18 April Thursday

പോരാട്ടം തുടരും

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020

 

ഗൂഢാലോചന നടക്കുന്നത് മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാന്‍ :

ജെഎൻയു അധ്യാപകര്‍

അമ്പതിൽപ്പരം ജീവൻ കവര്‍ന്ന ഡൽഹി കലാപത്തിന്റെ യഥാർഥ ഉത്തരവാദികളെ സംരക്ഷിക്കാന്‍ ഡൽഹി പൊലീസ്‌ കള്ളക്കഥ മെനയുകയാണെന്ന്  ജെഎൻയു ടീച്ചേഴ്‌സ്‌ അസോസിയേഷൻ(ജെഎൻയുടിഎ). ഗൂഢാലോചനയെന്നപേരില്‍ ഡൽഹി പൊലീസ്‌ പറയുന്ന പേരുകൾ അസംബന്ധമാണ്‌. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാനാണ്‌ യഥാർഥത്തിൽ ഗൂഢാലോചന നടക്കുന്നത്‌. രാജ്യം മഹാമാരിയും കടുത്ത സാമ്പത്തിക തകർച്ചയും നേരിടുമ്പോഴാണ്‌ ഇതൊക്കെ‌. രാജ്യത്ത്‌ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ജെഎൻയു അധ്യാപകസമൂഹം തുടരുമെന്നും ജെഎൻയുടിഎ  പ്രസ്താവനയിറക്കി.

എല്ലാ ജനാധിപത്യ പ്രതിഷേധത്തെയും അടിച്ചമർത്താൻ ശ്രമം നടക്കുന്നുവെന്നാണ്‌ കുറ്റപത്രത്തിൽ പരാമർശിക്കുന്ന പേരുകളിൽനിന്ന്‌ വ്യക്തമാകുന്നത്‌. 34 വർഷം ജെഎൻയുവിൽ സേവനം അനുഷ്‌ഠിച്ചശേഷം വിരമിക്കാനിരിക്കുന്ന പ്രൊഫ. ജയതി ഘോഷിന്റെ പേരും കുറ്റപത്രത്തിലുണ്ട്‌. ഡൽഹി പൊലീസിന്റെ കള്ളക്കേസ്‌ ചമയ്‌ക്കലിന്റെ ഭാഗമായി ജെഎൻയു വിദ്യാർഥികളിൽ പലരും പ്രതികളാവുകയോ പീഡനത്തിന്‌ വിധേയരാവുകയോ ചെയ്‌തു. നിയമപരമായ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കേണ്ട ഡൽഹി പൊലീസ്‌ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത്‌ ലജ്ജാകരമാണെന്നും ‌ അസോസിയേഷൻ പ്രസിഡന്റ്‌ ഡി കെ ലോബിയാൽ, സെക്രട്ടറി സുരജിത്‌ മജുംദാർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.

മൗനം കുറ്റകരം: ലോയേഴ്‌സ്‌ യൂണിയൻ
ഡൽഹി കലാപക്കേസിലെ അനുബന്ധകുറ്റപത്രത്തിൽ സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേരുകൾ  ഉൾപ്പെടുത്തിയ നടപടി അധികാരദുർവിനിയോഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമെന്ന്‌ അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ.

വിയോജിക്കാനുള്ള അവകാശമാണ്‌ ജനാധിപത്യത്തിന്റെ അടിത്തറ. ഇത്‌ ഇല്ലാതാക്കാനാണ്‌ മോഡി സർക്കാരിന്റെ ശ്രമം. വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കുനേരെ ഡൽഹി പൊലീസ്‌ കണ്ണടച്ചു. അവശേഷിക്കുന്ന  ജനാധിപത്യമര്യാദപോലും ലംഘിച്ച്‌ ഭരണനേതൃത്വം ഒരോദിവസവും കൂടുതൽ ഫാസിസ്‌റ്റായി പരിണമിക്കുന്നു. അനീതിക്ക്‌ എതിരെ ശബ്‌ദമുയർത്തേണ്ട കാലമാണിത്‌. മൗനം പാലിച്ചാൽ അത്‌ മനുഷ്യത്വത്തിന്‌ എതിരെയുള്ള കുറ്റകൃത്യമാകുമെന്നും അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ ബികാസ്‌ രഞ്‌ജൻ ഭട്ടാചാര്യയും ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥും പ്രസ്‌താവനയിൽ പറഞ്ഞു.

പൊലീസ് പറഞ്ഞത് കേന്ദ്രത്തിന്റെ രാഷ്ട്രീയം: പ്രൊഫ. അപൂർവാനന്ദ്‌
പൗരത്വഭേദഗതി നിയമത്തിന്‌ എതിരായ പ്രതിഷേധങ്ങളെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്‌ കേന്ദ്രസർക്കാരും ഡൽഹി പൊലീസും നടത്തുന്നതെന്ന്‌‌  കലാപക്കേസില്‍ അനുബന്ധ കുറ്റപത്രത്തിൽ പേരുള്ള പ്രൊഫ. അപൂർവ്വാനന്ദ്‌.

പൗരത്വത്തിന്‌ വേണ്ടിയുള്ള സമാധാനപൂർണമായ സമരങ്ങളെ ക്രിമിനൽവൽക്കരിക്കാനുള്ള നീക്കമാണ്‌ ഡൽഹി പൊലീസ്‌ നടത്തുന്നത്‌. മുൻകൂട്ടി ആസൂത്രണം ചെയ്‌ത അക്രമസംഭവങ്ങളായി പൗരത്വഭേദഗതി നിയമത്തിന്‌ എതിരായ സമരങ്ങളെ‌ ചിത്രീകരിക്കാനാണ്‌ പരിശ്രമം. അനുബന്ധ കുറ്റപത്രത്തിലൂടെ ഡൽഹി പൊലീസ്‌ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നിലപാട്‌ വിളിച്ചുപറയുക മാത്രമാണ്‌ ചെയ്യുന്നതെന്നും അപൂർവാനന്ദ്‌ പറഞ്ഞു.

ഇരുസഭയിലും അടിയന്തരപ്രമേയ നോട്ടീസ്‌
ഡൽഹി കലാപത്തിന്റെ ആസൂത്രണ ഗൂഢാലോചനയിൽ സീതാറാം യെച്ചൂരിയെ പ്രതിയാക്കാനുള്ള ഡൽഹി പൊലീസ് നടപടി ചോദ്യംചെയ്ത് പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടീസ്‌. രാജ്യസഭയിൽ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവരും ലോക്‌സഭയിൽ എ എം ആരിഫും നോട്ടീസ് നൽകി.

യെച്ചൂരി‌ക്കെതിരായ നീക്കം ബിജെപി, സംഘപരിവാർ നേതൃത്വത്തിന്റെ ഭീരുത്വമാണ് വെളിവാകുന്നതെന്ന് എളമരം കരീം പറഞ്ഞു. കലാപത്തിനെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചത്.

സംഘപരിവാറിനെതിരെ വരും ദിവസങ്ങളിൽ ഉയർന്നുവരുന്ന സമരങ്ങളുടെ മുൻനിരയിൽ സിപിഐ എമ്മും യെച്ചൂരിയും ഇനിയുമുണ്ടാകും. വിരട്ടലുകൾക്ക് മുന്നിൽ അലിഞ്ഞില്ലാതാകുന്നതല്ല ഇടതുപക്ഷ പ്രത്യയശാസ്ത്രം–- കരീം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top