ഞാവലും തണൽ വിരിയ്‌ക്കുന്ന മുറ്റത്ത്‌ ചിരി തൂകി സക്കീനയും ഭർത്താവ്‌ മുഹമ്മദാലിയും. കണ്ടുമുട്ടുന്നവരിൽ, കേട്ടറിയുന്നവരിൽ ഒന്നായി ജീവിക്കാൻ പറ്റുന്നവരെയൊക്കെ സക്കീന പരസ്‌പരം കണ്ണിചേർക്കും. സ്വന്തം വീട്ടുമുറ്റത്തുപോലും പലർക്കുവേണ്ടി പന്തലിട്ടു. എല്ലാത്തിനും കൂടെ മുഹമ്മദാലിയും. മുറ്റത്ത്‌ മരച്ചില്ലകളിലിരുന്ന്‌ കൊക്കുരുമ്മുന്ന കിളികളിലും കാണാം ഈ ദമ്പതികൾ കൊരുക്കുന്ന സ്‌നേഹസന്ദേശത്തിന്റെ തുടിപ്പുകൾ. 

41 വർഷം. രണ്ടായിരത്തിലേറെ വിവാഹങ്ങൾ. സക്കീനയിലൂടെ പുതു ജീവിതത്തിലെത്തിയവരുടെ മക്കൾക്കും പേരക്കുട്ടികൾക്കുംവരെ അതേ കൈയിലൂടെ വിവാഹങ്ങൾ. ഒന്നിപ്പിക്കാൻ മാത്രമല്ല, ഈ ഫീസില്ലാത്ത ‘ബ്രോക്കർ’ സക്കീനയുടെ സേവനം. തുടർയാത്രയിൽ വേർപിരിയാതിരിക്കാൻ കൗൺസലറായും നാട്ടുകാരുടെ സക്കീനത്ത ഉണ്ടാകും. മുഹമ്മദാലിയും ഒട്ടും പിന്നിലല്ല. ഭാര്യയ്‌ക്ക്‌ കല്യാണ കാര്യങ്ങളുടെ നടത്തിപ്പിന്‌ പിന്തുണയും നൽകി കൂടെ നിൽക്കുന്നതിനൊപ്പം നാട്ടിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കാനും മുഹമ്മദാലി വേണം. പതിനായിരത്തോളം പേരെയാണ്‌ നീന്തൽ പഠിപ്പിച്ചത്‌.

വീട്ടിലും ‘സക്കീൻസ്‌ ഫാഷൻ ഗ്യാലറി’ എന്ന തയ്യൽക്കടയിലും തിരക്കൊഴിഞ്ഞ നേരമില്ല. പെണ്ണുകാണൽ ചടങ്ങ്‌, വിവാഹകാര്യങ്ങൾ സംസാരിക്കാനെത്തുന്നവർ, കുടുംബപ്രശ്‌നങ്ങൾക്ക്‌ പരിഹാരം തേടി വരുന്നവർ. എല്ലാവരെയും കേൾക്കാനും പറയാനും മടുപ്പില്ലാതെ ഇരുവരുമുണ്ടാകും. വിശന്നുവലഞ്ഞ്‌ പതിവായെത്തുന്ന കിളികൾക്കും കാക്കകൾക്കും വരെ ഈ വീട്ടിൽ ഭക്ഷണം റെഡി.

ബന്ധങ്ങളെ തുന്നിയെടുത്ത്‌

ഈ മാസം 13ന്‌ സക്കീനയുടെ സഹോദരിയുടെ മകന്റെ വിവാഹമാണ്‌. ബ്രോക്കർ സക്കീന തന്നെ. അടുത്തിടെ വധുവിന്റെ ഉമ്മയോട്‌ ഫോണിൽ സംസാരിച്ചപ്പോഴാണ്‌ ഇരുവർക്കും ഒരു കാര്യം മനസ്സിലായത്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ ഈ ഉമ്മയുടെ കല്യാണം നടത്തിയതും സക്കീനയാണ്‌. മക്കളുടെ മാത്രമല്ല, പേരക്കുട്ടികളുടെ കല്യാണവും നടത്തിയ അനുഭവമുള്ള സക്കീനയ്‌ക്ക്‌ ഇതൊക്കെയെന്ത്‌!

