20 April Saturday

ശിവഗിരി ഹിന്ദുമഠമല്ല-സച്ചിദാനന്ദ സ്വാമിയുമായി അഭിമുഖം

സച്ചിദാനന്ദസ്വാമി /ഡോ. എം എ സിദ്ദീഖ്‌, എ ലാൽസലാംUpdated: Tuesday May 2, 2023

ശിവഗിരിയിലെ പർണ്ണശാല - ഫോട്ടോ: രാഹുൽരാജ്‌

ശിവഗിരിയിൽ ഒരിക്കലും ഒരു മതത്തെയും ചൊല്ലി വിഭാഗീയത ഉണ്ടായിട്ടില്ല. ഇവിടെ ശ്രീനാരായണമതമാണ് പിന്തുടരുന്നത്. ജാതി ചോദിക്കാൻ പാടില്ലയെന്ന സിദ്ധാന്തം പിന്തുടരുന്നു. ഇവിടെ ഗുരുവാണ് എല്ലാം... അതിനുമപ്പുറം ഒന്നുംതന്നെയില്ല...ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി സംസാരിക്കുന്നു.

കഴിഞ്ഞ മൂന്നുനാലു ദശകങ്ങൾകൊണ്ട്, ശ്രീനാരായണദർശനങ്ങളുടെ പഠന മേഖലയിലുണ്ടായ വിപ്ലവം വളരെ വലുതാണ്. എല്ലാ വൈജ്ഞാനികമേഖലകളെയും അതിലേക്ക്‌ സംയോജിപ്പിക്കാനാകുന്നവിധം ചിന്തകളുടെ ഒരു സാമൂഹികസാഹചര്യംതന്നെ ഇവിടെ രൂപപ്പെട്ടുവരുന്നുണ്ട്. തീർച്ചയായും ഇതിനൊരു രാഷ്ട്രീയവുമുണ്ട്. ശ്രീനാരായണധർമം എന്നറിയപ്പെടുന്നതും,’ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന’ മാതൃകാസ്ഥാനത്തെക്കുറിച്ചുള്ള ദർശനമാണ് ആ രാഷ്ട്രീയം. ഇതിൽ ജാതിഭേദത്തിനെതിരെയുള്ള സാമൂഹികസമരങ്ങളുടെ ഒരു കാലമായിരുന്നു നവോത്ഥാനമെങ്കിൽ, മതവിദ്വേഷങ്ങൾക്കെതിരെയുള്ള മാനസിക ഐക്യത്തെ ആവശ്യപ്പെടുന്ന ഒരു കാലമാണിത്.ശ്രീനാരായണപഠനമേഖലയുടെ സാധ്യത ഇവിടെയാണ്.

സച്ചിദാനന്ദസ്വാമി

സച്ചിദാനന്ദസ്വാമി

കഴിഞ്ഞ എത്രയോ വർഷങ്ങളായി അങ്ങനെയൊരു ഉദ്യമം നിരന്തരം ഏറ്റെടുത്തുകൊണ്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ശ്രീനാരായണ സന്ന്യാസിയാണ് സച്ചിദാനന്ദസ്വാമി. ഇപ്പോൾ ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് എന്ന ചുമതലയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പുതിയപുസ്തകം ടാഗോർ ഗുരുദേവൻ കൂടിക്കാഴ്ചയുടെ ശതാബ്ദിവേളയിൽ പുറത്തുവന്നതാണ്. ചരിത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള ആ കൂടിക്കാഴ്ചയെപ്പറ്റിയുള്ള മതിയായ രേഖകൾ തന്നെ കുറവാണ്. ഈയൊരു പശ്ചാത്തലത്തിൽ വർക്കല ശിവഗിരിമഠത്തിൽവച്ച് സ്വാമിയുമായി നടത്തിയ ഒരു അഭിമുഖമാണിത്.

? ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതിന്റെ നൂറുവർഷമാണ്‌ കടന്നുപോയത്.  വിപ്ലവകരമായ പല പ്രവർത്തനങ്ങളുടെയും ശതാബ്ദിയാണ് ഈയൊരു കാലഘട്ടം.  ‘മഹാകവി ടാഗോർ ഗുരുദേവ സന്നിധിയിൽ' എന്ന താങ്കളുടെ പുസ്തകം പുറത്തുവരുന്നതും ഈയൊരു ഘട്ടത്തിലാണ്. എന്തായിരുന്നു ആ സന്ദർശനത്തിന്റെ സ്വഭാവം?

= ടാഗോർ ഒരു വിശ്വപൗരനാണ്; ശ്രീനാരായണഗുരുവും ഒരു വിശ്വപൗരനായിരുന്നു. ഗുരുവിനെക്കുറിച്ച്‌ ടാഗോർ കുറെയൊക്കെ കേട്ടറിഞ്ഞിരുന്നു. ഗുരുവിന്റെ സ്വരൂപം ടാഗോറിന്‌ പകർന്നുകൊടുക്കുന്നതും ടാഗോറിനെ ശിവഗിരിയിലേക്ക്‌ ക്ഷണിക്കുന്നതും ഗുരുവിന്റെ ശിഷ്യൻ ശിവപ്രസാദ് സ്വാമിയായിരുന്നു. ശിവപ്രസാദ് സ്വാമി അന്ന് ബ്രഹ്മസമാജത്തിന്റെ കേരളഘടകം സെക്രട്ടറിയായിരുന്നു. ടാഗോറും ബ്രഹ്മസമാജാംഗമാണല്ലോ!  ശിവപ്രസാദ് സ്വാമി അങ്ങനെ കൊൽക്കത്തയിൽ ടാഗോറിന്റ വിദ്യാഭ്യാസപ്രവർത്തനങ്ങളെയൊക്കെ മനസ്സിലാക്കി വിലയിരുത്തുകയും ചെയ്തു.

ഗുരുദേവന്റെ ജാതിമതചിന്താഗതിക്കതീതമായിട്ടുള്ള വിശ്വകാഴ്ചപ്പാട്. അതുതന്നെയാണ്‌ ടാഗോറും വച്ചുപുലർത്തുന്നതെന്ന് സ്വാമിക്ക്‌ മനസ്സിലായി. കൂടിക്കാഴ്ചയ്ക്ക് ആ സംഭാഷണമാണ്‌ വഴിതെളിക്കുന്നത്. പിന്നീട് ഡോക്ടർ പൽപ്പുവും നടരാജഗുരുവും (അന്ന് പേര് നടരാജനെന്നാണ്) ടാഗോറിനെയും സി എഫ് ആൻഡ്രൂസിനെയുമൊക്കെ ശിവഗിരിയിലേക്ക്‌ ക്ഷണിക്കുകയും ഗുരുവിന്റെ ശിവഗിരിമഠം സന്ദർശിക്കണമെന്നഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

ടാഗോർ തിരുവനന്തപുരത്തു വന്നു ആദ്യം. രാജാവിന്റെ അതിഥിയായിട്ടാണദ്ദേഹം വരുന്നത്.  ടാഗോറിനെ സ്വീകരിച്ചതും തിരുവനന്തപുരത്ത് സ്വീകരണസമ്മേളനമൊരുക്കിയതും‐ അതിൽ ആശാൻ എഴുതിയ ‘ദിവ്യകോകിലം' സി കേശവൻ മനോഹരമായി ആലപിച്ചതും സമർപ്പിച്ചതുമെല്ലാം ഞാൻ പുസ്തകത്തിലെഴുതിയിട്ടുണ്ട്; വളരെ വിശദമായി.

ആ സമ്മേളനമൊക്കെക്കഴിഞ്ഞ്, ടാഗോർ ആറ്റിങ്ങൽ വഴി ശിവഗിരിയിലെത്താമെന്നാണ്‌ തീരുമാനിക്കപ്പെട്ടിരുന്നത്. ഏതോ ജാതിക്കോമരങ്ങളൊക്കെയായിരിക്കണം ആ യാത്രമുടക്കാനൊരു ശ്രമം നടത്തിയത്‌. ശിവപ്രസാദ്സ്വാമിയുടെ ഇടപെടൽ അവിടെയുമുണ്ടായി.

