24 April Wednesday

സ്‌പെയ്‌സ്‌ സ്റ്റാർട്ടപ്പുകളും സ്‌പെയ്‌സ് ഇക്കോണമിയും

ഷീല ഡി എസ്‌Updated: Sunday Aug 7, 2022


ബഹിരാകാശ ഗവേഷണ മേഖലയിലെ നേട്ടങ്ങൾ ആവേശകരവും വിസ്മയവുമാണ്.  ഈ നേട്ടങ്ങൾ തുറന്നു നൽകുന്നത്‌ വലിയ സാധ്യതകളാണ്‌. പ്രത്യേകിച്ച്‌ യുവ സംരഭകർക്ക്‌. സമീപ വർഷങ്ങളിൽ, ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ വളർച്ച കാണാനാകും. വരും നാളുകളിൽ ഈ രംഗത്തുണ്ടാകുക വൻ കുതിപ്പാകും. 2014- ൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ  280 ബില്യൺ ഡോളർ ആയിരുന്നെങ്കിൽ, 2020-ൽ അത് 448 ബില്യൺ ഡോളറിലെത്തി.

2040-ഓടെ 1.1 ട്രില്യൺ ഡോളറായി ഇത്‌  ഉയരുമെന്നാണ്‌ പ്രതീക്ഷ.  കാലത്തിനനുസരിച്ച്‌ കൂടുതൽ നൂതന സാങ്കേതിക വിദ്യകൾ അനിവാര്യമായ മേഖലയാണിത്‌. നിർമാണ ചെലവും, നിർമാണ സമയവും കുറച്ചുള്ളതും പരിസ്ഥിതി സൗഹൃദവുമായുള്ള സാങ്കേതിക വിദ്യകൾകൾക്കാണ്‌ പ്രാമുഖ്യം.

ഐഎസ്ആർഒയുടെ മേൽനോട്ടത്തിലും മാർഗനിർദേശത്തിലും ഇന്ത്യൻ ബഹിരാകാശ പധതികളിൽ നാനൂറിലധികം  പൊതു, സ്വകാര്യ സംരഭങ്ങൾ ഇപ്പോൾ തന്നെ സഹകരിക്കുന്നുണ്ട്‌.

ബഹിരാകാശ സ്റ്റാർട്ടപ്പുകൾ
ബഹിരാകാശ സാങ്കേതിക വിദ്യയിലും ഗവേഷണങ്ങളിലും   സ്‌റ്റാർട്ടപ്പുകൾക്ക്‌ വലിയ സാധ്യതകളാണുള്ളത്‌. എന്നാൽ ഈ  പ്രവർത്തനങ്ങൾക്ക് മികച്ച വൈദഗ്ധ്യവും പരീക്ഷണ സൗകര്യങ്ങളും ആവശ്യമാണ്. ഒപ്പം സാങ്കേതിക വിദ്യാ മികവും. ഹാർഡ്‌വെയറിലും സോഫ്റ്റ്‌വെയർ വികസനത്തിലും ബഹിരാകാശ മേഖലയിൽ സ്റ്റാർട്ടപ്പിനുള്ള അവസരങ്ങൾ വളരെ വലുതാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉൽപ്പാദനച്ചെലവ് വളരെ കുറവായതിനാൽ, ബഹിരാകാശ മേഖലയിൽ നമുക്ക്‌ ഒരു ഉൽപ്പാദന കേന്ദ്രമായി മാറാനാകും. മറ്റ് മേഖലകളിൽനിന്ന് വ്യത്യസ്തമായി, അപ്‌സ്ട്രീമിലും ഡൗൺ സ്ട്രീം പ്രവർത്തനങ്ങളിലും സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരങ്ങളുണ്ട്.  

അവസരങ്ങൾ പാഴാക്കരുത്
ബഹിരാകാശ മേഖലയിൽ സ്റ്റാർട്ടപ്പുകൾക്കായി അടിസ്ഥാന സൗകര്യ വികസനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഒരുപക്ഷേ കേരളമായിരിക്കും. മൂന്ന് പ്രധാന ഐഎസ്ആർഒ കേന്ദ്രവും വളരെ പരിചയസമ്പന്നരായ  ശാസ്ത്രജ്ഞരും ചുറ്റുമുള്ള കേരളത്തിന്, സംരംഭകർക്ക് സുഗമമായ പ്രവർത്തനത്തിനായി ഐടി പാർക്കിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക വഴി യുവ സംരംഭകരെ വലിയ തോതിൽ ആകർഷിക്കാൻ കഴിയും.  കേരളത്തിന്റെ സ്‌പെയ്സ്‌ പാർക്ക്‌ പോലെയുള്ള പദ്ധതികളും സ്‌റ്റാർട്ടപ്പുകൾക്ക്‌ സർക്കാർ വലിയതോതിൽ നൽകുന്ന പിന്തുണയും ഇതിന്‌ കരുത്തു പകരും. ബഹിരാകാശ ഗവേഷണ മേഖലയിൽ  ഹാർഡ്‌വെയറിലും സോഫ്‌റ്റ്‌വെയറിലും ഉയർന്നു വരുന്ന  അവസരങ്ങൾ  പരമാവധി ഉപയോഗപ്പെടുത്താൻ   സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും യുവ സംരംഭകരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇതുവഴി തുറക്കുക വലിയ തൊഴിൽ സാധ്യതകളാണ്‌. പുതിയ ഒരു മേഖലയിൽ കാര്യങ്ങൾ  അനുകൂലമാക്കാനുള്ള കഴിവും  പ്രാഗത്ഭ്യവും നമുക്കുണ്ട്.

(സ്റ്റാർട്ടപ്പ്‌ സംരഭകയാണ്‌ ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top