നാൽപ്പത്തൊന്നുവർഷം മുമ്പ്‌ യാദൃച്ഛികമായാണ്‌ സക്കീന ‘ബ്രോക്കർ സക്കീന’യായി മാറുന്നത്‌. മുഹമ്മദാലിയുടെ ബന്ധു വീട്ടിൽ വന്നപ്പോൾ ഒരു കല്യാണക്കാര്യം സൂചിപ്പിച്ചു. അയൽപക്കത്തെ വീട്ടിലെ പെൺകുട്ടിയെ ഒന്നു കണ്ടുനോക്കാൻ സക്കീന പറഞ്ഞു. മൂന്ന്‌ ദിവസത്തിനകം കല്യാണം സെറ്റ്‌. ഇതിത്ര നിസാരമെങ്കിൽ നല്ല ബന്ധങ്ങൾ ഇനിയും ഉണ്ടാക്കി കൊടുത്താലെന്താ എന്നായി ആലോചന. അങ്ങനെയാണ്‌ തുടക്കം. 

മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ പലരും നമ്പർ സംഘടിപ്പിച്ച്‌ കല്യാണാലോചനയ്‌ക്ക്‌ വിളിക്കും. വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരു ദിവസം അഞ്ച്‌ കല്യാണങ്ങൾ നടന്നതോടെയാണ്‌ സക്കീനയെ നാടറിഞ്ഞത്‌. കല്യാണത്തിന്‌ മുമ്പ്‌ വധുവിനും വരനും പ്രത്യേകമായും ഒന്നിച്ചും ജീവിതത്തെക്കുറിച്ച്‌ കൗൺസലിങ്‌ നൽകുന്നതാണ്‌ സക്കീനയുടെ രീതി. എല്ലാം അറിഞ്ഞ ശേഷം ഒന്നിച്ചാൽ മതിയല്ലോ. അന്വേഷണം പൂർണമായും ബന്ധുക്കൾക്ക്‌ വിട്ടുനൽകും. പ്രണയ വിവാഹങ്ങളിൽ സഹായം തേടിയവരെയും  നിരാശപ്പെടുത്തിയിട്ടില്ല. ‘ പ്രായപൂർത്തി ആയവർ അവരുടെ ഇണകളെ കണ്ടുപിടിച്ച്‌ ഒന്നിച്ച്‌ ജീവിക്കാൻ ആഗ്രഹിക്കുന്നത്‌ തെറ്റെന്ന്‌ പറയാനാവുമോ. രക്ഷിതാക്കളോട്‌ സംസാരിച്ച്‌ അത്‌ നല്ല രീതിയിൽ നടത്തികൊടുക്കാനാണ്‌ ശ്രമിക്കാറുള്ളത്‌’.

ആന്തമാൻ, ലക്ഷദ്വീപ്‌, ഗൾഫ്‌ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ജാതി, മത ഭേദമെന്യേ സക്കീന ഒന്നിപ്പിച്ച ദമ്പതികളുണ്ട്‌. അന്വേഷണത്തിനായി സ്വന്തം ചെലവിൽ മറ്റ്‌ സംസ്ഥാനങ്ങളിൽവരെ പോയിട്ടുണ്ട്‌. മൊബൈൽ ഫോൺ വന്നതോടെ യാത്ര കുറഞ്ഞു. കോവിഡിന്‌ തൊട്ട്‌ മുമ്പ്‌ ഗോവയിലാണ്‌ കല്യാണമുറപ്പിക്കാൻ ഇരുവരും പോയത്‌.

വീട്ടിൽ കല്യാണപ്പന്തലൊരുക്കുന്ന ബ്രോക്കർ

ഏതാണ്ട്‌ 25 കൊല്ലം മുമ്പാണ്‌. ഒരു ദിവസം രാവിലെ നോക്കുമ്പോൾ ചരുവിലകം വീടിന്റെ മുന്നിൽ കല്യാണപ്പന്തൽ. കാര്യമറിയാത്ത അയൽവാസികളൊന്ന്‌ ഞെട്ടി. കല്യാണം കണ്ടെത്തി കൊടുക്കലിന്‌ പുറമെ സ്വന്തം വീട്ടിൽ വിരുന്നൊരുക്കേണ്ടി വന്ന ബ്രോക്കറായത്‌ അങ്ങനെയാണ്‌. അയൽപക്കത്തെ യുവതിക്കായി ബംഗളൂരുവിൽ നിന്നായിരുന്നു വരനെ ഇവർ കണ്ടെത്തിയത്‌. രണ്ട്‌ ബസ്സിന്‌ ആളുകൾ പുറപ്പെട്ടപ്പോഴാണ്‌ വധുവിന്റെ വീട്ടുകാർ അത്രയും പേർക്ക്‌ പ്രത്യേകം ഭക്ഷണമൊരുക്കാൻ സൗകര്യവും സാമ്പത്തികവും ഇല്ലെന്ന്‌ പറയുന്നത്‌. രാത്രി തന്നെ സക്കീനയും മുഹമ്മദാലിയും പലരോടും സഹായങ്ങൾ ചോദിച്ചും സ്വന്തമായി സംഘടിപ്പിച്ചും വഴിയൊരുക്കി. ബംഗളൂരുവിൽ നിന്നുള്ളവർ എത്തുമ്പോഴേക്കും ചരുവിലകം തറവാട്ടിൽ കോഴിക്കറീം പത്തിരിയും റെഡി. ആരുമില്ലാത്തവർക്കും വിവാഹം നടത്താനും ഈ വീട്‌ വേദിയായിട്ടുണ്ട്‌. പിതാവിന്റെ പീഡനം സഹിക്കാനാകാതെ ഇവരുടെ അടുത്ത്‌ അഭയം തേടിയെത്തിയ ദത്തുമകൻ സാക്കിറിന്റെ ഉൾപ്പെടെ 11 വിവാഹങ്ങളാണ്‌ ഇങ്ങനെ നടന്നത്‌.