ഗുരുപൂജാഹാളിലെ ഗുരു മന്ദിരം -  ഫോട്ടോ: രാഹുൽരാജ്‌

ഗുരുപൂജാഹാളിലെ ഗുരു മന്ദിരം - ഫോട്ടോ: രാഹുൽരാജ്‌

നല്ല ഇംഗ്ലീഷായിരുന്നു അദ്ദേഹത്തിന്റേത്. സ്വാമി ടാഗോറിനോട് ഗുരുവിനെക്കുറിച്ചും ശിവഗിരിയെക്കുറിച്ചും കുറച്ചുകൂടെ വിശദമായിപ്പറയുകയും ടാഗോറിന്റെ താൽപ്പര്യം വർധിപ്പിക്കുകയും ചെയ്തു. പിന്നെ, അവിടെനിന്നും ആറ്റിങ്ങൽ വന്നു. ആറ്റിങ്ങൽ വന്നുകഴിഞ്ഞതിനുശേഷവും... തടസ്സങ്ങൾ. കഴിഞ്ഞ ദിവസം ഒരു മഴ പെയ്തിരുന്നു. വഴിയൊക്കെ ചളിപിടിച്ചുകിടക്കുകയാണ്. ഇന്നത്തെപ്പോലെ സഞ്ചാരം സുഗമമല്ലല്ലോ! അതു പറഞ്ഞ് ശിവഗിരിയിലേക്കുള്ള യാത്രമുടക്കാൻ ചിലർ ശ്രമിച്ചു. ചില ബ്രാഹ്മണന്മാർ ശ്രമിച്ചു എന്നാണ് ചരിത്രം. ഏതായാലും അതിനെയും അതിവർത്തിക്കുവാൻ ഗുരുവിന്റെ ശിഷ്യന്മാർക്ക് സാധിച്ചു. അങ്ങനെ ടാഗോർ ശിവഗിരിയിലെത്തുന്നു.

ടാഗോർ ശിവഗിരിയിലെത്തുന്നു എന്ന്‌ കേട്ടപ്പോൾ, രണ്ട് ഗുരുദേവന്മാർ തമ്മിലുള്ള കൂടിക്കാഴ്ച എങ്ങനെയായിരിക്കും എന്നത് കാണാൻ വേണ്ടിത്തന്നെ ആയിരക്കണക്കിന് ഗുരുഭക്തന്മാർ ശിവഗിരിയിൽ എത്തിച്ചേർന്നു. ആ കൂടിക്കാഴ്ചയെ ശരിയായി നമുക്കു മുന്നിൽ പറഞ്ഞുവയ്ക്കുന്നത് അന്ന് പി കെ ഭാനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന, പിന്നീട് സന്ന്യാസിയായിത്തീർന്ന ധർമ്മാനന്ദജി എന്ന ഗുരുദേവ ശിഷ്യനാണ്. അദ്ദേഹമെഴുതിയ ജീവചരിത്രത്തിലാണ് ഈ കൂടിക്കാഴ്ചയെക്കുറിച്ച് സവിസ്തരമായി പ്രതിപാദിക്കുന്നത്.

ദ്വിഭാഷിയായി നിന്നത് മഹാകവി കുമാരനാശാനാണ്. എൻ കുമാരനും ഉണ്ടായിരുന്നു. എൻ കുമാരൻ അന്ന് എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ഗുരുദേവൻ പറയുന്നത് മഹാകവി ആശാൻ ടാഗോറിന് തർജമ ചെയ്ത് കൊടുക്കും. 'എന്റെ ഗുരുദേവൻ ഇങ്ങനെ കൽപ്പിക്കുന്നു; എന്റെ സ്വാമിതൃപ്പാദങ്ങൾ ഇങ്ങനെ പറയുന്നു' ആ സ്വരത്തിലാണ് ആശാൻ സംസാരിച്ചതെന്നാണ് ഗീതാനന്ദസ്വാമി ശിവഗിരിയിലെ പഴമക്കാരിൽനിന്നും ചോദിച്ചുമനസ്സിലാക്കി എഴുതിയിട്ടുള്ളത്.

ടാഗോർ പറയുന്നത് എൻ കുമാരൻ മലയാളത്തിലാക്കി ഗുരുവിന്‌ കൊടുക്കും. അങ്ങനെയാണ് ആ സംഭാഷണം. ഗുരുദേവൻ ആദ്യം പറഞ്ഞത്: ''നമുക്ക് സംഭാഷണം സംസ്കൃതത്തിലാകാം''. അപ്പോൾ ടാഗോർ പറഞ്ഞു: ''എനിക്ക് ബംഗാളി കലർന്ന സംസ്കൃതമേ അറിയൂ. സാധാരണ സംസ്കൃതം എനിക്ക് വശമില്ല''. അപ്പോഴാണ് ഗുരുദേവൻ പറഞ്ഞ് തർജമയ്ക്കായി ഇവരെ നിയോഗിച്ചത്.

എ ലാൽസലാം, എം എ സിദ്ദീഖ്‌ എന്നിവർ സച്ചിദാനന്ദ സ്വാമിയുമായുള്ള അഭിമുഖത്തിൽ

എ ലാൽസലാം, എം എ സിദ്ദീഖ്‌ എന്നിവർ സച്ചിദാനന്ദ സ്വാമിയുമായുള്ള അഭിമുഖത്തിൽ

അന്ന്, ഗുരുവിനെ കണ്ടതോടുകൂടി എന്റെ ഹൃദയത്തിന് വലിയൊരു മാറ്റമുണ്ടായി എന്നാണ് ടാഗോർ ആദ്യം പറയുന്നത്. ഗുരു ഒന്നും അതിന്‌ പ്രതിവചിച്ചില്ല. പിന്നെ ആ സംഭാഷണം നീണ്ട് ഒരു ഘട്ടമെത്തിയപ്പോൾ ടാഗോർ പറഞ്ഞു: ''കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ന് കേരളം ഭ്രാന്താലയമല്ല. ഇന്ന്‌ കേരളം വളരെ മാറിയിരിക്കുന്നു.

ഇന്ത്യയ്ക്ക് വളരെ മാതൃകാരാജ്യമായിരിക്കുന്നു കേരളം. സ്വാമി അവിടുന്ന് വളരെ പ്രവർത്തിച്ചുവല്ലോ''. അപ്പോൾ ഗുരുദേവൻ മൊഴിഞ്ഞത് — 'നാം ഒന്നും ചെയ്യുന്നില്ലല്ലോ എന്നാണ്'. ''കഴിഞ്ഞ കാലത്തും നാം ഒന്നും ചെയ്തില്ല. ഇപ്പോഴും നാം ഒന്നും ചെയ്യുന്നില്ല''.

നാം ഒന്നും ചെയ്യുന്നില്ല എന്ന ആ വചനം ഗുരുവിന്റെ കൂടെ നിന്ന ശിഷ്യരിലും ഗുരുവിനെ അറിയാവുന്ന മറ്റുള്ളവരിലും വളരെ ആശ്ചര്യം ഉണ്ടാക്കി. കാരണം, ഗുരു ഒരു പരമഹംസനായിരുന്നു; മഹാജ്ഞാനിയായിരുന്നു. ഇന്ത്യയിൽ മഹാജ്ഞാനികൾ ഏറെയാണ്. ശ്രീരാമകൃഷ്ണദേവനും രമണമഹർഷിയും ഒക്കെ മഹാജ്ഞാനികളായിരുന്നു. പക്ഷേ അവരാരും കർമരംഗത്തേക്ക് ഇറങ്ങിയവരല്ല. അവരെല്ലാം ആത്മീയരംഗത്തുനിന്നുമാത്രം പ്രവർത്തിച്ചവരാണ്. ഗുരുവാകട്ടെ, ആത്മീയതയുടെ പരമാത്മവിദ്യയെ കണ്ടു എന്ന് കുമാരനാശാൻ കവിതയെഴുതിയിട്ടുണ്ട്.

അങ്ങനെയായ ഗുരു ഒരു സാമൂഹിക പരിഷ്കർത്താവിനെപ്പോലെയും വിപ്ലവകാരിയെപ്പോലെയും സമൂഹമധ്യത്തിലേക്ക് ഇറങ്ങിവന്ന് പ്രവർത്തിച്ചതുകൊണ്ടാണ്. 'പരമഹംസനീവണ്ണം മരുവുന്നു ലൗകികൻ പോലെ/പരമഭാഗ്യമിതെന്നേ പറയേണ്ടു നാം' എന്ന് കുമാരനാശാൻ എഴുതിയതിന്റെ കാരണം. രാവും പകലും വ്യത്യാസമില്ലാതെ കാറ്റും മഴയും മഞ്ഞും വെയിലും സഹിച്ച് നഗ്നപാദനായി രാജ്യത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ച് പാവങ്ങളുടെ കണ്ണീരൊപ്പിയും ദീനർക്ക് ആശ്വാസമരുളിയും ഒക്കെ പ്രവർത്തിക്കുന്ന ഗുരു 'നാം ഒന്നും ചെയ്യുന്നില്ലല്ലോ' എന്നു പറഞ്ഞത് എല്ലാവരിലും ആശ്ചര്യവുമുണ്ടാക്കി. പക്ഷേ ഗുരു ഒരു ദർശനമാണ് അവിടെ അവതരിപ്പിച്ചത്. ഗുരുവിന്റെ ദർശനമാലയിലുണ്ടത്.

