16 April Tuesday

ഉലയ്‌ക്കുന്ന ആകാശ ദുരന്തങ്ങൾ തുടർകഥയാകുമ്പോൾ

എം പ്രശാന്ത്‌Updated: Thursday Dec 9, 2021


ന്യൂഡൽഹി> ഇന്ത്യൻ സൈന്യത്തിൽ ആകാശദുരന്തങ്ങൾ തുടർകഥയാവുകയാണ്‌. 2014 മുതലുള്ള എട്ടുവർഷ കാലയളവിൽ 88 വ്യോമാപകടങ്ങൾ സേനയിൽ സംഭവിച്ചിട്ടുണ്ടെന്ന്‌ ഭാരത്‌രക്ഷക്‌ എന്ന പ്രതിരോധ വിഷയങ്ങളുമായി ബന്ധപ്പെട്ട വെബ്ബ്‌സൈറ്റിൽ പറയുന്നു. ഈ 88 അപകടങ്ങളിലായി 56 സൈനികരെ നഷ്ടമായി.
വ്യോമസേനയുടെ 200 ലേറെ ഹെലികോപ്‌ടറുകൾ ഇതുവരെ അപകടത്തിൽപ്പെട്ടിട്ടുണ്ട്‌.

റഷ്യൻ നിർമ്മിത എംഐ ഇനത്തിൽപ്പെട്ട ഹെലികോപ്‌ടറുകൾ മാത്രം നാൽപ്പതിലേറെ തവണ പറക്കലിനിടെ തകർന്നിട്ടുണ്ട്‌. ചീത്താ ഹെലികോപ്‌ടറുകൾ 52 വട്ടവും ചേതക്ക്‌ ഹെലികോപ്‌ടറുകൾ 44 വട്ടവും അപകടത്തിൽപ്പെട്ടു.
റഷ്യൻ നിർമ്മിത മിഗ്‌ യുദ്ധവിമാനങ്ങളാണ്‌ ഏറ്റവും കൂടുതൽ തവണ തകർന്നുവീണത്‌. ഇതിൽ തന്നെ 291 മിഗ്‌–-21 വിമാനങ്ങൾ പറക്കലിനിടെ തകർന്നുവീണ്‌ കത്തിനശിച്ചിട്ടുണ്ട്‌. 54 മിഗ്‌–-23 വിമാനങ്ങളും 59 മിഗ്‌ 27 വിമാനങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ട്‌. 13 മിറാഷ്‌ യുദ്ധവിമാനങ്ങളും തകർന്നിട്ടുണ്ട്‌.

ഇന്ത്യൻ വ്യോമസേനയുടെ 874 മിഗ്‌–-21 വിമാനങ്ങളിൽ പകുതിയോളം ഇതിനോടകം അപകടങ്ങളിൽ തകർന്നതായി സർക്കാർ തന്നെ പാർലമെന്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്‌. മിഗ്‌–-21 വിമാന ദുരന്തങ്ങളിൽ ഇരുന്നൂറിലേറെ പൈലറ്റുമാരെ നഷ്ടമായി. ഇതിന്‌ പുറമെ മറ്റ്‌ അമ്പത്‌ മരണങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌. പറക്കും ശവപ്പെട്ടിയെന്ന വിളിപ്പേര്‌ പോലും സൈന്യത്തിൽ മിഗിനുണ്ട്‌. സോവിയറ്റ്‌ യൂണിയൻ 1985 ൽ ഉപയോഗം നിർത്തിയ മിഗ്‌ യുദ്ധവിമാനങ്ങൾ ഇന്ത്യൻ സേന ഇപ്പോഴും അറ്റകുറ്റപണികൾ നടത്തിയും നവീകരിച്ചും നിലനിർത്തുകയാണ്‌.

പുതിയ യുദ്ധവിമാനങ്ങളും അത്യാധൂനിക ഹെലികോപ്‌ടറുകളും സ്വന്തമാക്കുന്നതിൽ കേന്ദ്ര സർക്കാരിന്‌ സംഭവിക്കുന്ന പാളിച്ച തന്നെയാണ്‌ പഴയ വിമാനങ്ങളെയും ഹെലികോപ്‌ടറുകളെയും ആശ്രയിക്കാൻ സേനയെ നിർബന്ധിതമാക്കുന്നത്‌. 42 യുദ്ധവിമാന സ്‌ക്വാഡ്രണുകൾ വ്യോമസേനയ്‌ക്ക്‌ ആവശ്യമാണെങ്കിലും നിലവിൽ 30 മാത്രമാണുള്ളത്‌. കാലഹരണപ്പെട്ട മിഗ്‌ വിമാനങ്ങളെ ഒഴിവാക്കേണ്ടി വരുമ്പോൾ പുതിയ വിമാനങ്ങളുടെ ലഭ്യതകുറവ്‌ സേനയ്‌ക്ക്‌ പ്രതിസന്ധിയാവുകയാണ്‌. ഫ്രാൻസിൽ നിന്ന്‌ 126 റഫേൽ വിമാനങ്ങൾ വാങ്ങാൻ ധാരണയായിരുന്നെങ്കിലും മോദി സർക്കാർ അത്‌ 36 എണ്ണം മാത്രമായി ചുരുക്കി. അമിതവിലയ്‌ക്കുള്ള വിമാനം വാങ്ങൽ വലിയ നഷ്ടത്തിനും വഴിയൊരുക്കി.

ഹെലികോപ്‌ടർ ശേഷിയുടെ കാര്യത്തിലും സമാനമായ കുറവ്‌ വ്യോമ സേന നേരിടുന്നുണ്ട്‌. അപകടങ്ങളിലും മറ്റുമായി കഴിഞ്ഞ 10 വർഷത്തിനിടെ മുപ്പതിലേറെ ഹെലികോപ്‌ടറുകൾ നഷ്ടമായി. മൂന്ന്‌ സേനാ വിഭാഗങ്ങൾക്കുമായി അഞ്ഞൂറോളം ഹെലികോപ്‌ടറുകൾ ആവശ്യമുണ്ട്‌. ആധൂനിക ലൈറ്റ്‌ യൂട്ടിലിറ്റി ഹെലികോപ്‌ടറുകളുടെ കാര്യത്തിലാണ്‌ കൂടുതൽ ക്ഷാമം. നിലവിലെ ചേതക്ക്‌, ചീത്താ ഹെലികോപ്‌ടറുകൾ കാലപഴക്കം ചെന്നവയാണ്‌. 200 കാമോവ്‌ 226ടി ഹെലികോപ്‌ടറുകൾ വാങ്ങാൻ റഷ്യയുമായി 2016 ൽ ധാരണയായെങ്കിലും പ്രതിരോധ മന്ത്രാലയത്തിലെ ഭിന്നതകൾ കാരണം ഇപ്പോഴും യാഥാർത്ഥ്യമായിട്ടില്ല. എച്ച്‌എഎല്ലിൽ നിന്ന്‌ 187 ഹെലികോപ്‌ടറുകൾ വാങ്ങുന്നതിനുള്ള നടപടികളും ഇഴഞ്ഞുനീങ്ങുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top