ഫീസില്ലാ ബ്രോക്കർ

ഒരിക്കൽ ഒരു കല്യാണം കഴിഞ്ഞപ്പോൾ വരന്റെ വീട്ടുകാർ സക്കീനയ്‌ക്ക്‌ നൽകാൻ മറ്റാരുടേയോ കൈയിൽ ഒരു കവർ ഏൽപ്പിച്ചു . തുറന്ന്‌ നോക്കിയപ്പോൾ വില കൂടിയ നല്ല പട്ടുസാരി. കമീഷൻ വാങ്ങില്ലെന്ന്‌ അറിഞ്ഞ്‌ ഒരു സന്തോഷത്തിന്‌ കൊടുത്തു വിട്ടതാണ്‌. ഉടൻ മറ്റെന്തോ കാര്യം സംസാരിക്കാനെന്ന പേരിൽ അവരെ വിളിച്ചു വരുത്തി. എന്നിട്ട്‌ സമീപത്തെ ഒരു നിർധന വീട്ടിലേക്ക്‌ കൊണ്ടുപോയി. അടുത്ത ദിവസം ആ വീട്ടിലെ പെൺകുട്ടിയുടെ കല്യാണമാണ്‌. സാരി വാങ്ങിയ വീട്ടുകാരെക്കൊണ്ടുതന്നെ ആ കവർ പെൺകുട്ടിക്ക്‌ വിവാഹ സമ്മാനമായി ഏൽപ്പിച്ചാണ്‌ മടങ്ങിയത്‌.

‘താൻ ഒരുമിപ്പിച്ചവരുടെ സന്തോഷകരമായ ജീവിതമാണ്‌ വലിയ സമ്മാനം. ബാക്കിയെല്ലാം പടച്ചവനാണ്‌ തരേണ്ടത്‌. അതുമാത്രം മതി. നല്ല ആളുകളെ ഒരുമിപ്പിക്കാൻ ഒരിഷ്‌ടം. അത്‌ മാത്രമാണ്‌ ഈ ഓട്ടത്തിന്‌ പിന്നിൽ.’ സക്കീന പറയുന്നു. സ്‌ത്രീധനത്തിന്റെ ശതമാന നിരക്കിൽ കമീഷൻ ചോദിച്ചു വാങ്ങുന്നവർക്ക്‌ സക്കീന ഭീഷണിയാണ്‌. വിയോജിപ്പുകളും മുഷിപ്പുകളും കേട്ടെങ്കിലും നിലപാടിൽനിന്ന്‌ ഇതുവരെയും വ്യതിചലിച്ചിട്ടില്ല. സമ്മാനമോ പണമോ വാങ്ങാൻ നിർബന്ധിച്ചാൽ അത്‌ പാവപ്പെട്ട വീടുകളിലേക്ക്‌ നൽകാൻ പറയും. 