സ്വയം കൃയന്തേ കർമാണി
കരുണൈരിന്ദ്രിയൈരപി
അഹം ത്വസംഗഃ കൂടസ്ഥ
ഇതി ജാനാതി കോവിദഃ

കോവിദൻ ജ്ഞാനി. ജ്ഞാനിയ്ക്ക്‌ കർമം ഇല്ല. കരണങ്ങൾകൊണ്ടും ഇന്ദ്രിയങ്ങൾകൊണ്ടും സ്വയം കർമങ്ങൾ ചെയ്യും. മനസ്സും ചിത്തവും ബുദ്ധിയും അഹംബോധവും അഞ്ച് ഇന്ദ്രിയങ്ങളോടുചേർന്ന് ശബ്ദം ഗന്ധം ആദിയായ അഞ്ചു വിഷയങ്ങളുമായി സന്നിവേശിച്ച് കർമത്തിൽ മുഴുകുന്നു. ആത്മാവാകട്ടെ സാക്ഷിബോധമായി നിൽക്കുന്നു. അതിനാണ് ഗുരു കൂടസ്ഥൻ എന്ന വാക്കു പറയുന്നത്. ഞാൻ അനുഗതനായി കൂടസ്ഥനായി നിൽക്കുന്നു. കർമത്തിന് സാക്ഷീഭൂതനായി നിൽക്കുന്നു. ഗുരു ഇത് പറഞ്ഞപ്പോൾ, ടാഗോറിന് അത് നല്ലവണ്ണം മനസ്സിലായി. അതുകൊണ്ടാണ് ടാഗോർ ശിവഗിരി വിട്ടുപോകുമ്പോൾ ഗുരുവിനെപ്പറ്റി ''ഞാൻ ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു, ഗുരുവിനെപ്പോലെ ഒരു മഹാപുരുഷനെ ഞാൻ കണ്ടിട്ടില്ല'' എന്നെഴുതിയത്.

സി എഫ്‌  ആൻഡ്രൂസ്-

സി എഫ്‌ ആൻഡ്രൂസ്-

ചക്രവാളസീമയെ അതിലംഘിക്കുന്ന യോഗനയനങ്ങളാണ് ഗുരുവിന്റേത് എന്നും ടാഗോറെഴുതിയത് അതുകൊണ്ടാണ്. ടാഗോറിനൊപ്പം ഉണ്ടായിരുന്ന സി എഫ് ആൻഡ്രൂസിനും ഗുരു വളരെ ആശ്ചര്യം ഉണ്ടാക്കി. ടാഗോറിനൊപ്പം ആൻഡ്രൂസും രേഖപ്പെടുത്തിയത് ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു എന്നാണ്. ആൻഡ്രൂസ് പിന്നീട് യൂറോപ്പിൽ സഞ്ചരിക്കുമ്പോൾ, അവിടെ നടരാജഗുരു 1928‐ൽ, ഗുരുവിന്റെ സമാധിക്ക് ഒരാഴ്ചമുമ്പ് ഗുരുവിന്റെ ജയന്തി ആഘോഷിക്കുമ്പോൾ സി എഫ് ആൻഡ്രൂസ് കുറെയേറെ പുഷ്പങ്ങൾ കൊടുത്തുവിടുന്നുണ്ട്.

അത് നടരാജഗുരു തന്റെ ആത്മകഥയിൽ സവിശേഷമായി എടുത്തുപറയുന്നുണ്ട്. ഗുരു ആൻഡ്രൂസിൽ വലിയൊരു സ്വാധീനം ചെലുത്തിയിരിക്കണം; അല്ലെങ്കിൽ ഈ പുഷ്പവുമായിട്ട് പോവില്ലല്ലോ! പിന്നീട്, ടി കെ മാധവന്റെ മകൻ ബാബു വിജയനാഥ് ശാന്തിനികേതനത്തിൽ പഠിക്കുമ്പോൾ ഗുരുവുമായി ബന്ധപ്പെട്ട ഒരു ശിഷ്യന്റെ മകനാണെന്നറിഞ്ഞപ്പോൾ ടാഗോറിന് വലിയ ആശ്ചര്യവും സന്തോഷവും ഉണ്ടാവുകയും ഗുരുവിനെക്കുറിച്ച്‌ വളരെയേറെ കാര്യങ്ങൾ അദ്ദേഹത്തിനോടു പറഞ്ഞുവെന്നും ബാബു വിജയനാഥ് എന്നോട്‌ നേരിട്ടു പറഞ്ഞിട്ടുണ്ട്. അതുപോലെ ജി കെ പിള്ള, അദ്ദേഹം സിനിമയിലുമൊക്കെ ഉണ്ടായിരുന്ന ആളാണ്. അദ്ദേഹവും ശാന്തിനികേതനിൽ പഠിച്ച ആളാണ്. അദ്ദേഹവും ഇതുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്.

നടരാജഗുരു

നടരാജഗുരു

? രണ്ടു കവികൾ തമ്മിലുള്ള കൂടിച്ചേരലുമാണത്. സന്ന്യാസിമാരായ രണ്ടുകവികൾ. രമണമഹർഷിയുമായുള്ള സന്ധിക്കലും ചരിത്രത്തിലുണ്ട്. സ്വാമി ഇതിനെ ഇങ്ങനെ വിലയിരുത്തിയിട്ടുണ്ടോ...

= ഉണ്ട്. അങ്ങനെയും ആലോചിച്ചിട്ടുണ്ട്. കവി എന്നു പറഞ്ഞാൽ സാങ്കേതികാർഥത്തിൽ നഃ നൃഷി കവി എന്നാണ്. ഋഷിയല്ലാത്തവർ കവിയല്ല എന്ന്. ഋഷി എന്ന വാക്കിനർഥം കടന്നുകാണുന്നയാൾ എന്നാണ്. ടാഗോർ ഒരു ഋഷിയായിരുന്നു. ഋഷികൽപ്പനായ ടാഗോർ. ശ്രീനാരായണഗുരുവും ഋഷിയായിരുന്നു.

ഋഷിമാരായ രണ്ടു കവികൾ. അവരുടെ കവിത്വം, അത് സാധാരണ ഇന്ദ്രിയവിഷയങ്ങളല്ല. അതിനപ്പുറത്ത് ആത്മാവുമായുള്ള താദാത്മ്യത്തിന്റെ, ദർശനത്തിന്റെ ഒക്കെ ആവിഷ്കാരമായിരുന്നു. ടാഗോറിന്റെ ഗീതാഞ്ജലി വായിക്കുമ്പോഴും ഗുരുവിന്റെ ആത്മോപദേശശതകം വായിക്കുമ്പോഴും നമുക്കിത് ബോധ്യമാവും. ഈ ദർശനത്തിന്റെ മറ്റൊരു സവിശേഷത അവ വിശ്വദർശനങ്ങളായിരുന്നു എന്നതാണ്. അങ്ങനെയുള്ള രണ്ടുപേരുടെ കൂടിക്കാഴ്ചയാണത്.

? വിശ്വദർശനം എന്ന്‌ സൂചിപ്പിച്ചതുകൊണ്ട് പറയുകയാണ്. ദേശീയതയെ സംബന്ധിച്ച് ടാഗോർ പുലർത്തിയിരുന്ന കാഴ്ചപ്പാട് ഗാന്ധിജിയിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. സാർവദേശീയതയായിരുന്നു അതിന്റെ മുഖമുദ്ര. ഗുരുവും അതുപോലെ ഏകലോകത്തിന്റെ വക്താവായിരുന്നു. ഇങ്ങനെയൊരു ദാർശനികമാനം, ഗുരു‐ടാഗോർ കൂടിക്കാഴ്ചയ്ക്ക് ഗുരു‐ഗാന്ധി കൂടിക്കാഴ്ചയെക്കാൾ പ്രാധാന്യം നൽകുന്നില്ലേ?

= മഹാത്മാഗാന്ധി ഒരു സത്യാന്വേഷകനായിരുന്നു. ശ്രീനാരായണഗുരു ഒരു സത്യദർശിയായിരുന്നു. ടാഗോറിനെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ടാഗോറും ഒരു സത്യദർശിയായിരുന്നു എന്നു പറയാം. രണ്ട് സത്യദർശികൾ തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു എന്നു പറയാം.

ശ്രീനാരായണ ഗുരുവും രബീന്ദ്രനാഥ്‌ ടാഗോറും

ശ്രീനാരായണ ഗുരുവും രബീന്ദ്രനാഥ്‌ ടാഗോറും

ഗാന്ധി ഒരു രാഷ്ട്രമീമാംസകനായിരുന്നു. ടാഗോർ, അതിനേക്കാളൊക്കെ അന്തർദേശീയതലത്തിലുള്ള ചിന്ത വച്ചുപുലർത്തിയിരുന്ന 'വിശ്വംഭവത്യേകനീഡം'—വിശ്വത്തിലുള്ള മുഴുവൻ ആളുകളും ഒരേ ഒരാത്മസത്യത്തിന്റെ സ്ഫുരണങ്ങളാണെന്നുള്ള ഒരു കാഴ്ചപ്പാട് വച്ചുപുലർത്തിയിരുന്ന ഒരാളാണ്.