സക്കീനയും മുഹമ്മദാലിയും

സക്കീനയും മുഹമ്മദാലിയും

സ്‌ത്രീധനം, വിവാഹ തട്ടിപ്പുകൾ ‘പടിക്കുപുറത്ത്‌’

നാലഞ്ച്‌ വർഷങ്ങൾക്ക്‌ മുമ്പാണ്‌. ചങ്ങനാശേരിക്കാരനായ ഒരാൾ വന്ന്‌ കോഴിക്കോടുനിന്ന്‌ പെണ്ണ്‌ വേണമെന്ന്‌ പറഞ്ഞു. ഇയാളെക്കുറിച്ചറിയാനായി ചങ്ങനാശേരിക്കുപോയി. വലിയ വീടും സഹോദരിയെന്ന്‌ പറഞ്ഞ്‌ ഒരു സ്‌ത്രീയുമാണുള്ളത്‌. കുറച്ചുകഴിഞ്ഞ്‌ അമ്മയും അച്ഛനുമെന്ന്‌ പറഞ്ഞ്‌ ഓരോരുത്തരായി വന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ഒടുവിൽ അവരിൽ നിന്നുതന്നെ തട്ടിപ്പിന്റെ സൂചന കിട്ടി. വീടും ബന്ധുക്കളെയും വാടകയ്‌ക്ക്‌ എടുത്തായിരുന്നു നാടകം.

‘‘പലതരം കല്യാണത്തട്ടിപ്പുകളുമായി ഇറങ്ങുന്നവരുണ്ട്‌. ഭാര്യ മരിച്ചെന്നും മാനസിക പ്രശ്‌നമാണെന്നും കള്ളം പറയും. വിശദമായി അന്വേഷിച്ചു മാത്രമേ അത്തരം കാര്യങ്ങളിൽ ഇടപെടൂ.’’ സ്‌ത്രീധനത്തിലും കർശന നിലപാടാണ്‌ സക്കീനയ്‌ക്ക്‌. ‘‘വളർത്തി, വിദ്യാഭ്യാസം നൽകിയ കുട്ടികൾക്ക്‌ സ്‌ത്രീധനം കൊടുക്കേണ്ടി വരുന്നത്‌ വലിയ ദുരിതമാണ്‌. സ്‌ത്രീധനം ചോദിക്കുന്ന വിവാഹ കാര്യങ്ങൾ ഒഴിവാക്കാറാണ്‌. വരന്‌ ജോലിക്ക്‌ മാർഗമുണ്ടാക്കൽ പോലെയൊക്കെ നീക്കുപോക്കുകൾ അനിവാര്യമായ കേസുകൾ ഉണ്ടാകും. ഇരുകൂട്ടർക്കും സമ്മതമാണെങ്കിൽ മാത്രം മുന്നോട്ടുപോകും.

കുടുംബ പ്രശ്‌നങ്ങളിൽ ഇടനിലക്കാരിയായി പരിഹരിക്കാനും കുറ്റിച്ചിറക്കാർക്ക്‌ സക്കീന വേണം. വിവാഹമോചനത്തിന്റെ വക്കിലെത്തിയിരുന്നവരൊക്കെ തന്റെ ഇടപെടലിലൂടെ ഒന്നിച്ച്‌ കഴിയുന്നത്‌ കാണുമ്പോൾ സന്തോഷമാണ്‌ സക്കീനയ്‌ക്ക്‌. പാവപ്പെട്ട കുടുംബങ്ങൾക്ക്‌ സഹായമെത്തിക്കാനുള്ള ഉദ്യമങ്ങളിലെല്ലാം സക്കീനയും മുഹമ്മദാലിയും മുന്നിലുണ്ടാകും. കല്യാണം ശരിയാക്കൽ മാത്രമല്ല, സഹായം നൽകാൻ നേരത്തേ ഫണ്ട്‌ ശേഖരണവും നടത്തിയിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും കല്ല്യാണം കഴിഞ്ഞാൽ പിന്നീട്‌ ആരെയും കാണാറില്ലെന്ന്‌ സക്കീന പറയുന്നു. ബ്രോക്കർ മാത്രമായി കണ്ട്‌ കാര്യം കഴിഞ്ഞ്‌ അവഗണിക്കുന്നവരുമുണ്ട്‌.

നീന്തൽ പഠിക്കണോ, മുഹമ്മദാലി റെഡി

പരിപാടികളിലോ കൂട്ടായ്‌മകളിലോ പോയാൽ കല്യാണ ബന്ധങ്ങളുടെ ഓർമ പുതുക്കി സക്കീനയ്‌ക്ക്‌ ചുറ്റും ആളുകളെങ്കിൽ മുഹമ്മദാലിയെ തേടി ശിഷ്യരാണ്‌ എത്തുക. അഞ്ചുപതിറ്റാണ്ടിലേറെയായി തുടരുന്നു നീന്തൽ പരിശീലനം. ഫീസ്‌ വാങ്ങി സ്ഥാപനങ്ങളും വ്യക്തികളും നീന്തൽ പഠിപ്പിക്കുമ്പോൾ സൗജന്യമായാണ്‌ മുഹമ്മദാലി പതിനായിരത്തിലധികം ആളുകളെ പഠിപ്പിച്ചത്‌.