ഗുരുവും പിന്തുടർന്നത് ആ ഒരു ദർശനമായിരുന്നു. ഗുരുവിന് ജാതി‐മതം‐ദേശം ഇതൊന്നും ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല; പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും സൂക്ഷ്മജീവികളെയുമെല്ലാം ഗുരു ആത്മസഹോദരങ്ങളായി കാണുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള രണ്ടുവിശ്വദർശനങ്ങൾ തമ്മിലുള്ള ബന്ധപ്പെടലായിരുന്നു അന്നു സംഭവിച്ചത്.

? ഗാന്ധി‐ഗുരു കൂടിക്കാഴ്ചയ്ക്ക് വൈക്കം സത്യാഗ്രഹത്തിന്റെ ഓർമയുടെ ഈ സന്ദർഭത്തിൽ വലിയ പ്രാധാന്യമുണ്ട്. വിശേഷിച്ചും ജാതി‐മതാതീതമായ ഒരു വിപ്ലവത്തിന്റെ സ്വരമുണ്ട്. പക്ഷേ, ഇതുപോലെയോ ഇതിലേറെയോ പ്രാധാന്യമുള്ളതായിരുന്നിട്ടും ഗുരു‐ടാഗോർ കൂടിക്കാഴ്ചയെ നമ്മുടെ ചരിത്രകാരന്മാർ അങ്ങനെ ഗൗരവമായി പരിഗണിച്ചതായി തോന്നുന്നില്ല. ആ കൂടിക്കാഴ്ചയുടെ മതിയായ രേഖകൾപോലും ലഭ്യമല്ലാത്തത് അതുകൊണ്ടുകൂടിയാവാം. സ്വാമിയുടെ പുസ്തകം ചരിത്രപരമാവുന്നത് അതുകൊണ്ടുകൂടിയാണ്.

=  നമ്മുടെ മനുഷ്യമനസ്സുകൾ ടാഗോർ അങ്ങനെയൊരു മഹാപുരുഷനാണെന്നുള്ള കാര്യം മനസ്സിലാക്കിയിട്ടില്ല. സാധാരണ മനുഷ്യർക്ക് ടാഗോറിനെക്കാൾ മാഹാത്മ്യമുള്ളയാൾ ഗാന്ധിജിയാണെന്ന ധാരണയാണുള്ളത്. അതുകൊണ്ട് ഗുരുദേവനെക്കുറിച്ച് (ടാഗോറിനെക്കുറിച്ച്) മഹാത്മാക്കൾ പറഞ്ഞ അഭിപ്രായങ്ങൾ പലരും എടുത്തെഴുതാറില്ല. ആദ്യം മഹാത്മാഗാന്ധിയെ എഴുതും.

ടാഗോറിന്റെ പേരുവരുന്നത് മധ്യത്തിലോ അവസാനത്തിലോ ആയിരിക്കും. കാരണം അവരുടേത് ചെറിയ കാഴ്ചപ്പാടാണ്. നമ്മളൊക്കെ ശിവഗിരിമഠത്തീന്ന് പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ ഒന്നാമനായി ടാഗോറിനെ എഴുതും. കാരണം, ടാഗോർ ഒരു ഋഷിയായിരുന്നു. ഒരു ദാർശനികനായിരുന്നു. ലോകത്തെ മുഴുവൻ ഒന്നായിക്കണ്ട ഒരു മഹാത്മാവായിരുന്നു. ഗുരുവിന്റെ ചിന്തയുമായി പൊരുത്തപ്പെട്ടുപോവുന്ന ആള് ടാഗോറാണ്.

? ദിവ്യകോകിലം കുമാരനാശാൻ എഴുതുകയും സി കേശവൻ അത് മധുരമായി ആലപിക്കുകയും ചെയ്തു. അത് ഏറെ വായിക്കപ്പെട്ട ഒരു ചരിത്രമാണ്. പക്ഷേ, നടരാജഗുരുവിനെയാണ് പരിഭാഷകനായി നിർദേശിച്ചിരുന്നതെന്നും പിന്നീട് ആശാൻ നടരാജനെ ഒഴിവാക്കി ആ സ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു എന്നൊരു വാദമില്ലേ?

=  അത്‌ വലിയ പ്രസക്തിയുള്ളതായിട്ട് എനിക്ക് തോന്നുന്നില്ല. ടാഗോറും ഗുരുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നടരാജഗുരു ദ്വിഭാഷിയായിരിക്കും എന്ന് ആൻഡ്രൂസ് നേരത്തെതന്നെ അഭിപ്രായപ്പെട്ടിരുന്നു എന്നും ആ കൂടിക്കാഴ്ചയുടെ സമയത്ത് നടരാജൻ പിന്തള്ളപ്പെടുകയും കുമാരനാശാൻ ദ്വിഭാഷിയായിമാറുകയും ചെയ്തു, അതോടുകൂടി നടരാജഗുരു കർമരംഗത്തുനിന്നും വിമുക്തനായി എന്നൊക്കെ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എഴുതിയിട്ടുണ്ട്.

പക്ഷേ, നമ്മളൊന്നു മനസ്സിലാക്കേണ്ടത് ടാഗോർ മഹാകവി കേരളത്തിൽ വരുമ്പോൾ ഗുരുവിന്റെ പ്രധാനശിഷ്യൻ, അതും ഒരു മഹാകവി എന്ന നിലയിൽ അറിയപ്പെടുന്ന കുമാരനാശാന്റെ സ്ഥാനം നടരാജൻമാസ്റ്ററെക്കാൾ പ്രധാനപ്പെട്ടതാണ്. സ്വാഭാവികമായും

കുമാരനാശാൻ

കുമാരനാശാൻ

കുമാരനാശാൻ ദ്വിഭാഷിയായിരുന്നു. നടരാജൻമാസ്റ്റർ അതാഗ്രഹിച്ചിരിക്കാമെങ്കിലും ആ സമയത്ത് അതാരും ആവശ്യപ്പെടുന്നില്ല. ആശാനാണല്ലോ ടാഗോറിനെ സ്വീകരിച്ച്‌ കൊണ്ടുവരുന്നത്. അതുകൊണ്ട് നടരാജഗുരു തന്റെ കാഴ്ചപ്പാടിൽ അതെഴുതി എന്ന് നമുക്ക് സമാധാനിക്കാം.

? ടാഗോർ എന്ന്‌ കേൾക്കുമ്പോൾ ഗീതാഞ്ജലിയാണ് ആദ്യം മനസ്സിൽ വരിക. നൊബേൽ സമ്മാനത്തോടെയാണ് ആ കൃതി ആളുകളുടെ മനസ്സിൽ പതിഞ്ഞതും. ധാരാളം വിവർത്തനങ്ങൾ, എഡിഷനുകൾ ഒക്കെ അതിനു വന്നിട്ടുണ്ടെങ്കിലും നമ്മുടെ വായനക്കാർക്കിടയിൽ അർഹിക്കുന്ന ഗൗരവം അതിനു കിട്ടിയിട്ടുണ്ട് എന്ന്‌ പറയാനാകുമോ?

=  ഗീതാഞ്ജലി വായിച്ച് അതിന്റെ അർഥതലങ്ങളിലേക്കു ചെല്ലാൻ മലയാളിമനസ്സ്—എന്തിന് ചില സാഹിത്യകാരുടെ മനസ്സുപോലും പാകപ്പെട്ടിട്ടില്ല എന്നാണ്‌ തോന്നിയിട്ടുള്ളത്. എത്രയോ വിശ്വവശ്യമായ പ്രതിപാദ്യമാണ് ഗീതാഞ്ജലിയിലുള്ളത്. അതാകട്ടെ, അഗാധമായ ചിന്തയിൽനിന്നും അനുഭവത്തിൽനിന്നും വെളിയിലേക്കുവന്ന പാട്ടുകളാണ്. അതിന് ശരിയായിട്ടുള്ള ഒരു പഠനം മലയാളികളുടെ മനസ്സിലേക്ക് കടന്നുവന്നിട്ടില്ല എന്നതാണ്‌ സത്യം.

? വിശ്വദർശനത്തെ പറയുമ്പോൾ—ഗുരുവിന്റെ കവിത വെറും മിസ്റ്റിസിസം മാത്രമാണെന്നും ഈ മിസ്റ്റിസിസത്തിന് ജീവിതത്തോട്‌ യാതൊരു ബന്ധവുമില്ലെന്നുമൊക്കെ പലരും പറയാറുണ്ട്. എന്നാലവയിൽ അപാരമായ ഊർജത്തിന്റെ സൗന്ദര്യമുണ്ട്. ടാഗോറിന്റെ കവിതയിലും ഇതാണനുഭവം. ഇതിനെ സ്പർശിക്കാൻ ശ്രമിച്ച കവിയാണ് ജി. അദ്ദേഹം വിവർത്തനത്തിൽ ഒരു ടാഗോർധാരതന്നെ സൃഷ്ടിച്ചു. 'വിശ്വദർശനം' എന്നൊരു കവിത അദ്ദേഹം എഴുതുകയും ചെയ്തു. ഇതിലൊക്കെ ഗുരുവിന്റെ സ്വാധീനങ്ങളും കാണാം. പക്ഷേ, പിന്നീട് മലയാളകവിതയിൽനിന്ന് ഈ ധാര കൈമോശം വന്നതായിട്ടാണ്‌ കാണുന്നത്. ഇങ്ങനെയൊരു നിരീക്ഷണം ശരിയല്ലേ?

=  തീർച്ചയായും. ഗുരുവിന്റെ കൃതികളെക്കുറിച്ചുള്ള പഠനംതന്നെ അടുത്തകാലത്തല്ലേ കൂടുതലും വെളിയിൽ വരുന്നത്. ഇടക്കാലത്ത് ഗുരു ഒരു സാമൂഹികപരിഷ്കർത്താവും വിപ്ലവകാരിയും മാത്രമാണെന്ന പഠനങ്ങളാണ് നടന്നിട്ടുള്ളത്. ഇന്നും അതിന്റെ അവശിഷ്ടങ്ങളാണ് പലരുടെയും മനസ്സിൽ നിൽക്കുന്നത്. ഗുരു ജാതിക്കും മതത്തിനും ദേശത്തിനും—എല്ലാവിധമായ ഭേദചിന്തകൾക്കും അപ്പുറത്തുള്ള ഒരു വിശ്വപൗരനാണ്, ഒരു വിശ്വകാഴ്ചപ്പാടുള്ള മഹാത്മാവാണെന്ന ചിന്തപോലും സാധാരണ മനുഷ്യമനസ്സിൽ വേണ്ടവണ്ണം ഇപ്പോഴും വന്നിട്ടില്ല എന്നതാണ് സത്യം.

ബോധാനന്ദസ്വാമി സമാധി

ബോധാനന്ദസ്വാമി സമാധി

മുൻവിധിയോടെയുള്ള കാഴ്ചപ്പാടാണ് പലർക്കും ഇപ്പോഴുമുള്ളത്. ഗുരു അയിത്തവും അനാചാരവും ഒക്കെ ഇല്ലാതാക്കാൻ ചെയ്ത സാമൂഹികപരിഷ്കരണം മാത്രമേ അവരുടെ ശ്രദ്ധയിൽപ്പെടുന്നുള്ളൂ, എന്നാൽ, അറിവ് ആത്മോപദേശശതകം, അദ്വൈതദീപിക, ജനനീവരതനമഞ്ജരി സ്വാനുഭവഗീതി... ഇങ്ങനെയുള്ള കൃതികൾ രചിച്ച ദാർശനികനായ മഹാഗുരുവിനെ കണ്ടെത്തിയവരുടെ എണ്ണം തന്നെ വളരെ കുറവാണ്.

? സച്ചിദാനന്ദസ്വാമി എന്ന എഴുത്തുകാരനെപ്പറ്റി പറഞ്ഞാൽ—ഗുരുവിനെപ്പറ്റി ഏറ്റവും കൂടുതൽ കൃതികൾ എഴുതിയിട്ടുള്ളത്‌ താങ്കളാവും—അതിന്റെ ഒരു ലിസ്റ്റ് എടുത്താൽ അമ്പത്തിനാല് കൃതികൾ ഉണ്ടാവണം. ആ പഠനങ്ങൾ ഏകമുഖവുമല്ല. വൈവിധ്യമുള്ള മേഖലകളാണ് താങ്കൾ തിരഞ്ഞെടുക്കുന്നതും. സർവമത സമ്മേളനത്തെത്തന്നെ എടുത്താൽ, അതിനെക്കുറിച്ചൊക്കെ ശരിക്കും അന്വേഷണങ്ങൾ നടത്തിയിട്ടുള്ളത് താങ്കളാണ്. ഇനി ഗുരുവിന്റെ കവിതകളുടെ വ്യാഖ്യാനം എടുത്താൽ അവയിലെ 'സാഹിത്യാത്മകത' (literariness) ) യെ മുൻനിർത്തിയാണ് താങ്കൾ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഇങ്ങനെയൊരു രചനാപദ്ധതി എങ്ങനെയാണ്‌ വികസിപ്പിച്ചെടുത്തിട്ടുള്ളത്?

= ഗുരു അക്ഷരാർഥത്തിൽത്തന്നെ ഒരു ബഹുമുഖപ്രതിഭയായിരുന്നു. ഗുരുവിന്റെ അടുത്തുവരുന്ന ആളുകളോട് സംവദിക്കുമ്പോൾ ഒരാശയവും അവരുടെ മനസ്സിൽ അടിച്ചിരുത്താൻ ഗുരു ഒരിക്കലും ശ്രമിച്ചിട്ടില്ല. ഈ വരുന്ന ആളുകളുടെ ആശയവും അവരുടെ ചിന്താഗതിയും ഗുരു പൂർണമായും കേട്ടിരിക്കും.

എന്നിട്ട് അവരെയൊക്കെ സാമൂഹികപരിഷ്കരണത്തിനുള്ള ചാലകശക്തിയായി ഗുരു പ്രയോജനപ്പെടുത്തുകയും ചെയ്യും. ഉദാഹരണമായി സഹോദരൻ അയ്യപ്പൻ. സഹോദരൻ അയ്യപ്പൻ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട എന്ന രൂപത്തിൽ, ഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതിനെ വ്യാഖ്യാനിച്ചപ്പോൾ ഗുരുവിന്റെ പ്രതികരണം എന്തായിരുന്നെന്നോ? ഗുരുവിനു വേണമെങ്കിൽ ഒരു അരമണിക്കൂർ നേരം സഹോദരനുമായി ഒരു വാദപ്രതിവാദത്തിനിരുന്നാൽ സഹോദരൻ അയ്യപ്പനെ ദൈവവിശ്വാസിയാക്കി മാറ്റാം.

പക്ഷേ, ഗുരു അതിന്‌ തുനിയില്ല. അത് ഗുരുവിന്റെ ദാർശനികമായ ഒരൗന്നത്യമാണ്. ടി കെ മാധവന് സദാസമയവും ഒരു ചന്ദനപ്പൊട്ട് ഉണ്ടായിരുന്നു. അദ്ദേഹം ഒരു സനാതനഹിന്ദു—ആദർശഹിന്ദു എന്നതിൽ അഭിമാനം വച്ചുപുലർത്തിയിരുന്നു. ടി കെ  മാധവനെ തിരുത്താൻ ഗുരു ശ്രമിച്ചിട്ടില്ല. അങ്ങനെ, വന്നുചേരുന്ന ശിഷ്യരുടെ മനോഭാവമറിഞ്ഞ് അവരെ സാമൂഹികപരിഷ്കരണത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു. ഈയൊരു ശൈലിയായിരുന്നു ഗുരുവിന്റേത്. എം സി ജോസഫ് യുക്തിവാദിയായിരുന്നല്ലോ! ആ യുക്തിവാദിയായ എം സി ജോസഫ് എഴുതിയിട്ടുണ്ട്; ''ഗുരുവിന് ഏറ്റവും ചേർന്ന ശ്രീനാരായണീയൻ ഞാനാണ്. ഗുരുവിന് ചേർന്നയാൾ.

കാരണം ഞാൻ ഗുരുവുമായി സംസാരിച്ചപ്പോൾ എനിക്കു മനസ്സിലാക്കാൻ സാധിച്ചത് ഗുരു രാജ്യംകണ്ട മഹാനായ യുക്തിവാദിയാണ് എന്നാണ്''. ഇതൊക്കെ അവർക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ്. ഗുരു ജോസഫുമായി സംസാരിച്ച് അദ്ദേഹത്തെ ദൈവവിശ്വാസിയാക്കാൻ ശ്രമിച്ചില്ല. ഓരോരുത്തരെയും ഗുരു അങ്ങനെ വിലയിരുത്തി. മഹാകവി കുമാരനാശാനെ എടുത്താൽ—ആശാന്റെ കൂടെവന്ന പലർക്കും ഗുരുദേവൻ സന്ന്യാസം നൽകി. ആശാന് സന്ന്യാസം നൽകിയില്ല. കാരണം, ആശാനൊരു ദാർശനികനായ കവിയും സാമൂഹികപരിഷ്കർത്താവായി കഴിയേണ്ട ആളുമാണെന്ന് ഗുരുവിന് നല്ലവണ്ണം അറിയാം.