കുട്ടിക്കാലത്ത്‌ തറവാടിനടുത്തുള്ള കുളത്തിൽ സ്വന്തമായാണ്‌ പഠിച്ചത്‌. കൂട്ടുകാരെയും പഠിപ്പിച്ചു. പിന്നെ ഓരോരുത്തരായി അറിയുന്നവരും കുടുംബക്കാരും വരാൻ തുടങ്ങി. കുറ്റിച്ചിറ, ചെമ്മങ്ങാട്‌ കുളത്തിലാണ്‌ പരിശീലനം. നീന്തലിന്‌ ശേഷം കുട്ടികൾക്ക്‌ ചായയൊക്കെ വാങ്ങിക്കൊടുക്കും. നാലഞ്ച്‌ വർഷം മുമ്പ്‌ സ്‌കൂളുകളിൽ എസ്‌എസ്‌എയുടെയും കോർപറേഷന്റെയും പദ്ധതിയുടെ ഭാഗമായും നീന്തൽ പഠിപ്പിച്ചു. സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന ക്ലബ്‌ തുടങ്ങാനുള്ള ആലോചനയിലാണ്‌. സ്‌പോട്‌സ്‌ അസോസിയേഷനുകളുടെ ഭാരവാഹിത്വമുള്ള മുഹമ്മദാലി സിപിഐ എം വലിയങ്ങാടി ബ്രാഞ്ച്‌ സെക്രട്ടറികൂടിയായതിനാൽ മറ്റു സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവം. മനുഷ്യരോടും ചുറ്റുപാടുകളോടും ഉപാധികളില്ലാത്ത സ്‌നേഹവും വാത്സല്യവുമാണ്‌ സക്കീനയ്‌ക്കും മുഹമ്മദാലിക്കും. തനിച്ചാണെന്ന തോന്നൽ ഇവർക്ക്‌ ഉണ്ടാകാതിരിക്കാൻ നാട്ടുകാരും ബന്ധുക്കളും ഇരുവരെയും ഉള്ളറിഞ്ഞ്‌ സ്‌നേഹിക്കുന്നുമുണ്ട്‌.

ആ വാക്കാണ്‌ സത്യം

പയ്യാനക്കൽ സ്വദേശി മജീദിന്റെയും അസ്‌മയുടെയും കല്യാണം നടന്നിട്ട്‌ നാലു പതിറ്റാണ്ടോളമായി. സക്കീന ബ്രോക്കറായി തുടങ്ങിയ കാലത്താണ്‌ മജീദിനെയും അസ്‌മയെയും കൂട്ടിച്ചേർത്തത്‌. ‘എന്റെ സുഹൃത്തിന്റെ ഭാര്യ പറഞ്ഞിട്ടാണ്‌ സക്കീന എനിക്ക്‌ പെണ്ണ്‌ അന്വേഷിക്കുന്നത്‌. പെണ്ണിനെ കണ്ട്‌ ഇഷ്‌ടപ്പെട്ടപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ മറ്റൊരു സുഹൃത്തായ മുഹമ്മദാലിയോട്‌ പറഞ്ഞു. സക്കീനയെന്ന ഒരു ബ്രോക്കറാണ്‌ കല്യാണം കൊണ്ടുവന്നതെന്ന്‌ പറഞ്ഞപ്പോൾ മുഹമ്മദാലി ചിരിച്ചുകൊണ്ട്‌ പറഞ്ഞു, എന്നാ പ്പിന്നെ ധൈര്യമായി നിന്നോ. എന്റെ കെട്ട്യോളാണ്‌ സക്കീന. ആ വാക്കുതന്നെ സത്യം. മക്കളും പേരക്കുട്ടികളുമായി അടുത്ത വർഷം 40-ാം വാർഷികത്തിലേക്ക്‌ കടക്കുകയാണ്‌ അസ്‌മയും മജീദും. യോജിച്ച ബന്ധങ്ങൾ കണ്ടെത്തി ഒരുമിപ്പിക്കൽ സക്കീനയ്‌ക്ക്‌ ഒരു ഹരമാണെന്ന്‌ മജീദ്‌. ‘പണമോ സമ്മാനങ്ങളോ അല്ല, ആ സംതൃപ്‌തിതന്നെയാണ്‌ ഹരം. നല്ല മനുഷ്യരെ പരസ്‌പരം കണ്ണിചേർക്കുക എന്ന മഹത്തായ കാര്യമാണ്‌ അവർ ചെയ്യുന്നത്‌’- മജീദ്‌ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top