അതിനെ പോഷിപ്പിക്കുന്ന രീതിയിലായിരുന്നു ഗുരുവിന്റെ നിയോഗങ്ങൾ എല്ലാംതന്നെ. ഡോ. പൽപ്പു വലിയ വിപ്ലവകാരിയായിരുന്നു. ഇന്ത്യയിലെ അനശ്വരനായ വിപ്ലവകാരിയെന്ന് സരോജിനി നായിഡു ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഡോ. പൽപ്പുവും ഗുരുവും സംഭാഷണം ചെയ്യുമ്പോൾ രണ്ടുപേരും ഒരു സൗഹൃദഭാവം പോലെയാണ്. ടി കെ യും സഹോദരനും ആശാനുമൊക്കെ ശിഷ്യഭാവത്തിൽത്തന്നെയാണ് പെരുമാറിയിരുന്നത്. പക്ഷേ കുറച്ചൂടെ അപ്പുറത്തെ ഒരു സൗഹൃദഭാവത്തിലാണ് ഡോ. പൽപ്പുവിന്റെ സമീപനവും പെരുമാറ്റവും.

എന്നാൽ, തന്റെ ശിഷ്യനായിരിക്കേണ്ട ഒരാൾ സൗഹൃദഭാവത്തിൽ പെരുമാറുന്നു എന്നൊന്നും ഗുരു ചിന്തിച്ചില്ല. ഇതെല്ലാം പൂർണമനസ്സോടെ ഉൾക്കൊള്ളാനുള്ള ഭാവം ഗുരുവിനുണ്ടായിരുന്നു. ഗുരുവിനെക്കുറിച്ച് ശിവലിംഗദാസസ്വാമി എഴുതിയ വിശേഷണം സർവലോകാനുരൂപൻ എന്നാണ്. സർവലോകത്തിനും അനുരൂപൻ എന്ന്. അതുകൊണ്ടാണ് ഏണസ്റ്റ് കർക്കിന് ഗുരു സന്ന്യാസം കൊടുക്കുമ്പോൾ പാശ്ചാത്യനായ അദ്ദേഹത്തിന് പാന്റും ഷർട്ടും ടൈയും കോട്ടും സന്ന്യാസചിഹ്നമായിട്ട് ഗുരു കൊടുത്തത്. വേണമെങ്കിൽ മുണ്ഡനം ചെയ്യിച്ച് അദ്ദേഹത്തിന് കാഷായവും കൊടുത്ത് ആനന്ദൻ എന്ന പേരു നൽകാമായിരുന്നു വിവേകാനന്ദസ്വാമിയുടെ അടുത്ത് സിസ്റ്റർ നിവേദിത; മാർഗരറ്റ് നോബിൾ ആയിരുന്നു.

സ്വാമിജി ആ മാർഗരറ്റ് നോബിളിനെ മുണ്ഡനം ചെയ്ത് സിസ്റ്റർ നിവേദിതയാക്കുകയും കാഷായവസ്ത്രം കൊടുത്ത് സന്ന്യാസിനിയാക്കുകയും ചെയ്തു. വിവേകാനന്ദസ്വാമി ഇംഗ്ലീഷ് വിദ്യാഭ്യാസം... ആധുനികവിദ്യാഭ്യാസം ഒക്കെ നേടി ലോകത്തിന്റെ നെറുകയിലെത്തി ലോകപ്രസിദ്ധനായിത്തീർന്ന ഒരു മഹാസന്ന്യാസിയാണ്.

ഗുരുവാകട്ടെ, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയില്ല, സംസ്കൃതവും മലയാളവും തമിഴുമൊക്കെ സ്കൂളിലും കോളേജിലും പോയി പഠിച്ചില്ല; ഗുരുകുലവിദ്യാഭ്യാസരീതിയിൽ പഠിച്ചു. പക്ഷേ, ഗുരു ഒരു കൃഷീവലനെപ്പോലെ ഒരു ഒറ്റമുണ്ടുമുടുത്ത് ഒരു ഒറ്റമുണ്ടുംപുതച്ച് ഒരു വടിയും പിടിച്ച് ഇങ്ങനെ നടന്നിരുന്നു. ഗുരു ഷർട്ടിടുമായിരുന്നില്ല. പക്ഷേ, ഗുരുവിനുണ്ടായിരുന്ന പരിഷ്കൃതി അത്യത്ഭുതകരമായിരുന്നു. ടാഗോർ ശിവഗിരിയിൽ വന്നപ്പോൾ ടാഗോറിന് നല്ല ആസ്വാദ്യകരമായ ഭക്ഷണം തയ്യാറാക്കണം.

അതിനുവേണ്ടി ഡോ. പൽപ്പു

ഡോ. പൽപ്പു

ഡോ. പൽപ്പു

തിരുവനന്തപുരത്തുനിന്ന് രണ്ട് തമിഴ്പട്ടൻമാരെ ശിവഗിരിയിൽ വിളിച്ചുകൊണ്ടുവന്നിരുന്നു. പക്ഷേ, ഗുരു ചെയ്തത് അതൊന്നും കൊടുക്കേണ്ട എന്നു പറഞ്ഞിട്ട് തലേന്ന് മഴയിൽവീണ ഒരു തെങ്ങിന്റെ ഉള്ളിലുള്ള കാമ്പ് എടുത്തുവച്ചു. എന്നിട്ട് അതിന്റെ ഇളനീരും എടുത്തുവച്ചു. അത് ആസ്വാദ്യകരമായി ഭുജിച്ചിട്ട് ഇതെന്താണെന്ന് ടാഗോർ ചോദിച്ചു മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അത്ര പരിഷ്കൃതമായ ചിന്ത ഗുരുവിനുണ്ടായിരുന്നു. പരിഷ്കാരി എന്നതുമാത്രമല്ല;  കർക്കിനെ മുണ്ഡനംചെയ്ത് കാഷായമൊക്കെ കൊടുത്തുകഴിഞ്ഞാൽ പിന്നെ ഗുരുവിന്റെ ഒരു ജാതി ഒരു മതം, മതമേതായാലും മനുഷ്യൻ നന്നായാൽമതി എന്നതിനൊക്കെ ഒരർഥവും ഇല്ലാതെവരും.

ഗുരു എന്തു ചിന്തിച്ചോ അതിനനുസരിച്ച് പ്രവർത്തിച്ചു. ആ തലത്തില് ഗുരു വിഹരിക്കാൻ കാരണം ഗുരു, ആശാൻ എഴുതിയതുപോലെ പരമാത്മവിദ്യയുടെ പാരമ്യത്തിലെത്തി. ആ പദവിയിലെത്തിക്കഴിഞ്ഞാൽപ്പിന്നെ ഭേദവ്യത്യാസമില്ല. പൂർണമനസ്സോടെ എല്ലാവരെയും ഉൾക്കൊണ്ടു. അതിൽ വേദാന്തിയെന്നോ നിരീശ്വരവാദിയെന്നോ യുക്തിവാദിയെന്നോ മതവിശ്വാസിയെന്നോ മതനിഷേധിയെന്നോ ഈ വക ഭേദവ്യത്യാസമുണ്ടാവുകയില്ല.

? പ്രമുഖരായ വ്യക്തിത്വങ്ങളുമായി ഗുരു സംവദിച്ച് നാം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ടാഗോറുമായി ഗുരു നടത്തിയ സംഭാഷണങ്ങൾ ആശാനല്ലേ രേഖപ്പെടുത്തേണ്ടിയിരുന്നത്?

=കുമാരനാശാൻ വളരെ തിരക്കുള്ള കവിയാണ്. ആശാൻ അദ്ദേഹത്തിന്റെ ഡയറിയിൽപോലും ഒറ്റ വരിയേ എഴുതിയിട്ടുള്ളൂ. ഏതാനും മാസങ്ങൾക്കുശേഷം ആശാൻ മരിക്കുന്നു. അദ്ദേഹത്തിൽനിന്നാണ് ലോകത്തിന് അത് ലഭിക്കേണ്ടിയിരുന്നത്. അത് വേണ്ടവണ്ണം എഴുതാൻ ആശാന് നിയതി നിശ്ചയിച്ചിരുന്നില്ല. ഇപ്പോൾ നമുക്ക് കിട്ടുന്നത് കുറേ ആളുകൾ ശേഖരിച്ചതിന്റെ നുറുങ്ങുകൾ മാത്രം; അത് കുറെയധികം ശേഖരിച്ചതാണ് ടാഗോറും ഗുരുവും എന്ന പുസ്തകം.

? സച്ചിദാനന്ദസ്വാമി എന്ന ഗവേഷകന് ഒരു രീതിയുണ്ടല്ലോ. വെറുതെ ദീർഘമായി പറയുകയല്ല, വേണ്ട മെറ്റീരിയൽസ് ശേഖരിച്ച് കൃത്യമായിത്തന്നെ പഠനം നടത്തി പറയുകയാണ്. സ്വാമി പുസ്തകമെഴുതുന്ന രീതി വിശദീകരിക്കാമോ..

= ഗുരുവിന്റെ ശിഷ്യനെപ്പറ്റി ഒരു പുസ്തകം എഴുതണമെന്ന് കരുതുക. ഇപ്പോൾ ധർമ്മതീർത്ഥസ്വാമി, അദ്ദേഹത്തെപറ്റി കിട്ടാവുന്ന പരമാവധി ഡാറ്റകൾ ഞാൻ ശേഖരിക്കും. പഴമക്കാരായ ആൾക്കാരെ കണ്ട്, സംസാരിച്ച് ഞാൻ രേഖപ്പെടുത്തിയ കാര്യങ്ങളുണ്ട്. പല ജനങ്ങളുമായി ഒത്തുചേർന്ന് ജീവിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ശിവഗിരിയിലെ മുതിർന്ന സന്ന്യാസിയായ ഗീതാനന്ദസ്വാമിയോടൊപ്പം അഞ്ചുകൊല്ലം ഒരുമിച്ച് താമസിച്ചിട്ടുണ്ട്. അദ്ദേഹത്തോട് പഴയ ചരിത്രങ്ങളൊക്കെ ചോദിക്കും.

അദ്ദേഹം പറഞ്ഞതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. അനുകമ്പാദശകത്തിന് പിന്നിലുള്ള ഒരു അനുഭവം പറയാം. ഗുരുവിന് ഗുരുദാസെന്ന ഒരു ശിഷ്യനുണ്ട്. വീടുകളിൽ പോയി ഭിക്ഷ വാങ്ങിവന്ന് ശിവഗിരിയിലെ കുട്ടികൾക്ക് അന്നം കൊടുക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു. പിന്നീട് അദ്ദേഹം പൂർണാനന്ദസ്വാമിയായി. ഞാൻ ശിവഗിരിയിൽ എത്തുമ്പോൾ അദ്ദേഹം ഇവിടെത്തെ ഖജാൻജിയാണ്. അദ്ദേഹവുമായി അടുത്തിടപഴകാൻ ഭാഗ്യമുണ്ടായി. അനുകമ്പാദശകം ശാരദാമഠത്തിന് താഴെ ഒരു തടിപ്പാലത്തിൽ ഗുരു നിൽക്കുമ്പോൾ തൃപ്പാദങ്ങൾ ചൊല്ലിതരുകയും താൻ എഴുതുകയും ചെയ്ത കവിതയാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മഹാസമാധി

മഹാസമാധി

അങ്ങനെ ഗുരുവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളെപ്പറ്റിയും ശേഖരിക്കാവുന്നിടത്തോളം ഞാൻ ശേഖരിച്ചു. ഇപ്പോഴും ഒരു വിദ്യാർഥിയായി ഞാൻ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഗുരുവിന്റെ ഒരു പഴമക്കാരനായ വ്യക്തിയെ കണ്ടാൽ അദ്ദേഹത്തോട് ഞാൻ സംവദിക്കും. ഗുരു സന്ദർശിച്ച സ്ഥലങ്ങളിലൊക്കെ എത്തിച്ചേർന്നാൽ, ഗുരു എങ്ങനെ അവിടെ എത്തിയെന്നും ഗുരു ഏതുവിധേന ജനങ്ങളോട് സംവദിച്ചുവെന്നും ജനങ്ങളോട് (പഴമക്കാരോട്) ചോദിച്ച് മനസ്സിലാക്കും.

? സ്വാമി ഈ പറഞ്ഞത് വളരെ ശരിയാണ്. സ്വാമി മുരുക്കുംപുഴ പ്രഭാഷണത്തിൽ മുരുക്കുംപുഴ പ്രതിഷ്ഠയെപ്പറ്റി സംസാരിച്ചു, മുരുക്കുംപുഴക്കാർക്ക് പോലും അറിയാത്ത പലകാര്യങ്ങളും സ്വാമി മെറ്റീരിയൽസ് വിശദീകരിച്ച് പറയുന്നത് ഞാൻ ശ്രദ്ധിച്ചു. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ടാഗോറിനെ സംബന്ധിച്ച് ഷിനിലാൽ സ്വാമിയെ സന്ദർശിച്ച കാര്യം പറയുമ്പോൾ, സ്വാമിയുടെ പുസ്തകം മാത്രമേ വിവരശേഖരണത്തിനുള്ളൂ എന്ന കാര്യം പറയുന്നുണ്ട്. അതായത് ഡാറ്റ കുറവുള്ള മെറ്റീരിയൽസിനുപോലും സ്വാമി കഠിനമായ ഗവേഷണം നടത്തുന്നുണ്ട്.

=ശിവഗിരിയിൽ ഞാൻ എത്തിയിട്ട് 47 വർഷമായി. ഞാൻ ഇവിടെ വരുമ്പോൾ ഗുരുദേവന് ഒപ്പം ജീവിച്ച നിരവധി മഹാത്മാക്കൾ അപ്പോൾ ഇവിടെ ഉണ്ട്. അവരുമായി സംസാരിച്ച് ഏറെ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി. അങ്ങനെ ഗുരുവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളെപ്പറ്റിയും ശേഖരിക്കാവുന്നിടത്തോളം ഞാൻ ശേഖരിക്കാൻ ശ്രമിച്ചു. ഇപ്പോഴും ഒരു വിദ്യാർഥിയായി ഞാൻ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു.

ഗുരുവിന്റെ ജീവിതവും ചര്യയും ഗുരുദേവശിഷ്യന്മാരുടെ ജീവിതവും ചര്യയും വേണ്ടവണ്ണം ആവിഷ്കരിക്കപ്പെട്ടിട്ടില്ല. ഒരു നല്ല ജീവിതചരിത്രഗ്രന്ഥം ഇതുവരേയ്ക്കും ഗുരുവിനെപ്പറ്റി ഉണ്ടായിട്ടില്ല. എല്ലാം പാർശ്വവീക്ഷണമാണ്. ശരിയായ രീതിയിൽ പഠനം ഉണ്ടായിട്ടില്ല. എത്രയോ പുസ്തകങ്ങൾ വന്നിട്ടുണ്ട്.

എന്നാൽ അതിലൊന്നിലും ഇതാണ് ശ്രീനാരായണഗുരുവെന്ന രീതിയിൽ അടയാളപ്പെടുത്തലുകളില്ല. ഗുരുവിന്റെ ശിഷ്യന്മാരിൽ വളരെയേറെ ദാർശനികമായി ഔന്നത്യം ഉണ്ടായിരുന്ന ആളാണ് നടരാജഗുരു. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു നിത്യചൈതന്യയതി.

നിത്യചൈതന്യയതി

നിത്യചൈതന്യയതി

അദ്ദേഹത്തിന് ഗുരുവിനെപ്പറ്റി ഒരു നല്ല ജീവിതപഠനം എഴുതാൻ സാധിക്കുമായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചെന്നപ്പോൾ പലപ്രാവശ്യം അദ്ദേഹത്തോട് ഇതിനെപ്പറ്റി പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത് കെ സുരേന്ദ്രൻ എഴുതുന്നുണ്ടല്ലോയെന്നും അതൊരു നല്ല പഠനമാണെന്നുമാണ്.

കെ സുരേന്ദ്രൻ കലാകൗമുദിയിൽ അദ്ദേഹത്തെപ്പറ്റി ഒരു നോവൽ 'ഗുരു'വെന്ന പേരിൽ എഴുതുന്നുണ്ടായിരുന്നു. അതൊരു നോവലല്ലേ ജീവിതപഠനമല്ലല്ലോ എന്നും ഗുരുവിന്റെ ജീവിതസന്ദർഭങ്ങളും ആധുനിക കാഴ്ചപ്പാടുകളും അപഗ്രഥിക്കുന്ന ഒരു പുസ്തകമെഴുതാനും ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അത് അദ്ദേഹത്തിന് മാത്രമേ സാധ്യമാവൂ എന്ന് പറയുകയും ചെയ്തു. എന്തുകൊണ്ടോ അദ്ദേഹം അതിന് താൽപ്പര്യം കാണിച്ചില്ല.

അതിനുശേഷം വേറൊരു സന്ദർഭത്തിൽ പറയുമ്പോൾ അദ്ദേഹം പറഞ്ഞത് ഗുരുകുലത്തിലെ ശിഷ്യ നാൻസി എഴുതുന്നുണ്ടല്ലോ എന്നാണ്. എന്നാൽ നടരാജഗുരുവിൽനിന്നും നിത്യചൈതന്യയതിയിൽനിന്നും ഒരു ജീവചരിത്രം നമുക്ക് കിട്ടിയില്ല. നടരാജഗുരു സമാധിയായപ്പോൾ സുകുമാർ അഴീക്കോടിനെകൊണ്ട് എഴുതിപ്പിക്കണമെന്ന് ഞാൻ വിചാരിച്ചു. അഴീക്കോടിന് ഗുരുവിനെപ്പറ്റി നല്ല കാഴ്ചപ്പാടുണ്ട്. എന്നാൽ അദ്ദേഹം പറഞ്ഞത് പ്രസംഗവും തിരക്കുകളും കാരണം താൽപ്പര്യമുണ്ടായിട്ടും സാധ്യമാവാതിരിക്കുന്നുവെന്നാണ്. അദ്ദേഹത്തെ ഞാൻ സഹായിക്കാമെന്നും ഗുരുവുമായി ബന്ധപ്പെട്ട പഴയ ചരിത്രങ്ങളും റെക്കോഡുകളും എന്റെ പക്കലുണ്ടെന്നും.

അതുമായി ഞാൻ വരാമെന്നും പറഞ്ഞു. മാഷ് എഴുതാമെന്ന് സമ്മതിച്ചു. പക്ഷേ ഒന്ന് രണ്ട് വർഷം അത് നീണ്ടുപോയി. ചാലക്കുടിയിൽ അദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിക്കുകയും വീണ്ടും ഈ കാര്യം ഓർമിപ്പിക്കുകയും ചെയ്തു. അദ്ദേഹം ചിരിച്ചുകൊണ്ട് സച്ചിദാനന്ദസ്വാമികൂടി എന്നോടൊപ്പം ചേർന്നാൽ അതൊരു വലിയ അനുഭവമാവുമല്ലേ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ ഏറെ താമസിയാതെ അദ്ദേഹം രോഗിയായി. അദ്ദേഹത്തിന് എഴുതാമായിരുന്നു. പിന്നീട് ഗുരുവിനെപ്പറ്റി എഴുതാൻ പറ്റിയ ഒരാളെ ഞാൻ കണ്ടിട്ടില്ല.

? ഒരുപക്ഷേ നടരാജഗുരുവിനെക്കാളും യതിയെക്കാളും സ്വാമിക്ക് ഗുരുവിനെപ്പറ്റി കൂടുതൽ സംഭാവന ചെയ്യാൻ കഴിയും. അങ്ങയുടെ പക്കലുള്ള സാധ്യമായ ഡാറ്റകൾ ഉപയോഗിച്ച് സമഗ്രമായ ഒരു ജീവചരിത്രം സ്വാമിക്ക് എഴുതാൻ സാധിക്കുമല്ലോ? സ്വാമിക്ക് ഗുരുവിനെപ്പറ്റി എഴുതാമല്ലോ?

= എന്റെ എഴുത്തിനും ചിന്തക്കും പരിമിതികളില്ലേ. ഗുരുവിന്റെ വിശ്വദാർശനികവീക്ഷണം എന്റെ ചെറുബുദ്ധിയും ലഘു ആശയവുംവച്ച് എഴുതുന്നതിന് പരിമിതികളുണ്ട്.

? നമുക്ക് ടാഗോറിലേക്കുതന്നെ വരാം; ആ കൂടിക്കാഴ്ചയിൽ നടന്ന പരിഭാഷയിലേക്ക്‌. നേരത്തേ ചോദിച്ച ഒരു കാര്യം തന്നെയാണ്.അതിനെക്കുറിച്ചുള്ള മറ്റൊരു കേൾവിയുണ്ട്. അതായത്, നടരാജഗുരു ആൻഡ്രൂസ് വഴി കൃത്യമായി അനുവാദം വാങ്ങി പരിഭാഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തെ ഒഴിവാക്കി കുമാരനാശാൻ ചെയ്തുവെന്ന ഒരു വർത്തമാനം കേൾക്കുന്നുണ്ട്. അതിനെപ്പറ്റി?

= അത് എത്രത്തോളം ശരിയാണ് എന്ന് സംശയമുണ്ട്. കാരണം നടരാജഗുരുവിന് അന്ന് 27 വയസ്സ് മാത്രമാണ് പ്രായം. ഇന്ന് കാണുന്ന ഗുരുവായിട്ടില്ല. മഠത്തിലെ ഒരു അന്തേവാസിയാണ്. ആശാൻ അങ്ങനെയല്ലല്ലോ. അദ്ദേഹം പ്രസ്ഥാനനായകനും മഹാകവിയുമാണ്.

ഒരു മഹാകവി വരുമ്പോൾ അദ്ദേഹത്തെ മറ്റൊരു മഹാകവി സ്വീകരിക്കുന്നു. അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനം ആശാനുണ്ടല്ലോ. അദ്ദേഹം വിവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അപ്പോൾ ആശാൻ ദ്വിഭാഷിയാകുന്നത് സ്വാഭാവികം. നടരാജഗുരുവിന് പങ്ക് കിട്ടിയില്ലായെന്ന് പറയുന്നതിൽ അർഥമില്ലായെന്നാണ് എന്റെ അഭിപ്രായം.

? ടാഗോറും ഗുരുവും മതാതീതലോകത്തെയാണ് വിഭാവന ചെയ്തത്. മതനിരപേക്ഷ ആശയങ്ങളാണ് ഇരുവരും മുന്നോട്ടുവച്ചത്. ഏകലോകം എന്ന വിശാലമായ ചിന്താഗതിയാണ് ഇരുവരുടെയും വീക്ഷണം. ഇന്നത്തെ ശിവഗിരിയിൽ ഇതിനുള്ള പ്രസക്തി എന്താണ്...

= ശിവഗിരിയിൽ ഒരിക്കലും ഒരു മതത്തെയും ചൊല്ലി വിഭാഗീയത ഉണ്ടായിട്ടില്ല. ഇവിടെ ശ്രീനാരായണമതമാണ് പിന്തുടരുന്നത്. ജാതി ചോദിക്കാൻ പാടില്ലയെന്ന സിദ്ധാന്തം പിന്തുടരുന്നു. ജാതി ചോദിക്കാത്തതിന്റെ പേരിൽ നഷ്ടമാവുന്ന അവസരങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല... ഇവിടെ ഗുരുവാണ് എല്ലാം... അതിനുമപ്പുറം ഒന്നുംതന്നെയില്ല.

?  മതം സ്പർധയുടെ മുഖ്യകാരണമായി അങ്ങനെ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നതിനുമുമ്പാണ്, ജാതി ഒരു വലിയ സാമൂഹിക പ്രശ്നമായി നിൽക്കുന്ന കാലത്താണ് ഗുരു ജാതിയ്ക്കൊപ്പം മതത്തെയും ചേർത്തുപറയുന്നത്. ജാതിഭേദം ഇല്ലാതാവണം എന്നതിനൊപ്പം മതദ്വേഷം എന്നുകൂടി. ശിവഗിരിയും ഈ കാഴ്ചപ്പാടാണ് പിന്തുടരുന്നത്.

മതനിരപേക്ഷമായ കാഴ്ചപ്പാട്. പക്ഷേ ചിലർ അങ്ങനെയല്ല എന്ന് സ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതൊരു ഹിന്ദുമഠമാണ്, ഹിന്ദു ആരാധനാലയമാണ് എന്നൊക്കെ. മനുഷ്യസമുദായമായി സമൂഹത്തെ ഒന്നായിക്കണ്ട ഗുരുവിന്റെ ആ ആദർശം പക്ഷേ, താഴെത്തട്ടിലേക്ക് അങ്ങനെ ചെന്നിട്ടുണ്ടോ?

=  ശരിയാണ്, അത് താഴെത്തട്ടിലേക്ക് എത്തിയിട്ടില്ല. ശിവഗിരി ഹിന്ദുമഠമാണെന്ന് പറഞ്ഞവരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ശിവഗിരി ഹിന്ദുമഠമല്ല, ശ്രീനാരായണ മഠമാണെന്ന്. ഞാൻ എത്രയോ ഇടങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഗുരുവിന്റെ ജാതി രഹിത സാമൂഹികബോധത്തെയും മതാതീത ആത്മീയതയെപ്പറ്റിയുമൊക്കെ.

പക്ഷേ, നമ്മുടെ സമുദായികപ്രസ്ഥാനങ്ങൾക്ക് ‐വിശേഷിച്ചും ഗുരുവിനോട് അടുത്തുനിൽക്കുന്ന പ്രസ്ഥാനത്തിന് ഇത് പറയാൻ പറ്റുന്നില്ല. അതിന്റെ നേതൃത്വം പറയുന്നത് ഗുരു പറഞ്ഞതിന്‌ നേർവിപരീതമായ ലക്ഷ്യത്തെക്കുറിച്ചാണ്. തനി ജാതീയതയാണ് അവിടെ ഉയർന്നുകേൾക്കുന്നത്. അതൊക്കെ മാറണം. ഗുരുവിനെയും ഗുരു ദർശനങ്ങളെയും ഇവിടെപ്പോലും, പൂർണമായി പ്രചരിപ്പിക്കാൻ കഴിയാത്ത സാഹചര്യം മാറ്റി ഗുരുവിന്റെ ഏകലോക ദർശനത്തെ ലോകം മുഴുവൻ നാം എത്തിക്കണം. ഗുരു‐ടാഗോർ കൂടിക്കാഴ്ചയെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നതിന്റെ പ്രസക്തി അതാവണം.

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top